Tuesday 22 October 2013

[www.keralites.net] cpm

 


മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആഗസ്റ്റ് 12 മുതല്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധ സമരം 48 മണിക്കൂര്‍ കഴിയുമ്പോഴേക്ക് പിന്‍വലിക്കപ്പെട്ടത് ഏറ്റവും ശുഭാപ്തിവിശ്വാസക്കാരനായ കോണ്‍ഗ്രസുകാരനെപ്പോലും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. സമരം എന്തുകൊണ്ട് പിന്‍വലിക്കപ്പെട്ടു എന്നതിനെക്കുറിച്ച് പലവിധ സിദ്ധാന്തങ്ങള്‍ പ്രചാരത്തിലുണ്ട്. ടി.പി വധക്കേസിലെ പ്രോസിക്യൂഷന്‍ നിലപാട് അയവുവരുത്തുന്നതിനായുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന റെവലൂഷനറി മാര്‍ക്സിസ്റ്റ് തിയറി മുതല്‍ കുഞ്ഞാലിക്കുട്ടിയുടെ മാജിക്കല്‍ ഫോര്‍മുല തിയറി വരെ (ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ വീഴാതെ നിലനിര്‍ത്താന്‍ ഏറ്റവും ആത്മാര്‍ഥമായി പാടുപെടുന്ന പിണറായി വിജയന്‍ തന്നെയാണ് ഈ സമരത്തിന് നേതൃത്വം നല്‍കിയത് എന്ന കാര്യം നിലനില്‍ക്കത്തെന്നെയാണ് ഈ തിയറികള്‍ വികസിച്ചത്). എന്നാല്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ വെള്ള പുതപ്പിച്ചേ മടങ്ങൂ എന്ന ആവേശത്തോടെ തിരുവനന്തപുരത്തേക്ക് വണ്ടി കയറിപ്പോയ അണികളെ ബോധ്യപ്പെടുത്താന്‍ ഇതൊന്നും പോരായിരുന്നു. അതിനാല്‍തന്നെ സെക്രട്ടേറിയറ്റ് വിപ്ളവാനന്തരം, എല്‍.ഡി.എഫിലെ മുഖ്യകക്ഷിയായ സി.പി.എമ്മിന്‍െറ പ്രധാന സംഘടനാ പ്രവര്‍ത്തനം 'എന്തുകൊണ്ട് സമരം പിന്‍വലിച്ചു'വെന്ന് അണികളെ ബോധ്യപ്പെടുത്തലായി മാറി. ആ വിശദീകരണങ്ങളാകട്ടെ, പഴയ 'സന്ദേശം' സിനിമയിലെ ശങ്കരാടിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു. സമരം പിന്‍വലിച്ചില്ളെന്നും അങ്ങനെ പറയുന്നത് ബൂര്‍ഷ്വാ മാധ്യമങ്ങളുടെയും പ്രതിവിപ്ളവ ശക്തികളുടെയും പ്രതിക്രിയാവാദികളുടെയും പ്രചാരണം മാത്രമാണെന്നുമായിരുന്നു മീറ്റിങ് വിളിച്ച് അണികളെ പഠിപ്പിച്ചുകൊണ്ടിരുന്നത്. അത് തെളിയിക്കാനാണ് പിന്നീട് ഉമ്മന്‍ ചാണ്ടി പോകുന്നിടത്തെല്ലാം കറുത്ത തുണി പൊക്കിക്കാണിച്ചുകൊണ്ടുള്ള പുതിയ സമരനാടകം ആരംഭിച്ചത്. അതും ക്ളച്ച് പിടിക്കാതെ വന്നപ്പോഴാണ് തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നിടത്തേക്ക് ഉപരോധ മാര്‍ച്ച് നയിച്ചത്. എന്നാല്‍, ബൂര്‍ഷ്വാ ഉമ്മന്‍ ചാണ്ടി രാത്രി വൈകുവോളം ജനങ്ങളോടൊപ്പം ചന്ദ്രശേഖരന്‍ സ്റ്റേഡിയത്തില്‍ നിന്നെങ്കില്‍ വിപ്ളവകാരികള്‍ക്ക് ഏതാനും മണിക്കൂര്‍ മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ. അതിനിടയില്‍ തന്നെ ചില വിപ്ളവനേതാക്കള്‍ തല കറങ്ങി വീഴുകയും ചെയ്തു.
സെക്രട്ടേറിയറ്റ് ഉപരോധസമരം എന്തുകൊണ്ട് ഇത്രപെട്ടെന്ന് അവസാനിപ്പിച്ചുവെന്നതിനെക്കുറിച്ച ക്ളാസിക്കല്‍ സിദ്ധാന്തങ്ങളെക്കുറിച്ചാണ് മേല്‍ വിവരിച്ചതെങ്കില്‍ അതുമായി ബന്ധപ്പെട്ട് പീടികക്കോലായിയിലെ ജനങ്ങള്‍, അഥവാ ജൈവ ബുദ്ധിജീവികള്‍ വികസിപ്പിച്ച ചില സിദ്ധാന്തങ്ങളുമുണ്ട്. അതിലൊന്ന്, ഇത്രയും ആളുകളെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും അവര്‍ പുറന്തള്ളുന്ന പലവിധ മാലിന്യങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി പാര്‍ട്ടിക്കില്ലായിരുന്നു എന്നതാണ്. ഈ മാലിന്യവരവാകട്ടെ, പാര്‍ട്ടി സര്‍ക്കുലറനുസരിച്ചല്ല നടക്കുന്നത് എന്നതിനാല്‍ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു താനും. തിരുവനന്തപുരത്തെ തഹ്രീര്‍ സ്ക്വയറാക്കും എന്ന് പ്രഖ്യാപിച്ചാണ് സി.പി.എം അണികളെ അങ്ങോട്ട് കൊണ്ടുപോയത്. അറബ്വസന്തം ലോകത്തിന് സമ്മാനിച്ച അസാധാരണമായൊരു അനുഭവമായിരുന്നു തെരുവുകളെ ആവാസ കേന്ദ്രങ്ങളാക്കുന്ന സമരരീതി. എന്നാല്‍, സി.പി.എമ്മിന്‍െറ സെക്രട്ടേറിയറ്റ് ഉപരോധം നടക്കുന്ന നാളുകളില്‍തന്നെ, അറബ്വസന്തത്തിന്‍െറ സിരാകേന്ദ്രമായ കൈറോവിലെ റാബിയ ചത്വരത്തില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ കൂടിയിരിപ്പുണ്ടായിരുന്നു. ഒരു മാസത്തിലേറെ, കൊടും ചൂടില്‍, കുടുംബസമേതം അവിടെ കൂടിയ മനുഷ്യര്‍ സൃഷ്ടിച്ച സമരമാതൃക വെറും രണ്ടുദിവസം പോലും സൃഷ്ടിക്കാന്‍ സഖാക്കള്‍ക്കായില്ല. അതായത്, പുതിയ സമരമാതൃകകള്‍ സൃഷ്ടിക്കുന്നത് പോകട്ടെ, കോപ്പിയടിക്കാന്‍ പോലും പുരോഗമന പ്രസ്ഥാനത്തിനായില്ല. അക്രമത്തേക്കാള്‍ സഹനത്തിനും സംഘട്ടനത്തേക്കാള്‍ സഹവര്‍ത്തിത്വത്തിനും പ്രാമുഖ്യം നല്‍കുന്നതാണ് അറബ്വസന്തം കാണിച്ച സമരമാതൃക. അതിനെ ഉള്‍ക്കൊള്ളാനും മാതൃകയാക്കാനും മാത്രമുള്ള ആത്മീയ-നൈതിക ശേഷി ഇടതുപക്ഷത്തിന് സഹജമായിത്തന്നെ ഇല്ല എന്നതാണ് വാസ്തവം.
ഉപരോധ സമരം പരാജയപ്പെടാനുള്ള കാരണമായി ജൈവ ബുദ്ധിജീവികള്‍ അവതരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമിതാണ് -മൊബൈല്‍ ചാര്‍ജര്‍. സമരം, ദിവസം ഒന്ന് പിന്നിടുമ്പോഴേക്ക് മൊബൈല്‍ ഫോണിലെ ചാര്‍ജ് ഏതാണ്ട് കഴിഞ്ഞുതുടങ്ങിയിരുന്നു. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാതെ, വിപ്ളവത്തിനിടെ വീട്ടുകാരുമായും കൂട്ടുകാരുമായും സല്ലപിക്കാനാവാതെ, നേതാക്കളുടെ പ്രസംഗം മുറുകുമ്പോള്‍ ഗെയിമുകളിലേക്ക് അഭയം പ്രാപിക്കാനാവാതെ കുടുങ്ങിയ സഖാക്കള്‍ സൃഷ്ടിച്ച അസ്വസ്ഥതയാണ് സമരം അമ്പേ പരാജയപ്പെടാനുള്ള ഏറ്റവും പ്രധാന കാരണമെന്നതാണ് ഈ സിദ്ധാന്തത്തിന്‍െറ വിശദീകരണം. അതായത്, ഉത്തരാധുനിക കാലത്ത് മൊബൈല്‍ ഫോണ്‍ മഹത്തായൊരു സമരായുധമാണെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അത് സമരത്തെ തുരങ്കം വെക്കുന്ന കരിങ്കാലിയായി മാറിയെന്നര്‍ഥം.
നഷ്ടപ്പെടാനൊന്നുമില്ലാത്തവര്‍ സംഘടിക്കുമ്പോള്‍ രൂപപ്പെടുന്ന സമരത്തിലൂടെയാണ് ഇടതുപക്ഷ പ്രസ്ഥാനം സാര്‍വദേശീയ തലത്തില്‍ ശക്തിപ്പെട്ടത്. എന്നാല്‍, ഇന്ന് നഷ്ടപ്പെടാന്‍ പലതുമുള്ളവരുടെ സംഘടനാരൂപമാണത്. അങ്ങനെ നഷ്ടപ്പെടുന്നവയുടെ പട്ടികയിലെ ഒന്നാമത്ത ഇനമാണ് മൊബൈല്‍ ഫോണിലെ ചാര്‍ജ്. നഷ്ടപ്പെടാന്‍ പലതുമുണ്ടാവുകയും നേടാന്‍ നൈതികമോ രാഷ്ട്രീയമോ ധാര്‍മികമോ ആയ ലക്ഷ്യങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഒരു പ്രസ്ഥാനം അനുഭവിക്കുന്ന പ്രതിസന്ധികളാണ് അടിക്കടി ആവര്‍ത്തിക്കുന്ന ഇടതുസമര പരാജയ ദുരന്തങ്ങള്‍ തെളിയിക്കുന്നത്.
അടുത്ത കാലത്തായി സി.പി.എം നേതൃത്വത്തില്‍ രൂപംകൊണ്ട സമരങ്ങള്‍ എടുത്തുനോക്കൂ. എന്തുമാത്രം പ്രചാരണ കോലാഹലങ്ങളോടെയായിരുന്നു 2013 ജനുവരിയില്‍ പാര്‍ട്ടി ഭൂസമരവുമായി രംഗത്തുവന്നത്. വന്ന അതേ ആവേശത്തില്‍ സമരം തിരിച്ചുപോയി. മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരുമായി സി.പി.എം നേതാക്കള്‍ എന്തൊക്കെയോ ചര്‍ച്ചചെയ്ത്, ചര്‍ച്ച വിജയമാണെന്ന് വരുത്തി സമരം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, സമരം പിന്‍വലിച്ചു കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍, മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകളെന്ന മട്ടില്‍ സി.പി.എം നേതാക്കള്‍ നിരത്തിയ അവകാശവാദങ്ങളെ അതേ മണിക്കൂറില്‍തന്നെ ബന്ധപ്പെട്ട മന്ത്രിമാര്‍ നിഷേധിക്കുകയും ചെയ്തു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ നേതാവ് എം.സ്വരാജ് ടെലിവിഷന്‍ ചാനലുകളില്‍ വന്ന് ഉറപ്പിച്ചുപറഞ്ഞ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നുണ്ട് -'സര്‍ക്കാര്‍ കേരളത്തിലെ യുവജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ആ യുദ്ധപ്രഖ്യാപനം ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു'. പക്ഷേ, ആ യുദ്ധം യൂനിവേഴ്സിറ്റി കോളജില്‍നിന്നുള്ള അഞ്ചാറ് കല്ലുകളില്‍ ഒതുങ്ങിയതും ചരിത്രം. ഇതിനെല്ലാം ശേഷമാണ് ഒടുവിലത്തെ സെക്രട്ടേറിയറ്റ് ഉപരോധവും ജനസമ്പര്‍ക്ക പരിപാടി ഉപരോധവുമെല്ലാം വരുന്നത്.
കമ്പോളവത്കരിക്കപ്പെടുകയും നവലിബറല്‍ മൂല്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുകയും ചെയ്ത സമൂഹത്തില്‍ സമരങ്ങള്‍ക്ക് വന്നുപെടുന്ന സ്വാഭാവിക പരിണതി മാത്രമാണിതെന്ന് പാര്‍ട്ടി അക്കാദമിക്കുകള്‍ സിദ്ധാന്തം പറയും. അയ്യോ, ചെറുപ്പക്കാരൊക്കെ ആകെപ്പാടെ അരാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു; അതിന്‍െറ ദോഷമാണീ കാണുന്നത്; ശിവ ശിവാ! എന്നവര്‍ വിലപിക്കും. എന്നാല്‍, സി.പി.എമ്മിന്‍െറ സമരങ്ങള്‍ അടിക്കടി പരാജയപ്പെടുന്ന കാലത്ത് തന്നെയാണ് കേരളത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലാതെ തൃണമൂല്‍ തലത്തില്‍ ഉയര്‍ന്നുവരുന്ന സമരങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുന്നതും. പ്ളാച്ചിമട, എന്‍ഡോസള്‍ഫാന്‍, മൂലമ്പിള്ളി, ചെങ്ങറ, വിളപ്പില്‍ശാല, ഗെയില്‍ പൈപ്ലൈന്‍ എന്നിങ്ങനെ -അത്തരം സമരങ്ങളുടെ ഒരു പട്ടിക തന്നെ നിരത്താന്‍ കഴിയും. ദേശീയപാത വികസനമെന്ന പേരിലെ തീവെട്ടിക്കൊള്ളക്കെതിരെ നട(ക്കു)ന്ന സമരം അതില്‍ എടുത്തുപറയേണ്ടതാണ്. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാറും നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എന്ന രാക്ഷസ സ്ഥാപനവും നേര്‍ എതിര്‍പക്ഷത്ത് നിന്നിട്ടും മൂന്ന്-നാല് വര്‍ഷങ്ങളോളം ആ സമരം മുന്നോട്ട് കൊണ്ടുപോവാന്‍ ദേശീയ പാതയുടെ ഇരുവശത്തുമുള്ള ഇരകള്‍ക്ക് സാധിച്ചുവെന്ന് മാത്രമല്ല, ഒടുവില്‍ 30 മീറ്ററില്‍ പാത പണിയാമെന്ന് കേന്ദ്രത്തെക്കൊണ്ട് പറയിപ്പിക്കുന്നതില്‍ ആ സമരം എത്തിനില്‍ക്കുന്നു. നിസ്വരും സാധാരണക്കാരുമായ മനുഷ്യരുടെ നേതൃത്വത്തില്‍ രൂപം കൊണ്ടതും നവസാമൂഹിക പ്രസ്ഥാനങ്ങളുടെ തണലില്‍ വികസിച്ചതുമായ ഈ സമരങ്ങളുടെയെല്ലാം ശത്രുപക്ഷത്തായിരുന്നു, എല്ലായിടത്തും സി.പി.എം എന്നും ചേര്‍ത്തുവായിക്കണം. സി.പി.എമ്മിന്‍െറ സമരങ്ങള്‍ പരാജയപ്പെടുകയും സി.പി.എം എതിര്‍പക്ഷത്ത് നിലയുറപ്പിച്ച സമരങ്ങള്‍ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന രാഷ്ട്രീയ അവസ്ഥയെ സൂക്ഷ്മമായി വായിക്കാന്‍ പോലും അവര്‍ക്കാവുന്നില്ല എന്നതാണ് സത്യം.
പാര്‍ലമെന്‍ററി രാഷ്ട്രീയത്തേക്കാള്‍ ബഹുജന/തെരുവ്/പ്രക്ഷോഭ രാഷ്ട്രീയത്തിന് പ്രാമുഖ്യം നല്‍കുന്നതാണ് സി.പി.എം നയം. പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ തിരിച്ചടികള്‍ നേരിടുമ്പോഴും തെരുവില്‍ സി.പി.എം എന്നും വിജയിച്ചുനിന്നത് അതുകൊണ്ടാണ്. എന്നാല്‍, ഒരേസമയം തെരുവിലും പാര്‍ലമെന്‍റിലും തിരിച്ചടികള്‍ നേരിടുന്നുവെന്നതാണ് ഇന്ന് പ്രസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധി.
സമരങ്ങള്‍ നിരന്തരം പരാജയപ്പെടുന്നതിലെ നിരാശയുമായാണ് തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക വേദിയിലേക്ക് സി.പി.എം എത്തിയത്. ജനാധിപത്യ സമ്പ്രദായത്തെ പഴയ രാജദര്‍ബാര്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുന്ന വഷളന്‍ ഏര്‍പ്പാടാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി എന്നതാണ് സത്യം. എന്നാല്‍, അതേക്കുറിച്ച് ഗൗരവപ്പെട്ട ഒരു സാമൂഹികവിമര്‍ശം ഉന്നയിക്കാന്‍ പോലും സി.പി.എമ്മിന് സാധിച്ചില്ല. സാമൂതിരിയുടെ ദര്‍ബാറിലെ പരിവാരങ്ങള്‍ക്കും അവരുടെ പിന്തുടര്‍ച്ചക്കാര്‍ക്കും പൊതുഖജനാവില്‍നിന്ന് വാരിക്കോരി പണം നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഒരക്ഷരം ഉരിയാടാത്തവര്‍ക്ക് പുതിയ ദര്‍ബാര്‍ രാഷ്ട്രീയത്തെക്കുറിച്ച് എന്തുപറയാന്‍?
സി.പി.എം സമരങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്നതിന് ഇനിയും ഉത്തരമായില്ല. അതിന് ഉത്തരം നല്‍കാന്‍ ശങ്കരാടികള്‍ മാത്രമേ ബാക്കിയുള്ളൂവെന്നത് നമ്മുടെ കാലത്തെ ഒരു ഇടത് മഹാദുരന്തം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment