Thursday, 12 September 2013

[www.keralites.net] =?utf-8?B?4LSf4LS/LuC0quC0vyDgtLXgtKfgtJXgtY3gtJXgtYfgtLjgtL/gt

 

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ തെളിവെടുപ്പും വിചാരണയും വാദവും പൂര്‍ത്തിയാകുംമുമ്പ് ഇരുപതു പ്രതികളെ കോഴിക്കോട്ടെ വിചാരണ കോടതി  വിട്ടയച്ചു.  കേരളത്തെ മാത്രമല്ല രാജ്യത്തെയാകെ ദു:ഖത്തിലാഴ്ത്തുകയും രാഷ്ട്രീയമായി നിരവധി നൈതിക പ്രശ്‌നങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഈ കേസില്‍ ഈ ഘട്ടത്തിലെ വിധി ഒരു വിഭാഗത്തിന് പരമാഹ്ലാദവും സമൂഹത്തിലെ ഭൂരിപക്ഷംപേര്‍ക്കും ആശങ്കയുണ്ടാക്കുന്നതുമാണ്.

ആഹ്ലാദിക്കുന്നവര്‍ സ്വാഭാവികവും  ഈ ദാരുണ കൊലനടത്തിയ ക്രിമിനലുകളും അവര്‍ക്ക് കൂട്ടും സഹായവുമായി നിന്ന ഒരു ചെറു ന്യൂനപക്ഷവുമാണ്.  അവര്‍ക്കൊപ്പം അസാധാരണമായി ആഹ്ലാദിക്കുന്നത്  സംസ്ഥാനത്ത്  ഏറെ രാഷ്ട്രീയ സ്വാധീനമുള്ള, ഈ കൊല അതിദാരുണമെന്നു പ്രതികരിച്ച  സി.പി.എമ്മിന്റെതന്നെ നേതൃത്വവും  അവരെ കണ്ണടച്ചു പിന്താങ്ങുന്നവരും ന്യായീകരിക്കുന്നവരുമാണ്.  സി.പി.എമ്മിലെ അനുഭാവികളും പ്രവര്‍ത്തകരുമുള്‍പ്പെടെ മനുഷ്യത്വത്തെ വിലമതിക്കുന്ന സമൂഹത്തിലെ  മഹാഭൂരിപക്ഷമാണ്  വിധിയില്‍ ആശങ്കപ്പെടുന്നത്.

എന്തുകൊണ്ട് ഇപ്പോള്‍  ഇങ്ങനെ ഒരു വിധി?  മനുഷ്യ മനസ്സാക്ഷിയെ  വേദനിപ്പിച്ച  അതിക്രൂരവും  നീചവുമായ ഒരു രാഷ്ട്രീയ കൊലപാതകം  നടത്തിയ വാടകഗുണ്ടകളും  ഗൂഢാലോചന നടത്തിയവരും  അതിന് അനുമതി നല്‍കിയ  ഉന്നത രാഷ്ട്രീയ  നേതൃത്വവും രക്ഷപെടുമോ?  ഈ ചോദ്യങ്ങളാണ് ഇപ്പോള്‍  സമൂഹത്തിനുമുമ്പില്‍ ഉയര്‍ന്നുനില്‍ക്കുന്നത്.

നീതിന്യായത്തിന്റെ വഴിയില്‍ കൊലപാതകകേസില്‍  അതിനിര്‍ണ്ണായകമായ ഒരു ഘട്ടത്തിലാണ് ഇലഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍നിന്ന് ഇരുപതു പ്രതികളെ വിട്ടയച്ച സുപ്രധാന വിധിയുണ്ടായത്.  പ്രോസിക്യൂഷന്‍ തെളിവുകള്‍ പൂര്‍ത്തിയായശേഷം കോടതി തയ്യാറാക്കിയ സുദീര്‍ഘമായ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ ചോദ്യം ചെയ്യുക.  തങ്ങള്‍ക്കെതിരെ തെളിവുകളില്ലെന്നും വിടുതല്‍ ചെയ്യണമെന്നുമുള്ള പ്രതികളുടെ ആവശ്യം പരിഗണിക്കുക.   സി.ആര്‍.പി.സി 232-ാം    വകുപ്പനുസരിച്ച് ഈ നടപടിക്രമത്തിന്റെ ഭാഗമായി കോടതി പുറപ്പെടുവിച്ച വിധിന്യായമാണിത്.  നിയമപരമായ തെളിവുകള്‍ ഇവര്‍ക്കെതിരെ  കോടതിക്കുമുമ്പിലില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്  അവസാനവിധിവരെ കാത്തുനില്‍ക്കാതെ ഇവരെ വിട്ടയച്ചത്.

ഇതിനര്‍ത്ഥം ഇതുവരെയും ഒരു തെളിവുമില്ലാതെ ഇവരെ ജയിലിലും  പ്രതിക്കൂട്ടിലും ഉള്‍പ്പെടുത്തി എന്നല്ല.  ഇപ്പോള്‍ കോടതിക്കുമുമ്പില്‍ നിയമപരമായി പരിഗണിക്കേണ്ട തെളിവുകള്‍ ഇല്ലെന്നാണ്.   രണ്ടു സുപ്രധാന വസ്തുതകള്‍ ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്.  ചന്ദ്രശേഖരനെ വധിച്ച കൊലപാതകികള്‍ക്കും  ഗൂഢാലോചന നടത്തിയവര്‍ക്കും അഭയം നല്‍കി, തെളിവു നശിപ്പിക്കാന്‍  ശ്രമിച്ചു, മുറിവേറ്റ വാടകക്കൊലയാളിക്ക് വൈദ്യസഹായം ലഭിക്കാന്‍ സഹായിച്ചു  തുടങ്ങിയ കുറ്റങ്ങള്‍ക്ക്  ഇന്ത്യന്‍ ശിക്ഷാ നിയമം 201, 212 വകുപ്പുകളുടെ  അടിസ്ഥാനത്തില്‍ പ്രതികളാക്കപ്പെട്ടവരാണ് വിട്ടയച്ച പ്രതികള്‍.  ടി.പി.  ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരോ അതിന്റെ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടവരോ അല്ല.  രണ്ടാമത്,  52 സാക്ഷികള്‍  കൂറുമാറിയ കേസാണിത്.  നിയമത്തിന്റെ മുമ്പില്‍ ഇവരുടെ കുറ്റം തെളിയിക്കാന്‍ ആവശ്യമായ സാക്ഷികളെ പ്രോസിക്യൂഷന്‍ ഈ കേസില്‍ ഹാജരാക്കിയിരുന്നു.   അതോടെ ഈ ഇരുപതുപേര്‍ക്കെതിരായ നിയമപരമായ തെളിവ് കോടതിക്കുമുമ്പില്‍ ഇല്ലാതായി.  മൂന്നാമത്, അന്വേഷണം ഒരു പ്രത്യേക ഘട്ടത്തിലെത്തിയപ്പോള്‍    ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളിലുണ്ടായ ഒത്തുകളി കേസിന്റെ അന്വേഷണ തുടര്‍ച്ചയെയും തെളിവു സമാഹരണത്തെയും പ്രതികൂലമായി ബാധിച്ചു.

സാക്ഷികള്‍ കൂറുമാറി എന്നു പറയുന്നതല്ല വസ്തുത.  കൂറുമാറ്റി കേസ് അട്ടിമറിക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നു എന്നതാണ്.   ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയ ഏഴു വാടകക്കൊലയാളികളെയടക്കം കേസില്‍നിന്ന് രക്ഷപെടുത്താന്‍ കണ്ണൂര്‍ ജില്ലയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സി.പി.ഐ.എം സര്‍വ്വ  സമ്മര്‍ദ്ദവും ഭീഷണിയും ഉപയോഗപ്പെടുത്തി. സി.പി.എമ്മിന്റെ കടുത്ത  അനുഭാവികളോ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങേണ്ട സാഹചര്യത്തില്‍ ആ ജില്ലയില്‍ കഴിയുന്നവരോ ആണ് സാക്ഷികള്‍.  ഗുജറാത്തില്‍ ബെസ്റ്റ് ബേക്കറി കേസില്‍ ഉണ്ടായതുപോലെ മറ്റൊരു വിധത്തില്‍ ആസൂത്രിതമായി തെളിവുകള്‍ തകര്‍ക്കപ്പെട്ട ഒരു അസാധാരണ കേസാണ് ടി.പി. വധകേസ്. ചന്ദ്രശേഖരനെ വധിച്ച വാടകക്കൊലയാളികളെയും ഗൂഢാലോചന നടത്തി ഇതിന് നേതൃത്വവും പങ്കാളിത്തവും നല്‍കിയവരെയും ഒളിപ്പിക്കുക, കൊലപാതകവുമായി നേരിട്ടുള്ള തെളിവുകള്‍ നശിപ്പിക്കുക,  വ്യാപകമായ ഫണ്ടു സമാഹരണം നടത്തി കൊലയാളികളെയടക്കം നിയമത്തിന്റെ മുമ്പില്‍നിന്ന് രക്ഷപെടുത്താന്‍ പരിശ്രമിക്കുക എന്ന ഗൂഢപദ്ധതിയാണ്  അണിയറയില്‍.  നേതാക്കളെയും പ്രവര്‍ത്തകരെയും കേസില്‍ ഉള്‍പ്പെടുത്തി  പാര്‍ട്ടിയെ തകര്‍ക്കാനുള്ള പൊലീസ് – രാഷ്ട്രീയ ഗൂഢാലോചന എന്ന് പ്രചരിപ്പിച്ച് ഈ നിയമവിരുദ്ധ നടപടികളെ രാഷ്ട്രീയമായി ന്യായീകരിക്കുകയാണ്  സി.പി.എം ചെയ്യുന്നത്.  അതില്‍  വളരെ ഭാഗികമായി താല്‍ക്കാലിക വിജയം നേടാന്‍ സി.പി.എമ്മിനു കഴിഞ്ഞു എന്നതാണ് ഇരുപതു പ്രതികളെ ഈ ഘട്ടത്തില്‍ വിട്ടയച്ച വിധിക്കാധാരമായ പശ്ചാത്തലം.

ഇത് ടി.പി. വധക്കേസിലെ കൊലപാതകത്തെയും ഗൂഢാലോചനയെയും എങ്ങനെ ബാധിക്കും, ബന്ധപ്പെട്ട പ്രതികളും  പ്രോസിക്യൂഷന്‍ കെട്ടിയുയര്‍ത്തിയ തെളിവുകളും ഇതോടെ തകര്‍ക്കപ്പെടുമോ – ഇതാണ് വിശദീകരണമാവശ്യപ്പെടുന്ന രണ്ടാമത്തെ പ്രശ്‌നം.

ടി.പി. ചന്ദ്രശേഖരന്റെ വധം സംബന്ധിച്ച് സമൂഹമന:സ്സാക്ഷി ഇതിനകം സ്വയം രൂപപ്പെടുത്തിയ കുറ്റപത്രത്തിന്റെയും  ശിക്ഷാവിധിയുടെയും അടിത്തറ ഇളക്കാന്‍  ഈ വിധിക്ക് സാധ്യമല്ല.  ഒരു ഘട്ടംവരെ പ്രത്യേക അന്വേഷണസംഘവും  പ്രോസിക്യൂഷനും  കൊലയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കെട്ടിയുയര്‍ത്തിയ തെളിവുകളും വാദങ്ങളും ഈ ഘട്ടംവരെ സുശക്തമായും ആര്‍ക്കും ബോധ്യപ്പെടുംവിധവും നിലനില്‍ക്കുന്നുമുണ്ട്.   ഈ വിധി വന്നിട്ടും അതാണ് മൊത്തം ചിത്രം.

നിര്‍ണ്ണായകമായ രണ്ടു ഘട്ടങ്ങളിലേക്കുകൂടി ഈ കേസ് കടക്കുകയാണ്.  അടുത്തത് തെളിവു സമര്‍പ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ഊഴമാണ്.  ഉന്നത രാഷ്ട്രീയ ഇടപെടലിന്റെയും സ്വാധീനത്തിന്റെയും ഫലമായി അവതരിപ്പിക്കപ്പെടുന്ന സാക്ഷികളുടെ തെളിവ്, പ്രോസിക്യൂഷന്‍ തെളിവുകളെ സംശയത്തിലും  ആശയ കുഴപ്പത്തിലും ആക്കാനെങ്കിലും പ്രയോജനപ്പെടാവുന്ന  രേഖകളും  തെളിവുകളും  അവതരിപ്പിക്കാനുള്ള  പ്രതിഭാഗത്തിന്റെ അവസരമാണ് ഇനി ആദ്യം.  സി.പി.എമ്മിന്റെ സര്‍വ്വ കഴിവും ഏകോപിപ്പിച്ച് മാസങ്ങളുടെ തയാറെടുപ്പോടുകൂടി നടത്തുന്ന ഈ നീക്കങ്ങളെ പ്രോസിക്യൂഷന്‍  എത്രകണ്ട് ഫലപ്രദമായി നേരിടും? ഇരു വിഭാഗങ്ങളുടെയും നിലപാടുകളെ നിയമത്തിന്റെയും സാമൂഹിക പശ്ചാത്തലത്തിന്റെയും വെളിച്ചത്തില്‍ കോടതി എങ്ങനെ പരിഗണിക്കും? ഇതാണ് അടുത്തഘട്ടത്തില്‍  നിര്‍ണ്ണായകമാകുന്നത്.  അവസാനമായി പ്രോസിക്യൂഷനും പ്രതിഭാഗവും നടത്തുന്ന അന്തിമവാദവും അതിന്റെ വെളിച്ചത്തില്‍ മൊത്തം തെളിവുകളുടെ പശ്ചാത്തലത്തില്‍ കോടതി പുറപ്പെടുവിക്കുന്ന അന്തിമ വിധിയും. വിചാരണ തടയപ്പെടുകയും ഇപ്പോള്‍ വിട്ടയയ്ക്കപ്പെടുകയും ചെയ്ത  പ്രതികളുടെ കാര്യത്തില്‍ അപ്പീല്‍ നല്‍കുകയും ഗൂഢാലോചന സംബന്ധിച്ച് അന്വേഷണസംഘം അനവസരത്തില്‍ അവസാനിപ്പിച്ച അന്വേഷണം ത്വരിതപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടതും അനിവാര്യമാണ്.  അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സത്യസന്ധതയും  പൊലീസിനെ ഭരിക്കുന്നവര്‍ക്ക് ഉണ്ടോ എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.

ഗൂഢാലോചന സംബന്ധിച്ച ഈ കേസിലെ അന്വേഷണം ഒരു പ്രത്യേക ഘട്ടത്തില്‍  മരവിപ്പിച്ചു.  ഉന്നത തലത്തില്‍നിന്നുള്ള രാഷ്ട്രീയ ഇടപെടല്‍ അതിനു ഉണ്ടായിരുന്നു എന്ന കാര്യം  അടിവരയിട്ടു പറയേണ്ടതുണ്ട്.    സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ച ഓഗസ്റ്റ് 13  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ചരിത്ര പ്രാധാന്യമുള്ള ദിവസംകൂടിയാണ്.  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ട് ഒരാണ്ടു തികയുന്ന ദിവസം.  2012 ഓഗസ്റ്റ് 13-ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്‌പെഷ്യല്‍ അന്വേഷണസംഘത്തിനുവേണ്ടി ഡി.വൈ.എസ്.പി കെ.വി സന്തോഷ് സമര്‍പ്പിച്ച  കുറ്റപത്രത്തില്‍ കോടതിക്ക് രേഖാമൂലം      നിര്‍ണ്ണായകമായ ഒരു ഉറപ്പ്  നല്‍കിയിരുന്നു.  അതിങ്ങനെ:

'ഈ കേസില്‍ ഒന്നുമുതല്‍ പതിനാലു കൂടിയ പ്രതികള്‍ക്കൊപ്പം ടി.പി. ചന്ദ്രശേഖരനെ വധിക്കുന്നതിനായുള്ള  ഗൂഢാലോചനയില്‍ കൂടുതല്‍ വ്യക്തികള്‍ പങ്കെടുത്തിട്ടുണ്ടോ എന്നതിനെപ്പറ്റി തുടര്‍ന്നും അന്വേഷണം നടത്തുന്നതാണ്.  ആയത് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അനന്തര നടപടികള്‍ സ്വീകരിക്കുന്നതാണെന്നുള്ള വിവരം ബോധിപ്പിച്ചുകൊള്ളുന്നു.'

പതിമൂന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും ആ അന്വേഷണം നടന്നില്ല.  മുഖ്യമന്ത്രിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുമെന്നു പറഞ്ഞതുപോലെയായി ടി.പി. വധക്കേസിലെ ഗൂഢാലോചന അന്വേഷണവും. മറ്റാര്‍ക്കൊക്കെ ഗൂഢാലോചനയില്‍  പങ്കുണ്ട്, കൊല നടപ്പാക്കാന്‍ അവസാനമായി ആരാണ് അനുവാദം നല്‍കിയത് തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷിച്ചില്ല.  ഇതേക്കുറിച്ച് ഇതിനകം കോടതിയില്‍ ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചില്ല.   പ്രത്യേക അന്വേഷണസംഘംപോലും  മരവിക്കപ്പെട്ടു.   കേസ് അവസാന ഘട്ടത്തിലേക്ക് കടക്കുകയുമാണ്.   എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നതിനെ സംബന്ധിച്ച് അന്വേഷണസംഘമല്ല പറയേണ്ടത്.   എല്ലാ അന്വേഷണവും നിയമത്തിന്റെ വഴിക്ക് തെളിക്കുന്നു എന്ന് ജനങ്ങളോട് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊലീസ് മന്ത്രിയും ആരോപണങ്ങളാലും  അഴിമതിക്കേസുകളാലും  വളഞ്ഞിടപ്പെട്ടിട്ടുള്ള  മുഖ്യമന്ത്രിയുമാണ്.

ഇത്തരമൊരു രാഷ്ട്രീയ ഒത്തുകളി നടന്നതിന്റെ ഗുണഭോക്താക്കളുടെ മുഖംമൂടിയും ഇവിടെ അഴിഞ്ഞുവീഴുന്നു.  36 പ്രതികളാണ് ഏഴു വാടകക്കൊലയാളികളടക്കം   ഈ കേസില്‍ ഇപ്പോള്‍ കോടതിമുമ്പാകെയുള്ളത്.  15 പ്രതികളുടെ വിചാരണ ഹൈക്കോടതി തടഞ്ഞു.   20 പ്രതികളെ  വിചാരണകോടതിതന്നെ ഇപ്പോള്‍ വിട്ടയച്ചു.  ഒരു പ്രതി മരണപ്പെട്ടു.  കൊലനടത്തുന്നതിനിടയില്‍ പരിക്കേറ്റ വാടകക്കൊലയാളി അണ്ണന്‍ സിജിത്തിന് ചികിത്സ നല്‍കാന്‍ സഹായിച്ചു എന്ന കുറ്റത്തിനാണ് വിട്ടയക്കപ്പെട്ടവരില്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയംഗമായ കാരായി രാജനെ പ്രതിയാക്കിയിരുന്നത്. വിട്ടയക്കപ്പെട്ട എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി  സരിന്‍ശശിയ്‌ക്കെതിരെയുള്ള കുറ്റം ക്രിമിനലുകള്‍ക്ക് അഭയം നല്‍കിയതാണ്.   പ്രതികുഞ്ഞനന്തനൊപ്പം ശശിയെ മാടായി പാര്‍ട്ടി ഓഫീസില്‍ കണ്ടതിന്റെ മുഖ്യതെളിവ് നല്‍കിയത് എസ്.എഫ്.ഐ ജില്ലാ  ജോയിന്റ് സെക്രട്ടറിയാണ്.  ജോയിന്റ് സെക്രട്ടറിയെ  കൂറുമാറ്റിച്ചാല്‍ പൊലീസിനും കോടതിക്കും എന്തുചെയ്യാനാകും.

പകപോക്കാന്‍ സി.പി.എമ്മിനെ കേസില്‍ ഉള്‍പ്പെടുത്തി എന്നത് കോടതി ശരിവെച്ചു എന്ന നിലയ്ക്കാണ് സി.പി.എം പ്രതികരിക്കുന്നത്.  അതു ശരിയാണെങ്കില്‍ പ്രതിഭാഗം ആവശ്യപ്പെട്ടിട്ടും കോടതി വിട്ടയയ്ക്കാത്ത മറ്റു നാലു പ്രതികള്‍  കുറ്റവാളികള്‍ ആണെന്ന്  അംഗീകരിക്കുകയാണോ?   അവശേഷിക്കുന്ന 36 പ്രതികളില്‍ വാടകക്കൊലയാളികള്‍ക്കു പുറമെ  സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം,  കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി സെക്രട്ടറി,  വടകരയിലെയും പാനൂരിലെയും ഏരിയാ കമ്മറ്റിയംഗങ്ങള്‍ തുടങ്ങി ഒട്ടേറെ സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.  ഇവര്‍ക്കെതിരെ  തെളിവുണ്ടെന്നും ഇവര്‍ കുറ്റവാളികളാണെന്നുമാണോ  സി.പി.എം പരോക്ഷമായി സമ്മതിക്കുന്നത്?  അതുകൊണ്ടായിരിക്കുമല്ലോ    ഇവര്‍ക്കെതിരെയും  തെളിവില്ലെന്നും  വിട്ടയക്കണമെന്നും  പ്രതിഭാഗം ഈ ഘട്ടത്തില്‍ കോടതിയില്‍ ആവശ്യപ്പെടാതിരുന്നത്!

Courtesy:Vallikunu.Com


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment