Sunday 9 October 2011

[www.keralites.net] ജനസംഖ്യ കുറയുന്നത് ഈ പ്രശ്നത്തിന് പരിഹാരമാകുമോ?

 

ജനസംഖ്യ കുറയുന്നത് ഈ പ്രശ്നത്തിന് പരിഹാരമാകുമോ?

സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പ് 'സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന' നിയമങ്ങള്‍ നിര്‍ദേശിക്കാന്‍ ജസ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നിയോഗിച്ചകമീഷന്‍ ഈയിടെ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധി ശിപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്നതാണ്. അവയില്‍ ചിലത് അപ്പടി നടപ്പിലാക്കേണ്ടതും ചിലത് ഭേദഗതികളാവശ്യമുള്ളതും ചിലത് അവഗണിക്കേണ്ടതുമായിരിക്കുക സ്വാഭാവികമാണ്. എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങളും താല്‍പര്യങ്ങളും കണക്കിലെടുത്തുകൊണ്ടായിരിക്കും റിപ്പോര്‍ട്ടിന്മേല്‍ നടപടി കൈക്കൊള്ളുക എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഏറെ വിവാദ വിഷയമായിട്ടുള്ളത് ജനനനിയന്ത്രണം സംബന്ധിച്ച് കമീഷന്‍ ഉന്നയിച്ച നിര്‍ദേശങ്ങളാണ്. ഒരു വശത്ത് പെണ്‍ഭ്രൂണഹത്യ കര്‍ശനമായി തടയാന്‍ നിര്‍ദേശിക്കുന്ന കമീഷന്‍ മറുവശത്ത് ജനപ്പെരുപ്പം കുറക്കാന്‍ ഗര്‍ഭഛിദ്രവും ഭ്രൂണഹത്യയും പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. രണ്ടിലേറെ കുട്ടികളുണ്ടാകുന്ന കുടുംബത്തിന് സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ തടയാനും ജനനനിയന്ത്രണത്തിനെതിരെ പ്രചാരണം നടത്തുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് ശിക്ഷാ നടപടികള്‍ കൈക്കൊള്ളാനും നിര്‍ദേശിച്ചിരിക്കുന്നു. ഇത്തരം ശിപാര്‍ശകള്‍ വിവാദം ക്ഷണിച്ചുവരുത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ജനം പെരുത്താല്‍ അവര്‍ക്കാഹരിക്കാന്‍ ഭക്ഷണം തികയില്ല. പാര്‍ക്കാന്‍ വീടുകളുണ്ടാവില്ല. ആരോഗ്യ-വിദ്യാഭ്യാസ സൌകര്യങ്ങളുണ്ടാവില്ല. തൊഴില്‍ സൌകര്യങ്ങളുണ്ടാവില്ല. അങ്ങനെ തിങ്ങിഞെരുങ്ങിയ ജനം പട്ടിണി കൊണ്ട് നരകിച്ച് നശിക്കും. ജനനം നിയന്ത്രിച്ച് ജനസംഖ്യ കുറച്ചുകൊണ്ട് വരികയാണ് അതിനുള്ള ഒരേയൊരു പരിഹാരം. ഇങ്ങനെ ഒരാശങ്കയും അതിനെ ആസ്പദമാക്കിയുള്ള പരിഹാര നിര്‍ദേശവും കുറെക്കാലമായി ചിലയാളുകള്‍ ഒരനിഷേധ്യ സിദ്ധാന്തമായി പ്രചരിപ്പിച്ചുവരുന്നുണ്ട്. ഈ ഊഹത്തെ ആധാരമാക്കിയാണ് സാമൂഹികക്ഷേമ വകുപ്പ് നിയോഗിച്ച കമീഷന്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തെ സമീപിച്ചതെന്ന് വ്യക്തം. എന്നാല്‍, ആധുനിക ലോകത്തിന്റെ ഗതി പരിശോധിച്ചാല്‍ ജനപ്പെരുപ്പത്തിന്റെ പരിണതിയെക്കുറിച്ചുള്ള ആശങ്ക അസ്ഥാനത്താണെന്ന് കാണാം. കേരളത്തിന്റെ കാര്യം തന്നെ എടുക്കുക: അമ്പതു കൊല്ലം മുമ്പ് ഒരു കോടിയില്‍ താഴെയായിരുന്നു കേരളത്തിലെ ജനസംഖ്യ. അന്ന് നമ്മുടെ മുഖ്യാഹാരമായ അരിയുടെ ഗണ്യമായ ഭാഗം കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിച്ചിരുന്നു. എന്നിട്ടും അന്നനുഭവപ്പെട്ടിരുന്ന പട്ടിണിയും ദാരിദ്യ്രവും എത്ര രൂക്ഷമായിരുന്നു! ആരോഗ്യ-വിദ്യാഭ്യാസ-തൊഴില്‍ സൌകര്യങ്ങള്‍ എത്ര പരിമിതമായിരുന്നു! ഇന്ന് മൂന്നേകാല്‍ കോടിയോളമാണ് കേരളത്തിന്റെ ജനസംഖ്യ. മുഖ്യ ആഹാരമായ അരിയുല്‍പാദിപ്പിച്ചിരുന്ന വയലുകളേറെയും തോട്ടങ്ങളും കോണ്‍ക്രീറ്റ് കാടുകളുമായി മാറി. എന്നിട്ടും പട്ടിണി അപൂര്‍വമാണ്. ആവശ്യക്കാരന് രണ്ട് രൂപക്കും ഒരു രൂപക്കും ചിലപ്പോള്‍ സൌജന്യമായും അരി ലഭിക്കുന്നുണ്ട്. ആരോഗ്യ വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെല്ലാം കേരളം അന്നത്തേക്കാള്‍ വികസിച്ചിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ആര്‍ക്കാണ് നിഷേധിക്കാനാവുക? ജനസംഖ്യാ വര്‍ധന പട്ടിണിയും ദാരിദ്യ്രവും വളര്‍ത്തുകയും വികസനം തടയുകയും ചെയ്യുമെങ്കില്‍ നമ്മുടെ അവസ്ഥ അമ്പതുകൊല്ലം മുമ്പുണ്ടായിരുന്നതിനേക്കാള്‍ പതിന്മടങ്ങ് ശോചനീയമാകേണ്ടതാണ്.
ജീവജാലങ്ങളുടെ വാഴ്വിന് പ്രകൃതി അതിന്റേതായ നിയമങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിച്ചു വാഴേണ്ട ജീവിയാണ് മനുഷ്യന്‍. വെല്ലുവിളികള്‍ നേരിട്ടു കൊണ്ട് മുന്നോട്ട് പോകാനുള്ള കഴിവും യോഗ്യതയും പ്രകൃതി അവനു നല്‍കിയിട്ടുണ്ട്. മനുഷ്യന് ആവശ്യമായ വിഭവങ്ങളെല്ലാം പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നു. അതാണ് ഖുര്‍ആന്‍ പറഞ്ഞത്: "ദാരിദ്യ്രം ഭയന്ന് നിങ്ങളുടെ മക്കളെ കൊല്ലരുത്. നാമാകുന്നു അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത്. സന്താനഹത്യ തീര്‍ച്ചയായും മഹാ പാപമാകുന്നു'' (17:31). "ഭൂമിയില്‍ ഒരു ജീവിയുമില്ല, അല്ലാഹുവിന് അതിന്റെ ആഹാരത്തിന്റെ ഉത്തരവാദിത്വമുണ്ടായിട്ടല്ലാതെ'' (11:6). "യാതൊരു വസ്തുവും, അതിന്റെ വിഭവ ഖജനാവുകള്‍ നമ്മുടെ പക്കലുണ്ടായിട്ടല്ലാതെ പ്രപഞ്ചത്തിലില്ല'' (15:21). തനിക്ക് ലഭിച്ചിട്ടുള്ള കഴിവുകളും യോഗ്യതകളുമുപയോഗിച്ച് ഈ ഖജനാവുകള്‍ കണ്ടെത്തുകയാണ് മനുഷ്യന്‍ വേണ്ടത്. ഖുര്‍ആന്‍ ഉപദേശിക്കുന്നു: "നമസ്കാരം കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപരിച്ച് അല്ലാഹുവിന്റെ അനുഗ്രഹം തേടുവിന്‍'' (62:10). "അല്ലാഹുവിങ്കല്‍ അന്നം തേടുവിന്‍. അവനെ അനുസരിക്കുവിന്‍, അവനോട് നന്ദിയുള്ളവരായിരിക്കുവിന്‍'' (29:17). മനുഷ്യന് അനിവാര്യമായി ആവശ്യമായതെല്ലാം വേണ്ടവണ്ണം അന്വേഷിച്ചാല്‍ പ്രകൃതിയില്‍ നിന്ന് ലഭിക്കും. അങ്ങനെ അന്വേഷിച്ചതുകൊണ്ടാണ് അമ്പത് കൊല്ലം മുമ്പുണ്ടായിരുന്നതിനേക്കാള്‍ സുഭിക്ഷരും വികസിതരുമായി ഇന്ന് മൂന്ന് കോടിയിലധികമായ നമ്മള്‍ ജീവിക്കുന്നത്. ആവശ്യങ്ങള്‍ക്കുള്ള പരിഹാരം ആവശ്യക്കാരെ ഇല്ലാതാക്കുകയല്ല. ആത്മഹത്യ പോലെ ഒളിച്ചോട്ടമാണത്. ആഹാര കാര്യത്തിലാണല്ലോ വലിയ ആശങ്ക. നിലവിലുള്ള ലോക ജനസംഖ്യക്ക് സുഭിക്ഷമായി ആഹരിക്കാന്‍ ആവശ്യമുള്ളതിലേറെ ഭക്ഷ്യ വിഭവങ്ങള്‍ ഇന്ന് ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വിതരണത്തിലെ അനീതി മൂലം അതിന്റെ ഗണ്യമായ ഭാഗം ആവശ്യക്കാര്‍ക്ക് ലഭിക്കാതെ പോവുകയും വലിയൊരു വിഭാഗം ജനങ്ങള്‍ പട്ടിണിയിലാവുകയും ചെയ്യുകയാണ്.
ദാമ്പത്യത്തിന്റെ ധര്‍മമാണ് സന്താനോല്‍പാദനവും പരിചരണവും. ഈ ധര്‍മം നിര്‍വഹിക്കാനുള്ള സ്വാതന്ത്യ്രം ദമ്പതികളുടെ മൌലികാവകാശമാണ്. അതില്‍ പോലീസും കോടതിയും ഇടപെട്ടുകൂടാ. സന്തതികള്‍ എത്ര വേണം, എപ്പോള്‍ വേണം എന്നൊക്കെ ദമ്പതികള്‍ സ്വയം തീരുമാനിക്കട്ടെ. സമ്മര്‍ദവും ബലാല്‍ക്കാരവുമൊന്നുമില്ലാതെ തന്നെ കേരളീയ സാഹചര്യത്തില്‍ ജനന നിരക്ക് കുറഞ്ഞുവരുന്നുണ്ട്. ഇന്ത്യയിലെ മൊത്തം ജനനനിരക്ക് 15 ശതമാനത്തിനു മീതെയാണെങ്കില്‍ കേരളത്തില്‍ അത് 5 ശതമാനത്തില്‍ താഴെയാണ്. ഇതാണ് വസ്തുതയെങ്കില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടേണ്ട വിഷയമേയല്ല ജനന നിയന്ത്രണം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment