തിരുകേശം ഉയര്‍ത്തുന്ന ആലോചനകള്‍
തിങ്കളാഴ്ച ഉച്ചക്കു കോഴിക്കോട്-വയനാട് ദേശീയ പാത ജില്ലാ ആസ്ഥാനം മുതല്‍ കുന്ദമംഗലം വരെ സ്തംഭിച്ചു. കാരന്തൂരിനും കുന്ദമംഗലത്തിനുമിടയില്‍ അസാധാരണമായ ഗതാഗതക്കുരുക്ക്. പൊലീസ് നിന്ന് വിയര്‍ക്കുന്നു, വണ്ടികള്‍ ഉള്‍നാടന്‍ റോഡിലേക്ക് തിരിച്ചുവിടുന്നു. ആയിരക്കണക്കിന് ശുഭ്ര തലപ്പാവുധാരികള്‍ കൈയില്‍ വെള്ളക്കുപ്പികളുമായി ബസുകളില്‍ കയറുന്നു. സ്പെഷല്‍ ബസുകളും കാറുകളും നിരവധി.
അന്വേഷിച്ചപ്പോഴാണറിഞ്ഞത് തിരുകേശം മുക്കിയ വെള്ളത്തിന് കാരന്തൂര്‍ മര്‍ക്കസില്‍ ഇരച്ചുകയറിയ ജനക്കൂട്ടമാണ് പാതയിലാകെ നിറഞ്ഞുകവിഞ്ഞത് എന്ന്. ഇത് റബീഉല്‍ അവ്വല്‍ മാസമാണല്ളോ. മുമ്പൊക്കെ 12ന് നബിദിനഘോഷയാത്രയുടെ ആരവമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ തിരുശേഷിപ്പ് കാണാനും നുകരാനുമുള്ള ആഹ്വാനത്തിനാണ് അഭൂതപൂര്‍വമായ തിക്കും തിരക്കും. എല്ലാവരും തിരുകേശ ദേവാലയത്തിന് തറക്കല്ലിടുന്ന പുണ്യകര്‍മത്തിന് സാക്ഷികളാവാന്‍ എത്തിയവര്‍. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും 'കാല്‍നടയായും മെലിഞ്ഞൊട്ടിയ ഒട്ടകപ്പുറത്തുമായി' കോഴിക്കോട്ടെ സരോവരത്തിലേക്ക് എത്തിച്ചേര്‍ന്നവരായിരുന്നു അവര്‍.
ഉസ്താതുല്‍ അസാതീത് ഖമറുല്‍ ഉലമ ശൈഖുന എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അവര്‍കളുടെ തൃക്കൈകളാല്‍ ചരിത്രത്തില്‍ ഒന്നാമതാകാന്‍ പോകുന്ന ശഅ്റെ മുബാറക് മസ്ജിദിന് ശിലാസ്ഥാപനം നിര്‍വഹിക്കുന്ന അസുലഭ മുഹൂര്‍ത്തത്തില്‍ പങ്കാളികളാകാന്‍ കഴിഞ്ഞിട്ടില്ളെങ്കില്‍ പിന്നെ ഹജ്ജോ, ഉംറയോ, അജ്മീര്‍, ഏര്‍വാടി, നാഗൂര്‍, മമ്പുറം, പുത്തന്‍പള്ളി, ബീമാപള്ളി സിയാറത്തുകള്‍ ചെയ്തിട്ടെന്തുകാര്യം. അസൂയ മൂത്ത ചേളാരി സമസ്തക്കാര്‍ തലതല്ലി കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ സന്ദേശയാത്ര നടത്തി തിരുകേശം വ്യാജനാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതൊക്കെ വെറുതെ. തിരുകേശം കത്തിച്ചുകാണിക്കാനാണ് അവരുടെ വെല്ലുവിളി. പ്രവാചകന്‍െറ മുടി കത്തുകയോ കരിയുകയോ ചെയ്യുകയില്ളെന്നത് സുന്നികളുടെ പൊതുവിശ്വാസമാണ്. പക്ഷെ വെല്ലുവിളി നേരിടാനാണെങ്കില്‍ പോലും തിരുകേശത്തോട് അനാദരവ് കാട്ടാമോ? പക്ഷെ ഒരു ചോദ്യത്തിന് ശിലാസ്ഥാപനം നടന്നപ്പോഴും മറുപടി പറഞ്ഞില്ല. എവിടെയാണ് തിരുകേശാലയം നിര്‍മിക്കുന്നത് എന്ന കാര്യം. അതൊക്കെ യഥാസമയം അറിഞ്ഞുകൊള്ളുമെന്ന് ശൈഖുന പറഞ്ഞാല്‍ അതുതന്നെ മറുപടി.
വേറെ ചില ചോദ്യങ്ങള്‍ക്ക് ഒരിക്കലും മറുപടി പറഞ്ഞില്ളെന്നും വരാം. തിരുകേശം സൂക്ഷിച്ചതായി പറയുന്ന പ്രവാചക പത്നിമാരോ ശിഷ്യന്മരോ ആരെങ്കിലൂം അത് പ്രദര്‍ശിപ്പിച്ചതിനോ അതിന്‍െറ പേരില്‍ പള്ളി നിര്‍മിച്ചതിനോ തെളിവുണ്ടോ? 1400 വര്‍ഷമായി ഇസ്ലാമിന്‍െറ ചരിത്രത്തില്‍ എവിടെയെങ്കിലും ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ? കേശം ശൈഖുനക്ക് നല്‍കിയതായി പറയുന്ന ഖസ്റജി തന്‍െറ സ്വന്തം നാട്ടില്‍ അതിനായി പള്ളിയോ മ്യൂസിയമോ പണിയാത്തതെന്തേ? യു.എ.ഇയുടെ സ്ഥാപകന്‍ ശൈഖ് സാഇദിന്‍െറ പേരിലുള്ള മഹാമസ്ജിദില്‍ തിരുകേശാലയം നിര്‍മിക്കാന്‍ ഖസ്റജിയോ ശൈഖുനയോ ബന്ധപ്പെട്ടവരെ ഉപദേശിക്കാത്തതെന്തേ? ഇത്രയേറെ ബര്‍ക്കത്തും രോഗശമനവും ഉള്ള തിരുശേഷിപ്പ് ഉണ്ട് എന്ന് അറിഞ്ഞിട്ടും നാല് ഖലീഫമാരോ പിന്‍ഗാമികളോ മസ്ജിദുനബവിയില്‍ അത് സൂക്ഷിക്കാന്‍ ഏര്‍പ്പാട് ചെയ്യാതിരുന്നതെന്തുകൊണ്ട്? ചോദ്യങ്ങള്‍ അങ്ങിനെ പലതാണ്. എല്ലാറ്റിനുമുള്ള മറുപടി ഒറ്റവാക്യത്തില്‍ ഒതുക്കിയെന്നുവരാം. വിശ്വാസത്തിന്‍േറതാണ് പ്രശ്നം. വിശ്വാസത്തില്‍ ചോദ്യമില്ലല്ളോ. മകരജ്യോതിപോലെ!
www.keralites.net |
No comments:
Post a Comment