Saturday 8 October 2011

[www.keralites.net] സനൂഷ, മിസ്‌റ്റര്‍ മരുമകള്‍

 

 

അയല്‍പക്കത്തെ വീട്ടില്‍ നിന്നും ഒരു കുട്ടി ഓടി വീടിന്റെ അകത്തളത്തിലേക്ക്‌ കയറുംപോലെ അത്ര ലാഘവത്തോടെയാണ്‌ സനൂഷ നമ്മുടെ മനസില്‍ സ്‌ഥാനം പിടിച്ചത്‌.വന്നു കയറുന്ന കുട്ടികള്‍ വൈകാതെ ഇറങ്ങിപ്പോകും.പക്ഷെ സനൂഷ ഇപ്പോഴും അവിടെയിരിപ്പാണ്‌. ഇപ്പോള്‍ ഇതാ നായികയായി വീണ്ടും സനൂഷ നമ്മിലേക്ക്‌ മടങ്ങി വരുന്നു. ഇടക്ക്‌ തമിഴില്‍ പോയി അഞ്ച്‌ തമിഴ്‌ പടം ചെയ്‌തിട്ടാണ്‌ വരവ്‌. ഇപ്പോഴും പഴയ ആ കുട്ടിത്തവും ചിരിയും ഒന്നും മാഞ്ഞിട്ടില്ല. സിനിമയ്‌ക്കൊപ്പമുള്ള ഓട്ടത്തിനിടയിലും ജന്മനാടായ കണ്ണൂരില്‍ പ്‌ളസ്‌ടുവിന്‌ പഠിക്കുകയാണ്‌ സനൂഷ. ഒരു കൂട്ടുകാരി വന്ന്‌ കൈ പിടിക്കുന്ന ലാഘവത്തോടെ സിനിമ തന്നെ ഒപ്പം കൂട്ടിയ കഥ സനുഷ പറയുന്നു. കുട്ടിത്തത്തിനൊപ്പം പക്വത നിഴലിക്കുന്ന അവരുടെ വാക്കുകളില്‍.

സിനിമ സനൂഷയെ ഒപ്പം കൂട്ടുന്നത്‌ എവിടെ വച്ചാണ്‌?

ഞാന്‍ എല്‍. കെ. ജി മുതല്‍ അഭിനയിക്കുന്നു. രണ്ട്‌ വര്‍ഷം തുടര്‍ച്ചയായി കണ്ണൂര്‍ ജില്ലയിലെ കലാതിലകമായിരുന്നു. അങ്ങനെ എന്റെ ഫോട്ടോസ്‌ പത്രങ്ങളില്‍ അടിച്ചു വന്നു. വിനയന്‍ സാര്‍ അന്ന്‌ വാര്‍ ആന്‍ഡ്‌ ലൗവിലേക്ക്‌ ഒരു കുട്ടിയെ അന്വേഷിക്കുന്ന സമയമാണ്‌. ഞങ്ങള്‍ പോയി അദ്ദേഹത്തെ കണ്ടു. ആദ്യം ചെയ്‌ത പടം വാര്‍ ആന്‍ഡ്‌ ലൗ ആണെങ്കിലും റിലീസ്‌ ചെയ്‌ത ആദ്യ ചിത്രം ദാദാ സാഹിബ്‌. പിന്നീട്‌ തുടര്‍ച്ചയായി കുറെ സിനിമകള്‍ ,സീരിയലുകള്‍. ക്‌ളാസ്‌ മുടങ്ങിയെങ്കിലും പഠനത്തെ ബാധിച്ചില്ല. സ്‌കൂളില്‍ നിന്നും നല്ല സപ്പോര്‍ട്ട്‌ ലഭിച്ചു. ടീച്ചേഴ്‌സും സ്‌റ്റുഡന്റ്‌സും ഒരു പോലെ സഹായിച്ചു. നോട്ട്‌സ് തയ്യാറാക്കാനും മനസിലാകാത്തത്‌ പറഞ്ഞു തരാനും എല്ലാം. ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ മടങ്ങി വരുമ്പോള്‍ കൂട്ടുകാര്‍ സിനിമയുടെയും സീരിയലിന്റെയും ഒക്കെ കഥകള്‍ ചോദിക്കും. ഇതുവരെ 30 പടങ്ങളില്‍ അഭിനയിച്ചു.

സനൂഷയുടെ കുടുംബം?

കണ്ണൂര്‍ സിറ്റിയിലാണ്‌. അച്‌ഛന്‌ റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസ്‌. അമ്മ ഹൗസ്‌ വൈഫ്‌. അനുജന്‍ രണ്ടാം ക്‌ളാസില്‍ പഠിക്കുന്നു.

എല്‍. കെ. ജി മുതല്‍ സ്വന്തമായി ജോലി ചെയ്‌ത് സമ്പാദിക്കുമ്പോള്‍ എന്ത്‌ തോന്നി?

അഭിനയം ഒരു ജോലിയായി ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. എന്റെ ഒരു പാഷനാണ്‌ അത്‌. പൈസയെക്കുറിച്ച്‌ തീരെ ആലോചിക്കാറില്ല. എങ്കിലും പോക്കറ്റ്‌ മണിയായി ഈ പ്രായത്തില്‍ സ്വന്തം െൈപസ കിട്ടുക, അതൊക്കെ വലിയ സന്തോഷമാണ്‌. കാരണം പ്‌ളസ്‌ടുവിന്‌ പഠിക്കുന്ന ഒരു കുട്ടിക്ക്‌ പോക്കറ്റ്‌മണി കിട്ടണമെങ്കില്‍ വീട്ടില്‍ ചോദിക്കണം. അത്‌ കിട്ടിയാലായി, കിട്ടിയില്ലെങ്കിലായി.

വളരെ ചെറുപ്രായത്തില്‍ സ്വന്തം കാശ്‌ കൊണ്ട്‌ കാര്‍ വാങ്ങുക. അതൊക്കെ വലിയ സംഭവമല്ലേ?

തീര്‍ച്ചയായും. സ്‌കോര്‍പ്പിയോ വാങ്ങി, ഹോണ്ട വാങ്ങി.

നായികയായി തമിഴില്‍ തുടങ്ങാന്‍ കാരണം?

പഠനത്തിന്‌ വേണ്ടി തത്‌കാലം സിനിമകള്‍ ചെയ്യേണ്ട എന്ന്‌ കരുതി ഇരിക്കുമ്പോഴാണ്‌ വിനയന്‍സാര്‍ തമിഴ്‌ പടത്തിനു വേണ്ടി വിളിക്കുന്നത്‌. ഗുരു പറഞ്ഞാല്‍ എതിര്‍ക്കാന്‍ പറ്റില്ലല്ലോ? അങ്ങനെ നാളൈ നമതെ എന്ന പടം ചെയ്‌തു. തുടര്‍ന്ന്‌ കുറെ നല്ല കഥാപാത്രങ്ങള്‍ കിട്ടി. റെനിഗുണ്ട ഒക്കെ അവിടെ വലിയ ഹിറ്റായിരുന്നു.

തമിഴില്‍ താരങ്ങളെ ദൈവം പോലെയാണല്ലോ കാണുന്നത്‌?

വലിയ സ്‌നേഹവും ബഹുമാനവുമാണ്‌. സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ പെരുമാറും. അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞു തരും.

മലയാളത്തില്‍ നായികയാവാന്‍ ഇത്രയും വൈകിയത്‌?

ധാരാളം ഓഫറുകള്‍ വന്നിരുന്നു. നാലഞ്ച്‌ പടം അടുപ്പിച്ച്‌ വന്നിട്ടും ചെയ്യാന്‍ പറ്റിയില്ല. അവര്‍ ആവശ്യപ്പെട്ട സമയത്ത്‌ ഒക്കെ തമിഴ്‌് പടത്തിന്റെ ഷൂട്ടായിരുന്നു. ഞാന്‍ ചെന്നെയിലുള്ള സമയത്ത്‌ മിസ്‌റ്റര്‍ മരുമകന്റെ ആളുകള്‍ അവിടെ വന്നു കണ്ടു. കൊച്ചിയില്‍ വച്ച്‌ ഫോട്ടോ ഷൂട്ട്‌ നടത്തി. കഥ പറഞ്ഞു. കഥ എനിക്ക്‌ ഇഷ്‌ടായി. പിന്നെ ദിലീപേട്ടനൊപ്പം തുടക്കം കുറിക്കാന്‍ കഴിയുക ഏതൊരു നായികയുടെയും ഭാഗ്യമാണ്‌. അതൊരു അടിപൊളി എന്‍ട്രിയാണ്‌. അധികമാര്‍ക്കും കിട്ടില്ല. ആ അവസരം പ്രയോജനപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു.

എന്തായിരുന്നു കഥാപാത്രം?

പാരീസില്‍ ഫാഷന്‍ ഡിസൈനിംഗ്‌ പഠിച്ചിട്ട്‌ അമ്മയെ സഹായിക്കാന്‍ നാട്ടില്‍ വരുന്ന കുട്ടി.

ഇതിനിടയില്‍ പഠനം ഒക്കെ നടക്കുമോ?

ഇതിലും തിരക്കുള്ള സമയത്ത്‌ ഞാന്‍ പഠിത്തം ഉഴപ്പിയിട്ടില്ല. എസ്‌. എസ്‌. എല്‍. സി ക്ക്‌ 73% മാര്‍ക്കുണ്ടായിരുന്നു.

പഠിച്ചിട്ട്‌ ഇന്നതാവണം എന്ന്‌ ആഗ്രഹമുണ്ടോ?

ഇല്ല. പഠിച്ച്‌ നല്ല ഒരു ഡിഗ്രി എടുക്കണം എന്നേയുള്ളു. പിന്നെ അപ്പപ്പോള്‍ ചെയ്യുന്ന കാര്യം ഭംഗിയാക്കുക എന്നതാണ്‌ എന്റെ രീതി. ഇപ്പോള്‍ പ്‌ളസ്‌യ്യടുവിന്‌ നല്ല മാര്‍ക്ക്‌ വാങ്ങുക. ഒപ്പം നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യുക, അതാണ്‌ മനസില്‍.

മുഖത്ത്‌ ഇപ്പോഴും ഒരു കുട്ടിത്തവും ഓമനത്തവുമാണ്‌. നായികയ്‌ക്ക് വേണ്ട പക്വതയുണ്ട്‌ എന്ന ആത്മവിശ്വാസം ഉണ്ടോ?

മലയാളത്തില്‍ ആ ഭയം ഉണ്ടായിരുന്നു. അതുകൊണ്ടാണ്‌ നായികയായി വരാന്‍ ഇത്രയും കാലം വെയ്‌റ്റ് ചെയ്‌തത്‌. തമിഴില്‍ ആ പ്രശ്‌നം തോന്നിയില്ല. കാരണം കുട്ടിയായ സനൂഷയെ അവര്‍ കണ്ടിട്ടില്ലല്ലോ? മിസ്‌റ്റര്‍ മരുമകന്‍ ചെയ്‌തത്‌ വളരെ സുക്ഷിച്ചാണ്‌. ഞാന്‍ തന്നെ എനിക്ക്‌ പക്വത വരുത്താന്‍ ശ്രമിച്ചു. സംസാരത്തില്‍, നടത്തത്തില്‍,ഇരുപ്പില്‍, ചിരിയില്‍ എല്ലാം ശ്രദ്ധിച്ചു. ഏറ്റവും വലിയ വെല്ലുവിളിയായി തോന്നിയ കാര്യം ഞാന്‍ ചെയ്യേണ്ട കഥാപാത്രം നല്ല മെച്വരിറ്റിയുള്ള കുട്ടിയാണ്‌.

പുറമെ കാണും പോലെ ചൈല്‍ഡിഷാണോ അതോ വിളഞ്ഞ വിത്താണോ ജീവിതത്തില്‍ സനൂഷ?

(
പൊട്ടിച്ചിരിക്കുന്നു) ഞാന്‍ പാവമാണ്‌. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഭയങ്കര വികൃതിയുമാണ്‌. രണ്ടും മിക്‌സ്ഡാണ്‌ എന്നു പറയാം.

പെണ്‍കുട്ടികള്‍ എന്ത്‌ വികൃതി കാണിക്കാനാണ്‌?

വീട്ടില്‍ വന്നാല്‍ ഒരു സാധാരണ കുട്ടിയാണ്‌ ഞാന്‍. സിനിമാ താരമാണെന്ന്‌ ഒന്നും ചിന്തിക്കാറില്ല. ഒരു സാധാരണ കുട്ടിയെപ്പോലെയാണ്‌ നടക്കാറ്‌.

തമിഴില്‍ 5 സിനിമയില്‍ നായികയായ ഒരു കുട്ടിക്ക്‌ ഞാനൊരു വി. ഐ. പി ആണെന്ന്‌ തോന്നിക്കൂടേ?

എനിക്ക്‌ അങ്ങനെയൊന്നും തോന്നിയിട്ടില്ല. തമിഴ്‌ സെറ്റില്‍ ചിലര്‍ അമ്മാ, മാഡം എന്നൊക്കെ വിളിക്കും. ഒരു നായിക എന്ന ബഹുമാനം തരും. പക്ഷെ എന്റെ മനസില്‍ ഞാനൊരു പ്‌ളസ്‌ടു കുട്ടിയാണ്‌.

പാല്‌കുടി മാറാത്ത കുട്ടിയെ മാഡം എന്നു വിളിക്കുമ്പോള്‍ ചമ്മല്‍ തോന്നിയില്ലേ?

ഇതുവരെ തോന്നിയിട്ടില്ല.

നാടന്‍ പെണ്‍കുട്ടിയാണോ ഹൈലി ഫാഷനബിളാണോ സനൂഷ?

രണ്ടും ആണെന്നു പറയാം. ഓരോരോ മൂഡ്‌ അനുസരിച്ചിരിക്കും എന്റെ കാര്യങ്ങള്‍.

വളരെ അപൂര്‍വമായ പേരാണ്‌ സനൂഷ. ആരാണ്‌ ഇതിന്റെ ഉപജ്‌ഞാതാവ്‌?

അച്‌ഛനും അമ്മയും കൂടി ആലോചിച്ച്‌ ഇട്ടതാണ്‌. അച്‌ഛന്റെ പേര്‌ സന്തോഷ്‌, അമ്മ ഉഷ. രണ്ടു പേരുടെയും പേരില്‍ നിന്നാണ്‌ എന്റെ പേര്‌ ഉണ്ടായത്‌ അനുജന്‍ സനൂപ്‌.

തമിഴില്‍ എത്ര പടം ചെയ്‌താലും മലയാളത്തില്‍ നായികയായി വരുമ്പോള്‍ എങ്ങനെയാവും എന്ന്‌ ആശങ്കയുണ്ടോ?

പേടിയില്ല, നല്ല സ്‌ക്രിപ്‌റ്റായതു കൊണ്ട്‌ ആളുകള്‍ സ്വീകരിക്കും എന്ന്‌ വിശ്വാസമുണ്ട്‌.

ദിലീപിന്റെ നായികയായി തുടങ്ങിയ സ്‌ഥിതിക്ക്‌ ധാരാളം ഓഫറുകള്‍ വന്നു കാണും. സിനിമകള്‍ സ്വീകരിക്കുന്നതിന്റെ മാനദണ്ഡം എന്താണ്‌?

സ്‌ക്രിപ്‌റ്റ് കേട്ട്‌ ഇഷ്‌ടപ്പെടണം. പിന്നെ സംവിധായകന്‍, നായകന്‍,പ്രൊഡ്യൂസര്‍ എല്ലാം നോക്കിയിട്ടാണ്‌ ചെയ്യുന്നത്‌. ഇക്കാര്യത്തില്‍ ഞാന്‍ വളരെ സെലക്‌ടീവാണ്‌. തമിഴില്‍ എനിക്ക്‌ ഒരു മാനേജറുണ്ട്‌. 10 പടം വന്നാല്‍ അതില്‍ നിന്ന്‌ 5 എണ്ണം അദ്ദേഹം സെലക്‌ട് ചെയ്യും. വീണ്ടും ഒരു 3 എണ്ണം സെലക്‌ട് ചെയ്യും. എന്നിട്ട്‌ എന്നോടു പറയും. അതില്‍ നിന്ന്‌ ഒന്നോ രണ്ടോ ഞാന്‍ സെലക്‌ട് ചെയ്‌തിട്ട്‌ ആ പടത്തിലാണ്‌ അഭിനയിക്കുക. മലയാളത്തില്‍ മാനേജേഴ്‌സ് സിസ്‌റ്റം ഇല്ലാത്തതു കൊണ്ട്‌ ഞാനും അച്‌ഛനും അമ്മയും ചേര്‍ന്നാണ്‌ തീരുമാനിക്കുക.

മലയാളത്തില്‍ ഒരു നല്ല നായികയായി പേരെടുക്കുക എന്നതാണോ സ്വപ്‌നം?

മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷയിലും നല്ല പേര്‌ എടുക്കുക എന്നാണ്‌ ആഗ്രഹം.

സാമാന്യം നല്ല അത്യാഗ്രഹമുണ്ട്‌ ?

കുറച്ച്‌. . . . (ഫുള്‍സ്‌റ്റോപ്പില്ലാതെ ചിരിക്കുന്നു) മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നട. . . .

ഹിന്ദി നോട്ടമില്ലേ?

നോട്ടമില്ലാഞ്ഞല്ല. ചാന്‍സ്‌ വന്നാല്‍ അതും ചെയ്യും.

ഇത്രയും ശ്രദ്ധ പിടിച്ചു പറ്റിയ ഒരാള്‍ക്ക്‌ കുറഞ്ഞത്‌ നൂറ്‌ പ്രണയാഭയര്‍ത്ഥനകളെങ്കിലും വരും. വലിയ ബുദ്ധിമുട്ടല്ലേ മാനേജ്‌ ചെയ്യാന്‍?

എനിക്ക്‌ ഇതുവരെ അത്തരം ശല്യം ഉണ്ടായിട്ടില്ല.

ആരെങ്കിലും ഇഷ്‌ടമാണെന്നു പറഞ്ഞാല്‍ അവരുടെ മൊബൈല്‍ നമ്പര്‍ അച്‌ഛന്‌ കൊടുക്കുമോ?

ആരും ഇതുവരെ അതിന്‌ ധൈര്യപ്പെട്ടിട്ടില്ല. ഞാന്‍ കുറച്ച്‌ ബോയ്‌ഷ് ആയ കുട്ടിയായതു കൊണ്ടാവാം. കത്തുകളും ഫോണ്‍കോള്‍സും വരാറുണ്ട്‌. അച്‌ഛനും അമ്മയുമാണ്‌ ആദ്യം എടുക്കുക. നല്ല കത്തുകളും കാള്‍സും മാത്രമേ എനിക്ക്‌ തരാറുള്ളു.

നാട്ടില്‍ പോലും മുഖത്തു നോക്കി ആരും ഇഷ്‌ടം പറഞ്ഞിട്ടില്ല?

സത്യം പറഞ്ഞാല്‍ ഇതുവരെ അങ്ങനെയൊരു സന്ദര്‍ഭം ഫേസ്‌ ചെയ്‌തിട്ടില്ല.

നാട്ടില്‍ വലിയ ചട്ടമ്പിയാണെന്ന്‌ സാരം. പേടിച്ചിട്ട്‌ ആരും അടുക്കുന്നില്ല?

(
നീണ്ടു നിന്ന പൊട്ടിച്ചിരി)

സനൂഷയ്‌ക്കും ആരോടും ഇഷ്‌ടം തോന്നിയിട്ടില്ലേ?

ഇതുവരെ തോന്നിയിട്ടില്ല. ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ ഞാന്‍ എന്റേതായ തിരക്കുകളിലായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്‌ അച്‌ഛനും അമ്മയുമാണ്‌. നാളെ ആരെയെങ്കിലും എനിക്ക്‌ ഇഷ്‌ടമായാല്‍ തീച്ചയായും അച്‌ഛനോടും അമ്മയോടും ഞാനത്‌ പറയും.

പുസ്‌തകവായന ഒക്കെയുണ്ടോ?

ഒരു മൂഡ്‌ തോന്നിയാല്‍ ഇരുന്ന്‌ വായിക്കും. ഒന്നില്‍ കോണ്‍സന്‍ട്രേറ്റ്‌ ചെയ്‌താല്‍ പിന്നെ അതില്‍ നിന്ന്‌ പുറത്തു വരാന്‍ ഇത്തിരി പാടാണ്‌. പുസ്‌തകങ്ങളുടെ കാര്യവും അങ്ങനെ തന്നെ.

ഏത്‌ തരം പുസ്‌തകങ്ങളാണ്‌ വായിക്കുന്നത്‌?

ഞാന്‍ വായിച്ചതില്‍ ഏറ്റവും ഇഷ്‌ടമായത്‌ എം. ടിയുടെ രണ്ടാമൂഴമാണ്‌. സിനിമ കഴിഞ്ഞാല്‍ ഇഷ്‌ടം ഡാന്‍സിനോടാണ്‌. പാട്ട്‌ കേള്‍ക്കും അത്രമാത്രം. ഡ്രൈവിംഗ്‌ ഇഷ്‌ടമാണ്‌.

എക്‌സ്പര്‍ട്ട്‌ ഡ്രൈവറാണോ?

ടൂവീലേഴ്‌സ് കുഞ്ഞിലേ പഠിച്ചിരുന്നു. ഇപ്പോള്‍ കാറും ഓടിക്കും. ഇടയ്‌ക്ക് പുറത്തേക്ക ്‌ ഇറങ്ങും. ലൈസന്‍സ്‌ ഇല്ലാത്തതു കൊണ്ട്‌ കൂടുതല്‍ ദൂരം പോവില്ല.

അപ്പോള്‍ ഒരു ജോലിയും ഇല്ലെങ്കിലും ജീവിക്കും?

ജീവിക്കും.

പുതിയ വീട്‌ വച്ചോ?

വീട്‌ പണിതു കൊണ്ടിരിക്കുകയാണ്‌. ആ ഒരു എക്‌സൈറ്റ്‌മെന്റിലാണ്‌ ഞാന്‍ ഇപ്പോള്‍. കണ്ണൂരില്‍ തന്നെ ഒരു വില്ലയാണ്‌.

സാധാരണ താരമാവുമ്പോള്‍ ആളുകള്‍ വലിയ സിറ്റിയിലേക്ക്‌ കൂടു മാറും. സനൂഷ

നാട്ടില്‍ തന്നെ ചടഞ്ഞു കൂടിയിരിക്കുന്നത്‌ എന്ത്‌ ഉദ്ദേശത്തിലാണ്‌?

അങ്ങനെയൊന്നൂല്ല. തത്‌കാലം ഇവിടെ. പ്‌ളസ്‌ടൂ കഴിഞ്ഞിട്ട്‌ മാറാം എന്നാണ്‌ ആലോചിക്കുന്നത്‌.

ഏത്‌ കഥാപാത്രമാവുമ്പോഴും ചിരിച്ച മുഖമാണ്‌ സനൂഷയ്‌ക്ക്. ജീവിതത്തിലും ഇങ്ങനെയാണോ?

അതെ. ജീവിതത്തില്‍ എന്ത്‌ സംഭവിച്ചാലും ചിരിച്ചു കൊണ്ട്‌ ഇരിക്കുന്ന ഒരാളാണ്‌ ഞാന്‍. എനിക്ക്‌ ചെറിയ പ്രശ്‌നങ്ങള്‍ വലുതായും വലിയ പ്രശ്‌നങ്ങള്‍ ചെറുതായും തോന്നും.

അപ്പോള്‍ ഒരു വിചിത്ര ജീവിയാണ്‌?

അതെ.

ഏത്‌ ദുഖവും നേരിടുമോ?

ഇതുവരെ അങ്ങനെ വലിയ ദുഖങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഏറ്റവും വലിയ ദുഖം അച്‌ഛന്റെ അച്‌ഛന്‍ മരിച്ചതാണ്‌. കുടുംബത്തില്‍ എന്നെ ഏറ്റവും ഇഷ്‌ടപ്പെട്ടിരുന്നത്‌ അദ്ദേഹമായിരുന്നു. വലിയ സപ്പോര്‍ട്ടായിരുന്നു.

നടിയാവുക എന്നതായിരുന്നോ ഏറ്റവും വലിയ ആഗ്രഹം?

ഒന്നും അറിയാത്ത പ്രായത്തിലാണ്‌ ഞാന്‍ അഭിനയിച്ചു തുടങ്ങിയത്‌. ഇപ്പോള്‍ ആളുകള്‍ എന്നും ഓര്‍മ്മിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്‌. ഇതൊരു ആജീവനാന്ത തൊഴിലായി കാണുന്നില്ല. നില്‍ക്കുന്നിടത്തോളം കാലം നന്നായി നില്‍ക്കുക.

കാല്‍ക്കുലേറ്റീവായ വ്യക്‌തിയല്ലെന്ന്‌ സാരം?

അല്ല. ഇന്ന പ്രായത്തില്‍ ഇങ്ങനെയാവണം എന്ന്‌ കണക്കു കൂട്ടി നീങ്ങുന്നയാളല്ല. പിന്നെ താത്‌പര്യമുള്ള മേഖല രാഷ്‌ട്രീയമാണ്‌. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്‌.

ജയലളിതയാകാന്‍ തീരുമാനിച്ചു?

(
പൊട്ടിച്ചിരിക്കുന്നു) അയ്യോ അങ്ങനെയല്ല. പ്രയാസം അനുഭവിക്കുന്നവര്‍ക്ക്‌ വേണ്ടി ചില നല്ല കാര്യങ്ങള്‍. പ്രായപൂര്‍ത്തിയായതിന്‌ ശേഷം കൂടുതല്‍ ചെയ്യും.

കണ്ണൂര്‍ വിപ്‌ളവകാരികള്‍ക്ക്‌ വളക്കൂറുള്ള മണ്ണാണെന്നാണ്‌ വയ്‌പ്. സനൂഷയും വിപ്‌ളവകാരിയാണോ?

എനിക്ക്‌ പ്രത്യേകിച്ച്‌ പാര്‍ട്ടിയൊന്നും ഇല്ല. നല്ലത്‌ ചെയ്യുന്നവരെ ഇഷ്‌ടമാണ്‌.

ഉത്‌ഘാടനങ്ങള്‍ക്ക്‌ ഒക്കെ പോകുമ്പാള്‍ പ്രേക്ഷകരെ നേരിട്ട്‌ കാണും. എന്താണ്‌ പ്രതികരണം?

ചിലര്‍ വെറുതെ നോക്കി നില്‍ക്കും. ഇഷ്‌ടമാണ്‌,നല്ല അഭിനയമാണ്‌ എന്ന്‌ പറയുന്നവരുണ്ട്‌. ചിലര്‍ കഥാപാത്രങ്ങളുടെ പേര്‌ വിളിക്കും. അത്‌ കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷം തോന്നും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment