ബിരുദാനന്തരബിരുദം കഴിഞ്ഞ ഘടാഘടിയന്മാരായ പഠിപ്പിസ്റ്റുകള്‍ക്കുപോലും കൊച്ചിന്‍ സ്റ്റോക്ക് എക്‍സ്ചേഞ്ചില്‍ നടക്കുന്നതെന്താണെന്നതിനെപ്പറ്റി ഇനിയും വലിയ പിടിപാടില്ലെന്നിരിക്കെ അമേരിക്കന്‍ സമ്പദ്ഘടനയുടെ തല്‍സമയസംപ്രേഷണം നടക്കുന്ന വാള്‍ സ്ട്രീറ്റിന്റെ ദൈനംദിനപ്രവര്‍ത്തനത്തെപ്പറ്റിയും ബഹുരാഷ്ട്രകുത്തകകള്‍ സമ്പദ്ഘടനയെയും സാമ്പത്തികനയങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ അമേരിക്കന്‍ മോഡലിനെപ്പറ്റിയും ഈ സ്റ്റഡി ക്ലാസുകള്‍ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത പ്രവര്‍ത്തകരെപ്പോലും ബോധവല്‍ക്കരിച്ചിരിക്കുന്നു എന്നത് ഉത്തേജകമാണ്. രാകേഷ് ജുന്‍ജുന്‍വാലമാരും പൊറിഞ്ചു വെളിയത്ത് ചേട്ടന്മാരും കേരള മോഡല്‍ വിശുദ്ധന്മാരും ലോക്കല്‍ സഖാക്കന്മാര്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുമായി വിരാജിക്കുമ്പോള്‍ എങ്ങനെ നമ്മള്‍ അമേരിക്കയെ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് സമത്വസുന്ദരചൈനയാക്കാം എന്നാലോചിക്കുന്നു എന്നത് സന്തോഷ് പണ്ഡിറ്റ് അടുത്ത ഓസ്കറിന് എന്‍ട്രി അയക്കുന്നതുപോലെ വിപ്ലവകരമാണ്.
അണ്ണാ ഹസാരെ ഗാന്ധിജിയാണെന്നും പറഞ്ഞ് മെഴുതിരി കത്തിക്കാന്‍ പോയി ഇപ്പോ ഏത് അണ്ണ എന്ത് അണ്ണ എന്നും പറഞ്ഞിരിക്കുന്ന ഫേസ്‍ബുക്ക് ആക്ടിവിസ്റ്റുകള്‍ ഈ ചെമ്പരത്തിപ്പൂ വിപ്ലവത്തിനു പിന്നാലെയാണ്.വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കാനിറങ്ങിയിരിക്കുന്ന സായിപ്പന്മാരെ സപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ ഞാനും മോഡേണായി എന്നു സ്വയം ബോധ്യപ്പെടുത്തുകയും തദ്വാരാ വീട്ടിലും സൗഹൃദവട്ടത്തിലും പരിസരത്തുമുള്ളവരെ വാള്‍ സ്ട്രീറ്റ് നാറ്റംകൊണ്ട് അവശരാക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം.ആ പറഞ്ഞ സ്ട്രീറ്റ് പിടിച്ചെടുക്കുന്നതോടെ ഇവിടെ പെട്രോളിനും സ്വര്‍ത്തിനും വരെ വില കുറയും എന്നു വിശ്വസിക്കുന്ന ആക്ടിവിസ്റ്റുകളെ രക്ഷിക്കാന്‍ മോഡേണ്‍ അവതാരങ്ങള്‍ തന്നെ വേണ്ടി വരും.
ഇന്ത്യക്കാരന് അമേരിക്കക്കാരനെപ്പോലെ ചിന്തിക്കാന്‍ കഴിഞ്ഞേക്കാം.എന്നാല്‍ ഒരു അമേരിക്കക്കാരന്‍ ഇന്ത്യക്കാരനെപ്പോലെ ചിന്തിക്കണമെങ്കില്‍ ഇന്ത്യക്കാരനായി തന്നെ ജനിക്കേണ്ടി വരും. വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കുന്നതും പിടിച്ചെടുക്കാതിരിക്കുന്നതും അമേരിക്കന്‍ മുതലാളിത്തവും ഇത്രകാലവും ആ മുതലാളിത്തത്തിന്റെ തണലില്‍ കഴിഞ്ഞിരുന്ന ജനതയുടെയും കാര്യമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.അതു കണ്ട് നമ്മളിവിടെ വെറുതെ ബാനറും പിടിച്ച് വെയിലുകൊള്ളുന്നതുകൊണ്ട് വിപ്ലവം വരുമെന്ന പ്രതീക്ഷ എനിക്കില്ല.
വാള്‍ സ്ട്രീറ്റ് പാര്‍ട്ടിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്താണെന്നും അവരുടെ പിടിച്ചെടുക്കല്‍ ഇന്ത്യയെ എങ്ങനെ സ്വാധീനിക്കുമെന്നും ആധികാരികമായി പറയാനുള്ള വിവരം എനിക്കുമില്ല.എങ്കിലും അവന്മാരുടെ ന്യൂയോര്‍ക്ക് ഡിക്ലറേഷനില്‍ പറയുന്ന ആവശ്യങ്ങള്‍ എത്ര പേര്‍ വായിച്ചിട്ടുണ്ട് അതിനെ എത്ര പേര്‍ പിന്തുണയ്‍ക്കുന്നുണ്ട് എന്നത് പരിശോധിച്ചേറിയേണ്ടതാണ്. കാരണം,അവരുടെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന് അമേരിക്കയിലെ കുത്തക കമ്പനികള്‍ അവിടെ തൊഴിലില്ലായ്മ സൃഷ്ടിച്ചുകൊണ്ട് നടപ്പാക്കുന്ന പുറംജോലിക്കരാര്‍ റദ്ദാക്കുക എന്നതാണ്.അമേരിക്കന്‍ കുത്തക ഐടി കമ്പനികളുടെ ബാംഗ്ലൂരിലെയും ഹൈദരാബാദിലെയും ഔട്ട്സോഴ്സിങ് സെന്ററുകളിലിരുന്ന് വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെ പിന്തുണയ്‍ക്കുന്നവര്‍ക്ക് ഇതെപ്പറ്റി ധാരണയുണ്ടോ എന്നെനിക്കറിയില്ല. ഉണ്ടെങ്കില്‍ സ്വന്തം പണി കളഞ്ഞും അമേരിക്കന്‍ ഐക്യദാര്‍ഢ്യറാലിക്കു പോകുന്ന അവരുടെ മനസ്സിനെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു.കാരണം,ലോകനന്മയ്‍ക്കു വേണ്ടി (ലോകം എന്നു പറഞ്ഞാല്‍ അമേരിക്ക മാത്രമാണെന്നു നേരത്തെ തെളിഞ്ഞതാണ്) സ്വന്തം നന്മ വേണ്ടെന്നു വയ്കാന്‍ കഴിയുന്നത് വലിയ കാര്യമാണ്.
ഇത്തരം വിപ്ലവങ്ങളെയും പ്രക്ഷോഭങ്ങളെയും പിന്തുണച്ചില്ലെങ്കില്‍ എന്തോ കുറച്ചിലാണ് എന്നു കരുതുന്ന തലമുറ ധാര്‍ഷ്ട്യം മുഖമുദ്രയായും വിവരക്കേട് അലങ്കാരമായും കൊണ്ടുനടക്കുമ്പോള്‍ ഇതിനെയെല്ലാം വിമര്‍ശിക്കുന്നവരെ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരായും മാറ്റത്തെ ഉള്‍ക്കൊള്ളാനാവാത്ത പഴയ തലമുറയായും കാണാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല.അല്ലെങ്കിലും ഞാനൊരു പഴഞ്ചനാണെന്ന് എനിക്കു നേരത്തെ തോന്നിയിട്ടുള്ളതാണ്
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net