Courtesy ബ്രസീലിലെ ബെലോ ഹൊറിസോന്റി രാജ്യാന്തര വിമാനത്താവളത്തിലെ കോഫി ഷോപ്പിൽ ചെന്ന പാലാക്കാരനു മുന്നിൽ ഇറച്ചി നിറച്ച ബർഗർ കൊണ്ടുവച്ചു പോർച്ചുഗീസുകാരൻ സപ്ലെയർ ചിരിച്ചുനിന്നു, ഇനി എന്തെങ്കിലും വേണോ എന്ന മട്ടിൽ. പാലാക്കാരന് അൽപം സവാളകൂടി അതിനൊപ്പം വേണം. പോർച്ചുഗീസല്ലാതെ ഒരു ഭാഷയും കോഫി ഷോപ്പിൽ ആർക്കുമറിയില്ല. പാലാക്കാരനാണെങ്കിൽ മലയാളവും ഇംഗ്ലിഷും മാത്രമേ അറിയാവൂ. ''ഒനിയൻ പ്ലീസ്...'' മലയാളിയുടെ സാദാ ഇംഗ്ലിഷിൽ ആദ്യം ഒരു അഭ്യർഥന മുന്നോട്ടുവച്ചു. പക്ഷേ, അതേറ്റില്ല. സപ്ലെയർ ചിരിച്ചു നിൽപാണ്. ഒനിയൻ എന്നല്ല അണിയൻ എന്നു പറയണം എന്നു കേട്ട അറിവുവച്ചു മലയാളി വീണ്ടും ഒരു കാച്ചുകാച്ചി. ''അണിയൻ പ്ലീസ്.'' എന്നിട്ടും ഒന്നും മനസ്സിലാവാതെ പോർച്ചുഗീസുകാരൻ നിൽക്കുന്നു. അണിയനെ അനിയനാക്കി വീണ്ടും പറഞ്ഞുനോക്കി. അപ്പോഴും പോർച്ചുഗീസുകാരൻ വായും പൊളിച്ചു നിൽപാണ്, അനിയനല്ല, ഇനി ചേട്ടൻ വന്നാൽ പോലും മനസ്സിലാവില്ലെന്നു ചുരുക്കം. സവാളയില്ലാതെ കഴിച്ചുകളയാം എന്നുതന്നെ തീരുമാനിച്ചു പാലാക്കാരൻ ദുഃഖത്തോടെ ഒരാത്മഗതം പച്ചമലയാളത്തിൽ പുറത്തുവിട്ടു, ''കുറച്ചു സവാളയാ വേണ്ടത്. അതിപ്പം എങ്ങനെ കിട്ടും?'' ഇതു കേട്ടതും പോർച്ചുഗീസുകാരൻ ചോദിച്ചു, ''സെബോള?'' പറഞ്ഞു തീരും മുൻപു സവാള മുന്നിലെത്തി. പോർച്ചുഗീസ് വാക്കായ സെബോളയെ നമ്മൾ മലയാളത്തിലേക്കു കൊണ്ടുപോന്നതാണെന്ന് അപ്പോഴാണ് ആ മലയാളിയറിഞ്ഞത്. തിരിച്ചു നാട്ടിലെത്തിയ ഈ മലയാളി നാട്ടുകാരോടൊക്കെ പറഞ്ഞു, ''എടാവ്വേ, ഈ പോർച്ചുഗീസുകാർക്കു മലയാളമറിയാം. ഇംഗ്ലിഷ് പറഞ്ഞാൽ മിഴിച്ചുനിൽക്കും. എന്നാൽ, മലയാളം പറഞ്ഞാൽ രക്ഷപ്പെടാം.''ഇതു കേട്ട ഒരു സുഹൃത്തു പറഞ്ഞുകൊടുത്തു, സവാള മാത്രമല്ല, വേറെയും എത്രയോ പോർച്ചുഗീസ് വാക്കുകൾ മലയാളത്തിലുണ്ട്. മാത്രമല്ല, ചില മലയാളം വാക്കുകൾ പോർച്ചുഗീസുകാർ അങ്ങോട്ടു കൊണ്ടുപോയിട്ടുമുണ്ട്. ചക്ക എന്ന നമ്മുടെ സ്വന്തം വാക്ക് പോർച്ചുഗീസുകാർ കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയി. അവരതിനു 'ജാക്ക' എന്ന് അൽപം രൂപഭേദം വരുത്തിയെന്നു മാത്രം. വാസ്കോ ഡി ഗാമയോടൊപ്പം വന്ന് ഇവിടെ ഇപ്പോഴും കറങ്ങിത്തിരിയുന്ന എത്രയോ പോർച്ചുഗീസ് വാക്കുകളുണ്ട്. 'ആയ' എന്നു പറയുന്ന മലയാളി അതു പോർച്ചുഗീസുകാർ തന്ന വാക്കാണെന്ന് ഓർക്കുന്നില്ല. പോർച്ചുഗീസിലെ 'ആയ'യെ നമ്മൾ സഹായത്തിനായി കൂടെ നിർത്തി. നമ്മുടെ ചായ പോർച്ചുഗീസിൽ 'ഷാ' ആണ്. എഴുതുന്നത് cha' എന്നും. പോർച്ചുഗീസിൽ നിന്നാണു മലയാളത്തിൽ ആ വാക്ക് ചായയായെത്തിയത്. താക്കോലിനു ചാവി എന്നു നമ്മൾ പറയാറുണ്ട്. പോർച്ചുഗീസിലെ 'ഷാവി' ആണ് ചാവിയായത്. ഇസ്തിരി എന്നു പറയുന്ന മലയാളി അതിന്റെ യഥാർഥ രൂപം പോർച്ചുഗീസിലെ 'ഈസ്റ്റിരാ(ർ)' ആണെന്ന് അറിയുന്നില്ല. ജനാല എന്നു മലയാളത്തിൽ പറയുന്നു. പോർച്ചുഗീസിലെ 'ജനേല'യാണു ജനാലയായത്. കളസം എന്നു നമ്മൾ പറയാറുണ്ട്. പോർച്ചുഗീസിലെ 'കാൽസോ'യാണു കളസമായത്. ചാപ്പലിനു കപ്പേള എന്നു പറയുന്നു. പോർച്ചുഗീസിലെ കപ്പേളയാണു നമ്മളെടുത്തത്. കസേര എന്ന വാക്ക് ഇപ്പോൾ മലയാളമാണ്. എന്നാൽ അതു പോർച്ചുഗീസിലെ 'കദെയ്‌ര'യാണ് യഥാർഥത്തിൽ. കടലാസ് എന്നതു പോർച്ചുഗീസിലെ 'കർതാസ്' എന്ന വാക്കിന്റെ രൂപഭേദമാണ്. ലേലം എന്ന വാക്കു തന്നതും പോർച്ചുഗീസുകാരാണ്. ഓക്‌ഷൻ എന്ന ഇംഗ്ലിഷ് പദത്തിനു സമാനമായ പോർച്ചുഗീസ് വാക്ക് 'ലെയ്‌ലോ' ആണ്. അതിൽനിന്നാണു ലേലമുണ്ടായത്. പോർച്ചുഗീസിലെ 'മേസ' നമ്മൾ വലിച്ചിട്ടു മേശയാക്കി നമ്മുടെ സ്വന്തമാക്കി. മേസ്തിരിയും അങ്ങനെ തന്നെ. മേസ്തിരി എന്നു പോർച്ചുഗീസ് ഉച്ചാരണം. പേന, വരാന്ത, വിനാഗിരി ഇവയെല്ലാം പോർച്ചുഗീസുകാർ ഇവിടെ ഇട്ടിട്ടുപോയ വാക്കുകളാണ്. ഇതുകേട്ടു മറ്റാരും മലയാളത്തിന് ഒന്നും തന്നില്ലെന്നു പറയരുത്. ഡച്ചുകാർ തന്നതാണ് കക്കൂസ്. 'കാക്കയിസ്' എന്ന ഡച്ച് വാക്കാണ് കക്കൂസായത്. തപാൽ എന്ന വാക്കും ഡച്ചുഭാഷയിൽനിന്നു വന്നതാണ്. ഇംഗ്ലിഷ്, പേർഷ്യൻ, അറബിക്, ഹീബ്രു ഭാഷകളിൽനിന്നും മലയാളത്തിലേക്കു വാക്കുകൾ കടമെടുത്തിട്ടുണ്ട്. ഇതെല്ലാം വായിച്ചു സന്തോഷംകൊണ്ടു കണ്ണു നിറഞ്ഞവർക്കു തൂവാലയെടുത്തു കണ്ണുതുടയ്ക്കാം. പക്ഷേ, അതിനു മുൻപ് ഒന്നോർക്കണം. ഈ തൂവാല നമ്മുടെ സ്വന്തമല്ല. പോർച്ചുഗീസിലെ 'തൊവാലിയ'യാണു മലയാളത്തിൽ തൂവാലയായത്.
www.keralites.net
Posted by: Nisam C B <nisamcb@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (2) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment