Saturday 15 March 2014

[www.keralites.net] ???? ????????????? ?? ??? ?????????????? ?

 


സൗദികളുടെ അടിമകള്‍ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് പതിനാലുവര്‍ഷക്കാലം സൗദിയിലും തുടര്‍ന്ന് നിരവധി ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങളിലും പത്രപ്രവര്‍ത്തകനായിരുന്ന ജോയ് സി. റാഫേലുമായി നടത്തിയ അഭിമുഖസംഭാഷണം.

സൗദികളുടെ അടിമകള്‍ എഴുതാന്‍ ഇടയായ സാഹചര്യം.

1987-ല്‍ സൗദിയില്‍ച്ചെന്നിറങ്ങിയപ്പോള്‍ കണ്ടത് പ്രവാസി തൊഴിലാളികള്‍ നേരിടുന്ന ഭീകരാനുഭവങ്ങളാണ്. റിയാദ് ഡെയ്‌ലിയില്‍ ചേര്‍ന്നതോടെ, അത്തരം ദുരിതങ്ങള്‍ വിവരിക്കുന്ന എത്രയോ കത്തുകള്‍ വായിക്കാന്‍ ഇടയായി. അവയൊന്നും പക്ഷേ, അച്ചടിച്ചുവന്നില്ല. പ്രവാസികളുടെ സ്വപ്‌നഭൂമിയില്‍ത്തന്നെ നടക്കുന്ന ഇത്തരം അരാജകത്വങ്ങള്‍ ആരും അറിയാതെ പോവുകയാണെന്ന് അപ്പോള്‍ ബോധ്യമായി. മനസ്സിനെ പിടിച്ചുലയ്ക്കുന്ന അത്തരം ജീവിതകഥകള്‍ക്കായി ഒരു അന്വേഷണം നടത്തുവാന്‍ നിശ്ചയിച്ചു. ഇസ്‌ലാമിനെപ്പോലൊരു മഹത്തായ മതത്തിന്റെ ജന്മഭൂമിയില്‍ത്തന്നെ ഇങ്ങനെയെല്ലാം സംഭവിക്കുമെന്നു വിശ്വസിക്കാന്‍തന്നെ പ്രയാസമായിരുന്നു. മറുനാടന്‍ തൊഴിലാളികളോടുള്ള സൗദികളുടെ ക്രൂരസമീപനങ്ങളെ അധികാരവൃത്തങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

ഈ കാഴ്ചകള്‍ക്കെല്ലാം സാക്ഷിയായി ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ അവയെല്ലാംകൂടി രണ്ടു പുസ്തകങ്ങളായി. മുത്തവ്വാസ്: സൗദി അറേബ്യാസ് ഡ്രെഡഡ് റിലീജ്യസ് പൊലീസ് (2010) ആയിരുന്നു അതില്‍ ആദ്യത്തേത്. പിന്നെ സ്ലേവ്‌സ് ഓഫ് സൗദിയും.
 
പുസ്തകത്തില്‍ പറയുന്ന ചില ഞെട്ടിക്കുന്ന അനുഭവകഥകള്‍ കേവലം സൗദിയില്‍ പ്രവാസി തൊഴിലാളികള്‍ മാത്രം അനുഭവിക്കുന്ന യാതനകള്‍ എന്നതിലുപരി ലോകത്തെവിടെയും മനുഷ്യത്വത്തിനെതിരേയുള്ള ഒരു കടന്നുകയറ്റമാണെന്നു തോന്നുന്നു. മതനിയമങ്ങള്‍ ഇത്രത്തോളം കര്‍ശനമായി പാലിക്കുന്ന ഒരു നാട്ടില്‍ത്തന്നെ മനുഷ്യത്വം എന്ന സാമാന്യബോധം ധ്വംസിക്കപ്പെടുന്ന നിലയ്ക്ക് മതങ്ങള്‍ക്കും മനുഷ്യര്‍ക്കും പിഴച്ചതെവിടെയാണ്?
സൗദിയിലത്രയും ഇത്തരം കഥകളാണ്. സൗദി തൊഴില്‍ദാതാക്കളുടെ മൃഗീയവും വിവേചനപരവുമായ സമീപനങ്ങളുടെ ഇരകളാണ് മിക്കവാറും പ്രവാസികള്‍. കൂലിത്തൊഴിലാളികളുടെ മാത്രമല്ല, വെള്ളക്കോളര്‍ വിഭാഗത്തില്‍പ്പെടുന്നവരുടെയും പത്രപ്രവര്‍ത്തകരുടെയും അവസ്ഥ ഇങ്ങനെയൊക്കെത്തന്നെ. ഏതോ ഒരു കെട്ടിടത്തിന്റെ ചിത്രമെടുത്തതിന് ഒരു പാകിസ്താനി ഫോട്ടോഗ്രാഫറെ പോലീസുകാര്‍ ഇരുപത്തിനാലു മണിക്കൂറോളം തടവിലിട്ടു. ഒടുവില്‍ പത്രസ്ഥാപനത്തിന്റെ മേലധികാരികള്‍ ഇടപെട്ടാണ് അയാളെ വിട്ടയച്ചത്. പ്രവാസികള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ കഥകള്‍ സൗദിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ചില ഗള്‍ഫ്‌നാടുകളിലും പാശ്ചാത്യരാജ്യങ്ങളിലുമൊക്കെ അവരുടെ അവകാശങ്ങള്‍ അവഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മഹത്തായ ഒരു മതത്തിന്റെ ജന്മഭൂമിയില്‍ത്തന്നെ അതല്പം കൂടുതലായിക്കാണുന്നതാണ് അവിശ്വസനീയം. മഹത്തായൊരു മതമാണ് ഇസ്‌ലാം. ലോകമെമ്പാടും നൂറുകോടിയില്‍പ്പരം ആളുകള്‍ വിശ്വസിച്ചുപോരുന്ന, സദാചാരമൂല്യമുള്ള ഒരു മതമാണത്. എന്നിട്ടും ആ മതം അനുശാസിക്കുന്നതും, അതിന്റെ ജന്മഭൂമിയില്‍ സ്വീകരിക്കപ്പെടുന്നതുമായ ജീവിത, സ്വഭാവരീതികള്‍ തമ്മില്‍ വലിയൊരന്തരം കാണുന്നു. മറുനാട്ടുകാരുടെ മനുഷ്യാവകാശങ്ങള്‍ക്ക് ആ നാട്ടുകാര്‍ വലിയ വിലയൊന്നും കല്പിക്കുന്നില്ലെന്നതാണ് അവസ്ഥ. അവരെ സംബന്ധിച്ച് ഇന്ത്യക്കാരും മറ്റു നാട്ടുകാരുമെല്ലാം അടിമകളാണ്. തീര്‍ച്ചയായും മനുഷ്യത്വമുള്ള സൗദികളുമുണ്ട്. ഏഷ്യന്‍, ആഫ്രിക്കന്‍ തൊഴിലാളികളോടാണ് ഈ വിവേചനം കൂടുതലായി പ്രകടിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ശമ്പളനിരക്കിലും കാണാം ഈ പക്ഷഭേദം.
 

മനുഷ്യന്‍ മതതത്ത്വങ്ങള്‍ ബാഹ്യമായി ആചരിക്കുമ്പോഴും ആന്തരികമായി അവയൊന്നും ഇപ്പോഴും നടപ്പായിട്ടില്ലെന്നതിന്റെ ഒരു നേര്‍ക്കാഴ്ചയാണ്് പുസ്തകത്തില്‍ പറയുന്ന ജീവിതകഥകളോരോന്നും. ആ നിലയ്ക്ക് മുത്തവ്വകളെപ്പോലുള്ള മതനിയമപാലകന്മാര്‍ അതിനൊരു പരിഹാരംകാണാന്‍ ബാധ്യസ്ഥരല്ലേ?
പരിപാവനമായ ഇസ്‌ലാമിന്റെ അല്ലെങ്കില്‍ വഹാബിനിയമങ്ങളുടെ പാലനം ഉറപ്പുവരുത്തുക എന്നതാണ് മുത്തവ്വകളുടെ ചുമതല. മനുഷ്യാവകാശലംഘനങ്ങളിലൊന്നും അവര്‍ ഇടപെടാറില്ല. ഒരര്‍ഥത്തില്‍ അതിലൂടെ അവര്‍ കടുത്ത മനുഷ്യാവകാശലംഘകന്മാരുമാണ്. അക്കാരണത്താല്‍ ആംനസ്റ്റിപോലുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ അവര്‍ക്കെതിരേ നിരവധി കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിരുന്നു. മറുനാട്ടുകാരെ സംബന്ധിച്ച് സൗദിയിലെ മുത്തവ്വകള്‍ എന്നുമൊരു പേടിസ്വപ്‌നംതന്നെയാണ്. അന്യമതസ്ഥര്‍ അവരുടെ താമസസ്ഥലത്ത് സ്വകാര്യമായി പ്രാര്‍ഥനകളും മറ്റും നടത്തുന്നത് മണത്തറിഞ്ഞാല്‍മതി അവരവിടെ പാഞ്ഞുകയറി മനസ്സമാധാനമെല്ലാം ഇല്ലാതാക്കും. മുത്തവ്വകളെക്കുറിച്ചുള്ള പുസ്തകത്തില്‍ അത്തരത്തിലുള്ള ഒരുപാടു പരാമര്‍ശങ്ങളുണ്ട്.

ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കയ്ക്കുന്ന കുറെ സത്യങ്ങളെ താങ്കള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചു.പക്ഷേ, ഇത് ശ്രദ്ധിക്കേണ്ടവര്‍ ഇതു വായിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ അവര്‍ അതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ടോ? സിനിമകളെപ്പോലും വെല്ലുന്ന ഇത്തരം സംഭവങ്ങള്‍ വായിച്ചിട്ടും മുത്തവ്വകളെപ്പോലുള്ള മതനിയമപാലകരോ, നീതിന്യായവ്യവസ്ഥ നടപ്പാക്കുന്നവരോ അതിനെതിരേ ശബ്ദമുയര്‍ത്തുന്നുണ്ടോ?

ശരിയാണ്. ചില കഥകള്‍ ശരിക്കും ഭീകരമാണ്. വ്യക്തികളുടെ പേരുകള്‍ പലതിലും മാറ്റുകയായിരുന്നു. ആ അനുഭകഥകളെ ഭാവനയില്‍ ദൃശ്യവത്കരിച്ചു. മുന്‍കാല സഹപ്രവര്‍ത്തകനില്‍നിന്ന് ഈ പുസ്തകത്തെക്കുറിച്ചു കേട്ടറിഞ്ഞ ഒരു സീനിയര്‍ സൗദി എഡിറ്റര്‍ എന്നെ വിളിച്ചു. അതില്‍ പറയുന്നതൊക്കെ സത്യമാണെന്ന് സമ്മതിച്ചു. പരോക്ഷമായി അതിനോട് സമ്മതം പ്രകടിപ്പിച്ച മറ്റൊരു പ്രമുഖ സൗദി ദിനപത്രം പക്ഷേ, എന്നെ വിമര്‍ശിക്കുകയും ചെയ്തു. എന്തായാലും പീഡനങ്ങള്‍ക്ക് ഇരയായ മറുനാടന്‍തൊഴിലാളികള്‍ക്കൊന്നും നീതി ലഭിക്കാന്‍ ഇടയില്ലെന്നതാണ് സത്യം. ഇക്കാര്യത്തില്‍ പത്രമാധ്യമങ്ങള്‍ക്കും അധികൃതര്‍ക്കും മുത്തവ്വകള്‍ക്കും ഇതുവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടുമില്ല. ഭരണകൂടം ഇതൊന്നും വകവെക്കാറേയില്ലെന്ന് ചിലപ്പോള്‍ തോന്നും. ശക്തമായ നടപടികളില്ലാത്ത, പൊള്ളയായ നിയമ വ്യാഖ്യാനങ്ങളിലാണ് അവര്‍ക്കു വിശ്വാസം. അവിടുത്തെ മനുഷ്യാവകാശസംഘടനകള്‍ ഇതില്‍ നിസ്സഹായരാണ്. ഇന്ത്യന്‍ എംബസികള്‍പോലും പ്രവാസികളുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്ന അവസ്ഥയാണ്.

നീതിനടപ്പാക്കുന്നവര്‍തന്നെ അതിന്റെ അന്തകന്മാരാവുന്ന സാഹചര്യത്തില്‍ അതിനൊരു പരിഹാരം നിര്‍ദേശിക്കാമോ?
നിയമപാലകര്‍തന്നെയാണ് അതിനെ ലംഘിക്കുന്നതെന്നത് സത്യമാണ്. 1987-ല്‍ സൗദിയില്‍ ഞാന്‍ ആദ്യമായി ചെല്ലുമ്പോഴേ അതാണവസ്ഥ. പതിനഞ്ചു വര്‍ഷം കഴിഞ്ഞ് മടങ്ങുമ്പോഴും കഥ അതുതന്നെ. ഇപ്പോഴും അതിനൊരു മാറ്റവുമില്ലെന്ന് അവിടെയുള്ള സുഹൃത്തുക്കള്‍ പറയുന്നു. ഭരണകൂടം കുറ്റക്കാര്‍ക്കു നേരേ മുഖംനോക്കാതെ ശക്തമായൊരു നടപടി സ്വീകരിക്കുവോളം അതങ്ങനെ തുടരും.

പ്രവാസി തൊഴിലാളികളോടുള്ള പീഡനങ്ങള്‍ക്കു പുറമേ സൗദി പുരുഷന്മാര്‍ സ്വന്തം ഭാര്യമാരെപ്പോലും ഇഷ്ടാനുസരണം ഉപേക്ഷിക്കുകയും പുനര്‍വിവാഹത്തിലേര്‍പ്പെടുകയും ചെയ്യുന്നതായി പുസ്തകത്തില്‍ പറയുന്നു. ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാരും കുട്ടികളും ജീവിക്കാന്‍ നിവൃത്തിയില്ലാതെ ശരീരവില്പനയ്ക്കുവരെ നിര്‍ബന്ധിതരാവുമ്പോള്‍, അത് ജന്മനാട്ടില്‍ത്തന്നെ കുറെ മനുഷ്യര്‍ തെറ്റായ മതനിയമപാലനത്തിന് അടിമകളാവുന്നതിന്റെ രേഖപ്പെടുത്തലാവുന്നു. ഈ സാഹചര്യങ്ങളെ നേരിട്ടറിഞ്ഞതിന്റെ വെളിച്ചത്തില്‍ താങ്കള്‍ക്കെന്താണു തോന്നുന്നത്? മനുഷ്യരെ ഇത്രത്തോളം ക്രൂരമനോഭാവത്തിലേക്ക് നയിക്കുന്നത് ആവശ്യത്തിലധികം ലഭിക്കുന്ന ഭൗതികസുഖാനുഭവങ്ങളും സമ്പന്നതയുമാണോ? സദാചാരത്തില്‍നിന്ന് വഴിതെറ്റാതിരിക്കാന്‍ മനുഷ്യനെ ബാഹ്യമായി നിയന്ത്രിക്കുന്നതിനുപകരം ആന്തരികമായൊരു പരിവര്‍ത്തനത്തിലേക്കു നയിക്കുവാന്‍ മതശാസനകള്‍ക്ക് ശക്തിയില്ലെന്നോ?

ശ്രേഷ്ഠമായൊരു മതമാണ് ഇസ്‌ലാം. അനേകം മഹദ്ദര്‍ശനങ്ങളുണ്ടതില്‍. പ്രാര്‍ഥനയുടെയും കരുണയുടെയും സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും മതമാണത്. കഷ്ടതയില്‍ കഴിയുന്നവരോടുള്ള ശ്രദ്ധയിലാണ് അതിന്റെ വിശ്വാസം. എന്നിട്ടും എന്തുകൊണ്ടോ ആ മതത്തിന്റെതന്നെ ജന്മനാട്ടിലെ നാട്ടുകാര്‍ അതൊന്നും ഉള്‍ക്കൊള്ളുന്നില്ല! പ്രവാസി തൊഴിലാളികളുടെ അനുഭവങ്ങളും ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാരും കുട്ടികളും അതിനുള്ള തെളിവാണ്.
ഇത് ശിക്ഷാര്‍ഹംതന്നെ. പക്ഷേ, എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നാണ് ചോദ്യം. ഉത്തരം സമ്പന്നതതന്നെ. ആവശ്യത്തിലധികമുള്ള ധനം അവരെ ധാര്‍മികവിസ്മൃതിയിലേക്ക് നയിക്കുന്നു. തന്നിഷ്ടപ്രകാരം ജീവിക്കാനുള്ള പണം അവരുടെ പക്കലുണ്ട്. മറ്റു രാജ്യങ്ങളിലെ മുസ്‌ലിങ്ങള്‍ പോലും സൗദിയിലെ ഈ സമ്പന്നതയെ വെറുക്കുന്നു. സൗദിയില്‍ നടമാടുന്നതെല്ലാം അനിസ്‌ലാമികമെന്ന് ചിലരെന്നോടു പറയുകയുണ്ടായി. മതപിറവിക്കു സാക്ഷ്യംവഹിച്ച നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ്. അപ്പോള്‍ ആധിക്യത്തെ തടയുന്ന മതനിയമങ്ങള്‍ അവിടെ ധാരാളമുണ്ടെന്നു മനസ്സിലാക്കാം. കുത്തഴിഞ്ഞ ജീവിതത്തില്‍നിന്ന് ജനങ്ങളെ നിയന്ത്രിക്കുവാന്‍ അതുമതി. പക്ഷേ, സൗദികള്‍ ആധിക്യത്തെ ഇഷ്ടപ്പെടുന്നു എന്നതാണ് അവസ്ഥ. അവിടെ റസ്റ്റോറന്റുകളിലും മറ്റും ആളുകള്‍ പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവു കാണേണ്ടതാണ്. സ്വന്തം ജനതയെ മാറ്റിയെടുക്കുവാന്‍ ഇസ്‌ലാമികമതവിശ്വാസത്തിലുള്ള ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. സ്വര്‍ഗം പുല്കുവാന്‍ അഞ്ചുനേരത്തെ നിസ്‌കാരവും നോമ്പുകാലത്തെ വ്രതവും മാത്രം മതിയെന്നാണ് അവരുടെ ഒരു മനോഭാവം. മതദര്‍ശനങ്ങളെയും നിത്യജീവിതത്തെയും സമാന്തരമായി കൊണ്ടുപോകുവാന്‍ അവര്‍ ശീലിക്കുന്നില്ലെന്നതാണു പ്രശ്‌നം.

(മാതൃഭൂമി- ജേര്‍ണല്‍ ജനുവരി-ഫിബ്രവരി 2014)


സൗദിയിലെ അടിമകള്‍ വാങ്ങാം
ആടുജീവിതം വാങ്ങാം
പ്രവാസത്തിന്റെ മുറിവുകള്‍ വാങ്ങാം
പ്രവാസിയുടെ കുറിപ്പുകള്‍ വാങ്ങാം

 
 
 

 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment