Sunday 9 October 2011

[www.keralites.net] ഓര്‍മകളുടെ തമ്പില്‍ ഒരു പകല്‍

 

മറ്റൊരു കാലം, മറ്റൊരു ലോകം. മലയാളത്തിന്റെ ശാലീനതയുള്ള ദുഃഖപുത്രി ജലജ ആ വഴി തിരിഞ്ഞുനടക്കുന്നു...

 


ശോകം നിഴലിട്ട നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ നമ്മെ ഒരുപാട് തവണ കരയിച്ചിട്ടുണ്ട് ഈ ജലജ. ഉള്‍ക്കടലിലെ സൂസന്ന,വേനലിലെ രമണി, ശാലിനി എന്റെ കൂട്ടുകാരിയിലെ അമ്മു... കാഴ്ചക്കാരുടെ ഹൃദയത്തിലേക്ക് കയറിയ എത്രയോ കഥാപാത്രങ്ങള്‍. ബഹ്‌റിനില്‍ ഭര്‍ത്താവ് പ്രകാശിനും മകള്‍ ദേവിക്കുമൊപ്പം കുടുംബിനിയുടെ റോളില്‍ സന്തോഷവതിയാണ് ജലജ ഇപ്പോള്‍. ഇടയ്‌ക്കൊരു അവധിക്കാലം വീണുകിട്ടിയപ്പോള്‍ അവര്‍ കേരളത്തിലേക്ക് പറന്നെത്തി. ആലപ്പുഴയില്‍ വേമ്പനാട്ടുകായലിന്റെ കരയിലൂടെ, കുറെ ഓര്‍മകള്‍ക്കൊപ്പം ജലജ നടന്നുതുടങ്ങി.


കേരളീയത നിറഞ്ഞ വേഷങ്ങളായിരുന്നു സിനിമയില്‍ ജലജയ്ക്ക്. ഇപ്പോള്‍ വര്‍ഷങ്ങളായി താമസം വിദേശത്തും. നാടിനെ മിസ്സ് ചെയ്യാറില്ലേ?


ബഹ്‌റിനിലാണ് താമസിക്കുന്നതെങ്കിലും കേരളത്തിലെ പോലെത്തന്നെയാണ് അവിടെയും ജീവിക്കുന്നത്. ഓണവും വിഷുവും പിറന്നാളുമൊക്കെ വരുമ്പോള്‍ ഞങ്ങളും നാട്ടിലെപ്പോലെ സദ്യയും പായസവുമൊക്കെ ഒരുക്കും. അമ്പലങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് എനിക്ക് നാടിനെ മിസ് ചെയ്യുന്നതായി തോന്നാറ്. അതുകൊണ്ട് നാട്ടിലേക്കുള്ള ഓരോ വരവും ഞങ്ങള്‍ക്കൊരു തീര്‍ത്ഥയാത്രയാണ്്. ഇത്തവണ ഞാനും പ്രകാശും മോളും കൂടെ തിരുപ്പതി,പഴനി,മൂകാംബികയൊക്കെ പോയി. നാട്ടിലുള്ള ഏകദേശം അമ്പലങ്ങളിലൊക്കെ പ്രാര്‍ത്ഥിച്ചു. ഗുരുവായൂര്‍,ചോറ്റാനിക്കര,കാടാമ്പുഴ,ശ്രീപത്മനാഭ സ്വാമി,ആറ്റുകാല്‍,ഗണപതി ക്ഷേത്രം,ശ്രീകണ്‌ഠേശ്വരം അങ്ങനെ. നാട്ടില്‍ വന്ന് അമ്പലങ്ങളിലൊക്കെ പോവുമ്പോള്‍ ഒരു പ്രത്യേക എനര്‍ജി കിട്ടുന്നുണ്ട്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണല്ലോ നമ്മളിങ്ങനെയൊക്കെ ഇരിക്കുന്നത്. അപ്പോള്‍ ദൈവത്തെ പോയി തൊഴുതുവരുമ്പോള്‍ മനസ്സിനൊരു സന്തോഷം. ഒരുതരം അനുഭൂതി.


സിനിമയുടെ തിരക്കുകളില്‍ നിന്ന് പെട്ടെന്ന് കുടുംബജീവിതത്തിലേക്ക് പോവുകയായിരുന്നു ജലജ, എന്തൊക്കെയാണ് വിദേശ ജീവിതത്തിലെ സന്തോഷങ്ങള്‍?


രാവിലെ അമ്മു(ദേവി) സ്‌കൂളില്‍പോയിക്കഴിഞ്ഞാല്‍ മൂന്നുമണിയാവും തിരിച്ചുവരാന്‍. വീട്ടിലെ കാര്യങ്ങളും ചോറും കറിയുമൊക്കെ വെക്കണമെന്നല്ലാതെ എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. അങ്ങനെ വന്നപ്പോഴാണ് ഞങ്ങള്‍ 20 രാജ്യങ്ങളിലെ സ്ത്രീകള്‍ ചേര്‍ന്നൊരു കുക്കിങ്ങ് ഗ്രൂപ്പുണ്ടാക്കിയത്. ബ്രസീല്‍,സൗത്ത് ആഫ്രിക്ക, ഹോളണ്ട്, ഫ്രാന്‍സ്, ഈജിപ്ത്, ലെബനന്‍, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നൊക്കെയുള്ള സ്ത്രീകളാണ്. എല്ലാമാസവും രണ്ട് ചൊവ്വാഴ്ചകളില്‍ ഓരോ അംഗങ്ങളുടെയും വീട്ടില്‍ ഞങ്ങള്‍ ഒത്തുകൂടും. അവരവരുടെ രാജ്യത്തെ സ്‌പെഷല്‍ വിഭവങ്ങള്‍ പാചകം ചെയ്യും. അത് മറ്റുള്ളവരെ പഠിപ്പിക്കും. എന്റെ വീട്ടില്‍ ഇവരെത്തുമ്പോള്‍ ഞാന്‍ കേരളത്തിലെ വിഭവങ്ങളാണ് ഒരുക്കാറ്. ഇതിന്റെ റെസിപ്പിയും നല്‍കണം. കപ്പ,മീന്‍,പുട്ട്, കൂമ്പ് തോരന്‍ തുടങ്ങി കേരള വിഭവങ്ങള്‍ കാണുമ്പോള്‍ പലര്‍ക്കും അത്ഭുതമാണ്. ഇതെന്തായാലും ഭയങ്കരസന്തോഷംതരുന്ന ഏര്‍പ്പാടാണ്. മാസത്തില്‍ രണ്ടുദിവസം വല്ലോരുടെയും വീട്ടില്‍ പോയി അവരുടെ കുക്കിങ്ങ് കാണുകയും ചെയ്യാം,ഫുഡുംകഴിക്കാം. കഴിഞ്ഞ വര്‍ഷം എല്ലാവരും ചേര്‍ന്ന് പാചകപുസ്തകമിറക്കി. മുഖചിത്രം ഞങ്ങള്‍ ഇരുപത് കുക്കുമാരുടെ പടങ്ങളാണ്.


സിനിമയെ മോഹിച്ച ചെറുപ്പകാലമായിരുന്നോ ?


യാദൃശ്ചികമായാണ് ഞാന്‍ സിനിമയില്‍ വന്നത്. അച്ഛനപ്പോള്‍ മലേഷ്യയില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. ഞാനും ജനിച്ചതും വളര്‍ന്നതുമൊക്കെ അവിടെത്തന്നെ.കുറച്ചുകഴിഞ്ഞാണ് നാട്ടിലേക്ക് വരുന്നത്. സിനിമ ഒരിക്കലും എന്റെ ലക്ഷ്യം ആയിരുന്നില്ല. പറ്റിയാല്‍ ഒരു ടീച്ചര്‍ ആവണമെന്നുണ്ടായിരുന്നു. അച്ഛന്‍ പഠിപ്പിക്കുകയായിരുന്നല്ലോ. അതൊരു നല്ല പ്രൊഫഷന്‍ ആണെന്ന തോന്നലുണ്ടായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് വേണുച്ചേട്ടന്റെ (നെടുമുടി) കൂടെ നാടകത്തില്‍ അഭിനയിച്ചു. ഫാസിലൊക്കെ ഉണ്ടായിരുന്നു അതില്‍.
അപ്പോഴാണ് വേണുച്ചേട്ടന്‍ പറയുന്നത്. 'അരവിന്ദന്‍ പുതിയ പടമെടുക്കുന്നു. പുതുമുഖങ്ങളെയാണ് നോക്കുന്നതെന്ന്'. ഞാന്‍ ചോദിച്ചു.'ചേട്ടാ അതിന് എന്നെയൊക്കെ വിളിക്കുമോ' നമുക്ക് ഫോട്ടോകൊടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനപ്പോള്‍ ആലപ്പുഴയിലാണ് പഠിക്കുന്നത്. അരവിന്ദനെ കാണാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് പോയി. അദ്ദേഹമപ്പോള്‍ കാഞ്ചനസീതയുടെ വര്‍ക്കിനുവേണ്ടി ഡല്‍ഹിയിലാണ്. സംവിധായകനെ കാണാനൊത്തില്ല. ഇനി പടത്തിലെവിടെ അഭിനയിക്കാനാ. ഞാന്‍ കോളേജിലേക്കുതന്നെ തിരിച്ചുപോയി. അതുകഴിഞ്ഞ് വേണുച്ചേട്ടന്‍ തന്നെയാണ് ഷൊറണൂരില്‍ ഷൂട്ടിങ്ങിനുചെല്ലാന്‍ പറഞ്ഞെന്ന് അറിയിച്ചത്. ഭാരതപ്പുഴയുടെ തീരത്തായിരുന്നു തമ്പിന്റെ ഷൂട്ടിങ്ങ്. സന്ധ്യയായപ്പോഴാണ് ഞങ്ങള്‍ അവിടെയെത്തിയത്. പുഴയില്‍നിന്ന് കയറിവരുന്നതാണ് എന്റെ ആദ്യഷോട്ട്. നമ്മള്‍ നോക്കുന്നു, ശ്രീരാമന്‍ വരുന്നു അങ്ങനെയങ്ങനെ. കൂടുതല്‍ എക്‌സ്പ്രഷന്‍സാണ് അതില്‍. ഒറ്റ ഡയലോഗുമില്ല. അതുകൊണ്ട് യാതൊരു ടെന്‍ഷനുമില്ലായിരുന്നു.

മലയാള സിനിമയില്‍ ഗ്ലാമര്‍ അഭിനയം അരങ്ങുതകര്‍ക്കുമ്പോഴാണ് വഴിതെറ്റിയെത്തിയ നാട്ടുമ്പുറത്തുകാരിയെപ്പോലെ ജലജയുടെ വരവ്്
ഞാന്‍ തുടങ്ങുന്ന കാലത്ത് നസീര്‍,മധു,ഷീല,ജയഭാരതി,ശാരദ ഇവരൊക്കെയാണ് തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍. ജയഭാരതിയും ഷീലയുമൊക്കെ ഗ്ലാമറസ്സായി അഭിനയിക്കുന്ന കാലം. അങ്ങനെയൊരു ട്രെന്‍ഡിരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചതാണ്. ഞങ്ങളൊക്കെ വന്നാല്‍ എങ്ങനെ സ്വീകരിക്കുമെന്ന്.ഞാന്‍ വേണുച്ചേട്ടന്‍, ഗോപിച്ചേട്ടന്‍,നെടുമുടിച്ചേട്ടന്‍..ഞങ്ങളിത്രയും പേര്‍ ഒരുമിച്ചാണ്് സിനിമയില്‍ വന്നത്.
നമ്മളങ്ങനെ ഗ്ലാമറസ്സൊന്നുമല്ല. സാധാരണ അപ്പുറത്തും ഇപ്പുറത്തും കാണുന്നവര്‍. ആള്‍ക്കാര്‍ക്ക് ആ ഒരു ചേയ്ഞ്ച് വേണ്ടിയിരുന്നിരിക്കാം. ആ സ്ലോട്ടില്‍ വന്ന് വീഴുകയായിരുന്നു നമ്മള്‍. ഞങ്ങളൊക്കെ തുടങ്ങിയ കാലത്താണ് ഔട്ട് ഡോര്‍ ഷൂട്ടിങ്ങ് മലയാളത്തില്‍ സജീവമാവുന്നത്. ജീവിതത്തോട് അടുത്തുനില്‍ക്കുന്ന കഥകളും കഥാപാത്രങ്ങളുമൊക്കെ വരുന്നതോടെ ഷൂട്ടിങ്ങ് മണ്ണിലേക്കിറങ്ങി. അതോടെ ഒരു ട്രെന്‍ഡ് തന്നെ മാറിവന്നു. സിനിമയെന്നാല്‍ ഗ്ലാമര്‍ ആണെന്ന സങ്കല്‍പത്തിനും മാറ്റം വന്നു. തമ്പിലെ അഭിനയം കണ്ടിട്ടാണ് ബാലചന്ദ്രമേനോന്‍ രാധ എന്ന പെണ്‍കുട്ടിയിലേക്ക് വിളിക്കുന്നത്. പിന്നെ എനിക്കും ഒരുപാട് റോളുകള്‍ കിട്ടാന്‍ തുടങ്ങി.


അരവിന്ദന്‍, ഭരതന്‍, പത്മരാജന്‍, അടൂര്‍....മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയ അപൂര്‍വഭാഗ്യമുണ്ട് ജലജയ്ക്ക്?


അരവിന്ദന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതുതന്നെ ഒരു കൗതുകമാണ്. സാറ് അധികം അങ്ങനെ സംസാരിക്കില്ല. വന്ന് കാര്യം പതുക്കെ പറഞ്ഞുതരും. അടൂരിന്റെ കൂടെ എലിപ്പത്തായത്തിലുണ്ടായിരുന്നു. ഞാനാദ്യമായി സ്വന്തം ശബ്ദത്തില്‍ സംസാരിക്കുന്നത് ആ സിനിമയിലാണ്. അതുവരെ ഞാന്‍ ഡബ്ബ് ചെയ്തിരുന്നില്ല. ചിലരൊക്കെ കുറ്റപ്പെടുത്തി മാറ്റിനിര്‍ത്തുകയായിരുന്നു. എന്റെ മലയാളത്തിന് ഒരു ഇംഗ്ലീഷ് ചുവയുണ്ടെന്ന് പറഞ്ഞ്. അടൂരാണ് പറയുന്നത്. 'ജലജ യു ആര്‍ ഡബ്ബിങ്ങ്'. 'അത് സാര്‍ എന്റെ മലയാളത്തില്‍ ഭയങ്കര ഇംഗ്ലീഷാണല്ലോ.' 'തന്റെ മലയാളത്തിന് ഒരു കുഴപ്പവുമില്ല', അദ്ദേഹം ആശ്വസിപ്പിച്ചു. എനിക്ക് വലിയ സന്തോഷമായി. അടൂര്‍ സാറാണെങ്കില്‍ മൈന്യൂട്ടായിട്ടുള്ള ഡീറ്റെയില്‍സ്‌പോലും പറഞ്ഞുതരും. അരവിന്ദന്റെ പടത്തില്‍ നടന്നുവരുന്ന ഷോട്ടാണെങ്കില്‍ നടന്നുവരണം എന്നേ പറയൂ. അടൂരാണെങ്കില്‍ നിങ്ങള്‍ നടന്നുവരുന്നു,അവിടെ നോക്കുന്നു,അത് ശ്രദ്ധിക്കണം, ഇത് ശ്രദ്ധിക്കണം,തിരിഞ്ഞുനോക്കണം തുടങ്ങി വിഷ്വലായിട്ട് പുള്ളി എന്തൊക്കെയാണ് മനസ്സില്‍ കാണുന്നതെന്നുവെച്ചാല്‍ അതെല്ലാം പറയും. എല്ലാം നമുക്ക് കറക്ടായിട്ട് വരും.

ഭരതേട്ടനാണെങ്കിലും ഇങ്ങനെയൊക്കെ തന്നെ. മദ്രാസില്‍ ഒരു പടത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോളാണ് ഭരതേട്ടന്‍ മര്‍മരത്തില്‍ അഭിനയിക്കാന്‍ വിളിക്കാന്‍ വരുന്നത്. അദ്ദേഹം ആവശ്യപ്പെട്ട സമയത്ത് ഞാന്‍ വേറൊരു പടത്തിന് ഡേറ്റുകൊടുത്തിരിക്കുകയാണ്. 'അതൊന്ന് മാറ്റാന്‍ പറ്റുമോയെന്ന് നോക്കൂ', അദ്ദേഹം പറഞ്ഞു. പലരും അങ്ങനെ ഡേറ്റ് മാറ്റാറുണ്ടായിരുന്നു. 'എനിക്കക്കതു ചെയ്യാന്‍ പറ്റില്ല. നമ്മളൊരു പ്രൊഫഷനില്‍ നില്‍ക്കുകയാണെങ്കില്‍ ഇറ്റ് ഈസ് നോട്ട് എത്തിക്കല്‍'. അദ്ദേഹത്തോട് അങ്ങനെ പറയുമ്പോള്‍ വലിയ വിഷമമുണ്ടായിരുന്നു. കാരണം ഭരതന്‍ സാറിന്റെ പടത്തില്‍ ഇനിയൊരു അവസരം കിട്ടണമെന്നില്ലല്ലോ. എനിക്കെന്തായാലും അതിന് ഭാഗ്യമുണ്ടാവില്ലെന്ന് സമാധാനിച്ചു. പിന്നെ മൂന്നാലുമാസം കഴിഞ്ഞ് ഞാനദ്ദേഹത്തെ കണ്ടപ്പോള്‍ ചോദിച്ചു 'സാര്‍ മര്‍മരങ്ങള്‍ എങ്ങനെയുണ്ട്'.'മര്‍മരങ്ങള്‍ അല്ല കുട്ടി, മര്‍മരം.അത് തനിക്കുള്ള പടമല്ലേ..'ഞാന്‍ ഞെട്ടിപ്പോയി. സംഭവിച്ചതെന്താണെന്നുവെച്ചാല്‍ അതിലെ നായികയ്ക്ക് സുഖമില്ലാതായി.അതോടെ ഷൂട്ടിങ്ങുതന്നെ പാക്കപ്പ് ചെയ്യേണ്ടി വന്നു. അങ്ങനെ എനിക്ക് നഷ്ടപ്പെട്ടെന്ന് കരുതിയ റോള്‍ തിരിച്ചുകിട്ടുകയായിരുന്നു.


വേണുനാഗവള്ളി-ജലജ. അക്കാലത്തെ ഭാഗ്യജോടികളായിരുന്നു അത്?


ഞങ്ങളൊരുമിച്ച് ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വലിയ കൂട്ടായിരുന്നു അദ്ദേഹം. കുറച്ചുനാള്‍ മുമ്പ് എന്റെ ഒരു സുഹൃത്താണ് അ ദ്ദേഹത്തിന് തീരെ സുഖമില്ലെന്ന് പറഞ്ഞത്. ആസ്പത്രിയിലായെന്ന് കേട്ടപ്പോള്‍ ഞാന്‍ ബഹ്‌റിനില്‍ നിന്ന് ഓടിയെത്തി. എന്റെ മോളെക്കുറിച്ച് അദ്ദേഹം എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. കുറെനേരം അവളെ അരികത്തിരുത്തി. തീരെ സുഖമില്ലായിരുന്നു അദ്ദേഹത്തിന്. അപ്പോള്‍ എന്റെ ഓര്‍മയിലൂടെയും പഴയ ഷൂട്ടിങ്ങ് കാലമൊക്കെ കടന്നുപോയി. കുറേനേരം ഞങ്ങളവിടെയിരുന്നു. ഭയങ്കര സങ്കടമുണ്ടായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. പിറ്റേന്ന് ഞാന്‍ ബഹ്‌റിനിലേക്ക് പോയി. പിന്നെ മൂന്നാലുദിവസം കഴിഞ്ഞ് അദ്ദേഹം മരിച്ചെന്നറിഞ്ഞു. എനിക്ക് മനസ്സില്‍ വല്ലാതെ തോന്നി. ഞാന്‍ പഴയതെല്ലാം വേദനയോടെ ഓര്‍ത്തു.


പത്മരാജന്‍ തിരക്കഥ വായിക്കുന്നത് കേട്ട് ജലജ കരഞ്ഞെന്ന് ഒരു കഥയുണ്ട്?


'
ശാലിനി എന്റെ കൂട്ടുകാരി'യുടെ സമയത്താണ് അത്. പത്മരാജന്‍ സാറായിരുന്നല്ലോ കഥ. മോഹന്‍ സംവിധായകനും. ഞാനന്ന് പൂജപ്പുരയിലാണ് താമസിച്ചിരുന്നത്. പപ്പേട്ടനും പൂജപ്പുരയിലാണ്. ആദ്യമായാണ് കഥ കേള്‍ക്കാന്‍ വേണ്ടി ഒരു സംവിധായകന്റെ അടുത്തുപോവുന്നത്. സാധാരണ നമ്മളോട് കാരക്ടേഴ്‌സ് പറയുകയേയുള്ളൂ. മുഴുവനായിട്ട് കഥ പറഞ്ഞുതരില്ല. എനിക്കെന്റെ കാരക്ടര്‍ എന്താണ്,നല്ലതാണോ എന്നൊക്കെ അറിഞ്ഞിട്ട് കൊള്ളാമെന്ന് തോന്നുകയാണെങ്കില്‍ വര്‍ക്ക് ചെയ്യും.പക്ഷേ ഇത് സാറ് കഥ പറഞ്ഞുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണിങ്ങനെ നിറഞ്ഞുവരികയാണ്. ഒരു ടച്ചിങ്ങ് സ്‌റ്റോറി ആണല്ലോ അത്. അദ്ദേഹത്തിന്റെ കഥ പറയല്‍രീതിയും അങ്ങനെയാണ്. ഹൃദയത്തെ തൊട്ടുപോവുന്ന കഥകള്‍. ഒത്തിരി സമയമെടുത്താണ് ഞാന്‍ ആ കഥ കേട്ടത്. ഷൂട്ടിങ്ങ് തുടങ്ങുംമുമ്പേ മനസ്സില്‍ ആ സിനിമ നിറഞ്ഞുകിടന്നു.

വളരെ പവര്‍ഫുള്ളായ രണ്ട് ഫീമെയില്‍ കാരക്ടേഴ്‌സാണ് അതില്‍. ശോഭയാണ് പ്രധാനവേഷത്തില്‍. ഒരുമാസത്തോളം കോഴിക്കോട് അളകാപുരിയില്‍ താമസിച്ചായിരുന്നു ആ സിനിമയുടെ വര്‍ക്ക്. അക്കാലം ഞങ്ങള്‍ അടിച്ചുപൊളിച്ചു. ഗുരുവായൂരപ്പന്‍ കോളേജിലായിരുന്നു ഷൂട്ടിങ്ങ്. അതുകഴിഞ്ഞ് ഷോപ്പിങ്ങിനുപോയി. കോഴിക്കോടന്‍ ഹല്‍വ വാങ്ങി,സിനിമയ്ക്ക് പോയി. ആ കഥയൊക്കെ ഓര്‍മ വരുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണ് നിറയും. ശോഭയുടെ മരണമൊക്കെ വന്ന് സങ്കടപ്പെടുത്തും.

എന്തോ ഞാന്‍ വളരെ സെന്‍സിറ്റീവാണ്. സിനിമ കാണാന്‍ പോവുമ്പോള്‍ ഇപ്പോഴും പ്രകാശ് വഴക്ക് പറയാറുണ്ട്.'പോവുന്നതൊക്കെ കൊള്ളാം. കണ്ണീര് തുടയ്ക്കാന്‍ ബെഡ്ഷീറ്റെടുക്കണോ, അതോ ബഌങ്കെറ്റ് വേണോ'എന്ന് ചോദിക്കും. എന്റെ മോള്‍ക്കും കിട്ടിയിട്ടുണ്ട് ഈ ശീലം. ഇത്തവണ പാലക്കാട് വന്നപ്പോള്‍ ഞാന്‍ ദൈവത്തിരുമകന്‍ കാണാന്‍പോയി. സിനിമ കഴിയുമ്പോഴേക്കും എന്റെ സ്വഭാവം പുറത്തുവന്നു. പിന്നെ മോളും തുടങ്ങി കരച്ചില്‍.അതുകണ്ട് കൂടെവന്ന കുടുംബക്കാരും. ഭാഗ്യത്തിന് പത്ത് പതിനഞ്ചുപേരേ തിയേറ്ററിലുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അധികമാളുകള്‍ കാണാതെ രക്ഷപ്പെട്ടു.


കൂടെ അഭിനയിച്ച നായകനടന്‍മാരെക്കുറിച്ചുള്ള ഓര്‍മകള്‍...


ജയന്‍, സുകുമാരന്‍, സോമന്‍ എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. കൂടുതല്‍ അഭിനയിച്ചത് വേണുച്ചേട്ടന്‍മാരുടെ കൂടെയാണ്, നാഗവള്ളിയും നെടുമുടിയും. പാട്ട് എന്റെയൊരു സ്‌ട്രോങ്ങ് ഏരിയയല്ല. മര്‍മരത്തില്‍ എനിക്ക് വീണ വായിക്കാനുള്ള സീനുണ്ട്. ആരോഹണത്തിനും അവരോഹണത്തിനുമനുസരിച്ച് വിരലുകള്‍ മേലോട്ടും താഴോട്ടുമൊക്കെ പോവണം. എത്ര ശ്രമിച്ചിട്ടും അതെനിക്ക് പിടികിട്ടുന്നില്ല. അപ്പോള്‍ നെടുമുടിയാണ് ഉപായം പറഞ്ഞത്. 'അപ്പ്,ഡൗണ്‍ എന്നുപറഞ്ഞാല്‍ മതി.അല്ലാതെ ആരോഹണവും അവരോഹണവും നോക്കാന്‍പോയാല്‍ തന്റെ എക്‌സ്പ്രഷന്‍ മാറുമെന്ന്.'

സുകുവേട്ടനാണെങ്കില്‍ ഡയലോഗ് പറയുന്ന കാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞുതന്നിട്ടുണ്ട്. പുതുമുഖമാവുമ്പോള്‍ അനുഭവപരിചയമുള്ളവര്‍ പറയുന്നത് നമ്മളും അനുസരിക്കും. മമ്മുക്കയുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. പുള്ളിയത്ര സീരിയസ്സായിട്ടൊന്നും തോന്നിയിട്ടില്ല. പിന്നെ അന്നത്തെ കാലത്ത് നമ്മള്‍ സെറ്റില്‍ വരുന്നു, വര്‍ക്ക് ചെയ്യുന്നു, പോകുന്നു അത്രയേയുള്ളൂ. കൂടുതല്‍ സോഷ്യലായിട്ടുള്ള ഇടപെടലൊന്നുമുണ്ടായിരുന്നില്ല.


റോളിനുവേണ്ടി നടിമാര്‍ക്കിടയില്‍ കിടമത്സരം ഉണ്ടായിരുന്നോ?


അന്ന് അഭിനയരംഗത്ത് സ്ത്രീകള്‍ കുറവല്ലേ. ഇപ്പോള്‍ അങ്ങനെയല്ലല്ലോ. നോക്കുന്നിടത്ത് എല്ലാം സിനിമാക്കാരല്ലേ. ഇപ്പോള്‍ മത്സരം വളരെ ഹൈ ആണെന്നാണ് തോന്നുന്നത്. ട്രെന്‍ഡ് മാറിവന്നതുകൊണ്ടാവും. പണ്ട് സിനിമ എന്നുപറഞ്ഞാല്‍ അത് ശരിയാവുമോ എന്ന് ആളുകളൊന്ന് സംശയിച്ച് നിന്നിരുന്നു.

ഞാന്‍ ശാരദാമ്മയുടെ കൂടെ എലിപ്പത്തായത്തില്‍ അഭിനയിച്ചു. വിദ്യാമ്മയുടെയും ഷീലാമ്മയുടെയും കൂടെ വര്‍ക്ക് ചെയ്തു. അവര്‍ക്കെല്ലാം കുഞ്ഞനിയത്തിയെപ്പോലെയായിരുന്നു ഞാന്‍. പുതിയ ആളാണെന്ന് വെച്ച് ഒതുക്കിനിര്‍ത്തുകയൊന്നുമുണ്ടായിട്ടില്ല. എന്ത് ഹെല്‍പ്പും ചെയ്യും. ഈ ഷോട്ടിന് അങ്ങനെ നില്‍ക്കണം,കുറച്ചുകൂടി മേക്കപ്പിടണം.കുറച്ചുകൂടി നല്ല വേഷം ധരിച്ച് നടക്കണം എന്നൊക്കെ ഉപദേശിച്ചിട്ടുണ്ട്. അവര്‍ ഗ്ലാമറിന്റെ സൈഡില്‍നിന്ന് വന്നവരല്ലേ. നമുക്ക് അങ്ങനെയൊന്നും അറിയില്ലല്ലോ. മേക്കപ്പേ ഇല്ലെന്ന മട്ടിലായിരുന്നു അന്ന് എന്റെ നടപ്പ്. വിദ്യാമ്മയാണേല്‍ എപ്പോഴും പറയും, 'ജലജ കുറച്ചുകൂടെ പൂ വെക്ക്. അല്ലേല്‍ കുറച്ചുകൂടെ മേക്കപ്പിട്,നന്നായിരിക്കും'എന്നൊക്കെ. വിദ്യാമ്മ എന്റെ അമ്മയായി കുറെ അഭിനയിച്ചിട്ടുണ്ട്. എനിക്കും തിരക്കുള്ള കാലമായിരുന്നു അത്. മൂന്നുവര്‍ഷംകൊണ്ട് നായിക തന്നെയായി 18 സിനിമകള്‍. ആകെ നൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ടാവും.


ആരെങ്കിലും കരയുന്നത് കണ്ടാല്‍ 'വേനലിലെ രമണിയെപ്പോലെ' എന്നൊരു പ്രയോഗം ഇപ്പോഴുമുണ്ട് കേരളത്തിലെ കാമ്പസുകളില്‍?
എനിക്ക് കിട്ടിയത് അധികവും ശോകകഥാപാത്രങ്ങളായതുകൊണ്ട് ആ വേഷങ്ങളില്‍ തളച്ചിടപ്പെടുകയായിരുന്നു ഞാന്‍. 'വേനലി'ലാണെങ്കില്‍ ആദ്യപകുതിയില്‍ നല്ല ചുറുചുറുക്കുള്ള പെണ്‍കുട്ടി.രണ്ടാംപകുതിയില്‍ കല്യാണമൊക്കെ കഴിഞ്ഞ് കരയുന്ന കഥാപാത്രം. പക്ഷേ അതിന് മികച്ചനടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയെന്നത് വേറെ കാര്യം. ആള്‍ക്കാര്‍ക്ക് അന്ന് എന്നെ കരയിച്ചാലേ അടങ്ങുള്ളൂ എന്ന മട്ടായിരുന്നു.ഞാന്‍ കരയാത്ത രണ്ട് പടങ്ങളേ ഉള്ളൂ. മണ്ടന്‍മാര്‍ ലണ്ടനിലും എലിപ്പത്തായവും.എലിപ്പത്തായത്തിന്റെ സമയത്ത് അടൂര്‍ സാര്‍ പറഞ്ഞു,'ജലജയ്ക്ക് ഞാന്‍ ഗ്ലിസറിന്‍ തരില്ല.'ഞാനദ്ദേഹത്തിന് താങ്ക്‌സ് പറഞ്ഞു, ഇതിലെങ്കിലും കരയണ്ടല്ലോ. ശോകകഥാപാത്രങ്ങള്‍ ഞാന്‍ നന്നായി ചെയ്തതുകൊണ്ടാവും വീണ്ടും വീണ്ടും അത്തരം വേഷങ്ങള്‍ കിട്ടിയത്. ജലജയ്ക്ക് ഇത്തരം കഥാപാത്രങ്ങളാണ് ചേരുകയെന്ന് സിനിമാക്കാര്‍ക്ക്് തോന്നിക്കാണും.


നായികാപ്രാധാന്യമുള്ള സിനിമകള്‍ കുറഞ്ഞുവരികയാണോ ഇപ്പോള്‍?


ശരിക്കും ഭാഗ്യം ചെയ്ത നായികമാരാണ് എന്റെ തലമുറയിലുള്ളത്. ഞങ്ങളുടെ കാലം കഴിഞ്ഞ് കുറെ കോമഡി സിനിമകള്‍ വന്നു. അപ്പോഴും നല്ല ഫാമിലി സബ്ജക്ടുകള്‍ വന്നിരുന്നു. പിന്നെയെന്ത് പററിയെന്ന് അറിയില്ല.സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സബ്ജക്ടുകള്‍ വന്നാല്‍ ഇപ്പോഴും ആളുകള്‍ സ്വീകരിക്കും. മലയാളത്തില്‍ ഒരു ട്രെന്‍ഡ് വന്നുകഴിഞ്ഞാല്‍ പിന്നെ എല്ലാരും അതിന്റെ പുറകേ പോവുകയാണ്.
തമിഴ്‌സിനിമയിലെ മാറ്റം കണ്ടില്ലേ. സുബ്രഹ്മണ്യപുരം, നാടോടികള്‍,പരുത്തിവീരന്‍,മൈന...അങ്ങനെ എത്ര നല്ല ചിത്രങ്ങളാ.ഇതൊക്കെ ശരിക്കും മലയാളത്തിന്റെ പടങ്ങളായി വരേണ്ടവയാണ്. അത്രയ്ക്കും ജീവിതഗന്ധിയായ കഥയും കഥാപാത്രങ്ങളും. ഇപ്പോള്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പോലുള്ള വ്യത്യസ്ത സിനിമകള്‍ വരുന്നുവെന്ന ആശ്വാസമുണ്ട്. അതില്‍ റൊമാന്‍സിന്റെ അംശം ഉണ്ടെങ്കിലും ഭക്ഷണത്തില്‍ കൂടി കൊണ്ടുവന്നത് നന്നായി. ബാബുരാജിന്റെ മാറ്റവും നന്നായി. സാധാരണ സിനിമയില്‍ അങ്ങേര്‍ക്ക് ചവിട്ട് ഒഴിഞ്ഞിട്ട് നേരമുണ്ടായിരുന്നില്ല.

കഴിവുള്ള നടിമാരും ഒരുപാടുണ്ടല്ലോ മലയാളത്തില്‍. എന്നെ വിസ്മയിപ്പിച്ച നടിയാണ് മഞ്ജു വാര്യര്‍. എത്രയെത്ര ചിത്രങ്ങളുണ്ട് അവരുടേതായി. അതുകഴിഞ്ഞിട്ടു വന്ന കഴിവുള്ള കുട്ടിയാണ് കാവ്യ. എന്റെ സൈസ് കാരക്ടരേഴ്‌സ് ചെയ്തതുകൊണ്ടായിരിക്കാം അവളോട് ഇത്ര ഇഷ്ടം. ഒതുങ്ങിയ നാട്ടിന്‍പുറത്തുകാരിയായല്ലേ മിക്ക വേഷങ്ങളും. പിന്നെ ശ്വേതാമേനോന്‍. രണ്ടാം വരവില്‍ അവരിപ്പോള്‍ കുറച്ച് നല്ല പടങ്ങളൊക്കെ ചെയ്തല്ലോ.


സീമ, ശാരദ, മേനക... തിരിച്ചുവരവിന്റെ പാതയിലാണ് പഴയ തലമുറ


ഗുരുവായൂരില്‍ എന്റെ കല്യാണം നടക്കുമ്പോള്‍ ഒരു പത്രക്കാരന്‍ ചോദിച്ചു,'ചേച്ചി ഇതോടെ അഭിനയം നിര്‍ത്തുകയാണോ'. കല്യാണം കഴിഞ്ഞ് അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് പോയ എത്രയോപേര്‍ വീണ്ടും വന്ന് അഭിനയിച്ചിട്ടുണ്ട്. എന്തായാലും ഞാന്‍ അങ്ങനെ പറയുന്നില്ലെന്ന് മറുപടിയും പറഞ്ഞു. പ്രകാശിന് അഭിനയിക്കുന്ന കാര്യത്തില്‍ വിരോധമില്ല. വീട്ടില്‍ത്തന്നെ ഇരിക്കണമെന്ന് നിര്‍ബന്ധിച്ചിട്ടുമില്ല. ഒരു ഗള്‍ഫ് ഷോക്കിടെ പരിചയപ്പെട്ടതാണ് അദ്ദേഹത്തെ. പ്രണയമൊന്നുമുണ്ടായിരുന്നില്ല. ഫ്രന്‍ഡ്ഷിപ്പായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ഇടയ്‌ക്കൊരു ബ്രേക്ക് വന്നു. പിന്നെ വേറൊരു ഷോയ്ക്ക് വന്നപ്പോള്‍ വീണ്ടുംകണ്ടു. പുള്ളിയാണ് പ്രൊപ്പോസ് ചെയ്തത്. പരിചയമുള്ള ഒരാളെ കല്യാണം കഴിക്കുമ്പോള്‍ കംഫര്‍ട്ട് ലെവല്‍ കുറച്ച് കൂടുമല്ലോ. അങ്ങനെ കല്യാണം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

അതു കഴിഞ്ഞ് ഞാന്‍ ബഹ്‌റിനിലേക്ക് പോയി. ഓയില്‍ കമ്പനിയിലായിരുന്നു ഭര്‍ത്താവിന് ജോലി. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ കുടുംബത്തെ അവിടെ വിട്ടുപോരണം. അതു പ്രയാസമാണ്. ഇടയ്ക്ക് ചില സീരിയലുകളും ടെലിഫിലിമുകളുമൊക്കെ ചെയ്തു. വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് മോള്‍ പിറന്നു. പിന്നെ ഒന്നിനും സമയമില്ലാതായി. അവളുടെ ഡ്രൈവറായി,നഴ്‌സായി, കുക്കായി. ഒരമ്മയായിക്കഴിഞ്ഞാല്‍ എന്റെ പ്രയോറിറ്റി അതൊക്കെയല്ലേ. സിനിമയില്‍നിന്ന് മാറിനിന്നപ്പോള്‍ എനിക്കൊരു വിഷമവും തോന്നിയിട്ടില്ല. നല്ല റോളുകള്‍ വന്നാല്‍ ഒരുപക്ഷേ ഇനിയും ഞാന്‍ തിരിച്ചുവന്നെന്നിരിക്കും.


സിനിമയില്‍ അമ്മ വേഷത്തില്‍ ഒരുപാട് റോളുകള്‍. ഇപ്പോള്‍ ജീവിതത്തിലും. കൗമാരക്കാരെക്കുറിച്ചൊക്കെ ആലോചിച്ച് ടെന്‍ഷനടിക്കുന്ന അമ്മയാണോ?


ജനിച്ചുവീഴുന്നതേ മൊബൈല്‍ ഫോണ്‍ കൊണ്ടാണെന്ന മട്ടാണ് ഇപ്പോഴത്തെ പിള്ളേര്‍ക്ക്. ഫോണും ഇന്റര്‍നെറ്റും എല്ലാവര്‍ക്കുമുണ്ട്. അ തേപോലെ പ്രശ്‌നങ്ങളും. ഇന്ന് രക്ഷിതാക്കള്‍ കര്‍ശനമായിരിക്കുകയേ വഴിയുള്ളൂ. ഒരു ലിമിറ്റൊക്കെ വെച്ചിട്ടേ കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കാവൂ.

ഇന്റര്‍നെറ്റൊക്കെ വന്നപ്പോള്‍ എന്ത്കാര്യവും എക്‌സ്‌പോസ്ഡ് ആയി. അതൊക്കെ കണ്ടിട്ട് പിള്ളാര്‍ക്ക് എന്ത് ചെയ്യണമെന്ന് മനസ്സിലാവാത്ത അവസ്ഥയാണ്. ഞാനെന്റെ മോളോട് പറയാറുണ്ട്. പല കുട്ടികളുടെ കൈയിലും പല പുതിയ സാധനങ്ങളും കാണും. പക്ഷേ ഞങ്ങള്‍ക്ക് കൂടി ബോധ്യമുണ്ടെങ്കിലേ അതൊക്കെ നിനക്ക് വാങ്ങിത്തരൂ എന്ന്്.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളൊക്കെ വായിക്കുമ്പോള്‍, സത്യം പറഞ്ഞാല്‍ നാട്ടിലേക്ക് വരാന്‍ പേടിയാണ്. ട്രെയിന്‍ യാത്രക്കിടയില്‍ കൊല്ലപ്പെട്ട സൗമ്യയെക്കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ ടെന്‍ഷനാണ്. എന്ത് സമാധാനത്തിലാ പെണ്‍കുട്ടികള്‍ വെളിയിലിറങ്ങി നടക്കുക. എല്ലായിടത്തും പീഡനകഥകളല്ലേ. ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഈ മനുഷ്യന്‍മാരെന്താ ഇങ്ങനെ. ഇത്രയും പ്രാന്ത് പിടിച്ച ആള്‍ക്കാരായിപ്പോയല്ലോ മലയാളികള്‍ എന്നോര്‍ത്ത് സങ്കടം തോന്നാറുണ്ട്.


അറബ് ലോകത്തും വിപ്ലവങ്ങളുടെ കാലമാണല്ലോ?ബഹ്‌റിനിലെ ജീവിതത്തെ അതെങ്ങനെയെങ്കിലും ബാധിച്ചോ?


ബഹ്‌റിനിലും ഈയിടെ കുറെ പ്രശ്‌നങ്ങളുണ്ടായി. മാര്‍ച്ചില്‍ ഒരു മാസത്തോളം സ്്കൂളൊക്കെ അടച്ചിട്ടു. പിള്ളാരുടെ സേഫ്റ്റി എന്നുപറഞ്ഞിട്ട്. മലയാളികളടക്കം കുറെപ്പേര്‍ രാജ്യംതന്നെ വിട്ടുപോയി. പല കുടുംബങ്ങളും ടെന്‍ഷനിലായിരുന്നു.ആ ഒരു സമയത്ത് ഞങ്ങള്‍ക്കും ഭീതി തോന്നിയിരുന്നു. പ്രശ്‌നങ്ങള്‍ ആളിക്കത്തി ഈജിപ്തിലെപ്പോലെയൊക്കെ ആയാലോ..ആരും വെളിയിലൊന്നും പോകാതെ വീട്ടില്‍ അടച്ചിരുന്നു.വടി കൊടുത്ത് അടി വാങ്ങണ്ടല്ലോ. കടകളില്‍ സാധനങ്ങളൊക്കെ തീര്‍ന്നുപോയി. ആളുകള്‍ ഒരുമാസത്തേക്കൊക്കെ വാങ്ങിച്ചുകൂട്ടിയിരിക്കയാണ്. സൗദിയില്‍നിന്നൊക്കെ പട്ടാളം വന്നപ്പോഴാണ് എല്ലാം ഒന്നടങ്ങിയത്. ഞങ്ങള്‍ താമസിക്കുന്നത് റിഫായിലാണ്. പ്രധാനമന്ത്രിയുടെ കൊട്ടാരത്തിനടുത്ത്. ഭാഗ്യത്തിന് അവിടെ വലിയ കുഴപ്പങ്ങളൊന്നുമുണ്ടായില്ല.

 

 

 

Regards,


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment