Sunday, 19 February 2012

[www.keralites.net] മദ്യം എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുന്നതെന്തുകൊണ്ട്?

 

മദ്യം എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുന്നതെന്തുകൊണ്ട്?

Fun & Info @ Keralites.net


മദ്യം മറ്റ് ഏതു ലഹരിപദാര്‍ഥത്തെക്കാളും കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു. ദേശമോ ഭാഷയോ സാമ്പത്തികാവസ്ഥയോ ജാതിയോ മതമോ മദ്യത്തോടുള്ള ആകര്‍ഷണത്തിനു തടസ്സമാകുന്നില്ല. ചിലരുടെ മദ്യത്തോടുള്ള തീവ്രമായ ആഭിമുഖ്യംപോലെ എപ്പോഴെങ്കിലും കുടിക്കുന്നവരിലും മദ്യപിക്കാനുള്ള ആവേശം കാണാറുണ്ട്. ചെറുപ്പക്കാര്‍ മദ്യപിക്കാന്‍ കാട്ടിക്കൂട്ടുന്ന സാഹസങ്ങള്‍ പലതുമാണ്. അസാധാരണമായ ക്ഷമയോടെ മദ്യക്കടയുടെ മുന്നില്‍ ക്യൂ നില്ക്കുന്നത് സാധാരണമാണ്.

ഒരാളെ മദ്യം കൂടുതല്‍ ആകര്‍ഷിക്കുന്നതിനു ശാരീരികഘടകങ്ങള്‍ ഉണ്ടാവണമെന്നില്ല. മാനസികമോ സാമൂഹികമോ ആയ കാരണങ്ങളാണ് മദ്യത്തോടുള്ള ആകര്‍ഷണത്തിന്റെ അടിസ്ഥാനം. പ്രധാന കാരണങ്ങള്‍:

1.മദ്യത്തിന്റെ ലഭ്യതയും പ്രചാരണവും
മദ്യം ഒരു നിയന്ത്രണമോ വിലക്കുകളോ ഇല്ലാതെ ലഭിക്കുന്നു. മദ്യം സുലഭമായി ലഭിക്കുന്നിടങ്ങളില്‍ മദ്യപാനവും മദ്യത്തിനു കീഴ്‌പ്പെടലും കൂടുന്നു എന്നു പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്യത്തിനു മാധ്യമങ്ങളിലൂടെ നല്കുന്ന പ്രചാരണവും കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കാരണമാകുന്നു. ദൃശ്യമാധ്യമങ്ങളിലൂടെയെത്തുന്ന സിനിമകളിലും സീരിയലുകളിലും നായകന്മാരും മറ്റു കഥാപാത്രങ്ങളും മദ്യപിക്കുന്നത് സാധാരണക്കാരെ എളുപ്പം സ്വാധീനിക്കുന്നുണ്ട്. ആന്റി ഹീറോ സങ്കല്പം പുതിയ തലമുറ ആവേശത്തോടെ സ്വീകരിക്കുകയും അവരുടെ ശീലങ്ങള്‍ അനുകരിക്കുകയും ചെയ്യുന്നു. മദ്യങ്ങളുടെ പരസ്യങ്ങള്‍ സാധാരണക്കാരനു മുന്നില്‍ എളുപ്പം നിയന്ത്രണങ്ങളഴിച്ചുവെക്കാന്‍ കാരണമാകുന്നു. പ്രശസ്ത താരങ്ങള്‍ മദ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നത് പൊതുസമൂഹത്തെ എളുപ്പം സ്വാധീനിക്കുന്നുണ്ട്.

2.മദ്യം മാന്യതയുടെ അടയാളം എന്ന ധാരണ
ആധുനിക ജീവിതത്തിന്റെയും പരിഷ്‌കാരത്തിന്റെയും ചിഹ്നമാക്കി പലരും മദ്യത്തെ കാണുന്നു. മദ്യപിക്കാത്തവര്‍ അപരിഷ്‌കൃതരാണെന്ന ധാരണ മദ്യപാനികള്‍ ഉണ്ടാക്കാറുണ്ട്. സത്കാരങ്ങളിലും വിവാഹച്ചടങ്ങിലും മറ്റ് ആഘോഷങ്ങളിലും മദ്യം ഒരു സവിശേഷ വിഭവമായി വിളമ്പുന്നു. മധ്യവര്‍ഗത്തിലും പിന്നാക്ക വിഭാഗത്തിലും പെട്ടവര്‍ മദ്യത്തെ സാമൂഹികപദവിയുടെ അടയാളമായി കാണാന്‍ തുടങ്ങിയിരിക്കുന്നു. സാമൂഹികപദവി മാറ്റം ആഗ്രഹിക്കുന്ന പലരും ആഢ്യരെയും സമ്പന്നരെയും അനുകരിക്കുന്നു. ചടങ്ങുകളിലും
കുടുംബസദസ്സിലും മദ്യം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

3.മദ്യം നല്കുന്ന താത്കാലികമായ ഉത്തേജനം

മറ്റു ലഹരിവസ്തുക്കളില്‍നിന്നു വ്യത്യസ്തമായി മദ്യം അതുപയോഗിക്കുന്നവര്‍ക്ക് അധികം വൈകാതെ ഉത്തേജനം നല്കുന്നു. സാധാരണജീവിതത്തില്‍ മദ്യപിക്കാതെ ചെയ്യാനാവാത്ത കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ പ്രേരണ നല്കുന്നു. അതില്‍നിന്നുണ്ടാകുന്ന ആന്തരികാനന്ദം വീണ്ടും മദ്യപിക്കാന്‍ കാരണമാകുന്നു.

4.ഉടനെ പ്രതികൂലമായി ബാധിക്കാത്ത അവസ്ഥ
മദ്യം ഒരിക്കലും ഉടനെ പ്രതികൂലമായി ബാധിക്കുന്നില്ല. ആദ്യമദ്യപാനാവസരങ്ങളില്‍ ഛര്‍ദിക്കുവാനോ ബോധമില്ലാതാക്കാനോ കാരണമായേക്കാമെങ്കിലും പിന്നീട് കുടിക്കാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നില്ല. ശരീരത്തെയോ കുടുംബത്തെയോ ആദ്യകാല മദ്യപാനം പ്രതികൂലമായി ബാധിക്കുന്നില്ല. വീണ്ടും കുടിക്കാനുള്ള പ്രേരണ നിലനില്ക്കുന്നു.

5.മദ്യത്തെ ഒരു ഭക്ഷ്യവസ്തുവായി കാണുന്നു

പലരും ഭക്ഷണത്തോടൊപ്പം മദ്യവും വിളമ്പുന്നു. ഭക്ഷണശീലങ്ങളില്‍ ബിയര്‍, വൈന്‍ എന്നിവ ഒരഭിവാജ്യഘടകമായി കണക്കാക്കുന്നവരുണ്ട്. വൈനും റൊട്ടിയും, ബിയറും സ്‌നാക്‌സും, കള്ളും കപ്പയും എന്നിങ്ങനെയുള്ള ഭക്ഷണചേരുവകള്‍ പ്രചാരത്തിലുണ്ട്.
മത്സ്യം, മാംസം ഉപയോഗിച്ചുള്ള ഭക്ഷണത്തോടൊപ്പം, മദ്യത്തെ ഒരനിവാര്യഘടകമായി ചിലര്‍ കാണുന്നു. ഇന്നു പല സത്കാരവേളകളിലും മദ്യം വിളമ്പാന്‍ ഒരു പ്രത്യേക 'കൗണ്ടര്‍' തന്നെയുണ്ട്. പരിഷ്‌കാരത്തിന്റെ അടയാളമായി ഇതിനെ കാണുന്നു. ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ ഭാഗമായി മദ്യം ചേര്‍ന്നുകിടക്കുന്നു.

6.മദ്യത്തിനെതിരെയുള്ള വിലക്കുകള്‍ ദുര്‍ബലം

മതങ്ങളുടെയോ കുടുംബാന്തരീക്ഷത്തിന്റെയോ വിലക്കുകള്‍ മദ്യത്തിനു മീതെ ഇന്നു ദുര്‍ബലപ്പെട്ടുകിടക്കുന്നു. വിശ്വാസപരമായി മദ്യത്തെ നിരോധിക്കുന്നത് അത് ഉപയോഗിക്കാതിരിക്കാനുള്ള കടുത്ത സമ്മര്‍ദമാണ്. മദ്യപാനത്തെ സദാചാരലംഘനമായി കാണുന്നതും കുറെപ്പേര്‍ കുടിക്കാതിരിക്കാന്‍ കാരണമാകുന്നുണ്ട്. ജൈന- മുസ്‌ലിം വിശ്വാസികള്‍ക്ക് മദ്യത്തെ പൂര്‍ണമായും വിലക്കിയത് ദുര്‍ബലപ്പെടുമ്പോള്‍ മദ്യം സാമൂഹികജീവിതത്തിന്റെ ഭാഗമായി മാറാന്‍ കാരണമാക്കുന്നുണ്ട്.

7.സര്‍ഗാത്മകരചനയ്ക്കു മദ്യം സഹായകരം
പലരും പ്രതിഭയെ മദ്യവുമായി ചേര്‍ത്തുവെക്കാറുണ്ട്. സര്‍ഗരചനയെ മദ്യം പരിപോഷിപ്പിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. പ്രതിഭാസമ്പന്നരായ കലാകാരന്മാര്‍ പരസ്യമായി മദ്യപിക്കുന്നത് ഈ തെറ്റിദ്ധാരണയെ പലരിലും വേരുറപ്പിക്കുന്നു. എന്നാല്‍, കലാകാരന്മാരുടെ പ്രതിഭയെ മദ്യം നശിപ്പിച്ചിട്ടേയുള്ളൂ. മദ്യത്തിനു കീഴടങ്ങിയവര്‍ക്കു പിന്നീട് ഭേദപ്പെട്ട രചനകള്‍ നടത്താനായിട്ടില്ലെന്നതാണ് വസ്തുത. മദ്യപാനം സര്‍ഗരചനയില്‍ പരാജയപ്പെടുന്നവര്‍ക്ക് 'കപട കലാകാര'ന്മാരായി കഴിയാനും രചനയിലെ പരാജയങ്ങളെ മൂടിവെക്കാനും വഴിയൊരുക്കുന്നു.

8.മദ്യനിരോധനം പിന്‍വലിക്കുന്നത്

മദ്യപിക്കുന്നവരുടെയും അമിത മദ്യാസക്തരുടെയും എണ്ണം കുറയ്ക്കാന്‍ മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കുകയാണു വേണ്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പൂര്‍ണ മദ്യനിരോധനം ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തത്. മറിച്ച് ഹോട്ടല്‍-ടൂറിസം ബിസിനസ്സിന്റെ മറവില്‍ കൂടുതല്‍ മദ്യലഭ്യത ഉണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. മദ്യത്തോടുള്ള ആകര്‍ഷണം കൂട്ടാന്‍ ഇതു കാരണമാകുന്നു.

9.അമിത മദ്യാസക്തി രോഗമാണെന്ന അറിവില്ലായ്മ
മദ്യപിച്ചു തുടങ്ങുന്നവരില്‍ ഇരുപതു ശതമാനം അതിനു കീഴ്‌പ്പെടുന്നുവെന്നതും അങ്ങനെ വരുന്നത് ഒരു നിത്യരോഗമാണെന്നതും പലര്‍ക്കും അറിയില്ല. മദ്യത്തിനു മീതെ നിയന്ത്രണം സാധിക്കുമെന്ന് അഹങ്കരിക്കുന്നവര്‍ അതിനു കീഴ്‌പ്പെട്ടാലും താനൊരു രോഗിയാണെന്നു സമ്മതിക്കാറില്ല. അമിതമദ്യാസക്തി എന്ന രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കുകയെന്നതും എളുപ്പമല്ല. മദ്യം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറിഞ്ഞും അറിയിച്ചും ജീവിക്കേണ്ടതുണ്ട്.

10.മദ്യവും രാഷ്ട്രീയപ്രവര്‍ത്തനവും

രണ്ടുതരത്തില്‍ മദ്യം രാഷ്ട്രീയപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒന്ന്, രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കു മദ്യപിക്കാന്‍ അനുവാദമുണ്ട് എന്നു പലരും കരുതുന്നു. അതിനായി അവസരവും ലഭിക്കുന്നു എന്നവര്‍ വിശ്വസിക്കുന്നു. രാഷ്ട്രീയക്കാരുടെ മദ്യവ്യാപാരികളും അബ്കാരി കോണ്‍ട്രാക്ടര്‍മാരുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്.

11.മദ്യവും സുഖലോലുപതയും

ആഡംബരജീവിതത്തിനു മദ്യം ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് എന്നു വന്നിരിക്കുന്നു. സത്കാരങ്ങളുടെ ഭാഗമായി മദ്യം ഒരു പ്രധാനവിഭവമായി മാറിയിരിക്കുന്നു. വിനോദങ്ങളില്‍ മദ്യം ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീര്‍ന്നിരിക്കുന്നു. വിനോദകേന്ദ്രങ്ങളിലും വിശ്രമമന്ദിരങ്ങളിലും മദ്യപിക്കുക എന്നത് ലോകം അംഗീകരിച്ച വസ്തുതയായി കഴിഞ്ഞിരിക്കുന്നു. ചലച്ചിത്രങ്ങള്‍ സുഖലോലുപതയില്‍ കഴിയുന്നവരെ ചിത്രീകരിക്കുമ്പോള്‍ മദ്യപിക്കുന്നത് ഒരു സ്ഥിരദൃശ്യമാക്കിത്തീര്‍ത്തിരിക്കുന്നു. മദ്യത്തെ വിനോദവും സുഖലോലുപതയുമായി ബന്ധിപ്പിക്കുന്നത് അതിനെ സാധാരണക്കാര്‍ക്കിടയിലേക്കു കൊണ്ടുവരുന്നതിനും കാരണമാകുന്നു.

12.മദ്യവും കള്ളക്കടത്ത്, ക്രിമിനലിസം, അഴിമതി തുടങ്ങിയവയും

നിയമപരമായ വിലക്കുകളെയും അസാധ്യതകളെയും മദ്യം മറികടക്കാന്‍ ഒരുപകരണമാക്കിമാറ്റുന്നു. കള്ളക്കടത്തുകാര്‍ക്കും ക്രിമിനലുകള്‍ക്കും മദ്യം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. അവരുടെ രഹസ്യ ഒത്തുചേരലുകള്‍ ആകര്‍ഷകവും സമ്പന്നവുമാക്കുന്നത് മദ്യക്കുപ്പികളിലൂടെയാണ്. അഴിമതിയുടെയും ക്രമക്കേടുകളുടെയും സന്തതസഹചാരിയായി മദ്യത്തെ മാറ്റിയിരിക്കുന്നു. നിയമലംഘനം നടത്തുന്നവര്‍ ചൂതുകളി, വാതുവെപ്പ്, പരസ്ത്രീഗമനം എന്നിവയില്‍ വ്യാപൃതരാകുമ്പോള്‍ മദ്യം ഒഴിച്ചുകൂടാനാവാത്ത ഒരു കണ്ണിയാണ്. രാഷ്ട്രദ്രോഹപ്രവര്‍ത്തനങ്ങളിലൊക്കെ മദ്യം പ്രത്യക്ഷപ്പെടുന്നു. ചെയ്യാന്‍ അനുവദനീയമല്ലാത്ത കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ അവ എളുപ്പമാക്കിത്തീര്‍ക്കുന്നതിന് മദ്യം ആവശ്യമാണെന്നു വന്നിരിക്കുന്നു.

മദ്യം സമീപകാലത്ത് മറ്റു ഏതു ലഹരിപദാര്‍ഥത്തെക്കാളുമേറെ പ്രചുരപ്രചാരം നേടുന്നതിനു പലവിധ കാരണങ്ങളുമുണ്ട്. സമൂഹത്തില്‍ പല തലങ്ങളിലും വന്ന മാറ്റങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. മദ്യത്തോടുള്ള കാഴ്ചപ്പാടില്‍ വന്ന മാറ്റംതന്നെയാണു പ്രധാനം. മദ്യപിക്കുന്നവര്‍ സദാചാരലംഘനവും കുറ്റകരമായ പ്രവൃത്തിയും ചെയ്യുന്ന ആളാണ് എന്ന ധാരണ മാറ്റപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മദ്യപിക്കാത്ത ഒരാള്‍ അപരിഷ്‌കൃതരില്‍പ്പെടുന്നു എന്ന കാഴ്ചപ്പാടിലേക്കു പുതിയ സമൂഹം വന്നെത്തിക്കഴിഞ്ഞിട്ടുണ്ട്. പരിഷ്‌കാരത്തിന്റെയും ആധുനികതയുടെയും ചിഹ്നമാക്കി മദ്യത്തെ അവരോധിക്കപ്പെട്ടിരിക്കുന്നു.

മദ്യത്തിനെതിരെയുള്ള മതപരമായ വിലക്കുകളും സദാചാരപരമായ നിബന്ധനകളും ഇന്ന് ദുര്‍ബലപ്പെട്ടിരിക്കുന്നു. മതസംഘടനകള്‍ മദ്യപാനത്തെക്കുറിച്ച് മൗനം പാലിക്കുന്നു. അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ലഹരിപദാര്‍ഥത്തിനെതിരെയുള്ള മുന്നേറ്റം കടന്നുകൂടിയിട്ടില്ല. മദ്യപിക്കുന്നത് പൂര്‍ണമായും നിഷേധിക്കുന്ന മതങ്ങള്‍പോലും മദ്യപാനത്തെ ഇന്ന് ഗൗരവത്തിലെടുക്കുന്നില്ല.

മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാപകമായ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രചാരണം മദ്യപാനത്തെ പൊതുജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നു. മദ്യപാനരംഗം നമ്മുടെ ചലച്ചിത്രങ്ങളിലെ സ്ഥിരം സീനുകളാണ്. മദ്യപിക്കുന്നതിനെ സാഹസകൃത്യമായോ ആഹ്ലാദകരമായ ചര്യയോ ആക്കി മാറ്റുന്ന ദൃശ്യങ്ങള്‍, എളുപ്പം ആരെയും സ്വാധീനിക്കുന്നു. മുന്‍കാലങ്ങളില്‍ വില്ലന്മാരാണ് മദ്യപിച്ചിരുന്നതെങ്കില്‍ ഇന്നു ചലച്ചിത്രത്തിലെ നായകന്‍തന്നെ മദ്യപാനിയാണ്. ആന്റി ഹീറോ സങ്കല്പം മദ്യപാനത്തെ
ന്യായീകരിക്കാനും ജീവിതത്തിലേക്കു പകര്‍ത്തിവെക്കാനും കാരണമായിത്തീരുന്നു. മദ്യങ്ങളുടെ പരസ്യങ്ങളില്‍ സിനിമാനടന്മാര്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമായി വന്നിരിക്കുന്നു.

മദ്യം വിജയാഘോഷങ്ങളുടെ ഭാഗമാക്കി മാറ്റിയതാണ് മറ്റൊരു ഘടകം. എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞാല്‍ ആഘോഷിക്കേണ്ടത് മദ്യപിച്ചുകൊണ്ടാവണം എന്നിടത്തേക്കു വന്നെത്തിനില്ക്കുന്നു. കൗമാരപ്രായക്കാര്‍ക്കിടയില്‍ മദ്യം മുന്‍പത്തേതിനെക്കാളേറെ പ്രചാരം സിദ്ധിച്ചിരിക്കുന്നു. മദ്യം കിട്ടാതെ കൈവിറയ്ക്കുന്ന കൗമാരപ്രായക്കാരന്‍ ഇന്നത്തെ യാഥാര്‍ഥ്യമായിരിക്കുന്നു. ദിനപത്രങ്ങളിലെ ഫീച്ചറുകളില്‍ വരുന്ന കേസ് സ്റ്റഡികള്‍ ഭീതിപ്പെടുത്താത്തവിധം സാധാരണമാവുകയാണ്.

( മദ്യത്തില്‍നിന്നും മയക്കുമരുന്നില്‍നിന്നും ശാശ്വതമോചനം എന്ന പുസ്തകത്തില്‍ നിന്ന്)


Fun & Info @ Keralites.net

║ ▌│█║▌║│ █║║▌█ ║
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment