Saturday 15 March 2014

[www.keralites.net] ?? ?????????: ????? ????

 


പി കെ ശ്രീനിവാസന്‍

(2006 മാര്‍ച്ച്‌ 15 നു ദേവരാജന്‍മാഷ്‌ ചെന്നൈയില്‍ അന്തരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള സ്‌മരണകള്‍ക്ക്‌ മരണമില്ല) 

മലയാള ചലച്ചിത്രസംഗീതലോകത്ത്‌ അവിസ്‌മരണീയ വ്യക്തുമുദ്രപതിപ്പിച്ച പ്രതിഭയായിരുന്നു ജി ദേവരാജന്‍. അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചൊന്നും നാം ആരെയും ആവര്‍ത്തിച്ചു പറഞ്ഞുകേള്‍പ്പിക്കേണ്ടതില്ല. നിത്യഹരിതമെന്നോ ഗൃഹാതുരത്വത്തിന്റെ നിമിഷങ്ങളെന്നോ ഒക്കെ നാം അദ്ദേഹത്തന്റെ സൃഷ്‌ടികളെ വിശേഷിപ്പിച്ചെന്നിരിക്കാം. പുത്തന്‍തലമുറയിലെ കുട്ടികള്‍പോലും ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്‌, ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍ തുടങ്ങിയ പഴയ സംഗീതപ്രതിഭകളുടെ ഗാനങ്ങളെയാണ്‌ നെഞ്ചിലേറ്റി നടക്കുന്നതെന്ന സത്യം നാം അത്ഭുതത്തോടെ തിരിച്ചറിയുന്നത്‌ വല്ലപ്പോഴുമൊക്കെ ദൃശ്യമാധ്യമങ്ങളിലെ സംഗീതപരിപാടികള്‍ കാണുമ്പോഴാണ്‌. 

കര്‍ക്കശക്കാരനെന്നും വിട്ടുവീഴ്‌ചയില്ലാത്തവനെന്നും ദേവരാജന്‍ മാസ്റ്ററെ പലരും വിശേഷിപ്പിച്ചുകേള്‍ക്കാറുണ്ടായിരുന്നു. അതെ, ഇതെല്ലാം ശരിയാണ്‌. അദ്ദേഹം കര്‍ക്കശക്കാരനാണ്‌, വിട്ടുവീഴ്‌ചയില്ലാത്തവനാണ്‌. പക്ഷേ സംഗീതത്തിന്റെ കാര്യത്തിലാണെന്നു മാത്രം. സ്വന്തം സൃഷ്‌ടിയുടെ കാര്യത്തില്‍ കര്‍ക്കശക്കാരനല്ലാത്ത എതെങ്കിലും കലാകാരനുണ്ടോ? നാം അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്ത നെഗറ്റീവായിട്ടുള്ള വിശേഷണങ്ങളെല്ലാം അദ്ദേഹത്തിനു അനുയോജ്യമായിത്തീരുന്നു എന്നതാണ്‌ ഏറെ ശ്രദ്ധേയം. റിപ്പോര്‍ട്ടിംഗിനിടയില്‍ ചലച്ചിത്രസംഗീതത്തെക്കുറിച്ചുള്ള സംശയവുമായി ചെന്നാല്‍ മാഷ്‌ കാണിക്കുന്ന താല്‍പ്പര്യം അസാധാരണമാണ്‌. 'ഞാന്‍ ഇതിനൊക്കുറിച്ച്‌ എന്തു പറയാനാണ്‌' എന്ന മട്ടിലാകും തുടക്കം. പിന്നെ ആവശ്യമുള്ളതൊക്കെ പറയും. 1983 ല്‍ കേരളകൗമുദി- കലാകൗമുദി ഗ്രൂപ്പിന്റെ സ്‌പെഷ്യന്‍ കറസ്‌പോണ്ടന്റായി ഞാന്‍ മദ്രാസില്‍ (1996 നു ശേഷം ചെന്നൈ) എത്തിയകാലം മുതല്‍ മാഷിന്റെ മഹാലിംഗപുരം വീട്ടിലെ സന്ദര്‍ശകനായിരുന്നു. 

 
സിനിമാസംഗീതത്തിനു അപചയം സംഭവിച്ച കാലമായിരുന്നു എണ്‍പതുകളുടെ മധ്യം. കഴിവുകെട്ട സിനിമാസംവിധായകരും രചയിതാക്കളും കൂടി സംഗീതത്തെ ശരാശരിക്കുതാഴെ കൊണ്ടത്തിച്ച കാലം. അക്കാലത്താണ്‌ ഞാന്‍ മാഷിനെ കാണാനെത്തുന്നത്‌. 1985 ഡിസംബറിലെ ചൂടുപിടിച്ച ഒരു വൈകുന്നേരം. ഞങ്ങളുടെ കൂടിക്കാഴ്‌ചയില്‍ സിനിമാസംഗീതത്തിലെ അപചയമാണ്‌ അന്തര്‍ലീനമായിരുന്നത്‌. അന്നദ്ദേഹം പറഞ്ഞ അഭിപ്രായങ്ങള്‍ ഇന്നും പ്രസക്തമാണ്‌. കലാകൗമുദി ഫിലിം മാഗസീനില്‍ (29-12-1985) പ്രസിദ്ധീകരിച്ച ആ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ കൊടുക്കുന്നു. അടയാളം വായനക്കാര്‍ക്ക്‌ അതൊരു പുതുമയാകുമെന്ന വിശ്വാസത്തോടെ. ഓര്‍ക്കുക- ഈ സംഭാഷണം നടക്കുന്നത്‌ 1985 ഡിസംബറിലാണ്‌. 

ചോദ്യം: സിനിമയില്‍ സംഗീതം ആവശ്യമാണെന്നു കരുതുന്നുണ്ടോ? 
ഉത്തരം: സംഗീതത്തിലുള്‍പ്പെടുന്ന പാട്ട്‌ അഭിവാജ്യഘടകമല്ല. കാരണം കഥകഥനത്തിന്‌ പ്രാധാന്യം കൊടുക്കുയാണെങ്കില്‍ പാട്ടിന്റെ ആവശ്യംതന്നെയില്ല. എന്നാല്‍ പശ്ചാത്തലസംഗീതം ഒരുപരിധിവരെ ആവശ്യമാണ്‌. അതും പശ്ചാത്തലസംഗീതം എന്ന നിലയില്‍ മാത്രം. 

ചോദ്യം: അറുപതു- എഴുപതുകളിലെ സംഗീതവും ഇന്നത്തെ സംഗീതവും തമ്മില്‍ വ്യത്യാസമുണ്ടോ? 
ഉത്തരം: യഥാര്‍ത്ഥ സംഗീതവുമായി ബന്ധമുള്ളവരായിരുന്നു അന്നത്തെ സംഗീതസംവിധായകരായ ദക്ഷിണാമൂര്‍ത്തിയും കെ രാഘവനും ഞാനുമൊക്കെ. ഞങ്ങളുടെ അടിസ്ഥാനം കര്‍ണ്ണാടിക്‌ സംഗീതമായിരുന്നു. ശാസ്‌ത്രീയസംഗീതവുമായി ബന്ധമുണ്ടായിരുന്നു ഞങ്ങള്‍ക്ക്‌ നാടന്‍പാട്ടുകളുമായി ഏറെ ചാര്‍ച്ചയുണ്ടായിരുന്നു. അതാണ്‌ സിനിമയില്‍ കൈകാര്യം ചെയ്‌തത്‌. പാശ്ചാത്യസംഗീതവും കുറെയൊക്കെ ഞാന്‍ പഠിച്ചിരുന്നു. അങ്ങനെ എന്റേതായ ഒരു സംഗീതരീതി ഉടലെടുത്തു. ഇന്നു കാലം മാറിവന്നു. പാശ്ചാത്യ റിഥത്തിനോടായി ഇന്നത്തെ പുതുതലമുറയുടെ കൂറ്‌. നമ്മുടെ സിനിമസംവിധായകരും നിര്‍മ്മാതാക്കളും തെറ്റായി അതിനെ വ്യാഖ്യാനിച്ചു. അതില്‍വന്ന അപകടമാണ്‌ ഇപ്പോള്‍ കാണുന്ന സംഗീതത്തിന്റെ കുഴപ്പം. 
കൂടാതെ ആ അപകടത്തോട്‌ ചേര്‍ന്ന ചില സംവിധായകര്‍ സെക്‌സ്‌ കാണിക്കാന്‍വേണ്ടിവരെ സംഗീതത്തെ ഉപയോഗിച്ചു. പണ്ട്‌ അതെല്ലാം ഉണ്ടായിരുന്നെങ്കിലും മൂടുയിരുന്നു. അതൊക്കെ ഉണ്ടായാലേ പടം ഓടൂ എന്നൊരു ചിന്ത ഇന്ന്‌ ഒഴിയാബാധപോലെ പടരുന്നു. സ്വാഭാവികമായി എന്നപ്പോലെ ഒതുങ്ങിച്ചിന്തിക്കുന്നവര്‍ക്ക്‌ സ്ഥാനമില്ലാതായി. 

ചോദ്യം: ഗാനരചയിതാക്കളും സംഗീതസംവിധായകരും തമ്മില്‍ നേരിട്ടുള്ള ബന്ധം ആവശ്യമാണോ? 
ഉത്തരം: ഗാനരചന ഇന്ന്‌ തരംതാണിരിക്കുന്നു. അത്‌ രചയിതാവിന്റെ കഴിവുകേടുകൊണ്ടു മാത്രമല്ല. നേരത്തേ പറഞ്ഞപോലുള്ള സംവിധായകരുടെ തെറ്റായ വ്യാഖ്യാനവും അതിനു കാരണമാണ്‌. ഒരു പാട്ടുമതി, അര്‍ത്ഥമൊന്നും നോക്കേണ്ടതില്ല എന്നാണ്‌ സംവിധായകരുടെ മതം. മുമ്പുപറഞ്ഞ പാശ്ച്യാത്യവല്‍ക്കരിച്ച ശബ്‌ദകോലാഹലം ആണ്‌ പലര്‍ക്കും ഇന്നാവശ്യം. പാട്ടെഴുതാന്‍ വയലാറിനെപ്പോലെ ഇവര്‍ക്ക്‌ കഴിഞ്ഞില്ലെന്നിരിക്കട്ടെ, എഴുതിക്കൊണ്ടുവരുന്ന വരികളിലലെ അക്ഷരത്തെറ്റുപോലും മനസ്സിലാക്കാന്‍ കഴിയുന്നവരാകണ്ടേ സംവിധായകര്‍? സിനിമയോ സംഗീതമോ ഒന്നുറിയാത്ത പിള്ളേരാണ്‌ ഇന്നിവിടെ സിനിമ ഭരിക്കുന്നത്‌. പരിചയമോ പാരമ്പര്യബോധമോ അവര്‍ക്കില്ല. രണ്ടിടങ്ങഴി ആരുടേതെന്നു ചോദിച്ചാല്‍ ചെല്ലപ്പനാശ്ശാരിയുടേത്‌ എന്നു പറഞ്ഞ സംവിധായകര്‍ ഇവിടെയുണ്ട്‌. ഇവരുടെ ലോകത്ത്‌ നല്ലതിനു സ്ഥാനം കുറയും. ഇവിടെ സംഗീതസംവിധായകനും ഗാനരചയിതാവും തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. മുമ്പു അതുണ്ടായിരുന്നപ്പോള്‍ നല്ല ഗാനങ്ങള്‍ ഉണ്ടായി. 

ചോദ്യം: സിനിമാസംഗീതത്തില്‍ സിനിമാസംവിധായകന്റെ പങ്കെന്ത്‌? 
ഉത്തരം: ഗാനമായാലും പശ്ചാത്തലസംഗീതമായാലും സന്ദര്‍ഭമറിഞ്ഞുചെയ്യാത്ത സംവിധായകന്‍ ആ ജോലിക്ക്‌ അനുയോജ്യനല്ല. കൂടുതല്‍ ശബ്‌ദമുണ്ടെങ്കില്‍ നന്നായെന്നു കരുതുന്നവര്‍ നിശബ്‌ദതയുടെ സംഗീതം അറിയാതെപോകുന്നു. ടൈറ്റില്‍ മുതല്‍ ശുഭം വരെ വായിച്ചുതള്ളുന്ന രീതി വലിയ സംവിധായകരെന്ന്‌ നടിക്കുന്നവര്‍ക്കുപോലുമുണ്ട്‌. 

ചോദ്യം: പുതിയ ഇല്‌ക്‌ടോണിക്‌ ഉപകരണങ്ങള്‍ കോട്ടമോ നേട്ടമോ?
ഉത്തരം: ഇല്‌ക്‌ടോണിക്‌ ഉപകരണങ്ങളുടെ വരവു പല കോട്ടങ്ങളും സൃഷ്‌ടിച്ചു. അവ ഉപയോഗിക്കാന്‍ പലര്‍ക്കുമറിയില്ല. അല്‍പ്പമെങ്കിലും നന്നായി ഉപയോഗിക്കാന്‍ അറിയാവുന്നത്‌ ഇളയരാജയാണ്‌. എനിക്ക്‌ അവയുടെ ആവശ്യമില്ല. അവ ദഹിക്കുകയുമില്ല. നമ്മുടെ സോഷ്യല്‍ സെറ്റപ്പില്‍ നാടന്‍ ഉപകരണങ്ങള്‍ മതി. 

ചോദ്യം: നാടകത്തിലെ സംഗീതം സിനിമയില്‍ സ്വാധീനിച്ചിട്ടുണ്ടോ?
ഉത്തരം: സ്വാഭിവികമായും. രണ്ടും സംഗീതമാണ്‌. വിപുലമായ ചിത്രീകരണരീതി സിനിമക്കുണ്ട്‌. നാടകത്തിനു അതില്ല. ചിലര്‍ നാടകത്തെ ?സിനിമീകരിക്കുന്നു? എന്നത്‌ അതറിഞ്ഞവര്‍ക്ക്‌ ദുഃഖമാകുന്നു. 

ചോദ്യം: വിദേശങ്ങളില്‍ മ്യൂസിക്കല്‍സ്‌ എന്നൊരു വിഭാഗംതന്നെയുണ്ട്‌. (മൈ ഫെയര്‍ലേഡി. ഗൗണ്ട്‌ ഓഫ്‌ മ്യൂസിക്‌ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം) നമുക്ക്‌ അത്തരം ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല. ?
ഉത്തരം: വള്ളിതിരുമണം മുതല്‍ അതു കാണാമല്ലോ. ഒരുതരം ഓപ്പറാ സ്റ്റൈല്‍ കിട്ടപ്പയുടേയും മറ്റും സൃഷ്‌ടികളില്‍ കാണുന്നുണ്ട്‌. എങ്കിലും മ്യൂസിക്കല്‍സ്‌ എന്നതിനെ പറയാമോ? 

ചോദ്യം: മറ്റു ഭാഷക്കാര്‍ മലയാളത്തില്‍വന്ന്‌ സംഗീതം നല്‍കുന്ന പ്രവണതയെപ്പറ്റി? സംഗീതത്തിനു നാടിന്റെ സംസ്‌ക്കാരവുമായി ബന്ധമില്ലേ? 

ഉത്തരം: സംഗീതത്തിനു ഭാഷയില്ല. എനിക്ക്‌ ഹിന്ദിയില്‍ സംഗീതം ചെയ്യാം. അവിടെ നിന്നുവരുന്നവര്‍ക്ക്‌ മലയാളവും ചെയ്യാം. പക്ഷേ വടക്കേ ഇന്ത്യന്‍ സംഗീതവും തെന്നിന്ത്യന്‍ സംഗീതരീതിയും രണ്ടാണ്‌. എന്റേത്‌ കര്‍ണാട്ടിക്‌ സ്വാധീനമുള്ള രീതിയാണ്‌. സലില്‍ ചൗധരിയുടെ പാട്ടുകള്‍ മലയാളത്തിനു ചേര്‍ന്നതായില്ല. ആ പാട്ടുകള്‍ അനനുകരണീയമായിരിക്കാം. പക്ഷേ സലില്‍ ചൗധരി ആയതുകൊണ്ട്‌ എല്ലാം സ്വീകരിക്കേണ്ടിവന്ന ഗതികേട്‌ രാമുകാര്യാട്ടിനുപോലും ഉണ്ടായി. ബംഗാളിയില്‍ ചെയ്‌ത ട്യൂണുകളാണല്ലോ ചെമ്മീനില്‍ നാം കേട്ടത്‌. ട്യൂണ്‍ കൊടുത്ത്‌ പാട്ടെഴുതുന്ന രീതിയില്‍ വയലാര്‍ മാത്രം രക്ഷപ്പെട്ടു. 'നീ വാ' എന്നതിനുപകരം 'നിവാ' എന്നുപയോഗിച്ചാല്‍ ശരിയാകുമോ? തെറ്റാണെന്നറിയാമായിരുന്നിട്ടും ഞാന്‍ ഒരു പാട്ട്‌ കമ്പോസ്‌ ചെയ്‌തു. പ്രഭാതം വിടര്‍ന്നു, പ്രദോഷം വിടര്‍ന്നു പ്രതീചി രണ്ടും എന്ന പാട്ട്‌ എത്ര അബദ്ധമാണ്‌. അതു മതിയെന്നു സംവിധായകന്‍ പറഞ്ഞാല്‍ ഒന്നും ചെയ്യാനില്ല. 

ചോദ്യം: താങ്കള്‍ സംഗീതം പകര്‍ന്ന ഇഷ്‌ടപ്പെട്ട മികച്ച ചിത്രങ്ങള്‍?
ഉത്തരം: മുന്നൂറ്റി അമ്പതോളം ചിത്രങ്ങള്‍ക്ക്‌ ഞാന്‍ സംഗീതം പകര്‍ന്നു. പക്ഷേ ഈ ചോദ്യത്തിനു ഉത്തരം പറയാന്‍ പാകത്തിലല്ല എന്റെ ഓര്‍മ്മ. 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment