Thursday, 23 January 2014

[www.keralites.net] ????????????? ???? ???????? ???????

 

ഗ്രാമീണജീവിതം അരനൂറ്റാണ്ട് മുമ്പ്‌
വി.ടി.ഭട്ടതിരിപ്പാട്‌
 

'ആട്ടെ. ഒരു പഞ്ചവത്സരപദ്ധതികൂടി കഴിയട്ടെ. ഈ നശിച്ച നാട്ടിന്‍പുറത്തിനും ഒരു നല്ല കാലം വന്നുകൂടായ്കയില്ല.' ശുഭാപ്തിവിശ്വാസത്തിന്റെ ഒരു കുളിരിളംകാറ്റ് എന്നെ തഴുകിക്കൊണ്ടു കടന്നുപോയി. നേര്‍ത്തുനേര്‍ത്തുവരുന്ന ടിപ്പുസുല്‍ത്താന്റോഡിലൂടെ ഞാന്‍ നടക്കുകയായിരുന്നു. ദിനാന്തസൂര്യന്‍ വിയന്മണ്ഡലത്തില്‍ സന്ധ്യയോടെ വിടവാങ്ങി യാത്ര പറയുകയാണ്. നിസ്സഹായയായ അവള്‍ തുടുകവിളോടെ നോക്കിനില്‍ക്കുന്നു.

'യാഹേ് -' പുഴവക്കത്തുനിന്ന് ഒരശരീരിശബ്ദം ആ ഏകാന്തതയില്‍ മാറ്റൊലിക്കൊണ്ടു. അന്തര്‍ജ്ജനങ്ങളുടെ ഒരു ഘോഷയാത്ര വയലരികിലെ വഴിവരമ്പിലേക്കു കടന്നു. ഏതോ പുണ്യദിനം പ്രമാണിച്ചു നിളാനദിയില്‍ നീരാടി ദേവദര്‍ശനം കഴിഞ്ഞ് അവര്‍ മടങ്ങുകയായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. മറക്കുടയും ചേലപ്പുതപ്പുമായി ആ ശാന്തശീലകള്‍ മന്ദമന്ദം നടന്നകലുന്നു. പോക്കുവെയിലില്‍ നീണ്ട നിഴലുകള്‍, എന്തിനെന്നറിഞ്ഞില്ല, കുസൃതിത്തം കാട്ടി അവരെ പിന്തുടരുന്നുണ്ട്. 'യാഹേ്'- മാമൂലിന്റെ നീണ്ട ഈ നിശ്വാസം അനന്തമഹിമാവേന്തുമാകാശത്തില്‍ നേര്‍ത്തുനേര്‍ത്തു വിലയിച്ചു.

ഈ കേട്ട 'യാഹേ്'വിളിയുടെ അര്‍ത്ഥമെന്താണ്? അന്തര്‍ജ്ജനങ്ങളുടെ യാത്രാവേളകളില്‍ അവരെ അകമ്പടിസേവിക്കുന്ന സ്ത്രീകള്‍മാത്രം പ്രയോഗിച്ചുകാണുന്ന ഈ വിളി എങ്ങനെയു ണ്ടായി? എന്റെ ചിന്ത ആ വഴിക്ക് തിരിഞ്ഞു. എഴുന്നള്ളുക എന്നര്‍ത്ഥത്തില്‍ സംസ്‌കൃതഭാഷയിലുള്ള 'യാഹി'പദത്തിന് ഒരസംസ്‌കൃത കണ്ഠത്തിലൂടെ കടന്നുപോരേണ്ടിവന്നപ്പോള്‍ പറ്റിയ പരിക്കായിരിക്കാം ഈ ആകൃതിഭേദത്തിന്റെ ആസ്​പദമെന്നു ഞാന്‍ കരുതുന്നു. എന്തായാലും എന്റെ ശ്രവണേന്ദ്രിയത്തിന്നു വിവേചനശക്തി കൈവരാന്‍ തുടങ്ങിയതു മുതല്‍ ആസ്വദിച്ചുപോന്ന ഈ ആഹ്വാനം ഓര്‍മ്മകളുടെ നനവൂറുന്ന നറും നിലാവിലൂടെ ഒരമ്പതു സംവത്സരങ്ങള്‍ക്കപ്പുറമുള്ള കേരളത്തിലെ നാട്ടിന്‍പുറത്തേക്ക് എന്നെ ആനയിച്ചു.

വയലരികില്‍ ഉയര്‍ന്ന പീഠഭൂമിയുടെ മദ്ധ്യത്തില്‍ വെയില്‍നാളം തട്ടി മിന്നിത്തിളങ്ങുന്ന ദേശക്ഷേത്രവും പരിസരവും എന്റെ മനസ്സില്‍ പൊന്തിവന്നു. സ്ഥലജല സൗകര്യങ്ങളാല്‍ സുഖകരമായ വാസസ്ഥാനം, നക്ഷത്രഖചിതമായ നീലാകാശത്തിന്റെ പ്രതിബിംബം പോലെ ആമ്പല്‍പ്പൂ നിറഞ്ഞ അമ്പലക്കുളം, തളിര്‍ത്തൊത്തിലൂടെ സ്‌തോത്രപാരായണം ചെയ്ത് നൂറ്റാണ്ടുകളായി ഭജനമിരിക്കുന്ന അരയാലിന്‍ തണലില്‍ അന്തിമേയാപ്പൈക്കള്‍ അയവിറത്തുകിടക്കുന്നു. ക്ഷേത്രനടയില്‍നിന്നാരംഭിച്ച വഴിത്താരകള്‍ മുറ്റത്ത് കറ്റനിരന്നുകാണുന്ന കൃഷീവലകുടുംബങ്ങളുടെയിടയിലൂടെ ശാഖോപശാഖകളായി വളഞ്ഞും പുളഞ്ഞും നീണ്ടുപോയി, ഒരു നാല്‍ക്കൂട്ടപ്പെരുവഴിയില്‍ ചെന്നവസാനിക്കുന്നു. പെന്‍ഷന്‍ പറ്റി പിരിഞ്ഞ കല്ലത്താണി, 'ചേപ്രത്തം'കാട്ടിയ 'കുഞ്ഞാത്തോലെ'പ്പോലെ അകറ്റപ്പെട്ടതും ചൈതന്യശൂന്യവുമായ തണ്ണീര്‍പ്പന്തല്‍, ചായപ്പീടിക, കുടിപ്പള്ളിക്കൂടം, നിസ്‌കാരപ്പള്ളി, സായന്തനച്ചന്ത ഇങ്ങനെ ആ കവല സദാ ശബ്ദായമാനമാണ്.
ക്ഷേത്രത്തിലെ ശംഖനാദവും പള്ളിയിലെ വാങ്കുവിളിയും ആ നാട്ടിന്‍പുറത്തെ വിളിച്ചുണര്‍ത്തും. തീപ്പിടിച്ച യന്ത്രംപോലെ പകല്‍ മുഴുവന്‍ ആ ഗ്രാമം പിന്നെ ചലിച്ചുകൊണ്ടിരിക്കും. വിളയിറക്കുന്ന കാലങ്ങളില്‍ വിരിമാറൊത്ത ദേഹപ്രകൃതിയും ശൂളം കുത്തിനടക്കുന്ന ഉന്മേഷശീലവും തുളുമ്പുന്ന അദ്ധ്വാനശീലരായ ചെറുവാലിയക്കാര്‍ പിന്‍നിലാവില്‍ കണ്ടത്തിലിറങ്ങി കരികൊളുത്തും. കൂക്കിവിളിച്ചും 'കരിമ്പ്ര'ങ്ങളോടു ചാടുവാക്യം പറഞ്ഞും അവര്‍ വയലാകെ ഉഴുതുമറിക്കും. വര്‍ഷക്കാലവേളകളില്‍ ഈര്‍ച്ചമരത്തിന്മേല്‍ കയറി ഇടങ്കൈ കന്നിന്‍പുറത്തൂന്നി വലംകൈയിലുള്ള മുടിങ്കോലാട്ടി ചേറാണ്ട കണ്ടങ്ങള്‍ കലക്കിമറിക്കുമാറ് കാളക്കിടാങ്ങളെ പാട്ടുപാടിത്തെളിച്ച് വട്ടംചുറ്റിക്കുന്നതും സ്വന്തം ഉരുവിന്റെ മിടുക്കിനെപ്പറ്റി അന്യോന്യം വീമ്പിളക്കി പ്രവൃത്തിക്കുന്മേഷമിയറ്റുന്നതും ആവേശകരങ്ങളായ കാഴ്ചകളാണ്. അതുപോലെ സ്ത്രീകള്‍ തുണിത്തുമ്പുകൊണ്ട് പുറം മൂടി കുനിഞ്ഞു നിന്ന് കാല്‍മുട്ടുകളില്‍ കൈമുട്ടുകളൂന്നി ഐതിഹാസിക പ്രസിദ്ധിയാര്‍ജ്ജിച്ച വീരാംഗനകളുടെ ധീരോദാത്തതകള്‍ അനുസ്മരിപ്പിക്കുന്ന വടക്കന്‍പാട്ടിലെ നാടന്‍ശൈലിയിലുള്ള ശീലുകള്‍ ഈണസ്വരത്തില്‍ പാടിക്കൊണ്ടു നട്ടുനീങ്ങുന്നതും മറക്കാവതല്ലാത്ത ചിത്രങ്ങളാണ്. അങ്ങനെ ഉഴുതുമറിച്ചും ഞാറു നട്ടും കളപറിച്ചും കൊയ്തുമെതിച്ചും കുടുംബം പുലര്‍ത്തുന്ന ഈ കൃഷീവലകുടുംബിനികള്‍ നാടിന്റെ സെക്യൂരിറ്റി ബോണ്ടുകളായിരുന്നു.

ഇടവപ്പാതി കഴിഞ്ഞ കാലവര്‍ഷം കേരളത്തിലെ നാട്ടിന്‍പുറത്തിന് ഒരു പേടിസ്വപ്നമാണ്. പ്രകൃതിയുടെ പരാക്രമങ്ങള്‍ മെരുക്കിയെടുക്കാന്‍ ആവശ്യമായ ശാസ്ത്രീയ ജ്ഞാനവും സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ട് നിര്‍ദ്ധനരും നിസ്സഹായരുമായ സാധുജനങ്ങള്‍ക്ക് കര്‍ക്കടകം ദുര്‍ഘടം തന്നെയാണ്. കയ്യിരിപ്പും കരുതല്‍ധനവും കാര്‍ന്നുതിന്ന് കരിയിടപേര്‍ന്ന നെല്‍ച്ചെടികള്‍ കാറ്റത്തലഞ്ഞുലയുമ്പോള്‍ വാനം തെളിഞ്ഞ് പൊന്നിന്‍ചിങ്ങത്തിന്റെ പിറവിയും കാത്ത് അവര്‍ ദിനരാത്രങ്ങള്‍ ഉന്തിയുന്തി നയിക്കും. തോരാത്ത മഴയത്ത് തൊപ്പിക്കുട ചൂടി കുത്തുപാളയും ചൂണ്ടയുമായി 'അറ്റക്കഴായ'കളിലോ തോട്ടുവക്കത്തോ തൊഴിലാളികള്‍ ചൂളിപ്പിടിച്ച് കുത്തിയിരുന്ന് സമയം പോക്കും. പട്ടിണിയുടെയും പാരവശ്യത്തിന്റെയും വേദനയാല്‍ ചില്ലറ മോഷണങ്ങളും നടക്കാറുണ്ട്.

അങ്ങനെ നാളും തിയ്യതിയും നീങ്ങിക്കൊണ്ടിരിക്കെ ഒരുനാള്‍ കര്‍ക്കടകക്കരിങ്കാറൊഴിയും. നല്ല കാലത്തിന്റെ നാമ്പെന്നതു
പോലെ ഈറന്‍ ചക്രവാളത്തില്‍ തെളിനാളം പരത്തിക്കൊണ്ട് ഉണ്ണിക്കതിരവന്‍ ഉദിച്ചുയരും. ആകാശം തെളിയും. ആണ്ടാംമുള വാനം കുത്തിത്തുളച്ചുയരും. ചുണ്ടു ചുവന്ന നെല്‍ച്ചെടികള്‍ വഴിവരമ്പില്‍ തലചായ്ച്ചുറങ്ങുമ്പോള്‍ പറന്നെത്തിയ പറവക്കിടാങ്ങള്‍ കതിര്‍കൊത്തി ചാഞ്ചാടിക്കളിക്കും. വട്ടന്റെ ചുണ്ടു ചുവന്നാല്‍ അത്തം മുറ്റത്തെത്തും. ഐശ്വര്യത്തിനുവേണ്ടി അദ്ധ്വാനിച്ചും ആരോഗ്യത്തിനുവേണ്ടി ആഹ്ലാദിച്ചും ശീലിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് ഓണം ഒരു ദേശീയോത്സവമാണ്. അതിന്റെ ആസ്വാദനം അവര്‍ക്കൊരു മധുരസ്വപ്‌നവുമാണ്.
പുത്തരിക്കറ്റ മുറ്റത്തെത്തിയാല്‍ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളാരംഭിക്കുകയായി. സാധുക്കള്‍ പണയദ്രവ്യങ്ങള്‍ വീണ്ടെടുക്കും. പണക്കാര്‍ പുതുപുത്തന്‍ പണ്ടങ്ങളും പാത്രങ്ങളും പണിയിച്ചു പ്രൗഢി പുലര്‍ത്തും. ഉള്ളവരും ഇല്ലാത്തവരും ആവുംമട്ടില്‍ വീടും പരിസരവും ചെത്തിക്കോരി വെടിപ്പാക്കും. പുള്ളുവര്‍ വീണമീട്ടി തുകിലുണര്‍ത്തിയാല്‍ വീടാകെ ഇളകിമറിയും. കിടാങ്ങള്‍ ഓണക്കോടിയുടുത്ത് തരിവളകളണിഞ്ഞ് പൂവിളിച്ചും വില്ലുകൊട്ടിയും പൂപറിച്ചും മാബലിത്തമ്പുരാന്റെ തിരുവെഴുന്നള്ളത്തുദ്‌ഘോഷിക്കും. വീട്ടമ്മമാര്‍ കുളക്കടവിലും അമ്പലമുറ്റത്തും വെച്ച് ഓണാഘോഷത്തിന്റെ ഒരുക്കങ്ങളെപ്പറ്റി കുശലാന്വേഷണം ചെയ്യും. തൃക്കാക്കരയപ്പന്റെ തിരുവെഴുന്നള്ളത്തും 'കുട്ടികളുടെ അച്ഛന്റെ' ആഗമനവും നീരുറന്ന നീള്‍മിഴിയോടെ നിതംബിനിമാര്‍ ഉല്‍ക്കണ്ഠാപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടു ദിനരാത്രങ്ങള്‍ കഴിക്കും. പത്തായത്തില്‍ പഴക്കുലകള്‍ തൂങ്ങിയാല്‍, പെട്ടിക്കുള്ളില്‍ പുടവകളൊളിഞ്ഞാല്‍, കാഴ്ചദ്രവ്യങ്ങളുമായി 'കുട്ടികളുടെ അച്ഛന്‍' ഉമ്മറത്തെത്തിയാല്‍ കുടുംബിനികളുടെ കവിള്‍ത്തടം തുടുക്കും. അവരുടെ നയനങ്ങളില്‍ ആഹ്ലാദത്തിന്റെ തെളിനീര്‍ തുളുമ്പും.
ഓണമെടുക്കലും കൊടുക്കലും കര്‍ഷകരുടെയിടയില്‍ അതിപ്രധാനമായ ഒരു വാര്‍ഷികച്ചടങ്ങാണ്. കണിയാന്റെ ചാര്‍ത്തനുസരിച്ച് ഒരു ശുഭമുഹൂര്‍ത്തത്തില്‍ അതാചരിക്കപ്പെടും. കരുവാന്‍ കൊഴുവും ആശാരി മരപ്പാത്രങ്ങളും കാഴ്ചവെക്കും. പുതുക്കരി കുത്തിയണയ്ക്കും, ഉഭയം വാങ്ങിപ്പിരിയും.

നെല്ല്, നാളികേരം, പഴം, പപ്പടം മുതലായ ഭക്ഷണവിഭവങ്ങളുടെ മുമ്പില്‍ കോടിക്കച്ചയും ചിറ്റാടയും കൈകാട്ടി വാങ്ങുമ്പോള്‍ ഇരുവരുടെയും കരളില്‍ കനിവൂറും. നയനങ്ങളില്‍ സൗഹാര്‍ദ്ദത്തിന്റെ മസൃണത മിന്നിത്തിളങ്ങും. സാമ്പത്തികവും സാംസ്‌കാരികവുമായ വ്യത്യസ്തതകള്‍ മറന്ന് ജീവിതാവശ്യത്തിന്റെ പേരില്‍ മനുഷ്യാത്മാക്കള്‍ അലിഞ്ഞുചേരുമ്പോഴുള്ള അനര്‍ഘനിമിഷങ്ങള്‍ അവിസ്മരണീയങ്ങളാണ്.

തൃക്കാക്കരയപ്പന്‍ അണിഞ്ഞൊരുങ്ങി മുറ്റത്തെത്തിയാല്‍ ഓണം ആഘോഷിക്കുകയായി. വറവിന്റെയും അരവിന്റെയും എരിമണം അന്തരീക്ഷത്തില്‍ വീര്യത്തോടെ വിഹരിക്കും. നിലവിളക്കത്തിരുന്ന് എല്ലാവരും വിഭവസമൃദ്ധമായ ഓണസദ്യയുണ്ണും. അന്തഃപുരത്തിലെ പണികഴിഞ്ഞു കൈയൊഴിഞ്ഞാല്‍ സ്ത്രീകള്‍ ചമഞ്ഞൊരുങ്ങി കിടാങ്ങളെ ഒക്കത്തെടുത്തും പിച്ചനടത്തിച്ചും വരിവരിയായി മനയ്ക്കലേക്കു കൈകൊട്ടിക്കളിക്കാനുള്ള പുറപ്പാടായി.
അങ്ങനെ ഒഴുകിവരുന്ന സൗന്ദര്യപ്രവാഹം മനയ്ക്കലെ കെട്ടിന്നകത്തു കൈകൊട്ടിക്കളിക്കുന്ന നീര്‍ച്ചുഴിയിലലിഞ്ഞുചേരും. യുവാക്കളാകട്ടെ, അമ്പലപ്പറമ്പില്‍ അണിനിരന്നു പന്തടിച്ചും ആട്ടക്കളം നിന്നും പകിട എറിഞ്ഞും ആര്‍ത്തിരമ്പി തിമര്‍ക്കുന്നുണ്ടാവും. അസ്തമയസൂര്യന്റെ പട്ടുടയാട മുറ്റത്തെ പൂച്ചെടികളില്‍നിന്നു വിടര്‍ത്തിയെടുത്തു സന്ധ്യ മറയുമ്പോഴും ആ സ്ത്രീകള്‍ മനയ് ക്കലെ തിരുമുറ്റത്തു ചേരിതിരിഞ്ഞു താലീപീലി തകര്‍ക്കുകയായിരിക്കും. ഓണനിലാവുടുത്ത് അമരലോകത്തില്‍നിന്നെത്തിയ ഈ അപ്‌സരസ്ത്രീകളുടെ കളനിനദം സാന്ധ്യനിശ്ശബ്ദതയെ ഭേദിച്ച് അന്തരീക്ഷത്തില്‍ അലയുയര്‍ത്തും. തടസ്സങ്ങളും തകരാറുകളും തട്ടിത്തടഞ്ഞു കടന്നുപോകുന്ന ജീവിതത്തില്‍ ഓണം ഒരു വഴിത്താവളമാണ്.

ആ നാട്ടിന്റെ സാമ്പത്തികവും സാംസ്‌കാരികവും സാമൂഹ്യവുമായ നേതൃത്വം പരമ്പരയാ കയ്യാളിപ്പോന്നിരുന്നത് സ്ഥലത്തെ പ്രധാന ദിവ്യന്മാരായ നമ്പൂതിരിമാരായിരുന്നു, ഇവരുടെ അടിയായ്മയോ ആശ്രിതത്വമോ ശിഷ്യത്വമോ ആരോപിക്കപ്പെടാത്ത ഒരൊറ്റ പുരത്തറപോലും അപ്രദേശത്തുണ്ടായിരുന്നില്ല. വരമ്പുകിളയ്ക്കുക, വെള്ളം ചോര്‍ക്കുക, വിള തീറ്റുക, അമ്പലക്കുളം കലക്കി മീന്‍പിടിക്കുക, കന്യകമാരുടെ കിടപ്പറയ്ക്കുമുമ്പില്‍ ചപലത കാണിക്കുക, അടികലശലുണ്ടാക്കുക, ജാത്യാചാരം വിട്ടുനടക്കുക- ഇത്തരം അന്തമില്ലായ്മകളില്‍നിന്നുണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ ആ നാട്ടിന്‍പുറത്തെ ഇടയ്ക്ക് കുലുക്കിയുണര്‍ത്താറുണ്ട്. അത്തരം നാട്ടുക്കൂട്ടങ്ങളുടെ വിചാരണയും വിധിയും ദേവാലയത്തിന്റെ തിരുമുറ്റത്തോ ബ്രഹ്മാലയത്തിന്റെ തിരുമുമ്പിലുമോ വെച്ചവസാനിക്കും.

അങ്ങനെ ജന്മിത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും ആധിപത്യച്ചിറകുകള്‍ വിടര്‍ത്തി കാലം ആ നാട്ടിന്‍പുറത്തെ വായുമണ്ഡലത്തില്‍ വട്ടമിട്ടു പറക്കുമ്പോള്‍, പരിവര്‍ത്തനത്തിന്റെ ഇടിവാളേറ്റ് പൗരോഹിത്യം നിലംപൊത്തി. പ്രാണിസ്‌നേഹത്തിന്റെ പര്യായമായ യഥാര്‍ത്ഥ ബ്രാഹ്മണ്യം പ്രഭുത്വത്തിന്റെ കവലകളില്‍ ചേക്കേറിക്കഴിഞ്ഞപ്പോള്‍ ധാര്‍മ്മികപ്രകാശം ആ നാട്ടിന്‍പുറത്തുനിന്ന് അകലാന്‍ തുടങ്ങി. മുതലാളിത്തത്തിന്റെ പട്ടുകുപ്പായം കടംവാങ്ങി ജന്മി നഗരമദ്ധ്യത്തില്‍ താവളമടിച്ചുകൂടി. പിരിച്ചുവിട്ട യന്ത്രശാലയിലെ തൊഴില്‍ക്കുഴപ്പംപോലെ മനക്കാരുടെ ഈ സ്ഥലമാറ്റം നാട്ടിന്‍പുറത്തെ സാധുജനങ്ങള്‍ക്കിടയില്‍ ഒരു സാമ്പത്തികക്കുഴപ്പത്തിന്നിടയാക്കി. അടിച്ചുതളിക്കാരിമുതല്‍ ആനക്കാരന്‍വരെയുള്ള ആശ്രിതജനങ്ങള്‍ക്ക് തൊഴിലില്ലാതായി. നെല്ലുകുത്തിയും, തുണയ്ക്കുനിന്നും, തീണ്ടാരികുളിപ്പിച്ചും, കറുക പറിച്ചും, 'ഒലപ്പെണ്ണ'ചാര്‍ത്തിയും, 'അടിയനെറാന്‍' മൂളിയും മനയ്ക്കല്‍ വായ് പൊത്തിനിന്നു ദിവസം കഴിച്ചിരുന്നവരുടെ തൊണ്ടയില്‍ മാറാല കെട്ടാനിടയായി.

ജന്മിയുടെയും കുടിയാന്റെയും ഇടയില്‍ കാര്യസ്ഥനെന്നൊരു സത്വവിശേഷം പൊന്തിവന്നു. നീരുള്ളേടത്തു നീന്തിക്കളിക്കുന്ന ആ വൃത്തികെട്ട സത്വം പുണ്ണുള്ളേടത്തു കടിച്ചുതൂങ്ങി. ജന്മനാ അയാള്‍ ബുദ്ധിമാനാണ്, കര്‍മ്മണാ വാചാലനുമായി. അയാള്‍ സ്‌കൂളിലോ കോളേജിലോ കയറിയിറങ്ങിയിട്ടില്ല. എന്നാല്‍ ബിരുദത്തിലും വലിയ വിരുത് അയാള്‍ നേടിയിട്ടുണ്ട്. അയാളുടെ നിഘണ്ടുവില്‍ പ്രാപ്തി എന്ന പദത്തിന്റെ പര്യായമാണ് ദുസ്സാമര്‍ത്ഥ്യം. പോക്കിരിത്തരം ഉശിരിന്റെ ലക്ഷണമായി മാറി. ക്ഷമ ദുര്‍ബ്ബലതയുടെ അടയാളമാണ്. കളവു തെറ്റാണ്. കാരണം ശിക്ഷ കിട്ടും. എന്നാല്‍ ചൂഷണം അയാള്‍ക്കൊരു ഭൂഷണമാണ്.

ആ നാട്ടിന്‍പുറത്തയാള്‍ സര്‍വ്വവിദിതനാണ്. മനസ്സാക്ഷി മടിയിലും മണിപ്പേഴ്‌സ് മനസ്സിലും തിരുകി അയാള്‍ പടി ഇറങ്ങും. മാര്‍ഗ്ഗമദ്ധ്യത്തില്‍ കണ്ടുമുട്ടുന്നവരോടെല്ലാം അയാള്‍ സംസാരിക്കും. അതില്‍നിന്നു കൊഴിഞ്ഞുവീഴാന്‍ നില്ക്കുന്ന പഴം ഏതു കൊമ്പത്താണെന്നു മനസ്സിലാക്കും. അവിടെ അണ്ണാനെപ്പോലെ കയറിക്കൂടും. മാദ്ധ്യസ്ഥ്യം സംസാരിക്കുമ്പോള്‍ കാര്യസ്ഥന്‍ ഇത്തവണ നമ്മുടെ ഭാഗത്താണെന്ന് ഇരുകക്ഷികളുടെയും ഉള്‍പ്രീതി നേടും. രണ്ടുഭാഗത്തുനിന്നും ശ്രമദാനം സ്വീകരിക്കുകയും ചെയ്യും. അവസാനം കരണം കുത്തി കമിഴ്ന്നടിച്ചുവീണ കക്ഷിക്ക് ഉന്തിയവന്റെ കൈ കടന്നുപിടിക്കാന്‍ സാധിക്കാത്ത വിരുതിലായിരിക്കും കാര്യസ്ഥന്റെ സാമര്‍ത്ഥ്യം. പണയം, തീര്, ഭാഗം, അച്ഛനില്ലാക്കുട്ടിക്കു ചെലവിന്നു കൊടുപ്പിക്കല്‍ ഇങ്ങനെ വാതുവെച്ചു നടക്കുന്ന കളിയില്‍ കാര്യസ്ഥന്‍ ഒരു തുരുപ്പുശീട്ടാണ്. തന്റെ ആളാണെന്ന നിലയില്‍ ജന്മി കുടിയാന്റെ മുഷ്‌കിനെപ്പറ്റി ശകാരിക്കുന്നത് അയാള്‍ 'എറാന്‍' മൂളി കേള്‍ക്കും. കുടിയാന്‍ സഭയുടെ പ്രവര്‍ത്തനത്തിനു കാര്യസ്ഥന്‍ നാട്ടുകാരുടെയിടയില്‍ നിന്നു വരിപിരിച്ചെടുക്കുകയും ചെയ്യും. ചുരുക്കിപ്പറയട്ടെ, കാണക്കാണെ ക്ഷീണിച്ചുവരുന്ന ആ ഗ്രാമത്തിന്റെ രോഗം കാര്യസ്ഥനെന്ന ഗുന്മന്റെ ഉപദ്രവമാണ് എന്നു പൊതുജനം കണ്ടറിഞ്ഞു.

സ്വാതന്ത്ര്യപ്രസ്ഥാനം വാളയാര്‍വഴി കേരളത്തില്‍ പ്രവേശിച്ചതക്കാലത്താണ്. ജന്മിത്തത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും മാത്രമല്ല, ഉദ്യോഗതിമിരം ബാധിച്ച ഇടത്തരക്കാരുടെയും എതിര്‍പ്പും വെറുപ്പും നേരിട്ടുകൊണ്ടു ദേശീയപ്രസ്ഥാനം മുന്നേറി. ഈ നവോത്ഥാനത്തിന്റെ അല നാട്ടിന്‍പുറങ്ങളെ കുലുക്കിയുണര്‍ത്തി. ഇവിടത്തെ യുവത്വം കണ്‍മിഴിച്ചെഴുന്നേറ്റു.
ആ രംഗം സര്‍വമാച്ഛാദിത, മഹഹ,
ചിരാല്‍ കാലമാം ജാലവിദ്യ-
ക്കാരന്‍തന്‍ പിഞ്ഛികോച്ചാലനമുലകില്‍
വരുത്തില്ലയെന്തെന്തു മാറ്റം.

(സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു എന്ന പുസ്തകത്തില്‍ നിന്ന്)

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment