മജിസ്‌ട്രേറ്റിന്റെ വീഴ്‌ച: രക്ഷപ്പെട്ടത് വന്‍സ്രാവുകള്‍ :സരിത ലക്ഷ്യമിട്ടത് പ്രമുഖനെ; അന്വേഷിച്ചാല്‍ ഉന്നതര്‍ വീഴും കൊച്ചി: ലൈംഗിക ചൂഷണത്തിനിരയായെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയിലൂടെ സോളാര്‍ കേസ് പ്രതി സരിതാ നായര്‍ ലക്ഷ്യമിട്ടവരില്‍ സംസ്‌ഥാന ഭരണ നേതൃത്വത്തിലെ ഒരു പ്രമുഖനും. ബലാല്‍സംഗമുള്‍പ്പെടെ ആരോപിക്കപ്പെട്ട സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിന്റെ നടപടിയിലൂടെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടവരില്‍ രാഷ്‌ട്രീയാന്ത്യം കുറിക്കപ്പെടുമായിരുന്ന നേതാക്കള്‍ക്കു പുറമേ ഉദ്യോഗസ്‌ഥ പ്രമുഖരും ഉണ്ടായിരുന്നെന്നാണു സൂചന. മജിസ്‌ട്രേറ്റിന് പറ്റിയെന്നു പറയുന്ന ഈ പാളിച്ചയിലൂടെ അട്ടിമറിക്കപ്പെട്ടത് കേസിന്റെ അസ്‌തിത്വം തന്നെയാണ്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഉന്നത ഭരണനേതൃത്വം ആരോപണ വിധേയരായിരുന്ന കേസില്‍ മജിസ്‌ട്രേറ്റിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച ബോധപൂര്‍വ്വമായിരുന്നോ അല്ലയോ എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം അനിവാര്യമാണ്. ലൈംഗിക ചൂഷണമുണ്ടായെന്ന് സരിത തന്നോടു പറഞ്ഞെന്ന മജിസ്‌ട്രേറ്റിന്റെ വെളിപ്പെടുത്തല്‍ പല പ്രമുഖരുടെയും ഉറക്കം കെടുത്തിക്കഴിഞ്ഞു. സരിതയുടെ ശരീര ശാസ്‌ത്രം വിവരിച്ച് മന്ത്രിമാരുള്‍പ്പെട്ട പ്രമുഖര്‍ അയച്ച എസ്.എം.എസ്. സന്ദേശങ്ങളും മറ്റും പോലീസ് കണ്ടെത്തിയ കാര്യം നേരത്തെ മംഗളം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എമര്‍ജിംഗ് കേരള കഴിഞ്ഞ ദിവസം രാത്രിയില്‍ സരിത തങ്ങിയത് സംസ്‌ഥാന ഭരണത്തിലെ ഒരു പ്രമുഖന്റെ വീട്ടിലാണെന്ന സൂചനകളും മംഗളം പുറത്തുവിട്ടിരുന്നു. ലൈംഗിക ചൂഷണം നടന്നെന്ന സരിതയുടെ പോലീസ് മുമ്പാകെയുള്ള ചില വെളിപ്പെടുത്തലുകളെ അടിസ്‌ഥാനമാക്കിയാണ് ഈ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നത്. സോളാര്‍ കേസിന്റെ ആദ്യഘട്ടത്തില്‍ പുറത്തുവന്ന സരിതയുടെ കോള്‍ലിസ്‌റ്റില്‍ കേന്ദ്ര സംസ്‌ഥാന മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെ കേരളത്തിലെയും ഡല്‍ഹിയിലെയും വിശ്വസ്‌തരുടെയുമൊക്കെ വിളികളുടെ വിശദാംശങ്ങള്‍ പുറത്തായിരുന്നു. മുഖ്യമന്ത്രിക്ക് സ്വന്തമായി ഫോണില്ലെന്നതിനാല്‍ വിശ്വസ്‌തരുടെ ഫോണിലേക്കെത്തിയ കോളുകളില്‍ ചിലത് അദ്ദേഹത്തിനായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. സോളാര്‍ കേസ് വിവാദമാകുമ്പോഴേക്കും സരിതയുടേയും നടി ശാലുമേനോന്റെയും ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളുമുള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസ് മുക്കിയതും ഒട്ടേറെ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. സോളാര്‍ കേസിലെ ഉന്നത ബന്ധങ്ങള്‍ സരിത കോടതിയില്‍ വെളിപ്പെടുത്തുമെന്നും തന്റെ പക്കല്‍ അവര്‍ തന്ന 22 പേജിന്റെ പരാതിയുണ്ടെന്ന വിവരവും സരിതയുടെ അഭിഭാഷകനായ അഡ്വ. ഫെനി ബാലകൃഷ്‌ണന്‍ പുറത്തുവിട്ടതോടെയാണ് സംസ്‌ഥാന രാഷ്‌ട്രീയം കലങ്ങിമറിഞ്ഞ വിവാദത്തിന്റെ തുടക്കം. മന്ത്രിസഭ തന്നെ വീണേക്കാമെന്ന പ്രതിസന്ധി ഘട്ടത്തിലാണ് നീതിന്യായ സംവിധാനങ്ങളെയാകെ അത്ഭുതപ്പെടുത്തിക്കൊണ്ട് സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് മജിസ്‌ട്രേറ്റ് എന്‍.വി. രാജു പിന്മാറിയത്. മൊഴി പറയാനുണ്ടെന്ന് സരിത അറിയിച്ചപ്പോള്‍ നിയമവിരുദ്ധമായി കോടതിയിലുള്ളവരെ പുറത്താക്കുകയാണ് ആദ്യം ജഡ്‌ജി ചെയ്‌തത്. പിന്നീട്, 20 മിനിറ്റോളം മൊഴി കേട്ടശേഷം രേഖപ്പെടുത്താതെ എഴുതി നല്‍കാന്‍ പറഞ്ഞ് പോലീസ് കസ്‌റ്റഡിയിലേക്ക് തിരിച്ചയച്ചു. ബലാല്‍സംഗവും ലൈംഗിക ചൂഷണവുമുള്‍പ്പെട്ട ഗുരുതര ആരോപണങ്ങള്‍ക്കു നേര്‍ക്കാണ് മജിസ്‌ട്രേറ്റ് മുഖം തിരിച്ചതെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സ്‌ത്രീ പീഡന കേസുകളില്‍ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും സുപ്രധാന നിരീക്ഷണങ്ങളുള്ളപ്പോഴുണ്ടായ മജിസ്‌ട്രേറ്റിന്റെ ഈ വീഴ്‌ച സംശയകരമാണെന്നാണ് നിയമവിദഗ്‌ധരുടെ അഭിപ്രായം. മജിസ്‌ട്രേറ്റിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്ന് സ്‌ഥിരീകരിക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കെ.കെ. സുനില്‍ www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment