ഒരു യാത്രയും അതിന്റെ ദുരന്തകരമായ അന്ത്യവും!.
നടന്നത് നരകത്തിലേക്കാണെന്ന് തോന്നി. എന്തെല്ലാം പറഞ്ഞു!. മന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ആഭ്യന്തരമില്ലാത്ത ഉപമുഖ്യമന്ത്രി, റവന്യു മന്ത്രി...ഒരു മനുഷ്യനെക്കുറിച്ചാണ് ഇതെല്ലാം പറയുന്നതെന്നോര്‍ക്കണം. പ്രൈവറ്റ് ബസില്‍ കണ്ടക്ടര്‍ സീറ്റുണ്ടാക്കുന്നതുപോലെയാണ് കെപിസിസി പ്രസിഡന്റിന് സീറ്റുണ്ടാക്കിയത്. "ആ കുട്ടിയെ എടുത്ത് മടീലിരുത്ത്.... ബാഗെടുത്ത് മോളില് വെക്ക്... ആ വല്യപ്പന്‍ ഒന്ന് പുറകിലേക്ക് മാറ്... നിങ്ങളൊന്ന് കയറിയിരിക്ക്... ദാ ഇവിടെ ഇരുന്നോളൂ... ഇഷ്ടം പോലെ സ്ഥലം..." അതുപോലെ, "ശിവകുമാറിനെയെടുത്ത് ബാബുവിന് കൊടുക്ക്്...
ബാബു ഒന്ന് ഒതുങ്ങി അനില്‍കുമാറിന് കൊടുക്ക്... അനിലൊന്ന് സൈഡിലേക്കിരിക്ക്... ആര്യാടനൊന്ന് കയറിയിരിക്ക്... തിരുവഞ്ചൂരൊന്ന് ഒതുങ്ങ്...ദാ.. ഇഷ്ടംപോലെ സ്ഥലം..." പ്രസിഡന്റ് തളര്‍ന്ന് വീണതോടെ അടുത്ത ചടങ്ങുകള്‍ ആരംഭിച്ചു. പ്രശ്നപരിഹാരത്തിനുള്ള "കണ്ടുകെട്ടല്‍" ചടങ്ങ്. ഇത് പതിവായി നടക്കുന്നതാണ്. ഇക്കുറിയും അതിന് മുടക്കമുണ്ടായില്ല. ആര്യാടന്‍ തിരുവഞ്ചൂരിനെ കണ്ടു. തിരുവഞ്ചൂര്‍ തങ്കച്ചനെ കണ്ടു. തങ്കച്ചന്‍ കുഞ്ഞാലിക്കുട്ടിയെ കണ്ടു. കുഞ്ഞാലിക്കുട്ടി മാണിയെ കണ്ടു. മാണി ഉമ്മന്‍ ചാണ്ടിയെ കണ്ടു. ഉമ്മന്‍ ചാണ്ടി ആര്യാടനെ കണ്ടു. ആര്യാടന്‍ വീണ്ടും തിരുവഞ്ചൂരിനെ കണ്ട് പരിപാടി തുടര്‍ന്നു കൊണ്ടേയിരുന്നു.
ഓരോ വാചകം കഴിയുമ്പോഴും പ്രശ്ന പരിഹാരത്തിന് സാധ്യത തെളിഞ്ഞു എന്നുകൂടി വായിക്കണം. ആരെയും കാണാനില്ലാത്ത കെ മുരളീധരന്‍ തന്നെത്തന്നെ കണ്ട് പ്രശ്ന പരിഹാരത്തിനുള്ള സാധ്യത ആരാഞ്ഞു. നല്ല ഭരണം!
കേരളം പനിച്ച് വിറയ്ക്കുമ്പോള്‍ ഇവിടെ തുള്ളപ്പനി. ഒടുവില്‍ അന്ത്യശാസനം വന്നു. "ഹൈക്കമാന്റിറങ്ങും" ഹൈക്കമാന്റ് വന്നാല്‍ പിന്നെ പട്ടാളമിറങ്ങിയപോലെയാണ്. ഷൂട്ട് അറ്റ് സൈറ്റ്. കണ്ടവനെ പിടിച്ച് ഷൂട്ടിങ്ങിനയക്കും എന്ന് പരിഭാഷ. പടപേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട ഇങ്ങോട്ട് എന്ന മട്ടിലാണ് ഹൈക്കമാന്റിന്റെ സ്ഥിതി. മര്‍മാണി വൈദ്യന്‍ തലകറങ്ങി കിടക്കുന്നു. ഇതിനിടയില്‍ കത്തുന്ന പുരയില്‍ നിന്ന് ഊരുന്ന കഴുക്കോല്‍ ലാഭം എന്ന മട്ടിലാണ് സുകുമാരന്‍ നായരും, വെള്ളാപ്പള്ളിയും, ബാലകൃഷ്ണപിള്ളയും. ഇപ്പോഴത്തെ നവോത്ഥാന നായകന്മാരാണ് ത്രിമൂര്‍ത്തികള്‍. ജനസേവനം തന്നെ പ്രധാന പണി. വോട്ടിന്റെ കൂലിയാണ് സുകുമാരന്‍ നായര്‍ ചോദിക്കുന്നത്.
കച്ചവടത്തില്‍ വിശ്വാസ്യതയാണ് പ്രധാനം. കരാര്‍ പൊളിച്ചാല്‍ പിന്നെ സഹിക്കില്ല. സമദൂരം, ശരിദൂരം എന്നെല്ലാമുള്ള ചെപ്പടി വിദ്യകള്‍ എന്തിനായിരുന്നു?. ഒക്കെ യുഡിഎഫിന് വേണ്ടി. കഴിഞ്ഞ തവണ സമസ്ത നായന്മാരും യുഡിഎഫിനായിരുന്നു കുത്തിയത്. ഒരാള്‍പോലും മാറിച്ചെയ്തില്ല. അതാണ് സുകുമാരന്‍ നായരുടെ ശക്തി. അന്ന് തലയില്‍ മുണ്ടിട്ട് കരയോഗത്തില്‍ കയറിയിറങ്ങിയവര്‍ കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലപോലെ തള്ളിക്കളയുന്നോ?.
സഹിക്കില്ല. കരാര്‍ പ്രകാരമുള്ള പാട്ടം, വാരം എന്നിവ തീര്‍ത്തടച്ചില്ലെങ്കില്‍ യുഡിഎഫിനെ ജപ്തി ചെയ്യുമെന്ന് നോട്ടീസയച്ചിരിക്കുകയാണ് സുകുമാരന്‍ നായര്‍. വെള്ളാപ്പള്ളിയും മടിച്ചുനിന്നില്ല. കിട്ടാനുള്ള കണക്കുമായി പുള്ളിക്കാരനുമെത്തി. തന്നില്ലെങ്കില്‍ സോണിയയെ കണ്ടുകളയും എന്ന ഭീഷണിയുമുണ്ടായി. കിട്ടാനുള്ളത് തന്നില്ലെങ്കില്‍ കിട്ടിയതൊക്കെ ഉപേക്ഷിക്കാനാണ് തീരുമാനം. മക്കളും മരുമക്കളുമൊക്കെ പട്ടിണി കിടന്നാലും കുഴപ്പമില്ല. അഭിമാനമാണ് വലുത്. ജനങ്ങളാണ് പ്രധാനം. സ്ഥാനമല്ലല്ലോ വലുത് ജനസേവനമല്ലേ!.
ഇരിക്കുന്നതും ജനങ്ങള്‍ക്കു വേണ്ടി. ഇറങ്ങുന്നതും ജനങ്ങള്‍ക്കു വേണ്ടി!. ഓരോ ത്യാഗങ്ങള്‍!. കെപിസിസി പ്രസിഡന്റിന്റെ മഹത്തായ യാത്രയുടെ ഏറ്റവും വലിയ നേട്ടം അത് ഒരച്ഛനെയും മകനെയും യോജിപ്പിച്ചതാണ്. ബാലകൃഷ്ണപിള്ളയും ഗണേശ് കുമാറും വീണ്ടും ഒന്നായി, ഒരു നാടകത്തിന്റെ അന്ത്യരംഗംപോലെ കര്‍ട്ടന്‍ ഉയരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് മകന്‍ " അച്ഛാ..." വികാരാധീനനായി അച്ഛന്‍ "മോനേ..." " എന്നോട് പൊറുക്കച്ഛാ..." " നീയാണ്‍ഡാ മോന്‍..." കര്‍ട്ടന്‍.
No comments:
Post a Comment