തെന്‍മലയുടെ കിഴക്കേച്ചെരിവില്‍ ഒരു ഗ്രാമത്തെ നാലു വശത്തു നിന്നും വനവും മൃഗങ്ങളും വളഞ്ഞുവെച്ചു-ഹാന്‍ഡ്‌സ് അപ്പ്. ഓ...പിന്നെ...അച്ചന്‍കോവിലുകാര്‍ ചിരിച്ചു. അനന്തരം ആണ്ടവന്റെ ഒത്തുതീര്‍പ്പില്‍ എല്ലാവരും ഒത്തുജീവിച്ചു, ചില്ലറ സൗന്ദര്യപ്പിണക്കങ്ങളോടെ. ചെങ്കോട്ട ചുരം കയറിവന്ന കാലം ഇഞ്ചമുള്‍പ്പടപ്പില്‍ കുടുങ്ങിയതിനാല്‍ ഒന്നിനും തിടുക്കമില്ലാത്ത ഒരു അനുഭവലോകമാണിത്- അച്ചന്‍കോവിലരുളുകള്‍
അച്ചന്‍കോവിലില്‍ ആകെ നാലായിരത്തോളം മനുഷ്യര്‍ പാര്‍ക്കുന്നുണ്ടാകും. അതിലും അധികമാണ് കാട്ടുപന്നികള്‍. ഇരുട്ടിന്റെ പുതപ്പ് വീണാല്‍ അവര്‍ വലിയ കൂട്ടുകുടുംബങ്ങളായി നാട്ടിലിറങ്ങും. അമ്പലത്തിന്റെ മുറ്റത്ത് എം.പി പീതാംബരക്കുറുപ്പിന്റെ ഹൈമാസ്റ്റ് വിളക്ക് ചൊരിയുന്ന വെളിച്ചത്തെയും അങ്ങുമിങ്ങും കൂടി നിന്നും ഇരുന്നും വര്‍ത്താനം പറയുന്നവരെയും അവഗണിച്ച് പതിനെട്ടാംപടിക്ക് മുന്നിലൂടെ അവര്‍ പാഞ്ഞുവരുന്നത് കണ്ടിട്ടുണ്ട്. ആദ്യം മുന്നിലൊരുത്തന്‍(ഒരുത്തി?) വരും-തലൈവര്‍. അല്‍പ്പം പിന്നിലായി കുഞ്ഞുകുട്ടി പരാധീനങ്ങളെല്ലാമായി ഒരു പട തന്നെ. കുറിയ കാലുകളില്‍ വലിയ വയറിനെ താങ്ങി ആടിയാടിയാണ് വരവ്. പക്ഷ ചിലപ്പോള്‍ അമ്പരപ്പിക്കുന്ന അസാധ്യ വേഗം കൈക്കൊള്ളും.
' രാത്രിയില്‍ ഇറങ്ങി നടക്കുമ്പോ സൂക്ഷിക്കണം'-ഒരാള്‍ മുന്നറിയിപ്പ് തരുന്നു.
എന്താ...? കപ്പയും വാഴയും കുത്തിത്തിന്ന് നടക്കുന്ന പന്നികളെ എന്തു പേടിക്കാന്‍.
അതല്ല, ഒറ്റയാനുണ്ടാകും. അവര്‍ക്ക് നാട്ടുകാരെന്നോ വരത്തരെന്നോ വ്യത്യാസമില്ല-ആള്‍ ഒരു വലിയ രഹസ്യം പൊട്ടിച്ച ഭാവത്തില്‍ നടന്നകന്നു.
ന്യൂസ് ബ്യൂറോയ്ക്കടുത്ത് ശശാങ്കനണ്ണന്റെ കടയിലെ നാട്ടുകൂട്ടത്തോട് ചോദിച്ചു. അവര്‍ വിശദമാക്കി- ആനകളില്‍ മാത്രമല്ല, കാട്ടുപന്നികളിലുമുണ്ട് ഒറ്റയാന്‍. കൂട്ടത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ട വിമതന്‍. ഒറ്റപ്പന്നിയെന്നും പറയും. എതിരെ വരുന്ന എന്തിനെയും തേറ്റ കൊണ്ട് കുത്തിക്കീറിക്കളയും. പന്നിക്കൂട്ടങ്ങള്‍ സാധാരണ പട്ടിക്കൂട്ടങ്ങളെ കണ്ടാല്‍ പിന്‍മാറും. എന്നാല്‍ ഒറ്റയാന്‍ പോരാടും. അതാണ് ചില പട്ടികളുടെ വയറ്റിലും കഴുത്തിലുമൊക്കെ മുറിപ്പാടുകള്‍.
ശരിയാണ്. അച്ചന്‍കോവിലിലെ രാത്രികള്‍ പട്ടികളും പന്നികളും തമ്മിലുള്ള ഘോരയുദ്ധങ്ങളുടേതാണ്. പകല്‍സമയത്ത് റോഡില്‍ നാണമില്ലാതെ പ്രേമിച്ചും കടിപിടികൂടിയും നടക്കുന്ന പട്ടികള്‍ രാത്രിയില്‍ പന്നികള്‍ക്കെതിരെ സംഘം ചേരും. ചില തെരുവുപട്ടികള്‍ കഴുത്തില്‍ മുറിവേറ്റ് മരണവേദനയില്‍ അലഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ട്. പഴയ തട്ടകമായ തൃശൂരിലെ ഓര്‍മയില്‍ ഏതെങ്കിലും തീവ്രവാദികള്‍ വെട്ടിപ്പഠിച്ചതാണോയെന്ന് പത്രപ്രവര്‍ത്തക ദൃഷ്ട്യാ തോന്നാതിരുന്നില്ല. അപ്പോള്‍ ഒറ്റപ്പന്നികളാണ് പ്രതികളെന്ന് സൂചനയായി.
തീര്‍ന്നില്ല. വിവരത്തിന് ഭയാനകമായ മറ്റൊരു ട്വിസ്റ്റു കൂടി...
ഈ ഒറ്റയാന്‍ കാട്ടുപന്നികള്‍ മനുഷ്യരുടെ അരയ്ക്കു താഴെ മര്‍മത്തിനാണ് കുത്തുകയത്രെ. അങ്ങനെ കുത്തുകൊണ്ട് ദീര്‍ഘകാലം ചികിത്സക്കു ശേഷം പൂര്‍വസ്ഥിതി വീണ്ടെടുത്തവരുടെ കഥയും കേട്ടു. പോരാഞ്ഞിട്ട് അത്തരമൊരാ.ളുടെ പേരിനു മുന്നില്‍ ' കൊല.....' എന്നൊരു വിശേഷണവും ചിലര്‍ ചേര്‍ത്തു. പന്നി കുത്തിയതിന്റെ അടയാളങ്ങളെല്ലാം മാഞ്ഞിട്ടും പേര് മായ്ച്ചില്ല, നാട്ടിലെ ചില മഹാപാപികള്‍.
അതോടെ കാട്ടുപന്നികളെ അതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി നോക്കേണ്ടി വന്നിരിക്കുന്നു. ഒരു ടോര്‍ച്ച് എന്നും ബാഗില്‍ സൂക്ഷിക്കുവാന്‍ തുടങ്ങി. ചെക് പോസ്റ്റ് കഴിഞ്ഞ് വെളിച്ചമില്ലാത്ത നൂറു മീറ്റര്‍ താണ്ടി വേണം താമസിക്കുന്ന മുറിയിലെത്താന്‍. ഇരുട്ടിയാല്‍ ഇരു വശത്തെയും പറമ്പുകളില്‍ നിന്നും മിക്കവാറും പന്നികള്‍ മുക്രയിടുന്ന ശബ്ദം കേള്‍ക്കാം. ടോര്‍ച്ച് വെളിച്ചം എല്ലായിടത്തേക്കും അടിച്ച് പെട്ടെന്ന് അങ്ങ് നടന്നു പോവുകയാണ് പതിവ്. ഒരു ദിവസം ഒരുത്തനുണ്ട് മണ്‍തിട്ട ഇടിച്ച് റോഡിന് നടുക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അവന്‍ അനങ്ങാതെ നിന്നു. തലയുയര്‍ത്തി നിസംഗനായി നോക്കി. മണിച്ചിത്രത്താഴിലെ ഇന്നസെന്റിനെപ്പോലെ അടുക്കരുത്......അടുക്കരുത് എന്ന മട്ടില്‍ നില്‍ക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ അതിന്റെ കൂട്ടാളികളൊക്കെ റോഡില്‍ കുതിച്ചെത്തി. എല്ലാവരും കൂടി വഴി മുറിച്ച് അടുത്ത പറമ്പിലേക്ക് കടന്നു. ഹാവൂ.. ഒറ്റപ്പന്നിയല്ല, ഒത്തിരിപ്പന്നിയാണ്.
കാട്ടില്‍ കൂപ്പിലെ ജോലികള്‍ക്കിടയിലും ചില നാട്ടുകാര്‍ പറമ്പില്‍ കൃഷിയിറക്കും. നടീലും വളമിടലും ജനങ്ങള്‍, വിളവെടുപ്പ് പന്നികളും മഌവുകളും എന്നതാണ് അംഗീകൃത തത്വം. വനത്തിന് നടുവിലെ ഗ്രാമത്തില്‍ കാട്ടുനിയമത്തിനാണ് ആധിപത്യം. മനുഷ്യരേക്കാള്‍ സുരക്ഷിതരാണ് പന്നികളും മറ്റും. പക്ഷേ കാട്ടുപന്നി വാര്‍ത്തയില്‍ കയറിയത് അപ്പോളൊന്നുമല്ല. ഒരു സസ്യഭോജിയായാണ് ഇവര്‍ അറിയപ്പെടുന്നത്. ചിലപ്പോള്‍ ശവഭോജനം നടത്താറുണ്ട്. മറ്റേതെങ്കിലും ജീവിയെ വേട്ടയാടിത്തിന്നുന്ന പതിവില്ലെന്നര്‍ത്ഥം. പുരാണത്തിലായാലും വരാഹമൂര്‍ത്തി ഭൂമിയെ പാതാളത്തില്‍ നിന്ന് മോചിപ്പിക്കാനായി ഹിരണ്യാക്ഷനെ കൊന്നതല്ലാതെ തിന്നില്ലല്ലൊ. കിരാതനും അര്‍ജുനനും തമ്മില്‍ വലിപ്പം നിര്‍ണയിക്കാന്‍ പോര് നടന്നപ്പോളും പാവം കാട്ടുപന്നി ഒരിര മാത്രമായിരുന്നല്ലൊ.
അങ്ങനെയുള്ള കാട്ടുപന്നികള്‍ കോഴിക്കൂട്ടില്‍ തലയിട്ട് വലിയ കോഴികളെ പിടിച്ച് തിന്നുന്നുവെന്ന രോഷവുമായി വാര്‍ത്താ ബ്യൂറോയിലെത്തിയത് സ്ഥലത്തെ പോസ്റ്റ്മാന്‍ രാധാകൃഷ്ണപിള്ളയാണ്. ചെക്...ക്രോസ്‌ചെക്ക് എന്നാണല്ലൊ റിപ്പോര്‍ട്ടറുടെ തിയറി. ചോദിക്കും മുമ്പ് അയല്‍വാസിയുടെ സ്ഥിരീകരണം വന്നു. സുരേഷ്ബാബു സി.പി.ഐയുടെ മണ്ഡലം സമിതിയംഗവും എ.ഐ.ടി.യു.സിയുടെ സ്ഥലം നേതാവുമാണ്. താന്‍ രാത്രി ബസിന് കവലയിലിറങ്ങി നടന്ന് വീട്ടിലെത്തിയപ്പോള്‍ പന്നി കോഴിയെ തിന്നുന്നത് നേരിട്ട് കണ്ടതായി അദ്ദേഹം സാക്ഷ്യപ്പെടുത്തി. 'ഞാന്‍ കല്ലെറിഞ്ഞു. എന്നിട്ടും കോഴിയുടെതായി ബാക്കിയുണ്ടായിരുന്നത് പപ്പും പൂടേം ഒരെല്ലുമാണ്'- നേതാവിന്റെ കമന്റ.് അതോടെ കാട്ടുപന്നി പ്രാദേശികവാര്‍ത്തയിലെ താരമായി.
അടുത്ത ദിവസം മുതല്‍ നാട്ടിലെ എല്ലാ കോഴിക്കൊലകളുടെ മാത്രമല്ല, താറാവുവധങ്ങളുടെയും ഏകപ്രതി കാട്ടുപന്നിയായി. രാവിലെ മൂന്നുമുക്കില്‍ നിന്ന് ഷൈലാ മുരുകനും കൂട്ടരും തൊഴിലുറപ്പ് പണിക്ക് അവധി കൊടുത്തും ലേഖകനെ തേടിയെത്തി. സ്ഥലത്തു ചെന്നു നോക്കി. കോഴിക്കൂട് തവിടുപൊടിയായി കാനയില്‍ കിടക്കുന്നു. രാത്രിയില്‍ ശബ്ദം കേട്ട് പുറത്തിറങ്ങുമ്പോള്‍ കൂറ്റന്‍ കാട്ടുപന്നികള്‍ കോഴികളെ വേട്ടയാടുന്നത് കണ്ടത്രെ. ജീവഭയം കാരണം ആരും അടുത്തില്ല. ചോരയിറ്റുന്ന മുഖവുമായി അവര്‍ കാട്ടിലേക്ക് മറഞ്ഞത്രെ. കൂടു പോയ കോഴികളെയൊക്കെ പിന്നെ കുളിമുറിയിലാണ് ഷീല അടച്ചിട്ടത്. സമാനമായ സംഭവങ്ങളും വാര്‍ത്തകളും ആവര്‍ത്തിച്ചു. പക്ഷേ വനംവകുപ്പില്‍ ഒരില പോലും അനങ്ങുന്നില്ല. 40 ഉം 50 ഉം കിലോമീറ്റര്‍ അകലെയാണ് മറ്റ് പത്രസുഹൃത്തുക്കളുടെ ഓഫീസ്. വാര്‍ത്ത ഏറ്റെടുക്കാന്‍ അവരില്‍ ചിലരെ പ്രോത്സാഹിപ്പിച്ചു. 'ഓ, അച്ചന്‍കോവിലുകാര്‍ക്ക് അങ്ങനെ പലതും തോന്നും.' എല്ലാവരും ഒഴിഞ്ഞു. ഡി.എഫ്.ഒ പറഞ്ഞു-'കാട്ടുപന്നികള്‍ വേട്ടയാടി മാംസം ഭക്ഷിക്കുന്നതായി തെളിവില്ല. പരാതികള്‍ക്കൊപ്പം വേട്ടയുടെ വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കും'. ഫോട്ടാക്ക് നിക്കാന്‍ പന്നികള്‍ നേതാക്കളല്ലല്ലൊയെന്ന് പരാതിക്കാര്‍ അടക്കം പറഞ്ഞു. നാട്ടിലെ കോഴി മോഷ്ടാക്കള്‍ പറഞ്ഞുപരത്തിയ കഥയാണ് കാട്ടുപന്നിയുടെ വേട്ടയെന്ന് ചില വനം ഉദ്യോഗസ്ഥര്‍ പ്രചരിപ്പിക്കുകയും ചെയ്തു. പത്രങ്ങളിലെ സ്ഥിരം വര്‍ഷാന്ത്യക്കുറിപ്പില്‍ കാണുമ്പോലെ ' ഇനിയും ഒരു തീര്‍പ്പുണ്ടാകാതെയാണ് ഈ കൊല്ലം വിടപറയുന്നത്. അടുത്തയാണ്ടില്‍ കിട്ടുമോ മറുപടി ? '
അപ്പോള്‍ അച്ചന്‍കോവിലില്‍ മൃഗങ്ങളായി കാട്ടുപന്നികളേയുള്ളോ എന്ന് ചോദിച്ചേക്കാം. അലി ബൈക്കില്‍ കുതിച്ചെത്തിയാല്‍ ഉറപ്പിക്കാം...പുലിയിറങ്ങിയെന്ന്. കുംഭാവുരുട്ടി ഇക്കോ ടൂറിസം സെന്ററിലെ ഗൈഡാണ് അലി. വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്നവരെ രക്ഷിച്ചും കാണാതാകുന്ന വിവാഹമോതിരങ്ങള്‍ മുങ്ങാംകുഴിയിട്ടെടുത്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള നവദമ്പതിമാരുടെ ദുഖം തീര്‍ത്തും ട്രക്കിങ്ങിന് വഴികാട്ടിയായും അല്ലാത്തപ്പോള്‍ കൂപ്പുകളില്‍ മരം വെട്ടിയും ജീവിക്കുന്ന ചെറുപ്പക്കാരന്‍. അച്ചന്‍കോവിലില്‍ നിന്നും നാല് കിലോമീറ്ററകലെ കാട്ടിനകത്തുള്ള എട്ട് കുടുംബങ്ങളുടെ കോളനിയായ പള്ളിവാസലിലാണ് താമസം. ബൈക്കിനു മുന്നിലേക്ക് പുലി ചാടിയതും വേഗം കുറവായതിനാല്‍ താന്‍ രക്ഷപെട്ടതുമായ വിവരമായിരുന്നു അലിയില്‍ നിന്ന് ആദ്യം കിട്ടിയത്. പക്ഷേ ഒരു പുലിയും വാള്‍പ്പാറയിലേതു പോലെ മനുഷ്യരെ ഇതുവരെ ലക്ഷ്യം വെച്ചിട്ടില്ല. പട്ടികളായിരുന്നു അവരുടെ ഇരകള്‍.
അച്ചന്‍കോവിലിലെ മുസ്‌ളീം സെറ്റില്‍മെന്റാണ് പള്ളിവാസല്‍. കിടപ്പാടത്തിന് പൂര്‍വികനായ മൊയ്തീന്‍ മീരാന്‍ റാവുത്തരോട് ഇവിടെയുള്ളവര്‍ കടപ്പെട്ടിരിക്കുന്നു. 500 ഏക്കര്‍ പണ്ട് ഇവര്‍ക്കിവിടെ രാജാവ് പതിച്ചു നല്‍കിയിരുന്നത്രെ. അത് മുഴുവന്‍ കാട് കയറി പരിസ്ഥിതി ലോലമായി. ദീര്‍ഘനാള്‍ കേസ് നടത്തിയപ്പോള്‍ കിട്ടിയ അഞ്ചേക്കറിലാണ് റാവുത്തരുടെ പിന്‍ഗാമികളായ എട്ട് കുടുംബങ്ങള്‍ താമസിക്കുന്നത്. ശുദ്ധവായു, പുഴയിലെ തെളിവെള്ളം, വൈദ്യുതിയില്ലാത്തതിനാല്‍ മൃഗങ്ങളെ ഒളിച്ചുവരുത്തുന്ന ഇരുട്ട്.... എല്ലാത്തിനോടും ഇടപഴകിയാണ് ജീവിതം. എട്ട് വീടുകളിലുമായി കാവലിന് എട്ട് പട്ടികള്‍. ബന്ധനത്തിലാവാതെ അവര്‍ സത്യം കുരച്ചറിയിച്ചു പോന്നു. ഓരോന്നോരോന്നായി പുലിക്ക് അത്താഴമായി. ചില വേട്ടയുടെ ദൃശ്യങ്ങള്‍ അലി നേരിട്ടു കണ്ടിട്ടുമുണ്ട്.
' .. പുലി വരുമ്പോള്‍ പട്ടി ഓടില്ല'- അലി വിശദീകരിച്ചു. 'ഓടീട്ട് കാര്യമില്ലെന്ന് അതിനറിയാം. നിലത്തേക്ക് പമ്മി കിടന്നുകൊടുക്കും. പുലി വന്ന് കൂളായി കഴുത്തില്‍ കടിച്ച് കുടഞ്ഞ് കാട്ടിലേക്ക് കൊണ്ടുപോകും'. ആ ദൃശ്യം ഒന്ന് മനസില്‍ കണ്ടു നോക്കു. നിലാവുള്ള രാത്രി. ശാന്തഗംഭീരനായി നടന്നു വരുന്ന ഒരു വമ്പന്‍ പുലി. ഹാ.... വരൂ, എത്ര കാലമായി ഞാന്‍ ഭവാനെ കാത്തിരിക്കുന്നു എന്ന മാതിരി കാല്‍ നീട്ടി സാഷ്ടാംഗം വീഴുന്ന ശുനകന്‍...... മരണത്തെ ശാന്തമായി സ്വാഗതം ചെയ്യുന്ന മഹത്തുക്കളുടെ തലത്തിലാണ് അപ്പോള്‍ ഇവിടുത്തെ പട്ടികള്‍. യുധിഷ്ഠിരനൊപ്പം സ്വര്‍ഗത്തില്‍ പോകാന്‍ ഒരു നായ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നതിന് ഒരു ന്യായീകരണം കൂടി...എട്ടു പട്ടികളും പുലികള്‍ക്ക് ആഹാരമായിത്തീര്‍ന്നു. പട്ടിയിറച്ചി പിടിച്ചുപോയ പുലിയച്ചാര്‍ ഗ്രാമത്തോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. സ്‌കൂളിനടുത്ത്, ബ്യൂറോയില്‍നിന്ന് ഒരു 200 മീറ്റര്‍ അകലെ മുഹമ്മദ് ഹനീഫയുടെ വീട്ടില്‍ തുടലില്‍ കെട്ടിയിട്ട പട്ടിയെ അത് തിന്നുകളഞ്ഞു. ഇരയുടെ തുടലും തലയും ഒരു പത്രവാര്‍ത്തയും മാത്രമായിരുന്നു മിച്ചം.
പുലിയെപ്പോലെ വെളിപ്പെടില്ല കടുവ. ഒരു ദിവസം ഡി.എഫ്.ഒയുടെ ഫോണ്‍ വന്നു. മുതലത്തോടിനടുത്ത് മേഞ്ഞുനടന്ന ഒരു പശുവിനെ കൊന്നിട്ടുണ്ട്. തിന്നിട്ടില്ല. ലക്ഷണം കണ്ടിട്ട് കടുവയാണെന്നു തോന്നുന്നു. അങ്ങനെയെങ്കില്‍ അടുത്ത ദിവസമേ തിന്നാന്‍ വരൂ. ഒരു മരത്തില്‍ ഏറുമാടം കെട്ടിത്തരാം. കടുവയുടെ ഫോട്ടോയെടുക്കാമോ എന്നാണ് ചോദ്യം. തൃശൂരില്‍ എക്‌സപ്രസ് പത്രത്തിന്റെ ഫോട്ടോഗ്രാഫറെ പണ്ട് പുലി ആക്രമിച്ച സംഭവം ഉള്ളിലൂടെ കാളിപ്പോയി. എങ്കിലും സമ്മതിച്ചു. നാട്ടില ഏക പത്രപ്രവര്‍ത്തകനാണല്ലോ. പക്ഷേ അടുത്ത ദിവസം സംഭവം പാളിപ്പോയി. അത് പുലി തന്നെയെന്ന് കീഴുദ്യോഗസ്ഥര്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തു. ഏറുമാടം കെട്ടാന്‍ മടിയായിട്ട് ചിലര്‍ കഥ മെനഞ്ഞതാണെന്ന സംശയം ബാക്കിയായി.
മണലാറില്‍ വി.ഐ.പി ഫോള്‍സിനു മുകളില്‍ കടുവയും കുട്ടികളും വെള്ളത്തില്‍ കളിക്കുന്നത് കണ്ടെന്ന് വാച്ചര്‍ അയ്യപ്പന്‍ പിള്ള പറഞ്ഞു. ചെങ്കോട്ട റോഡില്‍ കോട്ടവാസല്‍ മുതല്‍ മുതലത്തോട് വരെയുള്ള 10 കിലോമീറ്റര്‍ ഈ പെരുംപൂച്ചകളുടെ നടവഴിയാണ്. സ്ഥിരസഞ്ചാരം ഇല്ലെന്നെയുള്ളു. അച്ചന്‍കോവിലിന്റെ ലിവിങ് എന്‍സൈക്‌ളോപീഡിയയാണ് 80 പിന്നിട്ട മാഷ്‌ചേട്ടന്‍. താന്‍ ജനിച്ച ദിവസം അച്ഛനും കടുവയും തമ്മില്‍ അഭിമുഖം നടത്തിയ സംഭവം മാഷ്‌ചേട്ടന്റെ മകള്‍ ഗിരിജച്ചേച്ചി നാട്ടില്‍ വന്നപ്പോള്‍ പറഞ്ഞുതന്നു. മരുന്നു വാങ്ങാന്‍ 30 കിലോമീറ്റര്‍ അകലെ ചെങ്കോട്ടയിലേക്ക് തിരക്കിട്ട് നടന്നു പോവുകയായിരുന്നു അദ്ദേഹം. പള്ളിമുണ്ടാനിലെത്തിയപ്പോള്‍ വഴിയരുകില്‍ കടുവ നില്‍ക്കുന്നു. ഇരുവരും മുഖത്തോട് മുഖം നോക്കി നിന്നു. പിന്നെ ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി ഇരുവരും നടന്നകന്നു. അത്രതന്നെ.
ആദ്യമൊക്കെ പ്രഭാത സവാരി ഈ പള്ളിമുണ്ടാനിലേക്കായിരുന്നു. രാവിലെ 6 മണിക്ക് നടന്നാല്‍ മുതലത്തോട് പിന്നിട്ട് രണ്ടര കിലോമീറ്ററകലെ പള്ളിമുണ്ടാനിലെത്തി തിരിച്ചുവരും. അച്ചന്‍കോവിലാര്‍ പാട്ടിലേതു പോലെ കൊച്ചലക്കൈകള്‍ നീട്ടി ചിരിക്കുന്നുണ്ടാകും. അവിടെ നിന്ന് 5 കിലോമീറ്റര്‍ മാത്രം മുകളില്‍ തൂവല്‍മലയില്‍ നിന്ന് അവള്‍ പിറന്നിട്ട് അധികമായിട്ടുണ്ടാവില്ല. ആഴമില്ല. അഴുക്കില്ല. ഒഴുക്കുണ്ട്. വേഴാമ്പലുകള്‍ പെട്ടെന്ന് മൂളിപ്പറക്കുന്നത് കാണാം. കെ.ജി.ശങ്കരപ്പിള്ള സാറിന്റെ കവിതയിലെ മുയലുകളെക്കാളും ഫതുഫതുപ്പുള്ള മലയണ്ണാന്‍ ഒരു മരത്തില്‍ നിന്നൊരു ചാട്ടം. പേരറിയാത്ത തീ നിറമുള്ള ഒരു കിളി കണ്ണഞ്ചിപ്പിച്ച് പറന്നുമറഞ്ഞു. പച്ചപിടിച്ച മരങ്ങള്‍ക്കിടയില്‍ ഇലയാകെ ചുവന്ന ഒരെണ്ണം വേറിട്ട് നില്‍ക്കുന്നു. തിരിച്ച് വന്ന് ആറ്റിലൊരു കുളിയും കഴിഞ്ഞാല്‍ നൊസ്റ്റാള്‍ജിയകളൊക്കെ ഒന്നിച്ച് അനുഭവിച്ച ഒരു സുഖം. പക്ഷേ ഇതേ സ്ഥലത്തു നിന്നും പുലികളുടെയും കടുവകളുടെയും കഥകള്‍ കേട്ടു തുടങ്ങിയതിനു ശേഷം യാത്രയുടെ സ്വഭാവം മാറി. കാതോര്‍ക്കുമ്പോള്‍ കാട്ടിലൊരു മുഴക്കം. അടുത്തു വരുന്നല്ലോ.... മേക്കരയില്‍ നിന്നും പാലുമായി ഒരു ഓട്ടോറിക്ഷ ചുരമിറങ്ങി വന്നു. ആശ്വാസമായി. ദാ... പിന്നെയും ഒരു മുരള്‍ച്ച. മരങ്ങള്‍ക്ക് പിന്നില്‍ ആരോ പതിയിരിക്കുന്നുവോ...അകലെ മഞ്ഞയില്‍ കറുപ്പിന്റെ കുത്തുകള്‍ പോലെ എന്തോ ഒന്ന്...? തപോവനസ്വാമികള്‍ ഹിമഗിരിവിഹാരത്തില്‍ വനത്തെക്കുറിച്ച് പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്നു. വനം ഏത് വികാരത്തെയും ഇരട്ടിപ്പിച്ചുകൊണ്ടിരിക്കുമെന്നായിരുന്നു ആ വീക്ഷണം. ആനന്ദമാണെങ്കില്‍ ഓരോ കാഴ്ചയും അതിനെ ഏറ്റിക്കൊണ്ടുവരും. വിരഹിക്ക് വനം എങ്ങനെ കൂടുതല്‍ ദുഖം നല്‍കുമെന്ന് കാനനത്തിലെ രാമന്റെ സീതാവിരഹം ദൃഷ്ടാന്തം. തോന്നുന്നത് കൗതുകമാണെങ്കിലോ അത് പെരുകിപ്പെരുകിയാണ് വരുക. പേടിയാണെങ്കിലോ.....ജ്യോമട്രിക് പ്രോഗ്രഷനിലാവും അതിന്റെ പോക്ക്.
കാട്ടുപന്നികള്‍ കഴിഞ്ഞാല്‍ നാട്ടിലിറങ്ങുന്നവയിലേറെ മഌവുകളാണ്. അതൊരു മന്ദന്‍ മൃഗമാണെന്നാണ് ജനസംസാരം. പകലൊക്കെ തിന്ന് തിന്ന് വഴി തെറ്റി ചില കിണറ്റിലൊക്കെ പൊത്തോ എന്ന് വന്നുവീഴും. പടക്കമെറിഞ്ഞാല്‍ തിരിച്ചുവന്ന് അത് കടിച്ചുനോക്കി തിന്നാനുള്ളതാണോയെന്ന് പരിശോധിച്ചെന്നിരിക്കും. ഓടിച്ചുവിട്ടാലും അല്‍പ്പം കഴിഞ്ഞ് വേറെ സ്ഥലമാണെന്ന് കരുതി അതേ വീട്ടിനു മുന്നില്‍ തുറിച്ച് നോക്കി നില്‍ക്കും. വേനലില്‍ മഌവുകളില്‍ നിന്ന് മഌമ്മൂട്ട നാട്ടുകാരുടെ ദേഹത്തേക്ക് താമസം മാറ്റും. മുറിവുകളിലും സന്ധികളിലും മുട്ടയിട്ട് കുടുംബത്തെ വളര്‍ത്തും. കടുത്ത പനിയായി ശരീരത്തിന്റെ ഉടമ ആസ്പത്രിയിലെത്തുമ്പോളെ കയ്യേറ്റക്കാരനെക്കുറിച്ച് വിവരം കിട്ടുകയുള്ളു. മഌമ്മൂട്ടയെ തീപ്പെട്ടിക്കൂട്ടിലടച്ച് വേണുവണ്ണന്‍ ഓഫീസിലെത്തിച്ചു. അതും ഒരു വാര്‍ത്താവിഭവമായി. പക്ഷേ ഓരോ ചെറുപ്രാണിയേയും പിന്നീട് സംശയത്തോടെയേ നോക്കാനായുള്ളു-മഌമ്മൂട്ടയോ മറ്റോ ആണോ....?
കസ്തൂരിരംഗനും ഗാഡ്ഗിലുമൊന്നും അച്ചന്‍കോവിലില്‍ ഏശില്ല.. കയ്യേറ്റമില്ലാത്ത കാനനഗ്രാമത്തിന് വനം സംരക്ഷിക്കാന്‍ അവരുടെ ഒത്താശ വേണ്ട. വാഴയും റബ്ബറുമൊക്കെ പന്നിക്കും മഌവിനും വിരുന്നായാലും ആണ്ടവനെ ഓര്‍ത്ത് അങ്ങ് ക്ഷമിച്ചു. പിന്നെ, വികസനം..കേബിള്‍ ടി.വി വന്നിട്ട് രണ്ട് മാസമേ ആയിട്ടുള്ളു ചങ്ങാതി.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment