Thursday 6 November 2014

[www.keralites.net] ഒരു രുചിയുടെ കഥ

 

ഒരു രുചിയുടെ കഥ


ആദര്‍ശ് ദാമോദരന്‍

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് എസ് ആർ എം റോഡിലേക്കിറങ്ങി ലിസ്സി ജങ്ക്ഷൻ ഭാഗത്തേക്ക് നടക്കുമ്പോൾ കുരുമുളകരച്ചു വറക്കുന്ന മീനിന്‍റെ മണം ആരെയും ഒന്നു മയക്കും. ഇത് എവിടെ നിന്നാണ് എന്നറിയാന്‍ പെടലി 360 ഡിഗ്രിയിൽ ഒന്ന് കറങ്ങും. അപ്പോൾ ഇടതു വശത്ത് ഒരു ചെറ്റകുടിൽ പോലെ കാണാം. അതിന്റെ മുൻപിൽ 'ഊണ്‌ റെഡി' എന്നെഴുതിയിട്ടുണ്ടാകും.
ഒരു മടിയും കൂടാതെ അകത്തു കയറുക. കാരണം വെളിയിൽനിന്നു കാണുന്നത് പോലെ തന്നെയാണ് അകത്തും. യാതൊരു പത്രാസുമില്ല.  ആദ്യത്തെ പ്രാവശ്യം, കുരുമുളകരച്ചു വറക്കുന്ന മീനിന്‍റെ മണത്തിനോടുള്ള എന്‍റെ അഭിനിവേശം ആ ഊട്ടുപുരയുടെ അന്തസില്ലായ്മയോട് അടിയറവു പറഞ്ഞു. പക്ഷെ രണ്ടാം വട്ടം അന്തസ്സിനോട് പോടാ പുല്ലേ എന്ന് പറഞ്ഞുകൊണ്ട് മൂക്കിന്‍റെ പാത പിന്തുടർന്നു.
ചുറ്റും നോക്കിയപ്പോൾ ഇരുന്നു കഴിക്കാൻ എട്ടു സ്റ്റൂളുകളും ഒരു വലിയ മേശയും. മറ്റൊരു മേശയിൽ കഴിക്കാനുള്ള പ്ലേടുകളും ചോറും കറിയും.
"പുതിയ ആളാണോ ?" ഒരു സ്ത്രീശബ്ദം എന്നോടെന്നപോലെ ചോദിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. അപ്പൊ മനസ്സിലായി എന്നോടുതന്നെയാണെന്ന്.
"ങ്ഹാ.. അതെ"
" മോനേ, ഇവിടെ അമ്മച്ചി തനിച്ചേയുള്ളൂ, അതു കൊണ്ട് എടുത്തു കഴിച്ചോളണം ട്ടോ, വറുത്തത് വേണമെങ്കിൽ പറയണേ "
പ്ലെയ്റ്റ് എടുത്തു ചോറ് വിളമ്പി, പയർതോരന്‍, പയർ മെഴുക്കുവരട്ടി, പിന്നെ സാമ്പാറും മീൻചാറും. നത്തോലിയുടെ വലിപ്പമുള്ള ചാള പീസ്‌ പീസാക്കി നല്ല കടുംകട്ടി ചുമപ്പു നിറത്തിലുള്ള മീന്‍ച്ചാർ. കൊരിയോഴിച്ചതെ സംഭവം രസം പോലെ ഊര്‍ന്നു വീണു. "പണി പാളിയാ കടവുളേ.." വീണ്ടും അന്തസ്സ് തലപൊക്കി. പക്ഷെ, ഒരു പിടി വായിലിട്ടപ്പോൾ നല്ല ചട്ടിയിലിട്ടുവെച്ച മീനിന്റെ ടേസ്റ്റ്. നല്ല മണവും.
"അമ്മച്ചി, ഇന്നെന്നതാ വറത്തത്" പുതിയൊരാൾ എന്റെ സൈഡിൽ വന്നിരുന്നു.
"അയിലയാ മോനേ. എടുക്കട്ടെ"
"ങ്ഹാ, രണ്ടെണ്ണം, എരിവു കൂടുതൽ "
"മറ്റേ മോന്, മീൻ വേണ്ടേ." വിളിച്ചു കൂവലിന്റെ ചമ്മലിനോട് യുദ്ധം ചെയ്തുകൊണ്ടിരുന്ന ഞാൻ പെട്ടെന്ന് പറഞ്ഞു. "എനിക്കും രണ്ടെടുത്തോ"
അകത്ത് എണ്ണയിൽ പൊരിയുന്ന മീനിന്റെ ശബ്ദം. ഇവിടെയാണെങ്കിൽ നാവില്‍നിന്നു വെള്ളമൂറുന്ന കുരുമുളകിന്റെ മണവും.
കാത്തിരുപ്പിനു വിരാമമിട്ടു കൊണ്ട് കയ്യിൽ എണ്ണയേറ്റു പിടയ്ക്കുന്ന മീനിന്റെ പാത്രവുമായി അങ്ങനെ അമ്മച്ചി പ്രത്യക്ഷപ്പെട്ടു. പക്ഷെ അമ്മച്ചിയെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഒരു എഴുപത് വയസ്സെങ്കിലും കാണും. നരച്ച ചുവന്ന ബ്ലൗസും ഒരു നീല കള്ളികളുള്ള കൈലിമുണ്ടും. എല്ലും തോലുമായുള്ള ഒരു ശരീരപ്രകൃതം.പക്ഷെ ഒരു നിത്യാഭ്യാസിയുടെ ചാരുതയോടു കൂടെ ആ മീനുകള ഞങ്ങളുടെ ചോറിന്‍റെ മുകളിലിട്ടു.
"മീൻമുട്ടയാ, മക്കൾ എടുത്തു കഴിച്ചോ"
കുറഞ്ഞത് ഒരു ഇരുപത്തിയഞ്ചെണ്ണമെങ്കിലും ഉണ്ടാകും. നല്ല മുഴുത്തത്.
അവിടെ ഇരുന്ന എല്ലാവരും ഈരണ്ടെണ്ണം വെച്ചെടുത്തു. ഞാൻ ഒരെണ്ണം കൂടുതൽ എടുത്തു. പാത്രത്തിൽ പിന്നെയും ബാകി.
"വേറെ വല്ല ഹോട്ടലിൽ ആയിരുന്നെങ്കിൽ ഇത് മൂന്ന് പ്ലേടാക്കി ഓരോന്നും മിനിമം അൻപത് രൂപയ്ക്കെങ്കിലും വിറ്റെനേ" കൂടെയുള്ളൊരാൾ ആത്മഗതം പറഞ്ഞു.
കഴിച്ചു കഴിഞ്ഞ ഒരാള്‍ അകത്ത് പോയി കാശ് കൊടുത്തതിനു ശേഷം ചോറിന്‍റെയും കറികളുടെയും പാത്രങ്ങൾ നിറച്ചു കൊണ്ടുവന്നു.
"അയ്യോ മക്കളെ, അമ്മച്ചി തരാൻ മറന്നു പോയതാ, ഇന്നലെത്തെ രസാ.. നല്ല രുചിയായിരിക്കും." ഒരു വലിയ ചെരുവം നിറച്ചു രസം മുന്നില് കൊണ്ട്വന്നു വെച്ചിട്ട് ആ സ്ത്രീ പറഞ്ഞു.
ആ നിമിഷം എന്റെ മനസ്സിലൂടെ ഓടിയത് ആ സ്ത്രീയുടെ സത്യസന്ധതയും നിഷ്കളങ്കതയും സ്നേഹം തുളുമ്പുന്ന മനസ്സുമാണ്. സ്വന്തം മക്കളോട് എന്നപോലെയാണ് എല്ലാവരോടും പെരുമാറുന്നത്. ആരെങ്കിലും ഭക്ഷണം കഴിച്ചിട്ട് ഇറങ്ങി പോയാൽ പോലും ആ അമ്മച്ചി അറിയില്ല.
അങ്ങനെ അവസാനത്തെ ഉരുള ചോറും വാരി അതിലേക്ക് രസം ഡയറക്റ്റ് ഒഴിച് ഒറ്റ വലി. ഭയങ്കര ടേസ്റ്റ് ആണ്.
ഞാൻ പത്രവുമെടുത്ത്‌ അടുക്കലയിലോട്ടു ചെന്നു.
" അമ്മച്ചീ, ഇതെവിടെയാ കഴുകുന്നേ"
"ഹോ, അതൊന്നും വേണ്ട, അതൊക്കെ അമ്മച്ചി ചെയ്തോളാം"
"എത്രയായി അമ്മച്ചി" ഞാൻ കൈ കഴുകികൊണ്ട് ചോദിച്ചു
"മക്കളുടെത്… അൻപത് രൂപ, ആ പെട്ടിക്കകത്ത് ഇട്ടെരേ"
"അൻപതോ, അമ്മച്ചീ ഞാൻ രണ്ട് മീനും എടുത്തിരുന്നു"
"അതോണ്ടാ അൻപത്, രണ്ട് മീനിന് ഇരുപത്തിയഞ്ച്"
എന്റെ അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്ന ഭാവം കണ്ടു അമ്മച്ചി പറഞ്ഞു "ഇന്ന് മാർക്കറ്റിൽ മീനിന് ഒരു കിലോയ്ക്ക് നാല്പ്പത് രൂപയെയുള്ളൂ. ഒരു കിലോയിൽ ഒരെഴെണ്ണം കാണും. അപ്പൊ ഞാൻ ഇവിടെയും വില കുറച്ചു. ഈ വയസാം കാലത്ത് ഞാൻ എന്തിനാ കാശുണ്ടാക്കുന്നത്."
ആ അമ്മച്ചിയോട്‌ എനിക്ക് വല്ലാത്ത സ്നേഹം തോന്നി. എവിടുന്നോ വരുന്ന മക്കള്‍ക്ക് വേണ്ടി ചോറും കറിയും ഒരുക്കിവെക്കുന്ന അമ്മ. "അമ്മച്ചി, ഞാൻ വേണമെങ്കിൽ കുറച്ച നേരം ഇവിടെ വിളമ്പാൻ നിലക്കാം"
അപ്പോൾ അമ്മച്ചി ഒരു ഭാവഭേദവുമില്ലാതെ, " അതൊന്നും വേണ്ട മക്കളെ, ഇവിടെ വരുന്നവർക്കറിയാം വിളമ്പി കഴിക്കണമെന്ന്. പിന്നെ അത്ര നിർബന്ധാണെങ്കിൽ പോവുന്ന സമയം പാത്രങ്ങൾ നിറച്ച് വെച്ചിട്ട് പൊയ്ക്കോ. കഴിക്കാൻ വരുന്നവർ കാലിപാത്രങ്ങൾ കാണുന്നത് മോശല്ലേ."
രണ്ടാം ഭാഗം
ഇന്ന് വീണ്ടും എനിക്ക് അവിടെ പോകാന്‍ തോന്നി. ഞായറാഴ്ചയായത് കൊണ്ട് ഇന്ന് അവധിയാണെന്ന് പറഞ്ഞാണ് അവര്‍ എന്നെ സീകരിച്ചത്.
ഒരു മണിക്കൂര്‍ എങ്ങനെയാണ് പോയതെന്നറിഞ്ഞില്ല.
അന്ന് ചോദിയ്ക്കാന്‍ വിട്ട പല കാര്യങ്ങളും ചോദിച്ചറിയണം എന്നുണ്ടായിരുന്നു. അപ്പോഴാണ്‌, ഒരു സ്ത്രീ ചായയുമായി വന്നത്.
"എന്റെ മോളാ, മൂന്ന് പെണ്‍കുട്ടികളാ എനിക്ക്, ഇത് ഏറ്റവും ഇളയത്. ഇവളുടെ അപ്പനുണ്ടായിരുന്ന കാലത്താ ഇവളെയും കെട്ടിച്ചു വിട്ടത്. പക്ഷെ ആറു കൊല്ലം മുന്‍പ് ഇവളെ ഇവിടെ കൊണ്ടുവന്നാക്കി. പിന്നെ ബന്ധം വേര്‍പ്പെടുത്തി."
"അപ്പോള്‍ നിങ്ങള്‍ രണ്ടു പേരും മാത്രേയുള്ളൂ ഇവിടെ" എന്ത് പറയണമെന്ന് അറിയാതെ ഞാന്‍ ചോദിച്ചു.
" അതെ മക്കളെ, നിങ്ങളെ പോലുള്ളവര്‍ ഇവിടെ വന്നു കഴിക്കുന്നത് കൊണ്ട് ഞങ്ങള്‍ കഴിഞ്ഞു പോകുന്നു. വിളമ്പി തരാന്‍ പോലും എനിക്ക് പറ്റുന്നില്ല, എന്നിട്ടും നിങ്ങളൊക്കെ പിന്നേം പിന്നേം ഇവിടെ വരുന്നു. മക്കളുടെ വയറു നിറയുമ്പോ, അമ്മച്ചിയുടെ മനസ്സ് നിറയും."
" അമ്മച്ചി, അമ്മച്ചിയുടെ ഫോട്ടോ ഞാന്‍ എടുത്തോട്ടെ, കൂട്ടുകാരെ കാണിക്കാനാ, അവരാരും ഇവിടെയില്ല, എല്ലാര്‍ക്കും കൊച്ചിക്ക്‌ പുറത്താ ജോലി "
"ഓ, അതിനെന്താ മോനേ… മോന്റെ അമ്മയെയും കാണിക്കണം ഈ അമ്മച്ചിയുടെ പോട്ടം" ഞാന്‍ ചിരിച്ചു തലയാട്ടി.

www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment