Tuesday 20 September 2011

[www.keralites.net] വൃദ്ധജനങ്ങളെ ഇതിലേ..

 

മുപ്പതിനായിരം രൂപയാണ് മാസവാടക. മൂന്നു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. ആകെ എഴുപതു മുറികളാണുള്ളത്. അടുത്ത ജനുവരിയിലാണ് ഉദ്ഘാടനം. അമിത് വൈദ്യ വിശദീകരിച്ചു. ഇപ്പോള്‍ത്തന്നെ മുപ്പത്തഞ്ചു ശതമാനം മുറികളും ബുക്കിങ്ങായി കേട്ടോ...അമിത് പുഞ്ചിരിച്ചു. ഒരു ഷോപ്പിങ് കോപ്ലക്സിന്‍റെയോ മാളിന്‍റേയോ അപ്പാര്‍ട്ടുമെന്‍റിലേയോ മുറികള്‍ വിറ്റു പോയി എന്നു പറയുമ്പോള്‍ ഏതെങ്കിലും സ്ഥാപനത്തിന്‍റെ സിഇഒ ചിരിക്കും പോലെയാണ് അമിതിന്‍റെ ചിരി. ഡല്‍ഹിയിലെ സ്റ്റാര്‍ സിറ്റിയായ ഫരീദാബാദില്‍ ഉടന്‍ തന്നെ തുറക്കാന്‍ ഒരുങ്ങുന്ന ലക്ഷ്വറി ഓള്‍ഡ് ഏജ് ഹോമിന്‍റെ നടത്തിപ്പുകാരായ യുസിസി കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്റ്ററാണ് അമിത് വൈദ്യ. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട റിട്ടയര്‍മെന്‍റ് ജീവിതങ്ങളെ താമസിപ്പിച്ചു കാശുണ്ടാക്കാന്‍ കഴിയുന്നതിന്‍റെ ചിരിയാണോ അത്? മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വേണ്ടാത്തവരെ ഞങ്ങള്‍ക്കു വേണം പക്ഷേ, ഞങ്ങള്‍ക്കു കാശും വേണം എന്ന തമാശയില്‍ നിന്നുള്ള ചിരിയോ?

ലോകത്തിലെ വന്‍ശക്തിയായി മാറാന്‍ തയാറെടുക്കുന്ന ഇന്ത്യയിലെ വൃദ്ധജീവിതങ്ങളുടെ ദുരിതത്തിലേക്കാണ് അമിതിന്‍റെ ചിരി ശ്രദ്ധ ക്ഷണിക്കുന്നത്. മൂന്നു ലക്ഷം രൂപ അഡ്വാന്‍സും മുപ്പതിനായിരം രൂപ മാസവാടകയും നല്‍കി അച്ഛനേയോ അമ്മയേയോ "സംരക്ഷിക്കാന്‍' പാകത്തിന് ഉയര്‍ന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു ഇന്ത്യന്‍ സമൂഹം എന്നോര്‍ക്കുക. ഫരീദാബാദില്‍ തുറക്കാനിരിക്കുന്ന ഗോള്‍ഡന്‍ എസ്റ്റേറ്റ് എന്ന ലക്ഷ്വറി ഓള്‍ഡ് ഏജ് ഹോമിലെ സൗഭാഗ്യങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങിയിരിക്കണം ചില വൃദ്ധ ജന്മങ്ങളെങ്കിലും. അവിടെ ബുക്കിങ് കഴിഞ്ഞു എന്നു പറയുന്ന മുപ്പത്തഞ്ചു ശതമാനം മുറികള്‍ക്ക് അഡ്വാന്‍സ് നല്‍കിയ മക്കള്‍ അച്ഛനമ്മമാരെ ഇപ്പോള്‍ത്തന്നെ ഗോള്‍ഡന്‍ എസ്റ്റേറ്റിലെ സൗകര്യങ്ങള്‍ പറഞ്ഞു പ്രലോഭിപ്പിച്ചു തുടങ്ങിക്കാണുമല്ലോ?

ജനുവരിയില്‍ നിങ്ങളെ ഞങ്ങള്‍ ഒരു സ്ഥലത്തു കൊണ്ടു പോകും. പത്തൊമ്പതിനായിരം സ്ക്വയര്‍ഫീറ്റില്‍ മനോഹരമായ ഒരിടം. റിട്ടയര്‍മെന്‍റ് കമ്യൂണിറ്റി എന്നോ മറ്റോ വിളിക്കാം. നിങ്ങളെപ്പോലെ റിട്ടയര്‍മെന്‍റ് ലൈഫ് സന്തോഷത്തോടെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന പലരും കാണും അവിടെ. ഇരുപത്തിനാലു മണിക്കൂറും നോക്കാന്‍ ഡോക്റ്റര്‍മാര്‍. മുറിയില്‍ ഇരുപത്തിരണ്ടിഞ്ച് ഫ്ളാറ്റ് ടിവി. എന്നും രാവിലെ യോഗ ക്ലാസ്. ലൈബ്രറി, ജിംനേഷ്യം, ഹൈ സ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍, മുറിയെല്ലാം എയര്‍കണ്ടീഷന്‍ഡ്...ഇതൊക്കെ ഇഷ്ടമായെങ്കില്‍ അച്ഛനും അമ്മയ്ക്കും അവിടെ താമസിക്കാം. ഞങ്ങള്‍ ഇടയ്ക്കിടെ വന്ന് കാണും...

കാര്യം മനസിലായി രണ്ടു പേര്‍ക്കും. ഞങ്ങളെ ഓള്‍ഡ് ഏജ് ഹോമിലേക്കു മാറ്റാന്‍ പോകുന്നു. സാധാരണ സ്ഥലമല്ല, മാറുന്ന ഇന്ത്യയുടെ പ്രതിഛായയ്ക്കു യോജിക്കുന്ന തരത്തില്‍ ഒന്ന്. മുഴുവന്‍ സമയവും ശീതീകരിച്ച സൗഭാഗ്യങ്ങളിലേക്കു കുടിയിറക്കപ്പെടുന്നു ഞങ്ങള്‍. അവസാനത്തെ ശീതീകരണത്തിനു മുമ്പുള്ള കുറച്ചു നാളുകള്‍...

മാറുന്നെങ്കില്‍ മാറിക്കോളൂ, എന്നാല്‍ ഇടയ്ക്കിടെ വന്നു കാണും എന്നു മക്കള്‍ പറയുന്നുണ്ടല്ലോ അതുമാത്രം വിശ്വ സിക്കരുത്...നരച്ചു തുടങ്ങിയ സോഫ കവറില്‍ വിരലുകളോടിച്ച് മോഹന്‍ ഗാര്‍ഗ് പറഞ്ഞു. ഇനിയൊരിക്കല്‍ ഒരു വൃദ്ധ സദനത്തിന്‍റെ പടി കടന്നു പോകാന്‍ വിധിയുണ്ടാവുന്ന എല്ലാവരോടും മോഹന്‍ ഗാര്‍ഗിന്‍റെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ പഴയ ഒരു ഓള്‍ഡ് ഏജ് ഹോമിന്‍റെ അരണ്ട വെളിച്ചം വീണ ഇടനാഴിയുടെ അങ്ങേയറ്റത്താണ് ആ സോഫ. വിസിറ്റിങ് റൂം എന്ന് എഴുതി വച്ചിരിക്കുന്നത് നന്നായി. അല്ലെങ്കില്‍ ആ മുറി എന്തിനാണെന്നു തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ഫരീദാബാദിലെ ലക്ഷ്വറി ഓള്‍ഡ് ഏജ് ഹോമിന്‍റെ ഉദ്ഘാടന വാര്‍ത്ത വന്നപ്പോള്‍ ഡല്‍ഹിയിലെ മറ്റ് വൃദ്ധ സദനങ്ങളുടെ അവസ്ഥയെക്കുറിച്ച് ഫീച്ചര്‍ തയാറാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ചില മാധ്യമപ്രവര്‍ത്തകരോടാണ് മോഹന്‍ഗാര്‍ഗ് സംസാരിക്കുന്നത്.

ഇടയ്ക്കിടെ വന്നു കാണും എന്നു പറയുന്നത് വിശ്വസിക്കരുത്. എന്‍റെ മകന്‍ എന്നെ കാണാന്‍ വരുന്നത് അഞ്ചു വര്‍ഷത്തില്‍ ഒരിക്കലാണ്. എഴുപത്തിരണ്ടുകാരന്‍റെ പ്രായത്തെ അതിജീവിക്കുന്ന രോഷം ആ വാക്കുകളില്‍. മോഹന്‍ ഗാര്‍ഗ് ഒരു പ്രതീകമാണ്. അവിടെ കണ്ടുമുട്ടിയ മറ്റു ചിലര്‍, എഴുപത്തഞ്ചുകാരി ആഞ്ചലീന എസ്. ലാല്‍, എണ്‍പത്തഞ്ചുകാരി മരിയം ലയാല്‍... എല്ലാവരുടേയും വാക്കുകള്‍ക്ക് ഒരേ താളം, ഒരേ തളര്‍ച്ച. വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രം മാറുന്നു. ചിലര്‍ക്ക് മകന്‍, ചിലര്‍ക്ക് മകള്‍, ചിലര്‍ക്ക് മകന്‍റെ ഭാര്യ. ഓരോ ഓള്‍ഡ് ഏജ് ഹോമിലേയും അവസ്ഥ തിരിച്ചറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ അമിത് വൈദ്യയുടെ ചിരിയോടു ദേഷ്യമില്ല.

ഒരു ലക്ഷ്വറി ഓള്‍ഡ് ഏജ് ഹോം നടത്തി കാശുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും വേണമെങ്കില്‍ എഴുതാം...വൈദ്യ വീണ്ടും സംസാരിച്ചു തുടങ്ങി. എന്നാല്‍ ഇന്ത്യയില്‍ വലിയ കാശുകാരുടെ വീട്ടിലും ഏകാന്തത അനുഭവിക്കുന്ന വൃദ്ധജന്മങ്ങള്‍ ഉണ്ട്. അവരെ നന്നായി താമസിപ്പിക്കാന്‍ കാശുമുടക്കാന്‍ മക്കള്‍ തയാറാണ്. അതിനുള്ള ഇടങ്ങളാണ് ഇല്ലാത്തത്. അതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വൈദ്യ പറയുന്നു.

മാറിയ ലൈഫ്സ്റ്റൈലിന്‍റെ വൊക്കാബുലറിയിലേക്ക് ഒരു വാക്കു കൂടി ചേര്‍ക്കാം, കെയര്‍ ഹോം ബിസിനസ്. നല്ല ലാഭമുണ്ടാക്കാന്‍ പറ്റിയ പുതിയൊരു രംഗം. അവിടെയും കോംപറ്റീഷനാണ്. ഇതാ എല്‍ഐസിയും രംഗത്ത്. ബംഗളൂരുവില്‍ തൊണ്ണൂറ്റെട്ടു മുറികളുള്ള റിട്ടയര്‍മെന്‍റ് കെയര്‍ ഹോമിന്‍റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ഭുവനേശ്വറിലെ കെയര്‍ഹോമിന് ഇരുനൂറുമുറികളാണ്. അടുത്ത മൂന്നു വര്‍ഷത്തിനിടെ പണി പൂര്‍ത്തിയാക്കേണ്ടത് എവിടെയൊക്കെ യെന്നു ലിസ്റ്റ് ചെയ്തു കഴിഞ്ഞു, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വി. കെ. ശര്‍മ പറയുന്നു.

ഇന്ത്യയിലെ വൃദ്ധജന്മങ്ങളേ...നിങ്ങള്‍ നിരാശപ്പെടരുത്. മക്കളും മരുമക്കളും സ്വകാര്യമേഖലയും പൊതുമേഖലയും ഒന്നിച്ച് നിങ്ങളെ ഇനിയുള്ള കാലം "സുഖമായി പരിപാലിക്കാന്‍' തയാറെടുക്കുന്നു.


Thanks & Regards
Anish Philip
 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment