Sunday, 12 February 2012

[www.keralites.net] ആദിവാസി വികസനം: കേരള മോഡല്‍

 

DP Essay: ആദിവാസി വികസനം: കേരള മോഡല്‍

അഭിലാഷ് ടി

Fun & Info @ Keralites.net"എനിക്കറിയാമെടാ നീയൊക്കെ ചൂടാവുന്നത് എന്തിനാന്ന്.നിനക്കൊക്കെ കിട്ടേണ്ടതെല്ലാം ഞങ്ങള് തട്ടിയെടുക്കും, നിനക്കുതടയാന്‍ പറ്റുമോ? നിന്റെയൊക്കെ ശബ്ദംഅധികാരത്തിനെതിരാണ്. അധികാരമെപ്പോഴുംബലമുള്ളവരുടെ കൈയ്യിലാണ്. പിന്നെ നീതി, അതുചോദിക്കുന്നവനെല്ലാം കിട്ടുകയുമില്ല. ആര്‍ക്കാണുകൊടുക്കേണ്ടതെന്നു കൈകാര്യം ചെയ്യുന്നവനാതീരുമാനിക്കുക.ഇവിടെ അതു ചെയ്യുന്നതു ഞാനാണ്. ഇങ്ങോട്ട്മാറി നിക്കടാ…"
'ആരാണ് തോല്ക്കുന്നവര്‍?', നാരായന്‍

മണ്ണിനു വേണ്ടിയുള്ള കേരളത്തിലെ ആദിവാസികളുടെ സമരത്തിന് ഏകദേശം നാലു ദശകത്തിന്റെ പഴക്കമുണ്ട്. ഇതേ വിഷയത്തിന്റെ പേരില്‍ എണ്ണമറ്റ സമരങ്ങള്‍ക്കു – രക്തച്ചൊരിച്ചിലിനു പോലും – സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ആദിവാസികള്‍ ഇന്നും ഭൂരഹിതരായി തന്നെയിരിക്കുന്നു. അടിച്ചമര്‍ത്തലുകളുടെ ചരിത്രം തുടരുമ്പോഴാണ് അശനിപാതം പോലെ കഴിഞ്ഞ ജൂലൈ 25ന് ഒരു സുപ്രീം കോടതി വിധി വരുന്നത്. 1975ലെ മൂലനിയമത്തെ മറികടന്നുകൊണ്ട് 1999ല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച നിയമം ആദിവാസി ജനതയ്ക്ക് കൂടുതല്‍ ഉപകാരപ്രദമാണെന്നാണ് പരമോന്നത നീതി പീഠത്തിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ കേരളത്തിലെ ആദിവാസികള്‍ എങ്ങിനെ ഭൂമി നഷ്ടപ്പെട്ട് അഭയാര്‍ഥികളായി മറിയെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അന്യാധീനപ്പെട്ട സ്വന്തം ഭൂമിക്കു വേണ്ടിയുള്ള അവരുടെ സമരങ്ങളെ സര്‍ക്കാരും പൊതുസമൂഹവും നേരിട്ട രീതി മുകളില്‍ പറഞ്ഞ നാരായന്റെ കഥാപാത്രത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. ഭരണഘടന അനുവദിച്ചു നല്‍കിയ ആനുകൂല്യങ്ങള്‍ പോലും നേടിയെടുക്കാന്‍ കഴിയാതെ പൊതു സമൂഹത്തിന്റെയും സര്‍ക്കാരുകളുടെയും ദയാവായ്പ്പുകള്‍ക്കനുസരിച്ചു ജീവിക്കേണ്ടവരാണ് ആദിവാസികള്‍ എന്ന വ്യംഗ്യാര്‍ത്ഥം ഈ വാക്കുകള്‍ക്കുണ്ട്. കേരളത്തിലെ ആദിവാസികള്‍ ഒരു സംഘടിത രാഷ്ട്രീയ ശക്തിയല്ലാത്തതിനാല്‍ അവരുടെ ക്ഷേമത്തിനായുള്ള ഭൂരിപക്ഷം പദ്ധതികളും നയങ്ങളും ഒന്നുകില്‍ നടപ്പിലാക്കപ്പെടാതിരിക്കുകയോ, അല്ലെങ്കില്‍ വെള്ളം ചേര്‍ക്കപ്പെടുകയോ ചെയ്യുന്നതാണ് കേരളം ഇതുവരെ കണ്ടത്.

കേരളത്തിലെ ആദിവാസികളെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും ചര്‍ച്ചകളും ചെന്നെത്തുക അവരുടെ ഭൂമി പ്രശ്നത്തിലായിരിക്കും. സ്വന്തമായി ഒരു സമ്പദ് വ്യവസ്ഥയും സാമുഹിക വ്യവസ്ഥയുമായി വനങ്ങളില്‍ ജീവിച്ചിരുന്ന ഇവര്‍ നൂറ്റാണ്ടുകളായി നടന്ന കൈയ്യേറ്റങ്ങളുടെ ഒടുവില്‍ മൃതദേഹം മറവു ചെയ്യാന്‍ പോലും ഭൂമിയില്ലാത്ത അവസ്ഥയിലേക്കു മാറ്റപ്പെട്ടതെങ്ങിനെ? ഇതിനുത്തരം തേടുമ്പോള്‍ 1975ലെ കേരള പട്ടിക വര്‍ഗ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും) നിയമം മുതല്‍ [1] 1999-ല്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കുകയും ഹൈക്കോടതി റദ്ദാക്കുകയും ഒടുവില്‍ 2009 ജൂലൈയില്‍ സുപ്രീം കോടതി ഭാഗികമായി ശരിവയ്ക്കുകയും ചെയ്ത കേരള പട്ടിക വര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണ, പുനരവകാശ നിയമം [2] വരെയുള്ള ആദിവാസി ഭൂമിയുടെ ചരിത്രം പരിശോധിക്കേണ്ടതുണ്ട്.

അല്പം ചരിത്രം

വനവിഭവങ്ങള്‍ അനായാസം ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷുകാര്‍ വനനയമുണ്ടാക്കിയത്. ഇത് ഏറ്റവുമധികം വിനാശകരമായി ബാധിച്ചതു ആദിവാസികളെയായിരുന്നു. ബ്രിട്ടീഷുകാര്‍ നാടു വിട്ടു പോയെങ്കിലും കൊളോനിയല്‍ വനനയത്തിന്റെ തുടര്‍ച്ചയായിരുന്നു പിന്നീട് വന്ന വന നിയമങ്ങളെല്ലാം.1952ല്‍ രൂപം കൊടുത്ത ഇന്ത്യന്‍ വനനിയമം ആദിവാസികളുടെ വനത്തിന്മേലുള്ള അവകാശങ്ങള്‍ നിഷേധിച്ചു. ഈ നിയമം രൂപം കൊണ്ടതു കേന്ദ്ര കാര്‍ഷിക കമ്മിഷന്റെ നിര്ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു. ഇതിന്റെ തണലിലാണ് കര്‍ഷകരും കുടിയേറ്റക്കാരും ആയിരക്കണക്കിനേക്കര്‍ ഭൂമി കൈയ്യേറിയത്. അതേസമയം തന്നെ വനനശീകരണത്തിന്റെ ഉത്തരവാദിത്വം ആദിവാസിയുടെ മേല്‍ കെട്ടിവച്ച് അവരുടെ വനഭൂമി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന് വനം വകുപ്പു തുടര്‍ച്ചയായി വാദിച്ചു. അക്കാലത്ത് ആസൂത്രണ കമ്മിഷന്റെ ആദിവാസി വികസന പദ്ധതി അവര്‍ക്ക് വനമേഖലയില്‍ ചില പ്രത്യേക അവകാശങ്ങള്‍ നല്കിയിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനു ആദിവാസികളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വനം വകുപ്പിന്റെ നടപടി ആദിവാസി സമ്പദ് വ്യവസ്ഥയെ തകര്‍ത്തു[3].

1961ലാണ് കേരള ഫോറസ്റ്റ് ആക്റ്റ് നിലവില്‍ വരുന്നത്. ഇതിനനുസൃതമായി 1964ല്‍ ഗിരിജന്‍ ചട്ടങ്ങളും രൂപവത്കരിച്ചു. ഇതനുസരിച്ച് ഒരു ആദിവാസി കുടുംബത്തിനു 1.2 ഹെക്റ്റര്‍ മുതല്‍ 6 ഹെക്റ്റര്‍ വരെ കൃഷി ചെയ്യാനുള്ള അനുമതി ലഭിക്കുമായിരുന്നു – ആളൊന്നിന് 0.04 ഹെക്റ്റര്‍ (ഏകദേശം 10 സെന്റ്) എന്ന തോതില്‍. എന്നാല്‍ ഇത്തരം നിയമങ്ങള്‍ ഇല്ലാതാക്കേണ്ടത് പിന്നീട് വനം മാഫിയയുടെയും കുടിയേറ്റക്കാരുടെയും ആവശ്യമായി. അങ്ങിനെ ഈ കുടിയേറ്റ മാഫിയ ആദിവാസിയായ ഒരു ഈരച്ചന്‍ ഇട്യാതി വഴി ഗിരിജന്‍ ചട്ടങ്ങളെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. സംസ്ഥാന സര്‍ക്കാരിനു ആദിവാസികളെ സംബന്ധിച്ചു നിയമമുണ്ടാക്കാന്‍ അധികാരമില്ലെന്ന് വിധിച്ച് ഹൈക്കോടതി ഈ ചട്ടം റദ്ദാക്കി[4].

വികസനത്തിന്റെ പേരില്‍ കുടിയിറക്ക്

കേരളത്തില്‍ ആദിവാസികളുടെ ഭൂമി കൈവശപ്പെടുത്തി അവരെ എക്കാലത്തും സമൂഹത്തിന്റ പിന്നാമ്പുറത്ത് തളച്ചിട്ടത് ആരാണ്? സര്‍ക്കാരും കുടിയേറ്റക്കാരും ചേര്‍ന്ന് നടത്തിയ കുതന്ത്രങ്ങളുടെ ഭാഗമായാണ് ആദിവാസികള്‍ക്ക് ഭൂമി നഷ്ടമായത്. ആദിവാസി മേഖലയില്‍ ആദ്യം ഡാം നിര്‍മിക്കുക പിന്നീട് വെള്ളത്തില്‍ മുങ്ങിപ്പോവുന്ന പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളാക്കി മാറ്റുക എന്നതായിരുന്നു ആദിവാസി ഭൂമി കൈയ്യേറ്റത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച രീതി. ഡാം നിര്‍മാണത്തിന്റെ പേരില്‍ കുടിയൊഴിക്കപ്പെടുന്ന ആദിവാസികള്‍ വെള്ളത്തില്‍ മുങ്ങിപ്പോവാത്ത പ്രദേശങ്ങളിലേക്കു താമസം മാറ്റും. ഇത്തരത്തില്‍ അവര്‍ സ്വയം കൂടു മാറികഴിയുമ്പോള്‍ ആ സ്ഥലം വന്യജീവി സങ്കേതമായി പ്രഖ്യാപിക്കും. പിന്നെ വനത്തിലേക്കു കാലു കുത്താന്‍ അവര്‍ക്കുണ്ടോ കഴിയുന്നു. ആദിവസി ഭൂമിക്കു ഒരു കൈവശ രേഖയുമില്ലാതിരുന്നതിനാല്‍ ഇങ്ങനെ എത്ര പേരെ കുടിയിറക്കിയെന്നോ എത്ര കുടുംബങ്ങള്‍ക്കു ഭൂമി നഷ്ടപ്പെട്ടുവെന്നോ ഒരു കണക്കുമില്ല. പുനരധിവാസം നടന്ന ഇടങ്ങളില്‍ തന്നെ വനം വകുപ്പിന്റെ ഇടപെടല്‍ മുലം ആദിവാസികള്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാത്ത സ്ഥിതിയണിന്നുള്ളത്. ഉദാഹരണത്തിനു പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കുടിയൊഴിക്കപ്പെട്ടവരെ പുനരധിവസിപ്പിച്ചിരിക്കുന്ന തേക്കടി സെറ്റില്‍മെന്റ് തന്നെയെടുക്കുക. കാടര്, മലയര്, മലമരശര് എന്നിവര്‍ ഇടകലര്‍ന്ന് താമസിക്കുന്ന ഒരു സെറ്റില്‍മെന്റാണിത്. മുപ്പത് ഏക്കര്‍ മത്രം വരുന്ന ഈ സ്ഥലത്ത് വനം വകുപ്പിന്റെ ഇടപെടല്‍ മൂലം ഒന്നു കൃഷിയിറക്കാന്‍ പോലും അവിടെയുള്ളവര്‍ക്കു കഴിയില്ല. പറമ്പിക്കുളം എര്‍ത്ത് ഡാം, കുളച്ചാടി, ആനക്കയം, വാച്ചുമരം എന്നീ സെറ്റില്‍മെന്റുകളുടെ സ്ഥിതിയും ഇതു തന്നെ[5].

കുടിയേറ്റ മഹാമാരി

ആദിവാസികള്‍ സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളായതിന്റെ മറ്റൊരു പ്രധാന കാരണം തിരുവിതാംകൂര്‍, കൊച്ചി മേഖലയില്‍ നിന്നും ഇടുക്കി വയനാട് അട്ടപ്പാടി എന്നീ സ്ഥലങ്ങളിലേക്കുള്ള കുടിയേറ്റമായിരുന്നു. ബ്രിട്ടിഷുകാര്‍ തുടങ്ങിവച്ച കുടിയേറ്റത്തിനു ശേഷം രണ്ടാമത് ഇവിടേക്കു ശക്തമായ കുടിയേറ്റം നടക്കുന്നത് വയനാട് കൊളനൈസേഷന്‍ സ്കീമിന്റെ കാലത്താണ്. രണ്ടാം ലോകയുദ്ധ ഭടന്മാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. ഇതിനു വേണ്ടി തെക്കേ വയനാട്, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ , നെന്മേനി എന്നീ വില്ലേജുകളില്‍ മാത്രം 33,802 ഏക്കര്‍ ആദിവാസികളുടെ ഭൂമിയാണ് കൈയ്യേറ്റം ചെയ്യപ്പെട്ടത്. കുടിയേറ്റക്കാര്‍ ആദിവാസികളുടെ നിസ്സഹായതയെ ചൂഷണം ചെയ്തു. കൃത്യമായ വിലയോ രേഖകളോ ഇല്ലാതെ കുടിയേറ്റക്കാര്‍ ഭൂമി തട്ടിയെടുക്കുകയായിരുന്നു[6].

1979ല്‍ കേരള സര്‍ക്കാര്‍ ആദിവാസി മേഖലയില്‍ നടത്തിയ ഒരു സാമൂഹിക സാമ്പത്തിക സര്‍വെ 1950കളിലാണ് മലബാര്‍ മേഖലയിലേക്ക് ഏറ്റവും ശക്തമയ കുടിയേറ്റം നടന്നതെന്ന് കണ്ടെത്തുകയുണ്ടായി. 1976 ആയപ്പോഴേക്കും 9,857 ഏക്കര്‍ ഭൂമി മലബാറിലെ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. കുടിയേറ്റത്തിലൂടെയാണ് വടക്കന്‍ കേരളത്തിലെ ആദിവാസികളുടെ മൂന്നില്‍ രണ്ട് ഭാഗം ഭൂമിയും നഷ്ടപ്പെട്ടതെന്ന് 1992ല്‍ കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ പറയുന്നുണ്ട്[7]. ഒരുവേള ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരെ സ്വന്തം ഭൂമിയില്‍ നിന്നും നിഷ്കാസിതരാക്കിയതു പോലെ, അല്ലെങ്കില്‍ അമേരിക്കയിലെ റെഡ് ഇന്‍ഡ്യക്കാരെ കുടിയേറ്റ വെള്ളക്കാര്‍ അവരുടെ മണ്ണില്‍ നിന്നും തുരത്തിയതു പോലെ തന്നെയാണ് കേരളത്തിലും ആദിവാസിക്ക് ഭൂമി നഷ്ടപ്പെട്ടത്[8].

ഭൂപരിഷ്കരണവും ആദിവാസികളും

ഭൂപരിഷ്കരണം പശ്ചിമഘട്ടത്തിലെ തോട്ടങ്ങളെ ഒഴിവാക്കിയത് ആദിവാസികള്‍ക്ക് അവരുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചു ലഭിക്കുന്നതിനു തടസമായി മാറുകയാണുണ്ടായത്. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിര്‍ണയിച്ച വ്യവസ്ഥ നടപ്പിലാക്കിയിരുന്നെങ്കില്‍ ആദിവാസികള്‍ക്കു വിതരണം ചെയ്യാന്‍ ഭൂമി ലഭിക്കുമായിരുന്നു. പല ആദിവാസി ഊരുകളോടും ചേര്‍ന്നായിരുന്നു വന്‍കിട തോട്ടങ്ങള്‍ നില നിന്നിരുന്നത്. ഫലമോ, വലിയ തോട്ടങ്ങള്‍ നില നില്ക്കുകയും ചെയ്തു രാഷ്ട്രീയ കക്ഷികള്‍ക്ക് അവരുടെ വോട്ട് ബാങ്ക് നിലനിര്‍ത്തുവാനും കഴിഞ്ഞു.

പില്‍ക്കാലത്ത് ഇത്തരം തോട്ടങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കും വന്‍ കുടിയേറ്റമാണ് നടന്നത്. തുച്ഛമായ വിലയ്ക്ക്, പലപ്പോഴും പുകയില കൊടുത്തു പോലും, അവര്‍ ആദിവാസി ഭൂമി കൈവശപ്പെടുത്തി. ഉദാഹരണത്തിനു കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് റ്റീ കമ്പനിയുടെ തൊട്ടടുത്തുള്ള ആദിവാസി ഗ്രാമമായ കൊമ്പുകുത്തിയുടെ കാര്യമെടുക്കാം. 1970 മുതല്‍ ഇവിടേക്കു നടന്ന കുടിയേറ്റത്തില്‍ ഒട്ടേറെ ആദിവാസികള്‍ക്ക് ഭൂമി നഷ്ടപ്പെടുകയുണ്ടായി. (നഷ്ടം 10 സെന്റു മുതല്‍ രണ്ട് ഏക്കര്‍ വരെ വരും). ഇന്ന് കൊമ്പുകുത്തി ഗ്രാമത്തിലെ പല ആദിവാസി കുടുംബങ്ങള്‍ക്കും കൈവശമായുള്ളത് രണ്ടു മുതല്‍ അഞ്ചു സെന്റു വരെ മാത്രമാണ്. ഇക്കൂട്ടത്തില്‍ ഒരു സെന്റ് ഭൂമി മാത്രം സ്വന്തമായുള്ള പത്തോളം കുടുംബങ്ങളുണ്ട് [9]. ഇവരൊന്നും തന്നെ പുതിയ നിയമത്തിന്റെ (1999) ഗുണഭോക്താക്കളല്ല. കാരണം, നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കുക, തുണ്ടുവല്‍ക്കരിക്കപ്പെട്ടവര്‍ക്കു ഭൂമി നല്‍കുക എന്നീ കാര്യങ്ങളെക്കുറിച്ചൊന്നും പുതിയ നിയമം ഒന്നും പറയുന്നില്ല. അതിലേക്ക് പിന്നീട് വരാം.Fun & Info @ Keralites.net
നിയമ നിര്‍മ്മാണം എന്ന ഏട്ടിലെ പശു

ആദിവാസി പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ 1960ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ധേബാര്‍ കമ്മിഷന്‍ അമ്പതുകള്‍ മുതല്‍ ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. ഇതനുസരിച്ച് 1975 ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി സി അച്യുതമേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം കേരള പട്ടിക വര്‍ഗ (ഭൂമി കൈമറ്റ നിയന്ത്രണവും അന്യാധീന്‍പ്പെട്ട ഭുമി തിരിച്ചെടുക്കലും) നിയമം പാസാക്കി. ഈ നിയമം കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത വിധം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അട്ടപ്പാടി, വയനാട്, ഇടുക്കി പ്രദേശങ്ങളില്‍ പുകയിലയും ചാരായവും കൊടുത്തു പോലും ആദിവാസികളുടെ ഭൂമി തീറെഴുതി വാങ്ങുന്ന പതിവ് ഇതോടെ അവസാനിക്കുകയാണ് എന്നാണ് ഈ ബില്ല് അവതരിപ്പിച്ചുകൊണ്ട് അന്ന് മന്ത്രിയായിരുന്ന ബേബി ജോണ്‍ പറഞ്ഞത്. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. ആദിവാസികളുടെ കൈമാറ്റം ചെയ്യപ്പെട്ട ഭൂമി മുഴുവന്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരപ്പെട്ടില്ല. മറിച്ച് 1960നു ശേഷം മാത്രം ബാധകമാവുന്ന ഒരു നിയമമായിരുന്നു ഇത്.

1975ലെ നിയമം നടപ്പാക്കുന്നതില്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ അലംഭാവം കാട്ടി. എഴുപതുകളില്‍ വയനാടന്‍ മേഖലകളില്‍ ഉണ്ടായ നക്സലൈറ്റ് വേരോട്ടത്തെ ചെറുക്കാന്‍ വേണ്ടി കൂടിയായിരുന്നു സര്‍ക്കാര്‍ വളരെ പെട്ടന്നു തന്നെ ഒരു നിയമനിര്‍മ്മാണത്തിനു തുനിഞ്ഞത്. 1977 ആയപ്പോഴേക്കും വിപ്ലവകാരികളെ സായുധമായി തന്നെ നിശബ്ദരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതിനാല്‍ നിയമത്തെ പ്രാബല്യത്തില്‍ വരുത്തുകയെന്ന ദൗത്യം നീണ്ടു പോയി. 1975ല്‍ പാസായ നിയമത്തിന് ചട്ടമെഴുതിയുണ്ടാക്കിയത് 1986ലാണ്. 1982 മുതലാണ് നഷ്ടപ്പെട്ട ഭൂമിയുടെ കണക്കെടുക്കുന്നതിനായി ആദിവാസികളില്‍ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. നിയമമനുസരിച്ച് 1960 മുതല്‍ 1982 വരെ നടന്ന എല്ലാ ആദിവാസി കൈമാറ്റങ്ങളും അസാധുവാക്കപ്പെട്ടു. 8,879 അപേക്ഷകളിലായി 10,177 ഹെക്‍റ്റര്‍ ഭൂമിക്കു ആദിവാസികള്‍ അപേക്ഷ നല്‍കി. അതില്‍ 3,000ലധികം അപേക്ഷകള്‍ മതിയായ തെളിവുകള്‍ ഇല്ലെന്നു പറഞ്ഞു തള്ളിക്കളഞ്ഞു. അവശേഷിച്ചത് 4,523 അപേക്ഷകള്‍ മാത്രമാണ്. ഇതനുസരിച്ച് ആദിവാസികള്‍ക്കു തിരിച്ചു കൊടുക്കേണ്ട ഭൂമി 7,640 ഹെക്റ്റര്‍ ആയി ചുരുങ്ങി. അതായത് നഷ്ടപ്പെട്ട ഭൂമിയുടെ വലിയ ഒരു ശതമാനം പോലും ഇതനുസരിച്ചു തിരിച്ചു കൊടുക്കേണ്ടി വരില്ലെന്ന് സാരം[10].

എന്നാല്‍ ഈ ഭൂമി പോലും ആദിവാസിക്ക് ലഭിച്ചില്ല എന്നതണ് സത്യം. നിയമം നടപ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി നല്ല തമ്പി തേര 1988ല്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയാണ് പിന്നീട് ഭൂമി പ്രശ്നത്തിന് പുതു ജീവന്‍ നല്‍കിയത്. 1993 ഒക്ടോബര്‍ 15ന് ഹൈക്കോടതി സര്‍ക്കാരിനോട് ആറു മാസത്തിനകം അപേക്ഷകളിന്മേല്‍ തീര്‍പ്പുണ്ടാക്കാന്‍ ഉത്തരവിട്ടു[11]. എന്നാല്‍ സര്‍ക്കാര്‍ വീണ്ടും അനസ്ഥ തുടര്‍ന്നു. ഹൈക്കോടതി ഉത്തരവു നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തോടെ 1996ല്‍ എകെ ആന്റണി സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിറക്കി. അതോടൊപ്പം തന്നെ 1975ലെ നിയമം റദ്ദാക്കാനും നീക്കങ്ങളാരംഭിച്ചു. എന്നാല്‍ ഈ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ തിരിച്ചയച്ചു. ഇതിന്റെ പിന്നാലെ 1996ല്‍, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതി വിധിയുണ്ടായി. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ 'The Kerala Scheduled Tribes Restriction and Transfer of Alienated Lands Amendment Act-1996′ പാസാക്കിയെങ്കിലും ഈ നിയമം ഇന്‍ഡ്യന്‍ പ്രസിഡന്റ് തിരിച്ചയച്ചു. പിന്നീട് വന്ന ഇടതു പക്ഷ സര്‍ക്കാര്‍ പുതിയ നിയമം – ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കലും നിയമം-1999 – നിര്‍മിക്കുകയാണ് ചെയ്തത്. പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയയ്ക്കുന്നത് ഒഴിവാക്കാനായി കാര്‍ഷിക നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തിയാണ് നിയമം നിര്‍മിച്ചത്. ആകെ 140 എംഎല്‍എമാരില്‍ കെആര്‍ ഗൗരി ഒഴികെ എല്ലാവരും ഇതിനനുകൂലമായി വോട്ട് ചെയ്തു. പക്ഷേ, ഈ നിയമവും ഭരണഘടനക്കെതിരാണെന്ന് പറഞ്ഞ് കേരള ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ കോടതിയലക്ഷ്യം കാട്ടിയതായും കോടതി പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനെതിരെ കേരള സര്‍ക്കാര്‍ 2001-ല്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചു.2009 ജൂലൈ 25നു സുപ്രീം കോടതി ഈ നിയമം ഭാഗികമായി ശരി വച്ചുകൊണ്ട് ഉത്തരവിടുകയും ചെയ്തു.

1999-ലെ നിയമം 1975-ലെ മൂല നിയമത്തെ റദ്ദാക്കുന്ന ഒന്നായിരുന്നു. അന്യാധീനപ്പെട്ട ഭൂമിയില്‍ കൈവശക്കാര്‍ക്ക് അവകാശം ഉറപ്പുവരുത്തുന്ന ഒന്നായിരുന്നു അത്. ഈ നിയമത്തിന്റെ 5 (1), (2) വകുപ്പുകളനുസരിച്ച് രണ്ട് ഹെക്റ്റര്‍ വരെ ഭൂമി കൈവശം വച്ചിരിക്കുന്ന കുടിയേറ്റക്കാര്‍ക്കു സ്ഥിരാവകാശം നല്‍കുകയും രണ്ട് ഹെക്റ്ററില്‍ കൂടുതലുള്ള ഭൂമി കയ്യേറിയവരില്‍ നിന്ന് അതു തിരിച്ചെടുക്കുകയും വേണം. അതിന്റെ 5 (6) വകുപ്പനുസരിച്ച് ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമിക്കു പകരം മറ്റെവിടെയെങ്കിലും പകരം ഭൂമി നല്‍കണം (അതായത് നഷ്ടപ്പെട്ട ഭൂമി തന്നെ ലഭിക്കണമെന്നില്ലെന്നു സാരം). ഇതിനു പുറമേ 22ം വകുപ്പ് 1975 ലെ നിയമം റദ്ദാക്കുന്നതായും പ്രഖ്യാപിച്ചു[12].

നഷ്ടപ്പെട്ട ഭൂമിക്കു പകരമായി മറ്റെവിറ്റെയെങ്കിലും ഭൂമി നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയെ സുപ്രീം കോടതിയുടെ പുതിയ വിധി അംഗീകരിച്ചപ്പോള്‍ തന്നെ 1975ലെ നിയമത്തിന് സാധുതയുണ്ടായിരിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനെക്കുറിച്ചു കോടതി വിശദീകരണമൊന്നും നല്‍കിയിട്ടില്ല. വിധി പുറപ്പെടുവിച്ചുകൊണ്ട് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ പറയുകയുണ്ടായി. 1999ലെ നിയമം വഴി കേരളാ സര്‍ക്കാര്‍ ആദിവാസി ഭൂമിയില്‍ ഇപ്പോള്‍ താമസിക്കുന്ന ചെറുകിട കുടിയേറ്റക്കാരെ സംരക്ഷിക്കാനും അതോടൊപ്പം തന്നെ സ്വന്തം മണ്ണില്‍ നിന്നു ആദിവാസികള്‍ പുറത്തെറിയപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനുമുള്ള നടപടികളാണെടുത്തതെന്നും കോടതി നിരീക്ഷിക്കുന്നു[13].

ഇതൊരു ഭരണഘടനാ വിരുദ്ധ വിധിയാണെന്നാണ് ആദിവാസി ഗോത്ര മഹാസഭ നേതവ് എം. ഗീതാനന്ദന്‍ദില്ലിപോസ്റ്റിനോട് പറഞ്ഞത്. "1975ലെ ആദിവാസി ഭൂനിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുകയും ഹൈക്കോടതി പല തവണ ശരി വയ്ക്കുകയും ചെയ്ത ഒന്നാണ്. അതിനെ മറികടന്ന് സൃഷ്ടിച്ച 1999ലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുള്ളതുമാണ്. അത്തരമൊരു നിയമത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നുവെങ്കില്‍ കോടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്," അദ്ദേഹം പറഞ്ഞു. "ആദിവാസി ഭൂമി പ്രശ്നം പരിഹരിക്കാന്‍ കേരള സര്‍ക്കാരിന്റെ മുന്നില്‍ 2001ല്‍ ആദിവാസി ഗോത്രമഹാ സഭയും ആന്റണി സര്‍ക്കാരും ചേര്‍ന്നുണ്ടാക്കിയ പാക്കേജ് [14] നിലവിലുള്ളപ്പോള്‍ ഇത്രയും സങ്കീര്‍ണമായ ഒരു പുതിയ സംവിധാനത്തിലേക്കു പോവുന്നത് ആദിവാസികളുടെ താല്പര്യം സംരക്ഷിക്കാനല്ല, മറിച്ചു മാറ്റാരുടേയോ ആണ്. ആറളം ഫാമില്‍ ആദിവാസികള്‍ക്കു നല്‍കിയ ഭൂമിയില്‍ വച്ചുകൊടുത്ത വീടുകളില്‍ എണ്‍പതോളമെണ്ണം ഇന്നു ഉപയോഗ ശൂന്യമാണ്. ഇവിടെ ഇടതടവില്ലാതെ മരം മുറിക്കല്‍ നടക്കുന്നു. ചിന്നക്കനാലില്‍ ആദിവാസികള്‍ക്കു വിതരണം ചെയ്ത ഭൂമിയില്‍ റിസോര്‍ട്ട് മാഫിയ കടന്നു കയറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ആദിവാസികള്‍ക്ക് ഭൂമി നല്‍കിയാല്‍ മാത്രം പോര; അത് അന്യാധീനപ്പെടാതിരിക്കാനുമായി ആദിവാസി പ്രദേശങ്ങള്‍ ഷെഡ്യൂള്‍ഡ് ഏരിയ ആയി പ്രഖ്യാപിക്കേണ്ടതും കൂടിയുണ്ട്," ഗീതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം ഭൂമി എന്ന സ്വപ്നം

ആദിവാസികളെ സംബന്ധിച്ച് ഭൂമി മൗലീകവും പരിമിതവുമായ ഉല്പാദന ഘടകമാണ്. അതിന്റെ ഉടമസ്ഥത അവരുടെ ഉപജീവനത്തിന് ശക്തി പകരുന്നു. അധീശശക്തികള്‍ നിയന്ത്രിക്കുന്ന ഭൂമി അധികാരത്തിന്റെ സ്രോതസ് കൂടിയാണ്. ഭൂമിയുടെ മേലുള്ള അവകാശവും ഉല്പാദന വിതരണ ശ്രുംഘലയും പരമ്പരാഗതമായി ജാതി വ്യവസ്ഥയ്ക്ക് അനുസൃതമായാണ് കേന്ദ്രീകരിക്കപ്പെടുന്നത്. ഭൂമിയുമായി അഭേദ്യമായ ബന്ധം അവര്‍ക്കുണ്ടെങ്കില്‍ കൂടി സ്വന്തം മണ്ണില്‍ അഭയാര്‍ഥികളായി അവര്‍ കഴിയുന്നു. അതുകൊണ്ട് തന്നെ ആദിവാസികളുടെ സമരം ഇത്തരമൊരു വ്യവസ്ഥിതിക്കുകൂടി എതിരാണ്. ഇനി ഭൂമി ലഭിക്കുന്നതോടെ ആദിവാസികളുടെ പ്രശ്നങ്ങള്‍ അവസാനിക്കുമോ? ഇല്ല എന്നതാണ് സത്യം. ആദിവാസി സംരക്ഷണത്തിനായി ഒട്ടനവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അവര്‍ക്കെതിരെയുള്ള ചൂഷണവും പീഡനവും വര്‍ധിച്ചു വരുകയാണ്. 1996-ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ആദിവാസി മേഘലയിലെ സ്വയം ഭരണം [15] നടപ്പിലാക്കുന്നതിലൂടെ അവരുടെ പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കവുന്നതാണ്. ഇതുവരെ സര്‍ക്കാര്‍ ആദിവാസികള്‍ക്കുവേണ്ടി നടത്തിയ/നടത്തുന്ന "വികസന" പ്രവര്‍ത്തനങ്ങളിലൊന്നും അവരോട് അഭിപ്രായം ചോദിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ വടക്കെ ഇന്‍ഡ്യയില്‍ പരീക്ഷിച്ചു വിജയിച്ച ഇത്തരമൊരു സംവിധാനത്തില്‍ അവര്‍ക്കു സ്വന്തം താല്പര്യങ്ങള്‍ ഒരു പക്ഷെ സംരക്ഷിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇന്നു വരെ അതിനുള്ള ഇശ്ചാശക്തി കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ഇതുവരെ കാണിച്ചിട്ടില്ല. കാരണം ആദിവാസികള്‍ക്കു സ്വയംഭരണം നല്‍കിയാല്‍ രാഷ്ട്രീയ കക്ഷികള്‍ക്കും അവരുടെ പിണിയാളരായ കുടിയേറ്റക്കാര്‍ക്കും പിന്നീട് അവരെ ചൂഷണം ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല എന്നതു തന്നെ.

===

റഫറന്‍സുകള്‍
1, Kerala Scheduled Tribes (Restriction on Transfer of Lands and Restoration of Alienated Lands) Act, 1975.

2,The Kerala Restriction on Transfer by and Restoration of Lands to Scheduled Tribes Act,1999.

3, പി കെ പ്രകാശ്, അന്യാധീനപ്പെടുന്ന ഭുമി: ആദിവാസി ഭൂമി പ്രശ്നത്തിന്റെ ചരിത്രവും രാഷ്ട്രീയവും.(കോഴിക്കോട് ,പാപിയോണ്‍:2002), പേജ്.63.

4, പി കെ പ്രകാശ്, പേജ്.64.

5, പേജ്,58.

6, M. Kunjhaman,Development of the Tribal Economy, (New Delhi, Classical Publishing Company,1989) p.121.

7, M. Mohandas, Impact of New Settlers in the Western Ghats Region on the Socio-economic Conditions of the Tribal Populations (Seminar Paper,Kerala Agricultural University,1992) p.3.

8,കെ.പാനൂര്‍, കേരളത്തിലെ ആഫ്രിക്ക, (കോട്ടയം, നാഷണല്‍ ബുക് സ്റ്റാള്‍,1963) p.42.

9, ആദിവാസി സംഘടനയായ അഖില തിരുവിതാംകൂര് മലയരയ മഹസഭയുടെ കൊമ്പുകുത്തി ശാഖാ പ്രവര്ത്തകന് പുരുഷന്‍ എ. ആര്‍-മായി ദില്ലിപോസ്റ്റ് 30.07.09-ല്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം.

10, പി കെ പ്രകാശ്, പേജ്.106.

11, C. R. Bijoy and K. Ravi Raman (2003),"The Real Story: Adivasi Movement to Recover Land ",Economic and Political Weekly, Vol.38 No.20 (May 17-23), p.1979.

12, C. R. Bijoy and K. Ravi Raman (2003) p.1979.

13, The Hindu (Chennai), 26 July 2009.

14, C. R. Bijoy and K. Ravi Raman (2003) p.1980.

15, Panchayats (Extension to the Scheduled Areas) Act, 1996.

Be Sociable, Share!

http://dillipost.in/2009/08/07/%E0%B4%86%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF-%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B4%A8%E0%B4%82-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%AE%E0%B5%8B%E0%B4%A1%E0%B4%B2-3/

With Regards
Abi

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment