Saturday, 13 September 2014

[www.keralites.net] ധൂര്‍ത്തിന്‍െറ അത്യുത്തരദേശം

 

'അതിഥികളുടെ പ്രത്യേകശ്രദ്ധക്ക്... ഒന്നാമത്തെ സ്റ്റേജില്‍ ഗാനമേള കൃത്യം 8.30നുതന്നെ ആരംഭിക്കും, സ്റ്റേജ് നമ്പര്‍ രണ്ടില്‍ ജംബോ സിസ്റ്റേഴ്സിന്‍െറ ഒപ്പന തുടരുകയാണ്...മൂന്നാമത്തെ സ്റ്റേജില്‍ കൈക്കൊട്ടിപ്പാട്ട് ഉടനെ ആരംഭിക്കുന്നതാണ്...'
ഇത് കലോത്സവ വേദിയില്‍നിന്നുള്ള അറിയിപ്പല്ല. കാസര്‍കോട് നായന്മാര്‍ മൂലയിലെ വിവാഹപ്പന്തലില്‍നിന്ന് കേട്ടതാണ്. കല്യാണത്തിന്‍െറ തലേന്ന് രാത്രിയിലാണ് ഒരേസമയം പല വേദികളിലായി പാട്ടും നൃത്തവും പൊടിപൊടിച്ചത്. 'ഭക്ഷണം കഴിക്കാന്‍ ബാക്കിയുള്ളവര്‍ ഡൈനിങ് ഹാളിലേക്ക് നീങ്ങേണ്ടതാണ്...' ഉത്സവ നഗരിയിലെന്നപോലെ വന്നുനിറഞ്ഞ അതിഥികളെ നിയന്ത്രിക്കാന്‍ ആംഗര്‍ ഇടക്കിടെ ഉച്ചഭാഷിണിയിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. പിറ്റേന്നത്തെ കല്യാണത്തിന് തൊട്ടിലാട്ടം ഉള്‍പ്പെടെയുള്ള വിനോദോപാധികളുമുണ്ടായി.
മേല്‍പറമ്പിലെ കല്യാണപ്പുര. പന്തലിലെ വലിയൊരു മേശമേല്‍ ജീവനുള്ളതു പോലൊരു മുട്ടനാട് തലചായ്ച്ചു കിടക്കുന്നു. ഉടലോടെ തൊലിയുരിച്ച് പുഴുങ്ങി മസാലപുരട്ടി കിടത്തിയതാണ്. ആള്‍ക്കൂട്ടം അതിനെ പൊതിഞ്ഞു. കുട്ടികളും മുതിര്‍ന്നവരും യുദ്ധാവേശത്തോടെ കൈകള്‍കൊണ്ട് കിള്ളിയും വലിച്ചുപറിച്ചും മാംസം അടര്‍ത്തിയെടുത്ത് അകത്താക്കി. ചിലര്‍ അതിന്‍െറ കാലുകള്‍ വലിച്ചുപറിച്ചെടുത്ത് പന്തലിന് പുറത്തേക്ക് കൊണ്ടുപോയി കടിച്ചുവലിച്ച് തിന്നു. ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളൂ, മുട്ടനാടിന്‍െറ വാരിയെല്ലുകളും തലയോട്ടിയുടെ ഭാഗങ്ങളും മാത്രം മേശപ്പുറത്ത് ശേഷിച്ചു. ഉടലോടെ വേവിച്ചെടുത്ത ആടുകള്‍ വിവാഹപ്പന്തലുകളിലെ തീന്മേശയില്‍ അവശ്യവിഭവമായി മാറിക്കഴിഞ്ഞു.
വിവാഹ ധൂര്‍ത്തിന്‍െറ തലസ്ഥാനമെന്ന വിശേഷണം കാസര്‍കോടിന് സ്വന്തമാവുന്നു. ആര്‍ഭാടത്തിന്‍െറയും ധൂര്‍ത്തിന്‍െറയും കാര്യത്തില്‍ പുതിയ പരീക്ഷണങ്ങളുടെ ഇടമായി അത്യുത്തര കേരളം. വിവാഹത്തലേന്ന് വധുവിന്‍െറ വീട്ടിലെ മൈലാഞ്ചിക്കല്യാണത്തിന് മാത്രം ലക്ഷങ്ങള്‍ ചെലവഴിച്ചവരുണ്ട്. മൈലാഞ്ചിയിടാന്‍ ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍നിന്നാണ് ബ്യൂട്ടീഷനെ കൊണ്ടുവരുന്നത്. 20 ലക്ഷം രൂപയോളം ചെലവിട്ടാണ് വിവാഹപ്പന്തലുകളൊരുക്കുന്നത്.
അടുത്ത കാലത്തു നടന്ന ജനപ്രതിനിധിയുടെ മക്കളുടെ വിവാഹ സല്‍ക്കാരത്തിന് പന്തലൊരുക്കിയത് രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി എന്നിവരുടെ സമ്മേളനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കും വേദിയായ നഗരസഭാ സ്റ്റേഡിയത്തിലാണ്. 6000ത്തോളംപേര്‍ പങ്കെടുത്ത വിരുന്നില്‍ മന്ത്രിമാരും രാഷ്ട്രീയപ്രമുഖരും മുഖ്യാതിഥികളായി.
വിവാഹസദ്യകള്‍ പലപ്പോഴും ഭക്ഷ്യമേളകളായി മാറുന്നു. തളങ്കരയിലെ ഒരു വിവാഹച്ചടങ്ങ് കപ്പയും മത്തിക്കറിയും മുതല്‍ മട്ടന്‍ ബിരിയാണിവരെ വിഭവങ്ങളുടെ നീണ്ട നിരയുമായി 'ഫുഡ് സ്ട്രീറ്റ് 'തന്നെ ഒരുക്കിയാണ് ശ്രദ്ധയാകര്‍ഷിച്ചത്. കാറ്ററിങ് ഗ്രൂപ്പുകള്‍ തയാറാക്കിയത്തെിക്കുന്ന ഭക്ഷണത്തിന് ഒരാള്‍ക്ക് 850 മുതല്‍ 2500 രൂപവരെ ചെലവ് വരുന്നു. ഇതിലേറെയും പാഴാക്കിക്കളയുകയാണ് പതിവ്. നഗര പരിസരത്തെ പ്രമുഖന്‍െറ വസതിയില്‍ നടന്ന മെഗാവിവാഹച്ചടങ്ങിനൊരുക്കിയ ബിരിയാണി 1000ത്തോളം ആളുകള്‍ക്ക് കഴിക്കാവുന്നത്രയും ബാക്കിയായി. രാത്രി വൈകുവോളം വിളമ്പിയിട്ടും തീര്‍ക്കാനായില്ല. ശേഷിച്ചതത്രയും വലിയ ചെമ്പുകളിലാക്കി മിനിലോറിയില്‍ കയറ്റി കുമ്പളക്കടുത്തുള്ള അനാഥ മന്ദിരത്തിലേക്ക് കൊടുത്തയച്ചു. അസമയത്ത് കൊണ്ടുവന്ന ഭക്ഷണം സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. ഒടുവില്‍ വലിയൊരു കുഴിയുണ്ടാക്കി അതിലിട്ട് മൂടേണ്ടിവന്നു. ഭക്ഷണം കുഴിച്ചുമൂടുന്നത് കല്യാണത്തിന്‍െറ പകിട്ട് വര്‍ധിപ്പിക്കുമെന്ന് കരുതുന്നവര്‍ ഏറെ.
കടലിനക്കരെ വിവാഹം നടത്തുന്നതും പുതുമയല്ല. കാസര്‍കോട്ടെ ഗള്‍ഫ് വ്യവസായിയുടെ മകളുടെ നിക്കാഹ് നടത്തിയത് ദുബൈയിലാണ്. കൊഫെപോസ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ കാഞ്ഞങ്ങാട് സ്വദേശിയുടെ മകളുടെ കല്യാണം ദുബൈയില്‍ നടത്തിയപ്പോള്‍ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം അതില്‍ പങ്കെടുക്കാന്‍ പറന്നു. വിമാനം ചാര്‍ട്ടര്‍ ചെയ്ത് അതിഥികളെ എത്തിക്കാന്‍ എത്രയും മുടക്കാന്‍ ഇവര്‍ തയാര്‍.
വിവാഹച്ചടങ്ങ് ചിത്രീകരിക്കാന്‍ സിനിമാ ഷൂട്ടിങ്ങിനെന്നപോലെ ക്രെയിനുകളും മൂന്നും നാലും കാമറകളും സജ്ജീകരിക്കുകയാണ് ന്യൂ ജനറേഷന്‍ കല്യാണങ്ങളുടെ രീതി. വിവാഹദൃശ്യങ്ങള്‍ക്കൊപ്പം വരന്‍െറ പല പോസുകളിലുള്ള പടങ്ങള്‍ പന്തലില്‍ സ്ഥാപിച്ച ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വികളില്‍ നിറയും.
ഉദുമ പടിഞ്ഞാറില്‍ നടന്ന വിവാഹച്ചടങ്ങിന്‍െറ ഭാഗമായി വരന്‍ വധൂഗൃഹത്തിലത്തെിയപ്പോള്‍ തൃശൂര്‍ പൂരത്തിന്‍െറ പ്രതീതിയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ പടക്കങ്ങളാണ് പൊട്ടിച്ചു തീര്‍ത്തത്.
വിവാഹ ധൂര്‍ത്ത് തടയാന്‍ കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും സംയുക്ത ജമാഅത്തുകള്‍ ഒന്നിലേറെ തവണ തീരുമാനമെടുത്തെങ്കിലും നടപ്പാക്കാനായില്ല. മൊഗ്രാല്‍ പുത്തൂരില്‍ നടന്ന വിവാഹാഘോഷത്തില്‍ ധൂര്‍ത്ത് അസഹ്യമായപ്പോള്‍ വിശിഷ്ടാതിഥിയായത്തെിയ മതപണ്ഡിതന്‍ കുടുംബാംഗങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇറങ്ങിപ്പോവുകയാണ് ചെയ്തത്.
വിവാഹ സല്‍ക്കാരവേദിയൊരുക്കാന്‍ മൂന്ന് ഏക്കര്‍ നിലം മണ്ണിട്ട് നികത്തിയെന്ന 'അത്യപൂര്‍വ സവിശേഷത'യുമായാണ് ആഡംബരക്കല്യാണങ്ങളുടെ ഭൂപടത്തില്‍ കൊല്ലം ഇടംനേടിയത്. കിഴക്കന്‍ മേഖലയിലെ പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹത്തിനായിരുന്നു ഈ വിശേഷം. 1001 പവന്‍ സ്വര്‍ണാഭരണമാണ് പെണ്ണിനെ അണിയിച്ചതെന്നാണ് നാട്ടുവര്‍ത്തമാനമെങ്കിലും യഥാര്‍ഥത്തില്‍ അതിലുമപ്പുറമായിരുന്നുവത്രെ. കല്യാണക്കത്തും ഒട്ടും കുറച്ചില്ല. പ്രതി ഒന്നിന് ചെലവ് 300 രൂപ. അഞ്ചലില്‍ റോഡുവക്കിലെ മൂന്നേക്കറോളം വയലാണ് വിവാഹ മണ്ഡപത്തിനായി മണ്ണിട്ട് നികത്തിയത്. മുഴുവന്‍ ശീതീകരിച്ച കൂടാരമൊരുക്കിയായിരുന്നു സല്‍ക്കാരം. ലക്ഷങ്ങള്‍ പൊടിപൊടിച്ച് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങളുടെ വ്യത്യസ്ത ഭക്ഷണ ഇനങ്ങളാണ് വിളമ്പിയത്.
കൊല്ലത്തെ ഒരു സമുദായ നേതാവ് മകന്‍െറ കല്യാണം നടത്തിയത് നഗരത്തിലെ ഏക്കര്‍കണക്കിന് വിസ്തൃതിയുള്ള മൈതാനം പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമാക്കിയാണ്. ബംഗളൂരുവില്‍നിന്നുള്ള ഗ്രൂപ്പിനാണ് കൂടാരങ്ങളുടെ നിര്‍മാണവും ശീതീകരണവുമടക്കമുള്ള ചുമതലകള്‍ നല്‍കിയത്. മൈതാനത്തെ പൊടിപാറുന്ന തറയടക്കം ഹോട്ടല്‍ സമാനമായി ക്രമീകരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി. ചടങ്ങിന് സാക്ഷ്യം വഹിക്കാനാകട്ടെ, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കളുടെ വന്‍നിരതന്നെ എത്തിയിരുന്നു.


www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment