Tuesday 14 February 2012

[www.keralites.net] അയാളുടെ പേര് ചൊവ്വ എന്നാണ്‌

 


മുദുലിപ്പാട, മല്‍ക്കാന്‍ ഗിരി(ഒറീസ): അയാളുടെ പേര് ചൊവ്വ എന്നാണ്. ഭാര്യയുടെ പേര് ശനി എന്നും. രണ്ടു പെണ്‍മക്കളുണ്ട്. രണ്ടുപേരുടേയും പേര് ഞായര്‍ എന്നാണ്. ഇളയ ഒരു മകനുണ്ട്. അയാളുടെ പേര് ബുധന്‍. ചില പുരാതന ആദിവാസിവിഭാഗങ്ങളില്‍പ്പെട്ടവര്‍ അവരുടെ മക്കള്‍ക്ക് പേരിടുന്നത് അവരേതു ദിവസമാണോ ജനിച്ചത് ആ ദിവസത്തിന്റെ പേരു നോക്കിയാണ്. മല്‍ക്കാന്‍ ഗിരിയിലെ ഉള്‍ഗ്രാമങ്ങളിലുള്ള അപ്പര്‍ ബോണ്ട വര്‍ഗക്കാര്‍ വളരെ നിഷ്ഠയോടുകൂടിത്തന്നെ ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ട്.

ബോണ്ടകള്‍ക്കിടയില്‍ തിങ്കളാഴ്ച ദിവസം ജനിക്കുന്ന ഒരാള്‍ അതുകൊണ്ടുതന്നെ സോമ എന്നറിയപ്പെടും. സ്ത്രീയാണെങ്കില്‍ സോമകാരി എന്നും. ചൊവ്വാഴ്ച ദിവസം ജനിക്കുന്ന സ്ത്രീ മംഗളി ആണ്. അതേ ദിവസം ജനിക്കുന്ന പുരുഷന്‍ മംഗള എന്നും അറിയപ്പെടും. ബോണ്ടകള്‍ തങ്ങളുടെ കന്നുകാലികള്‍ക്കും ഇതേവിധമാണ് പേരിടുക.

കൊരാപ്പുത്ത് മേഖലയിലെ മല്‍ക്കാന്‍ ഗിരി ജില്ലയാണ് ബോണ്ടകളുടെ ഏക ആവാസവ്യവസ്ഥ. അവര്‍ മറ്റെവിടെയും ജീവിക്കുന്നില്ല. കുന്നിന്‍ചരിവുകളില്‍ ഉള്ളവര്‍ ലോവര്‍ ബോണ്ടകള്‍ എന്നറിയപ്പെടും. മറ്റു ബോണ്ടകളില്‍നിന്ന് സാംസ്‌കാരികമായി ഏറെ വിഭിന്നരാണിവര്‍. ദുഷ്‌കരമായ കുന്നിന്‍നെറുകകളില്‍ സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് മൂവായിരം അടി ഉയരത്തില്‍ ജീവിക്കുന്ന മറ്റൊരു വിഭാഗമാണ് അപ്പര്‍ ബോണ്ടകള്‍. ഉയരത്തില്‍ താമസിക്കുന്നതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. മൊത്തത്തില്‍ ഇരുകൂട്ടരേയും ബോണ്ടകള്‍ എന്നു വിളിക്കുന്നു. ചില വിദഗ്ധര്‍ അവരെ ബോണ്ടോകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഏറെക്കാലമായി ഔദ്യോഗികരേഖകളില്‍ അവര്‍ ബോണ്ട- പരോജകളാണ്.

പുറംലോകമാണ് ഇത്തരം പേരുകളെല്ലാം അവര്‍ക്ക് നല്‍കിപ്പോരുന്നത്. ആ ആദിവാസിവിഭാഗത്തിനകത്ത് അവര്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത് റെമോകള്‍ എന്നാണ്. അതിന്റെ അര്‍ഥം ലളിതമാണ്, മനുഷ്യര്‍. എത്തനോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ ജെയ്‌പോര്‍ കുന്നുകളില്‍ ഏതോ പുരാതനകാലത്ത് കുടിയേറി താമസമുറപ്പിച്ച ആസ്‌ട്രോ ഏഷ്യാറ്റിക്ക് ആദിവാസിവിഭാഗങ്ങളില്‍പ്പെട്ടവരാണ് ബോണ്ടകള്‍. 1990ലെ കണക്കനുസരിച്ച് കഷ്ടി 4431 ബോണ്ടകള്‍ മാത്രമേ ഉള്ളൂ. മല്‍ക്കാന്‍ ഗിരിയിലെ കളക്ടര്‍ ജി. കെ. ദാല്‍ പറയുന്നതു പ്രകാരം ലോകത്തിലെ ഏറ്റവും പുരാതനമായ പതിനഞ്ച് ആദിവാസിവിഭാഗങ്ങളെടുത്താല്‍ അതിലൊന്ന് ബോണ്ടകളായിരിക്കും. വേട്ടയാടിയും ഭക്ഷണസാധനങ്ങള്‍ കാട്ടിലലഞ്ഞ് ശേഖരിച്ചും പലയിടങ്ങളില്‍ മാറിമാറി കൃഷിചെയ്തുമാണ് ഇവര്‍ ജീവിച്ചുപോരുന്നത്.

മാറിമാറി കൃഷിചെയ്യുന്നതിനൊപ്പം അവര്‍ വയല്‍ക്കൃഷിയെയും ആശ്രയിക്കുന്നുണ്ട്. ബോണ്ട ഡവലപ്‌മെന്റ് ഏജന്‍സിയുടെ കണക്കനുസരിച്ച് ശരാശരി ഒരു കാര്‍ഷികകുടുംബം ഒരേക്കറില്‍ താഴെ ഭൂമി കൈവശം വെക്കുന്നുണ്ട്. അതില്‍ മൂന്നിലൊന്നു മാത്രമേ ജലലഭ്യതയുള്ള വയല്‍പ്രദേശം ആയിരിക്കൂ. അവിടെ അവര്‍ നെല്ലും ഗോതമ്പും കൃഷിചെയ്യുന്നു. കരഭൂമിയില്‍ അര ഏക്കറോളം ഭാഗത്ത് അവര്‍ ചോളവും ധാന്യങ്ങളും കൃഷിചെയ്യുന്നു. ശേഷിക്കുന്ന അല്‍പ്പസ്ഥലത്താണ് അവര്‍ തങ്ങളുടെ ചെറിയ വീടുകളും പച്ചക്കറിക്കൃഷിയും ഒതുക്കുന്നത്. ഇതെല്ലാം വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കാര്യമാണ്. അവരുടെ ചെറിയ സംഘങ്ങള്‍ വലിയ ഭൂപ്രദേശങ്ങള്‍ കൂട്ടമായി കൃഷിക്കുപയോഗിക്കുന്നു. അവിടെയാണ് മാറിമാറിയുള്ള കൃഷികള്‍ നടക്കാറ്. സ്ത്രീകളാണ് ഏറിയകൂറും കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നത്.

കടുത്ത പിന്നാക്കാവസ്ഥ നേരിടുന്ന ഒരു വിഭാഗമാണ് ബോണ്ടകള്‍. അവര്‍ക്കു നേരെയുള്ള പൊതുസമൂഹത്തിന്റെ മുന്‍വിധികളും അപലപനീയമാണ്. ഇവയ്‌ക്കെല്ലാമെതിരെ ജില്ലാ കളക്ടറും ബോണ്ട ഡവലപ്‌മെന്റ് ഏജന്‍സിയിലെ ഉദ്യോഗസ്ഥരും ശക്തമായി പൊരുതുന്നുണ്ട്. എന്നാല്‍ പരിഹാരം അത്ര അനായാസമല്ല. 1988നും 1992നും ഇടയ്ക്ക് അപ്പര്‍ ബോണ്ട മേഖലയില്‍ സര്‍ക്കാര്‍ നിയോഗിച്ചത് പത്ത് അധ്യാപകരെയാണ്. പക്ഷേ, അവരിലൊരാള്‍പോലും ജോലിക്ക് ഹാജരായില്ല. ഇവരുടെയെല്ലാം ശമ്പളം ശിക്ഷാവിധിയുടെ ഭാഗമായി സര്‍ക്കാര്‍ മുടക്കം വരുത്തിയിരിക്കുകയാണെങ്കിലും മറ്റാരുംതന്നെ അവരുടെ സ്ഥാനത്ത് ജോലി ചെയ്യാന്‍ തയ്യാറായിവരുന്നുമില്ല. എല്ലാവരുംതന്നെ ബോണ്ടകള്‍ അപകടകാരികള്‍ എന്ന മുന്‍വിധിയുമായി ജീവിക്കുന്നവരാണ്.

ബോണ്ട കുന്നിന്‍നിരകളിലുള്ള മുദുലിപ്പാട കോളനിയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ താഴ്‌വാരത്തിലുള്ള കൈലിപ്പുട്ടിലാണ് താമസിക്കുന്നത്. അവര്‍ ജോലിയെടുക്കുന്നതും അവിടെ നിന്നുകൊണ്ടുതന്നെ. അപ്പര്‍ ബോണ്ടകളുടെ ഭാഗത്തുനിന്നും അക്രമവും ടിക്കറ്റില്ലായാത്രയും ആരോപിച്ച് ബസ് ഡ്രൈവര്‍മാര്‍ കൈലിപ്പുട്ടിനും മുദുലിപ്പാടക്കുമിടയില്‍ സര്‍വീസ്തന്നെ നിര്‍ത്തിക്കളഞ്ഞു. അതുകൊണ്ട് ഒരു ജീപ്പു പിടിക്കാനായില്ലെങ്കില്‍ നിങ്ങള്‍ക്ക് ആദ്യസറ്റില്‍മെന്റിലെങ്കിലുമെത്താന്‍ പതിനാലു കിലോമീറ്ററെങ്കിലും നടക്കേണ്ടിവരും. കൂടാതെ കൊലപാതകങ്ങളുടെ എണ്ണവും ഈ പ്രദേശങ്ങളില്‍ ഏറെക്കൂടുതലാണ്. ഈ പ്രദേശത്തെ ഏതു ചെറുവിഭാഗങ്ങളിലുമുള്ളതിനേക്കാളും അധികം കൊലപാതകങ്ങള്‍.
തീര്‍ത്തും ആവേശം തരാത്ത ഒരു ചിത്രമാണത്. എന്നാല്‍ പെരുപ്പിച്ചുപറയലിന്റെ പ്രശ്‌നവുമുണ്ട്. കൊലപാതകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവ് പൂര്‍ണമായും ഈ സമുദായത്തിനകത്തുമാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്. പുറമേ നിന്നുള്ളവരെ ഇവിടെ ആരും കൊല്ലാറില്ല. കവര്‍ച്ചകളും ഭവനഭേദനങ്ങളും ഇവിടെ കേട്ടുകേള്‍വിപോലുമില്ല. അപ്പര്‍ ബോണ്ട ഗ്രാമങ്ങളിലൂടെ യാതൊരു ബുദ്ധിമുട്ടുകളും നേരിടാതെ ഞങ്ങള്‍ക്ക് സഞ്ചരിക്കാനായി. അതുപോലെ ഞങ്ങള്‍ക്ക് മനസ്സിലാക്കാനായത്, കുന്നിറങ്ങി ബസ്സില്‍ കയറുന്ന അപൂര്‍വസമയങ്ങളിലെല്ലാം മറ്റുള്ളവരെപ്പോലെ ഇവരും ടിക്കറ്റെടുത്താണ് യാത്ര ചെയ്യുന്നതെന്നാണ്.

അന്ത്രഹാലിലെ കുട്ടികള്‍ക്ക് ബോണ്ട പദ്ധതിയുടെ കീഴില്‍ അസാധാരണമായ ഒരു സ്‌കൂളുണ്ട്. അവര്‍ക്കതിനോട് ഒരു പ്രത്യേക സ്‌നേഹംതന്നെയുണ്ട്. അവരുടെ ചെറുപ്പക്കാരനായ അധ്യാപകന്‍ മാങ്ക്‌രാജിന് മെട്രിക്കുലേഷന്‍ പോലുമില്ല. ഏഴാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയ അഹില്യയാണ് അദ്ദേഹത്തിന്റെ സഹായി. രണ്ടുപേരും ബോണ്ടകളല്ല. എന്നാല്‍ അവരിരുവരും പ്രശ്‌നങ്ങളൊന്നും നേരിടുന്നുമില്ല. ഈ ആദിവാസിവിഭാഗത്തെക്കുറിച്ച് അടുത്തറിയുമ്പോള്‍ മാത്രമാണ് അവരെപ്പറ്റിയുള്ള കേട്ടുകേള്‍വികള്‍ പലതും തകര്‍ന്നു പോകുന്നത്.
'പൊതുവിലുളള ആളുകളില്‍നിന്നു വിപരീതമായി ഈ കുട്ടികള്‍ പഠിക്കാനാഗ്രഹിക്കുന്നു.' അഹല്യ പറഞ്ഞു. അഹല്യ അവര്‍ക്ക് രണ്ടുനേരം ഭക്ഷണം നല്‍കുന്നുണ്ട്. സ്‌കൂളില്‍ ദിവസവും എത്താനുള്ള ഏറ്റവും വലിയ ആകര്‍ഷണം കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതാണ്. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കേ കുറച്ചു കുട്ടികള്‍ ക്ലാസ് മുറിയിലേക്ക് കടന്നുവന്നു. ഇടയ്ക്കു വച്ച് പഠനം നിര്‍ത്തി പോയവര്‍ പഴയ സഹപാഠികളെ തേടിയെത്തിയതാണ്. പൂര്‍ണമായി തങ്ങള്‍ വിദ്യാപദ്ധതികളില്‍നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നവര്‍ക്കു തോന്നുന്നുണ്ട്. ഇവിടെനിന്ന് പേടികൊണ്ടുമാത്രം ഒളിച്ചോടിയ അധ്യാപകര്‍ ഈ കാഴ്ച കാണേണ്ടതാണ്.

പുരാതന ആദിവാസിവിഭാഗം എന്ന ഗണത്തില്‍പ്പെടുത്തി ഇവരെ പരിഗണിക്കുന്നതിനോട് ചില ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്. ഈ പ്രയോഗത്തിന് ഒരു നിഗൂഢാര്‍ഥമുണ്ടെന്നും അതവരുടെ പുരോഗതിയെ സഹായിക്കില്ലെന്നും അവര്‍ പറയുന്നു. ഈയൊരു ഔദ്യോഗികപദത്തിന്റെ അര്‍ഥങ്ങള്‍ നിരവധിയാണ്. ജനസംഖ്യയിലെ തകര്‍ച്ച, സാങ്കേതിക വിവരങ്ങളുടെ കുറഞ്ഞ ഉപയോഗം, പരിതാപകരമായ വിദ്യാഭ്യാസ ചുറ്റുപാടുകള്‍, കടുത്ത സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ തുടങ്ങിയവയെല്ലാം ഈ പദംകൊണ്ട് അര്‍ഥമാക്കുന്നു. ആരും ഇതിന്റെ പ്രയോഗത്തില്‍ ഇഷ്ടപ്പെടുന്നില്ല. ഒരു വിദഗ്ധന്‍ പറയുന്നത് ഈ സംജ്ഞയെ പുരാതന കാര്‍ഷികസമൂഹം എന്നു മാറ്റാമെന്നാണ്. എന്തിനാണ് മനുഷ്യരെ പുരാതനര്‍ എന്നു വിളിക്കുന്നത്. വളരെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു വാക്കാണിത്. നയപരിപാടികളില്‍ പുതിയ വെളിച്ചം ഉണ്ടാകുന്നില്ലെങ്കില്‍ ഇത്തരം പദാവലികള്‍ അങ്ങനെത്തന്നെ നിലനില്‍ക്കുകയേ ഉള്ളൂ.
ഭയം വിതയ്ക്കാന്‍ നിരവധി പേരുണ്ട്. അവര്‍ തിരിച്ച് എന്തെങ്കിലും കേള്‍ക്കാനുള്ള മാനസികഭാവമുള്ളവരല്ല. അത്തരക്കാരുടെ പ്രവര്‍ത്തനങ്ങളാണ് അപ്പര്‍ ബോണ്ടകള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ തകരാറിലാക്കിയത്. എണ്‍പതുകളില്‍ ബോണ്ടകളുടെ സാക്ഷരതാ ശതമാനം തുച്ഛമായ 3.61 ശതമാനം മാത്രമായിരുന്നു. ഒറീസയിലെ ആദിവാസിവിഭാഗങ്ങള്‍ക്കിടയിലെ ശരാശരി സാക്ഷരതയായ 13.96തന്നെ ഭയാനകമായിരിക്കുമ്പോള്‍ ഈ ശതമാനക്കണക്ക് നല്‍കുന്ന ആപല്‍സൂചനകള്‍ ഊഹിക്കാവുന്നതേയുള്ളൂ. സ്ത്രീകളുടെ കാര്യത്തിലാകട്ടെ, ഇത് തുലോം പരിമിതമാണ്. അപ്പര്‍ ബോണ്ടകള്‍ക്കിടയില്‍ മെട്രിക്കുലേഷന്‍ വിദ്യാഭ്യാസമുള്ള ഒരേയൊരാളേ ഉള്ളൂ. മുദുലിപ്പാട ഹൈസ്‌കൂളിലെ അധ്യാപകനായ മംഗളാ ചലാന്‍. ഞങ്ങള്‍ ചെല്ലുേമ്പാള്‍ അദ്ദേഹം അവിടെ ഇല്ലായിരുന്നു. പകരം ഞങ്ങള്‍ ഗുസുമിനേയും അധിബാരിയേയും കണ്ടു. ഈ സമൂഹത്തില്‍നിന്നുള്ള ആദ്യത്തെ ജോലി ചെയ്യുന്ന സ്ത്രീകള്‍. രണ്ടു പേരും ആ സ്‌കൂളിലെ ഹെല്‍പ്പര്‍മാരാണ്. ഗ്രാമങ്ങളിലുള്ള തങ്ങളുടെ കുടുംബങ്ങളേക്കാള്‍ അവര്‍ക്ക് സാമ്പത്തികസ്വാതന്ത്ര്യമുണ്ട്.

ഈ രണ്ടു സ്ത്രീകളും ബോണ്ട കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ഏറെ കഷ്ടപ്പെടുന്നുണ്ട്. അവിടത്തെ എല്ലാ സ്‌കൂളുകളും അന്ത്രഹാല്‍ പോലുള്ളവയല്ല. 'വീട്ടിലെ എല്ലാ ജോലികളും അമ്മമാരുടെ തലയിലാണ്. അച്ഛന്‍മാര്‍ ലഹരി പാനീയം ചെത്തിയെടുക്കുന്ന സോലാപ് മരങ്ങളില്‍ കയറിയിറങ്ങും. അങ്ങനെ വരുമ്പോള്‍ ചെറിയ കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്വം സ്‌കൂളില്‍ പോകേണ്ടുന്ന മുതിര്‍ന്ന കുട്ടികളുടെ മേലാകും. അതുകൊണ്ടാണ് മുതിര്‍ന്ന പല കുട്ടികളും സ്‌കൂളിലെത്താത്തത്.' അധിബാരി ചൂണ്ടിക്കാട്ടി. ബോണ്ടകള്‍ക്കിടയിലെ ശിശുമരണനിരക്ക് ഭയാനകമാണ്. ചിലപ്പോഴെല്ലാം അത് ആയിരം കുട്ടികളില്‍ നൂറ്റമ്പതു പേര്‍ എന്ന നിലയിലേക്കെത്തുന്നു. ഒറീസയുടെ ഏറെ പരിതാപകരമായ ആയിരത്തിനു നൂറ്റി ഇരുപത്തിരണ്ട് എന്ന നിലയേക്കാള്‍ ഗുരുതരമാണിത്.

ജോലി തേടി പുറത്തെത്തുമ്പോള്‍ അധിബാരിയും ഗുസുമുവും യാതൊരു തരത്തിലുള്ള വൈഷമ്യങ്ങളും നേരിട്ടില്ല. ചില കാര്യങ്ങളിലെങ്കിലും പാരമ്പര്യത്തെ മാറ്റിവെക്കേണ്ടിവന്നു എന്നുമാത്രം. വസ്ത്രങ്ങളുടെ കാര്യത്തിലായിരുന്നു പ്രധാനമായും അത്. പരമ്പരാഗതമായി ബോണ്ട സ്ത്രീകള്‍ അരയ്ക്കു ചുറ്റും ഒരു വലിയ തുണിക്കഷണമാണ് വസ്ത്രമായി ധരിക്കാറ്. ഒരു മീറ്റര്‍ നീളവും നാല്പതു സെ മീ വീതിയുമുണ്ടാകും അതിന്. സ്ത്രീകള്‍ ഇത് സ്വയം നെയ്‌തെടുക്കാറാണ് പതിവ്. മുത്തുകള്‍ പതിച്ച നെക്ലേസുകളും അലൂമിനിയ മാലകളും ചെമ്പുകൊണ്ടുള്ള വളകളും മറ്റാഭരണങ്ങളുമെല്ലാം ഇവര്‍ ധരിക്കുന്നു. പ്രാകൃതമായ ഉപകരണങ്ങളുപയോഗിച്ച് തല മുണ്ഡനം ചെയ്യുന്ന പതിവും ഇവര്‍ക്കിടയിലുണ്ട്. പലപ്പോഴും അവ ടെറ്റനസ് ബാധിക്കുന്ന അവസ്ഥ വിളിച്ചു വരുത്തുന്നു.

'പഴയൊരു ശാപവുമായി ബന്ധപ്പെട്ട അന്ധവിശ്വാസമാണ് തല മുണ്ഡനം ചെയ്യുന്നതിന് പിന്നിലുള്ളത്.' ഗുസും പറഞ്ഞു. തന്നെ ചില ബോണ്ട സ്ത്രീകള്‍ പരിഹസിച്ചു ചിരിച്ചതില്‍ സീതാദേവി കുപിതയായി. അവര്‍ എല്ലാ ബോണ്ട സ്ത്രീകളേയും നഗ്നരായിരിക്കാനും തല മുണ്ഡനം ചെയ്യാനും ശപിച്ചു. എന്നാല്‍ ഗുസുമിന്റെ അഭിപ്രായത്തില്‍ ഏറ്റവും ഉത്കണ്ഠയുണ്ടാക്കുന്നത് വസ്ത്രധാരണത്തിലെ അപര്യാപ്തതയാണ്. കുട്ടികള്‍ കൊടുംതണുപ്പിന്റെ വേളകളില്‍ രോഗികളാകുന്നതിനു പിന്നില്‍ വേണ്ട വസ്ത്രധാരണമില്ലാത്തതാണ് കാരണം. കാര്യങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഗസും വിശ്വസിക്കുന്നില്ല. അവനവനെ സംബന്ധിച്ച് ആത്യന്തികമായി തീരുമാനമെടുക്കേണ്ടത് അവനവന്‍തന്നെയാണ്. എന്നാല്‍ ബോണ്ട കുന്നുകളില്‍ ശീതകാലത്തെ തണുപ്പ് ഏറെ ദുഷ്‌കരമാണ് എന്നതിനാല്‍ കുട്ടികള്‍ക്ക് വേണ്ടത്ര വസ്ത്രം ലഭ്യമാകണമെന്ന് അവര്‍ വാദിക്കുന്നു.

ബോണ്ട കുടിലുകള്‍ക്ക് ജനാലകളോ മറ്റു വായുനിര്‍ഗമന മാര്‍ഗങ്ങളോ ഇല്ല. അവരുടെ കെട്ടിടനിര്‍മാണശേഷി പ്രദേശത്തെ ഇതരവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്. വീടുകളുടെ നിലവാരം കുറേക്കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. എന്നാല്‍, അവര്‍ക്കായി വരുന്ന പദ്ധതികള്‍ പലതും ശരിയായ കാഴ്ചപ്പാടോടെയല്ല. ഓരോ ബോണ്ട കുടിലിനും തകരംകൊണ്ടുള്ള മേല്‍ക്കൂര നിര്‍ദേശിക്കുന്ന ഒരു പദ്ധതിയുമായി ചില ഓഫീസര്‍മാര്‍ ഞങ്ങളവിടെ താമസിക്കുന്ന വേളയില്‍ കടന്നുവന്നു. 'വേനലില്‍ ഇത്തരം മേല്‍ക്കൂരകള്‍ അവര്‍ക്ക് വറച്ചട്ടികളായി മാറും. അറ്റകുറ്റപ്പണികള്‍ക്ക് എപ്പോഴും കച്ചവടക്കാരെയും ഉന്നത ഉദ്യോഗസ്ഥരേയും ആശ്രയിക്കേണ്ടുന്ന ഗതികേടുണ്ടാക്കും.' ബോണ്ട പ്രോജക്ടിലുള്ള ഒരാള്‍ പറഞ്ഞു.

സനാതന ഹിന്ദുമതത്തിന്റെ അകത്തളങ്ങളില്‍ ഈ ആദിവാസിവിഭാഗത്തെ ഉറപ്പിച്ചുനിര്‍ത്താനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് സീതയുടെ ഐതിഹ്യവും മറ്റും കടന്നുവന്നത്. വലിയൊരളവോളം ബോണ്ടകള്‍ക്ക് അവരുടേതുമാത്രമായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. അവരെപ്പറ്റി പുറംലോകത്തിനുള്ള പേടികള്‍ക്ക് ചില ഗുണവശങ്ങളുമുണ്ട്. ഈ പ്രദേശത്തെ മരങ്ങളൊന്നും റിസര്‍വ് വനങ്ങളല്ല. എന്നിരിക്കിലും ഇവിടം മരംകൊള്ളക്കാരില്‍നിന്നും വിമുക്തമാണ് എന്നതുതന്നെ മേല്‍പ്പറഞ്ഞ ഭയത്തിന്റെ ഗുണവശമായെടുക്കാം. ഇപ്പോഴവര്‍ക്ക് പുറംലോകവുമായുള്ള ബന്ധം ഏറിവരികയാണ്. ബാഹ്യ സ്​പര്‍ശമേല്‍ക്കാതെ നൂറ്റാണ്ടുകള്‍ നിലനിന്ന ഒരാദിവാസി സമൂഹത്തിന്റെ ലോകം മാറുകയാണ്. ചിലപ്പോഴത് കൂടുതല്‍ നന്മകളിലേക്കാവാം. ചിലപ്പോള്‍ ദുഃഖകരമെന്നു പറയട്ടെ, ദുരന്തങ്ങളിലേക്കുമാകാം.

(നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന പുസ്തകത്തില്‍ നിന്ന്)
--

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment