Saturday, 14 September 2013

[www.keralites.net] =?utf-8?B?4LST4LSy4LSa4LWN4LSa4LWC4LSf4LWN4LSf4LS/4LSo4LWN4LSx4

 

ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ ഒരു രാജകീയ എഴുന്നള്ളത്ത്‌
 
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
 
നഗരപ്പഴമ

വൈദ്യുത വിളക്കുകളോ സൗരോര്‍ജ വിളക്കുകളോ ഇല്ലാതിരുന്ന കാലം. മണ്ണെണ്ണ വിളക്കുകള്‍ പ്രചാരത്തിലെത്തിയിരുന്നില്ല. അങ്ങനെയുള്ള ഒരു കാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ആയില്യം തിരുനാള്‍ മഹാരാജാവ് (1860-1880) ആദ്യമായി മദ്രാസിലേക്ക് പോകാന്‍ തീരുമാനിച്ചു. ഇന്നത്തെ ഗവര്‍ണര്‍മാരുടെയോ മന്ത്രിമാരുടെയോ സര്‍ക്കീട്ടുകളേക്കാള്‍ എത്രയോ വിപുലമായ ഒരുക്കങ്ങളാണ് അക്കാലത്ത് രാജകീയ സഞ്ചാരത്തിന് വേണ്ടിയിരുന്നത്. യാത്രചെയ്യാന്‍ മോട്ടോര്‍ വാഹനങ്ങളോ മോട്ടോര്‍ ബോട്ടുകളോ പലയിടത്തും താമസിക്കാന്‍ സര്‍ക്കാര്‍ മന്ദിരങ്ങളോ അന്ന് ഉണ്ടായിരുന്നില്ല. മഹാരാജാവിന്റെ യാത്രകള്‍ സുഗമമാക്കാന്‍ കളക്ടര്‍ക്ക് തുല്യമായ ഉദ്യോഗം വഹിച്ചിരുന്ന പേഷ്‌കാര്‍മാര്‍ക്കായിരുന്നു ചുമതല. ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേ പേഷ്‌കാര്‍മാര്‍ ആരംഭിക്കും. അനന്തപുരിയില്‍നിന്ന് രാജകീയയാത്ര സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പേഷ്‌കാര്‍മാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കും അടിക്കടി നല്‍കിക്കൊണ്ടിരിക്കും.
ഒരുക്കങ്ങളില്‍ പ്രധാമായ ഒരു കാര്യമായിരുന്നുവെളിച്ചം നല്‍കുക എന്നത്. തീവെട്ടിയായിരുന്നു പ്രകാശം നല്‍കിയിരുന്ന പ്രധാന വിളക്ക്. എന്നാല്‍ കായലിലൂടെ മഹാരാജാവ് യാത്രചെയ്യുമ്പോള്‍ തീവെട്ടിയുടെ പ്രകാശംമാത്രം പോരെന്ന് അന്ന് പേഷ്‌കാര്‍ ആയിരുന്ന പി.ശങ്കുണ്ണിമേനോന്‍ (പ്രശസ്തചരിത്രകാരന്‍) തീരുമാനിച്ചു. കൊല്ലം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള എഴുന്നള്ളത്തിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഷൊര്‍ണൂരില്‍ നിന്നായിരുന്നു മഹാരാജാവ്പുകവണ്ടി അഥവാ തീവണ്ടി (തീവണ്ടിയെ ആവിവണ്ടി എന്നും വിളിച്ചിരുന്നു) കയറി മദ്രാസിലേക്ക് പോകാന്‍ തീരുമാനിച്ചത്. വൈയ്ക്കം മുതല്‍ അരുക്കുറ്റിവരെയുള്ള കായലുകളിലൂടെ രാജാവ് കടന്നുപോകുമ്പോള്‍ ഇരുകരയിലുള്ള ആളുകള്‍ ഓലച്ചൂട്ട് കത്തിച്ച് വെളിച്ചം നല്‍കാന്‍ ശങ്കുണ്ണി മേനോന്‍ ഉത്തരവ് നല്‍കി. വൈക്കത്ത് കടവില്‍ പത്തു പോണ്ടന്‍മാരും (പല്ലക്ക്ചുമക്കുന്നവര്‍) നൂറ്റിയന്‍പത് ശൂദ്ര ചുമട്ടുകാരും ഉണ്ടാകണമെന്നും രാത്രിയില്‍ വെളിച്ചം കിട്ടാന്‍ ചൂട്ട് കൂടാതെ ആവശ്യമായ തീവെട്ടികളും മഹാരാജാവ് വിശ്രമിക്കാന്‍ ഇറങ്ങുന്ന സ്ഥലത്ത് വലിയ അലങ്കരിച്ച പന്തലുകളും വെള്ള ശീലയിലുള്ള ഉടുപ്പും തൊപ്പിയും വെളുത്ത മുണ്ടും ധരിച്ച പരിചാരകരും ഉണ്ടാകണമെന്നുംഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. കുലവാഴ, തോരണം എന്നിവകൊണ്ട് പന്തല്‍ അലങ്കരിക്കാനും മഹാരാജാവ് രാത്രി സഞ്ചരിക്കുന്ന ബോട്ടിലെ ആളുകള്‍ പാടുകയോ, കരയില്‍ നില്‍ക്കുന്നവര്‍ ആര്‍പ്പുവിളിക്കുകയോ കുരവയിടുകയോ വാദ്യം, വെടി, മുതലായവ ഒന്നും നടത്തുകയോ ചെയ്യരുതെന്നും ഉത്തരവിലുണ്ട്.
ആയില്യം തിരുനാള്‍ മഹാരാജാവ് 1862-ല്‍ മദ്രാസിലേക്ക് പോകുമ്പോള്‍ ഇവിടെനിന്ന് ജലഗതാഗതം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കല്പാലക്കടവി (വള്ളക്കടവ്) ല്‍ നിന്ന് തോടുകള്‍ വഴി കായലുകളെ ബന്ധിപ്പിക്കുന്ന ജലപാത ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷന് സമീപംവരെ നീണ്ടിരുന്നു. എന്നാല്‍ വര്‍ക്കല തുരപ്പ് അന്നില്ലായിരുന്നു. ഇതുകാരണം അവിടെയിറങ്ങി കുന്നുകയറി അപ്പുറത്ത് കടന്നാലേ പിന്നീട് ജലപാത ഉണ്ടായിരുന്നുള്ളൂ. ആയില്യം തിരുനാളിന്റെ കാലത്ത് തന്നെയാണ് പിന്നീട് ഇവിടെ തുരങ്കം നിര്‍മ്മിച്ചത്. അതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നു. മദ്രാസിലേക്ക് ആദ്യം ആയില്യം തിരുനാള്‍ പോയത് കോട്ടയംവഴിയാണ്. വൈക്കം, ഗുരുവായൂര്‍ വഴി ഷൊര്‍ണൂരിലേക്ക് പോയ അദ്ദേഹത്തിനു വേണ്ട ഏര്‍പ്പാടുകളെല്ലാം കൊച്ചി സര്‍ക്കാര്‍ ചെയ്തിരുന്നു. ശങ്കുണ്ണിമേനോന്‍ മാസങ്ങള്‍ക്ക് മുമ്പ് പലപ്രാവശ്യം ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ തുടങ്ങി. എഴുന്നള്ളത്ത് പോകുന്ന വഴികളിലെല്ലാം പട്ടാളക്കാര്‍, പാചകക്കാര്‍, പല്ലക്ക്ചുമട്ടുകാര്‍ എന്നിവരെ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍മാരും പാര്‍വത്യകാരന്മാരും എല്ലാം അദ്ദേഹത്തിന്റെ ഉത്തരവുകള്‍ അക്ഷരംപ്രതി അനുസരിക്കാന്‍ ജാഗരൂകരായിനിന്നു. ബോട്ടുകടവുകളിലും മഹാരാജാവ് വിശ്രമിക്കുന്ന സ്ഥലങ്ങളിലും സജ്ജീകരണങ്ങള്‍ തഹസില്‍ദാര്‍മാരുടെ ചുമതലയിലായിരുന്നു. യാത്രയ്ക്ക് കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് പന്തങ്ങളും തീവെട്ടികളും തയ്യാറാക്കലാണ്. ഓലച്ചൂട്ട് കത്തിച്ച് രാത്രി ആറ്റിന്‍കരകളില്‍ പന്തവെളിച്ചം കാട്ടുന്നതുപോലെ പ്രധാനമായിരുന്നു മഹാരാജാവ് താമസിക്കുന്ന സ്ഥലങ്ങളില്‍ പന്തങ്ങളും തീവെട്ടികളും വഴി വെളിച്ചം സൃഷ്ടിക്കുക എന്നത്. ഇതിനുവേണ്ടി നല്ല വെളിച്ചെണ്ണ, പശുവിന്‍ നെയ്യ് എന്നിവ ശേഖരിക്കുക പ്രധാനമായിരുന്നു. കൊതുമ്പില്‍ തുണിചുറ്റിയാണ് പന്തങ്ങള്‍ കൂടുതലും നിര്‍മ്മിച്ചിരുന്നത്. ഇതില്‍ എണ്ണ മുക്കിയാണ് കത്തിച്ചിരുന്നത്.

വെളിച്ചെണ്ണ, മരവുട്ടി എണ്ണ, പുന്നയ്ക്ക എണ്ണ എന്നിവകൊണ്ട് പ്രകാശിപ്പിക്കുന്ന നിലവിളക്ക്, ചങ്ങലവട്ടവിളക്ക്, ഗ്ലാസ് വിളക്ക്, കല്ലുറാന്തല്‍ വിളക്ക്, തൂക്കുവിളക്ക് തുടങ്ങിയവയാണ് ഒരുകാലത്ത് വീടുകളില്‍ പ്രകാശം നല്‍കിയിരുന്നത്. അമ്പലങ്ങളില്‍ ലോഹങ്ങളിലും കല്ലിലും നിര്‍മ്മിച്ച വലിയ വിളക്കുകളുണ്ടായിരുന്നു. സര്‍ക്കാര്‍ മന്ദിരങ്ങളിലും പോലീസ് സ്റ്റേഷനുകളിലുമെല്ലാം അക്കാലത്ത് വിളക്കുവെയ്പുകാരന്‍ എന്ന ജോലിക്കാരന്‍ ഉണ്ടായിരുന്നു. എന്നാല്‍ മണ്ണെണ്ണയുടെ വരവോടെ വെളിച്ചരംഗത്ത് പുതിയ വിപ്ലവംതന്നെ ഉണ്ടായി. ആദ്യകാലത്ത് മണ്ണെണ്ണ അപൂര്‍വ വസ്തുവായിരുന്നു. മാത്രവുമല്ല ചില നമ്പൂതിരി ഗൃഹങ്ങളില്‍ മണ്ണെണ്ണ വിളക്കുകള്‍ക്ക് അശുദ്ധിയും കല്പിച്ചിരുന്നു. തന്റെ മഠത്തില്‍ ആദ്യമായി കത്തിച്ച മണ്ണെണ്ണ വിളക്ക് കാണാന്‍ ആളുകള്‍ കൗതുകത്തോടെ എത്തിയത് കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട് വിവരിച്ചിട്ടുണ്ട്. മണ്ണെണ്ണ വ്യാപകമായതോടെ അരയ്ക്കലാമ്പുകളും ശരറാന്തല്‍ വിളക്കുകളും ചിമ്മിനി വിളക്കുകളും വ്യാപകമായി.

ആയില്യംതിരുനാളിന്റെ അന്ത്യകാലത്തോടെ മണ്ണെണ്ണ വിളക്കുകള്‍ മാത്രമല്ല ഗ്യാസ് ലൈറ്റുകളും പെട്രോള്‍മാക്‌സ് ലൈറ്റുകളും എത്തിയിരുന്നു. എന്നാല്‍ പോക്കറ്റിലിട്ട് നടക്കാവുന്നതും ഏത് ഭാഗത്തും പ്രകാശം ചൊരിയാവുന്നതുമായ ടോര്‍ച്ച് ലൈറ്റുകളുടെ വരവ് ആദ്യം ജനങ്ങള്‍ക്ക് അത്ഭുതമായിരുന്നു. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ പട്ടാളക്കാര്‍ തിരിച്ചുവന്നതോടെയാണ് ടോര്‍ച്ച് ലൈറ്റുകള്‍ വ്യാപകമായത്. അതിന് മുമ്പുതന്നെ ഗ്യാസ് കൊണ്ടും മണ്ണെണ്ണ കൊണ്ടും നഗരത്തില്‍ തെരുവുവിളക്കുകള്‍ കത്തിക്കുന്ന സമ്പ്രദായം നിലവില്‍വന്നിരുന്നു.
എന്നാല്‍ വൈദ്യുത വിളക്കുകളുടെ വരവ് വെളിച്ചരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചു. പ്രധാന കൊട്ടാരങ്ങളിലും അതിഥിമന്ദിര (ഇപ്പോഴത്തെ രാജ്ഭവന്‍) ത്തിലും ജനറേറ്റര്‍ ഉപയോഗിച്ച് വൈദ്യുത വിളക്കുകള്‍ കത്തിക്കാന്‍ തുടങ്ങി. നഗരത്തില്‍ വൈദ്യുതി വ്യാപകമാക്കിയതിന്റെ ഓര്‍മ്മകളുമായി നില്‍ക്കുകയാണ് മേലേ പഴവങ്ങാടിയിലെ പവര്‍ഹൗസ് മന്ദിരം ഇപ്പോഴും. പള്ളിവാസല്‍ ജലവൈദ്യുതി വരുന്നതുവരെ ഈ ഡീസല്‍ നിലയത്തിന്റെ പ്രതാപം നിലനിന്നിരുന്നു.
 
Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment