ആദ്യ കാഴ്‌ചയില്‍ തന്നെ 17 കാരന്‍ സച്ചിന്‍ വീഴ്‌ത്തിക്കളഞ്ഞെന്ന് അഞ്‌ജലി

വിമാനത്താവളത്തില്‍ മാതാവിനെ കാത്ത് നില്‍ക്കുമ്പോഴായിരുന്നു അഞ്‌ജലി മേത്ത എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സച്ചിന്‍ തെന്‍ഡുക്കര്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ ബോയ് യെ ആദ്യം കാണുന്നത്. സുന്ദരനാണല്ലോ എന്ന് അപ്പോള്‍ തോന്നുകയും ചെയ്‌തു. സച്ചിന്‍ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് 17 കാരന്‍ സച്ചിന്റെ പിന്നാലെഅവള്‍ ഓടി. അമ്മയെ സ്വീകരിക്കാന്‍ കൂട്ടുകാരിക്കൊപ്പമാണല്ലോ താന്‍ വിമാനത്താവളത്തില്‍ എത്തിയതെന്ന് പോലും അപ്പോള്‍ അവര്‍ മറന്നു പോയി.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുമായുള്ള ആദ്യ കാഴ്‌ചയിലെ പ്രണയത്തെക്കുറിച്ച് സച്ചിന്റെ ഭാര്യ അഞ്‌ജലി വാചാലയാകുകയാണ്. വിമാനത്താവളത്തില്‍ നില്‍ക്കുമ്പോള്‍ സുഹൃത്താണ് സച്ചിനെ കുറിച്ച് പറഞ്ഞത്. സുന്ദരനാണല്ലോയെന്ന് സുഹൃത്തിനോട് പറയുകയും ചെയ്‌തു. അമ്മയെ പോലും മറന്ന് താന്‍ സച്ചിന് പിന്നാലെ ഓടി. ആകെ പരിഭ്രമത്തില്‍ ആയിരുന്ന സച്ചിന്‍ ഒന്നു തിരിഞ്ഞു നോക്കി പോലുമില്ല. സച്ചിന്റെ ആത്മകഥ പ്‌ളേയിംഗ് ഇറ്റ് മൈ വേ യുടെ പ്രകാശന വേളയിലാണ് അഞ്‌ജലി തങ്ങളുടെ പ്രണയകാലം ഓര്‍മ്മിച്ചെടുത്തത്.
പിന്നീട് സച്ചിന്റെ നമ്പര്‍ കിട്ടിയ ശേഷം ഒരിക്കല്‍ ഫോണ്‍ വിളിച്ചു. ഭാഗ്യം എടുത്തത് സച്ചിന്‍ തന്നെ. താന്‍ അഞ്‌ജലി ആണെന്നും വിമാനത്താവളത്തില്‍ വെച്ച് കണ്ടിരുന്നെന്നും പറഞ്ഞപ്പോള്‍ താന്‍ ഓര്‍മ്മിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തു കളറായിരുന്നു ധരിച്ചിരുന്നതെന്ന് ചോദിച്ചപ്പോള്‍ ഓറഞ്ച് നിറത്തിലെ ടി ഷര്‍ട്ട് ആയിരുന്നില്ലേ എന്ന് സച്ചിന്‍ തിരിച്ചു ചോദിച്ചു. പിന്നീട് രണ്ടു തവണ കൂടി സച്ചിനുമായി കൂടിക്കാഴ്‌ച നടന്നെങ്കിലും ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയാത്തതിനാല്‍ കൂടുതല്‍ ഒന്നും സംഭവിച്ചില്ല. എപ്പോള്‍ കണ്ടാലും പിന്നാലെ പോകുമെന്ന നിലയിലായി പിന്നീട് കാര്യങ്ങള്‍.
സച്ചിന്റെ വീട്ടില്‍ ആദ്യമായി എത്തിയപ്പോള്‍ അദ്ദേഹം പകച്ചുപോയി. ജര്‍ണലിസ്‌റ്റായി അഭിനയിച്ചായിരുന്നു വീട്ടില്‍ എത്തിയത്. എങ്ങിനെ ഒരു പെണ്‍കുട്ടിക്ക് തന്റെ വീട്ടില്‍ എത്താന്‍ കഴിഞ്ഞെന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാല്‍ സച്ചിന്റെ സഹോദരിക്ക് ഈ തരികിടയില്‍ ഒരു സംശയം തോന്നി. നിങ്ങള്‍ ശരിക്കും മാധ്യമപ്രവര്‍ത്തകയാണോ എന്ന് ചോദിച്ച് സഹോദരി നന്നായി ചോദ്യം ചെയ്‌തു. എന്നാല്‍ തന്നെ കാണാന്‍ വന്നതാണെന്ന് പറഞ്ഞ് സച്ചിന്‍ അഞ്‌ജലിയെ രക്ഷിക്കുകയൂം ചോക്‌ളേറ്റ് നല്‍കുകയും ചെയ്‌തു.
ക്രിക്കറ്റുമായി ബന്ധപ്പെട്ട് വിദേശ പര്യടനത്തിലായിരിക്കുന്ന താരവുമായി അഞ്‌ജലി ഫോണ്‍ വിളിച്ചിരുന്നത് രാത്രി പത്തുമണിക്ക് ശേഷം മാത്രമായിരുന്നു. ക്യാമ്പസില്‍ നിന്നും പുറത്തിറങ്ങി ഗുണ്ടകളും തെമ്മാടികളും നിറഞ്ഞ വഴികളിലൂടെ നടന്ന് സംസാരിക്കും. കോള്‍റേറ്റ് കുറവാണെന്ന ആനുകൂല്യമായിരുന്നു ആ സമയം തെരഞ്ഞെടുക്കാന്‍ കാരണം. കത്തെഴുതലായിരുന്നു പിന്നീട് ബന്ധപ്പെടാനുള്ള മാര്‍ഗ്ഗം. ഇന്റര്‍നാഷണല്‍ ടെലിഫോണ്‍ ബില്ലിന്റെ കാര്യം പറഞ്ഞുകൊണ്ട് സച്ചിനെഴുതിയിരുന്ന കത്തുകളായിരുന്നു തങ്ങളുടെ ഏറ്റവും വലിയ ആശയവിനിമയ ഉപാധിയായി വര്‍ത്തിച്ചതെന്നും അഞ്‌ജലി പറഞ്ഞു.
പ്രണയകാലത്ത് വിവാഹക്കാര്യം അദ്ദേഹത്തിന്റെ മാതാപിതാക്കളോട് തന്നെക്കൊണ്ടായിരുന്നു സച്ചിന്‍ സംസാരിപ്പിച്ചത്. തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന വിവരം അഞ്‌ജലി സച്ചിന്റെ മാതാപിതാക്കളെ അറിയിക്കുമ്പോള്‍ സച്ചിന്‍ ന്യൂസിലന്റ് പര്യടനത്തിലായിരുന്നു. അഞ്‌ജലിയെ വിവാഹം കഴിക്കണമെന്ന് മാതാപിതാക്കളെ അറിയിക്കുന്നത് അന്താരാഷ്‌ട്ര ക്രിക്കറ്റിലെ തകര്‍പ്പന്‍ ഫാസ്‌റ്റ് ബൗളര്‍മാരെ നേരിടുന്നതിനേക്കാള്‍ ദുഷ്‌ക്കരമായ കാര്യമായിരുന്നെന്ന് സച്ചിനും വേദിയില്‍ പറഞ്ഞു.
ഗ്‌ളാമറും പ്രശസ്‌തിയൂമൊക്കയുണ്ടെങ്കിലും ഒരു ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായിരിക്കുക ഏറെ ദുഷ്‌ക്കരമായ കാര്യമാണെന്നും അഞ്‌ജലി പറയുന്നു. പുലര്‍ച്ചെ ഭര്‍ത്താവ് എഴുന്നേറ്റ് പോകുന്നതു മുതല്‍ ഇന്ത്യ മത്സരത്തില്‍ തോല്‍ക്കുന്നതും കുട്ടികള്‍ക്കൊപ്പം പുറത്ത് പോകുന്നതുമെല്ലാം പ്രശ്‌നമാണെന്ന് അഞ്‌ജലി പറയുന്നു. പിതാവിന്റെ മരണവാര്‍ത്ത അറിയിക്കുക എന്നാതായിരുന്നു സച്ചിന്റെ ഭാര്യ എന്ന നിലയില്‍ താന്‍ നേരിട്ട ഏറ്റവും ദുഷ്‌ക്കരമായ ജോലിയെന്നും അഞ്‌ജലി പറഞ്ഞു. പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ലോകകപ്പ് വേദിയായ ഇംഗ്‌ളണ്ടില്‍ നിന്നും നാട്ടിലെത്തി മടങ്ങിയ സച്ചിന്‍ രാജ്യത്തിനായി ശതകം തികച്ചാണ് പിതാവിന് ആദരാഞ്‌ജലി അര്‍പ്പിച്ചത്.
ഒരുക്രിക്കറ്റ് കളിക്കാരന്റെ ഭാര്യയായിരിക്കുക എന്നത് വളരെ ദുഷ്‌ക്കരമായ ഒന്നാണ്. എന്നാല്‍ സച്ചിന്‍ കളിക്കുമ്പോള്‍ ഒരിക്കലും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നില്ല. സാറ കുഞ്ഞായിരിക്കുമ്പോള്‍ എന്റെ ഭാരം പങ്കുവെയ്‌ക്കാന്‍ സച്ചിന്‍ തയ്യാറായിരുന്നു. എന്നാല്‍ അദ്ദേഹം ക്രിക്കറ്റില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു തങ്ങള്‍ക്ക് ഇഷ്‌ടം. സച്ചിന്റെ ആത്മകഥയാ പ്‌ളേയിംഗ് ഇറ്റ് മൈ വേ എന്ന പുസ്‌തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട വേദിയിലാണ് അഞ്‌ജലി ഇക്കാര്യം വ്യക്‌തമാക്കിയത്.