നാട്ടില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി കടലിനക്കരെ ഫേസ്ബുക്കില്‍ അന്യോന്യം തെറിവിളിച്ചും തെരുവില്‍ തല്ലുപിടിച്ചും പിടിയിലായ മലയാളി സുഹൃത്തുക്കളോട് സകാകയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ഉന്നയിച്ച ചോദ്യം ഗള്‍ഫ് പ്രവാസികളുടെ നെഞ്ചില്‍ തറക്കേണ്ടതാണ്. 'നാട്ടിലെ നേതാക്കള്‍ക്ക് പോറ്റാന്‍ കഴിയാത്തതുകൊണ്ടല്ളേ നിങ്ങള്‍ക്ക് ഇങ്ങോട്ട് കെട്ടിയെടുക്കേണ്ടിവന്നത്. നിങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് നല്‍കേണ്ടതെല്ലാം അവര്‍ വെട്ടിവിഴുങ്ങുകയാണ്. അതുകൊണ്ട് വയറ്റുപ്പിഴപ്പിനു കടല്‍ കടക്കേണ്ടിവന്ന ശേഷവും അവര്‍ക്കുവേണ്ടി നിങ്ങള്‍ കടിപിടി കൂടുന്നോ എന്നായിരുന്നു മൂസ മുഹമ്മദ് അല്‍ഹംരി എന്ന സൗദി പൊലീസ് ഉദ്യോഗസ്ഥന്‍െറ കൗതുകം. പ്രവാസികളുടെ ചുടുമണല്‍ക്കാട്ടിലെ ദുരിതജീവിതം കാണുന്ന ഏതു സ്വദേശിയുടെയും സാമാന്യ യുക്തിയില്‍നിന്നുയരുന്ന ചോദ്യം. എന്നാല്‍, ഈ ചോദ്യത്തെ അപ്പടി നിര്‍വീര്യമാക്കിക്കളയുന്നതായിരുന്നു കഥയുടെ ആന്‍റി കൈ്ളമാക്സ് എന്ന് സംഭവം കണ്ട സുഹൃത്ത് പറയുന്നു. സ്റ്റേഷനിലെ വിസ്താരത്തിനിടെ രണ്ടിനെയും എക്സിറ്റ് അടിച്ച് നാടുകടത്തിക്കളയും എന്നു വിരട്ടിയപ്പോള്‍ നിന്ന അഞ്ചാറു മാസം കൊണ്ട് ആകെ കേട്ടുപഠിച്ച അറബിവാക്ക് ഇരുവരും മൊഴിഞ്ഞത്രേ: 'മാലീശ്' (സാരമില്ല) -പോണാല്‍ പോകട്ടും എന്ന്. ഒന്നും സാരമാക്കേണ്ട എന്ന സര്‍വസാധാരണമായ ഈ 'മാലീശ്' മനോഭാവമാണ് പ്രവാസിമലയാളിയുടെ ജാതകം കുറിക്കുന്നത്.
എന്തുവന്നാലും അടിസ്ഥാന ഭക്ഷണമായ അപ്പം നാലെണ്ണത്തിന് ഒരു റിയാല്‍ എന്ന വില മാറാത്ത, വിദേശികളുടെ എണ്ണം വെട്ടിക്കുറച്ച് പരമാവധി സ്വന്തം പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കാന്‍ കര്‍ശനനിയമങ്ങള്‍ കൊണ്ടുവരുന്ന, തൊഴില്‍ അന്വേഷണത്തിന് മാസാന്തവേതനം നല്‍കുന്ന, പാര്‍പ്പിട, തൊഴില്‍, വിദ്യാഭ്യാസപ്രശ്നങ്ങള്‍ മന്ത്രിസഭയുടെയും നിയമനിര്‍മാണ വേദിയുടെയും വാരാന്തയോഗങ്ങളുടെ സിംഹഭാഗവും കവരുന്ന ഒരു രാജ്യത്തുനിന്നാണ് അറബിയുടെ ചോദ്യം. നിതാഖാതുമായി ബന്ധപ്പെട്ട സ്വദേശിവത്കരണ പ്രക്രിയയില്‍ സൗദി ഭരണകൂടം പുലര്‍ത്തുന്ന കണിശതയും ജാഗ്രതയും കണ്ടാലറിയാം ഒരു രാജ്യം പൗരന്മാരുടെ കാര്യം ശ്രദ്ധിക്കാന്‍ തീരുമാനിച്ചാല്‍ എങ്ങനെയിരിക്കുമെന്ന്. പ്രശ്നങ്ങളില്ളെന്നല്ല, പൗരന്മാരുടെ പ്രശ്നങ്ങള്‍ മുഖ്യപരിഗണനക്ക് വരുന്നു എന്നിടത്തുനിന്ന് ചിന്തിക്കുമ്പോഴാണ് പാര്‍ലമെന്‍ററി ജനാധിപത്യം അതിന്‍െറ അര്‍ഥം പുലരാന്‍ ഇനിയെത്ര സഞ്ചരിക്കണമെന്നു ബോധ്യമാവുക. തന്‍െറ നാടനുഭവത്തില്‍നിന്ന് മലയാളിയെ ശകാരിച്ച അറബി അവിടം കൊണ്ടുനിര്‍ത്തിയത് കാര്യം മുഴുവന്‍ അറിയാത്തതുകൊണ്ടാവാം. കത്തുന്ന സൂര്യന്‍െറ ചുവട്ടില്‍ നടുവൊടിഞ്ഞ് പണിയെടുക്കുമ്പോഴും കെടാതെ സൂക്ഷിക്കുന്ന രാഷ്ട്രീയാവേശത്തില്‍ പ്രവാസികള്‍ ചെയ്തുകൂട്ടുന്നതും അതിനുപകരം നാട്ടിലെ ഭരണകൂടത്തില്‍നിന്നും സ്വന്തം നേതൃമാന്യന്മാരില്‍ നിന്നും അവര്‍ക്കു കിട്ടുന്ന തൊഴിയും അറബികള്‍ അറിയാതെ പോകുന്നത് ഭാഗ്യം.
ഏതു പാര്‍ട്ടിക്കാരനാവട്ടെ, പ്രവാസിയോളം അതിനുവേണ്ടി നോറ്റിരിക്കാനും ചാകാനും തയാറുള്ള പ്രതിബദ്ധരായ അണികളെ ഇന്ന് നാട്ടില്‍പോലും കാണാനാവില്ല. ബഖാലയില്‍നിന്നും വണ്ടിയോടിച്ചും പൊരിവെയിലില്‍ നിര്‍മാണ ജോലികളിലേര്‍പ്പെട്ടും ചോര നീരാക്കിയുണ്ടാക്കുന്നതില്‍നിന്ന് സ്വന്തക്കാര്‍ക്ക് അയക്കുന്നതില്‍ കുറവു വരുത്തിയാലും പാര്‍ട്ടി ഫണ്ടിനും പാര്‍ട്ടി വക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നീക്കിവെക്കുന്നതില്‍ ഒരു കുറവും വരുത്താത്തവരാണവര്‍. ബൈത്തുറഹ്മകളും ആശുപത്രികളിലെ സൗജന്യ നിരക്കുകളിലുള്ള ഡയാലിസിസ് യൂനിറ്റുകളും മരുന്നുവിതരണ കേന്ദ്രങ്ങളും സമൂഹവിവാഹങ്ങളുമൊക്കെ കെങ്കേമം നടന്നുവരുന്നത് ഈ കണ്ണീര്‍ ചോരത്തുള്ളികളില്‍ നിന്നാണ്. ഇതിനുപുറമെ ഭരണത്തിലിരിക്കുന്നവര്‍ സ്വന്തം പാര്‍ട്ടിക്കാരാണെങ്കില്‍ മറ്റൊരു ജോലിയും അവര്‍ക്കുണ്ട് -പാര്‍ട്ടിക്കും മന്ത്രിപദവിക്കും ഭരണത്തിനുമൊക്കെ വേണ്ടിയുള്ള ലെയ്സണ്‍ പണി. സ്പോണ്‍സര്‍ തൊഴിലില്‍നിന്ന് പിരിച്ചുവിട്ടാല്‍, ശമ്പളം കൊടുക്കാതെ പീഡിപ്പിച്ചാല്‍, നാട്ടിലെ ഏജന്‍റിന്‍െറ കബളിപ്പിക്കലിന് ഇരയായി പ്രവാസമണ്ണിലത്തെി ദുരിതപ്പെട്ടാല്‍, കള്ളവാറ്റിനും കവര്‍ച്ചക്കും മുതല്‍ സ്വന്തം മലയാളി സഹോദരനെ കൊന്നതിനുവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലോ ജയിലുകളിലോ അടക്കപ്പെട്ടാല്‍, എന്തിന് ഒരുത്തനെ തലവെട്ടാന്‍, കണ്ണുചൂഴാന്‍ വിധി വന്ന് ഏതെങ്കിലുമൊരുത്തന്‍ വ്യാജ 'ലുങ്കി' വാര്‍ത്ത പ്രചരിപ്പിച്ചാല്‍ വരെ നാട്ടിലുള്ള ബന്ധുക്കള്‍ മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും കണ്ടു സങ്കടം പറയും. അവര്‍ ഉടനെ നിവേദനം സ്വീകരിച്ച് പരിഹാരം ഉറപ്പുനല്‍കും. ആരുടെ ബലത്തിലാണ് ഈ ഉറപ്പ്? ഇക്കരെയുള്ള സംഘടനക്കാരുടെ വിധേയത്വത്തിലുള്ള വിശ്വാസത്തില്‍ തന്നെ. പിന്നെ മുഖ്യമന്ത്രിയും വിദേശമന്ത്രിയും പ്രവാസിമന്ത്രിയുമൊക്കെ ഇങ്ങോട്ടൊരു വിളിയാണ്. രാജ്യത്തിന്‍െറ എംബസിയും കോണ്‍സുലേറ്റുമൊക്കെയുണ്ടെങ്കിലും നമ്മുടെ നാട്ടിലെ അധികാരസ്ഥര്‍ക്ക് പ്രവാസികളുടെ പ്രശ്നത്തിന് നയതന്ത്ര വഴികളല്ല, ഈ പ്രവാസിസംഘടനാ വഴികളേ ഉപയോഗിക്കാന്‍ അറിയൂ എന്നത് സൗദിയിലെ മാത്രം അനുഭവമാവില്ല. അങ്ങനെ ഇവിടെയുള്ളവര്‍ ലീവില്ലാ തൊഴില്‍സമയവും പണച്ചെലവുമൊക്കെ വിസ്മരിച്ച് പ്രശ്നം ഏറ്റെടുത്ത് പരിഹാരം കാണുന്നു. ക്രെഡിറ്റ് മുഴുവന്‍ നാട്ടിലെ നേതാക്കള്‍ പതിച്ചെടുക്കുന്നു. മുഖ്യമന്ത്രി/മന്ത്രി ഇടപെട്ട് തീര്‍ത്തെന്നു കേളികൊട്ടുന്ന പരിഹാരങ്ങളെല്ലാം ഈ മലയാളി ഇടനില വഴിയാണെന്നതു സത്യം. ഈ തെരഞ്ഞെടുപ്പിന് മലപ്പുറത്തെ വോട്ടര്‍മാര്‍ കേട്ട കേന്ദ്രമന്ത്രിയുടെ മദ്ഹ്മാലകളിലെ പ്രവാസി സംഭാവനയോരോന്നും ഇങ്ങനെയാണെന്നത് കെ.എം.സി.സിയാണെ കട്ടായം.
എന്നിട്ട് പ്രവാസിക്ക് എന്തു തിരിച്ചുകിട്ടുന്നു എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പിനു ദുബൈയില്‍നിന്ന് വോട്ടുവിമാനം പറന്നത്തെിയതിന് പ്രതികരണമായി വന്ന പ്രവാസി ഫേസ്ബുക് പോസ്റ്റ് മതി ഉത്തരം. '... 2000 രൂപക്ക് മുകളില്‍ സ്വര്‍ണം കൊണ്ടുവരുന്നതിന് നികുതി ഏര്‍പ്പെടുത്തി, എന്നിട്ടും പ്രവാസി പഠിച്ചില്ല. ബജറ്റ് എയര്‍ലൈന്‍സിന്‍െറ ചാര്‍ജ് കുത്തനെ കൂട്ടി, എന്നിട്ടും പ്രവാസി പഠിച്ചില്ല. വിമാനങ്ങള്‍ തോന്നുമ്പോലെ റദ്ദ് ചെയ്തു, പാസ്പോര്‍ട്ട് പുതുക്കല്‍ പണികള്‍ ഗള്‍ഫിലെ എംബസികള്‍ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി പ്രവാസികളെ ദ്രോഹിച്ചു. പുതിയ പാസ്പോര്‍ട്ടിനും പഴയത് പുതുക്കുന്നതിനും ചാര്‍ജ് കുത്തനെ കൂട്ടി. വിമാനാപകടത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം കിട്ടാതെയാക്കി. അവര്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലത്തെിക്കണമെങ്കില്‍ 72 മണിക്കൂര്‍ മുമ്പ് ബുക് ചെയ്യണമെന്നും 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് എടുക്കണമെന്നും നിയമം കൊണ്ടുവന്നു. ഫ്ളാറ്റ് ടി.വിക്ക് നികുതി ഏര്‍പ്പെടുത്തി. റേഷന്‍ കാര്‍ഡില്‍നിന്ന് പേര് നീക്കി. കഴിഞ്ഞ വിഷുവിന് എയര്‍ കേരള പറത്തുമെന്ന് പറഞ്ഞു പറ്റിച്ചു. എന്നിട്ടും...എന്നിട്ടും പ്രവാസി പഠിച്ചില്ല...' 'അതുകൊണ്ട് കുലദ്രോഹികളേ, വിമാനം വാടകക്കെടുത്ത് ചെന്ന് ഇനിയും അവരുടെ നെഞ്ചത്തു തന്നെ കുത്തി ജയിപ്പിക്ക്' എന്ന പ്രാക്കോടെയാണ് ഈ പരിഭവം അവസാനിക്കുന്നത്.
പ്രവാസികളുടെ പ്രശ്നമെന്തെന്ന്, അത് പരിഹരിക്കാന്‍ നാട്ടിലെ രാഷ്ട്രീയനേതൃത്വം എന്തുചെയ്തെന്ന് അറിയാന്‍ തെരഞ്ഞെടുപ്പ് ജ്വരം ബാധിക്കും മുമ്പുള്ള പ്രവാസലോകത്തെ പത്രങ്ങളുടെ ലോക്കല്‍ പേജുകളിലേക്ക്, ഫേസ്ബുക് പോസ്റ്റുകളിലേക്ക് പോയാല്‍മതി. ദേശത്തിന്‍െറ പ്രവാസികാര്യ മന്ത്രിക്ക് ഒരു സന്ദര്‍ശനം പോലും മാറ്റിവെക്കേണ്ടിവന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഉയര്‍ന്ന പ്രതിഷേധം കാരണമായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പായതോടെ ഈ നേരെല്ലാം അണ്ണാക്കു തൊടാതെ വിഴുങ്ങി പ്രവാസി സംഘടനകള്‍ ഒന്നൊന്നായി പുറംകാലില്‍ തൊഴിക്കുന്ന നേതാക്കന്മാര്‍ക്ക് പ്രവാസി സംരക്ഷകരെന്ന് ജയ ജയ പാടി വോട്ടു പിടിച്ചു. ഈ തെരഞ്ഞെടുപ്പുകാലത്ത് പ്രവാസി സംഘടനകളെല്ലാം അവകാശപ്പെട്ടത് ഒത്തുവായിച്ചാല്‍ പ്രവാസികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിരിക്കുന്നുവെന്ന ഉത്തരമാണല്ളോ കിട്ടുക. ഇനി അടുത്ത രംഗത്തിന് ഏറെയൊന്നും കാത്തിരിക്കേണ്ട. വോട്ടു പെട്ടിയിലാക്കി ഇവരൊക്കെ ഗള്‍ഫില്‍ തിരിച്ചത്തെിയാല്‍ വിമാനചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രസ്താവനയിറക്കി പഴയ പാഠം വീണ്ടും ചൊല്ലിത്തുടങ്ങും.
ഇത്രമേല്‍ വിധേയത്വം അവരില്‍ നിന്നുറപ്പിച്ച നാട്ടുനേതാക്കള്‍ക്ക് പിന്നെ പ്രവാസലോകത്ത് എന്തു പ്രതിഷേധമുയര്‍ന്നാലെന്ത്, ഒരു 'മാലീശ്' പറയണം എന്നല്ലാതെ! നാട്ടില്‍നിന്ന് മന്ത്രിയൊന്നു ഫോണില്‍ വിളിച്ചാല്‍, നേതാക്കന്മാര്‍ ഗള്‍ഫിലത്തെുമ്പോള്‍ അവര്‍ക്കൊപ്പം തിക്കിത്തിരക്കിയൊരു പടമെടുത്ത് മാധ്യമക്കാര്‍ക്കത്തെിച്ച് പരസ്യപ്പെടുത്താനായാല്‍ അതുതന്നെ ധാരാളം. അവരുമായുള്ള വ്യക്തിപരമായ കൊള്ളക്കൊടുക്കലുകളില്‍ ഉഭയകക്ഷിതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പായാല്‍ പിന്നെ ബാക്കിയെല്ലാം 'മാലീശ്', ഗഹ്വക്കപ്പിലെ കൊടുങ്കാറ്റിലൊതുങ്ങിക്കൊള്ളും.
സൗദിയില്‍ കറമ്പന്‍ കള്ളന്മാര്‍ക്ക് ഒരു തട്ടിപ്പ് രീതിയുണ്ട്. വഴിപോക്കന്‍െറ പോക്കറ്റടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കള്ളന്മാര്‍ ആളെ മുട്ടിയുരസി തന്ത്രത്തില്‍ കാലില്‍ തട്ടി വീഴ്ത്തും. അബദ്ധം പറ്റിയ ഭാവത്തില്‍ ഇരയെ പിടിച്ചെഴുന്നേല്‍പിച്ച് മേലാസകലം തടവി തോളില്‍ തട്ടി ചെറുചിരിയോടെ 'മാ ലീശ്' പറഞ്ഞ് അവര്‍ പോയ്മറയും. എത്ര മാന്യന്മാര്‍ എന്ന കൗതുകം വിട്ടുണര്‍ന്ന് ആവശ്യത്തിന് കൈയിടുമ്പോഴാണ് കീശ കാലിയായ വിവരം ഇര അറിയുക. ഇവരും സ്വന്തം കച്ചവടത്തിനോ കാര്യത്തിനോ ഒക്കെയായി ഗള്‍ഫിലത്തെുമ്പോള്‍ പ്രശ്നക്കെട്ടുകളുമായിച്ചെന്ന് പൊറുതിമുട്ടിക്കുന്നവരോട് തോളില്‍ തട്ടി ചെറുചിരിയോടെ 'മാലീശ്' മൊഴിഞ്ഞ് വിമാനം കയറുന്ന നമ്മുടെ നേതാക്കളും തമ്മില്‍ എന്തുബന്ധം എന്നൊന്നും ചോദിക്കരുത്. എന്നാല്‍, ഒന്നുറപ്പ്. കാക്കത്തൊള്ളായിരം സംഘടനകളുണ്ടായിട്ടും പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നതിന് കാരണമെന്തെന്നും പ്രവാസിയുടെ യഥാര്‍ഥ പ്രതിയോഗി ആരെന്നും പരതി പ്രവാസികള്‍ ഏറെയൊന്നും ബുദ്ധിമുട്ടേണ്ട, കണ്ണാടിയുടെ ദൂരം വരെ പോയാല്‍ മതി - 'മാലീശ്'.
No comments:
Post a Comment