Saturday 8 October 2011

[www.keralites.net] താരങ്ങളുടെ താളത്തിന് തുള്ളാത്ത സംവിധായകര്‍ക്ക് വീട്ടിലിരിക്കേണ്ട ഗതികേട്: ശ്രീകുമാരന്‍ തമ്പി

 

താരങ്ങളുടെ താളത്തിന് തുള്ളാത്ത സംവിധായകര്‍ക്ക് വീട്ടിലിരിക്കേണ്ട ഗതികേട്: ശ്രീകുമാരന്‍ തമ്പി

 

മനാമ: മലയാള സിനിമയിലെ താരങ്ങളുടെ കോക്കസും മാഫിയാപ്രവര്‍ത്തനവും മൂലമാണ് തനിക്ക് സിനിമയില്‍നിന്ന് ടി.വി സീരിയലില്‍ വരേണ്ടിവന്നതെന്ന് ഗാനരചയിതാവും സംവിധായകനും കവിയുമായ ശ്രീകുമാരന്‍ തമ്പി. സൂപ്പര്‍താരങ്ങള്‍ മാത്രമല്ല, ജയസൂര്യ വരെയുള്ളവര്‍ ഇപ്പോള്‍ കഥ മാറ്റാന്‍ പറയുന്നു. താരങ്ങളുടെ താളത്തിന് തുള്ളാത്ത സംവിധായകര്‍ക്ക് വീട്ടിലിരിക്കേണ്ട ഗതികേടാണ്. താരങ്ങള്‍ പറയുന്നത് കേള്‍ക്കാറില്ല എന്ന് സത്യന്‍ അന്തിക്കാടിനെപ്പോലുള്ളവര്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം മോഹന്‍ലാല്‍ പറയുന്നത് കേള്‍ക്കുന്നുണ്ട്. മമ്മൂട്ടി ആദ്യമായി നായകനായത് 'മുന്നേറ്റം' എന്ന തന്‍െറ സിനിമയിലൂടെയാണ്. അതിന്‍െറ കാമറ ധനഞ്ജയനായിരുന്നു. 'വിളിച്ചു വിളികേട്ടു' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍, 'കാമറ ഇവിടെക്കൊണ്ടുവക്ക്' എന്ന് മമ്മൂട്ടി ധനഞ്ജയനോടാവശ്യപ്പെട്ടു. അത് തമ്പി സാറാണ് പറയണ്ടേത് എന്നായി ധനഞ്ജയന്‍. കാമറാമാനെ മാറ്റാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടെങ്കിലും 'നീ വന്ന പടത്തിലൂടെയാണ് അയാളും വന്നത്, നീ നായകനാണെങ്കില്‍ അയാളായിരിക്കും കാമറ' എന്ന നിലപാടില്‍ താന്‍ ഉറച്ചുനിന്നു.
'യുവജനോല്‍സവം' എന്ന സിനിമയില്‍ മോഹന്‍ലാലിന്‍െറ ഇടപെടലും താന്‍ അനുവദിച്ചിട്ടില്ല. ഈ താരങ്ങളുടെ കോള്‍ഷീറ്റ് പിന്നീട് താന്‍ വാങ്ങിയിട്ടില്ളെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
'അളിയന്മാരും പെങ്ങന്മാരും' എന്ന സീരിയലില്‍ നായകനായ ഗണേഷ്കുമാര്‍ കൃത്യസമയത്ത് വരാതെ ബുദ്ധിമുട്ടിച്ചപ്പോള്‍, 'സൂപ്പര്‍താരങ്ങളെ ഭയന്നാണ് ഞാന്‍ സീരിയിലില്‍ വന്നത്, ഇവിടെ നിങ്ങള്‍ സൂപ്പര്‍താരം ചമയരുത്' എന്ന് താന്‍ തുറന്നുപറഞ്ഞു. ഗണേഷ്കുമാര്‍ ഡേറ്റ് നീട്ടിത്തരാന്‍ വിസമ്മതിച്ചപ്പോള്‍ 35 എപ്പിസോഡുകളില്‍ അയാളുടെ മുഖം കാട്ടിയില്ല. അപ്പോള്‍ സീരിയലിന്‍െറ റേറ്റിങ് കൂടുകയും ചെയ്തു; ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ആത്മവിശ്വാസക്കുറവുമൂലം ഇന്നത്തെ താരങ്ങള്‍ നായികമാര്‍ക്ക് പ്രാധാന്യം നല്‍കാന്‍ അനുവദിക്കുന്നില്ല. കടുത്ത പുരുഷമേധാവിത്തം നിലനില്‍ക്കുന്നു. 'ഒരു പെണ്ണിന്‍െറ കഥ'യില്‍ ഷീല നായികയും സത്യന്‍ വില്ലനുമാണ്. ഇന്ന് നായികക്ക് പ്രധാന്യമുള്ള സിനിമയില്‍ ഏതെങ്കിലും സൂപ്പര്‍താരം വില്ലനാകുമോ? സൂപ്പര്‍താരം ഒരു കോടി രൂപ പ്രതിഫലം വാങ്ങുമ്പോള്‍ നായികക്ക് ആറുലക്ഷം പോലുമില്ല. നായിക 10 ലക്ഷം വാങ്ങുന്നത് താരത്തിന് ഇഷ്ടവുമല്ല. പണ്ട് സത്യന്‍ 15,000 രൂപ വാങ്ങുമ്പോള്‍ ശാരദക്ക് 10,000 രൂപയാണ് നല്‍കിയിരുന്നത്. കഥ കേട്ടശേഷം 'ഈ കഥാപാത്രം തനിക്കുചേരില്ല, സത്യനാണ് ചെയ്യേണ്ടത്' എന്നു പറയാനുള്ള മനസ്സ് നസീറിനുണ്ടായിരുന്നു, തിരിച്ച് സത്യനും ഇങ്ങനെ പറഞ്ഞിരുന്നു.
തിലകന്‍ പറയുന്നതരത്തിലുള്ള വര്‍ഗീയ സംഘങ്ങളല്ല സിനിമയിലുള്ളത്. മദ്യപാനവും തുറന്നുപറയാന്‍ കഴിയാത്ത മറ്റു മോശം കാര്യങ്ങളും നിയന്ത്രിക്കുന്ന സംഘങ്ങളാണുള്ളത്. ഫാന്‍സ് അസോസിയേഷനുകള്‍ മാഫിയകളാണ്. മോഹന്‍ലാലിന്‍െറ ഡ്രൈവര്‍ ആന്‍റണി പെരുമ്പാവൂര്‍ ലോറിയില്‍ മോഹന്‍ലാലിന്‍െറ കട്ടൗട്ടുകള്‍ കൊണ്ടുപോയി കൂലിക്കാരെ വച്ച് എല്ലായിടത്തും സ്ഥാപിക്കുന്നു. സത്യന്‍ മുതല്‍ സോമന്‍ വരെയുള്ള താരങ്ങള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല.
റിയാലിറ്റി ഷോ അടക്കമുള്ള പുതിയ സംഗീത സംസ്കാരത്തെ, നിരവധി പ്രിയഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഈ ഗാനരചയിതാവ് നിശിതമായി വിമര്‍ശിച്ചു. 'വയലിനും ഫ്ളൂട്ടും വായിക്കുന്നതായി ആംഗ്യം കാട്ടുന്ന ഒരു ഗായികയുടെ പാട്ടുകേട്ടാല്‍ ശരീരത്തില്‍ അട്ട കയറിയതുപോലെ തോന്നും'; അദ്ദേഹം തുറന്നടിച്ചു. റിയാലിറ്റി ഷോ സംഗീതദ്രോഹമാണ്. അതില്‍ തുള്ളാനെത്തുന്ന ഗായകരോട് പുച്ഛമാണ്. ഒരു യേശുദാസും ചിത്രയും സുജാതയും റിയാലിറ്റി ഷോയില്‍നിന്നുണ്ടാകില്ല, പകരം നൂറും ഇരുനൂറും റിമി ടോമിമാരുണ്ടാകും; അദ്ദേഹം പറഞ്ഞു. ആരും അറിയാതിരുന്ന ശരത് എന്ന സംഗീത സംവിധായകനാണ് ഇതില്‍ നിന്ന് ഏറ്റവും മെച്ചമുണ്ടായത്. അദ്ദേഹത്തിന് ചില അവസരങ്ങള്‍ കിട്ടി.
യേശുദാസിന്‍െറ സാന്നിധ്യം മൂലം മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടുവെന്ന് പറയുന്നതില്‍ അര്‍ഥമില്ളെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സംഗീത സ്വരസഞ്ചാരത്തില്‍ അതിരുകളില്ലാതെ പാടാനാകുന്നവര്‍ക്കാണ് സിനിമാപാട്ടില്‍ നിലനില്‍ക്കാനാകുക. മുഹമ്മദ് റഫി, ടി.എം സൗന്ദരരാജന്‍, ശീര്‍കാഴി ഗോവിന്ദരാജന്‍, യേശുദാസ്, എസ്.പി ബാലസുബ്രഹ്മണ്യം എന്നിവരുടെ ശബ്ദത്തിന് എത്ര ഉയരത്തിലേക്കും പോകാനാകും. മുഹമ്മദ് റഫി 'ഭഗ്വാന്‍' എന്ന് ഉയര്‍ത്തിവിളിച്ചപ്പോള്‍ താഴെ മാത്രം പാടിയിരുന്ന തലത്ത് മഹ്മൂദ് പോയി, ടി.എം സൗന്ദരരാജന്‍ 'പോണാല്‍ പോകട്ടും പോടാ' എന്നുപാടിയപ്പോള്‍ എം.എം രാജയും ഇല്ലാതായി.
ബ്രഹ്മാനന്ദന് പാടാനുള്ള സൗകര്യത്തിനാണ് ഉച്ചസ്ഥായി ഒഴിവാക്കി 'താരകരൂപിണി' പോലുള്ള പാട്ടുകള്‍ കമ്പോസ് ചെയ്തത്. നല്ല ഗാനങ്ങള്‍ പാടിയിട്ടും അദ്ദേഹത്തിന് നിലനില്‍ക്കാനായില്ല. ജോളി അബ്രഹാമിനെയും ഉണ്ണിമേനോനെയും താനാണ് കൊണ്ടുവന്നത്. ഇവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ജയചന്ദ്രനുമാത്രമേ അതിജീവിക്കാന്‍ കഴിഞ്ഞുള്ളൂ. റെയ്ഞ്ച് ഇല്ലാത്തതാണ് അയിരൂര്‍ സദാശിവനും ബ്രഹ്മാനന്ദനും മുതല്‍ ജി വേണുഗോപാല്‍ വരെയുള്ളവരുടെ പ്രശ്നം. ശബ്ദസൗകുമാര്യം ഇല്ലായിരിക്കാമെങ്കിലും എം.ജി ശ്രീകുമാറിന് റെയ്ഞ്ചുണ്ട്.
മോഹന്‍ലാലിന്‍െറ പിന്തുണ കൊണ്ടുമാത്രം ശ്രീകുമാറിന് പിടിച്ചുനില്‍ക്കാനാകില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ദേവരാജന്‍െറ പിന്തുണയുണ്ടായിരുന്ന നിലമ്പൂര്‍ കാര്‍ത്തികേയനും അയിരൂര്‍ സദാശിവനും പിടിച്ചുനിന്നേനെ.
'ഇങ്ങനെയേ ജീവിക്കൂ' എന്നുതീരുമാനിച്ചതുകൊണ്ട് തനിക്ക് സിനിമയില്‍ പല നഷ്ടങ്ങളുമുണ്ടായിട്ടുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റിയുടെ വിദ്യാരംഭ ചടങ്ങിനാണ് അദ്ദേഹം ബഹ്റൈനില്‍ എത്തിയത്.


--
Thanks & Regards
Anish Philip

Bahrain


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment