Friday 22 November 2013

[www.keralites.net] ?????? ??????? ??? ??????????

 

ഭൂമിയെ മൂടുന്ന മാലിന്യമലകള്‍

ഒരു കുഞ്ഞ് റോബോട്ടാണ് വോള്‍.ഇ (WALL.E). പുല്ലുപോലും മുളയ്ക്കാത്ത, മാലിന്യം നിറഞ്ഞ ഭൂമി വൃത്തിയാക്കാന്‍ നിയോഗിക്കപ്പെട്ട റോബോട്ടുകളില്‍ ഒരാള്‍. ഭൂമി ഇനിയൊരിക്കലും വാസയോഗ്യമാവില്ലെന്ന വിശ്വാസത്തില്‍ ഇവിടം വിട്ട് ബഹിരാകാശത്ത് സ്റ്റാര്‍ലൈനറുകളില്‍ കഴിയുന്ന മനുഷ്യര്‍ 2105-ല്‍ അവനൊപ്പമു ണ്ടായിരുന്നവരെയെല്ലാം തിരിച്ചുവിളിച്ചു. ഭൂമിയില്‍പ്പെട്ടുപോയ അവന്‍ എഴുന്നൂറുകൊല്ലം കഴിഞ്ഞപ്പോള്‍ സ്വയം നവീകരിച്ച് ശുദ്ധീകരണപ്രവൃത്തികള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു.

2008-ല്‍ ഇറങ്ങിയ വോള്‍.ഇ എന്ന ഹോളിവുഡ് സയന്‍സ്ഫിക്ഷന്‍  റൊമാന്റിക് കോമഡി ചിത്രം പണം വാരിക്കൂട്ടി. കാണികളുടെയും നിരൂപകരുടെയും പ്രശംസയും ഏറ്റുവാങ്ങി. 2805-ലെ ഭൂമിയാണ് ഈ ആനിമേഷന്‍ ചിത്രത്തില്‍ക്കാട്ടുന്നത്. കരിഞ്ഞുണങ്ങിയ നിറവും, അസ്ഥികൂടങ്ങള്‍പ്പോലെ നില്‍ക്കുന്ന കെട്ടികങ്ങളും നിലംകാണാനാവാത്തത്ര മാലിന്യമലകളും നിറഞ്ഞ ഭൂമി. മനുഷ്യന്റെ മാലിന്യനിക്ഷേപം ഇപ്പോഴത്തെ തോതില്‍ തുടര്‍ന്നാല്‍ ഭൂമി ഇതുപോലാവാന്‍ 2805 എത്തേണ്ട. കാരണം, കഴിഞ്ഞ നൂറ്റാണ്ടില്‍ മനുഷ്യന്‍ പുറന്തള്ളിയ മാലിന്യം തൊട്ടുമുമ്പത്തെ നൂറ്റാണ്ടിലേതിന്റെ പത്തിരട്ടിയാണ്. 2025 ആകുമ്പോള്‍ ഇതിന്റെ ഇരട്ടിയാകുമത്. ജനസംഖ്യയുടെ വളര്‍ച്ചയും നഗരവത്ക്കരണവും അത്രവേഗമാണ് സംഭവിക്കുന്നത്.

ഒരു ശരാശരി അമേരിക്കക്കാരന്‍ അവന്റെ ശരീരഭാരത്തിന്റെയത്ര തൂക്കത്തില്‍ ഓരോ വര്‍ഷവും മാലിന്യം പുറന്തള്ളുന്നുവെന്നാണ് 'നേച്ചര്‍' മാഗസിന്‍ പറയുന്നത്. ആളോഹരി അത്ര വരില്ലെങ്കിലും ഇന്ത്യയുടെ മാലിന്യോത്പാദനവും കുറവല്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2011-'12 കാലത്ത് ദിവസം 1,27,486 ടണ്‍ എന്ന തോതിലാണ് ഇന്ത്യക്കാര്‍ മാലിന്യം പുറന്തള്ളിയത്. 2009 മുതല്‍ 2012 വരെ കേരളം മാലിന്യം പുറന്തള്ളിയത് ദിവസം 8338 ടണ്ണെന്ന തോതിലാണെന്നും ഇതേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നീക്കം ചെയ്ത മാലിന്യത്തിന്റെ കണക്കാണിത്. വീടുകളുടെയും ഓഫീസുകളുടെയും പിന്നാമ്പുറങ്ങളില്‍ കൂടിക്കിടക്കുന്ന മാലിന്യത്തിന്റെ അളവ് ഇതില്‍പ്പെടുന്നില്ല.

ചെറുമഴ പെയ്താല്‍പ്പോലും വെള്ളപ്പൊക്കമുണ്ടാകാന്‍ തക്കവിധമാണ് പ്ലാസ്റ്റിക് മാലിന്യത്തിന്റെ വര്‍ദ്ധന. മഹാസമുദ്രങ്ങളില്‍ മുതല്‍ മണ്‍റോഡില്‍ വരെ, ഉപേക്ഷിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ കൂടിക്കിടക്കുന്നു. വികസ്വരരാജ്യങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ ഒരുകാരണം പ്ലാസ്റ്റിക്കടിഞ്ഞുകൂടി ഒഴുക്കുതടസ്സപ്പെടതുംകൂടിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലം ഓടകളിലെ ഒഴുക്കുതടസപ്പെട്ടതായിരുന്നു 2005-ലെ മുംബൈ വെള്ളപ്പൊക്കത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്.

ഷാങ്ഹായിയിലെ ലാവോഗാങ്, സോളിലെ സുഡോക്വോന്‍, റയോ ഡി ജനീറോയിലെ യാര്‍ഡിം ഗ്രമാച്ചോ, മെക്‌സിക്കോ സിറ്റിയിലെ ബോര്‍ഡോ പോണീന്റെ എന്നിവിടങ്ങളിലാണ് ലോകത്തിലെ ഏറ്റവും വലിയമാലിന്യക്കൂനകളുള്ളത്. ഓരോ കൂനയിലും ദിവസം 10,000 ടണ്‍ എന്ന കണക്കില്‍ മാലിന്യം കൂടുന്നു.

മാലിന്യങ്ങളില്‍ ചിലത് റീസൈക്കിള്‍ ചെയ്യും ചിലത് അഴുകിത്തീരും, ചിലത് കത്തിച്ചുകളയും പിന്നെയും ചിലത് അഴുകാതെ, കത്താതെ, റീസൈക്കിള്‍ ചെയ്യാനാവാതെ ശേഷിക്കും. നാഷണല്‍ സോളിഡ് വേസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന എന്‍.ജി.ഒ. തരുന്ന വിവരമനുസരിച്ച് പച്ചക്കറികളും പഴങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഒന്നുരണ്ടാഴ്ച്ചകൊണ്ട് അഴുകിത്തീരും. കടലാസ് 10 മുതല്‍ 30 ദിവസംകൊണ്ട് മണ്ണില്‍ ലയിക്കും. കോട്ടണ്‍ തുണി നശിക്കാന്‍ രണ്ടുമുതല്‍ അഞ്ചുമാസംവരെയെടുക്കും. കമ്പിളികൊണ്ടുള്ള വസ്തുക്കള്‍ നശിക്കാന്‍ ഒരുവര്‍ഷമെടുക്കുമ്പോള്‍ തടിയും തടിയുരുപ്പടികളും നാശമടയാന്‍ 10 മുതല്‍ 15 വര്‍ഷംവരെയെടുക്കും. ടിന്നും അലുമിനയവും പോലുള്ള ലോഹങ്ങളാല്‍ നിര്‍മിച്ച വസ്തുക്കള്‍ നശിക്കണമെങ്കില്‍ 100 മുതല്‍ 500 വര്‍ഷംവരെ പിടിക്കും. പ്ലാസ്റ്റിക് സഞ്ചികള്‍ നശിക്കാന്‍ പത്തുലക്ഷം വര്‍ഷമെടുക്കും. അത്രയും കാലം കൊണ്ട് പൂര്‍ണമായി നശിക്കുമെന്നുറപ്പില്ല. കുപ്പികളുടെ നശീകരണകാലം നിര്‍ണയിച്ചിട്ടില്ല.

ഒരുവന്‍ കൂടുതല്‍ 'പരിഷ്‌ക്കാരി'യാകുമ്പോള്‍ അവന്‍ ഉണ്ടാക്കുന്ന ഖരമാലിന്യത്തിന്റെ അളവും കൂടും. ഖരമാലിന്യമെന്നത് ഏതാണ്ട് പൂര്‍ണമായും ഒരു നഗരകേന്ദ്രീകൃത പ്രതിഭാസമാണ്. ഗ്രാമീണ മേഖലയില്‍ കൂടകളിലും പൊതികളിലും ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ കുറവാണ്. ഭക്ഷണാവശിഷ്ടങ്ങളും ഉത്പ്പന്നാവശിഷ്ടങ്ങളും കുറവാണ്. ഓരേ നിലവാരത്തില്‍ക്കഴിയുന്ന ഗ്രാമീണന്‍ ഉണ്ടാക്കുന്ന മാലിന്യത്തിന്റെ രണ്ടിരട്ടിയാണ് നാഗരികന്‍ ഉണ്ടാക്കുന്നത്. സമ്പന്നനായ നാഗരികന്‍ ഉത്പ്പാദിപ്പിക്കുന്ന മാലിന്യമാകട്ടെ നാലിരട്ടിവരും.

നഗരവത്ക്കരണം കൂടുന്തോറും ആഗോളതലത്തില്‍ പുറന്തള്ളുന്ന ഖരമാലിന്യത്തിന്റെ അളവും കൂടും. 1900-ത്തില്‍ ലോകജനസംഖ്യയുടെ 13 ശതമാനമായിരുന്നു നഗരങ്ങളില്‍ താമസിച്ചിരുന്നത്. അതായത് 22 കോടിപ്പേര്‍. അവര്‍ ദിവസം പുറന്തള്ളിയിരുന്നത് മൂന്ന് ലക്ഷം ടണ്‍ മാലിന്യമായിരുന്നു. രണ്ടായിരമായതോടെ നഗരവാസികളുടെ എണ്ണം 290 കോടിയായുയര്‍ന്നു. അതായത് ലോകജനസംഖ്യയുടെ 49 ശതമാനവും പാര്‍ക്കുന്നത് നഗരങ്ങളിലായി. ഇവര്‍ ദിവസം ഉത്പ്പാദിപ്പിക്കുന്ന മാലിന്യം 30 ലക്ഷം ടണ്ണായി ഉയര്‍ന്നു. 2025 ആകുമ്പോള്‍ ഇത് ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്.

അന്താരാഷ്ട്ര സാമ്പത്തിക സംഘനയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡിവലപ്‌മെന്റില്‍ അംഗങ്ങളായ 34 രാജ്യങ്ങളാണ് ഏറ്റവും വലിയ മാലിന്യ ഉത്പ്പാദകര്‍. ദിവസം ഏതാണ്ട് 17.5 കോടി ടണ്‍ മാലിന്യമാണ് ഇവര്‍ പുറന്തള്ളുന്നത്. നഗരജനസംഖ്യ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാലിന്യോത്പ്പാദനം 2050 വരെ ഇത്തോതില്‍ തുടരുമെന്നാണ് കരുതുന്നത്. ഏതേറ്റത്തിനും ഒരിറക്കമുണ്ടെന്ന് പറയുമ്പോലെ 2050 എത്തുമ്പോള്‍ ഒ.ഇ.സി.ഡി. രാജ്യങ്ങളില്‍ മാലിന്യോത്പ്പാദനം അതിന്റെ പരമാവധിയിലെത്തുമെന്നും പിന്നെ തിരിച്ചിറക്കമാകുമെന്നുമാണ് നിഗമനം. അപ്പോഴേയ്ക്കും മെറ്റീരിയല്‍ സയന്‍സും സാങ്കേതിക വിദ്യയും കൂടുതല്‍ പുരോഗമിക്കുകയും ഉത്പ്പന്നങ്ങള്‍ ഇപ്പോഴുള്ളതിലും ചെറുതും ഭാരംകുറഞ്ഞതുമൊക്കെയായി മാറുമെന്ന ധാരണയിലാണ് ഈ നിഗമനം. ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ മാലിന്യോത്പ്പാദനം ഉച്ചകോടിയിലെത്താന്‍ 2075 ആകും. പിന്നെ അവിടങ്ങളിലും തിരിച്ചിറക്കം തുടങ്ങും.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയുടെ മാലിന്യോത്പ്പാദനം ദിവസം 5.2 ലക്ഷം ടണ്‍ എന്ന തോതിലായിരുന്നു 2005 വരെ. 2025 ആകുമ്പോള്‍ ഇത് ദിവസം 14 ലക്ഷം ടണ്ണാകുമെന്നാണ് വിലയിരുത്തുന്നത്. ലോകത്തില്‍ അതിദ്രുതം മാലിന്യം കുന്നുകൂടുന്ന പ്രദേശമെന്ന കിഴക്കനേഷ്യയുടെ കുപ്രസിദ്ധി 2025-ഓടെ ദക്ഷിണേഷ്യ, പ്രത്യേകിച്ച് ഇന്ത്യ സ്വന്തമാക്കും. 2050 ആകുമ്പോള്‍ ആ പദവി സബ്‌സഹാറന്‍ ആഫ്രിക്കയ്ക്കു സ്വന്തമാകുമെന്നാണ് 'നേച്ചറി'ന്റെ വിലയിരുത്തല്‍.

ഒരു രാജ്യം സമ്പന്നമാകുമ്പോള്‍ അതുത്പ്പാദിപ്പിക്കുന്ന മാലിന്യത്തില്‍ വൈവിദ്ധ്യമുണ്ടാകും. കൂടുതല്‍ പണമെത്തുന്നതോടെ കൂടുല്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടും. പാക്കറ്റിലാക്കിയ ഭക്ഷണസാധനം മുതല്‍ ഇലക്ടോണിക് ഉപകരണങ്ങള്‍ വരെ ഈ നിര നീളും. അവയെല്ലാം വൈകാതെ തന്നെ മാലിന്യക്കൂമ്പാരത്തില്‍ ഇടംപിടിക്കും. ഒരു രാജ്യം ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളുടെ എണ്ണം നോക്കി ആ രാജ്യത്തിന്റെ സമ്പത്ത് മനസ്സിലാക്കാമെന്നത് ഒരു പ്രയോഗം തന്നെയായിരിക്കുന്നു.

മാലിന്യം കുന്നുകൂടുന്നത് എങ്ങനെ ഒഴിവാക്കാം? മാലിന്യനിര്‍മാര്‍ജനത്തിനായി കേളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പൈപ്പ് കമ്പോസ്റ്റിങ് മുതല്‍ തുടങ്ങും ഈ പരിഹാര മാര്‍ഗങ്ങള്‍. ചില രാജ്യങ്ങളും പട്ടണങ്ങളും ഇതിന് വഴികാട്ടുന്നുണ്ട്. കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയുടെ ലക്ഷ്യം 2020തോടെ മാലിന്യമില്ലാ നഗരമാവുകയാണ്. മാലിന്യോത്പാദനം കുറച്ചോ അവ റീസൈക്കിള്‍ ചെയ്‌തോ 100 ശതമാനം മാലിന്യ രഹിതമാവാനാണ് സാന്‍ ഫ്രാന്‍സിസ്‌കോ ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യത്തിന്റെ 55 ശതമാനത്തിലേറെ ഇവര്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. വര്‍ഷം 5.65 ലക്ഷം ടണ്‍ മാലിന്യം സംസ്‌ക്കരിക്കുയാണ് ജപ്പാനിലെ കാവസാക്കി നഗരം. മാലിന്യനിര്‍മാര്‍ജനത്തിന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തുകയാണ് വടക്കേ അമേരിക്കയും യൂറോപ്പും ചെയ്തത്. ഫീസ് കൂടുന്തോറം മാലിന്യം കുറഞ്ഞുവരുന്നു ആ നാടുകളില്‍

വികസ്വര രാജ്യങ്ങളിലും ആഫ്രിക്കയിലുമാണ് മാലിന്യ ഉത്പ്പദാനം നിയന്ത്രിക്കാനുള്ള നടപടികള്‍ കൂടുതല്‍ ആവശ്യം. കാരണം, ഇവിടങ്ങളിലാണ് നഗരവത്ക്കരണം കൂടിക്കൊണ്ടിരിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങളുടെയും കാര്‍ഷികാവശിഷ്ടങ്ങളുടെയും അളവ് കുറയ്ക്കണം. നിര്‍മാണ, നശീകരണ പ്രവര്‍ത്തനങ്ങളും മാലിന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അത് കുറയ്ക്കാന്‍ നടപടിയുണ്ടാകണം. കേടില്ലാത്ത പഴയവസ്തുക്കള്‍ക്കൊണ്ട് നിര്‍മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചാല്‍ ഇത്തരം മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു പരിധിവരെ കഴിയും.

 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment