Sunday 30 June 2013

[www.keralites.net] ഉര്‍ജ്വസ്വലതയായിരുന്നു സത്യന്റെ മുഖമുദ്ര

 

മലയാളത്തിന്റെ വെളളിത്തിരയില്‍ ജ്വലിച്ചുനില്‍ക്കവേ പൊടുന്നനെ അണഞ്ഞുപോയ താരമാണ് സത്യന്‍. 1912ല്‍ തിരുവനന്തപുരത്തു ജനിച്ച സത്യന്റെ മുഴുവന്‍ പേര് എം. സത്യനേശന്‍. സത്യനേശനെ സത്യനാക്കിയത് നിര്‍മാതാവ് പി. സുബ്രഹ്മണ്യം.
1952ല്‍ പുറത്തുവന്ന ആത്മസഖി ആയിരുന്നു ആദ്യ ചിത്രം. പല ജോലികള്‍ ചെയ്തശേഷമാണ് സത്യന്‍ സിനിമയിലെത്തുന്നത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ക്ലാര്‍ക്കായി. രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാള ഉദ്യോഗസ്ഥനായും ജോലിനോക്കി. ബ്രിട്ടീഷ് കരസേനയില്‍ ജൂനിയര്‍ കമ്മീഷണ്‍ഡ് ഓഫീസറായിരിക്കേ ജപ്പാനെതിരായ യുദ്ധത്തില്‍ പങ്കെടുത്തു. പട്ടാളത്തില്‍നിന്നു തിരിച്ചു വന്ന അദ്ദേഹം സബ് ഇന്‍സ്‌പെക്ടറായി തിരുവിതാംകൂര്‍ പോലീസില്‍ ചേര്‍ന്നു. ഇങ്ങനെ വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങള്‍ നല്‍കിയ ഉള്‍ക്കരുത്തോടെ സത്യന്‍ സിനിമയില്‍ സജീവമായതോടെ അതുവരെ ഉണ്ടായിരുന്ന പല അഭിനയ മാതൃകകളും ഉടഞ്ഞുപോയി. വെളുത്ത് ഉയരം കൂടിയ സുന്ദര നായകന്‍ എന്ന സങ്കല്‍പ്പം മനസില്‍നിന്ന് മലയാളി മായ്ച്ചു കളഞ്ഞു. പിന്നെയുള്ള ഇരുപതുകൊല്ലം മലയാള സിനിമ സാക്ഷ്യം വഹിച്ചത് കറുത്ത് ഉയരം കുറഞ്ഞ ഒരു മനുഷ്യന്‍ പ്രകടിപ്പിച്ച അത്ഭുതങ്ങള്‍ക്കായിരുന്നു. അദ്ദേഹം പ്രേക്ഷകനു മുമ്പില്‍ ഓരോ കഥാപാത്രത്തേയും അഭിനയിച്ചല്ല ജീവിച്ചുതന്നെ കാട്ടിക്കൊടുത്തു. തന്റെ ഓരോ കഥാപാത്രത്തിലും വ്യത്യസ്തത കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉര്‍ജ്വസ്വലതയായിരുന്നു സത്യന്റെ മുഖമുദ്ര.

1971 ജൂണ്‍ 15നാണ് സത്യന്‍ രക്താര്‍ബുദത്തിനു കീഴങ്ങുന്നത്. അസുഖം കണ്ടു പിടിച്ചുകഴിഞ്ഞ് ഒരു വര്‍ഷവും നാലുമാസവും അദ്ദേഹം രോഗവുമായി പൊരുതി. എന്നാല്‍ രക്താര്‍ബുദമാണെന്ന കാര്യം ആദ്യമൊന്നും സത്യനെ അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്‍െ്‌റ മക്കള്‍ വെളിപ്പെടുത്തുന്നു. മൂന്നു മക്കളാണ് സത്യന്. പ്രകാശ്, സതീഷ്, ജീവന്‍. ഭാര്യ ജെസി 1987ല്‍ മരിച്ചു. പ്രകാശ് സത്യന്‍ ബാലസാഹിത്യ രചനകളുമായി വിശ്രമ ജീവിതം നയിക്കുന്നു. സതീഷ് വെള്ളനാട് സാരാഭായ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഉദ്യോഗസ്ഥനാണ്. ഏറ്റവും ഇളയ മകന്‍ ജീവന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ എന്‍ജിനീയറായി വിരമിച്ചു. ജീവന്‍ സത്യന്റെ ഏക മകള്‍ ആശാ ജീവന്‍ സത്യനാണ് അഭിനയ ചക്രവര്‍ത്തിയുടെ മൂന്നാം തലമുറയിലെ ഏക കണ്ണി. സത്യന്റെ ചെറുമകള്‍ക്ക് അഭിനയത്തേക്കാളേറെ സംഗീതത്തിലാണ് താല്‍പര്യം. സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടിയ ആശ ഇപ്പോള്‍ കഥകളി സംഗീതവുമായി ബന്ധപ്പെട്ട ഗവേഷണത്തിലാണ്. പഠനത്തിന്റെ തിരക്കുകള്‍ക്കിടെ ശ്രീകുമാരന്‍ തമ്പിയുടെ 'പാട്ടുകളുടെ പാട്ട്' എന്ന ടിവി പരമ്പരയില്‍ ചെറിയവേഷം ചെയ്ത് മുത്തച്ഛന്റെ പാരമ്പര്യം കാത്തു.

സത്യന്റെ ആദ്യരണ്ടു മക്കള്‍ക്കും കാഴ്ചശക്തി നഷ്ടമായിരിക്കുന്നു. മൂന്നാമത്തെയാളുടെ കാഴ്ചയും മങ്ങിയിരിക്കുന്നു. എങ്കിലും ഓര്‍മകളിലേക്ക് സത്യന്റെ കൈപിടിച്ച് മക്കള്‍ നടന്നു. 'എല്ലാം തികഞ്ഞൊരു കുടുംബനാഥനും പിതാവുമായിരുന്നു ഞങ്ങളുടെ പപ്പ. അന്നു സിനിമ കോടമ്പാക്കത്തായതിനാല്‍ അദ്ദേഹം അവിടെ ആയിരുന്നു താമസം. ഇടയ്‌ക്കൊക്കെ ഞങ്ങള്‍ അവിടെപ്പോയി നില്‍ക്കും. തിരക്കുകള്‍ക്കിടയിലും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും പഠനകാര്യങ്ങളിലും ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. സ്വഭാവമാണ് സൗന്ദര്യം എന്നതായിരുന്നു പപ്പയുടെ പക്ഷം. കൃത്യനിഷ്ഠയും സത്യസന്ധതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. തലപോയാലും കള്ളം പറയരുതെന്ന് ഞങ്ങളോട് എപ്പോഴും പറയും. ഞങ്ങളുടെ റോള്‍ മോഡല്‍ അന്നുമിന്നും പപ്പതന്നെയാണ്.'

മദ്യമില്ല; പുകയില്ല

പുകവലിയോ മദ്യപാനമോ സത്യന്‍ ശീലിച്ചിരുന്നില്ല. സത്കാര സദസുകളില്‍ എത്ര ഉന്നതന്‍ നിര്‍ബന്ധിച്ചാലും അദ്ദേഹം വിനയപൂര്‍വം നിരസിക്കുമായിരുന്നു. എന്നാല്‍ അങ്ങനെയുള്ള ഒരു മനുഷ്യന്‍ സിനിമയില്‍ മദ്യപന്‍മാരെ അവതരിപ്പിക്കുന്നതു കാണുമ്പോള്‍ മക്കള്‍ക്ക് അത്ഭുതമായിരുന്നു. 'കരകാണാക്കടല്‍' എന്ന ചിത്രത്തില്‍ അദ്ദേഹം കള്ള്, ചാരായം, വിസ്‌കി എന്നിവ കഴിക്കുന്ന രംഗങ്ങളുണ്ട്. മൂന്നും വ്യത്യസ്തമായ മൂന്നു രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തില്‍ പ്രേം നസീറും സത്യനുംകൂടി ഷാപ്പിലിരുന്നു മദ്യപിക്കുന്ന രംഗത്ത് ഗ്‌ളാസിലേക്കു പകര്‍ന്ന കള്ളിലെ പൊടി തൊട്ടുതെറിപ്പിക്കുന്നതൊക്കെ സ്വാഭാവികമായാണ് സത്യന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷാപ്പില്‍ നിന്ന് ഇറങ്ങിവരുന്ന അടുത്ത സീന്‍ ഷൂട്ടുചെയ്യുമ്പോള്‍ വഴിയിലൊരു നായ കിടക്കുന്നു. സ്ഥിരം കള്ളു കുടിയന്മാര്‍ ചെയ്യുമ്പോലെ കാലുമടക്കി അതിനെ ഒറ്റയടി!. തിരക്കഥയിലില്ലാത്ത പ്രകടനം കണ്ട് സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തിച്ചുനിന്നു.

ലാളിത്യം മുഖമുദ്ര

സത്യന്‍ തിരക്കേറിയ നടനായിരുന്നപ്പോഴും ലളിത ജീവിതമായിരുന്നു നയിച്ചിരുന്നത്. ഭാര്യ ജെസി അക്കാലത്ത് അധ്യാപികയായി തിരുവനന്തപുരത്തു ജോലിനോക്കുകയായിരുന്നു. ഓണം, ക്രിസ്മസ് അങ്ങനെ എല്ലാ അവധിക്കാലത്തും സത്യന്‍ മദ്രാസില്‍നിന്നു നാട്ടിലെത്തും. വിമാനം കിട്ടിയില്ലെങ്കില്‍ കാറോടിച്ചാണു വരിക. ഒരിക്കലും ഡ്രൈവറെ വച്ചിരുന്നില്ല. വീട്ടില്‍ വന്നാല്‍ പിന്നെ ഉത്സവമാണ്. അവധിക്കാലത്ത് എല്ലാവരും ഒന്നിച്ചിരുന്നു കാരംസും ചീട്ടുമൊക്കെ കളിക്കും. 'ഞങ്ങളെ ചീട്ടുകളി പഠിപ്പിച്ചതു പപ്പയാണ്. അതിനുമുമ്പു ചീട്ടു കയ്യിലെടുത്തു കശക്കിക്കൊണ്ട് ഞങ്ങള്‍ക്ക് തന്ന ഉപദേശം ഇങ്ങനെയാണ്-ചീട്ടുകളി രസകരമായ ഗെയിമാണ് പക്ഷേ പണം വെച്ചും പരിചയമില്ലാത്തവരുടെ കൂടെയും കളിക്കരുത്.'

സമയനിഷ്ഠ പ്രധാനം

കൃത്യനിഷ്ഠ സത്യന്റെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു. 'പപ്പ വീട്ടിലുള്ളപ്പോള്‍ ഞങ്ങള്‍ക്ക് എവിടെപ്പോകാനും സ്വാതന്ത്ര്യമുണ്ട്. എങ്ങോട്ടു പോകുന്നു എന്നൊരു ചോദ്യമില്ല. പക്ഷേ, എപ്പോള്‍ തിരിച്ചുവരും എന്നു ചോദിക്കും. പറഞ്ഞ സമയത്തില്‍നിന്ന് ഒരു മിനിട്ടു വൈകിക്കൂടാ'മാസ്റ്റര്‍ പറഞ്ഞൊരു സംഭവമുണ്ട്. മൂന്നു സിനിമയില്‍ ഒരേപോലെ സത്യന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം. രാത്രിമുഴുവന്‍ ഷൂട്ടിംഗ്. പ്രൊഡക്ഷന്‍ മാനേജര്‍ സെറ്റില്‍ വന്ന് അടുത്ത ദിവസം കാലത്ത് ഏഴു മണിക്ക് ഭാസ്‌കരന്‍ മാസ്റ്ററുടെ പടത്തിന്റെ ഷൂട്ടിംഗ് ഉണ്ടെന്ന് അറിയിക്കുന്നു. എത്താമെന്ന് സത്യന്‍ വാക്കും പറഞ്ഞു. രാത്രിയിലെ ചിത്രീകരണം തീര്‍ന്നപ്പോള്‍ പുലര്‍ച്ചെ അഞ്ചുമണിയായി. സത്യന്‍ താമസസ്ഥലത്തെത്തി പ്രഭാതകൃത്യങ്ങളൊക്കെ കഴിച്ച് 6.30 ന് സ്റ്റുഡിയോയിലെത്തിയപ്പോള്‍ അവിടെ ആരുമെത്തിയിട്ടില്ല!. അദ്ദേഹം നേരേപോയി അടച്ചിട്ടിരുന്ന സ്റ്റുഡിയോയുടെ തിണ്ണയിലിരുന്നു. നേരം വെളുത്തു വരുന്നതേയുള്ളൂ. കുറച്ചുകഴിഞ്ഞ് സത്യന്‍മാഷ് വരാന്തയിലിരിക്കുന്നതുകണ്ട് ആരോ ഓടിപ്പോയി ചായയും പത്രവും കൊണ്ടുവന്നു കൊടുത്തു.ഏഴര കഴിഞ്ഞപ്പോള്‍ ഒരു കാര്‍ വന്നുനിന്നു. അതില്‍നിന്നും സിനിമയുടെ നിര്‍മാതാവ്, സംവിധായകന്‍ പി. ഭാസ്‌കരന്‍, തലേദിവസം കണ്ട പ്രൊഡക്ഷന്‍ മാനേജന്‍ എന്നിവര്‍ ഇറങ്ങി. ജോലിക്കാര്‍ മൂന്നുപേര്‍ക്കും ചായ കൊണ്ടുവന്നു കൊടുത്തു. സത്യന്‍ ആ പ്രൊഡക്ഷന്‍ മാനേജരുടെ നേരേ തിരിഞ്ഞു. 'ഏഴുമണിക്ക് ഷൂട്ടിംഗ് എന്നു പറഞ്ഞിട്ട് ഞാന്‍ ആറരക്കെത്തി. സമയമായിട്ടു ഒരുത്തനേയും കണ്ടില്ല...' എന്നു കണ്ണുപൊട്ടും തരത്തില്‍ വഴക്കുപറയാന്‍ തുടങ്ങി. അയാള്‍ നിന്നു വിറച്ചു. കുടിക്കാനെടുത്ത ചായ കൈയില്‍പ്പിടിച്ച് ഭാസ്‌കരന്‍ മാസ്റ്ററും നിര്‍മാതാവും കണ്ണില്‍ക്കണ്ണില്‍ നോക്കി. അല്‍പ്പം കഴിഞ്ഞ് ഭാസ്‌കരന്‍ മാസ്റ്റര്‍ പതിയെ അടുത്തുചെന്നു സത്യന്റെ കൈയില്‍ തൊട്ടു. 'അളിയാ ഞാന്‍ നിങ്ങളെയല്ല പറഞ്ഞതു കേട്ടോ. ഇവനെങ്കിലും ഒന്നു സമയത്തു വരേണ്ടേ' എന്നു പറഞ്ഞു സത്യന്‍ ചിരിച്ചുകൊണ്ടു പി. ഭാസ്‌കരനെ ചേര്‍ത്തുപിടിച്ചു.

സത്യന്റെ കണിശത സിനിമാ ലോകത്ത് പലര്‍ക്കും ഉള്‍ക്കൊള്ളാനായിരുന്നില്ല. ഒരിക്കല്‍ വാഹിനി സ്റ്റുഡിയോയില്‍ പ്രേം നസീര്‍കൂടി ഉള്‍പ്പെട്ട ഭാസ്‌കരന്‍ മാസ്റ്ററുടെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ്. തലേന്ന് ഹൈദ്രാബാദിലാണു സത്യന്‍. രാവിലെ സെറ്റിലെത്തിയപ്പോഴാണ് സത്യനു വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ലെന്ന് ഭാസ്‌കരന്‍ മാസ്റ്റര്‍ അറിഞ്ഞത്. ഇനി എത്താന്‍ ഉച്ചകഴിയും. കൃത്യനിഷ്ഠക്കാരനായ സത്യന് ഇങ്ങനെയൊരു അക്കിടിപറ്റിയതോര്‍ത്ത് പലരുടേയും ചുണ്ടില്‍ ചിരി. അപ്പോഴതാ ഒരു ടാക്‌സി കാര്‍ പൊടിപറത്തി പാഞ്ഞുവരുന്നു. സഡന്‍ ബ്രേക്കിട്ടുനിന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍നിന്ന് സത്യന്‍ ചിരിയോടെ ഇറങ്ങിവരുന്നു. തലയില്‍ തോര്‍ത്തുകൊണ്ടൊരു കെട്ടുണ്ട്. ബനിയനാണ് വേഷം. പാവം ടാക്‌സി ഡ്രൈവര്‍ക്ക് വേഗതപോരാഞ്ഞ് ഇടയ്ക്കുവച്ച് സത്യന്‍തന്നെ സ്റ്റിയറിംഗ് ഏറ്റെടുത്തതാണ്.!

നല്ല കുടുംബസ്ഥന്‍

'പരീക്ഷാ കാലത്തൊക്കെ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പപ്പ ഞങ്ങളുടെ മുറിയില്‍ വന്നിരിക്കും. ഉറച്ചു വായിക്കണം, എങ്കിലേ ഉച്ചാരണം ശരിയാവൂ എന്നു പറയും. വായിച്ചുകൊണ്ടിരിക്കേ പപ്പ സംശയങ്ങള്‍ ചോദിക്കും. മലയാളവും ഇംഗ്‌ളീഷുമാണ് വായിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ തുരുതുരെ വന്നുകൊണ്ടിരിക്കും. പപ്പ അടുത്തുണ്ടെങ്കില്‍ ഞങ്ങള്‍ സയന്‍സോ കണക്കോ ഒക്കെയാവും വായിക്കുക' -സതീഷ് ഓര്‍ക്കുന്നു.
നാട്ടിലേക്ക് സത്യന്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രമേ ഫോണ്‍ ചെയ്യൂ. വിളിച്ചാല്‍ ഭാര്യയോടു കാര്യങ്ങള്‍ പറഞ്ഞ് ഫോണ്‍വെക്കും. കുട്ടികളോടു കത്തയക്കാന്‍ പറയും. ഇംഗ്‌ളീഷില്‍ വേണം എഴുതാന്‍. ഷൂട്ടിംഗ് കഴിഞ്ഞ് എത്ര വൈകി വന്നാലും കത്തുകള്‍ മുഴുവന്‍ വായിച്ചിട്ടേ സത്യന്‍ ഉറങ്ങൂ. വീട്ടിലെത്തിയാല്‍ കുളിയും പ്രാര്‍ത്ഥനയും കഴിഞ്ഞ് ഒരു തലയിണ കട്ടിലില്‍ ചാരിവെച്ചു കിടക്കും. അടുത്തുള്ള മേശയില്‍ ചെറിയൊരു റീഡിംഗ് ലാമ്പും കാണും. കത്തുകള്‍ വായിച്ച് ആവശ്യമില്ലാത്തത് ചവറ്റുകുട്ടയിലിടും. മറുപടി വേണ്ടത് മേശപ്പുറത്ത് അടുക്കി വെക്കും. മക്കള്‍ക്കുള്ള കത്തുകള്‍ക്ക് അപ്പോള്‍ത്തന്നെ മറുപടി എഴുതും.

'മൈ സ്വീറ്റ് സണ്‍...' എന്നാണ് എല്ലാക്കത്തും തുടങ്ങുക. കുട്ടികളുടെ കത്തിലെ അക്ഷരത്തെറ്റുകളും പ്രയോഗ വൈകല്യങ്ങളുമെല്ലാം വിശദമായി ചൂണ്ടിക്കാണിക്കും. പിശകുകള്‍ക്കുതാഴെ ചുവന്ന മഷിയില്‍ വരച്ച് മറുപടിക്കൊപ്പം തിരിച്ചയയ്ക്കും. അഫക്ഷണേറ്റ്‌ലി എന്നതു ചുരുക്കി 'യുവേഴ്‌സ് അഫ്‌ലി' (yours affly) എന്നാണ് കത്ത് അവസാനിപ്പിക്കുക.
'പത്താം ക്ലാസ് വരെ പപ്പ ഞങ്ങളോട് സ്ട്രിക്റ്റ് ആയിരുന്നു. നിങ്ങളുടെ മകന്‍ അഞ്ചുവയസുവരെ രാജകുമാരനായും പതിനഞ്ചുവരെ അടിമയായും അതുകഴിഞ്ഞാല്‍ നിങ്ങളുടെ സുഹൃത്തായുമാണ് കാണേണ്ടതെന്നുമായിരുന്നു പപ്പയുടെ പ്രമാണം.' -മക്കള്‍ പറയുന്നു.
അപകടഘട്ടം കടന്ന്....

സാഹസികനായ സത്യന് അപകടങ്ങള്‍ പലപ്പോഴും കൂടപ്പിറപ്പായിരുന്നു. 1965ല്‍ ചെമ്മീനിന്റെ ചിത്രീകരണ സമയത്ത് മരണത്തെ മുഖാമുഖം കണ്ട രണ്ട് അപകടങ്ങള്‍ അദ്ദേഹത്തിനുണ്ടായി.ആദ്യത്തേത് കൊടുങ്ങല്ലൂര്‍ കടലിലാണ് സംഭവിച്ചത്. സത്യന്‍ കൊച്ചു വള്ളത്തില്‍ കടലില്‍ പോകുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. മൂന്നു വലിയ വള്ളങ്ങള്‍ ചേര്‍ത്തു കെട്ടിയ ചങ്ങാടത്തിന്റെ പ്ലാറ്റ്‌ഫോമിലാണ് സംവിധായകന്‍ രാമു കാര്യാട്ടും കാമറയും മറ്റു പ്രവര്‍ത്തകരും. സത്യന്‍ ചെറിയ ഒറ്റവള്ളത്തില്‍ കടലിലും. അപ്രതീക്ഷിതമായി കടല്‍ പ്രക്ഷുബ്ധമായി. സത്യന്റെ വള്ളം നിയന്ത്രണം വിട്ട് ദൂരെ ചുഴിയിലേക്കു നീങ്ങി. വള്ളം ചുഴിയില്‍പ്പെടുമെന്നു മനസിലാക്കിയ സത്യന്‍ വള്ളത്തില്‍നിന്നു ചാടി നീന്തി. തിരകാരണം ചങ്ങാടത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല. ചങ്ങാടം ആടിയുലഞ്ഞു. അതിനിടെ ഒറ്റവള്ളം ദൂരെ ചുഴിയില്‍പ്പെട്ടു താഴുന്നതുകണ്ട് എല്ലാവരും നിലവിളി തുടങ്ങി. അതുകണ്ട് കാമറ പ്രവര്‍ത്തിപ്പിച്ചിരുന്ന യു. രാജഗോപാല്‍ ബോധംകെട്ടു വീണു. അല്‍പ്പം കഴിഞ്ഞ് ഏവരേയും അത്ഭുതപ്പെടുത്തി സത്യന്‍ നീന്തിവന്നു ചങ്ങാടത്തില്‍ കയറി. 'സത്യന്‍ മാഷിന് ഒരുഗോളടിച്ചിട്ട് കളിക്കാരന്‍ വരുന്ന മുഖഭാവമായിരുന്നു' എന്നാണ് നടന്‍ മധു അന്നു പറഞ്ഞത്. ഉടന്‍തന്നെ ഒരു മീന്‍പിടുത്ത ബോട്ടെത്തി എല്ലാവരേയും കരയില്‍ എത്തിച്ചു. ജമാല്‍ എന്ന മത്സ്യത്തൊഴിലാളി ആയിരുന്നു ബോട്ട് ഓടിച്ചത്. ഷൂട്ടിംഗ് കാണാന്‍വന്ന ജമാല്‍ ബോട്ടുമായി ഫീല്‍ഡില്‍ വന്നതിനു സിനിമാ പ്രവര്‍ത്തകര്‍ അപകടത്തിനു മുമ്പ് വഴക്കു പറഞ്ഞിരുന്നു. പക്ഷേ അയാള്‍തന്നെ പിന്നീട് രക്ഷകനായി. എല്ലാവരേയും സുരക്ഷിതമായി കരയിലെത്തിച്ചശേഷം അവരോടു ജമാല്‍ പറഞ്ഞു.

'സത്യന്‍മാഷ് ഉള്ളതുകൊണ്ടുമാത്രമാണു ഞാന്‍ വന്നത്.അല്ലാതെ നിങ്ങളെ രക്ഷിക്കാനല്ല.' അതുകേട്ടു സത്യന്‍ ആ മത്സ്യത്തൊഴിലാളിയെ കെട്ടിപ്പിടിച്ചു. തന്റെ കാറില്‍ ഗസ്റ്റ് ഹൗസില്‍ കൊണ്ടുപോയി ആഹാരം നല്‍കി.
അപകടത്തെ തുടര്‍ന്ന അന്നു ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. സത്യന്‍ തിരുവനന്തപുരത്തേക്കു തിരിച്ചുവരും വഴി ഓടിച്ചിരുന്ന കാര്‍ അപടത്തില്‍പ്പെട്ടു. ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയ സത്യന്റെ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി. തിരുവനന്തപുരത്തിനടുത്ത് മംഗലപുരത്ത് രാത്രിയിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ സത്യനെ അതുവഴി വന്ന ടാക്‌സി ഡ്രൈവര്‍ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു. സ്റ്റിയറിംഗ് വീല്‍ നെഞ്ചില്‍ ഇടിച്ച് അദ്ദേഹത്തിനു കാര്യമായ പരുക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിയ വാരിയെല്ല് ശ്വാസകോശത്തില്‍ തറച്ചുകയറാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രമാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബ ഡോക്ടറായിരുന്ന ഡോ. പൈ പറഞ്ഞത്.

ക്ഷണിക്കാത്ത അതിഥി

അപകടങ്ങള്‍ മറികടന്ന് ജീവിതത്തിന്റെ ശീതളിമയിലേക്ക് തിരിച്ചുവന്ന മഹാപ്രതിഭയെ വിധി വീണ്ടും വഞ്ചിച്ച നാളുകള്‍ സതീഷ് ഓര്‍ക്കുന്നു.
''പപ്പയുടെ അസുഖം ആദ്യം തൊട്ടറിയുന്നത് മദ്രാസ് കെ.ജെ. ആശുപത്രിയിലെ ഡോക്ടറും മലയാളിയുമായ ഡോ. ജഗദീശനാണ്. ഒരിക്കല്‍ വിമാനത്താവളത്തില്‍ യാദൃച്ഛികമായി കണ്ടുമുട്ടിയ ഇരുവരും പരിചയപ്പെട്ടു. സത്യനെക്കണ്ട ഡോക്ടര്‍ക്ക് വിളര്‍ച്ച ഉണ്ടെന്നുതോന്നി. ഡോക്ടര്‍ അതുപറഞ്ഞെങ്കിലും 'അയാം ഓള്‍ റൈറ്റ് ഡോക്ടര്‍' എന്നായിരുന്നു മറുപടി. എന്തായാലും തിരിച്ചെത്തുമ്പോള്‍ ആശുപത്രിയില്‍ വന്നൊരു ചെക്കപ്പ് നടത്തണമെന്ന് ഡോക്ടര്‍ ഉപദേശിച്ചു. കുറച്ചു ദിവസം കഴിഞ്ഞ് രാത്രി പതിവുപോലെ കട്ടിലില്‍ ഇരുന്നു കത്തു വായിക്കവേ സത്യനു വയറ്റില്‍ അസ്വസ്ഥതതോന്നി. തുടര്‍ന്ന് ബോധംകെട്ടുവീണു. ഡോക്ടര്‍വന്ന് ഇന്‍ജക്ഷന്‍ നല്‍കി. എന്നാല്‍ കുത്തിവെപ്പെടുത്ത കൈ പഴുത്തു. ആശുപത്രിയില്‍ രക്ത പരിശോധന നടത്തിയപ്പോഴാണ് രക്താര്‍ബുദം സ്ഥിരീകരിച്ചത്. എന്നാല്‍ അസുഖത്തിന്റെ ഗൗരവം അദ്ദേഹത്തെ അറിയിച്ചില്ല. അതുകൊണ്ടുതന്നെ രോഗത്തെ നിസാരമായാണ് അദ്ദേഹം കണ്ടത്. ആശുപത്രി വിട്ട അദ്ദേഹം ഷൂട്ടിംഗില്‍ മുഴുകി. സത്യനെ രോഗത്തിന്റെ ഗൗരവം അറിയിക്കണോ എന്നു തീരുമാനിക്കാന്‍ ആശുപത്രി അധികൃതര്‍ അന്നു യോഗം ചേര്‍ന്നതായി മകന്‍ സതീഷ് ഓര്‍ക്കുന്നു. സതീഷ് ഉള്‍പ്പെടെയുള്ള ഏറ്റവുമടുത്ത ബന്ധുക്കളെ ആശുപത്രിയില്‍ വിളിച്ചുവരുത്തി. അറിയിക്കേണ്ട എന്നായിരുന്നു ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനം. ഊര്‍ജസ്വലനായി ഓടിച്ചാടി നടക്കുന്ന സത്യനെ അസുഖത്തിന്റെ വിവരം എങ്ങനെ ബാധിക്കുമെന്നോര്‍ത്തായിരുന്നു എല്ലാവരുടേയും ആശങ്ക. വേദനയോടെ അവരെല്ലാം ആ രഹസ്യം കാത്തു.

ആ രഹസ്യം ലോകമറിയുന്നു

സത്യനു ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍ മരുന്നുകള്‍ നല്‍കിയിരുന്നു. ആ ഇടയ്ക്ക് കുഞ്ചാക്കോയുടെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ സത്യന്‍ ആലപ്പുഴ ഉദയാ സ്റ്റുഡിയോയില്‍ എത്തി. ഷൂട്ടിംഗിനിടെ അദ്ദേഹത്തിനു പനിവന്നു. ഉടന്‍ അടുത്തുള്ള ഡോക്ടറെ വിളിച്ചുവരുത്തി. ഡോക്ടര്‍ മരുന്നുകള്‍ നല്‍കാന്‍ തുടങ്ങവേ സത്യന്‍ തന്റെ പെട്ടിയില്‍ നിന്നും ഒരു കുറിപ്പെടുത്ത് ഡോക്ടര്‍ക്കു നല്‍കി. പനിവന്നാല്‍ ഏതൊക്കെ മരുന്നുകള്‍ ഉപയോഗിക്കാം ഏതെല്ലാം പാടില്ല എന്നു മദ്രാസിലെ ഡോക്ടര്‍മാര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. അതുകണ്ട ഡോക്ടര്‍ തനിക്കുതോന്നിയ സംശയം രഹസ്യമായി കുഞ്ചാക്കോയോടു പറഞ്ഞു. സിനിമാലോകം ഞെട്ടലോടെ ആ വാര്‍ത്ത കേട്ടു.
'ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് പപ്പക്ക് ബെ്‌ളഡ് കാന്‍സറാണെന്ന വിവരം അറിയുന്നത്. പപ്പയുടെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു എഴുത്തുകാരന്‍ ജി. വിവേകാനന്ദന്‍. അദ്ദേഹം അന്ന് ആകാശവാണിയില്‍ ഉദ്യോഗസ്ഥനാണ്. ഒരു ദിവസം എന്നെ അദ്ദേഹം ഓഫീസില്‍ വിളിപ്പിച്ചു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ഞങ്ങളുടെ കുടുംബ ഡോക്ടറായ ഡോ. പൈ അവിടുണ്ട്. ഞാന്‍ ചെന്നയുടന്‍ ' നിങ്ങള്‍ സംസാരിക്കൂ' എന്നു പറഞ്ഞു ഡോ.പൈ മുറിവിട്ടു. ജി. വിവേകാനന്ദന്‍ ഒരു ബന്ധവുമില്ലാത്ത പലകാര്യങ്ങള്‍ എന്നോടു പറഞ്ഞുകൊണ്ടിരുന്നു. പിന്നെപ്പറഞ്ഞു. 'മോനേ സത്യനു ചെറിയ ഒരു അസുഖമുണ്ട്. രക്തവുമായി ബന്ധപ്പെട്ടതാണ്.' എന്ന്. കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നില്ല. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ഗുരുതരമായ രക്താര്‍ബുദമായിരുന്നു പപ്പയ്ക്ക്. രോഗത്തിന്റെ ഗുരുതരാവസ്ഥ അറിയാതെ തനിക്കു ചെറിയ എന്തോ അസുഖമെന്നു കരുതി പപ്പ പതിവുപോലെ ഓടി നടക്കുന്നതു കാണുമ്പോള്‍ ഞങ്ങളെല്ലാം ഉള്ളില്‍ കരയുകയായിരുന്നു. ആ സമയത്താണ് 'ഇങ്കുലാബ് സിന്ദാബാദ്' എന്ന ചിത്രത്തിന്റെഷൂട്ടിംഗ്. അതില്‍ മധുസാറിനെ പപ്പ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്. അസുഖത്തെപ്പറ്റി അറിയാവുന്ന സംവിധായകന്‍ പപ്പയോട് എടുത്തുയര്‍േത്തണ്ട വെറുതേ കാണിച്ചാല്‍ മതി എന്നു പറഞ്ഞു. എന്നാല്‍ പപ്പക്ക് അതത്ര ഇഷ്ടമായില്ല. അദ്ദേഹം മധുവിനെ ഏഴുവട്ടം എടുത്തുയര്‍ത്തിയിട്ടു, മതിയോ? എന്നു സംവിധായകനോടു ചോദിച്ചു. രോഗം കണ്ടുപിടിച്ചു കഴിഞ്ഞ് ഒരു വര്‍ഷവും നാലുമാസവും പപ്പ ജീവിച്ചു. അക്കാലത്ത് അതൊരു അദ്ഭുതമായിരുന്നു. അന്ന് ലോകാരോഗ്യ സംഘടന പപ്പയുടെ ചികിത്സാവിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പപ്പയുടെ തളരാത്ത മനസാവാം അത്രകാലം മരണത്തെ വെല്ലുവിളിച്ചു പൊരുതിയത്'-സതീഷ് ഓര്‍ത്തെടുക്കുന്നു.
മരിക്കുന്നതിന് ആറുമാസം മുമ്പ് തന്റെ രോഗത്തിന്റെ ഗൗരവത്തെപ്പറ്റി സത്യനു സൂചനകിട്ടി. പക്ഷേ
, വിശ്രമിക്കണമെന്ന ഡോക്ടര്‍മാരുടെ ഉപദേശം ചെവിക്കൊള്ളാതെ അദ്ദേഹം പതിവു ഷൂട്ടിംഗ് തിരക്കുകളില്‍ മുഴുകി.

ഏറ്റവും അവസാനമായി സത്യന്‍ ആശുപത്രിയില്‍ എത്തുന്നത് സ്വയം കാറോടിച്ചാണ്. ഒരു സുഹൃത്തിനെ യാത്രയാക്കിയ ശേഷം കെ.ജെ ആശുപത്രിയുടെ മുന്നിലൂടെ രാത്രി വീട്ടിലേക്കു പോകുമ്പോള്‍ വെറുതേ അവിടെ ഒന്നു കയറി.ഷേക് ഹാന്‍ഡ് നല്‍കിയ ഡോക്ടര്‍ വിശ്വേശ്വരനു സത്യന്റെ കൈയില്‍ ചൂടു വളരെ കൂടുതലാണെന്നുതോന്നി. താങ്കള്‍ക്ക് നല്ല പനിയുണ്ടല്ലോ എന്ന ഡോക്ടറുടെ ചോദ്യത്തിന്, പൂര്‍ണ ആരോഗ്യവാനാണു താന്‍ എന്നായിരുന്നു മറുപടി. രണ്ടു പടിവീതം ചാടിക്കയറിയാണ് അന്നു സത്യന്‍മാഷ് മുകളിലത്തെ മുറിയിലേക്ക് പോയതെന്നാണ് പിന്നീട് അവിടുത്തെ നഴ്‌സ് മക്കളോടു പറഞ്ഞത്. ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ച് സത്യനെ അവിടെ കിടത്തി. പനി കൂടിക്കൂടി വന്നു. എന്തു മരുന്നു നല്‍കിയിട്ടും കുറഞ്ഞില്ല.

അവസാന നാളുകള്‍

സത്യന്റെ അവസാന ദിവസം സതീഷ് ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. 'പപ്പക്ക് അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയിലായെന്നറിഞ്ഞ് ഞാനും മമ്മിയുംകൂടി ആശുപത്രിയിലെത്തി.ആശുപത്രിക്കു മുമ്പില്‍ വലിയ ഗതാഗതക്കുരുക്ക്. പപ്പക്ക് രക്തം ദാനംചെയ്യാന്‍ വന്നവരുടെ ക്യൂ ആശുപത്രിക്കുവെളിയിലേക്കും നീണ്ടിരിക്കുന്നു.ഞങ്ങള്‍ ചെല്ലുമ്പോള്‍ പപ്പയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നെക്കണ്ട് 'നീ എപ്പോ വന്നെടാ?. എന്താ കാര്യം? വീട്ടില്‍പോയി വിശ്രമിക്കൂ. എനിക്ക് ക്ഷീണമുണ്ട്. ഞാനൊന്നുറങ്ങട്ടേ' എന്നു പറഞ്ഞ് തിരിഞ്ഞു കിടന്നു. അതായിരുന്നു പപ്പയുടെ അവസാന വാക്കുകള്‍.' കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു ബോധം നഷ്ടമായി. പിന്നെ രക്തസമ്മര്‍ദ്ദം ക്രമരഹിതമായി. പുലര്‍ച്ചെ നാലു പത്തിന് ഹൃദയ സ്പന്ദനം നിലച്ചു. മഹാനടന്‍ ഭൂമിയിലെ തന്റെവേഷം മതിയാക്കി.

മരണശേഷം കുടുംബം

അഭിനയ ജീവിതത്തിന്റെ മട്ടുപ്പാവില്‍ നില്‍ക്കുമ്പോഴാണ് സത്യന്‍ മരിക്കുന്നത്. മൂത്തമകന്‍ പ്രകാശ് അന്ന് എം.എ അവസാന പരീക്ഷ കഴിഞ്ഞു നില്‍ക്കുന്നു. സതീഷ് ബി.എ. കഴിഞ്ഞിരുന്നു. ജീവന്‍ എന്‍ജിനീയറിങ്ങിനു പഠിക്കുകയാണ്. സത്യന്റെ മരണശേഷമുള്ള കുടുംബത്തിന്റെ അവസ്ഥ മക്കള്‍ വിശദീകരിച്ചു. 'പപ്പയുടെ മരണത്തേത്തുടര്‍ന്ന് ഞങ്ങളുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടിലായി. പപ്പയുണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും ആവശ്യപ്പെടേണ്ടി വന്നിട്ടില്ല. അദ്ദേഹം എല്ലാം അറിഞ്ഞ് ചെയ്തിരുന്നു. പപ്പ മരിച്ചതോടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അക്കാലത്ത് എസ്‌റ്റേ്റ്റ് ഡ്യൂട്ടി എന്നൊരു സമ്പ്രദായമുണ്ട്. ഉടമ മരിച്ചുകഴിഞ്ഞാല്‍ നികുതി അടച്ചശേഷമേ അവകാശിക്ക് സ്വത്തു ലഭിക്കൂ. സാമ്പത്തികമായി ശരിക്കും ബുദ്ധിമുട്ടി. നിര്‍മാതാക്കള്‍ തന്ന ചെക്കുകള്‍ മിക്കതും മടങ്ങി. ചലച്ചിത്ര രംഗത്തെ അപൂര്‍വം ചിലര്‍ ഒഴിച്ച് ആരും അന്ന് ഞങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചില്ല.

അക്കാലത്ത് കിട്ടിയ ഏറ്റവും വലിയ സഹായങ്ങളിലൊന്ന് ലീഡര്‍ കെ. കരുണാകരനില്‍നിന്നാണെന്ന് സതീഷ് പറഞ്ഞു. '1975ല്‍ എനിക്ക് സെക്രട്ടേറിയറ്റില്‍ താല്‍കാലിക ജോലികിട്ടി. മൂന്നു മാസത്തേക്ക് അസിസ്റ്റന്‍ഡ് ഗ്രേഡ് തസ്തികയിലായിരുന്നു നിയമനം. ഒരിക്കല്‍ ഞാന്‍ ജോലികഴിഞ്ഞ് വെളിയില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ അതുവഴി വന്നു.കൂടെ ഉണ്ടായിരുന്നവര്‍ എന്നെ ചൂണ്ടി അതു സത്യന്റെ മകനാണെന്നു പറഞ്ഞു. അദ്ദേഹം അടുത്തുവന്ന് കുശലം ചോദിച്ചു. ഞാന്‍ അവിടെ ജോലിചെയ്യുന്ന വിവരവും മൂന്നു ദിവസം കഴിഞ്ഞാല്‍ കരാര്‍ അവസാനിക്കുകയാണെന്നും പറഞ്ഞു. അദ്ദേഹം ചിരിച്ചു തോളത്തുതട്ടി കടന്നുപോയി. പിറ്റേ ദിവസം ഓഫീസില്‍ ചെന്നപ്പോള്‍ അവിടെയാകെ ആള്‍ക്കൂട്ടം. അവരെല്ലാം സതീഷിനെ കാണാനാണു വന്നിരിക്കുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതമായി. അതു സത്യമായിരുന്നു. അവരെല്ലാം എന്നോടൊപ്പം താല്‍ക്കാലികമായി ജോലി ചെയ്തിരുന്നവരാണ്. അടുത്ത ദിവസം എന്നോടൊപ്പം കരാര്‍ അവസാനിച്ച് ജോലി നഷ്ടമാവുന്നവര്‍. അവരെയെല്ലാം മുഖ്യമന്ത്രി പ്രത്യേക ഉത്തരവിലൂടെ സ്ഥിരപ്പെടുത്തിയിരിക്കുന്നു. ചിലര്‍ എന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. എനിക്ക് ഒരാള്‍ക്കുവേണ്ടി മാത്രമാണ് എണ്‍പതോളം പേരെ സ്ഥിരപ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു.'

അച്ഛന്റെപിന്‍ഗാമി?

സതീഷ് സത്യന് എഴുപതുകളില്‍ ചിലസിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു. കെ.എസ്. സേതുമാധവന്റെ സംവിധാനത്തില്‍ മക്കള്‍ എന്ന സിനിമയായിരുന്നു ആദ്യം. ശുദ്ധികലശം, ടാക്‌സി ഡ്രൈവര്‍ അങ്ങനെ ചില പടങ്ങളിലും നല്ല വേഷങ്ങള്‍ കിട്ടി. പക്ഷേ ആ സമയത്ത് അദ്ദേഹത്തിന് കണ്ണിന് പ്രശ്‌നം തുടങ്ങി. ഷൂട്ടിംഗ് ലൈറ്റുകള്‍ക്കു മുന്നില്‍ നില്‍ക്കുന്നത് അസാധ്യമായി. കാഴ്ച മങ്ങാന്‍ തുടങ്ങി. സിനിമയില്‍ സജീവമായതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കേണ്ടിവന്നിരുന്നു. പ്രകാശിന്റെ കാഴ്ച ശക്തിയും നഷ്ടമായിക്കൊണ്ടിരുന്നു. സിനിമയും ജോലിയും നഷ്ടമായതോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. ഗാനഗന്ധര്‍വന്‍ യേശുദാസ് അക്കാലത്താണ് തരംഗിണിസ്റ്റുഡിയോ തുടങ്ങുന്നത്. സതീഷിനും പ്രകാശിനും അദ്ദേഹം തരംഗിണിയില്‍ ജോലി നല്‍കി. തരംഗിണി പ്രവര്‍ത്തനം അവസാനിപ്പിക്കുംവരെ ഇരുവരും അവിടെ ജോലിനോക്കി.

ജീവിതം പലതവണ പരീക്ഷിച്ചപ്പോഴും നേരിടാന്‍ സത്യന്റെ മക്കള്‍ക്കു തുണയായത് അദ്ദേഹം അവര്‍ക്കു പകര്‍ന്നു നല്‍കിയ കരുത്തായിരുന്നു.
'ജൂണ്‍ പതിനഞ്ചിന് പപ്പ മരിച്ചിട്ട് നാല്‍പ്പത്തിരണ്ടു വര്‍ഷം തികയുകയാണ്. പക്ഷേ ഞങ്ങള്‍ക്ക് പപ്പ മരിച്ചിട്ടില്ല. ടിവി തുറന്നാല്‍ പപ്പയുടെ ശബ്ദം കേള്‍ക്കാം. അവിടെ പപ്പ ചിരിക്കുന്നു, കരയുന്നു, കോപിക്കുന്നു...ഞങ്ങള്‍ ഇപ്പോഴും പപ്പയെ കണ്ടുകൊണ്ടിരിക്കുന്നു. പപ്പ ഞങ്ങള്‍ക്കൊപ്പമുണ്ട്.'


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment