Thursday 25 June 2015

[www.keralites.net]

 

അടല്‍ നഗര വികസന മിഷനില്‍ കേരളത്തിലെ 18 നഗരങ്ങള്‍: 50നായിരം കോടിയുടെ പദ്ധതി മോദി നാളെ ഉദ്ഘാടനം ചെയ്യും
================================================
കേരളത്തിലെ 18 നഗരങ്ങള്‍ വികസിപ്പിക്കും
==================================
എം.കെ. അജിത് കുമാര്‍
ഗതാഗതം, വൈദ്യുതി, കുടിവെള്ള വിതരണം, മാലിന്യസംസ്‌കരണം, അഴുക്കുചാല്‍, പരിസ്ഥിതി സംരക്ഷണം, കുട്ടികളെ ലക്ഷ്യംവെച്ചുള്ള പാര്‍ക്കുകള്‍ എന്നിവയ്ക്ക് ഊന്നല്‍
ന്യൂഡല്‍ഹി: കേരളത്തിലെ 18 നഗരങ്ങള്‍ 'അമൃത്' പദ്ധതിയില്‍ (അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്‌കീം) ഉള്‍പ്പെടുത്തി വികസിപ്പിക്കും. ഇതോടൊപ്പം ഒരു സ്മാര്‍ട്ട് സിറ്റിയും സംസ്ഥാനത്തിന് ലഭിക്കും. രാജ്യമൊട്ടുക്കുമായി 500 നഗരങ്ങളാണ് അമൃതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പുതിയ സ്മാര്‍ട്ട് സിറ്റികള്‍ പിന്നീട് തിരഞ്ഞെടുക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച നിര്‍വഹിക്കും. നഗരസഭാ ഭരണാധികാരികളുമായും ഉദ്യോഗസ്ഥരുമായും രണ്ടുദിവസത്തെ വിശദമായ കൂടിയാലോചനയും ഇതുമായി ബന്ധപ്പെട്ട് നടക്കും.
നഗരവികസനത്തിനുള്ള മൂന്നു പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. അമൃത്, സ്മാര്‍ട്ട് സിറ്റി, 2022-ഓടെ എല്ലാവര്‍ക്കും വീട് എന്നീ പദ്ധതികളാണവ. 500 ചെറുനഗരങ്ങളുടെ വികസനം, 100 സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മാണം, ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടുകോടി പുതിയ വീടുകള്‍ എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയ്ക്ക് കേന്ദ്രമന്ത്രിസഭ ഈയിടെ അനുമതി നല്‍കിയിരുന്നു. ഈ വന്‍ പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള മാര്‍ഗരേഖ പ്രധാനമന്ത്രി പുറത്തിറക്കും.
സ്വകാര്യമേഖലയെ വന്‍തോതില്‍ സഹകരിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. സ്മാര്‍ട്ട് സിറ്റി മിഷന് 48,000 കോടി രൂപയും അമൃത് മിഷന് 50,000 കോടി രൂപയുമാണ് പദ്ധതി അടങ്കല്‍.
അമൃത് മിഷന്‍ നടപ്പാക്കാന്‍ തിരഞ്ഞെടുത്ത നഗരങ്ങളിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കും. ഗതാഗതം, വൈദ്യുതി, കുടിവെള്ള വിതരണം, മാലിന്യസംസ്‌കരണം, അഴുക്കുചാല്‍, പരിസ്ഥിതി സംരക്ഷണം, കുട്ടികളെ ലക്ഷ്യംവെച്ചുള്ള പാര്‍ക്കുകള്‍ തുടങ്ങിയവയ്ക്കാവും ഊന്നല്‍ നല്‍കുക. ഇതോടൊപ്പം, മുനിസിപ്പല്‍ ഭരണവുമായി ബന്ധപ്പെട്ട് ചില പരിഷ്‌കരണങ്ങളും കേന്ദ്രം നിര്‍ദേശിക്കും.
സംസ്ഥാനങ്ങള്‍ പ്രത്യേക മുനിസിപ്പല്‍ കാഡറുകള്‍ രൂപവത്കരിക്കുകയും മുനിസിപ്പല്‍ ഭരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തുകയും വേണം. ഇ-ഭരണം നടപ്പാക്കണം. ഫണ്ടുകളുടെ കൈമാറ്റത്തിന് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും മുനിസിപ്പാലിറ്റികളുടെ നികുതി പിരിവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്യണം. വൈദ്യുതി, വെള്ളം എന്നിവ ചെലവഴിക്കുന്നതിന്റെ ഓഡിറ്റിങ് അനിവാര്യമാകും. ഓരോ പദ്ധതിയും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും കേന്ദ്രവിഹിതം ലഭിക്കുക.
സ്മാര്‍ട്ട് സിറ്റി മിഷന്‍ പ്രകാരം തിരഞ്ഞെടുക്കുന്ന നഗരത്തിന് ഒരു വര്‍ഷം 100 കോടി രൂപയാണ് സഹായം നല്‍കുക. അഞ്ചുവര്‍ഷംകൊണ്ട് 500 കോടി രൂപ ലഭിക്കും. സിറ്റി ചാലഞ്ച് മത്സരത്തിലൂടെയാണ് നഗരങ്ങളെ തിരഞ്ഞെടുക്കുക. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മത്സരിപ്പിച്ചാണ് ഒരു സംസ്ഥാനം സ്മാര്‍ട്ട് സിറ്റി തിരഞ്ഞെടുക്കേണ്ടത്. പിന്നീട് അന്തിമപ്പട്ടിക തയ്യാറാക്കുമ്പോള്‍ ഇങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങള്‍ പരസ്പരം മത്സരിക്കും. ഒടുവില്‍ തിരഞ്ഞെടുക്കുന്ന 100 നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റി പ്ലാന്‍ തയ്യാറാക്കണം. ഇവയില്‍ 20 എണ്ണത്തിനാണ് ഇക്കൊല്ലം സാമ്പത്തികസഹായം നല്‍കുക.
കേരളത്തിലെ അമൃത് മിഷന്‍ നഗരങ്ങള്‍
1. കൊച്ചി
2. കോഴിക്കോട്
3. തൃശ്ശൂര്‍
4. മലപ്പുറം
5. തിരുവനന്തപുരം
6. കണ്ണൂര്‍
7. കൊല്ലം
8. ചേര്‍ത്തല
9. കായംകുളം
10. കോട്ടയം
11. പാലക്കാട്
12. ആലപ്പുഴ
13. ഒറ്റപ്പാലം
14. കാഞ്ഞങ്ങാട്
15. കാസര്‍കോട്
16. ചങ്ങനാശ്ശേരി
17. ചാലക്കുടി
18. കോതമംഗലം
കൊച്ചി സ്മാര്‍ട്ടാകും
വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മത്സരത്തിലൂടെ സംസ്ഥാനങ്ങള്‍ സ്മാര്‍ട്ട് സിറ്റി തിരഞ്ഞെടുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും കേരളത്തില്‍ കൊച്ചി തന്നെയാവും സ്മാര്‍ട്ട് ആവുക. നേരത്തേതന്നെ കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നിലവിലുണ്ട്.
കേരളത്തിന് ഒരു സ്മാര്‍ട്ട് സിറ്റിയാണ് നീക്കിവെച്ചിട്ടുള്ളത്. ആ നിലയ്ക്ക് അതു കൊച്ചിക്കുതന്നെ ലഭിക്കും. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് സിറ്റിക്കുവേണ്ടി മത്സരിക്കാന്‍ സാധിക്കുക യു.പി.ക്കാണ്. അവിടെ 13 സ്മാര്‍ട്ട് സിറ്റികളാണ് അനുവദിക്കുക. തമിഴ്‌നാട്ടിന് 12- ഉം മഹാരാഷ്ട്രയ്ക്ക് 10-ഉം സ്മാര്‍ട്ട് സിറ്റികള്‍ ലഭിക്കും.


www.keralites.net

__._,_.___

Posted by: sivaramakrishnan <sivaram9930@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment