Saturday 8 October 2011

[www.keralites.net] എനിക്കു പേടി മൃഗങ്ങളെയല്ല, മനുഷ്യരെയാണ്...

 



എന്‍.എ നസീര്‍ പറയുന്നു: എനിക്കു പേടി മൃഗങ്ങളെയല്ല, മനുഷ്യരെയാണ്

Fun & Info @ Keralites.net

മൂന്ന് പതിറ്റാണ്ടിലേറെയായി കാടാണ് എന്‍.എ നസീറിന്റെ ദേശം. ഇടക്ക് നാട്ടില്‍ ഇറങ്ങുന്നുവെങ്കിലും അയാളുടെ മനസ്സ് സദാ വനാന്തരത്തിലാണ്. ഏറെ കാലം കാടിനെ പ്രണയിച്ചു നടന്ന ശേഷമാണ് അയാള്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ വന്യ ജീവി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി മാറിയത്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'കാടും ഫോട്ടോഗ്രാഫറും' എന്ന പുസ്തകം പുറത്തുവന്ന് ആഴ്ചകള്‍ക്കകം നസീര്‍ കാടിറങ്ങി പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിലെത്തി. നസീര്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശത്തിനു ശേഷമായിരുന്നു സംവാദം. നസീറുമൊത്തുള്ള മണിക്കൂറുകള്‍ നീണ്ട സംവാദത്തിന്റെ പ്രസക്തഭാഗങ്ങള്‍ നാലാമിടം പകര്‍ത്തുന്നു.

Fun & Info @ Keralites.net

കാടിനോട് വേണ്ടത് ഭയമല്ല, സ്നേഹം
കാട്ടില്‍ നടക്കുമ്പോള്‍ പേടി തോന്നാറുണ്ടോ? ഞാനിതേറെ കേട്ട ചോദ്യമാണ്. കാട് അപകടം പതിയിരിക്കുന്ന ഒരിടമാണ് എന്ന ധാരണയില്‍നിന്നുണ്ടാവുന്നത്. വന്യമൃഗങ്ങള്‍ അപകടപ്പെടുത്തും എന്ന വിശ്വാസത്തില്‍നിന്നാണ് അതുണ്ടാവുന്നത്. എന്നെ സംഭവിച്ചിടത്തോളം അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല. ഒരു മൃഗവും എന്നെ ഒന്നും ചെയ്തിട്ടില്ല. മനുഷ്യനല്ലാതെ. ഒരു മൃഗത്തെയും എനിക്ക് ഭയവുമില്ല. മനുഷ്യനല്ലാതെ. ഒരു മൃഗവും എന്നെ ഉപദ്രവിച്ചിട്ടില്ല. ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. നാളെ ഉണ്ടായിക്കൂടെന്നില്ല. അങ്ങനെ ഉണ്ടായാല്‍ അതു അവരുടെ കുഴപ്പമാവില്ല. എന്റെ മാത്രം കുഴപ്പമായിരിക്കും.
ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ക്ക് കാടിനെ സ്നേഹിക്കാനുള്ള മനസ്സാണ് ആദ്യം ഉണ്ടാവേണ്ടത്. സ്നേഹിക്കുന്നതിനെ ഭയപ്പെടേണ്ട കാര്യമില്ലല്ലോ. ജൈവവൈവിധ്യത്തിന്റെ വലിയൊരു ലോകത്തിലേക്കാണ് കാലെടുത്തു വെക്കുന്നത് എന്ന ബോധ്യം വേണം. സ്നേഹം വേണം.ബഹുമാനം വേണം. അപ്പോള്‍ കാട് നിങ്ങളെയും സ്നേഹിക്കും. കാടിനു കൊടുക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. അത് നാം കാണിക്കണം. അപ്പോള്‍ കാട് നിങ്ങളെ ഇഷ്ടപ്പെടാതിരിക്കില്ല.
കാട് ജൈവവൈവിധ്യത്തിന്റെ വീടാണ്. നമ്മളൊരു വീട്ടില്‍ ചെല്ലുമ്പോള്‍ അതിന്റേതായ മര്യാദ കാണിക്കാറില്ലേ. അതു പോലൊരു മര്യാദ കാട്ടിലുമാവാം. കാട്ടിലൊരിക്കലും മദ്യപിച്ചു പോവരുത്. പുക വലിക്കരുത്. അത്തരം കാര്യങ്ങള്‍ നിര്‍ബന്ധമെങ്കില്‍ നിങ്ങള്‍ ആരാധനാലയങ്ങളില്‍ പോയി ചെയ്തോളൂ.
കാടാണ് പ്രകൃതി. യഥാര്‍ഥ ആരാധനാലയം. എങ്ങനെ സൃഷ്ടിക്കപ്പെട്ടോ അതു പോല നിലനില്‍ക്കുന്ന ഇടം. നിങ്ങള്‍ ആരാധനാലയങ്ങളളോട് കാണിക്കുന്ന മര്യാദ സത്യത്തില്‍ കാടിനോടാണ് കാണിക്കേണ്ടത്.

സ്റ്റീവ് ഇര്‍വിന്‍ അങ്ങനെ മരിക്കേണ്ടയാളാണ്
നാഷനല്‍ ജ്യോഗ്രഫിയില്‍ പരിപാടി അവതരിപ്പിച്ചിരുന്ന സ്റ്റീവ് ഇര്‍വിന്‍ മരിച്ചത് ഈ മര്യാദ ഇല്ലാത്തതു കൊണ്ടാണ് എന്നാണെന്റെ പക്ഷം. അത്ര ക്രൂരമായാണ് അയാള്‍ ജീവികളെ കൈകാര്യം ചെയ്തിരുന്നത്. പാമ്പിനെ പിടിച്ചു വലിച്ച്, മുതലയെ കെട്ടിവലിച്ച്, മറ്റ് മൃഗങ്ങളെ വെറും ഒരുരുപ്പടിയായി മാത്രം കണ്ട അയാള്‍ അങ്ങനെ മരിക്കേണ്ടത് തന്നെയാണ്. തിരണ്ടി കുത്തിയാണ് അയാള്‍ മരിച്ചതെന്നാണ് പറയുന്നത്. ഞാന്‍ വൈപ്പിനില്‍ ജനിച്ചുവളര്‍ന്നവനാണ്. അവിടെ കടപ്പുറത്തുള്ള മുതിര്‍ന്നവരോട് ചോദിച്ചു. ഇത്ര കാലത്തിനിടയില്‍ തിരണ്ടിയുടെ കുത്തേറ്റ് ആരെങ്കിലും മരിച്ചതായി കേട്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. സ്റ്റീവ് ഉണ്ടാക്കിയ സംസ്കാരം എതിര്‍ക്കപ്പെടേണ്ടതാണ്. മൃഗയാ വിനോദമാണത്. മൃഗങ്ങളെ ഉപദ്രവിച്ച് കൈയടി വാങ്ങല്‍.

നാഷനല്‍ ജ്യോഗ്രഫി സെന്‍സിബിലിറ്റി
നാഷനല്‍ ജ്യോഗ്രഫി, ഡിസ്കവറി ചാനലകുളൊക്കെ ഒരു തരം കൃത്രിമമായ വന്യതയാണ് പകര്‍ത്തി പ്രദര്‍ശിപ്പിക്കുന്നത്. ഇതാണ് യഥാര്‍ഥ വനമെന്നും വന്യതയെന്നുമുള്ള ധാരണയാണ് ഇതിലൂടെ വളരുന്നത്. കാട്ടില്‍ പോവാനോ വന്യമൃഗങ്ങളെ നേരിട്ടറിയാനോ മടിയും വിമുഖതയുമുള്ള നഗര മനുഷ്യര്‍ക്ക് ഉപഭോഗം ചെയ്യാനുള്ള വന്യതയാണ് ഈ ചാനലുകള്‍ പുറത്തുവിടുന്നത്. പ്രത്യേക തരം സെന്‍സിബിലിറ്റിയാണ് ഇവര്‍ വളര്‍ത്തുന്നത്. ഇതല്ല യഥാര്‍ഥ കാടനുഭവം എന്ന് തിരിച്ചറിയപ്പെടാതെ പോവുമെന്നതാണ് ഇതിന്റെ വലിയ കുഴപ്പം.
വളര്‍ത്തു മൃഗങ്ങളെ ഉപയോഗിച്ചാണ് അവര്‍ വീഡിയോ ഉണ്ടാക്കുന്നത്. ക്യാമറക്കു മുന്നില്‍ നിന്നു കൊടുക്കുന്ന മൃഗങ്ങളാണവ. അഭിനയിക്കുന്ന പാമ്പുകളും കരടികളും കടുവകളും. കാടിനോടും മൃഗങ്ങളോടും നിഷേധാത്മകമായ ആറ്റിറ്റ്യൂഡാണ് ഇവര്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവര്‍ ചെല്ലുന്നിടത്തെല്ലാം മൃഗങ്ങള്‍ വരുന്നത് എങ്ങനെയാണ്? ഒരു കല്ലു പൊക്കി നോക്കിയാല്‍ അതിനടിയിലുണ്ടാവും ഒരു പാമ്പ്. നിങ്ങള്‍ കാട്ടില്‍ കയറി നോക്കൂ, ഒരു പാടു നേരം തിരയണം മൃഗങ്ങളെ കാണാന്‍. കാട്ടില്‍ അടുത്ത നിമിഷം സംഭവിക്കുന്ന കാര്യങ്ങള്‍ നമുക്ക് പ്രവചിക്കാനാവില്ല. പൂര്‍ണമായും അനിശ്ചിതമാണത്. എന്നാല്‍ നാഷനല്‍ ജ്യോഗ്രഫിക്കാര്‍ക്ക് ഈ അനിശ്ചിതത്വമില്ല. കാരണം, അവര്‍ മൃഗങ്ങളെ ഡയരക്റ്റ് ചെയ്യുകയാണ്.

Fun & Info @ Keralites.net

പോസ് ചെയ്യുന്ന കടുവകള്‍
നമുക്കിവിടെ കാണാനാവുന്ന കടുവാ ചിത്രങ്ങള്‍ മിക്കപ്പോഴും ഉത്തരന്ത്യേയിലെ വരണ്ട, ഇലപൊഴിയും കാടുകളില്‍ നിന്നുള്ളവയാണ്. നല്ല വെളിച്ചത്തിലെടുക്കുന്നവയാണ് ആ ചിത്രങ്ങള്‍. പലപ്പോഴും ക്യാമറക്ക് പോസ് ചെയ്യുന്ന ഭാവമാണ് അതിലെ കടുവകള്‍ക്ക്. ജീപ്പുകള്‍ക്കും ആളുകള്‍ക്കും ബഹളത്തിനും നടുവില്‍ ക്യാമറയിലേക്ക് നോക്കി നില്‍ക്കുന്ന അത്തരം കടുവകളല്ല പക്ഷേ, എന്നാല്‍, എന്റെ അനുഭവത്തിലുള്ളത്.
മഴക്കാടുകളിലെ കടുവകള്‍ മറ്റൊന്നാണ്. നിഴലുകളാണ് അവിടെയങ്ങും. വെളിച്ചം അത്യപൂര്‍വം. മനുഷ്യരെ നോക്കി പോസ് ചെയ്യുന്ന കടുവകളല്ല അവിടെ. മനുഷ്യസാന്നിധ്യത്തില്‍ അവ മറയും. ആ ഇരുട്ടില്‍ നല്ല കടുവ ചിത്രങ്ങള്‍ എടുക്കുക എന്നത് വ്യത്യസ്ത അനുഭവമാണ്. നമ്മുടെ മഴക്കാടുകളില്‍നിന്ന് നല്ല കടുവച്ചിത്രങ്ങള്‍ കിട്ടാത്തതിന്റെ കാരണമിതാണ്. കാട് അതിന്റെ ഉള്ളകം തുറന്നു തന്നതു കൊണ്ടു മാത്രമാണ് എവിടെ നിന്നോ ലഭിച്ച വെളിച്ചത്തില്‍ ആ കടുവ ചിത്രങ്ങള്‍ എന്റെ ക്യാമറയില്‍ പതിഞ്ഞത്.

കൂടില്ലാത്ത പക്ഷികള്‍
ഫോട്ടോ കിട്ടാന്‍ ചിലര്‍ അങ്ങേയറ്റം ക്രൂരതയും കാണിക്കാറുണ്ട്. എത്ര വലിയ ഫോട്ടോഗ്രാഫര്‍മാര്‍ ആയാലും ഇങ്ങനെ എടുക്കുന്ന ചിത്രങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ചില ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന പക്ഷികളുടെ ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. ഒരൊറ്റ കമ്പിന്റെ മറയുമുണ്ടാവില്ല അതിന്. കൂട്ടിലെ പക്ഷിയുടെ പടം കമ്പ് പെടാതെ എടുക്കുന്നത് എങ്ങനെയാണ് എന്നെനിക്കറിയില്ല. കമ്പ് മറഞ്ഞ് ഒരിക്കലും നല്ല പടം കിട്ടില്ല എന്നതാണ് എന്റെ അനുഭവം. ഇവര്‍ക്ക് മാത്രം എങ്ങനെയാണ് ഇത്ര നേര്‍ക്ക് പക്ഷിപ്പടം കിട്ടുന്നത്. ഉത്തരം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. കൂടിന്റെ കമ്പുകള്‍ എടുത്തു കളഞ്ഞ ശേഷമാണ് അവര്‍ കൂട്ടിലെ പക്ഷിയെ പകര്‍ത്തുന്നത്. ഈ ഫീല്‍ഡില്‍ തട്ടിപ്പുകളേറെയാണ്. നുണയും കളളവും യഥേഷ്ടം. അത്തരക്കാരെയാണ് കാട്ടില്‍ ചെല്ലുമ്പോള്‍ ആന ചവിട്ടി കൊല്ലുന്നത്. കച്ചവടക്കണ്ണോടെ കാട്ടിലെത്തുന്നവരെ.

കാടെന്നെ തിരിച്ചറിയുന്നു
കാടുമായി ഇഴുകി ചേര്‍ന്നു കഴിഞ്ഞാല്‍ ഒരുതരം കമ്യൂണിക്കേഷന്‍ സാധ്യമാണെന്ന് തോന്നുന്നു. കാടിനോടും കാട്ടു മൃഗങ്ങളോടും ഏതൊക്കെയോ തലങ്ങളില്‍ സംവദിക്കാനാവുന്നു. ഇതെനിക്ക് തെളിയിക്കാനൊന്നും കഴിയില്ല. എന്റെ ഒരു വിശ്വാസമായിരിക്കാം ഒരു പക്ഷേ. കാട്ടുമൃഗങ്ങള്‍ക്ക് എന്നെ മനസ്സിലാവുന്നുണ്ട്. എന്നെ അവര്‍ തിരിച്ചറിയുന്നു.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ സാധാരണ പറയാറുള്ള ആക്രമണങ്ങളോ അപകടങ്ങളോ ഒന്നും എനിക്ക് പറയാനില്ല. എനിക്കു പോലും അപരിചിതമായ കുറേ കാര്യങ്ങള്‍ ഇതിലുണ്ട് എന്നു തോന്നുന്നു. ചില ദിവസം കാട്ടില്‍ കയറുമ്പോള്‍ചില മൃഗങ്ങളെ കാണാനാവുമെന്ന് മനസ്സ് പറയാറുണ്ട്. അവയെ കാണാറുമുണ്ട്. എന്നെ കൊണ്ട് ചിലപ്പോഴൊക്കെ കാടത് പറയിക്കുകയാണ്.
അപകടകരം എന്നു പറയാവുന്ന അവസ്ഥകളില്‍ കടുവയും ആനയും കരടിയുമൊക്കെ ഒന്നും ചെയ്യാതെ വിട്ടു പോവാറുണ്ട്. കാടിന്റെ സ്നേഹം തന്നെയാണ് അതെന്നാണ് ഞാന്‍ കരുതുന്നത്. എനിക്കു വേണ്ടി മൃഗങ്ങള്‍ പോസ് ചെയ്തു തരാറുണ്ട്. എന്നെ നോക്കി വെറുതെ ഇരിക്കാറുണ്ട് അവ. രാത്രിയില്‍ മാത്രം കാണാറുള്ള പക്ഷികളും മൃഗങ്ങളും പകല്‍ എന്റെ ക്യാമറക്ക് മുന്നില്‍ വരാറുണ്ട്. ആളുകളെ കണ്ട് ഇടഞ്ഞ കാട്ടാന എന്റെ മുന്നിലെത്തി മടങ്ങാറുണ്ട്. എന്തു കൊണ്ട് ഇങ്ങനെ എന്നെനിക്ക് പറയാനാവില്ല. പക്ഷേ, സത്യമാണ്. കാടിന്റെ സ്നേഹമാണത് എന്നാണ് എന്റെ വിശ്വാസം.
ഒരു ദിവസം കടുവയുടെ പടമെടുക്കുകയാണ്. കടുവക്കറിയാം ഞാന്‍ അടുത്തുണ്ടെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ അതെന്നെ നോക്കി. കണ്ണു കൊണ്ട് ഒരാംഗ്യം കാട്ടി. തല്‍ക്കാലം ഇതു മതി, മോന്‍ പോയ്ക്കോ എന്നായിരുന്നു അതിനര്‍ഥം. പുതിയ ക്യാമറ വാങ്ങിയ ദിവസം അത് ഉദ്ഘാടനം ചെയ്യാന്‍ കടുവ തന്നെ വരുമെന്ന് ഞാന്‍ ചങ്ങാതിമാരോട് പറഞ്ഞു. അതു പോലെ സംഭവിച്ചു. കാടിനെ സ്നേഹിച്ചാല്‍ കാടിനെ പഠിച്ചാല്‍ അത് നിങ്ങളില്‍, ആറ്റിറ്റ്യൂഡില്‍, ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും.

ശരീരം എന്ന ട്രൈപോഡ്
ഞാന്‍ പഠിച്ചത് ആയോധന കലയാണ്. യോഗയിലും ശരീരകേന്ദ്രിതമായ മറ്റ് കലാരൂപങ്ങളിലും എനിക്ക് താല്‍പ്പര്യങ്ങളുണ്ട്. കാട്ടില്‍ അതേറെ ഗുണം ചെയ്തിട്ടുണ്ട്. വന്യമൃഗത്തെ പകര്‍ത്തുമ്പോള്‍ ശരീര ചലനം വളരെ പ്രധാനമാണ്. അനാവശ്യ ചലനങ്ങള്‍, ചലന രീതികള്‍ നിങ്ങള്‍ക്ക് ഗുണകരമാവില്ല. ആയോധന കല എന്റെ ശരീരത്തെ കൂടുതല്‍ സൂക്ഷ്മതയുള്ളതാക്കിയിട്ടുണ്ട്. വനത്തില്‍ സൂക്ഷ്മതയോടെ ശരീരത്തെ ഉപയോഗിക്കാന്‍ അതെനിക്ക് ശേഷി തരുന്നു. ഞാന്‍ ട്രൈപോഡ് ഉപയോഗിക്കാറില്ല. കാട്ടില്‍ അതു ചുമന്നു നടക്കുന്നത് എളുപ്പമല്ല. സ്വന്തം ശരീരം തന്നെയാണ് എന്റെ ട്രൈപോഡ്. ശരീരത്തെ നിശ്ചലമാക്കി ട്രെപോഡ് പോലെ ഏറെ നേരം നില്‍ക്കാനാവും.

Fun & Info @ Keralites.net

കാട്ടാന എന്റെ മാസ്റ്റര്‍
നമ്മള്‍ പഠിച്ചത് നിത്യ ജീവിതത്തില്‍ പ്രയോജനപ്പെടണം, പെടുത്തണം എന്നതാണ് എന്റെ നിലപാട്. കരാട്ടെ എന്റെ പ്രൊഫഷനില്‍ ഏറെ സഹായകമാണ്. വന്യ മൃഗങ്ങളുടെ ശരീര ചലനങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കാട്ടാനയാണ് എന്റെ മാസ്റ്റര്‍. അത് വെയ്റ്റ് ഷിഫ്റ്റ് ചെയ്യുന്നത് അപാരമായ പാടവത്തോടെയാണ്.
നമ്മുടെ ഉല്‍സവ പറമ്പുകളില്‍ ആനകള്‍ കൊട്ടിനൊത്ത് ചലിക്കുന്നതായി പറയുന്നത് ഈ ചലനങ്ങളാണ്. സത്യത്തില്‍ അത് വെയ്റ്റ് ഷിഷ്റ്റ് ചെയ്യുന്നതാണ്. ഇതാണ് കൊട്ടിനൊത്ത് ആന നൃത്തം വെക്കുന്നതായി നമ്മള്‍ പറയുന്നത്. കാട്ടാനയുടെ ശരീരഭാഷ ഞാനെന്റെ തായ്ച്ചി അഭ്യാസങ്ങളില്‍ ഉപയോഗിക്കാറുണ്ട്.
തായ്ച്ചിയില്‍ നൃത്തത്തിന് സമാനമായ ഒരു പാട് സ്റ്റെപ്പുകളുണ്ട്. പല മൃഗങ്ങളുടെയും ശരീര ചലനങ്ങള്‍ നമ്മള്‍ അതിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്. കാട്ടില്‍ നിന്ന് ഞാന്‍ ഒരു പാട് പഠിച്ചിട്ടുണ്ട്.അനേകം മൃഗങ്ങളുടെ ശരീര ചലനങ്ങള്‍. അവരുടെ ആക്രമണ രീതികള്‍. വേഗങ്ങള്‍. അത് ആയോധന കലയിലും ഏറ സഹായിച്ചിട്ടുണ്ട്. ആ നിലക്ക് നോക്കുമ്പോള്‍ ആനയാണ് എന്റെ മാസ്റ്റര്‍. അതി സുന്ദരമാണ് അതിന്റെ ശരീര ചലനങ്ങള്‍.

കാട്ടുകള്ളന്‍മാരെ പിടിക്കുന്ന വിധം
പടമെടുക്കാന്‍ മാത്രമല്ല ആയോധന കല സഹായകമാവുക. കാട്ടുകള്ളന്‍മാരെ പിടിക്കാനും അത് സഹായിക്കും. ഈയിടെ ഞാന്‍ ഞാന്‍ രണ്ട് ചന്ദന കടത്തുകാരെ പിടികൂടി. 25 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ആ പ്രദേശത്ത് ചന്ദന കൊള്ളക്കാരെ പിടികൂടിയതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തോക്കുമായാണ് ഇവര്‍ കാട്ടില്‍ കയറുക. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കാണെങ്കില്‍ അത്തരം ആയുധങ്ങളില്ല.
എനിക്കു തോന്നുന്നത്, ഇതിനു വേണ്ടിയാണ് ഞാന്‍ ആയോധന കല പഠിച്ചത് എന്നാണ്. കാട്ടില്‍നിന്ന് എടുക്കാന്‍ മാത്രമല്ലല്ലോ, തിരിച്ചു കൊടുക്കാനും നാം ശീലിക്കണ്ടേ. കാടിനെ സംരക്ഷിക്കേണ്ട ആവശ്യം എന്തെന്ന് ചുറ്റുമുള്ളവരോട് പറഞ്ഞു കൊടുക്കണം. അതിനാണ് എന്റെ ചിത്രങ്ങള്‍.

ഇക്കോ ടൂറിസം വിനാശം
എന്നാല്‍, പല തരം അപകടങ്ങളിലാണ് വനം. ടൂറിസം കാട്ടിലേക്കിറങ്ങിയിരിക്കുകയാണ്. ഇക്കോ ടൂറിസം. എനിക്കതിനോട് യോജിപ്പില്ല. കാട് ഇങ്ങനെ ആളുകള്‍ വിഹരിക്കേണ്ട സ്ഥലമല്ല. മൃഗങ്ങളുടെ ഇടമാണ്. ഇക്കോ ഫ്രെന്റ്ലി ടൂറിസമാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍ എന്തിനാണ് ട്രെഞ്ച്. നിങ്ങള്‍ക്ക് കാടിനെ കാണാനും മൃഗങ്ങളെ അറിയാനുമാണ് താല്‍പ്പര്യമെങ്കില്‍ ഇത്തരം കുഴികള്‍ വേണോ. ഇങ്ങനെയോണോ ഇക്കോ ഫ്രെന്റ്ലി ആവുന്നത്.
നാട്ടുകാരെ മുഴുവന്‍ ടൂറിസത്തിന്റെ പേരില്‍ കാട് കയറ്റുന്നത് എന്തൊരു അനീതിയാണ്.
ഈയിടെ ഫ്രോഗ് മൌത്തിന്റെ പടമെടുക്കാന്‍ ചെന്നു. ഏത് ഭാഗത്താണ് ഫ്രോഗ് മൌത്ത് കാണുകയെന്ന് അന്വേഷിച്ചപ്പോള്‍ അവിടെയുള്ള വാച്ചര്‍ ഒരു കാര്യം പറഞ്ഞു. 'ഇത്തിരി കൂടി നടന്നാല്‍ അവിടെയാരു നാഷനല്‍ ഹൈവേ കാണും. നിറയെ ആളും ബഹളവുമായിരിക്കും. അവിടെയുണ്ടാവും, ഇഷ്ടം പോലെ ഫ്രോഗ് മൌത്തുകള്‍!'
കാടിനുള്ളില്‍ ടൂറിസത്തിന്റെ പേരില്‍ വലിയ റോഡുകള്‍ തുറക്കുന്നതിനോടുള്ള പ്രതിഷേധമായിരുന്നു അത്.

Fun & Info @ Keralites.net

കരടി മരം കയറും
കരടി മരം കേറില്ലെന്നാണ് നമ്മുടെ പഴങ്കഥകള്‍ പറയുന്നത്. എന്റെ അനുഭവം മറിച്ചാണ്. മരം കയറും എന്നു മാത്രമല്ല, മരത്തില്‍ തല കീഴായി ഇറങ്ങി വരുന്ന കരടികളെ ഞാന്‍ കണ്ടിട്ടുണ്ട്. പടങ്ങളെടുത്തിട്ടുണ്ട്. കരടികള്‍ നന്നായി മരത്തില്‍ കയറും. ഇറങ്ങി വരികയും ചെയ്യും. കഥയിലെ കരടി മാത്രമാണ് മരം കയറാത്തത്.

കടുവകള്‍ക്ക് ടെറിറ്ററിയില്ല
പലപ്പോഴും മനുഷ്യരുടെ വീക്ഷണങ്ങള്‍ മൃഗങ്ങളില്‍ ആരോപിക്കുകയാണ് ചെയ്യുന്നത്. നമുക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍. എന്നാല്‍, അതു പോലെയാവണം മൃഗങ്ങള്‍ എന്ന് പറയുമ്പോള്‍ അബദ്ധങ്ങള്‍ വരാം. കടുവകള്‍ക്ക് നിശ്ചിത വിഹാര പരിധി ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, എനിക്കങ്ങിനെ തോന്നുന്നില്ല. നമ്മളെ പോലെ, ഇന്ന കടുവക്ക് ഇത്ര ഏരിയ എന്ന കണക്കൊന്നും കാട്ടിലില്ല. ഭക്ഷണം കിട്ടിയില്ലെങ്കില്‍ കടുവ അടുത്ത സ്ഥലം തേടിപ്പോവുമെന്നാണ് എന്റെ അറിവ്.

കാടൊരിക്കലും മടുക്കില്ല
കാട് ഒരു സ്പിരിച്വല്‍ അനുഭവം കൂടിയാണ്. അതിനെ സ്നേഹിക്കുമ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരു അനുഭവം തിരിച്ചു തരും. സ്പിരിച്വല്‍ ആയി കാടിനെ കാണണം. അന്നേരം കാടു സ്വയം വെളിപ്പെടുത്തിത്തരും. കാടാരിക്കലും മടുക്കില്ല. ഒരിക്കല്‍ കാണുന്നതാവില്ല പിന്നൊരിക്കല്‍. അതെന്നും മാറിക്കൊണ്ടേയിരിക്കും. കാട്ടിലുള്ള നിറങ്ങള്‍ അപാരമാണ്. അസാധാരണമായ വിഷ്വല്‍ സാധ്യത. അതുണ്ടാക്കാന്‍ ഒരു പെയിന്റര്‍ക്കും കഴിയില്ല. കാടിന്റെ ശബ്ദങ്ങള്‍ പോലൊന്ന് റിക്രിയേറ്റ് ചെയ്യാന്‍ ഏത് സംഗീതജ്ഞനു കഴിയും.
കാടിന്റെ സൌന്ദര്യമാണ് ഞാന്‍ പകര്‍ത്തുന്നത്. അവ കാണിച്ച് എനിക്ക് ആളുകളോട് പറയാനുള്ളത്, ഈ സൌന്ദര്യം ഇനിയും ബാക്കിയാവണോ അതോ നശിക്കണോ എന്നാണ്. അവര്‍ക്കു ബോധ്യപ്പെടുത്താനുള്ളതാണ് എന്റെ ഫോട്ടോകള്‍. സൌന്ദര്യമാണ് എന്നെ കാട്ടിലേക്ക് ആകര്‍ഷിച്ചത്. അത് തന്നെയാണ് ഇപ്പോഴും എന്നെ കാടകങ്ങളില്‍ നടത്തുന്നത്. അത് ഇനിയും ബാക്കിയുണ്ടാവണം എന്നാണ് എന്റെ ആഗഹം. അതിന് മറ്റുളളവെര പ്രേരിപ്പിക്കാനാണ് എന്റെ ചിത്രങ്ങള്‍.
എനിക്ക് സ്പെഷ്യലൈസേഷന്‍ ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം പുല്ലിനും പൂവിനും വേഴാമ്പലിനും ഒരേ പ്രാധാന്യമാണ്. കാടും ഇതു പോലെ തന്നെയാണ്. എല്ലാത്തിനും ഒരേ പ്രാധാന്യം. എല്ലാത്തിനും ഇടമുണ്ട് അവിടെ. മനുഷ്യന്‍ ഒഴികെ. കാടിനെ അതായി നിലനിര്‍ത്തുകയാണ് വേണ്ടത്. നിലനിര്‍ത്താന്‍ സഹായിച്ചാല്‍ മാത്രം മതി. അതിനെ നിങ്ങള്‍ നന്നാക്കിയെടുക്കണ്ട.

വന്യജീവിയായി മാറിയ ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ജീവിതം



With Regards

Abi
Fun & Info @ Keralites.net
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment