Thursday, 23 January 2014

[www.keralites.net] ?????????? ??????? ????

 

പുണ്യം തേടിയല്ല ഫ്രാന്‍സിസ് പുണ്യവാളന്റെ മണ്ണില്‍ , അസ്സീസിയില്‍ പോയത്. കാഴ്ചകളുടെ പ്രലോഭനം കൊണ്ടുമല്ല. അവിടെ നിങ്ങളെ ആകര്‍ഷിക്കുന്ന ഒന്നുമില്ല, എന്നാല്‍ എല്ലാമുണ്ട് - അനിതാ നായര്‍ എഴുതുന്നു.

 


'നിങ്ങള്‍ വട്ടനോ കത്തോലിക്കനോ ആയിരിക്കണം' -ഒരു സുഹൃത്ത് പറഞ്ഞു. ഇതു പറഞ്ഞ പുണ്യവാളന്‍ ബോറടിയുടെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന ഒരു മുന്‍ വാള്‍സ്ട്രീറ്റ് ഉദ്യോഗസ്ഥനായിരുന്നു. സ്ഥിരതാമസം യൂറോപ്പില്‍. ബോറടി മാറ്റാന്‍ ഇടയ്ക്കിടെ ഇന്ത്യയില്‍ ഒരു സന്ദര്‍ശനം. അപ്പോഴൊക്കെ മുടങ്ങാതെ നടത്തുന്ന അഴിമതിക്കെതിരെയുള്ള രോഷപ്രകടനം. 'അലഞ്ഞുതിരിയുന്ന എന്റെ ആത്മാവിന് ഇതൊന്നും ഒഴിവാക്കാനാവില്ല' കെട്ടിടനിര്‍മാണാനുമതിക്കുള്ള നഗരസഭയുടെ ഫോറം പൂരിപ്പിക്കാനുള്ള പരിശ്രമത്തിനിടെ അയാള്‍ പറഞ്ഞു. 'പക്ഷെ നിനക്ക് അസ്സീസ്സിയില്‍ പോകേണ്ട കാര്യമെന്ത്? അതും ഏപ്രിലില്‍? ശീതകാലത്താണെങ്കില്‍ നല്ല കൂണെങ്കിലും കഴിക്കാം. ഒന്നാംതരം ഇറച്ചിയും. ഞാന്‍ പറയുന്നതു കേള്‍ക്ക്. ബൊളോണയില്‍ പോ. ഇതു വേണ്ട!'

ഞാന്‍ ഒന്നും മിണ്ടിയില്ല. വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. എനിക്കൊന്നും വിശദീകരിക്കണമെന്നു തോന്നിയില്ല. എന്തു വിശദീകരിക്കാന്‍? ഞാനൊരു ഭ്രാന്തന്‍ സ്വപ്‌നത്തിനു പിറകെ പായുകയാണെന്നോ? അല്ലെങ്കിലും ഞാന്‍ പോയ സ്ഥലങ്ങളൊന്നും പോകാന്‍ കാരണമുള്ള സ്ഥലങ്ങളായിരുന്നില്ല എന്നും.

ഫ്ലോറന്‍സില്‍ നിന്നു ഞങ്ങള്‍ കയറുമ്പോള്‍ തീവണ്ടി കമ്പാര്‍ട്ട്‌മെന്റ് കാലി! വെറും മുന്നു പേരേ അതിലുള്ളൂ. ഞാനും എന്റെ ഭര്‍ത്താവും മകനും. പിന്നെ തീവണ്ടി പുറപ്പെടാറായപ്പോഴോ മറ്റോ രണ്ടു സ്ത്രീകള്‍ കൂടി വന്നുചേര്‍ന്നു. നാല്‍പ്പതുകളിലെത്തിയ നല്ല വലുപ്പമുള്ള ഒരു സ്ത്രീയും ക്ഷീണിതയായ എഴുപതുകാരിയും. 'അസ്സീസ്സിയിലേക്കുള്ള തീവണ്ടിയാണോ ഇത്?' ചെറുപ്പക്കാരി ചോദിച്ചു. നിശബ്ദമായ തീവണ്ടി കമ്പാര്‍ട്ട്‌മെന്റില്‍ അവരുടെ ഇംഗ്ലീഷ് ഉച്ചാരണത്തിലെ മിഡ്-വെസ്‌റ്റേണ്‍ അമേരിക്കന്‍ ആക്‌സന്റ് കൂടുതല്‍ മുഴക്കമുണ്ടാക്കി.

'സീ' -ഞാന്‍ പറഞ്ഞു. മകനപ്പോള്‍ എന്റെ മുഖത്തേക്ക് അമ്പരപ്പിക്കുന്ന ഒരു നോട്ടമെറിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് 'യെസ്' എന്ന വാക്കിനെ 'സീ' കൊണ്ട് പകരം വെക്കാനുള്ള ഇറ്റാലിയന്‍ പരിജ്ഞാനം ഞാന്‍ നേടിക്കഴിഞ്ഞിരുന്നു. അതിന്റെ ദോഷവും ഞാന്‍ പിന്നീടനുഭവിച്ചു. പലപ്പോഴും ഒരക്ഷരം പോലും മനസ്സിലാവാത്ത ഇറ്റാലിയന്‍ വാക്കുകളുടെ മലവെള്ളപ്പാച്ചില്‍ നേരിടേണ്ടി വന്നു.

'അവിടേക്കാണോ പോകേണ്ടത്?' ഞാന്‍ ഇംഗ്ലീഷില്‍ ചോദിച്ചു. ആ സ്ത്രീ നിറഞ്ഞു ചിരിച്ചു. അവരുടെ കണ്‍കളില്‍ ആശ്വാസം വിടരുന്നത് ഞാന്‍ കണ്ടു. എനിക്ക് 'സീ' എങ്കിലുമറിയാം. അവര്‍ക്ക് അത്രയുമില്ല.

 


'അതെ. ഒരു മഹായൂറോപ്യന്‍ പര്യടനത്തിലാണ് ഞങ്ങള്‍. രണ്ടു ദിവസം മുമ്പ് റോമിലായിരുന്നു. അമ്മക്ക് അസ്സീസ്സിയില്‍ പോയേ തീരൂ. ഒരു ദിവസത്തേക്കായാലും വേണ്ടില്ല. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ നടത്തിയ നേര്‍ച്ചയാണത്രെ. അവര്‍ ക ത്തോലിക്കനാണ്. നിങ്ങളും അതെ എന്നു ഞാന്‍ കരുതുന്നു..'

ഞാന്‍ നിശ്വസിച്ചു. വിശുദ്ധ ഗ്രന്ഥത്തില്‍ എവിടെയോ ഇങ്ങിനെ ചില വരികള്‍ മുമ്പു വായിച്ചിട്ടുള്ളത് എനിക്കോര്‍മ വന്നു. 'കാട്ടുപറവകള്‍ പോലും അറിഞ്ഞിട്ടില്ലാത്ത പാതയാണത്. കഴുകന്മാരുടെ കണ്ണുകളോ അതു കണ്ടിട്ടില്ല. സിംഹത്തിന്റെ നഖങ്ങളോ അതിനെ മുറിപ്പെടുത്തിയിട്ടില്ല. ക്രുദ്ധസിംഹങ്ങള്‍ അതിലേ കുതിച്ചു പാഞ്ഞിട്ടുമില്ല..' അതെ, എന്റെ യാത്രാചോദനകള്‍ അത്തരം വഴികളിലൂടെയാണ് എന്നെ നടത്തിക്കുന്നത്. അപ്പോള്‍ ഞാനും ഒരു കത്തോലിക്കന്‍ തന്നെ... അസ്സീസ്സിയിലേക്കു പോകുന്നതെന്തിന് എന്ന ചോദ്യത്തിനു മുന്നില്‍ എപ്പോഴും സ്വീകരിച്ചുപോന്ന തന്ത്രം ഞാന്‍ വീണ്ടും സമര്‍ഥമായി പയറ്റി. നിശ്ശബ്ദമായി പുഞ്ചിരിച്ചു!

അങ്ങിനെ ഞങ്ങള്‍ ഉംബ്രിയയിലേക്കുള്ള മലനിരകള്‍ മുറിച്ചു കടന്നു. ഒലീവില പോലും നിറം മങ്ങിപ്പോകുന്ന ഹരിതസമൃദ്ധിയാണ് ഉംബ്രിയ. സാന്‍ മാരിയ ദേഗ്‌ലി ആഞ്ചലി സ്‌റ്റേഷനില്‍ തീവണ്ടി നിന്നപ്പോള്‍ ഞങ്ങള്‍ അസ്സീസ്സിയിലെത്തിയവരായി. ആളും അനക്കവുമില്ലാത്ത ഒരു സ്‌റ്റേഷന്‍. എസ്‌കലേറ്ററുകളോ ലിഫ്റ്റുകളോ ഇല്ല. എല്ലാ യൂറോപ്യന്‍ സ്റ്റേഷനുകളിലും കാണുന്ന ബാഗേജ് ട്രോളികള്‍ പോലുമില്ല. ആകാശത്തേക്കു കണ്ണയക്കുക, ഭാരം പേറുന്നവരുടെ തമ്പുരാനോടു പ്രാര്‍ഥിക്കുക. എന്നിട്ട് ഭാരമേറിയ ബാഗേജുമായി നടന്നു തുടങ്ങുക..

അസ്സീസ്സിയില്‍ ആകെയുള്ള ഒരേയൊരു ടാക്‌സി ഡ്രൈവറെന്നു തോന്നിക്കുന്നയാള്‍ സ്‌റ്റേഷനു പുറത്തു നില്‍പ്പുണ്ട്. മുറി ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഒരാള്‍. 'സീ, സീ, സീ, ഞാന്‍ കൊണ്ടു പോകാം' -ഞങ്ങള്‍ മേല്‍വിലാസം നീട്ടിയപ്പോള്‍ അതു തട്ടിമാറ്റിക്കൊണ്ട് അയാള്‍ പറഞ്ഞു. അസ്സീസ്സി നഗരാതിര്‍ത്തിക്കു പുറത്തു ഞങ്ങള്‍ വാടകക്കെടുത്ത അപ്പാര്‍ട്‌മെന്റിന്റെ വിലാസമായിരുന്നു അത്. ഹോട്ടല്‍ ഞങ്ങള്‍ വേണ്ടെന്നു വെച്ചതാണ്. അവിടെ അദൃശ്യരായി കഴിയണം. ഫാം ഹൗസുകള്‍ കിട്ടും. നല്ല കുടുംബാന്തരീക്ഷവുമുണ്ട്. എന്നാല്‍ ഈ അപ്പാര്‍ട്‌മെന്റില്‍ ഞങ്ങള്‍ക്കു ഞങ്ങളായി കഴിയാം -ഞങ്ങളുടേതല്ലാത്ത അന്തരീക്ഷത്തില്‍! ഒരാഴ്ചക്കാലം ഇനി ഇതാണ് ഞങ്ങളുടെ താവളം. കലയോ സഞ്ചാരികളോ കടന്നു വരാത്ത ഒരിടം.

'ഇന്ത്യയില്‍.. ബോംബെയിലൊരു സുഹൃത്തുണ്ട് എനിക്ക്. ഒരു കപൂച്ചിന്‍ പുരോഹിതന്‍.' വണ്ടിയോടിക്കുമ്പോള്‍ അയാള്‍ പറഞ്ഞു. വഴിയിലുടെ നടന്നു നീങ്ങുന്ന കാപ്പി കളര്‍ വസ്ത്രം ധരിച്ച ഫ്രാന്‍സിസ്‌കന്‍ സഭക്കാരായ നിരവധി കപൂച്ചിന്‍ പുരോഹിതന്‍മാരെ കണ്ടപ്പോഴാവണം അയാളതോര്‍ത്തത്.

 


ഒരു കുന്നിന്‍ മുകളിലാണ് അസ്സീസ്സി പട്ടണം. 25000 മാത്രം ജനസംഖ്യയുള്ള ഒരു മധ്യകാലനഗരം. (അതില്‍ 6000 പേരേ നഗരത്തിലുള്ളൂ). ഇവിടത്തെ ഓരോ തറയോടിനു പോലും പറയാനുണ്ട് ചരിത്രത്തിന്റെ നൂറായിരം പാഠങ്ങള്‍. ഉംബ്രിയന്‍-റോമന്‍-മധ്യകാലഘട്ടം മുതല്‍ വര്‍ത്തമാനകാലം വരെ നോക്കിയാല്‍ നൈരന്തര്യത്തിന്റെ ഒരപൂര്‍വമാതൃക ഈ നഗരത്തില്‍ കാണാം. ഉംബ്രിയന്‍ അധിനിവേശ കാലത്ത് റോമന്‍ അസ്സീസ്സിയം എന്നു പേരില്‍ നിലനിന്ന 'മുനിസിപ്പിയ'മാണ് ഇത്. (13ാം നൂറ്റാണ്ടു വരെ റോമന്‍ എന്ന വാല് ആ പേരിനോടൊപ്പം ഉണ്ടായിരുന്നു) ക്രിസ്തുവര്‍ഷം 238 ലാണ് ബിഷപ്പ് റൂഫിനസ് തദ്ദേശീയരെ പൂര്‍ണമായും ഈവാഞ്ചലിസ്റ്റുകളാക്കിയത്.

അസ്സീസ്സിയിലെ തെരുവുകളിലൂടെ ഞാന്‍ വെറുതെ നടന്നു. കാലം ഉറഞ്ഞു പോയതു പോലെ ഒരു നഗരം. അസ്സീസ്സിയില്‍ നിന്നുള്ള ഏറ്റവും വലിയ വിശ്വാസക്കയറ്റുമതിയുടെ കാലത്തും ഇതിങ്ങനെയായിരുന്നുവോ ആവോ! ഫ്രാന്‍സിസ് പുണ്യവാളന്റെയും ഫ്രാന്‍സിസ്‌കന്‍ സഭയുടെയും സമര്‍പ്പിത കന്യാസ്ത്രീകളുടെയും കയറ്റുമതിക്കാലത്ത്? ആര്‍ക്കറിയാം.

1181-ലോ 82-ലോ ആണ് ഫ്രാന്‍ചെസ്‌കോ എന്ന ഫ്രാന്‍സിസ് പുണ്യവാളന്റെ ജനനം. പീത്രോ ദി ബെര്‍ണാഡോണി എന്ന ഒരു വസ്ത്രവ്യാപാരിയുടെ മകനായി. ലൂച്ചയില്‍ നിന്നു വന്ന കുടുംബമായിരുന്നു അവരുടേത്. ഭാര്യ പീകയാവട്ടെ ഫ്രഞ്ച് മേഖലയായ പ്രൊവന്‍സലില്‍ നിന്നുള്ളവള്‍. ധനവും അതു നല്‍കുന്ന മറ്റു സൗഖ്യങ്ങളും ത്യജിച്ച് ഫ്രാന്‍ചെസ്‌കോ സ്വന്തം ജീവിതം ഗതിമാറ്റി വിട്ടു. സാന്‍ ദാമിയാനോവിലെ ഒരു പ്രാര്‍ഥനാവേളയിലുണ്ടായ വെളിപാടാണത്രെ ഫ്രാന്‍ചെസ്‌കോയെ പിന്നീട് ഫ്രാന്‍സീസ് പുണ്യവാളനാക്കിയത്. സഭയെ പുനരുദ്ധരിക്കാന്‍ ഇറങ്ങിത്തിരിക്കുക എന്നായിരുന്നു ആ അരുളപ്പാട്. 1205-ലാണ് ഇത്.

1208-ല്‍ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഭ (ഗ്രേ-ഫ്രയര്‍) രൂപീകരിച്ചു. ബെനഡിക്റ്റിനീസില്‍ നിന്ന് സമ്മാനമായി ലഭിച്ച പ്രൊസീന്‍ക്യൂല, അഥവാ സാന്‍ മാരിയ ദേഗ്‌ലി ആഞ്ചലി ചാപ്പല്‍, ആയിരുന്നു സഭയുടെ ആസ്ഥാനം. അസ്സീസ്സിയിലെ പ്രഭുകുടുംബാംഗമായ ചിയാര ദി ഫവറോമി ഒഫ്രിദൂച്ചിയോ എന്ന പെണ്‍കുട്ടിയുമായുണ്ടായ കണ്ടുമുട്ടലാണ് രണ്ടാമതൊരു സഭ കൂടി -ക്ലാരിസീസ് കന്യാസ്ത്രീസഭ- സ്ഥാപിക്കാന്‍ അദ്ദേഹത്തിനു പ്രേരണയാവുന്നത്. പിന്നീട് 1212-ല്‍ കന്നാറയില്‍ അദ്ദേഹം മൂന്നാമതൊരു സഭ കൂടി സ്ഥാപിക്കുന്നുണ്ട്. പാവങ്ങളുടെ സഭ. 1224-ല്‍ ലാ വേര്‍ണയില്‍ വെച്ച് അദ്ദേഹത്തിന് ത്വക് രോഗം ബാധിച്ചു. 1226-ല്‍ പ്രൊസീന്‍ക്യൂലയില്‍ വെച്ചു മരിക്കുകയും ചെയ്തു.

മരിച്ച് രണ്ടു വര്‍ഷത്തിനകം അദ്ദേഹം 'വിശുദ്ധ'നായി. പ്രഖ്യാപനത്തിന്റെ പിറ്റേന്നു തന്നെ ബ്രദര്‍ ഏലിയാസ് എന്ന അദ്ദേഹത്തിന്റെ സന്തത സഹചാരിയുടെ സ്ഥലത്ത് ഫ്രാന്‍ചെസ്‌കോയുടെ പേരിലുള്ള പള്ളിക്കും സഭാമന്ദിരത്തിനും ഗ്രിഗറി പന്ത്രണ്ടാമന്‍ മാര്‍പാപ്പ തറക്കല്ലിടുകയും ചെയ്തു. പിന്നീട് സെന്റ് ക്ലെയേഴ്‌സ് പള്ളിയായി മാറിയ അന്നത്തെ സെന്റ് ജോര്‍ജസ് പള്ളിയിലാണ് ആദ്യം അദ്ദേഹത്തിന്റെ ശരീരം സൂക്ഷിച്ചിരുന്നത്. കൊള്ളക്കാരായ ശവംമാന്തികളെ ഭയന്ന് പിന്നീടത് ഈ പുതിയ, പണിതീരാത്ത പള്ളിയിലേക്ക് രഹസ്യമായി മാറ്റി കുഴിച്ചിട്ടു.

അസ്സീസ്സി നഗരം അതിന്റെ ചരിത്രത്തില്‍ മാരകമായ രണ്ടു ഭൂകമ്പങ്ങളെയും നേരിട്ടിട്ടുണ്ട്. 1997 സപ്തംബറില്‍. എന്നാല്‍ പുനരുദ്ധാരണവും പുനര്‍ജീവനവും അതിശയകരമായ വേഗതയിലാണ് നടന്നത്. ചരിത്ര സ്മാരകങ്ങള്‍ക്കൊക്കെ സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇപ്പോഴും പലതും ശരിയായിട്ടില്ലെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം, സെന്റ് ഫ്രാന്‍ചെസ്‌കോ ബസലിക്ക, വെറും രണ്ടു വര്‍ഷം കൊണ്ടു തന്നെ നവീകരിക്കാന്‍ അവര്‍ക്കു സാധിച്ചു.

 


അസ്സീസ്സിയിലേക്കുള്ള യാത്രയില്‍ ഞാനൊരു പുസ്തകം കരുതിയിരുന്നു. സത്യത്തില്‍ ആ പുസ്തകമാണ് അസ്സീസ്സിയേലക്കു പോകണമെന്ന് എന്നെ പ്രേരിപ്പിച്ചത്. കസാന്‍ദ്‌സാക്കീസിന്റെ 'ദൈവത്തിന്റെ സ്വന്തം ദരിദ്രന്‍' എന്ന പുസ്തകം. പുണ്യാളന്റെ സഹയാത്രികനായിരുന്ന ബ്രദര്‍ ലിയോവിന്റെ കാഴ്ചപ്പാടില്‍ എഴുതപ്പെട്ടിട്ടുള്ളതാണ് ആ പുസ്തകം. ബസലിക്കയില്‍ നില്‍ക്കുമ്പോള്‍ ചുമരിലൊരു കള്ളറയുടെ വാതില്‍ ഞാന്‍ കണ്ടു. അതിലാണത്രെ ബ്രദര്‍ ലിയോ വിശ്രമം കൊള്ളുന്നത്. തൊണ്ടയില്‍ എന്തോ കുരുങ്ങിയതു പോലെ ഒരു വല്ലാത്ത വിഷമം. പുണ്യവാളനേക്കാള്‍ അയാളുടെ പ്രചാരകനാണ് മരിച്ചു കിടക്കുമ്പോള്‍ പോലും എന്നില്‍ ആദരവുണര്‍ത്തുന്നത് എന്നെനിക്കു വെറുതെ തോന്നി.

ആ ദിവസങ്ങളില്‍ ഞാന്‍ എന്നും നേരത്തെ എഴുന്നേറ്റു. ഒരു കാപ്പി തിളപ്പിച്ച് പ്‌ളേറ്റില്‍ കുന്നുകൂട്ടി വെച്ച ബ്രുഷേറ്റയുമായി, മഞ്ഞിന്റെ പുഷ്പചക്രങ്ങള്‍ പുതച്ചു കിടക്കുന്ന ഉംബ്രിയന്‍ മലകളെ നോക്കി ജനലരികില്‍ ഇരുന്നു. കുന്നും മലകളുമാര്‍ന്ന ആ ഭൂപ്രകൃതിയുടെ അടയാളമാണ് ഒലീവ്. ഇവിടെ കിട്ടുന്ന ഒലീവെണ്ണക്ക് മറ്റൊരിടത്തുമില്ലാത്ത പച്ചനിറമുണ്ട്. ഒപ്പം പഴച്ചാറിന്റെ സ്വാദും മദിപ്പിക്കുന്ന സുഗന്ധവും. ഈ ഒലീവെണ്ണയുടെ യഥാര്‍ഥ സ്വാദറിയാന്‍ ബ്രുഷേറ്റ (ആൃൗരെവലേേമ) തന്നെ തിന്നണം. ടോസ്റ്റ് ചെയ്ത നാടന്‍ ബ്രെഡിന്റെ കഷണത്തില്‍ വെളുത്തുള്ളിച്ചാറു പുരട്ടി ഒലീവെണ്ണയില്‍ മുക്കിയെടുക്കുന്ന ബ്രുഷേറ്റ.

നേരം നല്ലവണ്ണം പുലരുന്നതോടെ ഞങ്ങള്‍ നടക്കാനിറങ്ങും. മിക്കവാറും നടന്നെത്തുക നാടന്‍ കടയായ ജിയോവാനീസിലാവും. ഒരു റെസ്‌റ്റോറന്റും ബാറും എല്ലാം ചേര്‍ന്ന വില്ലേജ് സ്‌റ്റോര്‍. വൃദ്ധനായ ഉടമ ജിയോവാനി പിച്ചാന്റെ സലാമി എന്ന പീസ്സ മുറിച്ചു കഷണങ്ങളാക്കി വെണ്ണയും ഒലീവെണ്ണയും പുരട്ടി തരും. ഒന്നാംതരം വീഞ്ഞു തിരഞ്ഞെടുത്തു തരും. (നല്ല മുന്തിരി, നൂറു കണക്കിനു വരികളില്‍ വിളഞ്ഞു നില്‍ക്കുന്നത് ഈ പെറൂജിയ മേഖലയിലെ കുന്നിന്‍ ചെരിവുകളില്‍ എവിടെയും കാണുന്ന കാഴ്ചയാണ്). ബാറില്‍ ചെന്നാല്‍ ഗഌസ്സുകളില്‍ ഗ്രാപ്പ പകരാനും അടുക്കളയിലെ കൂറ്റന്‍ വിറകടുപ്പില്‍ തീ പൂട്ടാനും അയാളുണ്ടാവും. അയാളുടെ ഭാര്യയും ആണ്‍മക്കളുടെ ഭാര്യമാരും ചേര്‍ന്നാണ് ആ അടുപ്പില്‍ ഭക്ഷണമുണ്ടാക്കുക. അവരുടെ മെനു അനുസരിച്ചുള്ള പലതരം ഭക്ഷണങ്ങള്‍. അവര്‍ക്ക് ഇംഗ്ലീഷറിയില്ല. ഞങ്ങള്‍ക്കറിയുന്ന ഇറ്റാലിയനിലാണെങ്കില്‍ ഒരു ഡസനിലധികം പദങ്ങളുമില്ല. അതുകൊണ്ടാണ് ആശയവിനിമയം. പക്ഷെ ഭക്ഷണ സമയങ്ങളെ ആസ്വാദ്യമാക്കുന്നതില്‍ അതൊന്നും ഒരു തടസ്സവും ഉണ്ടാക്കിയില്ല.

പ്രേഷിതവൃത്തി പോലെ ചെയ്യേണ്ട യാത്രയാണെന്ന് അറിയാതെയല്ല അസ്സീസ്സിയിലേക്കു പോന്നത്. യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അവധിയെടുത്തതിന്റെ കടം ഞാന്‍ തന്നെ വീട്ടേണ്ടി വരുമെന്ന തിരിച്ചറിവുമുണ്ടായിരുന്നു. അതിനാല്‍ സ്വയം വരിച്ച ശിക്ഷ പോലെ ഇടക്കിടെ പള്ളികളിലും ചുമര്‍ചിത്രശാലകളിലും പോയിക്കൊണ്ടിരുന്നു. ആ ഏകാന്തയാത്രകള്‍ക്കിടെ എപ്പോഴോ ഞാന്‍ സ്വതന്ത്രയായി. പള്ളിച്ചുമരിലെ കള്ളറവാതിലില്‍ തുറിച്ചു നോക്കി മുമ്പ് ഇതെന്തായിരിക്കും എന്നാലോചിച്ചങ്ങിനെ നില്‍ക്കുക. എവിടേക്കു നീളുന്നു എന്നറിയാത്ത ഇടവഴികളിലൂടെ വെറുതെ നടക്കുക. പല ഇടവഴികള്‍ ചേരുന്നിടത്ത് അന്തിച്ചങ്ങിനെ നില്‍ക്കുക. വെറുതെ ചുമരില്‍ തലോടിയോ വെള്ളാരങ്കല്ലുകളില്‍ തഴുകിയോ എല്ലാം മറന്ന് മണിക്കൂറുകളോളം ഇരിക്കുക. അങ്ങിനയൊക്കെയായി എന്റെ അസ്സീസ്സി പകലുകള്‍. ഗലറ്റേറിയകളിലേക്കുള്ള നടപ്പ്, ഒറ്റ കോണില്‍ മൂന്നു ഫ്ലേവറുള്ള ഐസ്‌ക്രീമുകള്‍ ഒന്നിച്ചു കലര്‍ത്തിയുള്ള തീറ്റ, ഒരു ഫുള്‍ ബോട്ടില്‍ ഗ്രാപ്പ വാങ്ങി വൈകുന്നേരം മുഴുവന്‍ നീണ്ട കുടി, ചിലപ്പോള്‍ ഒന്നു ചെയ്യാതെ വെറുതെ ഒരിരിപ്പ്...

പിന്നീടു മിലാനിലെത്തിയപ്പോള്‍ ആരോ ചോദിച്ചു: 'അസ്സീസ്സിയില്‍ നീയെന്തു ചെയ്യുകയായിരുന്നു?'

ഞാന്‍ വെറുതെ ചുമല്‍ കുലുക്കി ഒന്നു പുഞ്ചിരിച്ചു. 'ഒന്നും ചെയ്തില്ല'. ഞാന്‍ പറഞ്ഞു. അസ്സീസ്സി അപ്പോഴും ഉള്ളില്‍ നിറഞ്ഞുനിന്നു. ആദ്യമായി 'ഒന്നുമില്ല' (Nothing) എന്ന വാക്കിന് 'എല്ലാം' (Everything) എന്നര്‍ഥം കൈവരുന്നത് ഞാനറിഞ്ഞു. സ്വര്‍ണത്തിന്റേയും പച്ചയുടേയും നിറം. നിശ്ശബ്ദത നിറഞ്ഞൊഴുകുന്ന നിമിഷങ്ങള്‍. എല്ലാം എന്നെ വീണ്ടും തേടി വന്നു. അകലെ മലഞ്ചെരിവില്‍ അവ്യക്തമായി തെളിയുന്ന ചെമ്മരിയാടിന്റെ രൂപം നോക്കിയോ തേഞ്ഞ കല്ലുകള്‍ കൊണ്ടു തീര്‍ത്ത ഫാം ഹൗസിന്റെ ചിമ്മിനിയില്‍ നിന്നുയരുന്ന പുകയുടെ വളയങ്ങള്‍ നോക്കിയോ വെറുതെ നിന്ന ആ നില്‍പ്പു പോലും...

 


Assisi

Location: Umbria region, Prugia Province Central Italy. (43° 04' 00' N 012° 37' 00' E )

How to reach

By air: Central Italy's closest major airports are in Rome, Pisa, and Florence.
By train: From the North, the main line between Florence and Rome has a station at Terontola (on the branch line to Lake Trasimene, Perugia, Assisi, Spello, and Foligno), so coming from Florence take one of the dozen daily trains to Terontola/Cortona (1'/2 hr.) that meet up with a connecting train to Assisi/S.Maria degli ANgeli (45 to 60 min.).

From the South, the main line between Rome and Ancona has a station at Foligno (on the branch line to Spello, Assisi, Perugia and Lake Trasimene), so coming from Rome, take one of the nine daily trains on the line to Ancona, stop at Foligno (1 hr., 40 min. to 2 hr.), where you can transfer to a Perugia-bound train (10 to 15 min.).
All the cited lines are part of the FS state-run railway system and stop at a station on Santa MAria degli Angeli, well away from the historic center (about 3km) but a 30-minute ride on buses from the center of town (C Line). Bus services leave from the forecourt outside the station and drop you in Piazza Matteotti.

Stay

Hotels, Farm Holiday Country Houses, Period Residences, Youth Hostels, Religious Boarding Houses, Camp sites, Apartments Rooms are available for Rent. For details: www.assisionline.com

Contact

Information Officeof the Basilica of San Francesco (+39) 075.8190084

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment