Friday 1 August 2014

[www.keralites.net] തായ്‌ലാന്റിലെ ജലോ ല്‍സവം

 

വിഷു കേരളീയരുടെ പുതുവത്സരമാകുമ്പോള്‍ തായ്‌ലന്റില്‍ അത് സോങ്ക്രാന്‍ ആകുന്നു. പൂത്തിരിയുടെ വെട്ടത്തില്‍ മലയാളിയുടെ മനംനിറയുമ്പോള്‍ വെള്ളം ചീറ്റി അവര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു, സംക്രമോത്സവം
 
മഴയുടെ നൃത്തം: ഖോസാന്‍ റോഡില്‍ മഴ നനഞ്ഞ് നൃത്തച്ചുവടുവെക്കുന്ന തായ് സുന്ദരി

എന്തൊക്കെ തിരക്കുണ്ടെങ്കിലും എങ്ങനെയെങ്കിലും വിഷുവിന് വീട്ടിലെത്തണം. കണികാണണം. എത്രയോ വര്‍ഷമായി മുടക്കാത്ത ഒരു ശീലമാണത്. ഒരു ശരാശരിമലയാളിക്ക് ഈ ശീലം ഏറിയും കുറഞ്ഞുമിരിക്കും. എങ്കിലും ഇക്കാര്യത്തില്‍ കുറച്ചു നിര്‍ബന്ധബുദ്ധിക്കാരനാണ് ഞാന്‍. ന്യൂസില്‍ ജോലിചെയ്യുമ്പോള്‍ വിഷു ആഘോഷങ്ങളുടെ തിരക്കില്‍ കുടുങ്ങിപ്പോയാലും അര്‍ദ്ധരാത്രി ലോറികയറിയെങ്കിലും വീട്ടിലെത്തും. വിഷു മലയാളിക്ക് പുതുവര്‍ഷമാണ്. നിറദീപങ്ങളുടെ സ്വര്‍ണ്ണവെളിച്ചത്തില്‍ കൊന്നപ്പൂവും കണിവെള്ളരിയും ഒരുക്കുന്ന മഞ്ഞയും കണ്ണിമാങ്ങാക്കുലയുടെ പച്ചയും നവധാന്യ സമൃദ്ധിയും കണ്‍കുളിര്‍ക്കെ മുന്നില്‍. 'മോനേ വന്ന് കണി കാണ്' അമ്മയുടെ സ്‌നേഹസമൃണമായ ആ വിളിക്ക് കാത്തിരുന്നാണ് ഓരോ വര്‍ഷവും കടന്നുപോയതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു. അമ്മയ്ക്കു ശേഷം പെങ്ങള്‍മാര്‍, പിന്നീട് ഭാര്യ. എങ്കിലും ഇന്നും വിഷു കണ്ണീരോളമെത്തുന്ന സന്തോഷങ്ങളുടെ, ഓര്‍മ്മകളുടെ സംക്രമമാണ്.
 
ജലോത്സവം: അയുത്തായ ടൂറിസം സെന്ററിനു മുന്നില്‍ സോങ്ക്രാന്‍ ആഘോഷിക്കുന്നവര്‍

ഇപ്രാവശ്യം ഏപ്രില്‍ 11ന് അര്‍ദ്ധരാത്രി ചെന്നൈയില്‍ നിന്ന് തായ്‌ലന്റിലേയ്ക്ക് പറക്കുമ്പോള്‍ ഒരു പുതിയരാജ്യം കാണുന്നതിലുള്ള സന്തോഷത്തോടൊപ്പം ഒരു സങ്കടമായി നഷ്ട വിഷു മനസ്സില്‍ ഘനീഭവിച്ചു കിടന്നു. തായ്‌ലന്റില്‍ നടക്കുന്ന വാട്ടര്‍ ഫെസ്റ്റ് (water Fest) കാണാന്‍ ഇന്ത്യയില്‍ നിന്നു മൂന്നു പത്രപ്രവര്‍ത്തകര്‍ വേറെയുമുണ്ട്. ശ്രീലങ്കയില്‍ നിന്നും മൂന്നു പേരുണ്ട്. വാട്ടര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനുള്ള മുന്നൊരുക്കത്തെ കുറിച്ച് തായ് ടൂറിസത്തിലെ മിനാല്‍ വിവരം നല്‍കിയിരുന്നു. മുട്ടോളമെത്തുന്ന ട്രൗസര്‍, ടീ ഷര്‍ട്ട്, പ്ലാസ്റ്റിക്കിന്റേയോ റബറിന്റേയോ ചെരിപ്പ്, ക്യാമറ, മൊബൈല്‍ എന്നിവ നനഞ്ഞ് ചീത്തയാകാതിരിക്കാനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവയായിരുന്നു അത്.
 
ഖോസാന്‍ റോഡില്‍ സോങ്ക്രാന്‍ ആഘോഷിക്കാനെത്തിയ വിദേശ വനിതയുടെ മുഖത്ത് വെളുത്ത ചായക്കൂട്ട് അണിയിക്കുന്ന തായ് യുവാവ്‌

ബാങ്കോക്കിലെത്തിയപ്പോഴാണ് വാട്ടര്‍ഫെസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന തായ്‌ലന്റിന്റെ ദേശീയോത്സവമായ സോങ്ക്രാന്‍ (Songkran)ന്റെ പ്രാധാന്യം മനസ്സിലാവുന്നത്. സോങ്ക്രാന്‍ എന്ന വാക്ക് വരുന്നത് സംസ്‌കൃതത്തില്‍ നിന്നാണ്. സംക്രമം എന്നര്‍ത്ഥം. മറ്റൊരു ആശ്ചര്യവും- സോങ്ക്രാന്‍ തായ്‌ലന്റുകാരുടെ വിഷുവാണ്, അതായത് പുതുവര്‍ഷം.
 
ചായം തേയ്ക്കപ്പെട്ട് വിദേശ വനിത

ലോകത്തിലെ എല്ലാ പ്രധാന ഉത്സവങ്ങളും വിളവെടുപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാടത്ത് വിത്തിടുന്നതിനു മുന്‍പും ശേഷവും കൊയ്ത്തിന്റെ ഭാഗമായുള്ള ഉത്സവങ്ങള്‍. ഒരു കൊയ്ത്തുത്സവമായ വിഷു മേടമാസത്തിലാണ്. നമ്മുടെ പുതുവര്‍ഷവും കൃഷി ചക്രവും തുടങ്ങുന്നത് മേടത്തിലാണ്. ''മേടം പത്തു കഴിഞ്ഞാല്‍ വിത്തു പുറത്തു വെക്കരുത്'' എന്നൊരു ചൊല്ലുണ്ട്. ലോകം പലതരത്തിലുള്ള കലണ്ടറിലൂടെ കാലഗണന നടത്തിയപ്പോഴും ഒരേ കാലാവസ്ഥയും ഭൂപ്രകൃതിയും പങ്കിടുന്ന രാജ്യങ്ങള്‍ അതിര്‍ത്തി വ്യത്യാസമില്ലാതെ കൃഷിയിലും ജീവിതരീതിയിലും ആഘോഷങ്ങളിലും സമാനതപുലര്‍ത്തുന്നതു കാണാം. ഭൂമധ്യ രേഖക്കു സമീപമുള്ള ഇന്ത്യ അടക്കമുള്ള മിതശീതോഷ്ണ മേഖലയിലെ രാജ്യങ്ങളായ ബര്‍മ്മയിലും തായ്‌ലന്റിലും ലാവോസിലും കമ്പോഡിയയിലും വിയറ്റ്‌നാമിലും നമ്മുടെ ശത്രുരാജ്യമെന്ന് മുദ്രകുത്തിയ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മനുഷ്യര്‍ ഒരേ സമയം വിയര്‍ക്കുകയും വിറക്കുകയും സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്. എന്തായാലും വിഷുവിന് നാട്ടിലില്ല എന്ന സങ്കടം പെട്ടന്ന ഇല്ലാതായി. ഭൂഖണ്ഡങ്ങളിലൂടെ വ്യാപിച്ചു കിടക്കുന്ന മനുഷ്യമഹാകുടുംബത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിന്റെ മഹാപ്രവാഹത്തിലെ ഒരു ബിന്ദുവായി അങ്ങനെ ഞാനും മാറി. ഒരേ വികാരം പക്ഷേ ആഘോഷം പലവിധം. കേരളത്തില്‍ പടക്കത്തിന് തീകൊളുത്തി ആഹ്ലാദം പങ്കുവയ്ക്കുമ്പോള്‍ ഇവിടെ വെള്ളം ചീറ്റി വെയിലിന്റെ തീ കെടുത്തുന്നു എന്നു മാത്രം.
 
ഖോസാന്‍ റോഡിലെ മഴനൃത്തം

ഞങ്ങള്‍ തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ എത്തുന്നത് ഏപ്രില്‍ 12ന് പുലര്‍ച്ചെയായിരുന്നു. തായ് പുതുവര്‍ഷത്തിന് ഒരു ദിവസം മുന്‍പ്. ഏപ്രില്‍ 13 മുതല്‍ 15 വരെ ദേശീയ അവധിയാണ്. എന്നാല്‍ ചിലയിടങ്ങൡ അവധിയും ആഘോഷവും ആഴ്ചയോളും നീളും. ഈ അവധിക്കാലത്ത് നഗരങ്ങളിലുള്ളവര്‍ തങ്ങളുടെ നാട്ടിന്‍പുറത്തെ വീടുകളിലെത്തും. കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്നു. പിന്നീട് ആഘോഷങ്ങളുടെ ദിനരാത്രങ്ങളാണ്. തൊണ്ണൂറുശതമാനത്തിലേറെ ബുദ്ധമതവിശ്വാസികളുള്ള രാജ്യമാണ് തായ്‌ലന്റ്. ആകെ 7 കോടിയോളം വരും ജനസംഖ്യ. സോങ്ക്രാന്‍ ഉത്സവത്തിന്റെ ഭാഗമായി അടുത്തുള്ള ബുദ്ധവിഹാരങ്ങളിലെത്തി (Monastries) പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. കുടുംബത്തോടൊപ്പം യാത്രകള്‍ നടത്തുന്നു.
 

തലസ്ഥാനമായ ബാങ്കോക്കിലും സോങ്ക്രാന്റെ അലയടി കാണാം. പൊതുസ്ഥലങ്ങളെല്ലാം ഉത്സവലഹരിയിലാണ്. സോങ്ക്രാന് തുല്യമായുള്ള ആഘോഷങ്ങള്‍ പലരാജ്യങ്ങളിലും ഒരേകാലത്ത് നടക്കുന്നുണ്ടെങ്കിലും വാട്ടര്‍ ഫെസ്റ്റ് തങ്ങളുടേത് മാത്രമാണെന്ന് തായ്‌നിവാസികള്‍ അഹങ്കരിക്കുന്നു. വെള്ളം നിറച്ച് വീപ്പകളുമായി വാഹനങ്ങളില്‍ റോന്തടിക്കുന്ന സംഘങ്ങള്‍. കൂടുതലും യുവാക്കള്‍. റോഡരികിലും കടത്തിണ്ണയിലും വലിയപാത്രങ്ങളിലും ടാങ്കിലും വെള്ളം നിറച്ച് അവര്‍ യാത്രികരെ കാത്തിരിക്കുന്നു.
 
നൃത്തച്ചുവട് വച്ച് കുട്ടിക്കുറുമ്പന്‍ കുട്ടികളോട് സ്‌നേഹം പങ്കിടുന്നു. അയുത്തായ ടൂറിസം സെന്ററിനു മുന്നില്‍ നിന്ന്‌

സോങ്ക്രാന്‍ ദിനങ്ങളില്‍ നനയാന്‍ തയ്യാറായിട്ട് മാത്രമേ പുറത്തിറങ്ങാവൂ. ഏത് നിമിഷവും ഒരു ചാവേറാക്രമണം പോലെ വെള്ളം നിറച്ച പാത്രവുമായി വരുന്ന ഒരു വാഹനമോ വാട്ടര്‍ഗണ്ണുമായി എത്തുന്ന ഒരു'കൊച്ചു തെമ്മാടി'യോ നിങ്ങളെ ഈറനണിയിക്കാം. സോങ്ക്രാന്റെ ഭാഗമായി നഗരത്തില്‍ അയുത്തായ (Ayuthaya) ടൂറിസ്റ്റ് കേന്ദ്രത്തിനു മുന്നിലും ഖോസാന്‍ (Khaosan) റോഡിലും നടന്ന ജലോത്സവങ്ങളില്‍ ഞങ്ങള്‍ പങ്കാളിയായി. നൂറ്റാണ്ടുകളോളം തായ്‌ലന്റിന്റെ തലസ്ഥാനമായിരുന്ന അയുത്തായ സാമ്രാജ്യം ഇന്ന് ലോകത്തിനു മുന്നില്‍ തായ്പാരമ്പര്യത്തിന്റെ വിസ്മയ ഭൂപടം തുറന്നിടുന്നു. യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് അയുത്തായ.
 
ഖോസാന്‍ റോഡിലെ സോങ്ക്രാന്‍ മഴയിലെ തണുപ്പില്‍ ബീറിന്റെ ചൂടുതേടുന്ന വിദേശ വനിതകള്‍

അയുത്തായ ടൂറിസം സെന്ററിനു മുന്നിലെ ജലോത്സവത്തില്‍ കൃത്രിമമഴനനഞ്ഞ് പാട്ടിന്റെ താളത്തില്‍ നിങ്ങളോടൊപ്പം ചുവടുവയ്ക്കാന്‍ ഗജവീരന്‍മാരും കുട്ടിയാനകളുമുണ്ട്. ഖോസാന്‍ റോഡും ആഘോഷങ്ങള്‍ക്ക് പേരുകേട്ടതാണ്. ഖോസാന്‍ എന്നാല്‍ തായ്ഭാഷയില്‍ അരി എന്നാണര്‍ത്ഥം. പേരു സൂചിപ്പിക്കും പോലെ ബാങ്കോക്കിലെ പഴയ അരിമാര്‍ക്കറ്റ് ഇന്ന് ബാക്ക്പാക്കേഴ്‌സിന്റെ താവളമാണ്. ടൂറിസ്റ്റുകള്‍ക്ക് അധികം ചെലവില്ലാതെ താമസവും താവളവുമൊരുക്കുന്ന ഇവിടെ സോങ്ക്രാന്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. പലദേശങ്ങളും നിറങ്ങളും സ്വരങ്ങളും ഈ തെരുവില്‍ ഒഴുകിയെത്തുന്നു. ആഘോഷത്തിന്റെ പുഴയായി മാറുന്നു.
 
 

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Yahoo Groups
New Feature! Add Polls to Conversations
You can now include a poll directly within your message. Members can view, vote and add poll options either via email or on the group. Try it today!

Did You Know?
Learn more about how to search within your groups.

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment