Tuesday, 14 February 2012

[www.keralites.net] വനിതാ ഓട്ടോ ഡ്രൈവര്‍മാര്‍ 'മധുരപ്പതിനെട്ടി'ല്‍

 

വനിതാ ഓട്ടോ ഡ്രൈവര്‍മാര്‍ 'മധുരപ്പതിനെട്ടി'ല്‍



കോഴിക്കോട് നഗരത്തിലെ തിരക്കില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ അവരുടെ ഓട്ടോ ഓടിത്തുടങ്ങിയിട്ട് 18 വര്‍ഷം. അയ്യായിരത്തില്‍പ്പരം പുരുഷ ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ പതിനാറ് വനിതാ ഡ്രൈവര്‍മാരാണ് ആണിനോളം പോരുന്ന തന്റേടവും ധൈര്യവുമായി നഗരത്തില്‍ കറങ്ങുന്നത്. ആദ്യമൊക്കെ ഒരു പാട് യാതനകള്‍ ജോലിയ്ക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവരും സന്തോഷത്തിലാണ്. ലോണെടുത്തും പലിശയ്ക്ക് കടംവാങ്ങിയും വിലപിടിപ്പുള്ള പലതും വിറ്റുപെറുക്കിയുമാണ് പലരും ഓട്ടോ സ്വന്തമാക്കിയത്. എല്ലാവരും സ്ഥിര വരുമാനം ആഗ്രഹിക്കുന്നവരാണ്. സ്വന്തം കാലില്‍ ജീവിക്കണമെന്ന് ഉറച്ച ആഗ്രഹമുള്ളവര്‍. പണമാണ് എല്ലാവരുടെയും പ്രശ്‌നവും. കുടുംബിനികളും അല്ലാത്തവരും ഇക്കുട്ടത്തിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാകുമ്പോള്‍ ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ജോലിചെയ്യുമ്പോള്‍ അല്ലലില്ലാതെ ജീവിക്കാമെന്ന് ഡ്രൈവര്‍ പുഷ്പലത പറയുന്നു. പതിനെട്ടു വര്‍ഷമായി പെണ്‍കൂട്ടായ്മയ്ക്ക് തുടക്കംകുറിച്ചിട്ട്. ഓരോ വര്‍ഷവും ഇവര്‍ക്കിടയില്‍ പുരോഗതി ആവോളമുണ്ട്. എല്ലാ ഡ്രൈവര്‍മാരും കുട്ടികളെ രാവിലെയും വൈകിട്ടും സ്‌കൂളില്‍ കൊണ്ടുവിടുന്നതും തിരിച്ചു വീട്ടില്‍ കൊണ്ടെത്തിക്കുന്നതും തികച്ചും ആത്മാര്‍ഥതയോടെയാണ്. സ്ത്രീകളായതിനാല്‍ പുരുഷന്മാരേക്കാളും വാത്സല്യവും കരുതലും കുട്ടികളോടുണ്ടാകുമെന്നതും പ്രത്യേകതയാണ്. കുട്ടികളുടെ ഓട്ടോആന്റിമാരെ മാതാപിതാക്കള്‍ക്കും വളരെയധികം വിശ്വാസമാണ്.

ഈ ഒരു ജോലി മാത്രമല്ല ഡ്രൈവര്‍ പണിയിലുള്ളത്. കുട്ടികളുടെ ബഹളം കഴിഞ്ഞാല്‍ മിഠായിത്തെരുവിലും, റെയില്‍വേ സ്റ്റേഷനിലും മാനാഞ്ചിറയിലും പാളയത്തുമൊക്കെയായി ഒരു ജെറ്റ് വിമാനത്തിന്റെ വേഗത്തില്‍ പെണ്‍കരുത്തുകള്‍ പായുന്നതും കാണാം. യാത്രക്കാരോട് സൗമ്യമായി പെരുമാറുന്നതും, കൃത്യമായി പണം വാങ്ങുന്നതും വനിതാ ഡ്രൈവര്‍മാരാണെന്ന് നഗരത്തിലൊന്ന് അന്വേഷിച്ചാല്‍ ആരും പറയും. മുമ്പൊക്കെ വനിതാ ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരില്‍ നിന്ന് പല രീതിയിലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുമുണ്ട്. ചില ആളുകള്‍ ഓട്ടം പോകണമെന്ന് പറഞ്ഞ് റൂട്ട് തെറ്റിച്ച് കഷ്ടപ്പെടുത്തുന്നതും സ്ഥിരം പല്ലവിയായിരുന്നു. കൂടാതെ പലയിടങ്ങളിലായി ഓട്ടം പോകുകയും പണം കൊടുക്കാതെ സ്ത്രീകള്‍ക്കു നേരേ ആക്രോശിക്കുന്നതും പതിവായിരുന്നെന്നും ഡ്രൈവര്‍മാര്‍ ഒന്നടങ്കം പറയുന്നു. പക്ഷേ, ഇന്ന് സ്ഥിതി മാറി, സ്ത്രീകള്‍ക്കും പുരുഷനെപ്പോലെ ഓട്ടോ ഓടിക്കാന്‍ സാധിക്കുമെന്ന് ഈ പെണ്‍പുലികള്‍ തെളിയിച്ചു കഴിഞ്ഞു. റൂട്ട് തെറ്റിച്ച് യാത്രക്കാര്‍ പറഞ്ഞുകൊടുത്താല്‍ ഇവര്‍ വീഴില്ല. നഗരത്തിന്റെ മുക്കും മൂലയും വനിതാ ഡ്രൈവര്‍മാര്‍ക്ക് ഹൃദിസ്ഥമാണ്. രാത്രിയായാലും പകലായാലും ഇവര്‍ക്ക് ഈ നഗരത്തെ വിശ്വാസമാണ്. എത്ര രാത്രിയായാലും ഈ നാട്ടുകാര്‍ ഇവരെ ചതിക്കില്ല എന്നുള്ള വിശ്വാസവുമുണ്ട്.

പുരുഷ സഹപ്രവര്‍ത്തകരും ഇവര്‍ക്ക് നല്ല പിന്തുണയുമായി രംഗത്തുണ്ട്. വാഹനത്തിന് എന്തെങ്കിലും തകരാറു സംഭവിച്ചാലും തങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാലും സഹപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കാറുണ്ടെന്നും ഡ്രൈവര്‍ പുഷ്പലത പറഞ്ഞു.

''ഞങ്ങളെ കോഴിക്കോട് നഗരവും നാട്ടുകാരും പോലീസുദ്യോഗസ്ഥരും രണ്ട് കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഞങ്ങള്‍ക്കു വേണ്ട എല്ലാ പിന്തുണയും ബന്ധപ്പെട്ട അധികാരികളുടെ അടുത്തുനിന്ന് ലഭിക്കുന്നുണ്ട്''-ഡ്രൈവര്‍ പുഷ്പലത കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ കൂട്ടത്തിലേക്ക് ഇനിയും സഹോദരിമാര്‍ കടന്നുവരണമെന്നാണ് പെണ്‍പടയാളികളുടെ ആഗ്രഹം. ഒരിക്കല്‍ നൊമ്പരത്തിപ്പൂക്കളായിരുന്ന ഇവര്‍ ഇപ്പോള്‍ കണ്ണീരിനോട് വിട പറഞ്ഞിരിക്കുന്നു. സങ്കടങ്ങള്‍ക്ക് ഗുഡ് ബൈ പറഞ്ഞു കൊണ്ട് വീണ്ടും തിരക്കുപിടിച്ച യാത്രയിലേക്കിറങ്ങുന്നു. പുതിയ പ്രതീക്ഷകളോടെ...


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment