Monday 2 December 2013

[www.keralites.net] ??????????????? ?? ???????????? ?? ?????? ?????? ???? ????? ????? ??

 

മുറജപം തുടങ്ങിയത് എന്നു മുതല്‍?
 
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
 


നൂറ്റാണ്ടുകള്‍ക്കുമുമ്പ് തെക്കേ ഇന്ത്യയിലെ ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചിരുന്നതും തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ഏറ്റവും വലിയ ചടങ്ങുമായ മുറജപം ഒരിക്കല്‍ കൂടി അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് വേദമന്ത്രങ്ങളുടെ ധ്വനികള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും പദ്മതീര്‍ഥക്കുളത്തിലും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. രാജഭരണകാലത്ത് ലക്ഷക്കണക്കിന് രൂപ ചെലവുചെയ്ത് നടത്തിയ മുറജപങ്ങള്‍ക്കും ലക്ഷദീപത്തിനും എതിരെ ബ്രിട്ടീഷ് സര്‍ക്കാരും സാമൂഹ്യപ്രവര്‍ത്തകരും പലപ്രാവശ്യം വിമര്‍ശനങ്ങളുയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ചെലവിന്റെ പേരില്‍ റസിഡന്റ് ജനറല്‍ കല്ലനെപ്പോലുള്ള ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാര്‍ സ്വാതിതിരുനാള്‍ മഹാരാജാവിനോട് ഉരസേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയൊട്ടാകെ കൊടും ക്ഷാമം പടര്‍ന്നുപിടിച്ചപ്പോഴോ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴോ ഒന്നും വിഘ്‌നം കൂടാതെ മുറജപവും ലക്ഷദീപവും തുടര്‍ന്നു. രാജഭരണം അവസാനിച്ചതോടെയാണ് മുറജപത്തിന്റെ ആര്‍ഭാടത്തിനും മോടിക്കും കുറവു വന്നത്. 

മുറജപം എന്നാല്‍ മുറയ്ക്കുള്ള ജപം എന്നേ അര്‍ഥം ഉള്ളൂ. ഋക്ക്, യജൂസ്, സാമം എന്നീ വേദമന്ത്രങ്ങള്‍, മുറജപത്തിന് ചാര്‍ത്തിയിട്ടുള്ള ഓരോ നമ്പൂതിരിമാരും എട്ടുദിവസമുള്ള മുറകളായി വിഭജിച്ച് ഏഴുതവണ ജപിച്ചുതീര്‍ക്കുകയാണ് പ്രധാനചടങ്ങ്. ഇതുകൂടാതെ മന്ത്രജപം, സഹസ്രനാമജപം, ജലജപം തുടങ്ങി പല ജപങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മുറജപത്തിന് മുമ്പ് വിഷ്ണുപ്രീതിക്കായി ഭദ്രദീപ ചടങ്ങ് നടക്കും. 

ആറാറ് മാസം തോറുമാണ് ഭദ്രദീപ ചടങ്ങ് നടത്തുന്നത്. ഇങ്ങനെ പന്ത്രണ്ട് ഭദ്രദീപം കഴിയുമ്പോഴാണ് മുറജപം തുടങ്ങുന്നത്. ഭദ്രദീപ പ്രതിഷ്ഠയുടെ മഹിമയെപ്പറ്റി ബ്രഹ്മാണ്ഡപുരാണം അനുസരിച്ച് വരാഹമൂര്‍ത്തി (വിഷ്ണു അവതാരം) യാണ് ഭൂമി ദേവിക്ക് ഉപദേശിച്ചു കൊടുത്തത്. ഭൂമി ദേവി പ്രഹ്‌ളാദനേയും, അദ്ദേഹം തന്റെ പുത്രനായ മഹാബലിയേയും ഉപദേശിച്ചു കൊടുത്തു.
മഹാബലി ഭദ്രദീപപ്രതിഷ്ഠ നടത്തിയാണ് അമിതമായ കീര്‍ത്തിയും ഐശ്വര്യവും നേടിയതെന്ന് വിശ്വസിക്കുന്നു. കാര്‍ത്തവീര്യാര്‍ജുനന്‍ ഭദ്രപ്രതിഷ്ഠ നടത്തിയാണ് കീര്‍ത്തിയും ക്ഷേമൈശ്വര്യങ്ങളും നേടിയതെന്നും പറയന്നു. ഭദ്രദീപം പന്ത്രണ്ടെണ്ണം കഴിയുമ്പോള്‍ മുറജപവും അവസാനത്തെ അന്‍പത്തി ആറാം ദിവസം ലക്ഷദീപം കത്തിക്കലുമെല്ലാം രാജ്യനന്മയ്ക്കും പ്രജകളുടേയും രാജാവിന്റെയും ഐശ്വര്യത്തിനും വേണ്ടിയാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആരംഭിച്ചത്. എന്നാല്‍ മുറജപം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എന്ന് തുടങ്ങിയെന്നത്് ഇന്നും തര്‍ക്കവിഷയമാണ്. 

കേരളത്തില്‍ താന്ത്രിക വിധിപ്രകാരം പ്രതിഷ്ഠിച്ചിട്ടുള്ള ചില ക്ഷേത്രങ്ങളില്‍ ആണ്ടുതോറും വേദങ്ങള്‍ ജപിക്കുന്ന പതിവ് പണ്ടേ ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ തിരുവിതാംകൂറിന്റെ ശില്പി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ശത്രുക്കളായ ചെറിയ ചെറിയ രാജാക്കന്മാരേയും മാടമ്പിമാരേയും എട്ടുവീട്ടില്‍ പിള്ളമാരേയും കൊന്നതിനുള്ള പാപകര്‍മങ്ങള്‍ക്ക് പരിഹാരമായിട്ടാണ് മുറജപം ആരംഭിച്ചതെന്നാണ് ഒരു ഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം. വേദജ്ഞന്മാരായ ബ്രാഹ്മണരെ വരുത്തി മാര്‍ത്താണ്ഡവര്‍മപാപപരിഹാര മാര്‍ഗത്തെപ്പറ്റി ആലോചിച്ചു. അവരുടെ നിര്‍ദേശപ്രകാരമാണ് ഭദ്രദീപവും മുറജപവും ലക്ഷദീപവും മറ്റ് ചടങ്ങുകളും നടത്താന്‍ അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ എ. ഡി. 1520 ല്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇദംപ്രഥമമായി മുറജപം നടന്നതായി മറ്റൊരു വാദം ഉണ്ട്. 
മാര്‍ത്താണ്ഡവര്‍മ അധികാരത്തില്‍ വന്നത് 1729 ലാണ്. അദ്ദേഹം അന്തരിച്ചത് 1758 ലും. 1750 ല്‍ ആണ് തൃപ്പടിദാനം എന്ന ചടങ്ങ് വഴി താന്‍ നേടിയെടുത്ത തിരുവിതാംകൂര്‍ രാജ്യം മാര്‍ത്താണ്ഡവര്‍മ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ചത്. അതിനുശേഷമാണ് മുറജപം തുടങ്ങിയതെന്ന് ചിലര്‍ വാദിക്കുന്നു. 

അവിടെയും മറ്റൊരു വാദം ഉയരുന്നുണ്ട്. കൊല്ലവര്‍ഷം 912 ( ഇംഗ്ലീഷ് വര്‍ഷം 1737 ) ലാണ് മുറജപം തുടങ്ങിയെന്ന് മാര്‍ത്താണ്ഡവര്‍മയുടെ ആധികാരിക ജീവചരിത്രകാരന്മാര്‍ പറയുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി ഗവേഷണം നടത്തിയവര്‍ക്കും ഈ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. ഒരു കാര്യം വ്യക്തമാണ്. 
അയല്‍ രാജ്യങ്ങളെ ഓരോന്നായി ആക്രമിച്ച് കീഴ്‌പ്പെടുത്തി വടക്കോട്ടുള്ള പടയോട്ടം നടക്കുന്ന സമയത്തും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണവും അവിടെ പുതിയ ഭദ്രദീപം, മുറജപം, ലക്ഷദീപം ഹിരണ്യഗര്‍ഭം, തുലാപുരുഷദാനം തുടങ്ങിയ ചടങ്ങുകള്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നുവെന്നും രേഖകളില്‍ നിന്ന് മനസ്സിലാക്കാം. 
1741 ലാണ് കുളച്ചല്‍ യുദ്ധത്തിലൂടെ കേരളത്തിലെ ഡച്ച് ശക്തിയെ മാര്‍ത്താണ്ഡവര്‍മ നിലം പരിശാക്കിയത്. 1739 ല്‍ ഫിബ്രവരിയില്‍ ഡച്ച് മന്ത്രിമാരോട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഹിരണ്യഗര്‍ഭം ചടങ്ങിന് പതിനായിരം കഴഞ്ച് സ്വര്‍ണം ആവശ്യപ്പെട്ടതായി രേഖയുണ്ട്. കുളച്ചല്‍ യുദ്ധത്തിനു ശേഷമാണ് മാര്‍ത്താണ്ഡവര്‍മ കൂടുതല്‍ ശക്തനായതും കൊച്ചിയുടെ പടിവാതിലോളം അദ്ദേഹം തന്റെ രാജ്യത്തിന്റെ അതിര്‍ത്തി വിസ്തൃതമാക്കിയതും. ഈ കാലഘട്ടത്തില്‍ അദ്ദേഹം പിടികൂടിയ പ്രധാന സമ്പന്ന രാജ്യമാണ് അമ്പലപ്പുഴ അഥവാ ചെമ്പകശ്ശേരി. കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും വിദേശികള്‍ക്ക് വിറ്റ് അതിസമ്പന്നമായി മാറിയിരുന്ന ചെമ്പകശ്ശേരിയിലെ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പ്രധാനചടങ്ങായിരുന്നു മുറജപം എന്നും അതാണ് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് മാറ്റിയതെന്നും അഭിപ്രായം ഉണ്ട്.

അമ്പലപ്പുഴയെ മാര്‍ത്താണ്ഡവര്‍മ പിടിച്ചെടുത്തശേഷമാണ് തിരുവനന്തപുരത്ത് മുറജപം തുടങ്ങിയതും, അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്ന തെക്കേടത്ത് ഭട്ടതിരിയുടെ കുടുംബക്കാര്‍ക്ക് ചടങ്ങിലെത്തുന്ന നമ്പൂതിരിമാര്‍ക്ക് കുടിനീര്‍ വീഴ്ത്താന്‍ അനുവാദം നല്‍കിയിരുന്നതും ഇതിന് ഉദാഹരണമായി വാദത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. 
 
..........................................................................................................
Mathrubhumi

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment