ഒന്നുമില്ലായ്‌മയില്‍നിന്ന് എല്ലാം വാരിക്കൂട്ടിയ കമ്യൂണിസ്‌റ്റുകാരന്റെ കഥയാണിത്. കെ.എസ്.ആര്‍.ടി.സിക്കു കല്ലെറിഞ്ഞും റോഡില്‍ ടയര്‍ കൂട്ടി കത്തിച്ചും കേരളത്തെ സ്‌തംഭിപ്പിച്ച ഒരു പഴയകാലമുണ്ടായിരുന്നു രാജേഷിന്. ദാരിദ്ര്യം മാത്രം കൈമുതലായ ചെറുപ്പക്കാരന് ദുബായില്‍ ജോലി കിട്ടിയിട്ടും പോയില്ല. കമ്യൂണിസ്‌റ്റ് രാജ്യങ്ങളോടായിരുന്നു താല്‍പ്പര്യം. ആദ്യം റഷ്യയില്‍ പോയി.
പച്ചപിടിക്കാതെ വന്നപ്പോള്‍ ചൈനയിലെത്തി. കൈവണ്ടി വലിച്ചും ബിസിനസുകാരെ നയിച്ചും കഷ്‌ടപ്പെട്ട രാജേഷിന് സഹായത്തിനെത്തിയത് ഒരു ചൈനക്കാരിയായിരുന്നു. ആന്‍. അവള്‍ക്കൊപ്പം ബിസിനസ് സാമ്രാജ്യത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ രാജേഷിപ്പോള്‍ ചൈനയിലെ വന്‍ വ്യവസായികളിലൊരാളാണ്. ഇപ്പോഴും കമ്യൂണിസ്‌റ്റ് മൂല്യങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന രാജേഷിന്റെ ജീവിതം 'അറബിക്കഥ'യെന്ന സിനിമയിലെ ക്യൂബാമുകുന്ദന്റേതുപോലെയാണ്.
രാജേഷിന്റെ ജീവിതം തുടങ്ങുന്നത് കന്യാകുമാരി ജില്ലയിലെ കടയാലുമ്മൂട് ഗ്രാമത്തില്‍ നിന്നാണ്. സിരകളില്‍ കമ്യൂണിസ്‌റ്റ് രക്‌തമോടുന്ന അച്‌ഛന്‍ കൃഷ്‌ണന്‍കുട്ടി അമ്പാടി എസ്‌റ്റേറ്റിലെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. അമ്മ പുഷ്‌പാംഗി. പതിനഞ്ചു രൂപ ദിവസ വരുമാനം കിട്ടുന്ന കൃഷ്‌ണന്‍കുട്ടിയുടെ വീട്ടിലേക്ക് ഓണവും വിഷുവും കടന്നുവരാറില്ല. പട്ടിണിയും പരിവെട്ടവും നിറയുമ്പോഴും മക്കളെ പോറ്റാന്‍ ഒരാളുടെ മുമ്പിലും അയാള്‍ കൈനീട്ടിയില്ല. ഉള്ളതുകൊണ്ട് ജീവിക്കുക. അതായിരുന്നു പോളിസി. ദാരിദ്ര്യത്തിനിടയിലും മൂന്നു മക്കളെയും അയാള്‍ സ്‌കൂളില്‍ പറഞ്ഞയച്ചു. പക്ഷേ അമ്പലത്തിലേക്കയച്ചില്ല.
മഴയുള്ള ദിവസം കൃഷ്‌ണന്‍കുട്ടിക്ക് പണിയുണ്ടാവില്ല. അച്‌ഛന്റെ പാത പിന്തുടര്‍ന്ന് രാജേഷും കമ്യൂണിസത്തിന്റെ വഴിയിലെത്തി. സ്‌കൂളില്‍ എസ്.എഫ്.ഐയുടെ യൂണിറ്റ് രൂപീകരിച്ചു. അക്കാലത്ത് സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷാ സെന്ററില്ല. കിലോമീറ്ററുകളോളം യാത്ര ചെയ്‌തിട്ടുവേണം പരീക്ഷയെഴുതാന്‍. ഇതിനെതിരേ രാജേഷ് സഹപാഠികളെ ഒപ്പം നിര്‍ത്തി സമരം ചെയ്‌തു. എസ്.എഫ്.ഐയുടെ ബാനറില്‍ സ്‌കൂള്‍ കണ്ട ആദ്യത്തെ പ്രക്ഷോഭം വിജയം കണ്ടു. പിന്നീട് പ്ലസ്‌ടു സെന്ററിനുവേണ്ടിയും സമരമുണ്ടായി.
പ്ലസ്‌ടു കഴിഞ്ഞ് ചാക്ക ഐ.ടി.ഐയില്‍ എത്തിയപ്പോഴാണ് രാജേഷ് സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകനായത്. മാഗസിന്‍ എഡിറ്റര്‍, ആര്‍ട്‌സ്ക്ലബ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം നഗരത്തില്‍ എന്തു സമരം വന്നാലും മൂന്‍നിരയില്‍ രാജേഷുണ്ടാവും. പോലീസ് ലാത്തിച്ചാര്‍ജില്‍ ഒരുപാടു തവണ മര്‍ദ്ദനമേറ്റു. ടയര്‍ കത്തിച്ച് റോഡ് ബ്ലോക്ക് ചെയ്‌തു. കെ.എസ്.ആര്‍.ടി.സിക്ക് കല്ലെറിഞ്ഞു. പോലീസുമായി ഏറ്റുമുട്ടി. സമരമുഖരിതമായിരുന്നു രാജേഷിന്റെ കാമ്പസ് കാലം.
വിളനിലം പ്രശ്‌നം എസ്.എഫ്.ഐ ഏറ്റെടുത്തതോടെ രാജേഷിനും സഹപ്രവര്‍ത്തകര്‍ക്കും വിശ്രമമില്ലാതായി. ഒപ്പമുണ്ടായിരുന്ന അരുവിക്കര സ്വദേശി ബിജുവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ബിജുവിന് നേരത്തെ തന്നെ എന്തോ അസുഖമുണ്ടായിരുന്നു. ആ ശരീരത്തിന് പോലീസ് മര്‍ദ്ദനം താങ്ങാന്‍ പറ്റാതായി. ബിജു മരിച്ചത് സഹപ്രവര്‍ത്തകര്‍ക്ക് കനത്ത ആഘാതമായി. രാജേഷും സംഘവും വെറുതെയിരുന്നില്ല. നിരന്തരമായ സമരത്തിലൂടെ പോലീസ് അരാജകത്വത്തെ വെല്ലുവിളിച്ചു. ഒടുവില്‍ ആ സമരവും വിജയപഥത്തിലെത്തി.
ഐ.ടി.ഐയിലെ ക്ലാസ് കഴിഞ്ഞിട്ടും രാജേഷ് തിരുവനന്തപുരം നഗരം വിട്ടുപോയില്ല. അക്കാലത്ത് സ്‌റ്റുഡന്റ്‌സ് സെന്ററിലായിരുന്നു താമസം. ഇടയ്‌ക്കുമാത്രം വീട്ടില്‍ പോകും. അതിര്‍ത്തി ജില്ലയില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളുടെ ബന്ധുക്കള്‍ ആദ്യം വിളിക്കുന്നത് രാജേഷിനെയാണ്. പിന്നീടുള്ള എല്ലാവിധ സഹായങ്ങള്‍ക്കും അയാള്‍ മുന്നിലുണ്ടാവും. ആ സമയത്താണ് മധുര മെഡിക്കല്‍ കോളജില്‍ ഡി ഫാമിന് അഡ്‌മിഷന്‍ കിട്ടിയത്. പക്ഷേ പതിനഞ്ചു രൂപ വരുമാനക്കാരന്റെ മകന് ഫീസടക്കാന്‍ പോലും കഴിയില്ലെന്ന യാഥാര്‍ഥ്യം രാജേഷ് തിരിച്ചറിഞ്ഞു. തുടര്‍ വിദ്യാഭ്യാസം വേണ്ടെന്നുവച്ചു.
പെട്ടെന്നൊരു ദിവസം സ്‌റ്റുഡന്‍സ് സെന്ററിലേക്കൊരു കോള്‍. രാജേഷിന്റെ അച്‌ഛന്‍ മരിച്ചു. കൃഷ്‌ണന്‍കുട്ടി മക്കള്‍ക്കുവേണ്ടി ഒന്നും സമ്പാദിച്ചിരുന്നില്ല. മരണാനന്തര കര്‍മ്മങ്ങള്‍ക്കു പോലും പണമില്ലാതെ വന്നപ്പോള്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ രാജേഷിന്റെ കുടുംബത്തെ സഹായിച്ചു. അച്‌ഛനില്ലാതായതോടെ അയാള്‍ക്കു മുമ്പില്‍ ജീവിതം ചോദ്യച്ചിഹ്നമായി.
രണ്ടു സഹോദരിമാരെ വിവാഹം ചെയ്‌തയക്കേണ്ടത് അയാളുടെ ബാധ്യതയായി. നഗരജീവിതം അവസാനിപ്പിച്ച് എന്തെങ്കിലും ജോലി കണ്ടെത്തിയേ തീരൂ. പലയിടത്തും ചെറിയ ചെറിയ ജോലികള്‍ ചെയ്‌തും പണം കടം വാങ്ങിയും സഹോദരിമാരെ കെട്ടിച്ചയച്ചു. അപ്പോഴൊക്കെയും സുഹൃത്തുക്കളായിരുന്നു രാജേഷിന് താങ്ങും തണലും.
കടം പെരുകിയപ്പോള്‍ രാജേഷിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. ആ സമയത്ത് സുഹൃത്തുക്കള്‍ സഹായിച്ച് ദുബായിലേക്ക് വിസ സംഘടിപ്പിച്ചുകൊടുത്തു. എന്നാല്‍ അവിടേക്ക് പോകാന്‍ രാജേഷിന്റെ കമ്യൂണിസ്‌റ്റ് മനസ് അനുവദിച്ചില്ല. കമ്യൂണിസ്‌റ്റ് രാജ്യമായ റഷ്യയില്‍ പോകാനായിരുന്നു താല്‍പ്പര്യം. റഷ്യയില്‍ അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ പരിചയപ്പെടുന്നത് അക്കാലത്താണ്. അവന്‍ വഴി ഒരു ദിവസം റഷ്യയിലേക്ക് പറന്നു.
കടക്കാരെ ഭയന്ന് നാട്ടിലാരോടും പറഞ്ഞില്ല. പക്ഷേ പ്രതീക്ഷിച്ചത്ര മെച്ചപ്പെട്ടതായിരുന്നില്ല റഷ്യയിലെ ജോലി. രാജേഷിന് അധികനാള്‍ അവിടെ പിടിച്ചുനില്‍ക്കാനായില്ല. തിരിച്ചുവീണ്ടും ഡല്‍ഹിയിലെത്തി. ഇനിയെന്തു ചെയ്യും? നാട്ടിലേക്കു പോയാല്‍ കടക്കാര്‍ ചുറ്റും കൂടും. അവരോട് ഇനി അവധി പറയാന്‍ കഴിയില്ല. മാത്രമല്ല, അവിടെയെത്തിയിട്ട് എന്തു ചെയ്യാന്‍? എസ്.എഫ്.ഐക്കാരന്റെ തോറ്റുകൊടുക്കാത്ത മനസായിരുന്നു രാജേഷിനപ്പോള്‍. റഷ്യയല്ലെങ്കില്‍ ചൈന.
ചൈനീസ് കാമ്പസില്‍
എയര്‍പോര്‍ട്ടിനടുത്തുള്ള ചെറിയൊരു ഹോട്ടല്‍മുറിയിലാണ് അന്ന് രാജേഷ് തങ്ങിയത്. അതിരാവിലെ എഴുന്നേറ്റ് ബയൂണ്‍ സ്‌ട്രീറ്റിലൂടെ നടക്കുമ്പോഴാണ് തട്ടുകട ശ്രദ്ധയില്‍പെട്ടത്. അവിടെനിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തൊട്ടുമുമ്പിലിരിക്കുന്ന ചൈനക്കാരനോട് വാടകയ്‌ക്ക് വീടു കിട്ടുമോ എന്നന്വേഷിച്ചു. രാജേഷിന്റെ മുറിയിംഗ്ലീഷും അവന്റെ ചൈനീസും ഏറ്റുമുട്ടിയപ്പോള്‍ രണ്ടുപേര്‍ക്കും ഒന്നും മനസിലായില്ല. അയാള്‍ ദൂരേക്ക് വിരല്‍ചൂണ്ടി. അല്‍പ്പം മാറി സൊറ പറഞ്ഞിരിക്കുകയാണ് കുറെ ചെറുപ്പക്കാര്‍. പ്രാതല്‍ കഴിച്ചതിനുശേഷം ചെറുപ്പക്കാര്‍ക്കിടയിലെത്തി.
''കുറച്ചു നാളത്തേക്ക് ഒരു വാടകമുറി കിട്ടുമോ?''
ഇംഗ്ലീഷില്‍ ചോദിച്ചപ്പോള്‍ കൂട്ടത്തിലുള്ള ചോക്ലേറ്റ് യുവാവ് മുന്നോട്ടുവന്നു. രാജേഷ് അവനോട് കാര്യങ്ങള്‍ പറഞ്ഞു. വില്യംസ് എന്നാണ് തന്റെ പേരെന്ന് പറഞ്ഞ് അവന്‍ മറ്റുള്ളവരെയും പരിചയപ്പെടുത്തി.
''രാജേഷിന് എന്റെ കൂടെ വരാം.''
സുഹൃദ്‌സംഘം പിരിഞ്ഞപ്പോള്‍ രാജേഷ് വില്യംസിന്റെ ബൈക്കില്‍ കയറി. വണ്ടി ചെന്നെത്തിയത് ഒരിടത്തരം വീട്ടിലേക്കാണ്. വില്യംസിന്റെ വീടാണത്. അവന്റെ അമ്മ രാജേഷിനെ സന്തോഷപൂര്‍വം സ്വീകരിച്ചു. ഗ്യാംഗ്‌ടോംഗ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള ഇംഗ്ലീഷ് ബിസിനസ് കോളജില്‍ ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥിയാണ് വില്യംസ്. മൂന്നുമക്കളില്‍ ഒരാള്‍. പഠനത്തിനൊപ്പം ട്രാവല്‍ ഏജന്‍സിയില്‍ പാര്‍ട്ട്‌ടൈം ജോലി. വില്യംസിന് വേറെയും മൂന്നുവീടുകളുണ്ട്. ഉച്ചയ്‌ക്ക് രാജേഷിനെയും കൊണ്ട് വില്യംസ് മറ്റൊരു വീട്ടിലേക്ക് പോയി.
''രാജേഷിന് എന്നോടൊപ്പം ഈ വീട്ടില്‍ താമസിക്കാം. വാടകയൊന്നും പ്രശ്‌നമല്ല.''
വില്യംസിന്റെ പെരുമാറ്റം കണ്ടപ്പോള്‍ ചൈനക്കാരുടെ ആതിഥ്യമര്യാദയെക്കുറിച്ചോര്‍ത്ത് അഭിമാനം കൊണ്ടു. പിറ്റേന്നു രാവിലെ വില്യംസ് പുസ്‌തകങ്ങളുമായി കോളജിലേക്കിറങ്ങിയപ്പോള്‍ രാജേഷിനെയും ഒപ്പം കൂട്ടി. ഇംഗ്ലീഷ് ബിസിനസ് കോളജ് ചൈനയിലെ പ്രസിദ്ധമായ കാമ്പസാണ്. 750 ഏക്കര്‍ സ്‌ഥലത്ത് സ്‌ഥിതിചെയ്യുന്ന കോളജില്‍ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
വില്യംസ് ക്ലാസിലേക്ക് കയറിയാല്‍ രാജേഷ് പതുക്കെ ലൈബ്രറിയിലേക്ക് കയറി ഇംഗ്ലീഷ് പുസ്‌തകങ്ങള്‍ വായിക്കും. അതു മടുക്കുമ്പോള്‍ പാര്‍ക്കില്‍ പോയിരിക്കും. അല്ലെങ്കില്‍ ഗ്രൗണ്ടില്‍. വൈകിട്ട് വീണ്ടും വില്യംസിനൊപ്പം വീട്ടിലേക്ക്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വില്യംസിന്റെ സുഹൃത്തുക്കള്‍ രാജേഷിന്റെയും ചങ്ങാതിമാരായി. എല്ലാ വെള്ളിയാഴ്‌ചയും വില്യംസ് സ്വന്തം വീട്ടിലേക്കു പോകും. ബൈക്കിനു പിന്നില്‍ രാജേഷുമുണ്ടാവും.
ഒരു ദിവസം ക്ലാസ് വിട്ടുവരുമ്പോള്‍ വില്യംസിന്റെ കൂടെ നീണ്ടു മെലിഞ്ഞ പെണ്‍കുട്ടിയുണ്ടായിരുന്നു.
''ഇത് ആന്‍ ലാംങ് ലെയോണ്‍. എന്റെ ബെസ്‌റ്റ് ഫ്രണ്ട്.''
വില്യംസ് പരിചയപ്പെടുത്തി. രാജേഷിന്റെ കഥ കേട്ടപ്പോള്‍ ആനിന് എന്തോ സഹതാപം തോന്നി. ഇടയ്‌ക്കൊക്കെ ക്ലാസ്‌കട്ട് ചെയ്‌ത് ആന്‍ പുറത്തേക്കിറങ്ങും. രാജേഷിനൊപ്പം പാര്‍ക്കില്‍ പോയിരിക്കും. കാന്റീനില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിച്ചുകൊടുക്കും.
''ഭക്ഷണമല്ല, ജോലിയാണ് എനിക്കാവശ്യം. അതിനാണ് ആന്‍ സഹായിക്കേണ്ടത്''
കാന്റീനില്‍ നിന്നിറങ്ങവെ ഒരു ദിവസം രാജേഷ് ആനിനോട് പറഞ്ഞു. അങ്ങനെയാണ് ആനിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ രാജേഷ് ചെറിയ ചെറിയ ജോലികള്‍ ചെയ്യാന്‍ തുടങ്ങിയത്. ഇംപോര്‍ട്ട് ബിസിനസായിരുന്നു ആദ്യം. ബിസിനസ് ചെയ്യാന്‍ വരുന്നവര്‍ക്കു മുമ്പില്‍ ഗൈഡായും പ്രവര്‍ത്തിച്ചു. കോളജില്ലാത്ത സമയങ്ങളില്‍ ആനുമൊന്നിച്ച് കൈവണ്ടി വലിച്ച് സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തു.
ഈ സമയത്താണ് വിസിറ്റിംഗ് വിസയുടെ കാലാവധി തീര്‍ന്നത്. എല്ലാം ഇട്ടെറിഞ്ഞ് ഇന്ത്യയിലേക്ക് പോകേണ്ടിവരുമോ എന്ന ആധിയായിരുന്നു രാജേഷിന്. അവിടെയും ആന്‍ സഹായത്തിനെത്തി. ഹോങ്‌കോംഗില്‍ പോയാല്‍ വിസ പുതുക്കാന്‍ കഴിയും. ആനിന്റെ വീടും അവിടെയാണ്. ഒരു ദിവസം ആനിനൊപ്പം രാജേഷും ഹോങ്‌കോംഗിലേക്ക് യാത്ര തിരിച്ചു.
ആനിന്റെ വീട്ടിലെത്തി മാതാപിതാക്കളെ പരിചയപ്പെട്ടു. ആ യാത്രയിലാണ് രണ്ടുപേരും കൂടുതലടുത്തത്. വിസ പുതുക്കിയത് രാജേഷിന്റെ വളര്‍ച്ചയ്‌ക്ക് കരുത്തുപകര്‍ന്നു. ഇന്ത്യയിലേക്കും റഷ്യയിലേക്കും ട്രേഡ് ബിസിനസ് ആരംഭിച്ചു. ഗ്രാഫിക് ഇന്റര്‍നാഷണല്‍ കമ്പനി എന്ന പേരില്‍ ഒരു കമ്പനിയുണ്ടാക്കി. ബിസിനസ് തഴച്ചുവളര്‍ന്നു. ഒപ്പം ആനിനോടുളള ഇഷ്‌ടവും.
വിദ്യാഭ്യാസം കേരളത്തില്‍
രണ്ടര വര്‍ഷത്തിനുശേഷം രാജേഷ് ആദ്യമായി നാട്ടിലെത്തി. കടങ്ങള്‍ വീട്ടി. സ്വന്തം നാട്ടില്‍ അമ്മയ്‌ക്കു താമസിക്കാന്‍ പുതിയൊരു വീട് വിലയ്‌ക്കുവാങ്ങി. സുഹൃത്തുക്കളെയെല്ലാവരെയും കണ്ട് പരിചയം പുതുക്കി. വലിയ ബിസിനസുകാരനായി നാട്ടില്‍ തിരിച്ചെത്തിയതറിഞ്ഞ് രാജേഷിന് വിവാഹാലോചനകള്‍ പ്രവഹിക്കാന്‍ തുടങ്ങി. അമ്മ നിര്‍ബന്ധിച്ചപ്പോള്‍ രാജേഷ് ആനിനെക്കുറിച്ച് പറഞ്ഞു.
''എനിക്കൊരു ജീവിതമുണ്ടാക്കിത്തന്നത് അവളാണ്. അവളെത്തന്നെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നാണ് ആഗ്രഹം.'
ഭര്‍ത്താവിന്റെ കമ്യൂണിസ്‌റ്റ് തണലില്‍ ജീവിച്ച പുഷ്‌പാംഗിക്കും ജാതി മത ചിന്തകളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പമായി. തിരിച്ച് വീണ്ടും ചൈനയിലെത്തി. ആനിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവള്‍ക്കും സമ്മതം. ആന്‍ വീട്ടില്‍ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ അവളുടെ അപ്പനും അമ്മയും എതിര്‍ത്തു. അവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം എവിടെ നിന്നോ വന്ന ഒരാളാണ് രാജേഷ്. മറ്റൊരു മതത്തില്‍പെട്ടയാള്‍. നിരീശ്വരവാദി.
ഒരു സുപ്രഭാതത്തില്‍ അവന്‍ ആനിനെ ഉപേക്ഷിച്ചുപോയാല്‍...?
രാജേഷ് അങ്ങനെ ചെയ്യില്ലെന്ന് ആന്‍ ഉറപ്പിച്ചുപറഞ്ഞെങ്കിലും ബന്ധുക്കള്‍ വിശ്വസിച്ചില്ല. ഒടുവില്‍ അവള്‍ വീടുവിട്ടിറങ്ങി. ഹോങ്‌കോംഗില്‍ വെസേ്‌റ്റണ്‍ രീതിയിലായിരുന്നു വിവാഹം. ആനിന്റെ വീട്ടുകാര്‍ വന്നില്ലെങ്കിലും ഇരുവരുടെയും സുഹൃത്തുക്കള്‍ എല്ലാ കാര്യത്തിനും മുമ്പില്‍നിന്നു.
ആനിന് ബാങ്കില്‍ ജോലികിട്ടി. രാജേഷിന്റെ ബിസിനസ് നല്ല രീതിയില്‍ പുരോഗമിച്ചു. ആന്‍ ഗര്‍ഭിണിയായപ്പോള്‍ അവളെ പരിചരിക്കാന്‍ രാജേഷ് നാട്ടില്‍ നിന്നും അമ്മയെ കൊണ്ടുവന്നു. അമ്മ പിന്നീട്‌അഞ്ചുവര്‍ഷം രാജേഷിനൊപ്പം കഴിഞ്ഞു. രാജേഷിനും ആനിനും രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചു. അവര്‍ക്ക് മലയാളിത്തമുള്ള പേരാണിട്ടത്-ആര്യയും ആതിരയും. ആനിന്റെ ബന്ധുക്കളുമായുള്ള പിണക്കവും അതോടെ അവസാനിച്ചു.
മക്കള്‍ പ്രീ കെ.ജി, എല്‍.കെ.ജി ക്ലാസുകളില്‍ പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് രാജേഷിന് ചൈനയിലെ വിദ്യാഭ്യാസരീതി ശരിയല്ലെന്നു തോന്നിയത്. പിന്നീട് നല്ല വിദ്യാഭ്യാസം എവിടെ കിട്ടുമെന്ന അന്വേഷണത്തിലായി. അന്വേഷണം അവസാനിച്ചത് കേരളത്തിലാണ്.
ലോകത്തില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം കേരളത്തിലാണെന്ന സത്യം രാജേഷ് തിരിച്ചറിഞ്ഞു. ആനിനെയും ഇക്കാര്യം പറഞ്ഞുമനസിലാക്കി. ആ സമയത്താണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ പീഡനങ്ങളുടെ പരമ്പര അരങ്ങേറിയത്. ആറു വയസുള്ള പെണ്‍കുട്ടികളെ വരെ പീഡനത്തിനിരയാക്കിയത് അവിടത്തെ മാധ്യമങ്ങള്‍ ആഘോഷമാക്കി അവതരിപ്പിച്ചു. അതോടെ മക്കളെ കേരളത്തിലേക്കയക്കാനുള്ള തീരുമാനത്തെ ആനിന്റെ ബന്ധുക്കള്‍ എതിര്‍ത്തു.
''പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും വിലയില്ലാത്ത സ്‌ഥലത്തേക്ക് എന്തിന് കുട്ടികളെ അയക്കണം? ആനും രാജേഷും ഈ തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങണം.''
ആനിന്റെ അമ്മ കട്ടായം പറഞ്ഞു. പക്ഷേ രാജേഷും ആനും തീരുമാനത്തില്‍ ഉറച്ചുനിന്നു. ഈ പ്രശ്‌നത്തിന്റെ പേരില്‍ രാജേഷിനെ ഡൈവോഴ്‌സ് ചെയ്യാന്‍ പോലും അവര്‍ ആനിനെ നിര്‍ബന്ധിച്ചു. പക്ഷേ ആന്‍ വഴങ്ങിയില്ല. കുഞ്ഞുങ്ങളുമായി രാജേഷും ആനും തിരുവനന്തപുരത്തു വന്നു. കവടിയാറില്‍ ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തു.
രണ്ടുമക്കളെയും ക്രൈസ്‌റ്റ് നഗറില്‍ സ്‌കൂളില്‍ ചേര്‍ത്തു. ആര്യ ഒന്നാംക്ലാസില്‍ ആതിര രണ്ടില്‍. രണ്ടുപേരുമിപ്പോള്‍ ക്ലാസില്‍ ഫസ്‌റ്റാണ്. ആനിപ്പോള്‍ രണ്ടുമക്കള്‍ക്കും രാജേഷിന്റെ അമ്മയ്‌ക്കുമൊപ്പമാണ് താമസം. രാജേഷ് ഓരോ മാസവും പത്തു ദിവസത്തെ ലീവിന് ചൈനയില്‍ നിന്ന് തിരുവനന്തപുരത്തെത്തും. തന്റെ ബിസിനസ് കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമം രാജേഷ് തുടങ്ങിക്കഴിഞ്ഞു. മേനംകുളം കിന്‍ഫ്രാപാര്‍ക്കിനകത്ത് ബയോ ഗ്രേഡബിള്‍ പ്ലാസ്‌റ്റിക് ബാഗ്‌സ് കമ്പനി.
''കേരളത്തില്‍ വ്യവസായം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ പലരും എന്നെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്‌തത്. ഇവിടെ വ്യവസായം വളരില്ലെന്നാണ് ചിലരൊക്കെ പറഞ്ഞത്. പക്ഷേ അതില്‍ കാര്യമില്ല. തൊഴിലാളികളെ സ്‌നേഹിച്ചാല്‍ വളരാത്ത വ്യവസായമുണ്ടോ?'' രാജേഷിന്റെ വാക്കുകളില്‍ പ്രതീക്ഷ മുളയ്‌ക്കുകയാണ്. ചൈനയോളം.
രാജേഷിന്റെ കേരളത്തെക്കുറിച്ച് ആന്‍ എന്റെ കേരളം...എത്ര സുന്ദരം
വാര്‍ത്തകളില്‍ പീഡനം നിറയുമ്പോള്‍ സത്യത്തില്‍ കേരളത്തെക്കുറിച്ച് ഭയമുണ്ടായിരുന്നു. രണ്ടു പെണ്‍കുട്ടികളുടെ കൈയും പിടിച്ച് ഇവിടെയെത്തിയാല്‍ എന്തായിരിക്കും അവസ്‌ഥയെന്ന ആശങ്ക. പക്ഷേ രാജേഷിന്റെ ധൈര്യമാണ് എന്നെ തിരുവനന്തപുരത്തെത്തിച്ചത്. ഗാങ്‌ഷോയിലെ ഫ്‌ളാറ്റ് സമുച്ചത്തിന്റെ ഇരുപത്തിയൊമ്പതാം നിലയിലായിരുന്നു ഞങ്ങളുടെ താമസം. അവിടെ നിന്നു നോക്കിയാല്‍ മണ്ണു പോലും കാണാന്‍ പറ്റില്ല. ഇവിടെ മണ്ണിലൂടെ നടക്കാം.
കുട്ടികള്‍ക്ക് മണ്ണില്‍ കളിക്കാം. എല്ലാ സൗകര്യങ്ങളുമുണ്ട്. മടുക്കുമ്പോള്‍ രാജേഷിന്റെ വീട്ടിലേക്കു പോകാം. അല്ലെങ്കില്‍ അനിയത്തിമാരുടെ വീടുകളുണ്ട്. എല്ലാ ദിവസവും കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതും തിരിച്ചു വീട്ടിലെത്തിക്കുന്നതും ഞാനാണ്. ഒറ്റയ്‌ക്ക് ഡ്രൈവ് ചെയ്‌തതുകൊണ്ട് ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലെ എല്ലാ വഴികളും പരിചിതം. എന്തെങ്കിലും സഹായം വേണമെങ്കില്‍ കൈയെത്തും ദൂരത്ത് രാജേഷിന്റെ സുഹൃത്തുക്കളുണ്ട്.
ചൈനയില്‍ ഇത്തരം സഹകരണങ്ങളൊന്നുമില്ല. കുട്ടികള്‍ക്ക് സ്വാതന്ത്ര്യം കിട്ടുന്ന വിദ്യാഭ്യാസമാണ് ഇവിടുത്തേത്. ചൈനയില്‍ വളരെ സ്‌ട്രിക്‌ടാണ്. കുട്ടികള്‍ക്കു താങ്ങാന്‍ കഴിയുന്നതിലും അധികമുള്ള പാഠഭാഗങ്ങള്‍. മാത്രമല്ല, പഠനം മാത്രമേ അവിടെയുള്ള സ്‌കൂളുകളിലുള്ളൂ. ഇവിടെ പഠനത്തിനൊപ്പം കളിയുമുണ്ട്.
റോഡിലെ അച്ചടക്കമില്ലായ്‌മയാണ് ഇവിടത്തെ പ്രധാന പ്രശ്‌നം. മാലിന്യങ്ങള്‍ തോന്നുന്നിടത്ത് വലിച്ചെറിയുക, തുപ്പുക, പ്ലാസ്‌റ്റിക്കുകള്‍ റോഡരികിലിട്ട് കത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് കേരളത്തെ നശിപ്പിക്കുന്നത്. അക്കാര്യത്തില്‍ക്കൂടി ഒന്നു ശ്രദ്ധിച്ചാല്‍ ഇവിടം സ്വര്‍ഗമാവും.
www.keralites.net |
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment