Monday 6 May 2013

[www.keralites.net] സിവില്‍ സര്‍വീസിലേക്കുള്ള വിജയവഴികള്‍

 

സിവില്‍ സര്‍വീസിലേക്കുള്ള വിജയവഴികള്‍



ആത്മവിശ്വാസവും ശരീരഭാഷയും

ജനങ്ങള്‍ നേതാക്കളില്‍നിന്നും ആത്മവിശ്വാസവും അചഞ്ചലതയും പ്രതീക്ഷിക്കുന്നു. എന്നാല്‍, ഏറ്റവും മികച്ച ശരീരഭാഷയ്‌ക്കോ ആത്മവിശ്വാസത്തിനോ പ്രത്യേകിച്ച് എല്ലായിടത്തും സ്വീകാര്യതയുള്ള മാനദണ്ഡങ്ങള്‍ ഒന്നുമില്ല. ഇതു രണ്ടും വളരെ വ്യക്ത്യാധിഷ്ഠിതമാണ്. ഒരാള്‍ക്ക് അനുയോജ്യമായത് മറ്റേയാള്‍ക്ക് ഒട്ടും ഇണങ്ങുകയില്ല. ചില പൊതുസമീപനങ്ങള്‍ രൂപീകരിക്കാമെന്നതല്ലാതെ ഇതിനൊന്നും ഒരു ഫോര്‍മുല നിര്‍ദേശിക്കാനാവില്ല.

എന്നാല്‍ നിരവധി ഉദ്യോഗാര്‍ഥികള്‍ ആത്മവിശ്വാസക്കുറവുമൂലം അരോചകമായ ശരീരഭാഷയിലൂടെയും അവ്യക്തമായ സംഭാഷണരീതികളാലും ഇന്റര്‍വ്യൂ ഘട്ടത്തില്‍ 20% ല്‍ അധികം മാര്‍ക്ക് നഷ്ടപ്പെട്ട് പരാജിതരാവാറുണ്ട്. ആത്മവിശ്വാസം മികച്ച തയ്യാറെടുപ്പിലൂടെയേ വരൂ. ആരും വേണ്ടത്ര ആത്മവിശ്വാസത്തോടുകൂടിയല്ല പരിശ്രമം തുടങ്ങുന്നത്. പരീക്ഷയിലെ ഏറ്റവും മികച്ച ഉദ്യോഗാര്‍ഥിക്കുപോലും ആത്മവിശ്വാസം വേണ്ടത്ര ഉണ്ടാവാറില്ല. എത്ര സമയം ഫലപ്രദമായി തയ്യാറെടുപ്പിന് ചെലവിട്ടു എന്നതിന്റെ അനുപാതത്തിലേ പരീക്ഷാഫലം വരൂ. അത്തരം തയ്യാറെടുപ്പ് തുടക്കത്തില്‍ പാളിച്ചകള്‍ ഉണ്ടായാലും ഒരു മിനിമം ഗ്യാരന്റി തരും. ഒന്നോ രണ്ടോ ചോദ്യങ്ങള്‍ പിഴച്ചാലും കൂടുതല്‍ മത്സരത്തിനു മനസ്സ് തയ്യാറായിരിക്കും.

ഇന്റര്‍വ്യൂഘട്ടത്തില്‍ ചിലരുടെ സംഭാഷണത്തിലൂടെയുള്ള ആശയപ്രകടനം മികവുറ്റതാവാറില്ല. വളരേ കൂടുതല്‍ അംഗവിക്ഷേപങ്ങള്‍ ചെയ്യുന്നതും യാതൊരു ചലനവും കൂടാതെ പാവയെപ്പോലെ സംസാരിക്കുന്നതും കേള്‍ക്കുന്നവരില്‍ അരോചകത്വം ഉളവാക്കും. ശരീരഭാഷയുടെ പകുതിയിലേറെ കണ്ണുകളിലാണ് ഇരിക്കുന്നത്. ലോകപ്രശസ്ത പ്രാസംഗികനായ പ്രസിഡന്റ് ഒബാമ കറുത്ത കണ്ണട ധരിച്ചുകൊണ്ടാണ് സംസാരിക്കുന്നതെങ്കില്‍ പറയുന്ന വാക്കുകളില്‍ കേള്‍ക്കുന്നവര്‍ വളരെക്കുറച്ചേ ആകൃഷ്ടരാവൂ. ശബ്ദത്തെപ്പോലെ കണ്ണുകളുടെ ചലനങ്ങളും സംസാരിക്കുന്ന ആളിന്റെ ഉദ്ദേശ്യം വ്യക്തമാക്കും. വാക്കുകള്‍ വെറും ശബ്ദങ്ങള്‍ അല്ല. ലോകത്തെ മാറ്റിമറിക്കാനുള്ള ശക്തി അവയ്ക്കുണ്ട്. ഓരോ വാക്കും വ്യക്തമായും സ്ഫുടമായും വേറിട്ടും ഉച്ചരിക്കണം. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ നമ്മുടെ തലച്ചോര്‍ സംഭാഷണത്തെ വിശകലനം ചെയ്യുകയും വാക്യങ്ങളെ തിരുത്തുകയും ചെയ്യണം. ആവശ്യമുള്ളതില്‍ കൂടുതല്‍ ഒരു വാക്കും ഉപയോഗിക്കാതിരിക്കുക. വാക്യങ്ങള്‍ ഹ്രസ്വവും ലളിതവുമാകണം.

ഇന്റര്‍വ്യൂ ഒരു പ്രസംഗമല്ല. വിദഗ്ധന്‍മാരാണെങ്കിലും നാലോ അഞ്ചോ ആദരവുള്ള സുഹൃത്തുക്കളോട് സംസാരിക്കുന്ന മാതൃകയില്‍ വേണം സംസാരിക്കാന്‍. 'A formal polite friendly conversation' ആണത്. പലര്‍ക്കും സംഭവിക്കുന്ന ഒരു കുഴപ്പം ഒരു പ്രത്യേക ചോദ്യം ചോദിച്ച ആളിനെ മാത്രം കേന്ദ്രീകരിച്ച് ഉത്തരം പറയുക എന്നതാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒരാളാണെങ്കിലും ഉത്തരം ബോര്‍ഡിന് മുഴുവനും നല്കണം. എല്ലാ അംഗങ്ങളെയും വീക്ഷിക്കുകയും കൃത്രിമത്വമില്ലാതെ ഉത്തരം എല്ലാ പേര്‍ക്കും നല്കി, അവര്‍ അതു സ്വീകരിച്ചു എന്നു തോന്നിപ്പിക്കുകയും വേണം. ഉത്തരത്തിന്റെ ഏറ്റവും പ്രധാനവാചകം അത് അവസാനിപ്പിക്കുന്നയിടത്താണ്. ചോദിച്ച വിഷയത്തെക്കുറിച്ച് ഒരു നല്ല സാമാന്യവത്കരണം നടത്താന്‍ ആ വാചകത്തില്‍ ശ്രമിക്കണം. യു.പി.എസ്.സി. ഇന്റര്‍വ്യൂവില്‍ ബോര്‍ഡ് ചെയര്‍മാനാണ് മാര്‍ക്ക് നിശ്ചയിക്കുക. മറ്റുള്ള ബോര്‍ഡ് അംഗങ്ങള്‍ അദ്ദേഹത്തെ ഉപദേശിക്കുന്നതേയുള്ളൂ. ഉത്തരത്തിന്റെ മര്‍മം ചോദ്യം ചോദിച്ച ആളിനും ചെയര്‍മാനും അഭിമുഖമായിത്തന്നെ നല്കണം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ചോദ്യം കേട്ടയുടന്‍ ഉത്തരം പറഞ്ഞുതുടങ്ങേണ്ട കാര്യമില്ല. ഒരു നിമിഷം സമയമെടുത്ത് ഉത്തരമായി പറയേണ്ട അറിവുകള്‍ ഒന്നടുക്കി ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിയുന്നവ മാത്രം തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ഒട്ടും അറിയില്ലെങ്കില്‍ അതു സത്യസന്ധമായും സമ്മതിക്കുന്നതാണു നല്ലത്. വസ്തുനിഷ്ഠമായ ചോദ്യങ്ങള്‍ക്ക് ഊഹിച്ചു പറയുകയാണെങ്കില്‍ 'ഊഹമാണ് തെറ്റിയേക്കാം' എന്ന മുഖവുര നല്കണം. ബോധപൂര്‍വം ബോര്‍ഡിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു എന്നു തോന്നിയാല്‍ അത് ഉദ്യോഗാര്‍ഥിക്ക് എതിരാവും.

ഇന്റര്‍വ്യൂ നടന്നുകൊണ്ടിരിക്കുമ്പോള്‍ കഴിവതും കൈകളുടെ ചലനങ്ങള്‍ കുറയ്ക്കണം. കൈകള്‍ മേശപ്പുറത്ത് വെച്ചാലും മേശയിലേക്ക് ചാഞ്ഞുകിടക്കരുത്. വേണ്ടതിലധികം പിന്നാക്കം ചായുകയുമരുത്. ഇന്റര്‍വ്യൂ ആണെന്നു കരുതി വലിഞ്ഞുമുറുകി അറ്റന്‍ഷനില്‍ ഇരിക്കേണ്ട കാര്യവും ഇല്ല. ആവശ്യത്തിലധികം ഭവ്യത കാണിക്കരുത്. അഭിമുഖം നടക്കുമ്പോള്‍ മുഖത്തും നെറ്റിയിലും മൂക്കിലും കഴിവതും തൊടാതിരിക്കുക. ഉത്തരങ്ങള്‍ സത്യസന്ധമല്ല എന്ന പ്രതീതി ഇതു ജനിപ്പിക്കും. കൈവിരലുകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ടിരിക്കുക, കസേരയുടെ കൈയില്‍ തട്ടിക്കൊണ്ടിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. അതുപോലെ ഒരാവശ്യവുമില്ലാതെ ചുവരുകളിലേക്കും മച്ചിലേക്കും നോക്കുക, സ്വന്തം മടിയിലേക്കോ കൈവെള്ളയിലേക്കോ നോക്കുക, മുറിയിലെ മറ്റു ഫര്‍ണിച്ചര്‍, പെയിന്റിങ് എന്നിവ ശ്രദ്ധിക്കുക ഇവയൊക്കെ ഒഴിവാക്കാവുന്നവയാണ്. ഇന്റര്‍വ്യൂവില്‍ ചെലവഴിക്കുന്ന 40 നിമിഷം ഒന്നര വര്‍ഷം നീണ്ട നിങ്ങളുടെ ശ്രമങ്ങളുടെ അവസാന ലാപ് ആണ്. അവിടെ അംഗങ്ങളുടെ ചോദ്യങ്ങളും നിങ്ങളും മാത്രം മതി.

ഇന്റര്‍വ്യൂ നടത്തുന്ന മുറിയില്‍ പ്രവേശിക്കുമ്പോള്‍ മൃദുവായി വാതിലില്‍ തട്ടാന്‍ മറക്കരുത്. ശിപായി നിങ്ങളെ വിളിച്ചിട്ടുള്ളതുകൊണ്ട് നീട്ടിപ്പിടിച്ച് `May I come in Sir''എന്നു ചോദിക്കേണ്ട കാര്യമില്ല. എന്നാല്‍ കസേരയില്‍ ഉപവിഷ്ടനാവുന്നതിനു മുന്‍പ് ബോര്‍ഡിനെ ഉചിതമായി വന്ദിക്കാനും ഇരിക്കാന്‍ അനുമതി തേടാനും മറക്കരുത്. കസേര നീക്കിയിടുന്നതും മറ്റും ശബ്ദകോലാഹലത്താല്‍ അരോചകമാവാതെ ശ്രദ്ധിക്കണം. നടക്കുമ്പോള്‍ പട്ടാളരീതിയിലുള്ള മാര്‍ച്ചോ ആത്മവിശ്വാസക്കുറവുമൂലം ചുമലുകള്‍ താഴ്ത്തിപ്പിടിക്കുകയോ അരുത്. തലയും നെഞ്ചിലേക്കു താഴ്ത്തിപ്പിടിക്കാന്‍ പാടില്ല. ഇതെല്ലാം ഉള്ളതില്‍ കുറവ് ഉയരം തോന്നിപ്പിക്കും. ഭക്ഷണം കഴിക്കുന്ന മേശയില്‍ ഇടുന്ന കസേരയില്‍ സ്വസ്ഥമായി ഇരുന്ന് ഇതു പരിശീലിക്കാവുന്നതാണ്. കൈകള്‍ പിണച്ചുവെക്കുകയോ കാലില്‍ കാലുകേറ്റിവെക്കുകയോ ചെയ്യേണ്ട. സ്ത്രീകള്‍ക്കു മൃദുവായി കാലുപിണച്ച് വെക്കാം. എന്നാല്‍ ഇവ നെഗറ്റീവ് ആയ ശരീരഭാഷ സൃഷ്ടിക്കും. ഷൂസിന്റെ അടിഭാഗമോ സോക്‌സോ കാണത്തക്കവിധം ഇരിക്കരുത്. കൈപ്പടങ്ങള്‍ മേശപ്പുറത്ത് വെക്കാമെങ്കിലും കൈമുട്ടുകള്‍ ഒരിക്കലും ഊന്നരുത്. പേന, പേപ്പര്‍ വെയ്റ്റ് എന്നിവകൊണ്ട് കളിക്കുക, ബോര്‍ഡിന്റെ മുന്നിലുള്ള കടലാസുകള്‍ വായിക്കാന്‍ ശ്രമിക്കുക എന്നിവ ആത്മഹത്യാപരമാണെന്ന് പറയേണ്ടതില്ലല്ലോ.

ഇന്റര്‍വ്യൂ കഴിയുന്ന നിമിഷം വളരെ പ്രധാനമാണ്. ഇന്റര്‍വ്യൂ തീരുമ്പോള്‍ ഉദ്യോഗാര്‍ഥിക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ഉപചാരരൂപേണ ബോര്‍ഡ് ചോദിക്കാറുണ്ട്. ബോര്‍ഡിനോട് ചോദ്യങ്ങള്‍ ഒന്നും ചോദിക്കേണ്ടതില്ല. ഉപചാരം ഉപചാരം മാത്രമാണ്. റിസള്‍ട്ട് എന്നു വരുമെന്ന് ഒരിക്കലും ചോദിച്ചുകളയരുത്! പരിചയപ്പെട്ടതില്‍ സന്തോഷം എന്നു പറയുന്നതായിരിക്കും ഏറ്റവും നല്ലത്. നന്ദിപ്രകാശനവും ആ സമയത്തെ ഉപചാരവും പറയാന്‍ മറക്കേണ്ട. അനാവശ്യമായ ഭവ്യത കൂടുതല്‍ മാര്‍ക്ക് കിട്ടുമെന്നു കരുതി പ്രദര്‍ശിപ്പിക്കുകയുമരുത്. കഴിയുന്നത്ര സ്വാഭാവികമായിത്തന്നെ പുറത്തു കടക്കുക. വാതില്‍ ശബ്ദത്തോടെ അടയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഇന്റര്‍വ്യൂവിന്റെ ചില ഘട്ടങ്ങളില്‍ ബോര്‍ഡ് ഉദ്യോഗാര്‍ഥിയോട് അതൃപ്തി പ്രദര്‍ശിപ്പിക്കുകയോ അസന്തുഷ്ടി പ്രകടിപ്പിക്കുകയോ ഒക്കെ സംഭവിക്കാം. അതുകൊണ്ട് നിരാശരാകരുത്. ഏറ്റവും പ്രതികൂലസമയത്ത് നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആത്മവിശ്വാസത്തിനാണ്, നന്നായി അറിയുന്ന ഭാഗത്തിന് ഉത്തരം കൊടുക്കുന്നതിലും ബോര്‍ഡിനെ പ്രീതിപ്പെടുത്താന്‍ കഴിയുന്നത്. വസ്തുതകളില്‍ തിരുത്തപ്പെട്ടാല്‍ വീണ്ടും വാദിക്കാന്‍ നില്ക്കരുത്. നീണ്ട വാദപ്രതിവാദങ്ങള്‍ ഒരിക്കലും ഗുണകരമാവില്ല. ഒരു ബോര്‍ഡംഗം നിങ്ങളെ ഖണ്ഡിച്ചാല്‍ ഉടന്‍ എന്തെങ്കിലും തിരിച്ചു പറയുന്നതിനു പകരം 'ഒരു നിമിഷം സാവകാശം തരൂ, ആലോചിക്കട്ടെ' എന്നു പറഞ്ഞ് ഒഴിവാകുന്നത് നന്നായിരിക്കും. ഇന്റര്‍വ്യൂവില്‍ കൃത്യമായ ഒരു ശരിയുത്തരം എന്നൊന്നില്ല. കടുത്ത നിലപാടുകള്‍ എടുക്കുമ്പോള്‍ വസ്തുതകളില്‍ ഊന്നണം.

നിങ്ങളുടെ നൈസര്‍ഗികതയും സ്വാഭാവികതയും നഷ്ടപ്പെടുന്ന രീതിയില്‍ പെരുമാറരുത്. ഇന്റര്‍വ്യൂ ഒറ്റവാക്കില്‍ പറഞ്ഞാല്‍ നിങ്ങളുടെ ആധികാരികതയുടെയും ആത്മാര്‍ഥതയുടെയും (Authenticity and Sincerity) പരീക്ഷയാണ്. നാട്യങ്ങളും വാചകക്കസര്‍ത്തും പൂര്‍ണമായും ഒഴിവാക്കുക.
ഇതാണ് വിജയിക്കാനുള്ള ഒരു പൊതുസമീപനം.

പരീക്ഷാതയ്യാറെടുപ്പിനുള്ള രീതികള്‍

സിവില്‍ സര്‍വീസ് പരീക്ഷ തീര്‍ച്ചയായും ഒട്ടേറെ വായിച്ചു തയ്യാറെടുക്കേണ്ടതായ ഒരു പരീക്ഷയാണ്. എങ്ങനെ നോക്കിയാലും ഒരു പതിനായിരം പുറമെങ്കിലും പരീക്ഷയിലെ വിവിധ പേപ്പറുകള്‍ക്കു തയ്യാറെടുക്കാനായി ത്തന്നെ വായിക്കേണ്ടിവരും. പത്തിരുപതു നോട്ടുപുസ്തകങ്ങള്‍ നിറയെ നോട്ടു കുറിക്കേണ്ടി വരുന്നതും അപൂര്‍വമല്ല. ജീവിതത്തിലെ നല്ല ഒന്നര-രണ്ടു വര്‍ഷം നന്നായി നിവേദിക്കാതെ സിവില്‍ സര്‍വീസ് പരീക്ഷ എന്ന കടമ്പ മിടുക്കര്‍പോലും കടക്കില്ല എന്നര്‍ഥം. എന്നാല്‍, അതികഠിനമായി അധ്വാനിക്കുന്ന ചിലര്‍ എങ്ങുമെത്താതിരിക്കുകയും ശരാശരിയില്‍ താഴെ മാത്രം സമയം ചെലവിടുന്നവര്‍ മികച്ച വിജയം നേടുന്നതും അപൂര്‍വമല്ല. ഇത്തരക്കാരുടെ അനുഭവം പഠിക്കുമ്പോള്‍, കേവലം ശരാശരിയില്‍ക്കവിഞ്ഞ ബുദ്ധിയും ഗ്രഹണശക്തിയിലുമപ്പുറം അവര്‍ വളരെ കൗശലത്തോടെയുള്ള ഒരു പഠനതന്ത്രം ആവിഷ്‌കരിക്കുന്നതായി കാണാന്‍ കഴിയും. ശരിയായ പഠനതന്ത്രത്തിന്റെ അഭാവത്തില്‍ ബുദ്ധിശക്തിയും അധ്വാനവും പാഴാക്കുന്നതായും കണ്ടുവരുന്നു. പഠനതന്ത്രം ആവിഷ്‌കരിക്കുന്നതിലെ ഉള്‍ക്കള്ളികളാണ് ഈ അധ്യായത്തില്‍ വിവരിക്കുന്നത്.

ഒന്നാമതായി, മത്സരത്തില്‍ താന്‍ എവിടെ നില്ക്കുന്നു എന്ന ഒരു സ്വയം വിലയിരുത്തല്‍ നടത്തണം. മെയിന്‍ പരീക്ഷയുടെ സാമ്പിള്‍ ചോദ്യക്കടലാസുകള്‍ പരിഹരിച്ചുകൊണ്ടുവേണം തുടങ്ങാന്‍. പ്രിലിമിനറി വെറും മത്സരത്തിനുള്ള തിരഞ്ഞെടുക്കപ്പെടലാണ്. ഒരുവക ''ഹീറ്റ്‌സ്'' എന്നു പറയാം. ഐച്ഛികവിഷയത്തിലെയും എസ്സേ പേപ്പറിലെയും സ്‌കോര്‍ (ഇത് മികച്ച ഒരധ്യാപകനെക്കൊണ്ടു ചെയ്യിക്കുക) നോക്കുമ്പോള്‍ പഠിതാവ് എവിടെ നില്ക്കുന്നു എന്നു മനസ്സിലാകും. ശരാശരി 65% മാര്‍ക്കു ലഭിക്കാതെ ഈ പരീക്ഷയില്‍ നിങ്ങള്‍ മത്സരത്തിലേയില്ല. 70-75% മാര്‍ക്കുകള്‍ മികച്ച സ്‌കോറും അതില്‍ താഴേയുള്ളവ മെയിനില്‍ ശരാശരിയുമാണ്. ഇത്തരത്തില്‍ ലഭിച്ച സ്‌കോര്‍ താരതമ്യം ചെയ്യുമ്പോള്‍, കൂടുതല്‍ സമയം ചെലവിടേണ്ട പേപ്പര്‍ അഥവാ പൊതുവിജ്ഞാന പേപ്പറിലെ മേഖല എന്നിവ വ്യക്തമായി മനസ്സിലാകും. കൂടുതല്‍ മുന്നേറ്റം നടത്തേണ്ട പേപ്പര്‍/മേഖല എന്നിവ വ്യക്തമായാല്‍ പഠനതന്ത്രത്തില്‍ ആ പേപ്പറിനോ മേഖലയ്‌ക്കോ പ്രാമുഖ്യം നല്കണം. ദൗര്‍ബല്യമുള്ള മേഖലയ്ക്കാനുപാതികമായി തയ്യാറെടുപ്പില്‍ കൂടുതല്‍ സമയം നീക്കിവെക്കുന്നു എന്നുറപ്പുവരുത്തണം. പലര്‍ക്കും സംഭവിക്കുന്നത് തങ്ങള്‍ക്കിഷ്ടമുള്ള മേഖലയില്‍ത്തന്നെ വേണ്ടതിലധികം ചുറ്റിത്തിരിയുകയും ദൗര്‍ബല്യമുള്ള ഭാഗം അശ്രദ്ധമായി വിടുകയും ചെയ്യുകയെന്നതാണ്.

ദുര്‍ബലഭാഗം ആവര്‍ത്തിച്ചു വായിക്കാനും വേണ്ടിവന്നാല്‍ മികച്ച അധ്യാപകരില്‍ നിന്നും ആവര്‍ത്തിച്ചു പഠിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ഡല്‍ഹിയില്‍ പോയി താമസിച്ചു പഠിക്കുന്നതിന് അതിന്റെതായ മികവുണ്ട്. പ്രത്യേകിച്ച് സിവില്‍ സര്‍വീസ് മോഹികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജെ.എന്‍.യു. കാമ്പസിലും മറ്റും ഇതിനായി മാത്രം പ്രവര്‍ത്തിക്കുന്ന ഡസന്‍കണക്കിന് ഇന്‍സ്റ്റിറ്റിയൂട്ടുകളും ബുക്ക്‌ഷോപ്പുകളുമുണ്ട്. 'ബേര്‍സരായ്' എന്ന പ്രസിദ്ധമായ ജെ.എന്‍.യു. പോയന്റില്‍ ചായ കുടിക്കാനെത്തുന്ന ഏതാണ്ടെല്ലാപേരും പരീക്ഷയെഴുതുന്നവരാണ്. ഇവരുടെ ഇടയില്‍ കഴിയുന്നതുവഴി ഒട്ടേറെ അറിവുകള്‍ കിട്ടും. റഫറന്‍സിനും മറ്റും സൗകര്യവും കൂടും. ഡല്‍ഹിയില്‍ പി.ജിക്കോ, പിഎച്ച്.ഡിക്കോ രജിസ്റ്റര്‍ ചെയ്യുന്നത് ഒരു നല്ല ആശയമാണ്. ഇതിന് തരമില്ലെങ്കില്‍ പിന്നെ മികച്ച വഴി ഡല്‍ഹി സര്‍വകലാശാലയുടെ സായംകാല എല്‍.എല്‍.ബി.ക്ക് രജിസ്റ്റര്‍ ചെയ്യുകയാണ്. വൈകീട്ട് മൂന്നു മണിക്കൂര്‍ ക്ലാസേയുള്ളൂ. ഹാജരും 60% മതി. ബാക്കിസമയം മുഴുവനും സിവില്‍ സര്‍വീസ് പരീക്ഷയുമായി കഴിഞ്ഞുകൂടാം. ബീഹാര്‍, യു.പി. മുതലായ സംസ്ഥാനങ്ങളില്‍നിന്നും വരുന്ന ധാരാളം ചെറുപ്പക്കാര്‍ ഇപ്രകാരം കൂട്ടമായി മുറിയെടുത്ത് താമസിച്ച് പരീക്ഷയ്ക്കിരിക്കുന്നതു കാണാം. മിക്കവരും ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനോ എല്‍.എല്‍.ബി.ക്കോ മറ്റോ രജിസ്റ്റര്‍ ചെയ്തിരിക്കും. സിവില്‍ സര്‍വീസിനൊപ്പം വടക്കന്‍ സംസ്ഥാനങ്ങളുടെ പി.എസ്.സി. പരീക്ഷകളും സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷനും മറ്റും എഴുതും. ഐ.എ.എസ്. ആയില്ലെങ്കിലും ബി.ഡി.ഒ. എങ്കിലുമാകണം എന്നതാണവരുടെ ആഗ്രഹം. സര്‍ക്കാര്‍ ജോലിയുടെ ഉയര്‍ന്ന മാന്യതയും തൊഴിലുറപ്പുമാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നും ഒട്ടേറെപ്പേരെ ഉദ്യോഗാര്‍ഥികളാക്കുന്നത്.

ഡല്‍ഹി യാത്രയും മറ്റും നല്ലതാണെങ്കിലും ഇന്ന് ഇന്റര്‍നെറ്റിന്റെയും മറ്റും സഹായത്താല്‍ എല്ലാ സൗകര്യങ്ങളും തിരുവനന്തപുരത്ത് ലഭ്യമാക്കുന്നതിന് ഒരു പ്രയാസവുമില്ല. പരിമിതസൗകര്യങ്ങളില്‍നിന്നുതന്നെ ഒട്ടേറെ കുട്ടികള്‍ തിരുവനന്തപുരത്തെ സെന്ററില്‍ വിജയിക്കുന്നത് ഇതിനുദാഹരണമാണ്. എന്നിരിക്കിലും ഒരു രണ്ടാഴ്ച ഡല്‍ഹി സീന്‍ ഒന്നു സഞ്ചരിച്ചു മനസ്സിലാക്കുന്നതു നല്ലതാണ്. ബേര്‍സരായിലെ ജവഹര്‍ ബുക് ഡിപ്പോയും പഴയ പുസ്തകങ്ങള്‍ കിട്ടുന്ന നിസാമുദ്ദീനും മറ്റും കാണേണ്ടതാണ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും സിവില്‍ സര്‍വീസ് മോഹിച്ചെത്തിയിരിക്കുന്ന ഡസന്‍കണക്കിനാളുകളെ കാണുകയും ചെയ്യാം. ഡോക്ടര്‍മാരും പത്രപ്രവര്‍ത്തകരും മാനേജ്‌മെന്റുകാരുമൊക്കെയടങ്ങുന്ന ഒരു വലിയ ടാലന്റ്പൂളാണ് സര്‍ക്കാറിലെ ചില്ലറ ജോലിക്ക് തിക്കിത്തിരക്കുന്നതെന്നു കാണുമ്പോള്‍ നിങ്ങള്‍ക്ക് ഒരേസമയം അതിശയവും സങ്കടവും തോന്നാതിരിക്കില്ല.


ക്രിയാത്മകമായ മാനസികാവസ്ഥയുടെ പ്രാധാന്യം


പ്രത്യുത്പന്നപരമായ ഒരു മാനസികാവസ്ഥ ഉള്ളവര്‍ക്കേ സിവില്‍ സര്‍വീസ് പരീക്ഷ വിജയകരമായി നേരിടാന്‍ കഴിയൂ. വിജയിക്കുന്ന സ്ഥാനാര്‍ഥികളില്‍ത്തന്നെ വേണ്ടതായ നിര്‍മാണാത്മകത, മത്സരത്തിലെ ആക്രമണോത്സുകത എന്നിവ പലപ്പോഴും വേണ്ടതിലും കുറവായിരിക്കും. പങ്കെടുക്കുന്ന മത്സരാര്‍ഥികളില്‍ മിക്കവര്‍ക്കും സമാനമായ ബൗദ്ധികനിലവാരം ഉണ്ടായിരിക്കും. കഠിനാധ്വാനത്തോടുള്ള ആഭിമുഖ്യവും ഏറക്കുറെ തുല്യമായിരിക്കും. എന്നാല്‍, പരീക്ഷയിലും തുടര്‍ന്നുള്ള കരിയറിലും വിജയിക്കുന്നതിന് നിര്‍മാണാത്മകമായ പ്രത്യുത്പന്നമതിത്വം തികച്ചും അത്യാവശ്യമാണ്.

ചില ഉദ്യോഗാര്‍ഥികള്‍ക്കെങ്കിലും മികച്ച അക്കാദമിക് നിലവാരം ഉണ്ടെങ്കില്‍പ്പോലും ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്‍പിലും, പിന്നീട് പരിശീലനത്തിലും പൊതുജനങ്ങള്‍ക്കു മുന്‍പിലും വേണ്ടത്ര ക്രിയാത്മകത പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെവരുന്നു. ഈ ആക്രമണോത്സുകതയുടെ കുറവ് ചിലപ്പോള്‍ ജന്മസിദ്ധമോ മറ്റു ചിലപ്പോള്‍ തീരേ സാമ്പ്രദായികമായ അക്കാദമിക് അഥവാ വ്യക്തിഗതപശ്ചാത്തലത്തില്‍നിന്നോ ജീവിതത്തില്‍ നേരത്തേയുണ്ടാവുന്ന പരാജയങ്ങളില്‍നിന്നോ ഉണ്ടാകാം. ഇത് ഉദ്യോഗാര്‍ഥികളെ കൂടുതല്‍ അന്തര്‍മുഖരാക്കും.


നേരത്തേ പറഞ്ഞതുപോലെ പ്രസാദാത്മകമായ വ്യക്തിത്വം പരീക്ഷയിലെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. സിവില്‍ സര്‍വീസിലെ വ്യത്യസ്തങ്ങളായ വെല്ലുവിളികള്‍ ഏറ്റെടുക്കാനും മികച്ച വികസനപരിപാടികള്‍ പൊതുജനപങ്കാളിത്തത്തോടെ അഭിപ്രായസമന്വയമുണ്ടാക്കി നടപ്പിലാക്കാനും കേവലം അക്കാദമിക് യോഗ്യതകളോ ബുദ്ധിശക്തിയോ മാത്രം പോരാ. അതുകൊണ്ട് സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ നേരത്തേ തന്നെ ബോധപൂര്‍വം വ്യക്തിത്വം പ്രസാദാത്മകവും പ്രത്യുത്പന്നപരവുമായി വളര്‍ത്തിയെടുക്കണം.


അറിവു നേടുകയും ബുദ്ധിശക്തി വികസിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രധാനമാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉതകുന്നതായ ഒരു തുറന്ന മാനസികാവസ്ഥ. ഈ ഗുണങ്ങള്‍ പരീക്ഷയെഴുതുന്ന വര്‍ഷം പെട്ടെന്നു വികസിപ്പിക്കാന്‍ പറ്റുന്നവയല്ല. മികച്ച വിജയം നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്കെല്ലാം വ്യക്തവും നിര്‍മാണാത്മകവുമായ ഒരു വശം അവരുടെ വ്യക്തിത്വങ്ങളില്‍ കാണാം. ഇത് സ്‌പോര്‍ട്‌സിലും ഗെയിംസിലും ഉള്ള പങ്കാളിത്തമായും എന്‍.സി.സി., എന്‍.എസ്.എസ്. എന്നിവയിലെ പ്രവര്‍ത്തനമായും മറ്റു സാമൂഹികസേവനം, യാത്ര, സാംസ്‌കാരികവിനിമയങ്ങള്‍ എന്നിവയായും കാണാറുണ്ട്. ഇത്തരത്തിലുള്ള വ്യക്തിത്വശുദ്ധി വര്‍ധിപ്പിക്കുന്നതിന് ഒരു എളുപ്പവഴി ടീമുകളായി പങ്കെടുക്കേണ്ട സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ നേരത്തേ പങ്കെടുക്കുക എന്നുള്ളതാണ്. മറ്റു കളിക്കാരുമൊത്ത് ഏകോപനത്തില്‍ കളിക്കേണ്ടതായ ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നിവപോലെ വ്യക്തിത്വവികസനം പെട്ടെന്ന് സാധ്യമാകുന്ന ടീം ബില്‍ഡിങ് എക്‌സര്‍സൈസുകള്‍ ചുരുക്കമാണ്.


കളിക്കളത്തില്‍ ജയിക്കാന്‍ പേശികള്‍ മാത്രം അനങ്ങിയാല്‍ പോരാ. മനസ്സ് ഉദ്ദേശിക്കുന്നിടത്ത് നമ്മുടെ ശരീരവും സഹ കളിക്കാരുടെ ശരീരങ്ങളും എത്തുന്നതിലാണ് വിജയമിരിക്കുന്നത്.സദാസമയവും പുസ്തകങ്ങളുമായി ചെലവിടുന്നതിലും പ്രയോജനം കളിക്കളത്തില്‍ രണ്ടു മണിക്കൂര്‍ ചെലവിടുന്നതുകൊണ്ട് ഇക്കാര്യത്തിലുണ്ടാവും. കണ്ണും തലച്ചോറും പേശികളും തമ്മിലുള്ള ഏകോപനം പോസിറ്റീവായ ഒരു ശരീരഭാഷ ലഭിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ധാരാളം വായിക്കുന്നതും പഠിക്കുന്നതും കൊണ്ടുമാത്രം പോസിറ്റീവായ ഒരു ശരീരഭാഷ ഉണ്ടാവണമെന്നില്ല. ചലനങ്ങള്‍ ആത്മവിശ്വാസവും ഭംഗിയുള്ളവയുമാകണമെങ്കില്‍ ടേബിള്‍ ടെന്നീസോ ബാഡ്മിന്റനോപോലെ തുടര്‍ച്ചയായ ചലനം വേണ്ട ഒരു ഗെയിം പരിശീലിക്കണം. സിവില്‍ സര്‍വീസിലെ വിജയത്തിന് ഫിറ്റ്‌നെസ്സും മികച്ച ശരീരഭാഷയും വിജയത്തിന്റെ 50% എങ്കിലും നിശ്ചയിക്കുന്ന ഘടകങ്ങള്‍ ആണ്.


സിവില്‍ സര്‍വീസിലെ ജോലിയില്‍ പ്രാഥമികമായും വ്യത്യസ്തങ്ങളായ ടീമുകളെ നയിക്കുകയാണ് ഒരുദ്യോഗസ്ഥന്‍ ചെയ്യേണ്ടത്. സാങ്കേതികവും ബൗദ്ധികവുമായ സിദ്ധികള്‍ എന്തായാലും നേതൃത്വശേഷികൂടാതെ ഈ ജോലിയില്‍ വിജയിക്കാന്‍ പ്രയാസമായിരിക്കും. ഇതു മനസ്സില്‍ വെച്ചുകൊണ്ട് ദേശീയ അക്കാദമിയിലെ പരിശീലനം സദാ പത്തോ പതിനൊന്നോ ട്രെയിനികള്‍ ഉള്ള ടീമുകള്‍ ആയിട്ടാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്തങ്ങളും ദുര്‍ഘടങ്ങളുമായ ലക്ഷ്യങ്ങള്‍ ഈ ടീമുകള്‍ക്ക് നല്കിക്കൊണ്ടാണ് അവയുടെ പ്രവര്‍ത്തനം വിശകലനം ചെയ്യുക. ടീമുകള്‍ തമ്മിലുള്ള പ്രവര്‍ത്തനമികവും ടീമിനുള്ളില്‍ വ്യക്തികള്‍ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും സൂക്ഷ്മമായും വിലയിരുത്താറുണ്ട്.

ഉദാഹരണത്തിന് മധ്യ ഹിമാലയന്‍ മലകയറ്റം (Trekking) പരിപാടിയില്‍ ടീമുകളായി പ്രൊബേഷണര്‍മാരെ ലക്ഷ്യസ്ഥാനത്തേക്ക് അയയ്ക്കും. ഓരോ ടീമിനും നേരത്തേതന്നെ തിരഞ്ഞെടുത്ത ടീം ലീഡര്‍, അസോസിയേറ്റ് ടീം ലീഡര്‍, ട്രഷറര്‍ എന്നിവര്‍ക്കു പുറമേ ഓരോ അംഗത്തിനും ടീമിനുവേണ്ട വ്യത്യസ്ത ചുമതലകളായ ദിശ കണ്ടെത്തല്‍, സാധനങ്ങള്‍ കൊണ്ടുപോകല്‍, ഭക്ഷണക്രമീകരണങ്ങള്‍, വൈദ്യസഹായം എന്നിങ്ങനെ വ്യത്യസ്ത ചുമതലകള്‍ നല്കും. ശാരീരികക്ഷമതകൊണ്ടുമാത്രം ഒരു ടീമിന് മൊത്തം വിജയം കൈവരിക്കാന്‍ ആവില്ല. ദിവസേന പലപ്പോഴും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ 10 ദിവസത്തേക്കു വേണ്ട സാമഗ്രികളുമായി നടക്കേണ്ടിവരും. പലപ്പോഴും ഇടത്താവളം കണ്ടെത്താന്‍ കഴിയാതെ ഏതെങ്കിലും ഗുഹയിലോ മരച്ചുവട്ടിലോ രാത്രി തങ്ങേണ്ടിവരും.


വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാട്ടിലെയും മഞ്ഞിലെയും ഈ സാഹചര്യം വലിയൊരു പരിശീലനക്കളരിയാണ്. വ്യത്യസ്തങ്ങളായ വ്യക്തിഗതപോരായ്മകള്‍ അപ്പോള്‍ മറനീക്കി പുറത്തു വരും. തിരിച്ചെത്തിയശേഷം ഗ്രൂപ്പിന്റെ പ്രകടനം നിശിതമായി പരിശോധിക്കപ്പെടുമ്പോള്‍ ഗ്രൂപ്പംഗങ്ങളുടെ മികവും ദൗര്‍ബല്യവും പരിശീലകര്‍ക്ക് നന്നായി ബോധ്യമാകും. ഇന്നു വ്യക്തിത്വവിശകലനം നടത്താന്‍ നിരവധി ശാസ്ത്രീയമായ പരീക്ഷണനിരീക്ഷണങ്ങള്‍ പരിശീലനത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഓരോ പരിശീലനാര്‍ഥിയുടെയും വ്യക്തമായ ഒരു മാനസികചിത്രം പരിശീലകര്‍ ഇതില്‍നിന്നും തയ്യാറാക്കുന്നുണ്ട്. കുറവുകള്‍ നികത്തുന്നതിനാവശ്യമായ അവസരം പരിശീലനാര്‍ഥിക്ക് നല്കാനാണ് ഇതൊക്കെ ചെയ്യുന്നത്.


ഓരോ പുതിയ ലക്ഷ്യത്തിനും ഓരോ പരിശീലനാര്‍ഥിയും ഓരോ പുതിയ ഗ്രൂപ്പിലെ അംഗമാകും. ഉദാഹരണത്തിന് ഗ്രാമീണവികസനത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു ഗ്രൂപ്പിനെ ബീഹാറിലെയോ ഉത്തര്‍പ്രദേശിലെയോ രാജസ്ഥാനിലെയോ വളരെ പിന്നാക്കം നില്ക്കുന്ന ഒരു ഗ്രാമത്തിലേക്ക് അയയ്ക്കും. ഗ്രാമത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ആഴത്തില്‍ പഠിക്കാനുള്ള ലക്ഷ്യം ഓരോരുത്തര്‍ക്കും വ്യക്തിഗതമായുണ്ടാകും. ഗ്രൂപ്പ് മൊത്തത്തില്‍ ഒരു ചെറിയ സാങ്കേതികസര്‍വേ അടക്കം ഒരു റിപ്പോര്‍ട്ട് എഴുതുകയും വേണം. ഈ ഗ്രൂപ്പുകള്‍ ഒരു ജൂറിക്കു മുന്‍പായി പ്രസിദ്ധം ചെയ്യണം. വാചാപരീക്ഷ നേരിടണം. ഏറ്റവും മികച്ച വിശകലനാത്മക റിപ്പോര്‍ട്ടിന് അവാര്‍ഡുണ്ട്. ഇത് പരത്തിപ്പറഞ്ഞത് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ സാമൂഹികജീവിതത്തില്‍നിന്ന് ഒറ്റപ്പെടേണ്ട ആവശ്യമില്ല എന്നു സൂചിപ്പിക്കാനാണ്. പരിശീലനത്തില്‍ കാണുന്നതും ഇത്തരത്തില്‍ മികച്ച സാമൂഹികമനോഭാവമുള്ള ഉദ്യോഗാര്‍ഥികള്‍ ഫീല്‍ഡില്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ മികവു കാട്ടുന്നതായിട്ടാണ്.


വ്യക്തിത്വവും വിജയവും

ഒരിക്കല്‍ ഐ.എ.എസ്. പരിശീലനത്തിന് വന്നുചേര്‍ന്ന രണ്ട് അതിസമര്‍ഥരായ ഐ.ഐ.ടി. എഞ്ചിനീയറിങ് ബിരുദധാരികളെ ഓര്‍മ വരുന്നു. ഉന്നത നിലവാരമുള്ള ഒരേ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും ബിരുദം നേടിയവര്‍ ആണെങ്കിലും വ്യക്തിത്വം നേരേ വിപരീതമായിരുന്നു. ഒന്നാമന്‍ ഏതാണ്ട് 100% മാര്‍ക്കോടെ ബിരുദം നേടിയപ്പോള്‍ രണ്ടാമന് കഷ്ടിച്ച് 70% മാര്‍ക്ക് നേടാനേ കഴിഞ്ഞിരുന്നുള്ളൂ. ആറു വര്‍ഷത്തിനുശേഷം അക്കാദമിക് യോഗ്യത കൂടിയ ആള്‍ തികച്ചും സാധാരണമായ ഒരു പ്രകടനം തൊഴിലില്‍ നടത്തിയപ്പോള്‍ ശരാശരി അക്കാദമിക് വിജയം നേടിയ വ്യക്തി മികച്ച തൊഴില്‍പ്രകടനം നടത്തിയതായി പൊതുവില്‍ വിലയിരുത്തപ്പെടുകയുണ്ടായി. ഇവരുടെ വ്യക്തിത്വത്തിന്റെ വിവിധവശങ്ങള്‍ അപഗ്രഥിച്ചപ്പോള്‍ രസകരമായ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. എന്നു മാത്രമല്ല, അക്കാദമിക് പശ്ചാത്തലത്തോളം പ്രധാനമാണ് വിജയത്തില്‍ അവരവര്‍ ആര്‍ജിക്കുന്ന വ്യക്തിത്വഘടകങ്ങള്‍ എന്നു വ്യക്തമായി.

അക്കാദമിക് ജീനിയസ് എപ്പോഴും തന്റെ സ്വന്തം അഭിപ്രായങ്ങള്‍ തട്ടിമൂളിച്ചപ്പോള്‍ മറ്റേയാള്‍ സൗമ്യമായി മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തിരക്കിപ്പോന്നു. പ്രത്യേകിച്ച് തന്നെക്കാള്‍ താഴ്ന്ന തലത്തിലുള്ള സഹപ്രവര്‍ത്തകരോട് എപ്പോഴും ആശയവിനിമയം നടത്തി. സ്വാതന്ത്ര്യത്തോടുകൂടി അയാളോട് സംസാരിക്കാമായിരുന്നതിനാല്‍ താഴേത്തട്ടില്‍ ഉള്ളവരില്‍നിന്ന് അയാള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ എപ്പോഴും ലഭിക്കുമായിരുന്നു. ബുദ്ധിമാന്‍ സദാ തന്റെ അഭിപ്രായം കണിശമായി പറഞ്ഞുപോയിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ അയാള്‍ പറയുന്നത് ചെയ്യുന്നതില്‍ ഒതുങ്ങിനിന്നു. അയാള്‍ വളരെ ഉത്സാഹശീലനായിരുന്നതിനാല്‍ താത്പര്യമെടുത്ത് എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ ശ്രമിക്കുമായിരുന്നു. കത്തുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവയൊക്കെ സമര്‍ഥന്‍ തനിയേ എഴുതിത്തയ്യാറാക്കും. റിപ്പോര്‍ട്ടുകളുടെയും മറ്റും ഗുണനിലവാരം ഒന്നാമന്റേതുതന്നെയായിരുന്നു മികച്ചത്. എന്നാല്‍, റിപ്പോര്‍ട്ടുകളില്‍ പ്രതിഫലിച്ചിരുന്ന അഭിപ്രായങ്ങള്‍ പലപ്പോഴും അയാളുടേതുമാത്രമായിരുന്നു. പ്രായോഗികതലത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ വകുപ്പിന് അതു നടപ്പിലാക്കാന്‍ കഴിയാതെപോയി. എന്നാല്‍, ശരാശരിക്കാരനായ രണ്ടാമന് തന്റെ സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടായിരുന്നു. മറ്റുള്ളവരുമായി ആലോചിച്ച് തയ്യാറാക്കുന്ന പ്രോജക്ടുകളും മറ്റും പലപ്പോഴും വൈകിയാണ് സമര്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും പ്രയോഗക്ഷമത കൂടുതലായിരുന്നു. സ്ഥാപനങ്ങളിലെ സ്വീകാര്യതയും രണ്ടാമന് കൂടുതല്‍ ഉണ്ടായിരുന്നു. കാലക്രമത്തില്‍ രണ്ടുപേരും മികച്ച ഉദ്യോഗസ്ഥരായിത്തന്നെ മാറി. എന്നാല്‍, ഒന്നാമത്തെയാള്‍ കൂടുതലും ധൈഷണികമായ ഔന്നത്യം പ്രകടിപ്പിച്ചപ്പോള്‍ പ്രായോഗികസാഹചര്യങ്ങളില്‍ ഗവണ്‍മെന്റിന് രണ്ടാമന്റെ സേവനമാണ് കൂടുതല്‍ പ്രയോജനകരമായിത്തോന്നിയത്.


ഇതില്‍നിന്നും ഉദ്യോഗാര്‍ഥികള്‍ പഠിക്കേണ്ട പാഠമിതാണ്: ഒന്നാമതായി, നിങ്ങള്‍ ചിന്തിക്കുന്നത് എന്ത് എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ നിങ്ങള്‍ക്കു താത്പര്യമുള്ളതുപോലെ മറ്റുള്ളവര്‍ ചിന്തിക്കുന്നത് എന്ത് എന്ന് നിങ്ങളെ അറിയിക്കാന്‍ അവര്‍ക്കും താത്പര്യമുണ്ട്. നിങ്ങള്‍ സംസാരിക്കുന്നതിലുള്ള മിടുക്കും ശ്രദ്ധയും കേള്‍ക്കുന്നതിലും പ്രകടിപ്പിക്കണം. വരുന്നയാള്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല, ഗ്രഹിക്കുന്നില്ല എന്നു വന്നാല്‍ അത് ഒരു തൊഴില്‍സാഹചര്യത്തിലും നല്ലതല്ല; വരുന്നയാളിനെ തീര്‍ത്തും അലക്ഷ്യമായി പരിഗണിക്കുന്നതാണ് ഒരുദ്യോഗസ്ഥന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ തെറ്റ്. അതുകൊണ്ട് ഏതു സാഹചര്യത്തിലും മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ സ്വയം പരിചയപ്പെടുത്താനും മറ്റുള്ളവരുടെ സൗകര്യം ചോദിക്കാനും തയ്യാറാകണം. പലപ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥരെ പരിചയപ്പെടാനും സംസാരിക്കാനും മറ്റുള്ളവര്‍ക്ക് സങ്കോചമുണ്ടാകും. ഗ്രൂപ്പില്‍നിന്ന് ഒറ്റപ്പെട്ടിരിക്കുന്ന പ്രവണത നന്നല്ല.


മത്സരപ്പരീക്ഷകള്‍ക്കും മറ്റും ചെല്ലുമ്പോള്‍ അടുത്തുള്ളവരോട് സ്വയം പരിചയപ്പെടുത്താനും അവരുടെ വിവരങ്ങള്‍ ഹ്രസ്വമായി ചോദിച്ചറിയാനും ശ്രമിക്കണം. ചിലര്‍ സംസാരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല എന്നുവരാം. അതു കാര്യമാക്കേണ്ടതില്ല.സന്നിഹിതരായ മറ്റു മത്സരാര്‍ഥികളെ നിങ്ങളെക്കാള്‍ താഴ്ന്നവരായോ ഉയര്‍ന്നവരായോ കണക്കാക്കരുത്. മേന്മ നടിക്കുന്നതുപോലെ വര്‍ജിക്കേണ്ടതാണ് കൃത്രിമമായ താഴ്മയും. കണ്ടുവരുന്ന മറ്റൊരു പ്രവണത ചാടിക്കേറി ഗ്രൂപ്പിന്റെ നേതൃസ്ഥാനം കൈവശപ്പെടുത്തുക എന്നതാണ്. ഗ്രൂപ്പിന്റെ മൊത്തം അഭിപ്രായം ആവശ്യപ്പെടുന്നപക്ഷം മറ്റുള്ളവരോട് ആലോചിക്കാതെ അഭിപ്രായങ്ങള്‍ തട്ടിമൂളിക്കരുത്.


മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ 'നയിക്കണമെങ്കില്‍ പിന്തുടരാനും' തയ്യാറായിരിക്കണം. അഭിപ്രായസമന്വയം ഉണ്ടാക്കിയെടുക്കാന്‍ ആശയങ്ങളുടെ ശക്തിപോലെ പ്രധാനമാണ് അവ സൗമ്യമായി അവതരിപ്പിക്കപ്പെടുക എന്നത്. നല്ല ആശയവും അടിച്ചേല്പിക്കപ്പെട്ടാല്‍ ശോഭിക്കാതെ വരും. ഈ ഘട്ടത്തില്‍ നിങ്ങളുടെ ആശയഗതികളെ ഖണ്ഡിക്കുന്നവരെയും നിങ്ങളുടെ വശത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണം. എതിര്‍പ്പിനെ കഴിവതും നേരിട്ടുള്ള എതിര്‍പ്പുകൊണ്ട് എതിരിടാന്‍ ശ്രമിക്കരുത്. സാവകാശത്തില്‍ അവരുടെ അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്.


സിവില്‍ സര്‍വീസില്‍ ചേരാന്‍ തുനിയുന്ന പലരും നിര്‍ബന്ധമായും മറ്റുള്ളവരെ നയിക്കണം എന്ന വാശിയുള്ളവരാണ്. നായകസ്ഥാനത്തിനുവേണ്ടിയുള്ള മത്സരങ്ങളും സാധാരണമാണ്. എന്നാല്‍ സമന്‍മാരുടെ ഒരു ഗ്രൂപ്പിനെ നയിക്കുക എന്നത് സമവായത്തിലൂടെ മാത്രമേ സാധ്യമാവൂ.ഇതിനു ധാരാളം സമയം വേണം. സ്വീകാര്യത ഒരു ദിവസംകൊണ്ട് ഉണ്ടാവുന്നതല്ല. വേണ്ട കാലഘട്ടത്തില്‍ മുഴുവനും മറ്റുള്ളവരുമായി സൗമ്യമായ ഒരു സംവാദം തുടരുക എന്നതാണ് അഭികാമ്യം. നിശ്ചയദാര്‍ഢ്യത്തോടൊപ്പം സൗമ്യമായ ഈ സംവാദവും പുലര്‍ത്തേണ്ടത് വിജയിക്കാന്‍ അത്യാവശ്യമാണ്. ഉദ്യോഗാര്‍ഥികളില്‍ കാണുന്ന ഒരു പ്രധാന പോരായ്മ ലിഖിതമായ ചട്ടങ്ങള്‍ അതേപടി പാലിക്കാനുള്ള പ്രവണതയാണ്. സാഹചര്യങ്ങള്‍ മാറുമ്പോള്‍ നിയമങ്ങള്‍ മാറ്റാനും പുതിയവ കണ്ടെത്താനും പ്രത്യുത്പന്നമതിത്വം കാണിക്കാനും അവര്‍ തയ്യാറാവേണ്ടതുണ്ട്. പല ഉദ്യോഗസ്ഥരും ഈ കഴിവ് പ്രദര്‍ശിപ്പിക്കാറില്ല. അഥവാ അവര്‍ ചട്ടങ്ങളുടെ യാന്ത്രികമായ തടവുകാരായിത്തീരും. ഇത് അപകടമാണ്. ഫലങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ ചട്ടങ്ങള്‍ കാലാനുഗതമായി മാറ്റിക്കൊണ്ടേയിരിക്കണം. ധാരാളം പക്വതയും ചട്ടങ്ങള്‍ മാറ്റുമ്പോഴുള്ള വ്യത്യസ്ത സാഹചര്യങ്ങളും വിവിധ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സാമര്‍ഥ്യവും ഒക്കെ ചേര്‍ന്നാലേ മികച്ച ഒരു മാറ്റം കൈവരിക്കാനാവൂ. തീരുമാനങ്ങളെടുക്കാനുള്ള ശേഷിയാണ് ആത്യന്തികമായി മികച്ച ഉദ്യോഗാര്‍ഥിയെ ശരാശരിയില്‍നിന്നും വേര്‍തിരിക്കുന്നത്. സാധാരണ നല്ലൊരു ശതമാനം ഉദ്യോഗാര്‍ഥികള്‍ക്കും തീരുമാനമെടുക്കാനുള്ള പ്രക്രിയയിലും തീരുമാനമെടുക്കലിലും പ്രയാസമനുഭവപ്പെടാറുണ്ട്. തീരുമാനമെടുക്കാതിരിക്കല്‍ സ്വഭാവത്തിന്റെ ഭാഗമാവുകയാണ് സാധാരണ കണ്ടുവരുന്നത്. ഇതു ജീവിതത്തെ മൊത്തം പ്രതികൂലമായി ബാധിക്കും. ഊന്നിപ്പറയേണ്ട കാര്യം, അക്കാദമിക് വിജയം പ്രവൃത്തിയിലെ വിജയമാകണമെങ്കില്‍ ഒരു വ്യക്തിത്വഗുണംകൂടി അതിനോട് ചേര്‍ക്കണം. അറിവിനോളം പ്രധാനമാണ് ഈ വ്യക്തിത്വവശങ്ങള്‍ എന്നോര്‍ക്കണം.

(സിവില്‍ സര്‍വീസിലേക്കുള്ള വിജയവഴികള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?

--


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment