കൈതച്ചക്ക എന്ന പേരില്‍ കേരളത്തിലും പൈനാപ്പിള്‍ എന്ന പേരില്‍ ലോകത്താകമാനവും അറിയപ്പെടുന്ന, മധുരവും സ്വാദിഷ്ടവുമായ ഈ പഴം വിദേശിയാണ്. ഇതിന്റെ ജന്മസ്ഥലത്തെപ്പറ്റി ബ്രസീലാണെന്നും അമേരിക്കയാണെന്നും രണ്ടഭിപ്രായമുണ്ട്. കൈതച്ചക്ക 90 തരത്തിലുണ്ടെന്ന് പറയപ്പെടുന്നു. കൈതയുടെ ഇലയുടെതുപോലെയുള്ള മുള്ള് ഇതിനുള്ളതുകൊണ്ടാകണം ഇതിന് കൈതച്ചക്ക എന്ന ഇതിന്റെ പേരുവന്നത്.
പ്രകൃതിദത്തമായ പൊട്ടാസ്യം ഇതില്‍ അടങ്ങിയിരിക്കുന്നു. പുകവലിക്കാര്‍ക്കുണ്ടാകുന്ന വിറ്റാമിന്‍ സിയുടെ കുറവ് മാറ്റാനുള്ള കഴിവും പൈനാപ്പിളിനുണ്ട്. മാത്രമല്ല, മൂത്രസംബന്ധമായ അസുഖങ്ങള്‍ മാറ്റാനുള്ള കഴിവും പൈനാപ്പിളിനുണ്ട്. ഇതിന്റെ ഇലയുടെ നീര് ഒന്നാന്തരം കൃമി ഔഷധമാണ്. പൈനാപ്പിള്‍ ഇല ഇടിച്ചുപിഴിഞ്ഞ നീര് അരിച്ചു പഞ്ചസാര ചേര്‍ത്ത് പല പ്രാവശ്യമായി കഴിച്ചാല്‍ വില്ലന്‍ ചുമ മാറുന്നതാണ്.
ബ്രോമിലിയേസി കുടുംബത്തില്‍ ജനിച്ച ഇതിന്റെ ശാസ്ത്രനാമം 'അനാനസ് കോമോസസ്‌മെര്‍' എന്നാണ്. പൈനാപ്പിള്‍ മൂപ്പെത്തുന്നതോടെ അതിന്റെ പുറം തൊലി അനേകം കണ്ണുകള്‍ ചേര്‍ത്തുവെച്ചതുപോലെ തോന്നും. അതുകൊണ്ടാവാം 'ബഹുനേത്ര' എന്നു പേരുവരാന്‍ കാരണം. പണ്ടു കാലത്ത് ഇത് വ്യാപകമായി കൃഷി ചെയ്തിരുന്നില്ല. എല്ലാ വീട്ടിലും ലഭ്യമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു ഫലം തരുന്നവ, ദ്വിവര്‍ഷം കൊണ്ടു ഫലം തരുന്നവ ഇങ്ങനെ രണ്ടായി ഇതിനെ വിഭജിക്കാം.
കേരളത്തില്‍ കൃഷി ചെയ്യുന്നത് മെയ്- ജൂണ്‍ മാസങ്ങളിലാണ്. അധിക മഴയുള്ളപ്പോള്‍ കൃഷി ചെയ്യാന്‍ പാടില്ല. 90 സെന്റീമീറ്റര്‍ വീതിയിലും മുപ്പത് സെന്റീമീറ്റര്‍ ആഴത്തിലും 165 സെന്റീമീറ്റര്‍ അകലത്തിലുമുള്ള കുഴിയാണ് കൃഷിക്കായി ഉണ്ടാക്കാറ്.
ഏകദേശം അരക്കിലോവില്‍ കൂടുതലുള്ള കമ്പുകളാണ് വിത്തുകള്‍ക്കായി തെരഞ്ഞെടുക്കേണ്ടത്. കമ്പുകള്‍ വേര്‍പ്പെടുത്തി തണലത്ത് നിഴലില്‍ 7-8 ദിവസം വെക്കണം. അടിഭാഗത്തുള്ള ഇലകള്‍ പറിച്ചുനീക്കി വൃത്തിയാക്കിയതിനു ശേഷം വേണം കൃഷി ചെയ്യാന്‍. ഇങ്ങനെ വൃത്തിയാക്കിയ കമ്പുകള്‍ ബോഡോ മിശ്രിതത്തില്‍ മുക്കിയോ അല്ലെങ്കില്‍ പുകയില, മഞ്ഞള്‍, കൃഷി ശത്രു എന്നിവ കൊണ്ടുണ്ടാക്കിയ കഷായത്തില്‍ മുക്കിയോ വേണം വീണ്ടും കൃഷിയിറക്കാന്‍. കമ്പുകളിലുള്ള ചെറിയ കീടങ്ങള്‍ നശിക്കാനാണിങ്ങനെ ചെയ്യുന്നത്.
അടിവളമായി കാലിവളവും (ഉണങ്ങിയത്) കമ്പോസ്റ്റും ചേര്‍ക്കാം. മേല്‍വളമായി 3-3 മാസം കൂടുമ്പോള്‍ മിക്‌സ്ച്ചറുകളും ഉപയോഗിക്കത്തക്കവണ്ണം അവസാന മാസത്തില്‍ ഇലകള്‍ ചെത്തി കൂട്ടി വളം ഇട്ടു മൂടണം. ഇലകള്‍ക്കുണ്ടാകുന്ന പുളിരോഗത്തിന് നേരത്തെ മുക്കിവെച്ച മിശ്രിതങ്ങള്‍ തളിക്കാവുന്നതാണ്.
പ്രമേഹത്തിനും ഹൃദ്‌രോഗത്തിനും പാകമൊത്ത പഴം നല്ലതാണ്. വെയില്‍കൊണ്ടുണ്ടാകുന്ന സൂര്യാഘാതത്തിന് പൈനാപ്പിള്‍ നീര് വളരെ വിശേഷമാണ്. തൊണ്ടവീക്കം, ബ്രോങ്കൈയിറ്റിസ്, കഫക്കെട്ട്, ചിലതരം അലര്‍ജികള്‍, തുമ്മല്‍ എന്നീ രോഗങ്ങള്‍ക്ക് ശീലിക്കേണ്ട പഴമാണ്. ആടലോടക നീരില്‍ പൈനാപ്പിള്‍ ചെത്തി വൃത്തിയാക്കി അരച്ചുചേര്‍ത്ത് പാകത്തിന് കല്‍ക്കണ്ടവും നല്ലജീരകം, ചുക്ക്, കുരുമുളക്, തേന്‍ ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും വളരെ ഗുണപ്രദമാണ്. പൈനാപ്പിള്‍ നീരും ആടലോടകനീരും ചേര്‍ത്തതില്‍ കുരുമുളക്, തിപ്പല്ലി, നല്ലജീരകം, പഞ്ചസാര, നെയ്യ്, തേന്‍ ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും ഇതേ ഗുണം ചെയ്യുന്നതാണ്. പതിവായി ഭക്ഷണ ശേഷം കുറച്ചു പൈനാപ്പിള്‍ കഴിക്കുന്നത് ദഹനപ്രക്രിയക്ക് ആക്കം കൂട്ടുന്നതും അരുചി മാറ്റുന്നതുമാണ്. പ്രോട്ടീന്‍ അധികമുള്ള ആഹാരം കഴിച്ചാല്‍ അത് ശമിക്കാനുള്ള കഴിവും ഇതിനുണ്ട്. മുന്തിരിങ്ങയും പൈനാപ്പിളും തിപ്പല്ലിയും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യം ശബ്ദമാധുര്യം കൂട്ടുകയും തൊണ്ടവേദന അകറ്റുകയും ചെയ്യും
No comments:
Post a Comment