Wednesday, 16 October 2013

[www.keralites.net] =?UTF-8?B?4LSc4LWA4LS14LS/4LSk4LSw4LS+4LSX4LSk4LWN4LSk4LS/4LSo4

 

HTML clipboard

ജീവിതരാഗത്തിന്റെ 100 വര്‍ഷങ്ങള്‍

മലയാളത്തിലെ അനശ്വരഗാനങ്ങളുടെ ശില്പിയായ കെ. രാഘവന്‍ മാസ്റ്റര്‍ നൂറാം വയസ്സിന്റെ പടിവാതിലിലാണ്. ഒരു നൂറ്റാണ്ടിന്റെ സാഫല്യങ്ങളെക്കുറിച്ചും സംഗീതജീവിതത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു...

തലശ്ശേരി ജഗന്നാഥക്ഷേത്രത്തിനടുത്ത്, ശ്രീനാരായണഗുരു വന്ന് പാര്‍ത്തിരുന്ന 170 വര്‍ഷം പഴക്കമുള്ള അറക്കളത്ത് ഗുരിക്കളവിട തറവാട്ടില്‍, പഴമരംകൊണ്ട് തട്ട് പാകിയ മുറിയില്‍ ഇരിക്കുന്നു 100 വയസ്സ് പ്രായമായ കുഞ്ഞാന്‍ രാഘവന്‍ എന്ന കെ. രാഘവന്‍. മലയാളത്തെ ഒരിക്കലും മുഷിയാത്ത പാട്ടുടുപ്പിച്ച രാഘവന്‍ മാസ്റ്റര്‍.

ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ ഒരു നര്‍ത്തകന്റെ മെയ്‌വഴക്കത്തോടെ തെന്നിനടന്നിരുന്ന വിരലുകളില്‍ നൂറ്റാണ്ടിന്റെ രേഖകള്‍ വരയപ്പെട്ടിരിക്കുന്നു; ബോംബെയിലെ കൊളാബാ പോയിന്റില്‍ ടെക്‌സാസ് ഓയില്‍കമ്പനിയുടെ ഫുട്‌ബോള്‍ടീമിനുവേണ്ടി റൈറ്റ് ഔട്ട്‌സൈഡ് ഫോര്‍വേഡായി കുതിച്ചിരുന്ന കാല്‍പ്പാദങ്ങള്‍ നീരുവന്ന് കുതിര്‍ന്നിട്ടുണ്ട്. മുടി കൊഴിഞ്ഞിരിക്കുന്നു. എന്നാല്‍, കറുത്ത ഫ്രെയിമിട്ട് പഴയശൈലിയിലുള്ള കണ്ണടയ്ക്കുള്ളിലെ, നൂറുവാസരങ്ങള്‍കണ്ട കണ്ണുകള്‍ക്ക് തിളക്കം മങ്ങിയിട്ടില്ല. സ്വരങ്ങളും രാഗങ്ങളും വാസനക്കാറ്റായി മേയുന്ന മനസ്സിലും ബുദ്ധിയിലും പഴയ പച്ചപ്പുകള്‍ കരിഞ്ഞുണങ്ങാതെ ഇപ്പോഴുമുണ്ട്. ബഷീറിന്റെ 'ബാല്യകാലസഖി'യുടെ സിനിമാരൂപത്തിനുവേണ്ടി 99-ാം വയസ്സില്‍ ഈണമിട്ടപ്പോള്‍ സംഗീതം ജരാനരകള്‍ക്കും ഇന്ദ്രിയബോധങ്ങള്‍ക്കുമപ്പുറത്തുനിന്നാണ് ഉറവയെടുക്കുന്നതെന്ന് ഈ മനുഷ്യന്‍ തെളിയിച്ചു.

സംഗീതബഹുലമായ ഒരു നൂറ്റാണ്ട് നീന്തിവന്ന ഈ മനുഷ്യന്‍ ഓര്‍മകളിലാണ് ഇപ്പോള്‍ ജീവിക്കു ന്നത്. അതില്‍ സിനിമാ സംഗീതം മാത്രമല്ല, സൗഹൃദത്തിന്റെ സാഗരം നീന്തി ഉറൂബും തിക്കോടിയനും കക്കാടും വരും... കാലില്‍ ഫുട്‌ബോളും കരളില്‍ കടലോളം സംഗീതവുമായി ബോംബെയില്‍ അലഞ്ഞ നാളുകളും മദിരാശിയിലെ വിശപ്പുകാലവും ഡല്‍ഹിയിലെ സമരസംഗീതദിനങ്ങളും വരും... ആ ഓര്‍മകളുടെ ഓളങ്ങളില്‍ ഒഴുകിയൊഴുകി, രാഘവന്‍ മാസ്റ്റര്‍ നൂറ്റാണ്ടിന്റെ നദി കടക്കാന്‍ ഒരുങ്ങുകയാണ്.

മലയാളിയെ പല ഭാവങ്ങളില്‍ നടത്തിച്ച മാന്ത്രികനാണ് മുന്നില്‍. 'മഞ്ജുഭാഷിണീ, മണിയറവീണയില്‍ മയങ്ങിയുണരുവതേതൊരു രാഗം' എന്ന് മൂളുമ്പോള്‍ തലമുറകള്‍ പ്രണയത്തിന്റെ വിവശതയറിഞ്ഞു; 'ശ്യാമസുന്ദര പുഷ്പമേ, എന്റെ പ്രേമസംഗീതമാണു നീ' എന്നുപാടി വിഷാദത്തിന്റെയും വിരഹത്തിന്റെയും ആഴങ്ങളില്‍ മുങ്ങി; 'പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്' എന്നും 'തലയ്ക്കുമീതെ ശൂന്യാകാശം താഴേ മരുഭൂമി' എന്നും 'ഏകാന്തപഥികന്‍ ഞാന്‍' എന്നും പാടുമ്പോള്‍ ഈ ഭൂമിയിലെ ഏറ്റവും ഭ്രഷ്ടനായ മനുഷ്യനായി മലയാളി സ്വയം സങ്കല്‍പ്പിച്ചു; 'ദൈവത്തിന്‍ പുത്രന്‍ ജനിച്ചു, ഒരു പാവന നക്ഷത്രം വാനില്‍ ഉദിച്ചു' എന്ന് എപ്പോള്‍ കേട്ടാലും ഏതോ പള്ളിയള്‍ത്താരയ്ക്കുമുന്നില്‍ പാതിരാക്കുര്‍ബാനയ്ക്ക് നില്‍ക്കുംപോലെ... 'നാഴൂരിപ്പാലുകൊണ്ട് നാടാകെകല്യാണം, നാലഞ്ച് തുമ്പകൊണ്ട് മാനത്തൊരു പൊന്നോണം' എന്നോ 'മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവത്ത് മഞ്ഞളരച്ചുവെച്ച് നീരാടുമ്പോള്‍...' എന്നോ വെറുതേ മൂളിയാല്‍മതി, ഏതുനരകത്തിലും മധുരലോകം വിടരാന്‍. 'അന്നു നിന്നേ കണ്ടതില്‍പ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു' എന്നുകേട്ടാല്‍ ന്യൂജനറേഷനും പ്രണയമറിയും. കര്‍ണാടകസംഗീതവും നാടന്‍പാട്ടും കെസ്സുപാട്ടും ഉത്തരേന്ത്യന്‍ സ്വരങ്ങളും കോര്‍ത്ത് രാഘവന്‍ മാസ്റ്റര്‍ പാട്ടുകളില്‍ ഈണം നിറച്ചപ്പോള്‍ ഭാവങ്ങളുടെ ഋതുശലഭങ്ങള്‍ പിറന്നു. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് അവ പറന്നു...

പ്രകൃതിയും വളര്‍ന്നചുറ്റുപാടുകളും സംഗീതജ്ഞരില്‍ ചില താളങ്ങളും സ്വരങ്ങളും സ്വാഭാവികമായി പകരും എന്ന് കേട്ടിട്ടുണ്ട്. ചിറ്റഗോങ്ങിലെ നദീതടങ്ങളും ബംഗാളിന്റെയും അസമിന്റെയും വനമേഖലകളും എസ്.ഡി.ബര്‍മനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന്
അദ്ദേഹം തന്നെ പറയുന്നു.

കടലുമായി ബന്ധപ്പെട്ട സമുദായത്തില്‍ പിറന്ന മാഷിന്റെ സംഗീതത്തെ കടല്‍ സ്വാധീനിച്ചിട്ടുണ്ടോ

അങ്ങനെ പ്രത്യേകമായി പഠിച്ച് പറയാന്‍ എനിക്ക് പറ്റുന്നില്ല. കടലില്‍ തോണിയിറക്കുമ്പോള്‍ അരയര്‍ പാടുന്ന ഒരു പാട്ടുണ്ട്: 'ഓബലേമാ ഓബലേമാ, ഓബലേമാമന്റെ നാട്ടിലെത്തി, ഓബലേമാ ഓബലേമാ ഓബലേമാമന്റെ നാട്ടിലെത്തി...' കോറസാണ്. തണ്ട് വലിക്കുമ്പോഴും പാടും. അത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. ആ താളം ഒരുപക്ഷേ, ഉള്ളിലുണ്ടാവാം. പിന്നെ, എസ്.ഡി. ബര്‍മന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞനാണ്. എന്താ പാട്ടുകള്‍! ഹൊ! വരികളെ മുക്കുംവിധത്തില്‍ മുകളിലേക്ക് ഒരുപകരണവും വരില്ല. അത്രയ്ക്ക് സൂക്ഷ്മതയാണ്. പിന്നെ ബംഗാളിന്റെ നാടന്‍ സംഗീതപാരമ്പര്യവും...

മാഷിന്റെ പാട്ടുകളിലും ഇതൊക്കെയുണ്ട്..

ഉണ്ടോ? എന്നെക്കൊണ്ട് കഴിയുംപോലെ ഞാനെന്തൊക്കെയോ ചെയ്തു. എവിടെവരെയെത്തി, എത്രമാത്രം കേമമായി എന്നൊന്നും അറിയില്ല. നന്നായി അധ്വാനിച്ച് സമര്‍പ്പണത്തോടെ ചെയ്തു എന്നുമാത്രം.

മറ്റൊരു സംഗീതജ്ഞനുമില്ലാത്ത സവിശേഷത മാഷിന്റെ വ്യക്തിത്വത്തിലാകെയുണ്ട്. ഒരുഭാഗത്ത് ഫുട്‌ബോളിന്റെയും കളരിമുറകളുടെയും ശരീരതാളം. മറുവശത്ത് ശുദ്ധസംഗീതത്തിന്റെ ശാരീരതാളം. ഇതെങ്ങെനെയാണ് ഒന്നിച്ച് കൊണ്ടുപോയത്...

എങ്ങനെയാണ് എന്നുചോദിച്ചാല്‍ അറിയില്ല. എങ്ങനെയോ എല്ലാം ഒന്നിച്ചുനിന്നു. 1937-38 കാലമാണ്. വലിയമ്മയുടെ മകനായ കരുണാകരനാണ് ഫുട്‌ബോള്‍ കളിക്കാനായി എന്നെ ബോംബെയിലേക്ക് കൊണ്ടുപോകുന്നത്. അദ്ദേഹം അന്ന് ബോംബെയിലെ ടെക്‌സാസ് ഓയില്‍ കമ്പനി ഫുട്‌ബോള്‍ ടീമിന്റെ (പിന്നീട് കാല്‍ടെക്‌സ് എന്നറിയപ്പെട്ടു) കളിക്കാരനാണ്, ലെഫ്റ്റ് ഔട്ട്. കളിയിലൂടെ ജോലിനേടുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, എനിക്ക് സംഗീതത്തിലായിരുന്നു കൂടുതല്‍ കമ്പം. പിന്നെ അദ്ദേഹത്തെ മുഷിപ്പിക്കേണ്ട എന്നുകരുതി പോയി. കൊളാബാ പോയിന്റില്‍ ഒരു കളിയും കളിച്ചു. റൈറ്റ് ഔട്ട് സൈഡ് ഫോര്‍വേഡായിരുന്നു ഞാന്‍. കളി ഞങ്ങള്‍ തോറ്റു. ആറുമാസം ബോംബെയിലുണ്ടായിരുന്നു. എന്റെ മനസ്സ് സംഗീതത്തില്‍ത്തന്നെയായിരുന്നു. നാട്ടില്‍ ഞാന്‍ പി.എസ്. നാരായണ അയ്യരുടെ അടുത്തായിരുന്നു സംഗീതം പഠിച്ചത്.

അന്നത്തെ ബോംബെയെ എങ്ങനെയാണ് ഓര്‍ക്കുന്നത്

ഓര്‍മയേയില്ല. ഞാന്‍ അങ്ങനെ പുറത്തൊന്നും പോകാറില്ലായിരുന്നു. മുറിയില്‍ അടച്ചിരിക്കും. അടച്ചിരുന്നങ്ങനെ പാടും. സംഗീതം, സംഗീതം മാത്രമാണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ കാലം...

കമ്പനിക്കുവേണ്ടി കളിച്ചെങ്കിലും കമ്പനിയില്‍ ജോലിക്കാരനായില്ല രാഘവന്‍. ഇന്റര്‍വ്യൂവിന്റെ സമയത്ത് മുങ്ങി എങ്ങോട്ടോ പോയി. സംഗീതം മാത്രമാണ് രാഘവന്റെ മനസ്സില്‍ എന്ന് മനസ്സിലായ കരുണാകരന്‍ ഒരു ഹാര്‍മോണിയം വാങ്ങിക്കൊടുത്ത് രാഘവനെ നാട്ടിലേക്കയച്ചു. എന്നാല്‍, നാട്ടിലല്ല മദിരാശിയിലാണ് രാഘവന്‍ എത്തിയത്. പട്ടിണിയുടെ നാളുകള്‍ക്കൊടുവില്‍ ആകാശവാണിയില്‍ തംബുരുവാദകനായി ജോലികിട്ടി. മലയാളിയായ പ്രോഗ്രാം അസിസ്റ്റന്റ് ജി.പി. ശക്തിധരന്‍ നായരായിരുന്നു സഹായിച്ചത്. മൂന്നുവര്‍ഷം അവിടെ. പിന്നെ ഡല്‍ഹിയില്‍ ആകാശവാണി അഡീഷണല്‍ സൗത്ത് ഇന്ത്യാ സര്‍വീസ് പ്രത്യേകമായി തുടങ്ങിയപ്പോള്‍ അങ്ങോട്ടുപോയി, 1942-ല്‍. മഹാനഗരം, മഹാത്മജി, വന്നുപോകുന്ന മഹാസംഗീതജ്ഞര്‍... ചെമ്പൈ, ശെമ്മാങ്കുടി, അരിയക്കുടി, ആലത്തൂര്‍ സഹോദരന്മാര്‍, മധുരമണി അയ്യര്‍... സ്വാതന്ത്ര്യ സമരം...

1942 ക്വിറ്റിന്ത്യാസമരകാലമാണ്. മാഷെത്തുമ്പോള്‍ ഡല്‍ഹി ഇളകിമറിയുകയായിരിക്കും
ലോകയുദ്ധവും സ്വാതന്ത്ര്യസമരവും ഒന്നുചേര്‍ന്ന് ഡല്‍ഹി വലിയൊരു പ്രവാഹമായിരുന്നു. അതെല്ലാം കാണാന്‍ സാധിച്ചു. കുറേയൊക്കെ അനുഭവിക്കാനും. പിന്നീട് ഇന്ത്യ സ്വതന്ത്രയാവുന്നത് കണ്ടു, വിഭജനം കണ്ടു, ഗാന്ധിജിയെ പലതവണ കണ്ടു... തോട്ടികളുടെ കോളനിയിലാണ് അദ്ദേഹം വന്ന് താമസിക്കുക. എന്റെ ഭാര്യ
യശോദയ്ക്ക് കാണാന്‍ വേണ്ടി അവളെയുംകൂട്ടി അവിടെ പോയിട്ടുണ്ട്. ദൂരെനിന്ന് കാണും. ഒരു വൈകുന്നേരം ആകാശവാണിയില്‍ ശാസ്ത്രീയസംഗീതം കേട്ടിരിക്കുമ്പോള്‍ പെട്ടെന്ന് അത് നിലച്ചു. ഒരു പ്രധാനവാര്‍ത്തയുടെ അറിയിപ്പ് ആദ്യം വന്നു. തുടര്‍ന്ന് വാര്‍ത്ത-ഗാന്ധിജി ഷോട്ട് ഡെഡ്. ഞാന്‍ മരിച്ചപോലെ മണിക്കൂറുകളോളം ഇരുന്നു...

പാകിസ്താനിലായിരുന്നു മാഷിന്റെ കല്യാണം എന്നുകേട്ടിട്ടുണ്ട്; കറാച്ചിയില്‍. അതെങ്ങനെ സംഭവിച്ചു

1945-ലാണ്. ഇന്ത്യന്‍ സര്‍ക്കസിന്റെ പ്രധാനകേന്ദ്രമായിരുന്നു തലശ്ശേരി. ഈ നാട്ടുകാരായ ഒരുപാടുപേര്‍ നാടോടികളെപ്പോലെ സര്‍ക്കസുമായി അലഞ്ഞിരുന്ന കാലം. അന്നത്തെ പ്രശസ്തമായ ഈസ്റ്റേണ്‍ സര്‍ക്കസിലെ പ്രമുഖതാരമായ പി.കേശവന്‍ എന്റെ സുഹൃത്തായിരുന്നു.
ഡല്‍ഹിയിലെ എന്റെ മുറിയില്‍ വരും. അദ്ദേഹം പിന്നീട് കറാച്ചിയിലെത്തി. തലശ്ശേരിക്കാരിയും അദ്ദേഹത്തിന്റെ ബന്ധുവുമായ യശോദ എന്ന പെണ്‍കുട്ടി അവിടെ താമസിക്കുന്നുണ്ട് എന്നറിഞ്ഞു. അവര്‍ക്ക് സൈന്യത്തിലായിരുന്നു ജോലി. കേശവനാണ് ഞങ്ങളെ കൂട്ടിമുട്ടിച്ചത്.

വിവാഹംകഴിഞ്ഞ് ഒരുമാസം കറാച്ചിയിലുണ്ടായിരുന്നു. പിന്നെ മടങ്ങി.

രാഘവന്‍മാസ്റ്റര്‍ പിറകിലേക്ക് ചാഞ്ഞിരുന്ന് അല്പം ക്ഷീണസ്വരത്തില്‍ പറഞ്ഞു: ''എനിക്കിങ്ങനെ സംസാരിക്കാന്‍ വയ്യ കേട്ടോ. കഴിഞ്ഞ ഒരാഴ്ചയായി ആസ്​പത്രിയിലായിരുന്നു. 'മാതൃഭൂമി'യാണെന്ന് പറഞ്ഞതോണ്ടുമാത്രം ഇരുന്നതാ. പഴയ ബന്ധമാണ്. മറക്കാന്‍ പറ്റില്ല. പിന്നെ ഫോട്ടോ എടുക്കല്‍ മാത്രമേ ഉണ്ടാവൂ എന്നും കരുതി. ഇങ്ങനെ സംസാരിക്കാന്‍ വയ്യ.''

രാഘവന്‍മാഷിന് മുന്നിലെ ടീപ്പോയിയില്‍ നിറയെ പുസ്തകങ്ങളാണ്. എല്ലാം സംഗീതസംബന്ധിയായുള്ളവ. ഏറ്റവും മുകളില്‍ പി. ഭാസ്‌കരനെക്കുറിച്ചുള്ള ഓര്‍മപ്പുസ്തകം. അവയെടുത്ത് മറിച്ചപ്പോഴേക്കും രാഘവന്‍മാസ്റ്റര്‍ ക്ഷീണംമറന്ന് ഉഷാറായി.

ഭാസ്‌കരന്‍മാസ്റ്ററായിരുന്നല്ലോ മാഷിന്റെ പ്രിയപ്പെട്ട കൂട്ട്

പി. ഭാസ്‌കരന്‍ ഇല്ലെങ്കില്‍ കെ. രാഘവന്‍ എന്ന സംഗീതസംവിധായകനില്ല. അദ്ദേഹമാണ് എന്റെ എല്ലാം. ഹൊ, എന്തൊരു കവിയായിരുന്നു! എന്തുനല്ല മനുഷ്യനായിരുന്നു! ഭാസ്‌കരന്റെ പാട്ടെഴുത്തുരീതി ഒന്ന് വേറെത്തന്നെയായിരുന്നു. വളരെപ്പെട്ടെന്ന് അദ്ദേഹം വരികള്‍ എഴുതും. കവിത്വത്തോടൊപ്പം നല്ല താളബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് ആ വരികള്‍ ചിട്ടപ്പെടുത്താന്‍ വളരെ എളുപ്പമായിരുന്നു.

ഭാസ്‌കരന്‍ മാസ്റ്ററുടെ പ്രത്യേകത എന്തായിരുന്നു

ലാളിത്യംതന്നെ. സാധാരണക്കാരന് മനസ്സിലാവാത്ത ഒറ്റപ്പദംപോലും അതില്‍ ഉണ്ടാവില്ല. അതാണ് പാട്ടിനുവേണ്ട ഏറ്റവും വലിയ ഗുണം. 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍...' എന്നപാട്ടില്‍ 'കയിലുംകുത്തി നടക്കണ്' എന്നെഴുതാന്‍ പി. ഭാസ്‌കരനുമാത്രമേ സാധിക്കൂ. ആ പദം ഇന്നും തലശ്ശേരിയിലെയും കോഴിക്കോട്ടെയും ആളുകള്‍ ഉപയോഗിക്കുന്നതാണ്. അത് പാട്ടില്‍ ഉള്‍പ്പെടുത്താന്‍ വലിയ ധൈര്യം വേണം. നല്ല പ്രദേശജ്ഞാനമായിരുന്നു പി. ഭാസ്‌കരന്. എല്ലാ നാടിനെക്കുറിച്ചുമറിയാം, അവിടത്തെ സംസ്‌കാരമറിയാം, ക്ഷേത്രങ്ങളും ഉത്സവങ്ങളും വേലകളും പൂരങ്ങളുമറിയാം, നാട്ടുമൊഴികളറിയാം, നാട്ടുവഴികളറിയാം. അതെല്ലാം അങ്ങനെ പാട്ടില്‍ വരും. അങ്ങനെയാവണം ഒരു നല്ല പാട്ടെഴുത്തുകാരന്‍.

ഭാസ്‌കരന്‍മാസ്റ്ററെ മലയാളി വേണ്ടവിധം മനസ്സിലാക്കുകയും അതിനൊത്ത ആദരം അദ്ദേഹത്തിന് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് മാഷിന് തോന്നുന്നുണ്ടോ.

തീരേയില്ല. പി.ഭാസ്‌കരന്റെ വലിപ്പം ഇപ്പോഴും നമ്മക്ക് മനസ്സിലായിട്ടില്ല. ആര്‍ക്കും മനസ്സിലായിട്ടില്ല. എന്തൊരു പാട്ടുകളായിരുന്നു...! എന്നിട്ടും നമ്മള്‍ വേണ്ടവിധം ആദരിച്ചില്ല അദ്ദേഹത്തെ.

വയലാറിന്റെയും ഒ.എന്‍.വി.യുടെയും കൂടെയും മാഷ് പാട്ടുണ്ടാക്കിയിട്ടുണ്ട്. അവരുടെ രചനാരീതി എങ്ങനെയായിരുന്നു?

അവരുടെ വരികളില്‍ സാഹിത്യം അധികമുണ്ടാവും. മറ്റൊരുതലത്തില്‍ നില്‍ക്കുന്ന വരികളാണ്. വേറൊരു വിതാനമാണത്. താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.

മലയാളത്തിലെ പ്രമുഖരായ പാട്ടുകാരെ മുഴുവന്‍ മാഷ് പാടിച്ചിട്ടുണ്ട്..

യേശുദാസിനെപ്പോലുള്ള ഒരു പാട്ടുകാരനില്ല. അതുപോലൊരു ശബ്ദവുമില്ല. മുമ്പുമില്ല ഇപ്പോഴുമില്ല. ഇനിയുണ്ടാവുകയുമില്ല. ജയന്‍ (പി. ജയചന്ദ്രന്‍) ഇപ്പോഴും അസ്സലായി പാടുന്നു. ഞാന്‍ കേള്‍ക്കാറുണ്ട്.

തള്ളിത്തള്ളിവരുന്ന ഓര്‍മകളുടെ ആവേശത്തില്‍ തന്റെ ആരോഗ്യത്തെ മാഷ് പലപ്പോഴും മറന്നുപോകുംപോലെ. നൂറാം വയസ്സിലും രാഘവന്‍മാഷിന്റെ ജീവിതത്തിന് അദ്ദേഹത്തിന്റെ പാട്ടുകളെപ്പോലെതന്നെ മാത്രപിഴയ്ക്കാത്ത ചിട്ടയാണ്. രാവിലെ അഞ്ചുമണിക്ക് ഉണരും. എട്ടരയോടെ പ്രാതല്‍, ലഘുവായി. ഉച്ചയ്ക്ക് ഒരുപിടി ചോറ്. റേഡിയോ കേള്‍ക്കും, മയങ്ങും. പിന്നെ വായന. രാത്രി കഞ്ഞി. റേഡിയോവില്‍ സംഗീതക്കച്ചേരി കേള്‍ക്കും. 11-ന് കിടക്കും. രാഘവന്‍മാഷിന്റെ ദിനചര്യ തെറ്റുന്നത് ഒറ്റക്കാര്യത്തില്‍ മാത്രമാണ്, നല്ല ഫുട്‌ബോള്‍ മാച്ചുകള്‍ ടി.വി.യില്‍ വരുമ്പോള്‍. മൂത്ത മകളുടെ ഭര്‍ത്താവ് രാജനാണ് പുലര്‍ച്ചെ വിളിച്ചുണര്‍ത്തുക. ടി.വി.ക്കുമുന്നില്‍ കൊണ്ടുവന്ന് ഇരുത്തും. കളി മുഴുവന്‍ ആവേശത്തോടെ ആസ്വദിച്ച് കാണും. ഒറ്റ ലോകകപ്പ് മാച്ചും ഒഴിവാക്കിയിട്ടില്ല. 'എന്താ കളികള്‍! ഹൊ!' നല്ലൊരു പാട്ടുകേട്ട ആനന്ദത്തോടെത്തന്നെ മാഷ് പറയും.

പുതിയകാലത്തെ പാട്ടുകള്‍ മാഷ് കേള്‍ക്കാറുണ്ടോ
?

ധാരാളം. നല്ല പാട്ടുകളുണ്ട്; നല്ല പാട്ടുകാരും. ഇപ്പോ ട്യൂണിട്ടിട്ട് വരികളെഴുതുകയാണ്. ഗുണവുമുണ്ട് ദോഷവുമുണ്ട്. എല്ലാ കാര്യത്തിലെയുംപോലെ

ഇത്രയുംകാലം ഇവിടെ ജീവിച്ചിട്ടും സംഗീതത്തിന്റെ മേളകളിലോ റിയാലിറ്റിഷോകളിലോ വിധിപ്രസ്താവനകളിലോ വിവാദങ്ങളിലോ ഒന്നും രാഘവന്‍ മാഷ് ഉണ്ടായിരുന്നില്ല

വിധി പറയാനും വിമര്‍ശിക്കാനുമൊക്കെ ഞാനാരാ?എനിക്കതൊന്നുമറിയില്ല. പിന്നെ എന്തും നന്നായി കൈകാര്യംചെയ്താല്‍ നല്ലത്. ഇല്ലെങ്കില്‍ മോശമാവും. സംഗീതം സമര്‍പ്പണമാണ്; ആത്മസമര്‍പ്പണം.

മാഷിന് രണ്ടുമാസംകൂടി കഴിഞ്ഞാല്‍ നൂറ് വയസ്സാവുകയാണ്. ഒരു നൂറ്റാണ്ടിന്റെ ജീവിതത്തെക്കുറിച്ച് മാഷിന് എന്താണ് തോന്നുന്നത്

സംതൃപ്തിമാത്രം. ഇത്രയെങ്കിലും ചെയ്യാന്‍ സാധിച്ചല്ലോ. ഭാഗ്യം.

ഇരിപ്പുമുറിയില്‍നിന്ന് രാഘവന്‍ മാഷ് കിടപ്പുമുറിയിലേക്ക് പോയി. പുറത്തെ തൊടിയില്‍ വിഷാദത്തോടെ തങ്ങിനില്‍ക്കുന്ന സന്ധ്യയുടെ മങ്ങല്‍ ജാലകത്തിന്റെ മരയഴികള്‍ കടന്ന് മുറിയിലേക്കുമെത്തി. ആ മങ്ങിയ വെളിച്ചത്തിലങ്ങനെയിരിക്കുന്നത് മലയാളിയുടെ സംഗീതമാണ് എന്നറിഞ്ഞ മധുരാജിന്റെ, ചരിത്രങ്ങളെല്ലാം ആര്‍ത്തിയോടെ വിഴുങ്ങുന്ന ക്യാമറ പലവട്ടം കണ്‍ചിമ്മിത്തുറന്നു. നൂറാംവയസ്സിലും എല്ലാം രാഘവന്‍ മാഷ് അറിയുന്നുണ്ട്. ക്ലിക്കുകളുടെ ശബ്ദം സംഗീതമായാണോ അലോസരമായാണോ മാഷിന് തോന്നിയത് എന്നറിയില്ല. ഇടയ്‌ക്കെപ്പോഴോ സംസാരത്തില്‍ തിക്കോടിയന്‍ കടന്നുവന്നപ്പോള്‍ മാഷ് വീണ്ടും ഉണര്‍ന്നു. 'തിക്കോടിയന്‍ എന്തുനല്ല മനുഷ്യനായിരുന്നു! തിക്കോടിയനുണ്ടെങ്കില്‍ ഒരു സങ്കടങ്ങളും അടുത്തുണ്ടാവില്ല. എന്തൊരു രസികനായിരുന്നു...'

കുറച്ചുകഴിഞ്ഞപ്പോള്‍ മാഷിന്റെ മകന്റെ മകള്‍ ഹിമനന്ദിനി യു.കെ.ജി.വിട്ടെത്തി. അവളിന്നും ക്ലാസില്‍പാടിയത് അച്ചാച്ചന്റെ പാട്ടാണ്-'എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്, കല്ലാണ് നെഞ്ചിലെന്ന്... കരിംകല്ലാണ്...' അതുകേട്ടപ്പോള്‍ മാഷ് അവളെ ചേര്‍ത്തുപിടിച്ചു

നൂറ്റാണ്ടുകഴിഞ്ഞും ന്യൂജനറേഷന്റെ ഗിമ്മിക്കുകളെ വകഞ്ഞും തടശിലകളില്ലാതെ തലമുറകളില്‍നിന്ന് തലമുറകളിലേക്ക്, രാപകലുകള്‍ക്കപ്പുറത്തേക്ക് തിരയടിക്കുകയാണ് രാഘവസംഗീതം...
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___