വികസനംകൊണ്ട് നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതാകുന്ന ലക്ഷണമുണ്ട്. വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ രണ്ടാംറാങ്കായി ചേര്‍ത്തത് വലിയ ഗൂഢാലോചനയുടെ ഫലമാണ്. കേരളമോഡല്‍ എന്ന് ഡോ. തോമസ് ഐസക് മുതല്‍ അമര്‍ത്യാസെന്‍ വരെയുള്ള ആഗോള സാമ്പത്തികശാസ്ത്രജ്ഞര്‍ കൊട്ടിപ്പാടാറുണ്ട് എന്നത് ശരിതന്നെ. പക്ഷേ, അതൊക്കെ സായ്പ്പന്മാരുടെ മുന്നില്‍ ഞെളിയാന്‍ നമ്മള്‍ കാണിക്കുന്ന ചില അടവുതന്ത്രങ്ങളില്‍ ഒന്നുമാത്രമാണ് എന്നെന്തേ ഇവര്‍ക്ക് മനസ്സിലായില്ല? റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇതൊക്കെ അങ്ങനെ സീരിയസ്സായി എടുക്കാന്‍ പാടുണ്ടോ ?
പഴയകാലത്തെ സോഷ്യലിസ്റ്റ് സിംഹമായിരുന്ന കര്‍പ്പൂരി താക്കൂര്‍ മുതല്‍ പുതിയകാലത്തെ സിംഹങ്ങളായ ലാലുപ്രസാദ് യാദവ്, നിതീഷ് കുമാര്‍ എന്നിവരും പോരാത്തതിന് ഇടയ്ക്ക് റാബ്രി ദേവി സിംഹിയും ഭരിച്ച ബിഹാര്‍ സംസ്ഥാനം തീര്‍ത്തും പട്ടിണി ജാതി വര്‍ഗമാണെന്ന് പെട്ടെന്ന് ബോധോദയമുണ്ടായതാണല്ലോ പുതിയ പ്രശ്‌നത്തിന്റെ തുടക്കം. അടിയന്തരമായി പ്രഖ്യാപനം നടത്തി ഇടക്കാലാശ്വാസമായി 50,000 കോടി രൂപ(വെറും അമ്പതിനായിരം കോടി രൂഫായേ!) സഹായം നല്‍കണമെന്ന് ബി.ജെ.പി.യുടെ പ്രതിനിധിസംഘം ഗവര്‍ണറെക്കണ്ട് ആവശ്യപ്പെടുകയുണ്ടായി. അത്രയൊന്നും ചെയ്തില്ലെങ്കിലും ചില്ലറ എന്തെല്ലാമോ കൊടുക്കുകയുണ്ടായി കേന്ദ്രം. ഇത് അവിടത്തെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കേന്ദ്രഭരണമുന്നണിയില്‍ ചേര്‍ക്കാന്‍വേണ്ടിയുള്ള കോഴയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുകയുമുണ്ടായി. അത്തരം ദുരുദ്ദേശ്യങ്ങളൊന്നും ഇല്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് നമുക്കറിഞ്ഞുകൂടേ! പക്ഷേ, റിസര്‍വ് ബാങ്കിലും ധനകാര്യവകുപ്പിലും ഇരിക്കുന്ന സാമ്പത്തികശാസ്ത്രികള്‍ക്ക് അതത്ര പിടിച്ചില്ല. ബിഹാറിനെ പിന്നാക്ക സംസ്ഥാനമായി പ്രഖ്യാപിച്ചാല്‍ ബാക്കി 28 സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉയര്‍ത്തുമെന്ന് അവര്‍ പേടിച്ചുകാണും.
കേന്ദ്ര ഭരണാധികാരികള്‍ക്ക് ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല. സമ്പന്നസംസ്ഥാനം, ദരിദ്രസംസ്ഥാനം എന്ന വേര്‍തിരിവ് പാടില്ലെന്ന കാര്യത്തിലേ നിര്‍ബന്ധമുള്ളൂ. കാരണം, ഇന്ത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. അത് ഭരണഘടനയിലുണ്ട്. അതുകൊണ്ട്, ഇവിടെ ധനിക-ദരിദ്ര അസമത്വം പാടില്ല. മൊത്തം ദരിദ്രമായി പ്രഖ്യാപിക്കാം. പത്തുവര്‍ഷമായി ഒന്നാംകിട സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഭരിക്കുന്ന ലോകത്തെ ഏക രാജ്യമാണല്ലോ നമ്മുടേത്. പക്ഷേ, ഉദ്യോഗസ്ഥ-ധനവകുപ്പ് ദുഷ്പ്രഭൃതികള്‍ക്ക് ഈ സിദ്ധാന്തമൊന്നും ദഹിച്ചില്ല. അവരാണ് മന്ത്രിമാരെ തെറ്റിദ്ധരിപ്പിച്ച് അടിയന്തരമായി റിപ്പോര്‍ട്ടുണ്ടാക്കിയത്.
ശരിക്കണക്ക് വേറെ, രാഷ്ട്രീയക്കണക്ക് വേറെ. ഇന്ത്യ ഹ്യൂമന്‍ ഡവലപ്‌മെന്റ് റിപ്പോര്‍ട്ട് എന്ന പേരില്‍ ഒരു എപ്പേര്‍പ്പെട്ട റിപ്പോര്‍ട്ട് കൊല്ലംതോറും ഇറങ്ങുന്നുണ്ട്. അതും പ്ലാനിങ് കമ്മീഷന്‍ വക കസര്‍ത്തുതന്നെ. നാന്നൂറും അഞ്ഞൂറും പേജുള്ള കേമന്‍ റിപ്പോര്‍ട്ടുകളാണ് ഇറക്കുക. നേതാക്കള്‍ കൊട്ടിഗ്‌ഘോഷിക്കുന്ന അവകാശവാദങ്ങളൊന്നും അല്ല റിപ്പോര്‍ട്ടില്‍ കാണുക. ഗുജറാത്ത് പത്തുവര്‍ഷത്തോളമായി ഭരിച്ച് വികസിപ്പിച്ച് വികസിപ്പിച്ച് മുടുത്തിട്ടാണ് നരേന്ദ്രമോഡി രാജ്യത്തെ മൊത്തം ഗുജറാത്താക്കാന്‍ പുറപ്പെട്ടത്. പക്ഷേ, റിപ്പോര്‍ട്ട് പ്രകാരം പോഷകാഹാരക്കുറവുപോലും പരിഹരിക്കപ്പെട്ടിട്ടില്ല. ദരിദ്രസംസ്ഥാനമെന്ന് പറയുന്ന ഉത്തര്‍പ്രദേശും ബിഹാറുമെല്ലാം എത്രയോ മുന്നിലാണത്രെ. അങ്ങനെയെന്തെല്ലാം കണക്കുകള്‍. നാട്ടിന്‍പുറത്ത് പറയുംപോലെ, എല്ലാം കണക്കുതന്നെ.
ഗവര്‍ണര്‍ രഘുറാം രാജന്‍ കമ്മിറ്റി കേരളത്തെ രണ്ടാം റാങ്കാക്കി എന്നതാണല്ലോ നമ്മുടെ പ്രശ്‌നം. ഇത് വലിയ പ്രശ്‌നമാണ്. പിന്നില്‍ നില്‍ക്കുന്നവരെ മുന്നിലെത്തിക്കലാണല്ലോ ആസൂത്രണത്തിന്റെയും വികസനത്തിന്റെയും ഉദ്ദേശ്യം. അതംഗീകരിച്ചാല്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് കൂടുതലും മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് കുറവുമേ കേന്ദ്രത്തില്‍നിന്ന് കിട്ടൂ. അത് പാടില്ല. പിന്നാക്കമായാലും മുന്നാക്കമായാലും നമുക്ക് കിട്ടുന്നത് കുറയരുത്. നമ്മള്‍ ശാശ്വതമായി പിന്നാക്കവിഭാഗമാണെന്ന് കേന്ദ്രം അംഗീകരിച്ചുതരണം.
വ്യക്തികളുടെ കാര്യത്തിലും ഇതേ തത്ത്വമാണ് സ്വീകരിക്കേണ്ടത്. ബി.പി.എല്‍., എ.പി.എല്‍. വ്യത്യാസമൊന്നും കേരളത്തില്‍ വേണ്ട. എല്ലാവരെയും ബി.പി.എല്‍. പട്ടികയില്‍ പെടുത്തണം. എല്ലാവര്‍ക്കും സൗജന്യറേഷനും കൊടുക്കണം. മുന്നാക്കം നില്‍ക്കുന്നു എന്നുപറയുന്ന എല്ലാ ജാതികളെയും പിടിച്ച് പട്ടികജാതി-വര്‍ഗത്തില്‍പ്പെടുത്തി സംവരണവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്തുചെയ്യാനാണ്. ഈ കോടതി സമ്മതിക്കില്ല. അതുകൂടി ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ സൊമാലിയയോടും റുവാണ്ടയോടുമൊക്കെ മത്സരിച്ച് ഐക്യരാഷ്ട്രസഭയില്‍നിന്ന് വല്ലതും കിട്ടുമോ എന്ന് നോക്കാമായിരുന്നു.
* * * *
ഋഷിരാജ് സിങ് ഗതാഗതരംഗത്ത് നടത്തുന്ന ശുദ്ധീകരണം വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ നാള്‍ നീണ്ടുനിന്നു. ബസ് ഉടമസ്ഥര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ ആളുകള്‍ ഉറപ്പിച്ചതാണ്, ഇത് ഋഷിരാജിനെയുംകൊണ്ടേ പോവൂ എന്ന്. ഒന്നും സംഭവിച്ചില്ല. സംസ്ഥാനത്തുടനീളം ഹെല്‍മെറ്റ്‌വിരുദ്ധ ഇരുചക്രജീവികള്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ 'ഹെല്‍മെറ്റ് വേട്ട' എന്ന വികൃതപ്രയോഗം അധികം കണ്ടില്ല, ഭാഗ്യം.
ട്രാഫിക് നിയന്ത്രണ നടപടികള്‍ പലര്‍ക്കും ഒട്ടും പിടിച്ചിട്ടില്ലെന്നത് സത്യം. സംസ്ഥാനത്തുടനീളം പോലീസ് നായാട്ടാണെന്ന് ചിത്രീകരിച്ച് അസംതൃപ്തരുടെ കൈയടി കിട്ടാന്‍ ചിലര്‍ ഇറങ്ങിനോക്കിയെങ്കിലും ഫലിച്ചില്ലെന്നതാണ് മറ്റൊരു സത്യം. കേരളം എത്ര ഗുരുതരമായ അവസ്ഥയിലാണെന്നത് ശ്രദ്ധിക്കാത്തവര്‍ കേരളീയര്‍ മാത്രമാണ്. ഒരിക്കലെങ്കിലും കേരളത്തില്‍ വന്നവര്‍ തെരുവുകളില്‍ നടക്കുന്ന കൂട്ടക്കൊലകണ്ട് ഞെട്ടിവിറയ്ക്കുന്നു. സ്വകാര്യബസ്സില്‍ കയറിയവര്‍ ഇനിയിങ്ങോട്ടില്ലെന്ന് ഉറപ്പിക്കുന്നു. കഴിഞ്ഞദിവസം പത്രത്തില്‍ക്കണ്ട കണക്ക് കേരളീയരെയെങ്കിലും ചിരിപ്പിക്കേണ്ടതാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനകം വര്‍ഗീയസംഘട്ടനത്തില്‍ ഇന്ത്യയില്‍ 2,500 പേര്‍ മരിച്ചെന്ന്. എത്ര കഠിനം, കഠോരം.
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്താണ് വര്‍ഗീയത എന്നാണ് കേട്ടിട്ടുള്ളത്. പതിന്മടങ്ങ് വലിയ വിപത്താണ് കേരളത്തിലെ റോഡുകളില്‍ നടക്കുന്ന നരഹത്യ. ഒരു വര്‍ഷം കേരളത്തില്‍ വാഹനാപകടത്തില്‍ മരിക്കുന്നത് 4,000 പേരാണ്. ഇന്ത്യയിലൊട്ടാകെയല്ല, കേരളത്തില്‍ മാത്രം. പത്തുവര്‍ഷത്തിനിടയിലല്ല, ഒരു വര്‍ഷംകൊണ്ടുമാത്രം. പത്തുവര്‍ഷംകൊണ്ട് രാജ്യത്ത് വര്‍ഗീയസംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 2,500 പേര്‍ക്ക് മാത്രം. കേരളത്തിലെ കൂട്ടക്കൊല തടയാന്‍ ഋഷിരാജ് സിങ്ങിനെയല്ല, പട്ടാളത്തെ ഇറക്കിയാലും തെറ്റില്ല.
* * * *
എന്തൊരു വലിയ 'വിപത്താ'ണ് കേരളത്തില്‍ ഓണക്കാലത്തുണ്ടായത്! ഓണക്കാലത്തെ മദ്യവില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞത്രെ. എകൈ്‌സസ് മന്ത്രി പറഞ്ഞാല്‍ അവിശ്വസിക്കാറില്ല. പക്ഷേ, ഇത് വിശ്വസിക്കണമെങ്കില്‍ മന്ത്രി വേറെ തെളിവുകള്‍കൂടി ഹാജരാക്കേണ്ടിവരും. പെട്ടെന്ന് മദ്യാസക്തി കുറയാന്‍ എന്തേ കാരണമെന്നാരും വിലയിരുത്തിക്കണ്ടില്ല. ചാനല്‍ ചര്‍ച്ചയും കണ്ടില്ല. മദ്യപര്‍ അറിയാതെ മദ്യപാനാസക്തി ഇല്ലാതാക്കുന്ന മരുന്നുകള്‍ ഉള്ളതായി പത്രങ്ങളില്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ കാണാറുണ്ട്. ഈ ഇനം വല്ലതും ബിവറേജസ്സുകാര്‍ കുപ്പികളില്‍ ചേര്‍ത്തുകയുണ്ടായോ എന്തോ.
ബിവറേജസ്സില്‍ വിറ്റ മദ്യത്തിന്റെ കണക്കുമാത്രം നോക്കിയാല്‍ പോര, ബാറുകളിലെ കണക്കും നോക്കണം എന്നാണ് മദ്യരംഗത്തെ പരിചയസമ്പന്നര്‍ പറയുന്നത്. ജനത്തിന്റെ പ്രിയ ബ്രാന്‍ഡുകള്‍ പലതും ബിവറേജസ്സില്‍ കിട്ടാറില്ലെന്നും അതുകൊണ്ട് പലരും ബാറില്‍പ്പോയി ഇരട്ടിവില കൊടുത്താണ് കുടിക്കുന്നതെന്നും കേള്‍ക്കുന്നു. സത്യമറിയാന്‍ ഇനി ഇതിനും വിവരാവകാശ ഹര്‍ജി വേണ്ടിവരുമോ ആവോ... www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment