രാരീ രാരീരം രാരോ, ഉണരുമീ ഗാനം, ചന്ദനമണി വാതില്‍, ഒന്നാംരാഗം പാടി... ഹൃദയത്തില്‍ വന്നുതൊട്ട ഈ ഗാനങ്ങളിലൂടെയാണ് ഗായകന്‍ ജി.വേണുഗോപാല്‍ പാട്ടുകളുടെ മുപ്പത് വര്‍ഷത്തിലേക്ക് നടന്നടുക്കുന്നത്.
'അമ്മയുടെ തോളില്‍ ഉറക്കംവരാതെ കിടക്കുമ്പോഴാണ് ആ പാട്ട് ഒഴുകി വന്നത്. 'രാരീരാരീരം രാരോ, പാടി രാക്കിളി പാടീ...' ഉറക്കത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോയ സ്വരം. എണ്‍പതുകളായിരുന്നു അത്. കൗമാരത്തിന്റെ വിഹ്വലതകളില്‍ ഉഴറുമ്പോഴാണ് ആ ശബ്ദം വീണ്ടും കേട്ടത്.. 'ഉണരുമീ ഗാനം, ഉരുകുമെന്നുള്ളം...'. മനസ്സില്‍ പ്രണയം മൊട്ടിട്ട നാളുകളില്‍ മറ്റൊരു പാട്ടുമായി വീണ്ടും വേണുഗോപാല്‍ കൂടെ വന്നു'ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി'. വിരഹത്തിന്റെ നിമിഷത്തിലാണ് അടുത്തതവണ അത് മനസ്സിനെ തഴുകാനെത്തിയത്.'ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായി നീ വന്നു'. നിരാശയുടെ പടുകുഴിയില്‍നിന്ന് പിടിച്ചുകയറ്റാനായിരുന്നു അടുത്ത പാട്ടിന്റെ നിയോഗം.'കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍'
മുപ്പതുവര്‍ഷമായി മലയാളിജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും സാന്ത്വനമേകുന്ന സ്വരമാധുര്യം. അതിന്റെ പേര് ജി. വേണുഗോപാല്‍. തിരുവനന്തപുരം മരപ്പാലത്തെ എസ്. എഫ്. എസ്.ഫ്ലാറ്റിലെ ഈ പാട്ടിന്റെ കൂട് ശാന്തമാണ്. ഗൃഹനാഥന്റെ വേഷത്തില്‍ സൗമ്യമായി ചിരിക്കുന്ന വേണുഗോപാല്‍. ഭാര്യ രശ്മി ഒരുനിമിഷം എത്തിനോക്കി. മകന്‍ അരവിന്ദ് ചെന്നൈയില്‍ സംഗീത ലോകത്താണ്. അനുപല്ലവി അകത്തുണ്ട്. കക്ഷി ഏഴാംക്ലാസ് പരീക്ഷയുടെ ചൂടിലാണ്.
'പാട്ടില്‍ മുപ്പത് വര്‍ഷങ്ങള്‍, ഓര്‍ക്കുമ്പോള്‍ ഇന്നലെ തുടങ്ങിയപോലെ...'വേണുഗോപാല്‍ ആലോചനയിലേക്ക് വീണു. 'എണ്ണത്തില്‍ കുറവായിരിക്കാം എന്റെ പാട്ടുകള്‍. കുറെ പാട്ടുകള്‍ പാടേണ്ടതായിരുന്നു എന്നൊരു പരിഭവവും പരാതിയും ഉണ്ടായിരുന്നു. അതൊക്കെ ഇപ്പോള്‍ തീര്‍ന്നു. എനിക്ക് എന്റേതായൊരു ലിസണര്‍ഷിപ്പുണ്ട്. എന്നെ ഇഷ്ടപ്പെടുന്ന ആള്‍ക്കാരുണ്ട്' വേണുഗോപാല്‍ സംതൃപ്തനാണ്.
'പുനരധിവാസ'ത്തിലെ ആ ഗാനം, 'കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍'. നിരാശയുടെ പടുകുഴിയില്‍നിന്ന് പ്രത്യാശയിലേക്ക് നടന്നുപോവുന്നൊരാളെപ്പോലെ തോന്നും. താങ്കളുടെ ജീവിതത്തിനും ആ പാട്ടുമായി ബന്ധമുള്ള പോലെ...
ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞാന്‍ തിരിച്ചുവന്നത്് 'പുനരധിവാസ'ത്തിലെ ആ പാട്ടിലൂടെയാണ്. അതിന്റെ സംവിധായകന്‍ വി.കെ. പ്രകാശിനെ അതിനും ഒന്നര വര്‍ഷം മുമ്പാണ് ഞാന്‍ പരിചയപ്പെടുന്നത്. അന്ന് കണ്ടപ്പോള്‍ എന്റെയൊരു ഇരുപത്തഞ്ച് പാട്ടുകള്‍ നിര്‍ത്താതെ പാടിക്കേള്‍പ്പിച്ചു പ്രകാശ്. ആദ്യമായി ഒരു സിനിമ ചെയ്യുമ്പോള്‍ മുഴുവന്‍ പാട്ടുകളും വേണുവിനെക്കൊണ്ട് പാടിക്കുമെന്നുപറഞ്ഞാണ് പ്രകാശ് അന്നുപോയത്.
പിന്നൊരു ദിവസമാണ് ഗിരീഷ് പുത്തഞ്ചേരിയുടെ ഫോണ്‍. എഴുതിത്തുടങ്ങുന്ന കാലത്തേ ഗിരീഷിനെ പരിചയമുണ്ട്. കുറച്ചുകാലമായി ഞങ്ങള്‍ക്കിടയിലൊരു പിണക്കം നിലനില്‍ക്കുകയായിരുന്നു. ഗിരീഷ് എന്നെക്കുറിച്ചൊരു അപവാദം പറഞ്ഞതായി ഞങ്ങളുടെയൊരു പൊതുസുഹൃത്ത് പറഞ്ഞു. അതാണ് കലഹത്തിന്റെ കാരണം. അന്തരീക്ഷം മൊത്തം കാറുനിറഞ്ഞുകിടക്കുന്ന അവസരത്തിലാണ് ഇപ്പോള്‍ ഗിരീഷ് എന്നെ വിളിക്കുന്നത്.
ഞാന്‍ മദ്രാസിലെ ഹോട്ടലിലേക്ക് ചെന്നു. 'അപ്പൊ എന്താണ് പരിപാടി.' എന്റെ ചോദ്യം. 'ഒരു കവിതയുണ്ട്. അത് പാടാനാണ് വിളിച്ചത്'. ഗിരീഷിന്റെ മറുപടി. ഞാന്‍ ചൂടായി,'നിങ്ങളിപ്പോള്‍ ഗാനങ്ങള്‍ക്കൊന്നും എന്നെ വിളിക്കാറില്ല, കവിതകള്‍ക്കേ വിളിക്കൂ അല്ലേ.' മനസ്സിലുള്ള ദേഷ്യം വെച്ച് ഞാന്‍ പൊട്ടിത്തെറിച്ചു. ഗിരീഷിന് വല്ലാത്ത സങ്കടം വരുന്നുണ്ട്. പിന്നെ സ്വതസിദ്ധമായ ശൈലിയില്‍ പുള്ളി പറഞ്ഞു, 'ഞാന്‍ നിങ്ങളുടെ സംഗീതത്തെ എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കില്‍ മൂകാംബികാദേവിയാണെങ്കില്‍ സത്യം, എനിക്കീ പേന കൊണ്ട് ഒന്നും എഴുതാനാവാതെ പോവട്ടെ.' അതോടെ ഞാനൊന്ന് അടങ്ങി. മിക്കവാറും ഞങ്ങളുടെ കൂടിച്ചേരലുകള്‍ ഒരു കലഹത്തിലായിരിക്കും തുടങ്ങുന്നത്. ഒരു ശുഭപ്രതീക്ഷയില്‍ അവസാനിക്കും.
എന്തിത്ര വൈകി നീ സന്ധ്യേ എന്ന ഗാനത്തിലൊരു നിരാശയും സങ്കടവുമുണ്ടെന്ന് തോന്നിയിട്ടുണ്ട്...
എം.ജി. രാധാകൃഷ്ണന്‍ ചേട്ടനുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. 1984ല്‍ എന്നെക്കൊണ്ട് ആദ്യമായി നാലുവരി പാടിച്ചയാളാണ്, 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തില്‍. പിന്നെ, മണിച്ചിത്രത്താഴിലാണ് ഒരുമിച്ച് വര്‍ക്ക് ചെയ്തത്. അതിലെ 'അക്കുത്തിക്കുത്താനക്കൊമ്പില്‍' എന്ന പാട്ട് കാസറ്റില്‍ വന്നു. സിനിമയിലേക്ക് ആ പാട്ട് ഷൂട്ട് ചെയ്തിരുന്നു. പക്ഷേ അത് ടൈറ്റിലായിട്ടാണ് വന്നത്. ഇത്ര വര്‍ഷം കാത്തിരുന്നിട്ടും രാധാകൃഷ്ണന്‍ ചേട്ടന്റെ ഒരുപാട്ട് കിട്ടിയില്ലെന്ന സങ്കടമുണ്ടായിരുന്നു.
അപ്പോഴാണ് നിനക്കൊരു പാട്ട് ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ചത്. അദ്ദേഹത്തിന് തീരെ വയ്യാത്ത സമയമാണ്. തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിലിരുന്നാണ് കമ്പോസിങ്ങ്. 'എന്തിത്ര വൈകി നീ സന്ധ്യേ, മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാവാന്‍, തൂവലുപേക്ഷിച്ചു പറന്നുപോം എന്റെയീ തൂമണി പ്രാവിനെ താലോലിക്കാന്‍'. പാട്ട് എഴുതിയത് ഗിരീഷാണ്. ഈ പാട്ട് കേള്‍ക്കുമ്പോഴും പാടുമ്പോഴും എനിക്കുവേണ്ടി മാത്രം ഉണ്ടാക്കിയതാണോ എന്ന് തോന്നിപ്പോവും. അത്രമാത്രം എന്റെ വോക്കല്‍ റേഞ്ചിനും ശബ്ദത്തിനും അനുസൃതമായി രാധാകൃഷ്ണന്‍ ചേട്ടന്‍ ചിട്ടപ്പെടുത്തിയിരുന്നു. പാടുന്നതിനുതൊട്ടുമുമ്പ് ഞാനവിടെയിരുന്ന് ചേട്ടന്റെ കാലില്‍ തൊട്ടു. ആ കണ്ണ് ഇങ്ങനെ നിറഞ്ഞൊഴുകുന്നത് കാണാം. ഒപ്പം പതുക്കെ പറയുന്നുമുണ്ട്, 'എന്നെ നീ കരയിക്കരുത് കേട്ടോ'.
രാരീരാരീരം രാരോ...ആ ഗാനം ഒരു സാന്ത്വനമായിരുന്നു...
ആ പാട്ടു വരുന്നതിനുമുമ്പുള്ള കാലം നിരാശയുടേതായിരുന്നു. പല പാട്ടുകള്‍ പാടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. ആദ്യമായി പാടിയതുതന്നെ നാലുവരിയേ പുറത്തുവന്നിട്ടുള്ളൂ. അതൊക്കെ ജീവിതത്തില്‍ വലിയ നിരാശയുണ്ടാക്കി. അതിനിടയിലാണ് നിറക്കൂട്ട് എന്ന സിനിമയില്‍ പാടുന്നത്. കാസറ്റ് റിലീസാവുന്നതുവരെ അക്കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല. ഇനി അഥവാ പുറത്തുവന്നില്ലെങ്കിലോ. അങ്ങനെത്തന്നെ സംഭവിച്ചു. കാസറ്റ് റിലീസായിട്ട് അത് ഫിലിമില്‍നിന്ന് മാറ്റി. അതെനിക്ക് വല്ലാത്തൊരു തിരിച്ചടിയായിരുന്നു. മാനസികമായി തകര്‍ന്നുപോയി. പിന്നെയാണ് മനസ്സിലായത്,അതുപോലും നല്ലതിനായിരുന്നു. കാരണം നവോദയയുടെ സിനിമയാണ് പിന്നാലെ വന്നത്. 'ഒന്നുമുതല്‍ പൂജ്യം വരെ'. അതിന് ഒരുപാട് പബ്ലിസിറ്റി കിട്ടി. രാരീരാരീരം രാരോ വലിയൊരു വഴിത്തിരിവായി. പിന്നെയും കുറെ ഗാനങ്ങള്‍.
'ചന്ദനമണി വാതില്‍ പാതി ചാരി'യെന്ന ഗാനത്തില്‍ വല്ലാത്തൊരു ദു:ഖത്തിന്റെ നിഴലുണ്ട്...
'ഒന്നാം രാഗം' പാടുന്ന സമയത്താണ് ഞാന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിനെ പരിചയപ്പെടുന്നത്. അദ്ദേഹം എന്റെ നമ്പറൊക്കെ വാങ്ങിവെച്ചു. അടുത്ത റെക്കോഡിങ്ങിന് വിളിക്കുകയും ചെയ്തു. അരിസ്‌റ്റോ ജങ്ഷനിലെ ചെറിയൊരു ലോഡ്ജില്‍ വെച്ചായിരുന്നു കമ്പോസിങ്ങ്. പാട്ടുപഠിക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാന്‍. ഇടയ്‌ക്കൊരു ചായ ബ്രേക്കിന് വെളിയിലിറങ്ങി. അപ്പോള്‍ ലോഡ്ജിന്റെ അറ്റത്തെ റൂമിലൊരു ആള്‍ക്കൂട്ടം. കുറെ പോലീസുകാര്‍ വെളിയില്‍ നില്‍ക്കുന്നുണ്ട്. അടുത്തേക്ക് എത്തുമ്പോള്‍ തന്നെ വല്ലാത്ത മണം വരുന്നു. മദ്യത്തിന്റെയും എന്തോ ചീഞ്ഞതിന്റെയും ഗന്ധം. ഒരു മൃതദേഹമായിരുന്നു റൂമിനകത്ത്. രണ്ടുദിവസമെങ്ങാന്‍ പഴക്കമുണ്ടെന്ന് കേട്ടു. ആ മൃതശരീരം ഇറക്കി അവര്‍ താഴെ കിടത്തിയിരിക്കുകയാണ്. വിഷം മദ്യത്തില്‍ ചേര്‍ത്ത് കഴിച്ചതാണ് മരണകാരണമെന്നൊക്കെ അവിടെ കൂടിനിന്നവര്‍ സംസാരിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയൊരുമരണം ഞാന്‍ നേരിട്ടു കാണുന്നത്. അതിന്റെയൊരു അസ്വസ്ഥത മനസ്സില്‍ കയറിക്കൂടി. എന്റെ കൂടെയുള്ളവരാവട്ടെ ഇതൊന്നും അറിയുന്നുപോലുമില്ല. അവര്‍ സിഗരറ്റ് വലിച്ചു, ചായ കുടിച്ചു. രവിയേട്ടനാവട്ടെ ഹിന്ദോളത്തില്‍ മുഴുകിയിരിക്കുകയാണ്. എന്റെ മനസ്സിലെ കാലുഷ്യങ്ങള്‍ സ്വരത്തെ ബാധിക്കരുതല്ലോ. അങ്ങനെ മനസ്സിനെ പിടിച്ചുനിര്‍ത്തിയാണ് ആ പാട്ട് പാടിയത്. ആ പാട്ട് സിനിമയില്‍ കണ്ടപ്പോള്‍ വല്ലാത്ത സങ്കടമായിരുന്നു. ഓര്‍ക്കസ്ട്രയൊക്കെ കട്ട് ചെയ്തിട്ട്,ഒരു അശരീരിപോലെയാക്കിയിരിക്കുന്നു.
'ഒന്നാം രാഗം പാടി'...അതോടെ പത്മരാജന്റെ ഇഷ്ടഗായകനാവുകയാണ് താങ്കള്‍...
'തൂവാനത്തുമ്പികളി'ല്‍ ആദ്യം പാട്ട് എഴുതിയിട്ട് ട്യൂണിടുകയായിരുന്നു. ഒ.എന്‍.വി. സാര്‍ ഇങ്ങനെയാണ് എഴുതിയത്..'ഇനി നിന്‍ മനസ്സിന്റെ കൂട് തുറന്നതില്‍ ഒരു മിന്നാമിനുങ്ങിയെ കൊണ്ടുവെയ്ക്കാം' സിനിമയുടെ റഷസ് എടുത്തുകഴിഞ്ഞപ്പോഴാണ് പാട്ടില്‍ കുറച്ച്കൂടി എനര്‍ജി വേണമെന്ന് പത്മരാജന്‍ സാറിന് തോന്നിയത്. പുതിയ ട്യൂണ്‍ കേള്‍പ്പിച്ചപ്പോള്‍ ഒ.എന്‍.വി. സാറിന് ഇഷ്ടപ്പെട്ടില്ല. ട്യൂണിന് അനുസരിച്ച് എഴുതില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. അങ്ങനെയാണ് അതുവരെ രംഗത്തില്ലായിരുന്ന ശ്രീകുമാരന്‍ തമ്പിസാറിനെ എഴുതാന്‍ വിളിക്കുന്നത്. വലിയൊരു ഇടവേളയ്ക്കുശേഷം തമ്പിസാര്‍ വീണ്ടും പാട്ടെഴുതി തുടങ്ങുകയാണ്. അതാണ് 'മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി...'
വീട്ടിലെ ഫോണ്‍ മുഴങ്ങി. ഏതോ ഒരു ആല്‍ബത്തിന്റെ റെക്കോഡിങ്ങിനെക്കുറിച്ച് അറിയാന്‍ വിളിക്കുന്നവരാണ്. വേണുഗോപാല്‍ എണീറ്റു. അനുപല്ലവിയുടെ സ്വരം അകത്തുനിന്ന് കേള്‍ക്കാം. അച്ഛന്റെ ഒരു ഈണം മൂളിനോക്കുകയാണ്. വേണുഗോപാലിന്റെ മനസ്സിന്റെ വാതില്‍ തുറന്നുവന്ന ആ പഴയ പെണ്‍കുട്ടി ഇതാ വരുന്നു. രശ്മിയെന്ന ഒറ്റപ്പാലംകാരി.
'വിവാഹം ഉറപ്പിച്ച ശേഷമാണ് ഞാന്‍ വേണുവിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. ഞാന്‍ അധികവും ഹോസ്റ്റലിലായിരുന്നു. വേണുവിന്റെ പാട്ട് റേഡിയോയിലൊക്കെ കേട്ടിട്ടുണ്ടെന്ന് മാത്രം. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു കളിക്കളം എന്ന സിനിമയുടെ റെക്കോഡിങ്ങ്. ജീവിതത്തിലാദ്യമായിട്ട് റെക്കോഡിങ്ങ് കാണുകയാണ്. അന്ന് കേട്ട ആ പാട്ടാണ് എന്റെ ഇഷ്ടഗാനവും. 'പൂത്താലം വലം കൈയിലേന്തി വാസന്തം' വേണു വീട്ടിലൊന്നും ഒട്ടും പാടാറില്ല. രാവിലെ സാധകംമാത്രം. വേണുഗോപാല്‍ എന്ന ഗായകനെക്കാളും ആ വ്യക്തിയെ ആണ് എനിക്കിഷ്ടം. വളരെ അണ്ടര്‍സ്‌ററാന്‍ഡിങ്ങാണ്.' രശ്മി വേണുവിനെ ഒളിച്ചുനോക്കി. പിന്നെ സ്വരം താഴ്ത്തി ഒരു വിമര്‍ശനവും 'എന്നാലും കുറച്ച് ആബ്‌സന്റ് മൈന്‍ഡഡാണ്.' ആ തമാശ വേണുഗോപാലിനും ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. ഒരുപതുങ്ങിയ ചിരി കേട്ടു. വീണ്ടും വേണുവിന്റെ ശബ്ദമാണ്.
'ആകാശവാണിയിലെ ആര്‍ട്ടിസ്റ്റായ ഉണ്ണിയേട്ടന്‍(മണ്ണൂര്‍ രാജകുമാരനുണ്ണി)ആണ് ഞങ്ങളുടെ കല്യാണത്തിന്റെ സൂത്രധാരന്‍. ഉണ്ണിയേട്ടന്റെ അടുത്ത് വീണ പഠിച്ചിരുന്നു രശ്മി. ഞാന്‍ അവളെ കാണാനായി തൃശ്ശുരിലെ വീട്ടില്‍ ചെന്നു. നിങ്ങള് സംസാരിക്കെന്നായി വീട്ടുകാര്‍. എന്ത് സംസാരിക്കണമെന്ന് എനിക്ക് അറിഞ്ഞൂടാ. ഞാന്‍ വീണയൊന്ന് വായിക്കാന്‍ പറഞ്ഞു. രശ്മി വായിച്ചത് മുഴുവന്‍ തെറ്റായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഡിഗ്രിക്ക് എത്ര മാര്‍ക്കുണ്ടായിരുന്നു. രശ്മി ഇപ്പോഴും പറയും. ഇത്രയും അണ്‍റൊമാന്റിക്കായിട്ടുള്ളൊരു ചോദ്യം ഒരു പെണ്‍കുട്ടിയും പെണ്ണുകാണല്‍ ചടങ്ങില്‍ കേട്ടിട്ടുണ്ടാവില്ലെന്ന്.
കല്യാണം ഉറപ്പിച്ച കാലത്ത് രശ്മി ഹോസ്റ്റലിലാണ്. ഞാന്‍ വൈകുന്നേരം അവിടെ ചെല്ലും. ആകെക്കൂടി ചെറിയൊരു വിസിറ്റിങ്ങ് റൂമുണ്ട്. എന്നെ കാണാനായിട്ട് ഇവരുടെ ഗ്യാങ്ങ് എല്ലാവരും കൂടും. ഞങ്ങള്‍ക്കൊരിക്കലും തനിച്ച് സംസാരിക്കാനേ പറ്റാറില്ല. അപ്പോള്‍ പിന്നെ പറയേണ്ട കാര്യങ്ങള്‍ മൊത്തം രശ്മി ഒരു കത്തില്‍ എഴുതിത്തരും. ഞാനും തിരിച്ച് എഴുതിക്കൊടുക്കും. അങ്ങനെയായിരുന്നു അന്നത്തെ കമ്യൂണിക്കേഷന്‍.' പ്രണയത്തിലെ ആദ്യരാഗം പാടിയ ഓര്‍മകള്‍.
പാട്ടിലെ സൗഹൃദകാലമൊക്കെ പോയോ?
പണ്ട് ഞാനും ചിത്രയും അല്ലെങ്കില്‍ ഞാനും സുജാതയുമെല്ലാം പാട്ടുപാടുന്ന നേരത്ത് ഒരുമിച്ച് കാണുമായിരുന്നു. ഒരു റൂമില്‍നിന്നിട്ടാവും നമ്മള്‍ പാടുന്നത്. ഇന്‍സ്ട്രുമെന്റ് ചെയ്യുന്നവരെയും നേരിട്ട് കാണുമായിരുന്നു. കുട്ടികളുടെ കാര്യങ്ങള്‍, വീട്ടിലെ കാര്യങ്ങള്‍...എല്ലാം ഞങ്ങള്‍ ചോദിച്ചറിയുമായിരുന്നു. ഇപ്പോള്‍ ഓരോരുത്തരും അവരുടെ ഭാഗം സൗകര്യംപോലെ വന്ന് പാടിപ്പോവുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക് പുതിയ തലമുറയെ ഇഷ്ടമാണ്. വളരെ ലാഘവത്തോടെയാണ് അവര്‍ ജീവിതത്തെ എടുത്തിരിക്കുന്നത്. ഞങ്ങളുടെ കാലത്ത് കുറച്ചുകൂടെ മസിലുപിടുത്തമുണ്ടായിരുന്നു. ശക്തമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെയുണ്ടായിരുന്നു. പുതിയ തലമുറ വളരെ ഓപ്പണാണ്. അവര്‍ക്ക് ആരോടും ദേഷ്യങ്ങളൊന്നുമില്ല. മുഖം മൂടികളില്ല.
വേണു തെല്ലിട നിശ്ശബ്ദനായി. അപ്പോള്‍ ഒമ്പതാം നിലയിലെ ഫ്ലാറ്റിലേക്ക് ആ കാറ്റ് വന്നു. അതിന്റെ ചിറകിലുമുണ്ടായിരുന്നു ഒരു വേണുനാദം. 'താനേ പൂവിട്ട മോഹം, മൂകം വിതുമ്പും നേരം...'.
No comments:
Post a Comment