ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജനും എസ്എഫ്ഐ ജില്ലാസെക്രട്ടറി സരിന്‍ ശശിയും അടക്കം 20 പ്രതികളെ തെളിവുകളില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി.
വിചാരണക്കിടെ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ 24 പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. ഇതില്‍ 20 പേരെയാണ് വെറുതെവിട്ടത്. ഈ പ്രതികള്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ക്രിമിനല്‍ നടപടിച്ചട്ടം 232-ാം വകുപ്പനുസരിച്ച് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വാദത്തിനുശേഷമാണ് വിധി. ജഡ്ജി ആര്‍ നാരായണ പിഷാരടിയാണ് വിധി പറഞ്ഞത്.സാക്ഷിമൊഴികളില്ലാത്ത പ്രതികളെ അന്തിമവിധി പുറപ്പെടുവിക്കുന്നതിനുമുമ്പ് കുറ്റവിമുക്തരാക്കാനുള്ള വിചാരണക്കോടതിയുടെ അധികാരം ഉപയോഗിച്ചാണ് ഉത്തരവ്.
ഇവരാണു വിട്ടയക്കപ്പെട്ടവർ: (ബ്രാക്കറ്റിൽ പ്രതിപ്പട്ടികയിലെ സ്ഥാനം) പതിനഞ്ചാം പ്രതി മാഹി പന്തക്കലിലെ പി അജേഷ് (15 )ചൊക്ലി സ്വദേശികളായ സി എം സുനിതന്‍ എന്ന സുനി (32), സുരേഷ് എന്ന ബാബുട്ടി(34), എന്‍ രോഷിത്(38), കാസര്‍ക്കോട് ചെങ്കളയിലെ സി രാജന്‍(40), പാനൂരിലെ കെ കുമാരന്‍(43), ചമ്പാട് കൂരാറയിലെ പി വത്സലന്‍ (44), കുത്തുപറമ്പ് കോട്ടയംപൊയിലിലെ പി സി ലാലു(45), കാര്യാട്ടുപുറത്തെ കെ അനില്‍കുമാര്‍(46), കുന്നോത്തുപറമ്പിലെ പി ഷിംജിത്ത്(51), ചമ്പാട്ടെ ശ്യാംജിത്(55), എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി(56), കടന്നപ്പള്ളിയിലെ കെ അശോകന്‍(57), കെ കെ മുകുന്ദന്‍(75), കതിരൂര്‍ പുല്യോട്ടെ പി ധനേഷ്(76), ചൊക്ലിയിലെ ഷോബി എന്ന തോമസ്(35), ചൊക്ലി കരിപ്പാലിലെ വി രഗീഷ്(47), ചോമ്പാല കല്ലാമലയിലെ ഇ എം ഷാജി(23), കാരായി രാജന്‍(26), കോടിയേരി മൂഴിക്കരയിലെ വി പി ഷിജീഷ് എന്ന നാണപ്പന്‍ (59) എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്.
രാഷ്ട്രീയ വിരോധംവച്ച് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി വെറുതെ വിടണമെന്നാണ് പ്രതിഭാഗം വാദിച്ചത്. കേസുമായി ബന്ധപ്പെട്ട് 16 പേര്‍ക്കെതിരെ സ്വതന്ത്ര സാക്ഷിമൊഴികളില്ല. പൊലീസ് അറസ്റ്റ് മെമ്മോയും പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും മാത്രമാണുള്ളത്. നാലു പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികള്‍ എതിര്‍മൊഴിയാണ് നല്‍കിയത്. പൊലീസ് പീഡനവും മര്‍ദനവും കാരണമാണ് മജിസ്ട്രേട്ട് മുമ്പാകെ കള്ളമൊഴി നല്‍കാന്‍ നിര്‍ബന്ധിതരായതെന്നും സാക്ഷികള്‍ കോടതിയില്‍ പറഞ്ഞിരുന്നു.
ഇതുവരെയുള്ള വിചാരണഘട്ടത്തിലൊന്നും തെളിവുകള്‍ ഇല്ലാത്തതിനാല്‍ 24 പ്രതികളെയും കേസില്‍നിന്ന് ഒഴിവാക്കണമെന്നും പ്രതിഭാഗം വാദിച്ചു. ഇവര്‍ക്കെതിരെ തെളിവുണ്ടെന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിച്ചത്. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ കെ ഗോപാലകൃഷ്ണക്കുറപ്പ്, സി ശ്രീധരന്‍നായര്‍, കെ എന്‍ സുകുമാരന്‍, കെ വിശ്വന്‍, പി ശശി, കെ എം രാമദാസ്, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, എന്‍ ആര്‍ ഷാനവാസ്, വി വി ശിവദാസന്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസക്യൂട്ടര്‍ സി കെ ശ്രീധരനും അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും ഹാജരായി.
കേസില്‍ കുറ്റപത്രം വായിക്കുന്നതിനുമുമ്പുതന്നെ രണ്ടുപേരെ കോടതി പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു.
കെ കെ രാഗേഷ്, കാരായി ശ്രീധരന്‍ എന്നിവരടക്കം 15 പേരുടെ വിചാരണ ഹൈക്കോടതി തടഞ്ഞു.
അവശേഷിക്കുന്ന 56 പേരുടെ വിചാരണയാണ് പൂര്‍ത്തിയായത്. പ്രതിഭാഗം നല്‍കുന്ന സാക്ഷികളുടെ ലിസ്റ്റനുസരിച്ചുള്ളവരുടെ വിസ്താരമാണ് ഇനി നടക്കുക. തുടര്‍ന്ന് അന്തിമവാദത്തിനുശേഷമാണ് വിധി പ്രസ്താവം. വിചാരണ നവംബര്‍ 30നകം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം.
No comments:
Post a Comment