Saturday, 26 April 2014

[www.keralites.net] ആലപ്പുഴ ജില്ലയി ലെ ആള്‍ദൈവങ്ങളെ പ്പറ്റിയാണ്

 

ദിവ്യഗര്‍ഭമുണ്ടാക്കുന്ന മുസ്ലീം സിദ്ധനും അറുകൊലയെ പിടിക്കുന്ന അമ്മദൈവവും
പാതിരപ്പള്ളിക്കു സമീപം കലവൂരിലേക്കായിരുന്നു കാണാത്തകേരളം ടീമിന്റെ ആദ്യയാത്ര. ദേശീയപാതയില്‍ കലവൂര്‍ ബര്‍ണാഡ് ജംഗ്ഷനില്‍ നിന്ന് അരക്കിലോമീറ്ററോളം അകത്തേക്ക്‌പോയാല്‍ ബിസ്മില്ലാഹ് സ്വലാത്ത് മജ്‌ലിസ് ആയി. കൊട്ടാരസദൃശ്യമായ വീടിനോടു ചേര്‍ന്നുള്ള ആരാധനാകേന്ദ്രത്തിലാണ് സിദ്ധന്‍ വിശ്വാസികളെ കാണുന്നത്. ഈ വീട് ഉദ്ദിഷ്ടകാര്യം നടന്നതിന് ഉപകാരസ്മരണയായി അന്യസംസ്ഥാനക്കാരനായ ഡോക്ടര്‍ പണിതുനല്‍കിയതാണെന്ന് വിശ്വാസികള്‍ പറയുന്നു.
വെറും 21 വയസുള്ള യുവാവാണ് കലവൂര്‍ ബാവയെന്നറിയപ്പെടുന്ന സിദ്ധന്‍. പിതാവ് ഖലീല്‍ ആണ് ആരാധനാകേന്ദ്രത്തില്‍ വിശ്വാസികളെ നിയന്ത്രിക്കുന്നത്. പ്രായം കുറവാണെങ്കിലും ബാവ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അമ്മാവന്റെ മകളെയാണ് ബാവ വിവാഹം കഴിച്ചത്. അമ്മാവനാണ് ഇവിടുത്തെ കാന്റീന്‍ നടത്തിപ്പുകാരന്‍. ഇവര്‍ക്കൊക്കെ ബാവയെ കുറിച്ചുപറയുമ്പോള്‍ നൂറുനാവാണ്. കാന്റീനില്‍ അച്ചാറുമായെത്തിയ സമീപവാസിയും ബാവയെക്കുറിച്ച് വാചാലനായി. മുന്‍പ് പലചരക്കുകട നടത്തിയിരുന്ന ഇയാള്‍ ബാവ നിര്‍ദ്ദേശിച്ചതനുസരിച്ചാണത്രെ സൈക്കിളില്‍ അച്ചാറുവില്‍പ്പനയാരംഭിച്ചത്.
മത്സ്യവില്‍പ്പനക്കാരനായ ഖലീലും കുടുംബവും നേരത്തെ സമീപത്തെ കോളനിയിലെ ചെറിയ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മകന്‍ നിബാസിന് എട്ടാംവയസില്‍ അത്ഭുതസിദ്ധി ലഭിച്ചതോടെ ഖലീലിന് ശുക്രനുദിച്ചു. ശൈഖ് ഒലിയുള്ള എന്ന സിദ്ധന്റെ ആത്മാവ് ശരീരത്തുപ്രവേശിക്കുന്നതോടെയാണ് കലവൂര്‍ ബാവയ്ക്ക് അത്ഭുതസിദ്ധിയുണ്ടാകുന്നതെന്നാണ് പ്രചാരണം. ബാവയുടെ മുഖം വിശ്വാസികള്‍ക്ക് കാണാനാകില്ല. പ്രത്യേകം തയ്യാറാക്കിയ പച്ച വിരിപ്പിന്റെ മറവിലിരുന്നാണ്് ഇയാള്‍ പ്രവചനങ്ങള്‍ നടത്തുന്നതും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആണ്ടുനേര്‍ച്ചയ്ക്ക് ബാവ പുറത്തെത്തുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുമെങ്കിലും അന്നും മുഖം മറച്ചിരിക്കും. അവിടെ വില്‍പ്പനയ്ക്കുവച്ചിരിക്കുന്ന സി.ഡികളില്‍ ആണ്ടുനേര്‍ച്ചയുടെ വിശേഷങ്ങളുണ്ടായിരുന്നു.
രാവിലെ ഏഴുമണിയ്‌ക്കെത്തിയ ഞങ്ങള്‍ക്ക് തിരക്കുകാരണം വൈകിട്ട് മൂന്നുമണിയോടെയാണ് കലവൂര്‍ ബാവയുടെ അടുത്തെത്താന്‍ അവസരം ലഭിച്ചത്. ഉച്ചയ്ക്ക് സന്ദര്‍ശകര്‍ക്കെല്ലാം അവിടെ ഭക്ഷണം നല്‍കുന്നുണ്ട്. തൃശ്ശൂര്‍ സ്വദേശി വിജയകുമാര്‍ ആണെന്നും പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയശേഷം ഭയപ്പാടാണെന്നും ക്യാമറാമാന്‍ ഷെഹീറിനെ ചൂണ്ടി ഞാന്‍ ബാവയോട് കളവുപറഞ്ഞു. ഏതാനും മിനിറ്റു സമയംകൊണ്ട് ബാവ ദിവ്യദൃഷ്ടിയിലൂടെ കാര്യങ്ങള്‍ മനസിലാക്കി. കൈവിഷം ഉള്ളില്‍ ചെന്നതാണത്രെ പ്രധാന പ്രശ്‌നം. പിന്നെ കുളിക്കാനിറങ്ങിയപ്പോള്‍ പൈശാചികശക്തി ടച്ചുചെയ്തിട്ടുണ്ട്.
ക്ഷുദ്രക്കെട്ടും ജലപ്പിശാചിന്റെ ഉപദ്രവവും മാറ്റാന്‍ ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്യണമെന്ന് ബാവ പറഞ്ഞു. പശുനെയ്യ്, മഞ്ഞള്‍പ്പൊടി, തേങ്ങ, വീടിന്റെ നടയിലെ മണ്ണ് എന്നിവയുമായാണ് വീണ്ടും വരേണ്ടത്. ഇല്ലാത്ത അനിയനെ കാണാനില്ലെന്ന കളവും ഞങ്ങള്‍ ബാവയോടു പറഞ്ഞു. ഒരു പ്രശ്‌നവുമില്ല, അനിയന്റെ ഒരു ഫോട്ടോ കൊണ്ടുവന്ന് കാണിച്ചാല്‍ ബാവ തിരിച്ചെത്തിക്കും. തത്കാലം ബാധയുടെ ഉപദ്രവമൊഴിവാക്കാന്‍ തലയണക്കീഴില്‍ വയ്ക്കാനെന്നുപറഞ്ഞ് ഒരു തകിടും ബാവ തന്നു.
ദക്ഷിണവെച്ച് തിരികെയിറങ്ങിയപ്പോള്‍ പിതാവ് കാര്യങ്ങള്‍ തിരക്കി. മേല്‍പ്പറഞ്ഞ സാധനങ്ങളുടെ കൂട്ടത്തില്‍ ആണിയും പറഞ്ഞുകാണുമെന്ന് അദ്ദേഹത്തിന് സംശയം. ബാധയൊഴിപ്പിക്കലിന് ആണി ഉപയോഗിച്ചുള്ള പ്രയോഗം ബാവ സ്ഥിരമായി ചെയ്യുന്നതാണത്രെ. ആണി പറഞ്ഞില്ലെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ മകനോട് ചോദിക്കാന്‍ അദ്ദേഹം തയ്യാറായി. ഇല്ല. ആണി പറഞ്ഞിട്ടില്ല.
സന്താനഭാഗ്യം ലഭിക്കാനാണ് കൂടുതല്‍ പേര്‍ ബാവയെ കാണാനെത്തുന്നത്. ആഴ്ചയില്‍ ഒന്നു രണ്ടു ദിവസം ഇവര്‍ക്കുമാത്രമായി നീക്കിവച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിന്ന് വിശ്വാസികള്‍ ബാവയെ കാണാനെത്തുന്നു. കോളനിയില്‍ നിന്നും മാളികയിലേക്കുള്ള ബാവയുടെ വളര്‍ച്ച നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കുമൊന്നും രസിച്ചിട്ടില്ല. സന്തോഷ്മാധവന്‍ പ്രശ്‌നമുണ്ടായപ്പോള്‍ ഡി.വൈ.എഫ്.ഐക്കാര്‍ ചില്ലറ കുഴപ്പങ്ങളൊക്കെയുണ്ടാക്കിരുന്നെങ്കിലും ഇപ്പോള്‍ അവരും കീഴടങ്ങിയമട്ടാണ്. തിരികെ വരുമ്പോള്‍ ഞാന്‍ കാറിലിരുന്ന് തകിട് അഴിച്ചുനോക്കി. വെറുതെ എന്തൊക്കെയോ കുത്തിക്കുറിച്ചിരിക്കുന്നു. എങ്കിലും എന്റെ ബാവേ.. നേരെ ചൊവ്വേ പള്ളിക്കൂടത്തില്‍ പോലും പോയിട്ടില്ലാത്ത താന്‍ എങ്ങനെ പണമുണ്ടാക്കാം എന്നതിന് മാതൃകയാണെന്നതില്‍ സംശയമില്ല.
 കൂടോത്രം റിട്ടേണ്‍ അടിക്കുന്ന മുസ്തഫാ ഉസ്താദ്
ബാധ കുളത്തില്‍ നിന്നു കിട്ടിയതല്ലെന്ന വലിയൊരു കണ്ടെത്തല്‍ തന്നെ ഉസ്താദ് നടത്തിക്കളഞ്ഞു. ഒരു പെണ്ണുവഴി ലഭിച്ച ക്ഷുദ്രമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. അതുള്ളില്‍ ഉള്ളതുകൊണ്ട് കുളിക്കാനിറങ്ങിയപ്പോള്‍ പ്രകടമായതാണത്രെ. നാലരവര്‍ഷമായി കൂടോത്രം കിട്ടിയിട്ട്.
ഉസ്താദ് പ്രാര്‍ത്ഥിച്ചുതരുന്ന മുട്ട കത്തിച്ചുകളയുന്നതോടെ പ്രശ്‌നങ്ങള്‍ തീരും. ആദ്യഘട്ട കര്‍മ്മങ്ങള്‍ക്ക് 2700 രൂപയാണ് ചെലവ്. പിന്നീട് വീണ്ടും ചില പൂജകള്‍ നടത്തും.
കാണാതെ പോയ അനിയനെ തിരിച്ചെത്തിക്കാനും ഒരു വിഷമവുമില്ല. അതിന് ഒരു കരിങ്കോഴിയുടെ മുട്ടമതി.
ക്ഷുദ്രം ചെയ്തവരെ അങ്ങനെയങ്ങ് വിടാന്‍ പാടില്ലല്ലോ. അതിനു മാര്‍ഗമുണ്ടോയെന്നായി ഞങ്ങള്‍. കൂടോത്രം റിട്ടേണ്‍ അടിക്കാമെന്ന് ഉസ്താദ് പറഞ്ഞു. ഒഴിപ്പിക്കുമ്പോള്‍ ഉള്ളിലുള്ളത് ചിലപ്പോള്‍ പ്രകടമാകും. അപ്പോള്‍ പണി നടത്താം. തത്കാലം പ്രശ്‌നമുണ്ടായാല്‍ മണപ്പിക്കാനെന്നുപറഞ്ഞ് എന്തോ സാധനവും ഉസ്താദ് തന്നു. ദക്ഷിണ വാങ്ങിയശേഷം…
മാതാ സച്ചിന്‍മയീദേവിയുടെ അത്ഭുതപ്രവര്‍ത്തികള്‍
Fun & Info @ Keralites.net

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടെന്ന നിലയില്‍ പ്രശസ്തമായ മാവേലിക്കര ചെന്നിത്തല ഗ്രാമത്തിലേക്കാണ് അടുത്ത യാത്ര. ചെന്നിത്തലയിലാണ് മാതാ സച്ചിന്‍മയീദേവിയുടെ ആശ്രമം സ്ഥിതിചെയ്യുന്നത്. ഓമനയെന്ന വീട്ടമ്മയാണ് പിന്നീട് സച്ചിന്‍മയി ആയത്. ആശ്രമത്തിന്റെ വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച് നിറംപിടിപ്പിച്ച നിരവധിക്കഥകളുണ്ട്. മാതാവ് ഗൗരിയമ്മ ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ പ്ലാസന്‍്‌റ പോലെയൊരു ബാഗിലായിരുന്നത്രെ ഓമനയുണ്ടായിരുന്നത്. മഞ്ഞനിറത്തിലുള്ള പാമ്പ് കടിച്ചെന്നതും ദിവ്യവെളിച്ചം കണ്ടെന്നതുമെല്ലാമായി സച്ചിന്‍മയിയുടെ ദിവ്യശക്തി സൈറ്റില്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു. ഇപ്പോള്‍ 51 വയസുള്ള ഓമന വിവാഹിതയും യൗവനത്തിലെത്തിയ രണ്ടു മക്കളുടെ അമ്മയുമാണ്. ഭര്‍ത്താവും ആശ്രമക്കച്ചവടത്തിന് ഒപ്പമുണ്ട്.

രാഷ്ട്രീയനേതാക്കളുമായൊക്കെ അടുത്തബന്ധം പുലര്‍ത്തുന്ന സച്ചിന്‍മയിക്ക് ഗള്‍ഫുനാടുകളിലടക്കം ഭക്തരുണ്ട്. അടുത്തിടെയും സച്ചിന്‍മയി ദുബൈ സന്ദര്‍ശിച്ചിരുന്നു. രമേശ് ചെന്നിത്തല, എം.മുരളി, കടവൂര്‍ ശിവദാസന്‍ എന്നിവര്‍ സച്ചിന്‍മയിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളും ഞങ്ങള്‍ക്കു ലഭിച്ചു.
ചില പ്രശ്‌നങ്ങളുള്ള മുസ്ലീം യുവാവിനെക്കൂട്ടിക്കൊണ്ടുവരികയാണെന്നുപറഞ്ഞാണ് ഞങ്ങള്‍ സച്ചിന്‍മയിയെ കണ്ടത്. ശരീരത്തില്‍ കത്തിവയ്‌ക്കേണ്ട സമയമായിരുന്നെന്നും അടുത്ത ഒക്‌ടോബര്‍ 15 നുള്ളില്‍ കഷ്ടകാലം തീരുമെന്നും മന്ത്രം ജപിച്ചശേഷം സച്ചിന്‍മയി പ്രവചിച്ചു.
കുളിക്കാനിറങ്ങിയപ്പോള്‍ പേടിച്ചെന്ന നമ്പര്‍ ഞങ്ങള്‍ ഇറക്കിനോക്കി. കുത്തിക്കുറിച്ചിരുന്ന ബുക്ക് കാണിച്ച് സച്ചിന്‍മയി പറഞ്ഞത് ഞങ്ങളെ ഞെട്ടിച്ചു. ദിവ്യശക്തിയില്‍ നോക്കിയപ്പോള്‍ അറുകൊലയെ കിട്ടിയിരുന്നത്രെ. വെള്ളത്തിലായതിനാല്‍ സംഭവം നീറ്ററുകൊലയാണ്. ഞങ്ങള്‍ ബുക്കില്‍ നോക്കി. ഒരു മണ്ണാങ്കട്ടയും അവിടെ എഴുതിയിട്ടില്ല. ആത്മഹത്യചെയ്ത ശശിയെ അറിയാമോന്നും ഏലിയാമ്മ ആരാണെന്നുമൊക്കെ സച്ചിന്‍മയി ചോദിച്ചു. അറിയില്ലെന്ന് സത്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് വല്ലാത്ത നിരാശ.
ഷെഹീര്‍ വിവാഹിതനല്ലെന്ന കാര്യം മറച്ചുവച്ച് ഭാര്യയുമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് അടുത്ത കളവുപറഞ്ഞു. അത്ഭുതം. കുടുംബപ്രശ്‌നവും അമ്മ ദിവ്യദൃഷ്ടിയിലൂടെ നേരത്തെ മനസിലാക്കിയിരുന്നു. അനിയനെ കാണാനില്ലെന്നു പറഞ്ഞപ്പോള്‍ വയസെത്രയെന്നായി ചോദ്യം. 27 എന്നു പറഞ്ഞപ്പോള്‍, അമ്മ നോക്കിയപ്പോള്‍ കിട്ടിയതും അതു തന്നെയത്രെ. ഇല്ലാത്ത അനിയനാണിതെന്ന് പാവം സച്ചിന്‍മയിക്ക് അറിയില്ലല്ലോ.
റെജീനയെ അറിയാമോന്നായി അടുത്ത ചോദ്യം. കുഞ്ഞാലിക്കുട്ടി കേസിലെയാണോയെന്ന് ചോദിച്ചിട്ട് പാവത്തിനു പിടികിട്ടിയില്ല. ദിവ്യദൃഷ്ടിയുള്ളതിനാല്‍ പത്രപാരായണമൊന്നും കാണില്ല. റെജീനയുടെ വീടിന്റെ ഭാഗത്തൊക്കെ പണിക്കുപോകുമായിരുന്നെന്ന് പറഞ്ഞപ്പോള്‍ അനിയന്‍ റെജീനയുടെ കസ്റ്റഡിയില്‍ ഉണ്ടെന്നായി സച്ചിന്‍മയി.
എല്ലാ ബാധയും ഒഴിപ്പിക്കാന്‍ സച്ചിന്‍മയീദേവിക്ക് നിഷ്പ്രയാസം കഴിയും. പണം മുടക്കിയാല്‍ മതി. പൂജയ്ക്കുവേണ്ട സാമഗ്രികളെക്കുറിച്ചും മറ്റും വിശദമായി പറഞ്ഞത് ആശ്രമത്തോടനുബന്ധിച്ചുള്ള ക്ഷേത്രത്തിലെ പൂജാരിയാണ്. ഓമനയെന്ന സച്ചിന്‍മയിക്ക് അവകാശപ്പെടുന്നതുപോലെ ദിവ്യശക്തിയുണ്ടെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ പറഞ്ഞ കളവുകള്‍ മനസിലായില്ല. എന്തായാലും താഴെത്തട്ടിലുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സച്ചിന്‍മയി ഇന്ന് സാമ്പത്തികമായി ഏറെ മികച്ചനിലയിലാണ്. കലവൂര്‍ ബാവയും മുസ്തഫാ ഉസ്താദുമൊക്കെ നല്ല സമ്പാദ്യക്കാര്‍ തന്നെ…

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment