Thursday 5 December 2013

[www.keralites.net] ???????????? ????? ??????????

 

വിഗ്രഹങ്ങള്‍ വീണുടയുമ്പോള്‍



തങ്ങള്‍ നെഞ്ചിലേറ്റിയ വിഗ്രഹങ്ങള്‍ ഒന്നൊന്നായി വീണുടയുമ്പോള്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ഏല്‍ക്കുന്ന ആഘാതം മഹായുദ്ധങ്ങളേക്കാള്‍ വലിയ ദുരന്തമാണെന്ന് പറഞ്ഞത് നിക്കോസ് കസന്‍സാക്കീസ് ആയിരുന്നു. യുദ്ധങ്ങളും മഹാമാരികളും എല്ലാം തകര്‍ക്കുന്നത് ഭൗതിക ജീവിതം മാത്രമാണ് എന്നാല്‍ വിശ്വാസപാതകത്തില്‍ നശിക്കുന്നത് ആത്മീയത തന്നെയാണ്. ആത്മസത്ത നശിച്ച ജനത വെറും ജഡമാണെന്ന് മഹാനായ ആ ഗ്രീക്ക് സാഹിത്യകാരന്‍ വിശ്വസിച്ചിരുന്നു.

നമ്മള്‍ ആത്മീയമായി നശിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയാന്‍ നമുക്ക് ചുറ്റും വീണുടയുന്ന നമ്മുടെ ആരാധനാ വിഗ്രഹങ്ങള്‍ എണ്ണിയാല്‍ മതി. വീരോദാത്തരെന്ന് നാം ധരിച്ച പലരും പൊയ്ക്കാലുകള്‍ ഉള്ള കളിമണ്‍ ദൈവങ്ങളാണെന്ന് മനസ്സിലാവുമ്പോള്‍ ഉണ്ടാകുന്ന മാനസികമായ അനാഥത്വം. അതാണ് യഥാര്‍ത്ഥ മാനവ ദുരന്തം.

രാഷ്ട്രതന്ത്രജ്ഞരും ആത്മീയാചാര്യന്മാരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും എല്ലാം വെറും പാഴ്‌ദൈവങ്ങളായി മാറുന്നതിന്റെ നിരന്തര ഘോഷയാത്രയാണ് ഇന്ന് മാധ്യമങ്ങളിലുടനീളം. ഈ പതന കാണ്ഡത്തിന്റെ ഏറ്റവും പുതിയ ആഖ്യാനമാണ് പത്രപ്രവര്‍ത്തകനും നോവലിസ്റ്റും ക്രൂസേഡറും ഒക്കെയായ തരുണ്‍ തേജ്പാല്‍ എന്ന നവോത്ഥാന പത്രപ്രവര്‍ത്തനത്തിന്റെ അവതാരകന്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം തേജ്പാല്‍ തന്റെ മകളുടെ പ്രായമുളള, തന്റെ മകളുടെ സുഹൃത്തായ, തന്റെ സുഹൃത്തിന്റെ മകളായ, സര്‍വ്വോപരി തന്റെ പത്രത്തില്‍ തന്റെ സംരക്ഷണത്തില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് 'ബലാത്സംഗം' ചെയ്തു. ഒരു തവണയല്ല രണ്ടു തവണ. ബലാത്സംഗം അല്‍പ്പ വിരാമ ചിഹ്നത്തില്‍ ഇട്ടിരിക്കുന്നതിന് കാരണമുണ്ട്. പുതിയ നിയമം അനുസരിച്ച് ഏത് തരത്തിലുള്ള സ്ത്രീ പീഡനവും ബലാത്സംഗമാണ്. ശരീര സ്പര്‍ശിയായാല്‍ മാത്രം മതി. തരുണ്‍ തേജ്പാല്‍ 24 വയസ്സുകാരിയായ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു എന്ന് ഒഴുക്കന്‍ മട്ടില്‍ പറയാന്‍ നിയമം സമ്മതിക്കില്ല എന്ന് ചുരുക്കം.

സംഭവത്തിന്റെ സൂക്ഷ്മ-സ്ഥൂല കഥകള്‍ വാര്‍ത്താമാധ്യമങ്ങളില്‍ ആവശ്യത്തിലേറെ വന്നു പോയതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കു ന്നില്ല.ഇത് പക്ഷെ വെറുമൊരു സ്ത്രീപീഡന കഥയല്ല. ഒരു വിഗ്രഹ നഷ്ടത്തിന്റെ കഥയാണ്. തരുണ്‍ തേജ്പാല്‍ എന്ന പുത്തന്‍ പത്രപ്രവര്‍ത്തനത്തിന്റെ ആള്‍ദൈവം പരാജയപ്പെട്ട കഥ.

ആരാണ് തരുണ്‍ തേജ്പാല്‍? ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന തെഹല്‍ക്കാ എന്ന ഇംഗ്ലീഷ് വാരികയുടെ സ്ഥാപക പത്രാധിപര്‍ എന്ന് ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ പൂര്‍ണ്ണമായും ശരിയാവില്ല. ലോകമെമ്പാടുമുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പത്രപ്രവര്‍ത്തകന്‍, വര്‍ഗ്ഗീയത, ലൈംഗിക പീഡനം തുടങ്ങിയ തിന്മകള്‍ക്കെതിരായും മതേതരത്വം, സോഷ്യലിസം തുടങ്ങിയ നന്മകള്‍ക്കുവേണ്ടിയും കുരിശുയുദ്ധം നടത്തുന്ന ധീരനായ പത്രാധിപര്‍, സര്‍വ്വോപരി അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും കൈയ്യോടെ പിടിച്ച് അവരില്‍ പലരെയും ജയിലിലടച്ച അമാനുഷന്‍, സൂപ്പര്‍ മാന്‍.

വെറുതെയല്ല ഗാര്‍ഡിയന്‍, ന്യൂസ് വീക്ക്, ബിസിനസ്സ് വീക്ക് തുടങ്ങിയ പ്രഗത്ഭ പാശ്ചാത്യ പ്രസിദ്ധീകരണങ്ങള്‍ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളെന്നും ലോകത്തിന്റെ ഗതിമാറ്റാന്‍ കഴിവുള്ള 50 പ്രമുഖ വ്യക്തികളില്‍ ഒരാളെന്നും മറ്റും തേജ്പാലിനെ വിശേഷിപ്പിച്ചത്. ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള ആഗോള മാധ്യമ സംഘടനകള്‍ ഏറ്റവും നല്ല പത്രപ്രവര്‍ത്തകനും പത്രാധിപര്‍ക്കും മറ്റുമുള്ള അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ബഹുമാനിച്ചത്.

1980 കളുടെ തുടക്കത്തില്‍ ചണ്ഡീഗഢില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രാദേശിക ലേഖകനായി ജീവിതം ആരംഭിച്ച തേജ്പാലിന്റെ വളര്‍ച്ചക്ക് യക്ഷിക്കഥകളുടെ അവിശ്വസനീയതയും കാല്‍പ്പനികതയും ഉണ്ടായിരുന്നു. എക്‌സ്പ്രസിന്റെ പ്രാദേശിക റിപ്പോര്‍ട്ടറും ഇന്ത്യാ ടുഡെയുടെ സബ് എഡിറ്ററും ആയ തേജ്പാല്‍ വളരെ പെട്ടെന്നായിരുന്നു ഔട്ട്‌ലുക്ക് എന്ന പുത്തന്‍ വാരികയുടെ മാനേജിംഗ് എഡിറ്റര്‍ ആയത്. വിനോദ് മേത്ത എന്ന പ്രഗത്ഭനായ പത്രാധിപരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഔട്ട്‌ലുക്കിന് ഇന്ത്യാടുഡെയോട് കിടപിടിക്കുന്ന ഒരു രാഷ്ട്രീയ വാരികയായി വളരാനുള്ള സാധ്യതകള്‍ ഉണ്ടെന്ന് അന്നേ പലര്‍ക്കും ബോധ്യമായിരുന്നു. അതിന്റെ മാനേജിംഗ് എഡിറ്ററായ തേജ്പാലിന് സമൂഹത്തിലെ ഉന്നതന്മാര്‍ക്കിടയില്‍ കേറിപ്പറ്റാന്‍ തന്റെ ഔദ്യോഗിക പദവി എങ്ങിനെ ഉപയോഗിക്കണം എന്നറിയാമായിരുന്നു.

തരുണ്‍ തേജ്പാല്‍ എന്ന സെലിബ്രിറ്റി പത്രപ്രവര്‍ത്തകന്റെ ജനനം അവിടെ നിന്നാണ്. താമസിയാതെ തരുണ്‍ തലസ്ഥാനത്തെ പ്രധാന പത്രങ്ങളിലെ മൂന്നാം പേജില്‍ സ്ഥിര സാന്നിധ്യമായി. ആറടിയിലേറെ പൊക്കമുള്ള, ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന, ഇംഗ്ലീഷിലും ഹിന്ദിയിലും അസാധാരണ വാക് ചാതുര്യമുള്ള സുമുഖനായ ഈ പഞ്ചാബി, 'പേജ് ത്രി ക്രൗഡ്' എന്നറിയപ്പെടുന്ന പൊങ്ങച്ചക്കളിയരങ്ങുകള്‍ക്ക് നിറം പകര്‍ന്നു. തേജ്പാലിനെത്തേടി പണവും പ്രശസ്തിയും മാത്രമല്ല കാമുകിമാരും വീട്ടുപടിക്കല്‍ കാത്തുനിന്നു. വെറുമൊരു പൊങ്ങച്ചക്കാരന്‍ മാത്രമായിരുന്നില്ല തേജ്പാല്‍. ബുദ്ധിയും കൗശലവും ഉള്ളവര്‍ക്ക് മാത്രം വളരാന്‍ പറ്റിയ ഡല്‍ഹിയുടെ മണ്ണില്‍ ചുരുങ്ങിയ കാലം കൊണ്ട് ഒരു വടവൃക്ഷമായി വളരാന്‍ അദ്ദേഹത്തിന് കഴിഞ്ഞെങ്കില്‍ ആ മനുഷ്യന്‍ പൊള്ളയായിരുന്നില്ല എന്ന് വ്യക്തം.

തൊട്ടതെല്ലാം പൊന്നാക്കാന്‍ കഴിയുന്ന മാന്ത്രിക വിരലുകളാണ് തരുണിന്റേതെന്ന് സുഹൃത്തുക്കള്‍ പറയുമായിരുന്നു. ഏറെക്കുറെ അത് ശരിയുമായിരുന്നു.

തൊണ്ണൂറുകളുടെ അവസാനത്തില്‍ ഒരു വെബ് പോര്‍ട്ടലായി ആരംഭിച്ച തെഹല്‍ക ഏതാനും വര്‍ഷങ്ങള്‍ക്കകം ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണാത്മക വാരികയായി രൂപം മാറി. ഒളിക്യാമറയും ടേപ്പ് റിക്കോര്‍ഡറും ഉപയോഗിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന സ്റ്റിങ്ങ് ജേര്‍ണലിസം എന്ന പുത്തന്‍ സങ്കേതം ഇന്ത്യയില്‍ അവതരിപ്പിച്ച തരുണ്‍ പത്രപ്രവര്‍ത്തനത്തിന് ഒരു രഹസ്യാന്വേഷണ പരിവേഷം നല്‍കി. അത് വഴി ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തില്‍ അദ്ദേഹം ഒരു നവോത്ഥാന നായകനായി മാറി. അത് വരെ കുറ്റാന്വേഷണ ഏജന്‍സികളും പാശ്ചാത്യരാജ്യങ്ങളിലെ ടാബ്ലോയ്ഡ് പത്രങ്ങളും തങ്ങളുടെ പ്രതിയോഗികളുടെ കിടപ്പറ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ചിരുന്ന നീചമായ സ്റ്റിങ്ങ് ഓപ്പറേഷന്‍ തേജ്പാല്‍ ബഹുമാന്യമായ ഒരു മാധ്യമ സങ്കേതമായി ഉപയോഗിച്ചു. സമൂഹത്തിലെയും രാഷ്ട്രീയത്തിലെയും കറുത്തകൈകളെ തുറന്നുകാട്ടാനുള്ള ജേര്‍ണലിസം എന്ന് ലോകത്തെ ധരിപ്പിക്കാന്‍ തേജ്പാലിന് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യം.

തെഹല്‍ക എന്നാല്‍ ഹിന്ദിയില്‍ പ്രകമ്പനം എന്നാണര്‍ത്ഥം. പേരിനെ അന്വര്‍ത്ഥമാക്കും വിധം തെഹല്‍ക്ക പിറന്നു വീണതുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തെയും കായികരംഗത്തെയും പ്രകമ്പനം കൊള്ളിച്ച വാര്‍ത്തകളും ആയാണ.് ക്രിക്കറ്റിലെ വാതുവെപ്പ് ലോകം അറിയുന്നത് തെഹല്‍ക്കയിലൂടെയാണ് സൈനിക കോണ്‍ട്രാക്ടുകളില്‍ കൈമാറുന്ന കൈക്കൂലിയും കൂട്ടിക്കൊടുക്കലുകളും പുറത്തുകൊണ്ടുവന്നതും ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് പിന്നിലെ ഉപജാപങ്ങളും എല്ലാം രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച തെഹല്‍ക്ക കഥകളാണ്.

തെഹല്‍ക്കയുടെ അനിതരസാധാരണമായ വളര്‍ച്ച തരുണ്‍ തേജ്പാലിന്റെ സൗഹൃദബന്ധങ്ങളിലും പ്രതിഫലിച്ചു. നൊബേല്‍ ജേതാവായ വി.എസ്.നെയ്പാള്‍ മുതല്‍ ബുക്കര്‍ ജേതാവായ അരുന്ധതിറോയി വരെയും അമിതാഭ് ബച്ചന്‍ മുതല്‍ ഹോളിവുഡ് താരം റോബര്‍ട്ട് ദെ നീറോ വരെയും ആ സൗഹൃദം വളര്‍ന്നു. എല്ലാം ഒൗട്ട്‌ലുക്കിന്റെ മാനേജിങ് എഡിറ്റര്‍ എന്ന സ്ഥാനം ഉപയോഗിച്ച് പിടിച്ചുപറ്റിയ സൗഹൃദങ്ങള്‍. ഉന്നതരുടെ സൗഹൃദങ്ങള്‍ പിടിച്ചെടുക്കാന്‍ മാത്രമല്ല ആ സൗഹൃദങ്ങള്‍ തന്റെ ഉയര്‍ച്ചക്ക് ഉപയോഗിക്കാനും തേജ്പാലിനറിയാമായിരുന്നു.

തെഹല്‍ക എന്ന വെബ്‌സൈറ്റ് ഒരു ദിനപ്പത്രം ആക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അടുത്ത സ്വപ്‌നം. അതിനാവശ്യമായ മുതല്‍ മുടക്ക് സ്വരൂപിക്കാന്‍ തേജ്പാല്‍ കണ്ട വഴി തന്നിലെ മിടുക്കനായ കച്ചവടക്കാരനെ പുറത്തുകൊണ്ടുവരിക എന്നതായിരുന്നു. പ്രശസ്തരായ തന്റെ സുഹൃത്തുക്കള്‍ ഓരോരുത്തരില്‍ നിന്നും ഒരു ലക്ഷം രൂപ വീതം കടമായി വാങ്ങിക്കാന്‍ തേജ്പാല്‍ തീരുമാനിച്ചു. പലരും ഒന്നിലേറെ ലക്ഷങ്ങള്‍ കൊടുത്തു, കടമായും സംഭാവനയായും. തേജ്പാല്‍ കടവും സംഭാവനയും തിരിച്ചുകൊടുത്തില്ല എന്ന് മാത്രമല്ല പിന്നീട് അതെല്ലാം തന്റെ പേരിലുള്ള തെഹല്‍ക്കാ ഷെയറുകളായി മാറ്റി കോടികള്‍ക്ക് മറിച്ചു വിറ്റു എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ഉണ്ടാക്കിയ കാശിന് പുറമെ വായനക്കാരെക്കൊണ്ട് കാശിറക്കിച്ച് പത്രം പ്രസിദ്ധീകരിച്ച ആദ്യത്തെ പത്രമുടമ എന്ന അന്യൂനമായ ഖ്യാതിയും തേജ്പാല്‍ നേടിയെടുത്തു.

അതിനിടെ ഒരു പബ്ലിക്കേഷറുടെ വേഷമിടാനും തേജ്പാല്‍ സമയം കണ്ടെത്തി. പ്രതീക്ഷിച്ചത് പോലെ എവിടെയും അദ്ദേഹം ഒരു മഹാസംഭവമായി. അരുന്ധതിറോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ് എന്ന കന്നി പുസ്തകം തേജ്പാലിന്റെ ഇന്ത്യാ ഇങ്ക് എന്ന സ്ഥാപനം പ്രസാധനം ചെയ്തു. അരുന്ധതി ബുക്കര്‍ സമ്മാനം നേടിയ വിശ്വസാഹിത്യകാരിയായി. അത്രക്കൊന്നും ആയില്ലെങ്കിലും തേജ്പാല്‍ സ്വന്തം നോവലുകളും പ്രസിദ്ധീകരിച്ചു.

ചുരുക്കത്തില്‍ തരുണ്‍ തേജ്പാല്‍ എന്ന പത്രപ്രവര്‍ത്തകന്‍ മറ്റെന്തൊക്കെയോ ആയി ആകാശത്തോളം വളര്‍ന്നു കഴിഞ്ഞിരുന്നു. അതോടൊപ്പം അയാളുടെ അഹങ്കാരവും.

ദുര്‍മേദസ് ബാധിച്ച തേജ്പാലിന് എല്ലാം വില്‍ക്കാനും വാങ്ങാനും ഉള്ള ചരക്കുകളായി. തെഹല്‍ക്കയിലൂടെ താന്‍ ഉയര്‍ത്തിക്കാട്ടിയ ആദര്‍ശങ്ങള്‍ പണവും പ്രശസ്തിയും ഉണ്ടാക്കാനുള്ള തുരുപ്പ് ചീട്ടുകള്‍ മാത്രമായി. പണം ഉണ്ടെങ്കില്‍ ഏത് സ്ത്രീ ശരീരവും തനിക്ക് വഴങ്ങും എന്ന് അയാള്‍ വിശ്വസിച്ചു.

തിങ്ക് ഫെസ്റ്റിവല്‍ എന്ന പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തേജ്പാല്‍ നടത്തിവരുന്ന മാമാങ്കവും ഇത് പോലെ തന്റെ യശസ്സ് വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു ഉപാധിയായിരുന്നു. ലോകത്തെ മാറ്റി മറിക്കാന്‍ കഴിവുള്ള പ്രബുദ്ധരായ ഉന്നതന്മാരുടെ കൂട്ടായ്മയായാണ് തിങ്ക് ഫെസ്റ്റിവലിനെ തേജ്പാല്‍ മാര്‍ക്കറ്റ് ചെയ്തത്. എല്ലാ വര്‍ഷവും ഗോവയിലെ വശ്യസുന്ദരമായ കടല്‍ത്തീരത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അരങ്ങേറുന്ന ഈ താരോത്സവം തരുണ്‍ തേജ്പാല്‍ എന്ന പത്രപ്രവര്‍ത്തകനെ ലോകം അറിയുന്ന ഒരു മാധ്യമ ചക്രവര്‍ത്തി ആക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. എവിടെ നടക്കുന്നു എന്ന് പറയപ്പെടുന്ന ബൗദ്ധിക ചര്‍ച്ചകളും സെമിനാറുകളും വെറും പാര്‍ശ്വദൃശ്യങ്ങള്‍ മാത്രം.

മദ്യത്തിന്റെ ഉന്മാദലഹരിയില്‍ തേജ്പാല്‍ ഒരു രാത്രി തന്റെ അതിഥികളോട് വിട പറഞ്ഞത് ഇങ്ങിനെ: ഇന്ന് രാത്രി നമുക്ക് ആവോളം മദ്യപിക്കാം, ആരുടെ കൂടെ വേണമെങ്കിലും കിടക്കാം, ഉറങ്ങുകയോ ഉറങ്ങാതിരിക്കുകയോ ചെയ്യാം. പക്ഷെ നാളെ രാവിലെ തിരിച്ച് ഇവിടെ എത്താന്‍ മറക്കരുത്. കാരണം ഗഹനമായ വിഷയങ്ങളെക്കുറിച്ച് ഇനിയും നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലെ ആ നിര്‍ണ്ണായക രാത്രിയില്‍ തേജ്പാല്‍ താന്‍ അതിഥികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം സ്വയം പാലിച്ചു. തന്നോടൊപ്പം ലിഫ്റ്റില്‍ സഞ്ചരിച്ച പുത്രിസമാനയായ തന്റെ കീഴ് ജീവനക്കാരിയുടെ മേല്‍ തരുണ്‍ തേജ്പാല്‍ എന്ന കേമന്‍ തന്റെ ഉന്മാദം ഇറക്കിവെക്കാന്‍ ശ്രമിച്ചു. തൊട്ടതെല്ലാം പൊന്നാക്കാന്‍ കഴിയുമായിരുന്ന തന്റെ മാന്ത്രിക വിരലുകള്‍, ആരെയും വശീകരിക്കുന്ന വാഗ്‌ധോരണി ചൊരിയാറുള്ള തന്റെ നാക്കും എല്ലാം ആ രാത്രി തരുണ്‍ തേജ്പാല്‍ ദുരുപയോഗം ചെയ്തു, അല്ലെങ്കില്‍ ചെയ്യാന്‍ ശ്രമിച്ചു.

തരുണ്‍ എന്ന നല്ല പത്രപ്രവര്‍ത്തകനെ എനിക്കറിയാമായിരുന്നു. കൃത്യമായി കാശ് തരാറില്ലെങ്കിലും ഇടക്കൊക്കെ തെഹല്‍ക്കയില്‍ എഴുതാറുണ്ടായിരുന്നു. പക്ഷെ തരുണ്‍ തേജ്പാല്‍ എന്ന പത്രമുതലാളിയെ എനിക്ക് പരിചയമില്ല.

എപ്പോഴാണ് തരുണ്‍ എന്ന നല്ല പത്രപ്രവര്‍ത്തകന്‍ ദുരാഗ്രഹിയായ തരുണ്‍ തേജ്പാലായത്, എപ്പോഴാണ് അയാള്‍ ഐക്കാറസ് എന്ന ഗ്രീക്ക് ദേവനെപ്പോലെ, നമ്മുടെ തന്നെ ഹനുമാനെപ്പോലെ സൂര്യനെ വിഴുങ്ങാന്‍ പോയത്?

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment