Sunday 30 June 2013

[www.keralites.net] Madhyamam- Thettayil story

 

അടി തെറ്റിയാല്‍

 

അടി തെറ്റിയാല്‍
വഴിതെറ്റാതെ നടക്കുക എന്നത് രാഷ്ട്രീയത്തില്‍ വലിയ പാടുള്ള കാര്യമാണ് എന്ന് തെറ്റയിലിന് അറിയാതിരിക്കില്ല. തെറ്റിയ വഴി പെണ്ണായും പണമായും മുന്നില്‍ വരും. വഴി തെറ്റിപ്പോവുക എന്നത് വലിയ ഒരു തെറ്റാണെന്ന് തെറ്റയിലിന് ഇപ്പോള്‍ ബോധ്യപ്പെട്ടുകാണും. അടി തെറ്റിയാല്‍ ആനയും വീഴുമല്ലോ. ജോസ് തെറ്റയിലിന് രാഷ്ട്രീയ ജീവിതത്തിന്‍െറ താളമാണിപ്പോള്‍ തെറ്റിയിരിക്കുന്നത്. ഗണേഷ്കുമാര്‍, സരിത നായര്‍ കഥകള്‍ കാരണം ജനങ്ങള്‍ സീരിയലുകളും മലയാളി ഹൗസുമൊഴിവാക്കി വാര്‍ത്തകള്‍ കണ്ടുതുടങ്ങുന്ന കാലത്താണ് ചൂടന്‍ദൃശ്യങ്ങളിലെ നായകപ്പട്ടം കിട്ടിയത്. അതുകൊണ്ട് പൊതുബോധത്തില്‍നിന്ന് എളുപ്പം മറഞ്ഞുപോവില്ല ഈ അങ്കമാലിക്കാരന്‍. പൊതുജീവിതത്തിന്‍െറ ധാര്‍മികത, വ്യക്തിജീവിതത്തിലെ സദാചാരം എന്നീ വിഷയങ്ങളെക്കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോള്‍ വിഷയീഭവിക്കുന്ന രാഷ്ട്രീയക്കാരനിലൊരുവനുമായി മാറിയിരിക്കുന്നു ഈ 63ാം വയസ്സില്‍.
രാഷ്ട്രീയജീവിതം ഏതാണ്ട് പണ്ടാരമടങ്ങിയ മട്ടാണ്. വ്യക്തിജീവിതത്തിന്‍െറ കാര്യം കുടുംബക്കാരുടെ വേദനയായി നില്‍ക്കുകയും ചെയ്യും. പുരോഗമനപരമായ കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ കാണുന്നവര്‍ തെറ്റയിലില്‍ തെറ്റുകാണില്ല. ഉഭയകക്ഷി സമ്മതത്തോടെയുള്ള ശാരീരികവേഴ്ച ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമല്ല. യുവതി കരുതിക്കൂട്ടി കെണിയില്‍ പെടുത്താന്‍ വേണ്ടിയാണ് വേഴ്ചയുടെ ദൃശ്യങ്ങള്‍ കാമറയിലാക്കിയത്. അത് പീഡനമോ ബലാത്സംഗമോ അല്ല. ഇന്ത്യന്‍ പീനല്‍ കോഡിലെ 375ാം വകുപ്പുപ്രകാരമുള്ള ബലാത്സംഗക്കുറ്റം കോടതിയില്‍ തള്ളിപ്പോവാനേ ഇടയുള്ളൂ. എങ്കിലും സാങ്കേതികസൗകര്യങ്ങള്‍ വികസിച്ച കാലത്ത്, ദൃശ്യമാധ്യമങ്ങള്‍ക്ക് നേരും നെറിയും കെട്ട കാലത്ത് ബ്ളാക്മെയില്‍ ചെയ്യപ്പെടുന്ന ഒരു ഇരയായി ചരിത്രത്തില്‍ സ്ഥാനപ്പെടും.
മകനെ വിവാഹം കഴിക്കാന്‍ അച്ഛനുമായി വേഴ്ചയിലേര്‍പ്പെട്ട യുവതിയുടെ കരളലിയിക്കുന്ന കദനകഥ ഒരു ന്യൂജനറേഷന്‍ സിനിമക്കുള്ള വിഷയമാണ്. അവിഹിതത്തില്‍ പുതിയ മാനങ്ങള്‍ തേടുന്ന പുത്തന്‍കൂറ്റുകാരുടെ അത്തരമൊരു ചിത്രത്തില്‍ നായകവേഷത്തിന് സ്കോപ്പുണ്ട്. രാഷ്ട്രീയത്തില്‍ ഇനി വലിയ ഭാവിയില്ല. പിന്നെ അറിയാവുന്ന മേഖല സിനിമയാണ്. അതില്‍ അഗാധമായ പാണ്ഡിത്യമുണ്ട്. പണ്ട് ലോ കോളജില്‍ പഠിക്കുന്ന കാലത്ത് മമ്മൂട്ടിയോടൊപ്പം ബര്‍ഗ്മാന്‍െറ പടം കാണാന്‍ പോയ ആളാണ്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 1978ല്‍ ഫിലിം അപ്രീസിയേഷന്‍ കോഴ്സ് പാസായിട്ടുമുണ്ട്. വീട്ടില്‍ ക്ളാസിക്കുകളുടെ വലിയ ഒരു ശേഖരമുണ്ട്. സത്യജിത്ത് റായ് പ്രസിഡന്‍റും മൃണാള്‍സെന്‍ വൈസ് പ്രസിഡന്‍റുമായിരുന്ന ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ സംസ്ഥാനതല ഓര്‍ഗനൈസറായിരുന്നു. അടൂരും അരവിന്ദനും ഷാജിയും കെ.ആര്‍. മോഹനനുമെല്ലാം അന്നു കിട്ടിയ സൗഹൃദങ്ങള്‍. കുട്ടിസ്രാങ്കില്‍ അഭിനയിച്ചുകൂടേ എന്ന് ഷാജി എന്‍. കരുണ്‍ പല തവണ ചോദിച്ചിട്ടുണ്ട്. അത് സ്നേഹപൂര്‍വം നിരസിച്ചെങ്കിലും 'നഖരം' എന്ന കൊച്ചുസിനിമയില്‍ വേഷമിട്ടു. കെ.ബി. ഗണേഷ്കുമാര്‍ നായകവേഷത്തില്‍ വന്ന സിനിമയില്‍ ന്യായാധിപന്‍െറ വേഷമായിരുന്നു. ഏറെക്കാലം ഹൈകോടതിയില്‍ അഭിഭാഷകനായിരുന്നതുകൊണ്ട് ന്യായാധിപവേഷം അവതരിപ്പിക്കാന്‍ അപരിചിതത്വമൊന്നും തോന്നിയില്ല. തിരക്കഥയും സംവിധാനവുമൊക്കെ മനസ്സിലെ ലക്ഷ്യങ്ങളായിരുന്നു. എളവൂര്‍തൂക്കത്തെപ്പറ്റിയുള്ള 'ഓള്‍ ഫോര്‍ ഗോഡ്സ് സേക്ക്' എന്ന ഡോക്യുമെന്‍ററി സ്വന്തമായി സംവിധാനം ചെയ്യുകയും ചെയ്തു. എസ്. കുമാര്‍ എന്ന മുന്‍നിര കാമറാമാന്‍ തന്നെ ദൃശ്യങ്ങളൊരുക്കി. 'രാഷ്ട്രീയവും സിനിമയും' എന്ന ഒരു പുസ്തകം തന്നെ എഴുതിവെച്ചിട്ടുണ്ട്. 1987 മുതല്‍ കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. വിവിധ മാധ്യമങ്ങള്‍ക്കായി ചലച്ചിത്രോത്സവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സകലകലാവല്ലഭനായതുകൊണ്ട് സംഗീതത്തിലുമുണ്ട് കമ്പം. ബാംഗ് ബീറ്റ്സ് എന്ന സംഗീത ട്രൂപ്പില്‍ ഗായകനായിരുന്നു.
സെക്കുലര്‍ ജനതാദളിന്‍െറ കാര്യമാണ് കഷ്ടം. പിളരാന്‍ മാത്രം നേതാക്കളില്ലാതിരുന്നിട്ടും പിളര്‍ന്ന പാര്‍ട്ടി. അഞ്ച് എം.എല്‍.എമാരുമായി ഒരിക്കല്‍ നിയമസഭയിലെത്തിയ പാര്‍ട്ടിയില്‍ രണ്ടുപേരുടെ പ്രതിനിധിയായി മന്ത്രിയായ ആളാണ്. വീരേന്ദ്രകുമാര്‍ പക്ഷം വിട്ടുപോയിട്ടും ഇടതുപക്ഷത്തെ വിടാതെ നിന്നതാണ്. ഇനി പാര്‍ട്ടി, നേതാക്കളുടെ ക്ഷാമം നേരിടും. പിളര്‍പ്പില്‍ സങ്കടപ്പെട്ടിട്ടുണ്ട്. മുന്നണി വിട്ടത് ഒരു പോളിസിയുടെ പേരിലായിരുന്നില്ല.
ടി.യു. തോമസ് തെറ്റയിലിന്‍െറയും ഫിലോമിനയുടെയും 12 മക്കളില്‍ മൂന്നാമനായി 1950 ആഗസ്റ്റ് 17ന് ജനനം. തോമസ് അന്ന് കോണ്‍ഗ്രസിന്‍െറ പഞ്ചായത്ത് മെംബര്‍. അങ്കമാലിക്കല്ലറയില്‍ ഞങ്ങടെ സോദരരുണ്ടെങ്കില്‍ കല്ലറയാണേ കട്ടായം, പകരം ഞങ്ങള്‍ ചോദിക്കും എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ കേട്ടുവളര്‍ന്ന ബാല്യം. ഏഴു പട്ടിണിപ്പാവങ്ങളുടെ മരണത്തില്‍ കലാശിച്ച പൊലീസ് വെടിയൊച്ചയുടെ മുഴക്കം ഇപ്പോഴുമുണ്ടാവും കാതില്‍. വിമോചനസമരക്കാര്‍ക്കെതിരെ പൊലീസ് വെടിവെക്കുമ്പോള്‍ അങ്കമാലി സെന്‍റ് ജോസഫ് സ്കൂള്‍ വിദ്യാര്‍ഥി. പത്താംക്ളാസില്‍ ഒന്നാമനായി പാസായശേഷം കാലടി ശ്രീശങ്കര കോളജില്‍നിന്ന് സുവോളജിയില്‍ ബിരുദം നേടി. എവിടെയും പഠിക്കാന്‍ മിടുക്കനായിരുന്നു. എഴുതിയ പരീക്ഷകളിലെല്ലാം ഉയര്‍ന്ന മാര്‍ക്ക്. ഫെഡറല്‍ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും പോവാന്‍ തോന്നിയില്ല. അക്കാലത്ത് കിട്ടാവുന്ന നല്ലൊരു ജോലി വേണ്ടെന്നുവെച്ച മകനെ അച്ഛന്‍ വീട്ടില്‍ കയറ്റിയതുമില്ല. പിന്നീട് നിയമം പഠിക്കാന്‍ എറണാകുളം ലോ കോളജില്‍. കേരള സ്റ്റുഡന്‍റ്സ് യൂനിയനിലൂടെ രാഷ്ട്രീയപ്രവേശം. ലോ കോളജിലെ കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റു വരെയായി. അച്ഛന്‍ വീട്ടില്‍ കയറ്റാത്ത കുട്ടിരാഷ്ട്രീയനേതാവിന് അമ്മ പിന്‍വാതില്‍ തുറന്ന് ഭക്ഷണം കൊടുക്കുമായിരുന്നു. ആ അമ്മയാണ് ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയത്. 1975ല്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്ത് ഹൈകോടതിയില്‍ പ്രാക്ടിസ് തുടങ്ങി. എറണാകുളം അഡീ. ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറും പിന്നീട് കേരള ഹൈകോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ പബ്ളിക് പ്രോസിക്യൂട്ടറുമായി.
1973ല്‍ അങ്കമാലി മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്‍വീനറായിരുന്നു. ബാങ്കുകള്‍ ദേശസാത്കരിച്ചപ്പോള്‍ ആവേശത്തോടെ ഇന്ദിര ഗാന്ധിക്കു പിന്നില്‍ അണിചേര്‍ന്നുവെങ്കിലും പിന്നീട് അവരുടെ നയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അടിയന്തരാവസ്ഥയോടനുബന്ധിച്ച് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ടു. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ജയപ്രകാശ് നാരായണിന്‍െറ നേതൃത്വത്തിനു പിന്നില്‍ ഉറച്ചുനിന്നു. 1977ല്‍ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. താമസിയാതെ സംസ്ഥാന കമ്മിറ്റി അംഗമായി. 1980ല്‍ നാഷനല്‍ കൗണ്‍സില്‍ മെംബറായി. 1981ല്‍ ജില്ലാ വൈസ് പ്രസിഡന്‍റ്. 1988ല്‍ പാര്‍ട്ടി ജനതാദളില്‍ ലയിച്ചപ്പോള്‍ സംസ്ഥാന നിര്‍വാഹകസമിതിയംഗവും ദേശീയ കൗണ്‍സില്‍ അംഗവുമായി തുടര്‍ന്നു. 1989ല്‍ അങ്കമാലി നഗരസഭാ ചെയര്‍മാനായി. അങ്കമാലി ചുമട്ടുതൊഴിലാളി യൂനിയന്‍, പീടികത്തൊഴിലാളി യൂനിയന്‍, കരിങ്കല്‍ ക്വാറി വര്‍ക്കേഴ്സ് യൂനിയന്‍ തുടങ്ങിയ വിവിധ ട്രേഡ് യൂനിയനുകളില്‍ പ്രവര്‍ത്തിച്ചു. എ.പി. കുര്യനുശേഷം അങ്കമാലിയില്‍നിന്ന് വിജയിച്ച് നിയമസഭയിലെത്തുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥിയെന്ന ബഹുമതി കിട്ടി. യു.ഡി.എഫിന്‍െറ പരമ്പരാഗത ഉരുക്കുകോട്ടയായ അങ്കമാലിയില്‍ കോണ്‍ഗ്രസിന്‍െറ പി.ജെ. ജോയിയെ തോല്‍പിച്ചത് 6000 വോട്ടിന്. 2011ല്‍ കേരള കോണ്‍ഗ്രസിലെ ജോണി നെല്ലൂരിനെയാണ് പരാജയപ്പെടുത്തിയത്. തൃശൂര്‍ അരണാട്ടുകര തേറാട്ടി കുരിയന്‍ വീട്ടില്‍ മാത്യുവിന്‍െറ മകള്‍ ഡെയ്സിയാണ് ഭാര്യ. മക്കള്‍ ആദര്‍ശും ആസാദും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment