മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരമായി പുതിയ ഡാം വേണമെന്നത് 1979 ല്‍ തമിഴ്‌നാട് അംഗീകരിച്ചതാണ്. കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാനും തമിഴ്‌നാട്-കേരള സാങ്കേതിക വിദഗ്‌ധരും ചേര്‍ന്ന് 1979 ല്‍ നടത്തിയ സംയുക്‌ത പരിശോധനയില്‍ ദീര്‍ഘകാല പരിഹാരമായി പുതിയഡാം വേണമെന്നു തീരുമാനിച്ചതുമാണ്.
പുതിയ ഡാം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ കേരളം ശക്‌തമായ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി ഫയലുകളില്‍ കാണുന്നില്ല. ഇതുസംബന്ധമായി ഇരു സംസ്‌ഥാനങ്ങളും തമ്മില്‍ നടന്നുവെന്നു പറയുന്ന ചര്‍ച്ചകളും ധാരണകളും സംബന്ധിച്ച രേഖകള്‍ ഫയലുകളില്‍നിന്ന് അപ്രത്യക്ഷമായത് ദുരൂഹത ഉണര്‍ത്തുന്നതാണ്. ചിതറിക്കിടന്ന ഫയല്‍ക്കൂട്ടങ്ങളില്‍നിന്നു പുതിയഡാം സംബന്ധിച്ച് ഇരു സംസ്‌ഥാനങ്ങളും കേന്ദ്ര ജലകമ്മിഷനും അംഗീകരിച്ച രേഖ കണ്ടെത്തിയപ്പോള്‍ അത്ഭുതവും വിസ്‌മയവും തോന്നി.
സുരക്ഷാ ഭീഷണി നേരിടുന്ന നിലവിലുളള ഡാമിനുപകരം ശാശ്വത പരിഹാരത്തിനായി പുതിയ ഡാം എന്ന ആവശ്യം മുന്നോട്ടു വയ്‌ക്കാന്‍ തയാറായിട്ടില്ലെന്നതു നമ്മുടെ വീഴ്‌ചയാണ്. ഇപ്പോള്‍ നിലവിലുളള കേസില്‍ കേരളം ഈ രേഖ ഹാജരാക്കിയപ്പോള്‍ കൗതുകത്തോടെയാണ് സുപ്രീംകോടതി കേരളത്തോടു ചില ചോദ്യങ്ങള്‍ ചോദിച്ചത്. പുതിയ ഡാം നിര്‍മിക്കാം എന്നു കേന്ദ്ര ജലകമ്മിഷന്റെ കൂടി സാന്നിധ്യത്തില്‍ തീരുമാനിച്ച് നിലവിലുളള ഡാമില്‍നിന്നു 1300 അടി താഴെ പുതിയ ഡാമിനായി സ്‌ഥാനിര്‍ണയവും നടത്ത കേന്ദ്ര ജലകമ്മിഷനും കേരള സര്‍ക്കാരും തമിഴ്‌നാടിന്റെകൂടി സമ്മതത്തോടെ സംയുക്‌തമായി തീരുമാനിച്ച വിഷയം എന്തിനു തമിഴ്‌നാട് സൗകര്യപൂര്‍വം മറക്കുന്നു? ഇത്തരത്തിലൊരു തീരുമാനം ഉണ്ടായതുപോലും ഇപ്പോള്‍ പുറത്തുപറയാന്‍ തയാറാകാത്തതെന്ത്? ജലകമ്മിഷന്റെ സാന്നിധ്യത്തില്‍ കേരളവും തമിഴ്‌നാടും സംയുക്‌തമായി എടുത്ത തീരുമാനം നടപ്പാക്കാന്‍ കേരളം ആവശ്യപ്പെടുമ്പോള്‍ കേന്ദ്ര ജലകമ്മിഷന്‍ നിശബ്‌ദത പാലിക്കുന്നത് ആശാസ്യമല്ല.
രണ്ടു സംസ്‌ഥാനങ്ങളും കേന്ദ്രവും ചേര്‍ന്ന് ഒരു തീരുമാനം സംയുക്‌തമായി കൈക്കൊണ്ടശേഷം ഒരു സംസ്‌ഥാനത്തിന് ഏകപക്ഷീയമായി അതില്‍നിന്നു പിന്‍മാറാന്‍ കഴിയുമോ. അപ്രകാരം പിന്‍മാറിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താല്‍പര്യമുളള ഏതൊരു പൗരനും ഉണ്ടാകുന്ന സംശയങ്ങളാണിവ. ഈ സംശയങ്ങള്‍ ദൂരീകരിക്കാന്‍ തമിഴ്‌നാടിനും കേന്ദ്രത്തിനും ബാധ്യതയുണ്ട്.
രാഷ്‌ട്രീയ സമ്മര്‍ദ തന്ത്രങ്ങള്‍ കൊണ്ട് മുല്ലപ്പെരിയാര്‍ വിഷയം വഴിതിരിച്ചുവിടാന്‍ തമിഴ്‌നാട് കാലാകാലങ്ങളില്‍ ശ്രമം നടത്തിയിരുന്നു. അത്തരത്തില്‍ ബുദ്ധിപൂര്‍വം നടത്തിയ നീക്കങ്ങള്‍ മനസിലാക്കാന്‍ കേരളത്തിന് കൃത്യസമയത്ത് കഴിയാതെ പോയതാണു പുതിയ ഡാം എന്ന തീരുമാനത്തില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ തമിഴ്‌നാടിനെ സഹായിച്ചത്. തമിഴ്‌നാടിന്റെ ശ്രമം കൃത്യതയോടെ വസ്‌തുതാപരമായി പ്രതിരോധിക്കാന്‍ കേരളത്തിനു കഴിഞ്ഞിരുന്നില്ല. 35 ലക്ഷം ജനങ്ങളുടെയും അഞ്ചു ജില്ലകളുടെയും നിലനില്‍പിനായുളള ആവശ്യമാണു പുതിയ ഡാം. പുതിയ ഡാം നിര്‍മിക്കാമെന്ന് തമിഴ്‌നാട് സമ്മതം നല്‍കിയിട്ടും പുതിയ ഡാം ആണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു പരിഹാരമെന്നു ജലകമ്മിഷന്‍ കണ്ടെത്തിയിട്ടും 32 വര്‍ഷമായി. അന്നത്തെ തീരുമാനം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ് തമിഴ്‌നാട്ടിലെ ഭരണാധികാരികള്‍ ചെയ്‌തത്.
മുല്ലപ്പെരിയാര്‍ ഡാമിനു ബലക്ഷയം ഉണ്ടെന്ന് അറിയാത്തതുകൊണ്ടല്ല ഇത്ര വര്‍ഷം പിന്നിട്ടിട്ടും തീരുമാനം നടപ്പാക്കാത്തത്. വെളളവും മുല്ലപ്പെരിയാറും തമിഴ്‌നാട് രാഷ്‌ട്രീയപ്പാര്‍ട്ടികളെ സംബന്ധിച്ചു വോട്ടുബാങ്കാണ്. കേരളത്തിലെ ജനങ്ങളുടെ ജീവനും തമിഴ്‌നാട്ടിലെ കര്‍ഷകരുടെ കൃഷിയും എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന ഈ രാഷ്‌ട്രീയ നാടകം എത്രകാലം മുന്നോട്ടു കൊണ്ടുപോകാനും തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഭരണ നേതൃത്വത്തിനും കഴിയും. ഇത് അധികകാലം തുടരാനാവില്ല.
മുല്ലപ്പെരിയാര്‍ ഡാമിന്റെ നില അതീവ ഗുരുതരമാണെന്നു കണ്ടെതിനാല്‍ കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാനും കേരള തമിഴ്‌നാടു സാങ്കേതിക വിദഗ്‌ധരും ഡാം പരിശോധിച്ചിരുന്നു. ഡാമിന്റെ നില കുഴപ്പത്തിലാണെന്നു കണ്ടെത്തി ഉടന്‍ ചെയ്യേണ്ട അടിയന്തര പണികളും അതിനുശേഷമുളള ഇടക്കാല നടപടികളും ആവശ്യമാണെന്നു വിലയിരുത്തി. ഇതൊന്നും പ്രശ്‌നത്തിനു പരിഹാരമല്ലെന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണു ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ ആവശ്യമെന്നും തീരുമാനിച്ചു. ആ തീരുമാനം വന്നതിനുശേഷം വര്‍ഷം 32 കഴിഞ്ഞു നടപ്പാക്കിയില്ലെന്നു മാത്രമല്ല ഇപ്പോള്‍ വര്‍ഷംകഴിയുംതോറും ഡാം പുതിയതുപോലെ സുരക്ഷിതം എന്നുമാണ് തമിഴ്‌നാടിന്റെ വാദം. 2006 ഫെബ്രുവരിയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാടിനു അനുകൂലമായി വിധിയുണ്ടായ കേസില്‍ 1979 ല്‍ പുതിയ ഡാം നിര്‍മിക്കാന്‍ തമിഴ്‌നാടും ജലകമ്മിഷനും സമ്മതിച്ചു എന്നും പുതിയ ഡാമാണ് പ്രശ്‌ന പരിഹാരമെന്നുളള വാദം ഉന്നയിക്കാതിരുന്നതിനു പിന്നിലെ താല്‍പര്യമെന്തെന്ന് ഇപ്പോഴും മനസിലാകുന്നില്ല.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മര്‍മ്മപ്രധാനമായ കേരളത്തിന്റെ സുരക്ഷയ്‌ക്ക് അനിവാര്യമായ 1979 ലെ സംയുക്‌ത പരിശോധനയിലെ പുതിയ ഡാമിനുളള തീരുമാനം സുപ്രീംകോടതിയില്‍ ഹാജരാക്കിയില്ല. അടുത്തകാലത്ത് കേരള ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതില്‍ വന്ന ഗുരുതരമായ വീഴ്‌ച അന്നുണ്ടായോ എന്നതും പരിശോധിച്ച് കണ്ടെത്തണം. എന്തായാലും 1979 ലെ തീരുമാനം 2006 വരെ ചര്‍ച്ചയ്‌ക്കു വരാത്തവിധം വിദഗ്‌ധമായി മുക്കാന്‍ തമിഴ്‌നാടിനു കഴിഞ്ഞു.സുപ്രീംകോടതിയില്‍ കേരളത്തിന്റെ പുതിയഡാം എന്ന ആവശ്യത്തിന് അംഗീകാരം ലഭിക്കുന്ന തരത്തിലുളള തെളിവെടുപ്പുമായി മുന്നോട്ടു പോകുമ്പോള്‍ കേരളം ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് 1979 ല്‍ പുതിയഡാം എന്നത് തമിഴ്‌നാട് അംഗീകരിച്ചു എന്ന വസ്‌തുതയാണ്.
-എന്‍.കെ. പ്രേമചന്ദ്രന്‍(ജലവിഭവ വകുപ്പ് മുന്‍മന്ത്രി) |
No comments:
Post a Comment