പ്രൊഫസര്‍ ജയന്തി വാഹനാപകടത്തില്‍ മരിച്ചു. ഇതറിഞ്ഞ ഇവരുടെ മകളുടെ അച്ഛനും കാമുകനുമായ പ്രശസ്ത സാഹിത്യകാരന്‍ ജിതന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. രണ്ടു ദിവസം മുന്‍പുണ്ടായ വാഹനാപകടത്തെ തുടര്‍ന്നു ജയന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏകദേശം 9.30തോടെയാണ് ഇവര്‍ മരണമടഞ്ഞത്. ഇവരെ കാണാനെത്തിയ ജിതന്‍ ജയന്തിയുടെ മരണവാര്‍ത്തയറിഞ്ഞു മരിക്കുകയായിരുന്നു. കേരളത്തിലെ
ബഹുഭൂരിപക്ഷം സ്ത്രീജനങ്ങളും കുറഞ്ഞപക്ഷം പുരഷന്‍മാരും ഈ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും ഇതുവരെ മോചിതരായിട്ടില്ല. സംഭവം കണ്ട പലരും പ്രിയപ്പെട്ട ആരോ മരിച്ചു എന്ന പോലെ അലമുറയിട്ടു കരഞ്ഞു. മറ്റു ചിലര്‍ ജയന്തിക്കുവേണ്ടി കഴിച്ച വഴിപാടുകള്‍ വെറുതെയായതില്‍ ദൈവത്തെ ശപിച്ചു. വൈരുദ്ധ്യ ഭാവങ്ങളുമായാണ് ജയന്തി എന്ന സുന്ദരി മലയാളികളുടെ വൈകുന്നേരങ്ങളിലേക്ക് കയറിവന്നത്. കേണലിന്റെ ഏക മകള്‍, ഭര്‍ത്താവിനെ പ്രഭേട്ടാ എന്നു വിളിച്ചു സ്‌നേഹത്തോടെ പരിചരിക്കുന്ന ഭാര്യ, അമലയുടെയും രാഹുലിന്റെയും നല്ല അമ്മ ഇതൊക്കെയായിരുന്നു തുടക്കത്തില്‍ മലയാളിക്കു ജയന്തി. എന്നാല്‍ അധികം വൈകാതെ ശാലിനി എന്ന ശാലീന സുന്ദരി കടന്നു വന്നതോടെ ജയന്തിയുടെ ശനിദശ തുടങ്ങി. മലയാളികള്‍ക്കവര്‍ മകളെ ഉപേക്ഷിച്ച താടകയായി. ഇതിനിടയില്‍ മുന്‍ കാമുകന്‍ ജിതന്‍ കടന്നു വന്നപ്പോള്‍ ജയന്തിയെ കൂടുതല്‍ വെറുത്തു. പിന്നീടവര്‍ മകളെ തിരിച്ചറിയാതെ പീഡിപ്പിക്കുന്ന ക്രൂരയായി. മകള്‍ സ്വന്തം കരള്‍ പകുത്തു നല്‍കിയപ്പോള്‍ കേരളം പ്രാര്‍ത്ഥിച്ചു. ഈ അമ്മയും മകളും തിരിച്ചറിഞ്ഞെങ്കില്ലെന്ന്. ഇതിനിടയില്‍ ശാലിനിയെ അച്ഛന്‍ തിരിച്ചറിഞ്ഞിരുന്നു. ഇതു മലയാളികളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്. മകള്‍ അമല ക്രൂരയായപ്പോള്‍ വളര്‍ത്തുദോഷം എന്നു പറഞ്ഞു മലയാളി ജയന്തിയെ പഴിച്ചു. എപ്പോഴൊക്കെയോ ക്രൂരയും വഞ്ചകിയുമൊക്കയായി ജയന്തി നമുക്കു മുന്നില്‍ തല കുമ്പിട്ടു നിന്നു. ജയന്തിയെ ജിതനും ജയന്തി സ്വന്തം മകളെയും ഉപേക്ഷിക്കാനുണ്ടായ കാരണം മനസിലായപ്പോള്‍ മലയാളി ജയന്തിയെ സ്‌നേഹിച്ചു തുടങ്ങി. പിന്നീട് മകള്‍ അടുത്തുണ്ടായിട്ടും സ്‌നേഹം പങ്കുവയ്ക്കാന്‍ കഴിയാത്ത അമ്മയായി ജയന്തി മലയാളിയുടെ മനസിലിരുന്നു വിങ്ങി. മകള്‍ ശാലിനി അമ്മയെ തിരിച്ചറിയാന്‍ കേരളം മനമുരുകി പ്രാര്‍ത്ഥിച്ചു. പിന്നീട് മലയാളിയുടെ സദാചാര ബോധത്തില്‍ അല്‍പം ആശയക്കുഴപ്പം ഉണ്ടാക്കി ജയന്തി ഭര്‍ത്താവിനെയും കാമുകനെയും സ്‌നേഹിച്ചപ്പോഴും മലയാളി ജയന്തി ടീച്ചറെ നെഞ്ചിലേറ്റി. ജയന്തി ടീച്ചറുടെ പ്രശ്‌നങ്ങളെല്ലാം ഒരുവിധം അവസാനിച്ചിട്ടും ഒടുവില്‍ മകള്‍ ശാലിനിയുടെ ഭര്‍ത്താവ് രുദ്രന്‍ കൊല്ലപ്പെട്ടപ്പോള്‍ ജയന്തിയുടെ നിസ്സഹായ മാതൃത്വത്തെ മലയാളി കണ്ണുനീര്‍ കൊണ്ടു സ്വാന്ത്വനിപ്പിച്ചു. ജീവിതത്തിലെ എല്ലാ വൈരുദ്ധ്യങ്ങളെയും സമചിത്തതയോടെ നേരിട്ട് ജയന്തി കടന്നുപോയത് മലയാളിയുടെ വൈകുന്നേരങ്ങളില്‍ നികത്താനാകാത്ത വിടവ് അവശേഷിപ്പിച്ചുകൊണ്ടാണ്. നിത്യഹരിത പ്രണയിനി, ഉത്തമ ഭാര്യ, സ്‌നേഹമുള്ള അമ്മ ഇതൊക്കെയായിരുന്നു ജയന്തി.
ഇതൊരു സീരിയല്‍ ആണ്, ജയന്തി അതിലെ കഥാപാത്രവും. ഈ യാഥാര്‍ത്ഥ്യം മലായളി മറന്നു പോയിട്ട് ഏകദേശം രണ്ടര വര്‍ഷത്തോളമായി. മലയാളി മങ്കമാരുടെ ഈ മറവി പലപ്പോഴും കുടുബ കലഹത്തിനുവരെ കാരണമായി 2011 ജനുവരി 30ന് ആരംഭിച്ച സീരിയല്‍ 785 എപ്പിസോഡുകള്‍ പിന്നിടുന്നു. പ്രവീണ്‍ കടക്കാവൂര്‍ ആണ് സംവിധാനം. ജയന്തിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ചത് പ്രമുഖ നടി ആശ ശരത്താണ്. പ്രസില്ല (അമല), ഷെല്ലി കിഷോര്‍ (ശാലിനി ) എന്നിവരാണ് പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
No comments:
Post a Comment