Sunday 30 June 2013

[www.keralites.net] ആരാണീ ജോപ്പന്‍

 

ജോപ്പനാണ്‌ താരം;ആരാണീ ജോപ്പന്‍ ?

 

കൊട്ടാരക്കര: ഒറ്റ സോളാര്‍ തട്ടിപ്പു കേസില്‍ പെട്ട്‌ കസേരയ്‌ക്ക് തൊട്ടടുത്ത്‌ വരെ പ്രതിഷേധം എത്തിനില്‍ക്കേ ഉമ്മന്‍ചാണ്ടിയ്‌ക്ക് മുഖ്യമന്ത്രി സ്‌ഥാനം നഷ്‌ടമാകുമോ എന്നതാണ്‌ കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത്‌. തുടക്കം മുതല്‍ പ്രതിരോധിച്ച്‌ നിന്ന മുഖ്യമന്ത്രിക്ക്‌ ഒടുവില്‍ ഈ കേസില്‍ സ്വന്തം ഓഫീസില്‍ നിന്നും ഒരാള്‍ ആദ്യമായി അറസ്‌റ്റിലായതോടെ പ്രതിപക്ഷത്തിന്റെ രൂക്ഷ സമ്മര്‍ദ്ദം നേരിടേണ്ടി വരികയാണ്‌. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫിലെ ഒന്നാമന്‍ എന്നാണ്‌ ജോപ്പന്‍ അറിയപ്പെട്ടിരുന്നത്‌.

കെഎസ്‌യു വിദ്യാര്‍ത്ഥി പ്രസ്‌ഥാനത്തിലൂടെയായിരുന്നു ജോപ്പന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ എത്തിയത്‌. വെണ്ടാര്‍ മനക്കരക്കാവില്‍ ജോപ്പന്റെ മൂന്നു മക്കളില്‍ ഇളയവനാണു ടെന്നി ജോപ്പന്‍ എന്ന ജോപ്പന്‍. പഠിപ്പില്‍ മോശമായിരുന്ന ടെന്നി എസ്‌.എസ്‌.എല്‍.സി. പലതവണ എഴുതിയാണു കടന്നുകൂടിയത്‌. പിതൃസഹോദരനും തിരുവനന്തപുരത്തെ ഒരു കോളജ്‌ പ്രിന്‍സിപ്പലുമായിരുന്ന പുരോഹിതന്റെ സഹായത്തോടെയാണ്‌ ജോപ്പന്‍ തലസ്‌ഥാനത്തെത്തിയത്‌.

കോളജ്‌ ഹോസ്‌റ്റലില്‍ താമസിച്ച്‌ പ്രീഡിഗ്രി പഠനകാലത്ത്‌ കോളജ്‌ ഹോസ്‌റ്റലിലായിരുന്നു വാസം. കോളജില്‍ കെ.എസ്‌.യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ജോപ്പന്‍. കെ.എസ്‌.യു. ഭാരവാഹികള്‍ക്കൊപ്പം എം.എല്‍.എ. ഹോസ്‌റ്റലിലെ ഉമ്മന്‍ചാണ്ടിയുടെ മുറിയിലും നിത്യസന്ദര്‍ശകനായി. തലസ്‌ഥാനത്തെ കെ.എസ്‌.യു. നേതാവിന്റെ ഇടപെടലില്‍ ഉമ്മന്‍ചാണ്ടിയുടെ മുറിയില്‍ സ്‌ഥിരതാമസമാക്കിയതോടെ ജോപ്പന്റെ തലവര തെളിഞ്ഞു.

എ.കെ. ആന്റണി സ്‌ഥാനമൊഴിഞ്ഞതോടെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. ജോപ്പന്‍ മുഖ്യമന്ത്രിക്കൊപ്പം കൂടിയെങ്കിലും പഴ്‌സണല്‍ സ്‌റ്റാഫില്‍ ഉള്‍പ്പെടുത്തിയില്ല. ഇക്കാലയളവിലാണ്‌ സുനാമി ദുരന്തമുണ്ടായത്‌. ആ സമയത്തുതന്നെ മനക്കരക്കാവില്‍ ജോപ്പന്റെ ഇരുനിലവീടും ഉയര്‍ന്നു. ഗൃഹപ്രവേശത്തിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തിയതോടെ ജോപ്പന്‍ നാട്ടിലും താരമായി. കൊട്ടാരക്കര മുതല്‍ പുത്തൂര്‍വരെ ഇരുവശത്തും റോഡുകള്‍ പോലീസ്‌ ബ്ലോക്ക്‌ ചെയ്‌തു. ഗൃഹപ്രവേശം വന്‍സംഭവമായി.

ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായതോടെ പിതൃസഹോദരനായ പുരോഹിതന്റെയും സഭാനേതൃത്വത്തിന്റെയും സമ്മര്‍ദഫലമായി ജോപ്പന്‍ പഴ്‌സണല്‍ സ്‌റ്റാഫില്‍ ഇടംനേടി.പിന്നീട്‌ ഉമ്മന്‍ചാണ്ടിയുടെ നിഴലായതോടെ പത്രസമ്മേളനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്ന ജോലിയും ജോപ്പന്‍ ഏറ്റെടുത്തു. മാധ്യമ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തതോടെ ജോപ്പന്‍ ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി. ഫോണില്‍ മുഖ്യനെ കിട്ടാന്‍ ജോപ്പനെ വിളിക്കണമെന്നായി സ്‌ഥിതി. ഗള്‍ഫില്‍ വന്‍ ബിസിനസുകാരുമായി ബന്ധം.

നാട്ടില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ജോപ്പന്‍ തന്നെ മുന്നില്‍. അവര്‍ അവധിക്കു നാട്ടിലെത്തിയാല്‍ ഉദ്ദിഷ്‌ടകാര്യത്തിന്‌ ഉപകാരസ്‌മരണ. ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ ജോപ്പന്‍ പഴ്‌സണല്‍ സ്‌റ്റാഫിലെ പ്രധാനിയായി. സോളാര്‍ തട്ടിപ്പിന്‌ മുഖ്യമന്ത്രിയുടെ ഇല്ലാത്തസാന്നിദ്ധ്യം ഉപയോഗിക്കാന്‍ സരിത കുരുക്കിയതും ജോപ്പനെയായിരുന്നു. മുഖ്യമന്ത്രി ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത്‌ ഇടപാടുകാരെ വിളിച്ചു വരുത്തുകയും സരിത കരാര്‍ ഉണ്ടാക്കിയതും ജോപ്പന്റെ സഹായത്തോടെയായിരുന്നു.

പേഴ്‌സണല്‍ സ്‌റ്റാഫുകള്‍ സോളാര്‍ വിവാദത്തില്‍ പെട്ടപ്പോഴും മുഖ്യമന്ത്രിയെ ചൂണ്ടിക്കാണിച്ച്‌ അവിഹിത മാര്‍ഗ്ഗങ്ങള്‍ നടത്തിയ ജോപ്പനെ അന്വേഷണോദ്യോഗസ്‌ഥര്‍ മാറ്റി നിര്‍ത്തിയിരുന്നു. സലിംരാജ്‌, ജിക്കുമോന്‍ എന്നിവരില്‍ നിന്നും മൊഴി എടുത്തപ്പോഴും നിര്‍ണ്ണായക തെളിവുകള്‍ കിട്ടാന്‍ അന്വേഷണോദ്യോഗസ്‌ഥര്‍ ജോപ്പനെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഒപ്പം നിന്ന്‌ തട്ടിപ്പ്‌ നടത്തുമ്പോഴും സരിത തട്ടിപ്പുകാരിയാണെന്ന്‌ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്ക്‌ ജോപ്പന്‍ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തിരുന്നു. തന്റെ ഓഫീസില്‍ തട്ടിപ്പ്‌ നടത്തിയതായി കണ്ടെത്തിയതിന്‌ പിന്നാലെ മുഖ്യമന്ത്രിയും ജോപ്പനെ കൈവിട്ടപോലെയാണ്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment