ഹര്‍ത്താല്‍, ബന്ദ് ദിനങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കാനിടയായാല്‍ അതിന് ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും ഭാരവാഹികളെയും പ്രേരണാക്കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ നിയമത്തില്‍ ഭേദഗതിക്ക് ശുപാര്‍ശ.
പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഭേദഗതി വരുത്തണമെന്നാണ് മുഖ്യമന്ത്രിക്ക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി. ആസഫ് അലി ശുപാര്‍ശ നല്‍കിയിട്ടുള്ളത്. സുപ്രീംകോടതിയുടെ ഈ വിഷയത്തിനുള്ള വിധിക്ക് അനുസൃതമായിട്ടുള്ളതാണ് സുപ്രധാനമായ ഈ ശുപാര്‍ശ.
ക്രിമിനല്‍ കേസുകളില്‍ ബഹുഭൂരിപക്ഷം കുറ്റകൃത്യങ്ങളിലും പ്രതിക്ക് എതിരായ കുറ്റം സ്ഥാപിക്കേണ്ട ബാധ്യത പ്രോസിക്യൂഷനില്‍ നിക്ഷിപ്തമാണ്. എന്നാല്‍ ഹര്‍ത്താല്‍-ബന്ദില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസുകളിലെ പ്രതികള്‍ക്ക് എതിരെ കുറ്റം പ്രോസിക്യൂഷന്‍ സ്ഥാപിക്കേണ്ടതില്ല. തങ്ങള്‍ കുറ്റക്കാരല്ലെന്ന് സ്ഥാപിക്കേണ്ട ബാധ്യത പ്രതികളില്‍ നിക്ഷിപ്തമാക്കാനാണ് നിയമ ഭേദഗതിയിലെ ശുപാര്‍ശ വ്യവസ്ഥ ചെയ്യുന്നത്.
പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിന് ഹൈക്കോടതി ഈയിടെ കര്‍ശന വ്യവസ്ഥ ഏര്‍പ്പെടുത്തിയതും ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍ പുതിയ വഴിത്തിരിവായി. പൊതുമുതല്‍ നാശത്തിന്റെ തോതിന് അനുസരിച്ചുള്ള തുക കൂടി പ്രതി കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്ന് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ വിധിച്ചിരുന്നു. കണ്ണൂരില്‍ അക്രമം നടത്തിയ ഡിവൈഎഫ്‌ഐക്കാരായ പ്രതികള്‍ക്ക് ഒരു മാസം മുമ്പ് ജാമ്യം കിട്ടിയത് മജിസ്‌ട്രേട്ട് കോടതിയില്‍ ഒരു ലക്ഷത്തോളം രൂപ കെട്ടിവെച്ച ശേഷമാണ്.
പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലെ പ്രതി ശിക്ഷിക്കപ്പെട്ടാല്‍ നാശത്തിന് തുല്യമായ തുക കൂടി പ്രതിയില്‍ നിന്ന് ഈടാക്കാന്‍ കോടതിക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ കൂടി നിയമ ഭേദഗതിയില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജാമ്യത്തിനും ഇങ്ങനെയുള്ള വ്യവസ്ഥ വേണമെന്നാണ് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഈ കേസുകളിലെ പ്രതികളെ വിചാരണ ചെയ്യുന്നതിന് അതിവേഗ കോടതികള്‍ വേണമെന്നുള്ളതാണ് മറ്റൊരു ശുപാര്‍ശ. ഈയിടെ നിയമസഭയില്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നീട് കാബിനറ്റ് അതിന് അനുമതി നല്‍കി.
കോടതികള്‍ രൂപവത്കരിച്ചു കിട്ടാന്‍ ഹൈക്കോടതിക്ക് സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. ഹൈക്കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഇക്കാര്യം പരിഗണിച്ച ശേഷം എല്ലാ ജഡ്ജിമാരും ഉള്‍പ്പെട്ട യോഗത്തിന്റെ തീരുമാനത്തിനായി വിടും. സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി സ്വീകരിക്കുമെന്നാണ് അറിയുന്നത്. ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചാല്‍ കോടതികള്‍ക്ക് പ്രവര്‍ത്തിക്കാം. പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലെ പ്രതികളെ കഴിയുന്നത്ര വേഗത്തില്‍ വിചാരണ ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് അതിവേഗ കോടതികള്‍. എല്ലാ ജില്ലകളിലും കോടതി പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മജിസ്‌ട്രേട്ടുമാരായിരിക്കും കേസുകള്‍ വിചാരണ ചെയ്യുക.
Courtesy:Mathrubhumi
No comments:
Post a Comment