Thursday 5 December 2013

[www.keralites.net] ??????? ????????? ????????????? ?????? ?????

 

ചരിത്രം സൃഷ്ടിച്ച പുസ്തകലോകത്തെ ചെകുത്താന്‍


കാലം
എത്ര വേഗത്തിലാണ് കടന്നുപോകുന്നത്? സല്‍മാന്‍ റഷ്ദിയുടെ വിവാദനോവലായ 'ദ സത്താനിക് വേഴ്‌സസിന്' 25 വയസ്സായെന്ന് അടുത്ത ദിവസം ഗാര്‍ഡിയനിലും ഹഫിങ്ടണ്‍ പോസ്റ്റിലും കണ്ട ലേഖനങ്ങളാണ് ഓര്‍മ്മിപ്പിച്ചത്. എല്ലാ അര്‍ത്ഥത്തിലും പുസ്തകലോകത്തെ ചെകുത്താനായി മാറാനായിരുന്നു ആ നോവലിന്റെ നിയോഗം. ഒരു പുസ്തകത്തിന് ഇത്രയൊക്കെ ദുരന്തങ്ങള്‍ വരുത്തിവെക്കാനാവുമെന്ന് അന്നുവരെ ലോകത്താരും തന്നെ കരുതുവാനിടയില്ല. സാഹിത്യചരിത്രത്തില്‍ പുസ്തകവിവാദങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. അതാകട്ടെ സോക്രട്ടീസിന്റെ കാലംതൊട്ട് തുടങ്ങിയതുമാണ്. പുസ്തകനിരോധനങ്ങളും എല്ലാക്കാലത്തും നടന്നിട്ടുണ്ട്. ആധുനിക കാലത്തെ പ്രസിദ്ധമായ പല വിവാദങ്ങളും നമുക്കറിയാം. ഡി.എച്ച്.ലോറന്‍സും ജെയിംസ് ജോയ്‌സും, കസാന്‍ദ് സാക്കീസും, സരമാഗോയും, ഒബ്രിമേനനുമൊക്കെ സ്വന്തം രചനകളുടെ പേരില്‍ പ്രതിക്കൂട്ടിലായിട്ടുള്ളവരാണ്. എന്നാല്‍ റഷ്ദി നേരിടേണ്ടി വന്നത് അത്യപൂര്‍വ്വവും അതിഭയാനകവും ഒരുവേള വരാനിരിക്കുന്ന കാലത്തില്‍ പോലും നടക്കാനിടയില്ലാത്തതുമായ പ്രതിഷേധത്തെയാണ്.
 

1988 സപ്തംബറിലാണ് സല്‍മാന്‍ റഷ്ദിയുടെ നാലാമത്തെ നോവലായ 'ദ സത്താനിക് വേഴ്‌സസ്' ലണ്ടനിലെ വൈക്കിങ്/പെന്‍ഗ്വിന്‍ എന്ന പ്രസാധകര്‍ പുറത്തിറക്കിയത്. പൊതുവെ നല്ല സ്വീകരണമാണ് അതിന് തുടക്കത്തില്‍ ലഭിച്ചത്. ബ്രിട്ടീഷ് മാധ്യമങ്ങളെല്ലാം നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ആ വര്‍ഷത്തെ നല്ല നോവലിനുള്ള വിറ്റ്ബ്രഡ്് പുരസ്‌കാരവും അതിനെ തേടിയെത്തി. ഇന്ത്യയില്‍ വന്ന ആദ്യ റിവ്യൂ ഇല്ലസ്‌ട്രേറ്റസ് വീക്കിലിയായിരുന്നു. പത്രാധിപര്‍ ഖുശ്വന്ത് സിംഗ് എഴുതിയ നിരൂപണത്തില്‍ ഇത് അപകടകാരിയായ നോവലാണെന്നും ഇന്ത്യയില്‍ നിരോധിക്കുന്നതാണ് നല്ലതെന്നും എഴുതി. ഇതേത്തുടര്‍ന്ന് ഇസ്ലാമിക പണ്ഡിതനും പാര്‍ലമെന്റംഗവുമായ സയിദ് ഷഹാവുദ്ദീന്‍ 'സത്താനിക് വേഴ്‌സസ്' ഇന്ത്യയില്‍ നിരോധിക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി തീരുമാനമെടുക്കാന്‍ ഒട്ടും വൈകിയില്ല. ഉടന്‍ നിരോധനം നിലവില്‍ വന്നു. 'സത്താനിക് വേഴ്‌സസ്' എന്ന സല്‍മാന്‍ റഷ്ദിയുടെ നോവല്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഗവണ്‍മെന്റ് ഉത്തരവിറക്കി. പരിഷ്‌കാരസമ്പന്നനെന്നും പുരോഗമനനാശയക്കാരനെന്നും പേരെടുത്തിരുന്ന യുവപ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ സ്വകാര്യതാല്പര്യമുണ്ടായിരുന്നു. റഷ്ദിയുടെ പ്രശസ്ത നോവലായ 'മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രനി' ലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ രാജീവ് ഗാന്ധിയുടെ അമ്മ ഇന്ദിരാഗാന്ധി റഷ്ദിയെ കോടതി കയറ്റിയിരുന്നു. രാജീവിനെയും വേദനിപ്പിക്കുന്ന ഒരു പരാമര്‍ശം അതിലുണ്ടായിരുന്നു. രാജീവിന്റെ പിതാവ് ഫിറോസ് ഗാന്ധിയുടെ അകാല മരണത്തിന് അവഗണനയിലൂടെ ഇന്ദിരാഗാന്ധി കാരണക്കാരിയാണെന്നാണ് റഷ്ദി അതിലെഴുതിയത്. ഏതായാലും 'സത്താനിക് വേഴ്‌സസ്' നിരോധിച്ച ആദ്യ രാജ്യം എന്ന സ്ഥാനം ഇന്ത്യ കൈക്കലാക്കി. വിവാദം കൊഴുത്തു. പല ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ഭീഷണിക്കത്തുകള്‍ പ്രസാധകരെ തേടിയെത്തി. പുസ്തകം വില്പനക്കുവെച്ചിരുന്ന ലണ്ടനിലെ ചില പുസ്തകക്കടകള്‍ക്ക് നേരെ അക്രമമുണ്ടായി. ചില മാധ്യമ സ്ഥാപനങ്ങളും അക്രമത്തിനിരയായി. പെന്‍ഗ്വിന്‍ ബുക്ക് ഷോപ്പ് സ്ഥിതി ചെയ്തിരുന്ന ലണ്ടനിലെ ലിബര്‍ട്ടി സൂപ്പര്‍‌സ്റ്റോറില്‍ സ്‌ഫോടനമുണ്ടായി.
 

1989 ഫെബ്രുവരി 14-ന് ഇറാനിലെ പരമാധികാരി അയത്തുള്ള ഖൊമൈനിയുടെ ഫത്ത്‌വ കേട്ടുകൊണ്ടാണ് ലോകം ഉണര്‍ന്നത്. 'ഇസ്ലാമിനെയും മുഹമ്മദ് നബിയെയും അവഹേളിച്ചുകൊണ്ട് പുസ്തകരചന നടത്തിയ സല്‍മാന്‍ റഷ്ദി വധിക്കപ്പെടേണ്ടവനാണ്. അത് ഏതൊരു നല്ല മുസല്‍മാന്റെയും കടമയാണ്.' ഖൊമൈനി പ്രഖ്യാപിച്ചു. ലോകം ഇന്നു വരെ കേട്ടിട്ടില്ലാത്ത ഈ ഫത്ത്‌വ പുറത്തു വന്നതോടെ റഷ്ദിയുടെ ജീവിതം അപകടത്തിലായി. സംഗതി തീക്കളിയാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ സുരക്ഷക്കായി സൈനിക സുരക്ഷാ ഭടന്മാരെ നിയോഗിച്ചു. അങ്ങനെ ഇരുപത്തിനാലുമണിക്കൂറും റഷ്ദി അവരുടെ സുരക്ഷാവലയത്തിലായി. അവരുടെ ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം കൊല്ലപ്പെടാതിരുന്നത്. ഒരു പോറലുമേല്‍ക്കാതെ ഇന്നും ജീവിച്ചിരിക്കുന്നത്. ഫത്ത്‌വ വന്നയുടനെ തന്നെ അദ്ദേഹം ഒളിവില്‍ പോയി. സുരക്ഷഭടന്മാരോടൊത്തുള്ള ഒളിവു ജീവിതം. പുസ്തകത്തിനെതിരെ ലോകത്ത് പലേടത്തും വലിയ പ്രതിഷേധറാലികള്‍ സംഘടിപ്പിക്കപ്പെട്ടു. പലേടത്തും പ്രശ്‌നങ്ങളുണ്ടായി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇറാനും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചില്‍ തട്ടി. പുസ്തകം ഇതരഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയവരും പ്രസാധകരും കൊല്ലപ്പെട്ടു. സാഹിത്യസമ്മേളനങ്ങള്‍ നടന്ന ഹോട്ടലുകള്‍ക്ക് തീക്കൊടുത്തു. പലേടത്തും ബോംബ് സ്‌ഫോടനങ്ങളുണ്ടായി. ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ പുസ്തകവിവാദത്തിന് ഭീകരവാദത്തിന്റെ മുഖം കൈവന്നു. മധ്യകാല അസഹിഷ്ണുതയെ തോല്പിക്കുന്നത്ര കടുത്ത സംഭവവികാസങ്ങള്‍ ഒട്ടേറെ രാജ്യങ്ങളില്‍ അരങ്ങേറി. അയത്തുള്ള ഖൊമൈനിയുടെ മരണശേഷവും ഫത്ത്‌വാ നിലനിന്നു. കാര്യങ്ങളില്‍ ആര്‍ക്കും നിയന്ത്രണമില്ലാതായി.

1998-ല്‍ ഇറാനിയന്‍ പ്രസിഡന്റ് മുഹമ്മദ് ഖത്താമി റഷ്ദിയെ വധിക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രഖ്യാപിച്ചു.
റഷ്ദി മുസ്ലീം ജനതയോട് ക്ഷമ ചോദിക്കുകയും ചെയ്തു. നീണ്ട ഒളിവു ജീവിതം അദ്ദേഹത്തിന് മടുത്തിരുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. വര്‍ഷങ്ങള്‍ പിന്നെയും പലതുകഴിഞ്ഞു. പുസ്തകത്തിന്റെ പരിഭാഷാവകാശം ഇനി ആര്‍ക്കും കൊടുക്കരുതെന്ന് റഷ്ദി പ്രസാധകരോട് ആവശ്യപ്പെട്ടു. പേപ്പര്‍ ബാക്ക് എഡിഷന്‍ ഇറക്കേണ്ടെന്നും തീരുമാനിച്ചു. അങ്ങനെ കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരുന്നു. റഷ്ദി ഇപ്പോഴും സ്വതന്ത്രനല്ല. ഈയടുത്തകാലത്ത് ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ അദ്ദേഹം വരാനിരുന്നതാണ്. അതു നടന്നില്ല. പകരം അവിടെ സത്താനിക് വേഴ്‌സസില്‍ നിന്നുള്ള ഭാഗങ്ങള്‍ വായിച്ചവര്‍ക്കും ജീവനും കൊണ്ടോടേണ്ടി വന്നു. റഷ്ദി ഇപ്പോള്‍ പഴയ നിലപാടില്‍ നിന്ന് ഏറെ മാറിയിട്ടുണ്ട്. ഇന്നാണെങ്കില്‍ അങ്ങനെയൊരു പുസ്തകം എഴുതുമായിരുന്നില്ല എന്നദ്ദേഹം ഈയിടെ വ്യക്തമാക്കുകയുണ്ടായി.

ഒളിവുകാല ജീവിതത്തെപ്പറ്റിയുള്ള ഒരോര്‍മ്മപ്പുസ്തകം കഴിഞ്ഞവര്‍ഷം റഷ്ദി പുറത്തിറക്കി. ജോസഫ് ആന്റേണ്‍ എന്നാണ് പുസ്തകത്തിന്റെ പേര്. ആ പേരിലാണ് അദ്ദേഹം ഒളിവുജീവിതത്തില്‍ അറിയപ്പെട്ടത്. ആ പേരിന്റെ പുറകിലും ഒരു കൗതുകകരമായ സത്യമുണ്ട്. റഷ്ദിയുടെ പ്രിയപ്പെട്ട എഴുത്തുകാരായ ജോസഫ് കോണ്‍റാഡിന്റെ പേരിലെ ജോസഫും, ആന്റേണ്‍ ചെക്കോവിന്റെ പേരില്‍ നിന്നുള്ള ആന്റേണും കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ചതാണ് ജോസഫ് ആന്റേണ്‍ എന്ന ഈ പേര്. ഒളിവുകാലത്തും റഷ്ദിയിലെ എഴുത്തുകാരന്‍ സജീവമായിരുന്നു. അപ്പോഴും അദ്ദേഹം നോവലുകളും കഥകളെഴുതി. അങ്ങനെയും റഷ്ദി ചരിത്രം സൃഷ്ടിച്ചു. ഇസ്ലാമിക തീവ്രവാദത്തിന്റെ കൊലക്കത്തിക്കിരയാവാതെ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലാണ് അദ്ദേഹം ധാരാളം എഴുതിയത്. മരണവാറണ്ടുമായി ജീവിച്ചപ്പോഴും അദ്ദേഹം തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളോട് വ്യക്തിയെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും നീതിപുലര്‍ത്തി, തന്റെ നിലപാടുകള്‍ നിരന്തരം വ്യക്തമാക്കിക്കൊണ്ടിരുന്നു.
 

പുസ്തകത്തിന്റെ ഇറക്കുമതിയിലെ നിരോധനം ഇന്ത്യയില്‍ ഇപ്പോഴും നിലവിലുണ്ടെന്നാണ് എന്റെ അറിവ്. ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ ഈ നോവല്‍ വന്നിട്ടില്ല. പുസ്തകവ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളായിട്ടുപോലും പുസ്തകമിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 'സത്താനിക് വേഴ്‌സസിന്റെ' ഒരു കോപ്പി എന്റെ കയ്യിലെത്തുന്നത്. അതും പരിചയക്കാരനായ ഒരുന്നതപോലീസുദ്യോഗസ്ഥന്‍ അമേരിക്കന്‍ യാത്ര കഴിഞ്ഞ് വരുമ്പോള്‍ രഹസ്യമായി കൊണ്ടുതന്നത്. അമേരിക്കന്‍ വൈക്കിങ്ങിന്റെ ഒരു പേപ്പര്‍ബാക്ക് എഡിഷന്‍. റഷ്ദി വിവാദത്തെപ്പറ്റിയുള്ള പല പുസ്തകങ്ങള്‍ ഇതിനകം വായിച്ചിട്ടുണ്ടെങ്കിലും 'സത്താനിക് വേഴ്‌സസ്' ഇപ്പോഴും വായനക്ക് പിടിതരാതെ എന്റെ പുസ്തകക്കൂട്ടത്തിലെവിടെയോ ഒളിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഭരണകൂടം ആഗ്രഹിച്ചത് ബോധപൂര്‍വ്വമല്ലാതെ എന്നിലെ വായനക്കാരന്‍ അനുസരിക്കുകയായിരുന്നു. പുസ്തകലോകത്തെ ആ ചെകുത്താനെ ഇനിയെങ്കിലും ഒന്നു തപ്പിയെടുത്ത് വായിച്ചു നോക്കണം. വായിക്കപ്പെട്ടതിനേക്കാള്‍ അറിയപ്പെടാന്‍ യോഗമുണ്ടായ ആ രചനയുടെ കാതലൊന്നറിയണം.


 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment