എസ്തര്‍ ബ്യൂണ വിസ്റ്റയിലെ ഭാഗ്യതാരം
ബ്യൂണ വിസ്റ്റ ഹട്ട്…വയനാടിന്റെ ഗ്രാമീണതയില്‍ ഒരു കാലത്ത് സഞ്ചാരികളെ കാത്തിരുന്ന ഹോംസ്റ്റേ ഇന്ന് തിരക്കിലാണ്.ട ൂറിസ്റ്റുകളെ കൊണ്ടല്ല. അതിഥികളെ കൊണ്ടാണെന്ന് മാത്രം. ദ്യശ്യമെന്ന സിനിമയിലെ എസ്തര്‍ എന്ന ബാലതാരമാണ് ഇന്ന് ബ്യൂണ വിസ്റ്റയിലെ താരം. രാവിലെയും വൈകിട്ടുമെല്ലാം ആരാധകരുണ്ട്. നാട്ടുകാരും കൂട്ടുകാരുമൊക്കെ ഈ വലിയ താരത്തിന് അഭിനന്ദനങ്ങളുമായി എത്തുമ്പോള്‍ എല്ലാവരോടും വിശേഷങ്ങള്‍ പങ്കുവെച്ച് തനി നാട്ടുകാരിയായി എസ്തറും കുടുംബവുമുണ്ട്.
ഏറെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള സിനിമ തീയേറ്ററുകളില്‍ പ്രേക്ഷകരുടെ മനസ്സുകീഴടക്കി മുന്നേറുമ്പോള്‍ വയനാട്ടിലെ കാവുമന്ദം എന്ന ഗ്രാമവും ഈ സിനിമയെ നെഞ്ചിലേറ്റുകയാണ്. ചലച്ചിത്ര ആവിഷ്‌കാരത്തിലെ ദൃശ്യപരതയും ബുദ്ധിയും ലക്ഷ്യം കണ്ട ജിത്തു ജോസഫ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി എസ്തര്‍ എത്തിയപ്പോള്‍ വയനാടിന്റെ മനസ്സ്മുഴുവന്‍ ഈ മകള്‍ക്കൊപ്പമായിരുന്നു. സിനിമയുടെ അവസാനഘട്ടത്തില്‍ മുഴുവന്‍ ശ്രദ്ധയും ഈ ബാലതാരത്തിലേക്ക് തിരിയുമ്പോള്‍ കഥയോടൊപ്പം മുഴുകിയ പ്രേക്ഷകരെല്ലാം ഒരു പ്രാര്‍ത്ഥന പോലെ ഈ മകള്‍ക്കൊപ്പം നിന്നിട്ടുണ്ടാകാം.
സിനിമ കഴിഞ്ഞിറങ്ങിയാലും മനസ്സില്‍ തറച്ചു നില്‍ക്കുന്ന കാഴ്ചകളിലും അഭിനയ മികവുകൊണ്ട് ഈ കൊച്ചുതാരം ഇടം പിടിച്ചു. കല്‍പ്പറ്റ ഡിപോള്‍ വിദ്യാലയത്തിലെ ഏഴാം തരം ക്ലാസ്സുമുറിയും ഒരു താര സാന്നിദ്ധ്യം കൊണ്ട് സ്വകാര്യ അഹങ്കാരത്തിലാണ്. സിനിമ പുറത്തിറങ്ങിയപ്പോള്‍ തന്നെ കൂട്ടുകാരെല്ലാം കുടുംബത്തോടൊപ്പം സിനിമ കണ്ടുകഴിഞ്ഞു. സ്വന്തം കൂട്ടുകാരിയുടെ ഉയര്‍ച്ചയില്‍ ഇവരുടെയെല്ലാം പിന്തുണയുണ്ട്. സിനിമയുടെ തിരക്കില്‍ നഷ്ടമാവുന്ന ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ പറഞ്ഞുനല്‍കാന്‍ കൂട്ടുകാരും മത്സരിക്കുന്നു. ഫേസ്ബുക്കില്‍ പ്രതിദിനം ആയിരത്തിലേറെ ലൈക്കുകള്‍. ഈയടുത്ത് മോഹന്‍ലാലും നടി മീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത എസ്തറുടെ സ്വന്തം വെബ്‌സൈറ്റിലും സന്ദര്‍ശകര്‍ ഏറെയായി. പന്ത്രണ്ട് വയസ്സ് പിന്നിടുമ്പോഴെക്കും പത്തൊന്‍പത് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ എസ്തറുടെ വിശേഷങ്ങള്‍ ഇങ്ങനെ നീളുകയാണ്.
സിനിമയിലേക്കുള്ള വഴികള്‍.
നാട്ടിന്‍പുറത്തുകാരിയായ ആഗ്നസ് എസ്തര്‍ അനിലിനെ തേടി അവസരങ്ങള്‍ വയനാടന്‍ ചുരം കയറി വന്നു എന്നുവേണമെങ്കില്‍ പറയാം. അമ്മ മഞ്ജുവിന്റെ സഹോദരിയും അമൃതാ ടിവി സിറ്റിസണ്‍ ജേണലിസ്റ്റ് റണ്ണറപ്പുമായ ബോണിമോളാണ് ഇതിനു നിമിത്തമായത്. ടേസ്റ്റ് ഓഫ് കേരള എന്ന കുക്കറി ഷോയിലേക്ക് മഞ്ജുവിനെ ബോണിമോള്‍ പരിചയപ്പെടുത്തുകയായിരുന്നു. വയനാട്ടില്‍ വെച്ചു നടന്ന ചിത്രീകരണത്തില്‍ ഈ ഷോയുടെ ക്യാമറാമാന്‍ ബിജു പഴവിള എസ്തറിന്റെ ചിത്രം സ്റ്റില്‍ ഫോട്ടോഗ്രാഫറായ ആര്‍.വിവേകിന് നല്‍കുകയായിരുന്നു. അതോടെ സിനിമയിലേക്കുള്ള വഴി തുറക്കുകയായി. അജി ജോണിന്റെ ജയസൂര്യ ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവിന്റെ മകളായിട്ടായിരുന്നു വേഷം.
മണിയന്‍പിള്ള രാജു ഒരുനാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലേക്ക് എസ്തറിനെ വഴികാട്ടി. ബ്യൂണ വിസറ്റ ഹട്ട് എന്ന ഹോംസ്റ്റേക്ക് അതോടെ അവധിയായി. മകളുടെ സിനിമാക്കാര്യങ്ങള്‍ക്കായി അച്ഛന്‍ അനില്‍ അബ്രഹാമിന് അതോടെ തിരക്കുകളായി. ഒരുന്നാള്‍ വരും എന്ന ചിത്രത്തോടെ മോഹന്‍ലാലെന്ന മഹാനടനും എസ്തറിന്റെ കൂട്ടുകാരനായി. ഈ അടുപ്പം ദൃശ്യമെന്ന സിനിമയിലേക്ക് വളരുകയായിരുന്നു. ആറു ഭാഷകളില്‍ പുറത്തിറങ്ങുന്ന മായാപുരിയാണ് അടുത്ത ചിത്രം. സവാരി 2 എന്ന കന്നഡ ചിത്രവും അടുത്തു തന്നെ പുറത്തിറങ്ങും.
എസ്തറിന്റെ സിനിമാപ്രവേശം മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അനിയന്‍ എറിക്കിനെയും സിനിമാനടനാക്കി. സിനിമയില്‍ അവസരം ചോദിച്ചു വാങ്ങിയതാണ് എറിക്. ചേച്ചിക്കൊപ്പം സെറ്റുകളില്‍ പോയി തന്നിലുള്ള നടനെയും എറിക് പുറത്തെടുത്തു. ആറ് സിനിമകളിലാണ് ചുരുങ്ങിയ കാലം കൊണ്ട് എറിക് അഭിനയിച്ചത്. ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസില്‍ മമ്മൂട്ടിയുടെ മകനായി. വുശുദ്ധനിലും കിട്ടി നല്ലൊരു വേഷം. വണ്‍ ബൈ ടുവില്‍ ഫഹദ് ഫാസിലിന്റെ മകനായും അഭിനയിച്ചു. ഇതോടെ ബ്യൂണ ഹട്ട് ഒരു താരവസതിയായി മാറിയിരിക്കുകയാണ്. സിനിമയാണ് ഇപ്പോള്‍ ഇവരുടെ ലോകം. മൂത്ത സഹോദരന്‍ ഇവാന്‍ വീട്ടിലെ സിനിമാ താരങ്ങള്‍ക്കിടയില്‍ ഒരു സംവിധായകനെ പോലെയാണ്. ആ സീനില്‍ ഇങ്ങനെ വേണം അങ്ങിനെ വേണം എന്നൊക്കെ പറഞ്ഞ് ഇവര്‍ക്കിടയില്‍ ചെറിയ ചെറിയ തര്‍ക്കങ്ങളുണ്ടാക്കി അതു പരിഹരിക്കലാണ് ഇവാന്റെ പുതിയ ജോലി.അനിലും മഞ്ജുവും ഇടപെടുന്നതു വരെ ഈ ബഹളങ്ങളെല്ലാം തുടരും.
ദൃശ്യം എന്ന സിനിമ.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ ഹിറ്റ്,കുടുബ പ്രേക്ഷകരുടെ ഇഷ്ട സിനിമ, തീയ്യേറ്ററുകളികള്‍ക്കും പുതിയ പ്രതീക്ഷകള്‍ നല്കിയ പുതുവര്‍ഷത്തിലെ ഏറ്റവം നല്ല ചിത്രം.ഇതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് എസ്തറിന്റെ മുഖത്തുമുള്ളത്. ഒരു പാട് നാളുകള്‍ക്ക് ശേഷം ഒരു മലയാള ചിത്രം ഒരു പോലെ എല്ലാവരും സ്വീകരിക്കുമ്പോള്‍ സിനിമയുടെ ചിത്രീകരണ വേളകളെല്ലാം ഒരു സ്വപ്‌നം പോലെ. ലാല്‍ അങ്കിളിനൊപ്പമുള്ള സീനുകളെല്ലാം യാതൊരു സമ്മര്‍ദ്ധവിമില്ലാതെ അനായാസമാണ് എസ്തര്‍ പൂര്‍ത്തിയാക്കിയത്.
മോഹന്‍ ലാല്‍ എന്ന നടന്‍ പങ്കുവെക്കുന്ന ഊഷ്മളമായ സ്‌നേഹമാണ് ഇതിനെല്ലാം ശക്തിനല്‍കിയത്.
ആകസ്മികതകള്‍ വിടാതെ പിന്‍തുടര്‍ന്നപ്പോഴും പകച്ചു പോകാതെ പിടിച്ചു നില്‍ക്കാന്‍ ഉപദേശിക്കുന്ന സിനിമയുടെ കഥാതന്തുവിന് നൂറ്ശതമാനം പൂര്‍ണ്ണതയാണ് എസ്തര്‍ നല്കിയത്.
കൂട്ടത്തില്‍ ഏറ്റവും ചെറിയ കുട്ടിയെന്ന നിലയില്‍ നൂറ് നൂറ് ചോദ്യങ്ങള്‍ക്കിടയില്‍ എല്ലാത്തിനും സാക്ഷിയായി ഒടുവില്‍ ഒരു ഗദ്ഗതമായി സംഭവങ്ങളെല്ലാം പറയുമ്പോഴും സിനിമയില്‍ പിന്നെയും സസ്‌പെന്‍സുകള്‍ ബാക്കിയായിരുന്നു.
ദൃശ്യമെന്ന സിനിമ കണ്ട് തീയ്യേറ്റര്‍ വിട്ട് പുറത്തിറങ്ങുമ്പോഴും മനസ്സില്‍ മായതെ നില്‍ക്കുന്ന മുഖങ്ങളില്‍ എസ്തര്‍ എന്ന താരവുമുണ്ട്.
ഇനിയുള്ള നാളുകളില്‍ ദൃശ്യം തുറന്നു നല്‍കുന്ന പുതിയ ഉയരങ്ങിളിലാണ് ഒരു നാടിന്റെയും പ്രതീക്ഷകള്‍.
No comments:
Post a Comment