Tuesday 29 April 2014

[www.keralites.net] ആന്‍ജ നിഡ്രിന്‍ഗാസ ്: പാതി പകര്‍ത്തിയ ജീവ ിതചിത്രങ്ങള്‍

 

നിറമാര്‍ന്ന ജീവിതത്തിന്റെ മറുവശം അസമാധാനത്തിന്റെയും യുദ്ധത്തിന്റെയും അവസാനം വിടവാങ്ങലിന്റേതുമാണെന്ന് ലോകത്തെ തന്റെ ചിത്രങ്ങളിലൂടെ ഓര്‍മിപ്പിച്ച അപൂര്‍വ പ്രതിഭാശാലിയായ അവര്‍ സ്വയംവരിച്ച കര്‍മമേഖലയില്‍ ജീവന്‍വെടിയുമ്പോള്‍ ബാക്കിയായത് പാതിമാത്രം പകര്‍ത്തിയ സ്വന്തം ജീവിതചിത്രം. 46-ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞെങ്കിലും അവര്‍ പകര്‍ത്തിയ ചിത്രങ്ങളുടെ ജീവന്‍ എക്കാലവും തുടിച്ചുതന്നെനില്‍ക്കും.

കിഴക്കന്‍ അഫ്ഗാനിസ്താനിലെ താനി ജില്ലയില്‍ ഏപ്രില്‍ നാലിനാണ് അസോസിയേറ്റ് പ്രസ് സീനിയര്‍ ഫോട്ടോഗ്രാഫറായ ആന്‍ജയും റിപ്പോര്‍ട്ടറായ കാത്തിഗനോണും വെടിയേറ്റ് മരിച്ചത്. അഫ്ഗാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലായിരുന്നു ഇവര്‍. പോലീസ്-പട്ടാള അകമ്പടിയോടെ ബാലറ്റ് പേപ്പറുകള്‍ വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം ഒരു ചെക്ക്പോസ്റ്റില്‍ കാറിലിരിക്കുകയായിരുന്നു രണ്ടുപേരും. അഫ്ഗാന്‍ പോലീസ് കമാന്‍ഡറായ നക്വിബുള്ള, ആന്‍ജയുടെയും കാത്തിയുടെയും നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
 

ആനിയ നീഡ്രിങ്ഹൗസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
 

ജര്‍മനിയിലെ വെസ്റ്റ് ഫാലിയ-ഹോക്സ്റ്ററില്‍ 1965 ഒക്ടോബര്‍ 12-നായിരുന്നു ആന്‍ജ നിഡ്രിന്‍ഗാസിന്റെ ജനനം. വാര്‍ത്താചിത്രങ്ങളോട് ഏറെ താത്പര്യം കാട്ടിയ യുവതി തന്റെ പതിനേഴാമത്തെ വയസ്സില്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തനം തുടങ്ങി. ജര്‍മന്‍ പത്രമായ 'ഗോട്ടിന്‍ഗര്‍ ടേഗ്ബഌട്ടില്‍' ജര്‍മന്‍ മതില്‍ സംബന്ധിച്ച ചിത്രം പകര്‍ത്തിക്കൊണ്ടായിരുന്നു ഇത്. 1990-ല്‍ യൂറോപ്യന്‍ പ്രസ് ഫോട്ടോ ഏജന്‍സിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലിയില്‍ പ്രവേശിച്ചതോടെ ആന്‍ജയുടെ ജീവിതം മാറിമറിയുകയായിരുന്നു. അവിടെ സജീവമായ പത്തുവര്‍ഷങ്ങള്‍ ശ്രദ്ധേയമായ നിരവധി വാര്‍ത്താചിത്രങ്ങള്‍ പകര്‍ത്തി.

യുദ്ധമുഖത്ത് പോകാന്‍ ഭയമില്ലാതിരുന്ന യുവ പത്രപ്രവര്‍ത്തക അപ്പോഴേക്കും അറിയപ്പെടാന്‍ തുടങ്ങിയിരുന്നു. യുദ്ധമുഖത്തെ ഭീകരതയ്‌ക്കൊപ്പം ദൈന്യതയേറിയ മറുവശം ലോകംകണ്ടത് ആന്‍ജയുടെ ചിത്രങ്ങളിലൂടെയായിരുന്നു. 2001-ല്‍ സപ്തംബര്‍ 11-ന്റെ ബാക്കിപത്രമായ ന്യൂയോര്‍ക്ക് നഗരത്തിന്റെ ചിത്രങ്ങളും ശ്രദ്ധേയമായി. തുടര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പോയ അവര്‍ താലിബാന്റെ തകര്‍ച്ചയുടെ കഥകള്‍ പറയുന്ന നിരവധി ചിത്രങ്ങള്‍ ലോകത്തിന് നല്‍കി.
ലോകത്ത് അസമാധാനത്തിന്റെ പേരില്‍മാത്രം അറിയപ്പെട്ട മുള്ളുവിരിച്ച പാതകള്‍ അവര്‍ സ്വയം തിരഞ്ഞെടുത്തത് ഒരുപക്ഷേ ഒരു നിയോഗമായരിക്കാം. ഈ കാലഘട്ടത്തില്‍ ഇറാഖ്, അഫ്ഗാനിസ്താന്‍, ഗാസാ, ഇസ്രായേല്‍, കുവൈത്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ചിത്രങ്ങള്‍ പകര്‍ത്തി. പച്ചപ്പുനിറഞ്ഞ ജീവിതത്തിന്റേതല്ല, മറിച്ച് ദൈന്യതയുടെ നിസ്സഹായത വരച്ചുകാട്ടിയ ആയിരക്കണക്കിന് ചിത്രങ്ങളായിരുന്നു അവര്‍ ലോകത്തിന് നല്‍കിയത്.

2007-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയുടെ നീമാന്‍ ഫെലോഷിപ്പിന് അര്‍ഹയായി. അമൂല്യമായി കണക്കാക്കുന്ന നീമാന്‍ ഫെലോഷിപ്പ് കാലത്തെ ചിത്രങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് ഗാലറിയിലും ഓസ്ട്രിയയിലെ ഗ്രാസ് ഗാലറിയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2005-ല്‍ പകര്‍ത്തിയ ഇറാഖ് യുദ്ധ ചിത്രങ്ങള്‍ ആര്‍ജ നിഡ്രിന്‍ഗാസിനെ പുലിറ്റ്സര്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കി. അസോസിയേറ്റ് പ്രസ്സിനുവേണ്ടി ജോലിചെയ്യുന്ന വനിതാ പത്രപ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരം നേടിയ വനിതയായി മാറി അവര്‍. അതേവര്‍ഷം തന്നെ അന്താരാഷ്ട്ര വനിതാ മാധ്യമ ഫൗണ്ടേഷന്റെ (ഐ.ഡബഌു.എം.എഫ്.) ധീരയായ പത്രപ്രവര്‍ത്തക എന്ന ബഹുമതിയും അവരെ തേടിയെത്തി.

സംഘര്‍ഷങ്ങള്‍ക്കിടയിലെ മനുഷ്യന്റെ നിസ്സഹായ മുഖങ്ങള്‍ പിന്നെയും ഒരുപാട് അവര്‍ ലോകത്തിന്റെ മുമ്പില്‍ തുറന്നുകാണിച്ചു. 2005-ല്‍ ഇറാഖില്‍ കൊല്ലപ്പെട്ട 31 അമേരിക്കന്‍ സൈനികരുടെ യൂണിഫോമിന് ഇടയിലിരുന്ന് വിലപിക്കുന്ന സൈനികന്റെ ചിത്രം, അഫ്ഗാസ്താനിലെ വിജന പര്‍വതമേഖലയില്‍ റോന്തു ചുറ്റാന്‍ നിയോഗിക്കപ്പെട്ട പട്ടാളക്കാരന്‍ തന്റെ 34-ാം പിറന്നാള്‍ ദിനത്തില്‍ ഏകനായി മെഴുകുതിരി വെട്ടത്തിലിരിക്കുന്ന ചിത്രം (2009), കാണ്ഡഹാറിലെ അസമാധാനത്തിനിടയിലും ഒരു പാര്‍ക്കിലേക്കുള്ള പ്രവേശനഫീസ് കൊടുക്കാനായി അച്ഛനും അഞ്ചു കുഞ്ഞുമക്കളും സ്‌കൂട്ടറിലിരിക്കുന്ന ചിത്രം, തോക്കിന്‍മുനയില്‍ പൂക്കള്‍ തിരുകിവെച്ച് ചെക്ക്പോസ്റ്റില്‍ കാവലിരിക്കുന്ന അഫ്ഗാന്‍ പോലീസുകാരന്റെ ചിത്രം (2013), യുദ്ധവിമാനം വെടിയേറ്റ് വീഴുന്ന ലിബിയയുടെ ചിത്രം (2011), കാബൂളിലെ ഈദുല്‍ഫിത്തര്‍ ആഘോഷവേളയില്‍ യന്ത്ര ഊഞ്ഞാലില്‍ കളിത്തോക്കുകൊണ്ട് കളിക്കുന്ന അഫ്ഗാന്‍ ബാലന്റെ ചിത്രം (2009) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.
യുദ്ധം ഒരിക്കലും അവസാനിക്കില്ല, അത് തേടിപ്പോകുന്ന ആന്‍ജ നിഡ്രിന്‍ഗാസ് എന്ന ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ ക്യാമറയുടെ അകക്കണ്ണിലൂടെയുള്ള കാഴ്ചകളും അവസാനിക്കില്ലായിരുന്നു- തന്റെ കര്‍മകാണ്ഡത്തിലെ ഒട്ടുമിക്ക സ്‌നാപ്പുകളും ഒരു നിയോഗംപോലെ പകര്‍ന്നുതന്ന അഫ്ഗാനിസ്താനിലെ വിജനപാതയില്‍ ആ ജീവിതം ഹോമിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment