അയാളെ കാത്തിരിക്കുകയായിരുന്നു കല്യാണവീട്. വന്നതും വലിയ സ്വീകരണം. കാരണവന്മാര്‍ ചോദിച്ചു: 'തുടങ്ങട്ടേ...'. അയാള്‍ തലയാട്ടി. നാദസ്വരം മുഴങ്ങിത്തുടങ്ങി....അയാളുടെ കൈയിലെ ഉപകരണം പന്ത്രണ്ടുതവണ കണ്ണടച്ചു തുറന്നു. കൈയിലെ ഫ്ലാഷ് ബള്‍ബുകള്‍ പൊട്ടിത്തകര്‍ന്നു.
പണ്ട് കല്യാണ വീടുകളെ ചൂണ്ടുവിരലില്‍ നിയന്ത്രിച്ചിരുന്നവര്‍ ഫോട്ടോഗ്രാഫര്‍മാരായിരുന്നു. അറുപതുകളിലും എഴുപതുകളിലും കേരളത്തിലെ കല്യാണങ്ങള്‍ ഇവര്‍ നിശ്ചയിക്കുന്ന മുഹൂര്‍ത്തങ്ങളില്‍ പൂര്‍ണമായി. പന്ത്രണ്ട് ഫ്രെയിമുകളില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെ അവര്‍ ഒപ്പിയെടുത്തു. കാലത്തിന്റെ കണ്ണുകള്‍ പലവട്ടം ചിമ്മിയടഞ്ഞപ്പോള്‍ വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്ന ചടങ്ങായി മാറി. ഇന്ന് കല്യാണം പോലെ ആര്‍ഭാടം നിറഞ്ഞതായിരിക്കുന്നു കല്യാണച്ചിത്രങ്ങളും. വെറുമൊരു ചിത്രശേഖരത്തിനുമപ്പുറം വിവാഹ ആല്‍ബം പലതിന്റെയും പ്രതീകമായി മാറിക്കഴിഞ്ഞു. അതില്‍ ആഡംബരത്തിന്റെ നിറങ്ങളും വധൂവരന്മാരുടെ മനസ്സും ഫോട്ടോഗ്രാഫറുടെ സൗന്ദര്യസങ്കല്പങ്ങളുമുണ്ട്. സ്വര്‍ണവും സദ്യയും പോലെ കല്യാണച്ചെലവിന്റെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് ഇപ്പോള്‍ ആല്‍ബത്തിന്റെയും സ്ഥാനം.
കഥപറയുന്ന ചിത്രങ്ങള്‍
അരനൂറ്റാണ്ടിനപ്പുറം പഴക്കമുണ്ട് കേരളത്തിലെ വിവാഹഫോട്ടോഗ്രാഫിക്ക്. ആദ്യകാലത്ത് പന്ത്രണ്ട് ചിത്രങ്ങള്‍ മാത്രമാണ് 120 ഡിഎല്‍ആര്‍ ക്യാമറയുടെ ഒരു റോളിലെടുക്കാനായിരുന്നത്. പ്രധാന ചടങ്ങുകളെല്ലാം പന്ത്രണ്ട് ഫ്രെയിമുകളിലായി പകര്‍ത്തപ്പെട്ടു. അതിനുശേഷം കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങള്‍ കൂറ്റന്‍ വളയങ്ങളാല്‍ ബന്ധിക്കപ്പെട്ട പുസ്തകത്തില്‍ ഒട്ടിച്ചുചേര്‍ക്കുന്ന രീതിവന്നു. ചിത്രങ്ങള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ ഓരോ താളിനുമുന്നിലും മിനുക്കുകടലാസിന്റെ നേര്‍ത്ത പുതപ്പ്. ഹൈന്ദവ വിവാഹങ്ങളില്‍ വിവാഹ വീട്ടിലെ ഇഡ്ഡലിയിലും സാമ്പാറിലും തുടങ്ങി വധൂവരന്മാര്‍ പഴംപങ്കിടുന്ന ദൃശ്യത്തില്‍ പൂര്‍ണമായി അത്. ക്രൈസ്തവ, മുസ്‌ലിം വിവാഹങ്ങളിലും പതിവ് തിരക്കഥയ്ക്കനുസരിച്ചു തന്നെയായിരുന്നു ഛായാഗ്രഹണം. കൃത്യമായി നിശ്ചയിക്കപ്പെട്ട മുഹൂര്‍ത്തങ്ങളിലൊതുങ്ങി വിവാഹം പകര്‍ത്തുന്ന ഫോട്ടോഗ്രാഫറുടെ ചുമതലകള്‍. അതിലൊന്നും നഷ്ടമാകരുതെന്ന നിര്‍ബന്ധത്തില്‍ ബന്ധിക്കപ്പെട്ടു അയാളുടെ ആശങ്കകള്‍. കാലം നിറമാര്‍ന്നപ്പോഴും വിവാഹഫോട്ടോയില്‍ വലിയ വിപ്ലവമൊന്നും വന്നില്ല. ആല്‍ബത്തിന്റെ 'ഇല' (ലീഫ്) കറുപ്പിനൊപ്പം വെളുത്തു എന്ന മാറ്റം മാത്രം. അതോടെ അല്പം അലങ്കാരങ്ങളുടെ അലുക്കുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. സ്‌പ്രെയറും ബ്രഷും ഉപയോഗിച്ചുള്ള നിറമണിയിക്കല്‍ കടന്നുവന്നു. എഴുപതുകളിലും എണ്‍പതുകളിലും കല്യാണങ്ങള്‍ ക്യാമറയിലാക്കുന്നതിനുള്ള തുക അഞ്ഞൂറില്‍ തുടങ്ങി രണ്ടായിരം രൂപയില്‍ അവസാനിച്ചു. ഏറ്റവും ചെലവേറിയ കല്യാണങ്ങളുടെ ആല്‍ബം പോലും അയ്യായിരം രൂപയിലൊതുങ്ങി.
കൊച്ചി എന്നും വിവാഹഫോട്ടോഗ്രാഫിയിലെ മുന്‍നിരക്കാരെ സൃഷ്ടിച്ച ലൊക്കേഷനാണ്. ഗബ്രിയേല്‍ ബാബുവായിരുന്നു പണ്ട് കൊച്ചിയിലെ ഏറ്റവും പ്രമുഖനായ വിവാഹ ഫോട്ടോഗ്രഫര്‍. കൃഷ്ണന്‍നായര്‍ സ്റ്റുഡിയോ പോലുള്ള സ്ഥാപനങ്ങളും പേരുകേട്ടവയായിരുന്നു. മില്ലേനിയത്തിനൊപ്പമാണ് വിവാഹഫോട്ടോഗ്രഫിയും പുതിയ നൂറ്റാണ്ടിലേക്ക് കടന്നത്. ഫോട്ടോ ഒട്ടിക്കുന്ന പതിവിനുപകരം ഡിജിറ്റല്‍ താളുകള്‍ കടന്നുവന്നു. പിന്നീട് ഫ്ലാഷ് മിന്നുന്ന വേഗത്തിലായിരുന്നു മാറ്റങ്ങള്‍. മുല്ലപ്പൂപ്പന്തലില്‍ നിന്ന് വധൂവരന്മാരുമായി ഫോട്ടോഗ്രാഫര്‍മാര്‍ മൂന്നാറിലേക്കും പുഴയിറമ്പിലേക്കും കടലോരത്തേക്കും മുങ്ങാംകുഴിയിട്ടു. വിവാഹ ഫോട്ടോസ്‌പോട്ടുകള്‍ രൂപപ്പെട്ടു. ചിത്രത്താളുകളില്‍ ഫോട്ടോ ഷോപ്പ് വിസ്മയങ്ങള്‍ തീര്‍ത്തുതുടങ്ങി. ആല്‍ബം താളിന്റെ വീതി 10ഇഞ്ചില്‍ നിന്ന് 12ലേക്ക് വളര്‍ന്നു. വിവാഹഫോട്ടോഗ്രാഫി ലക്ഷങ്ങളുടെ വെള്ളിവെളിച്ചമുള്ള ബിസിനസായി.
ലക്ഷം ലക്ഷം (കല്യാണത്തിന്) പിന്നാലെ
ഇന്ന് തോളില്‍ ബാഗു തൂക്കി വിവാഹമണ്ഡപത്തിലൂടെ ഓടിനടക്കുന്നയാളല്ല വിവാഹ ഫോട്ടോഗ്രാഫര്‍. ഒരു കല്യാണം കവര്‍ ചെയ്യാന്‍ ഒരാളുടെ നിയന്ത്രണത്തില്‍ ഒന്നിലധികം പേര്‍. ഓരോരുത്തര്‍ക്കും നിശ്ചയിക്കപ്പെട്ട ദൗത്യങ്ങള്‍. വിവാഹ ഫോട്ടോഗ്രാഫര്‍തന്നെ മൂന്നു തട്ടുകളിലായി വിഭജിക്കപ്പെടുന്നു. വരുമാനത്തില്‍ താഴ്ന്നവരുടെ കല്യാണങ്ങള്‍ എടുക്കുന്നവരാണ് ആദ്യവിഭാഗം. ഇടത്തരക്കാരുടെയും മധ്യവര്‍ഗത്തിന്റെയും കല്യാണങ്ങള്‍ക്കായി രണ്ടാംതട്ടിലുള്ളവര്‍. ആല്‍ബത്തിന്റെ താളുകള്‍ക്കനുസരിച്ചാണ് ഈ രണ്ടുകൂട്ടരും ആകെത്തുക പറയുന്നത്. ഒരു താളിന് 500 രൂപ മുതല്‍ 1500 രൂപ വരെ നിരക്ക്. ഉപരിവര്‍ഗത്തിന്റെ കല്യാണം കവര്‍ ചെയ്യുന്നവര്‍ തങ്ങളുടെ ജോലിക്കാണ് പ്രതിഫലം പറ്റുക. സ്വന്തം ബ്രാന്‍ഡ് നെയിമിനാണ് അവര്‍ വിലപേശുന്നത്.
ഏറ്റവും ചുരുങ്ങിയ വരുമാനമുള്ളവരുടെ കല്യാണ ആല്‍ബങ്ങള്‍ക്കുപോലും ഇപ്പോള്‍ 50,000 രൂപയ്ക്കടുത്താകും. ഒരു ലക്ഷം രൂപയൊക്കെ ഏറ്റവും കുറഞ്ഞനിരക്കാണ്. കേരളത്തിന് പുറത്ത് നിരക്ക് ഒരു കോടി വരെയാണ്. വീഡിയോ കവറേജ് ഉള്‍പ്പെടെയുള്ള പാക്കേജായിരിക്കും. ഔട്ട് ഡോര്‍ഷൂട്ടിങ്ങിലും മാറ്റമുണ്ടായി. വിവാഹവേഷത്തിനൊപ്പം പാശ്ചാത്യവിവാഹരീതികളും വസ്ത്രധാരണശൈലിയും പുനരാവിഷ്‌കരിക്കപ്പെടുന്നു. ഫ്രഞ്ച് കിസ്സും നീളന്‍ ഗൗണും അങ്ങനെ മലയാളി ആല്‍ബത്തിലെയും കാഴ്ചകളായി. ആല്‍ബം ഒന്നല്ല ഒമ്പതെണ്ണം വരെ. കല്യാണത്തലേന്നിനും കല്യാണദിനത്തിനും ഔട്ട് ഡോര്‍ഷൂട്ടിങ്ങിനും വരെ ഓരോന്നുവീതം. ആല്‍ബം ഡിസൈനര്‍മാര്‍ എന്ന പുതിയ വിഭാഗവും രൂപപ്പെട്ടു.
ഗ്ലാമറുള്ള തൊഴില്‍
കല്യാണം കഴിയുന്ന നിമിഷം ആല്‍ബം റെഡി എന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഫോട്ടോഗ്രാഫര്‍മാരില്‍നിന്ന് അപ്പപ്പോള്‍ ചിത്രങ്ങള്‍ വിവാഹസ്ഥലത്ത് സജ്ജമാക്കിയ മൊബൈല്‍ലാബിലെ സെര്‍വറിലെത്തുന്നു. ലാബില്‍ ഡിസൈനുള്‍പ്പെടെ ചെയ്ത് ചിത്രങ്ങള്‍ പുറത്തേക്ക്. വധൂവരന്മാര്‍ കാറില്‍ കയറുമ്പോള്‍ ആല്‍ബം കൈകളിലേക്ക്. മാഗസിന്‍ രീതിയിലുള്ള കനംകുറഞ്ഞ കടലാസിലാണ് ഇപ്പോള്‍ ആല്‍ബങ്ങളിറങ്ങുന്നത്. ഒരു മാഗസിന്‍ മറിക്കുന്ന സുഖത്തോടെ ആല്‍ബം കാണാം. മുമ്പത്തെപ്പോലെ ആല്‍ബം കാലില്‍വീണാല്‍ കാലൊടിയുമെന്ന പേടി വേണ്ട. മൂന്നു കോടി രൂപയാണ് ഇത്തരം ആല്‍ബം തയ്യാറാക്കുന്ന യന്ത്രത്തിന്റെ വില.
പണ്ട് വിവാഹഫോട്ടോഗ്രാഫര്‍ സര്‍വാധിപനായിരുന്നു. ഇടക്കാലത്ത് ഇതൊരു മോശം തൊഴിലായി കരുതപ്പെട്ടു. പിന്നീടിപ്പോള്‍ വീണ്ടും വിവാഹഫോട്ടോഗ്രാഫിയുടെ വസന്തകാലമാണ്. ഈ തൊഴിലിലേക്ക് ഒരുപാടുപേര്‍ കടന്നുവരുന്നു. മൂന്നുലക്ഷം രൂപയുണ്ടെങ്കില്‍ അത്യാവശ്യം നല്ല രീതിയിലുള്ള ക്യാമറയും ലെന്‍സും സ്വന്തമാക്കാം. പേരെടുത്താല്‍ പിന്നെ നിന്നുതിരിയാന്‍ സമയമുണ്ടാകില്ല. കൊച്ചിയിലെ തിരക്കേറിയ വിവാഹഫോട്ടോഗ്രാഫര്‍മാര്‍ സിനിമയിലെ വിഖ്യാത ടെക്‌നീഷ്യന്മാരെപ്പോലെയാണ്. ഒറ്റദിവസവും കാള്‍ഷീറ്റില്‍ ഒഴിവില്ല.
'വിവാഹം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ്. അത് എവര്‍ഗ്രീനായി നില്‍ക്കുന്നത് ആല്‍ബത്തിലൂടെയാണ്. ക്വാളിറ്റിയുള്ള പ്രൊഡക്ടിനായി പണം മുടക്കുന്നതില്‍ എന്താണ് തെറ്റ്?' -വിവാഹ ആല്‍ബത്തിനായി ഏഴുലക്ഷത്തോളം രൂപമുടക്കിയ ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ പേരുവയ്‌ക്കേണ്ട എന്ന അഭ്യര്‍ഥനയോടെ പറയുന്നു.
ന്യൂജനറേഷന്‍ ട്രെന്‍ഡ്
ഒറ്റദിവസത്തെ ആഘോഷത്തില്‍ നിന്ന് കല്യാണം മൂന്നും നാലും ദിവസങ്ങളിലേക്ക് പടര്‍ന്നതോടെയാണ് വിവാഹഫോട്ടോഗ്രാഫിയും വിസ്തൃതമായത്. ഉത്തരേന്ത്യന്‍ വിവാഹങ്ങളുടെ രീതിയിലേക്ക് മലയാളിക്കല്യാണങ്ങളും മാറിക്കഴിഞ്ഞു. ഇന്ന് കല്യാണത്തിന് രണ്ടുനാള്‍ മുമ്പുതന്നെ വിവാഹവീടുണരും. സംഗീത് എന്നു പേരിട്ട ദിവസത്തില്‍ ആട്ടവും പാട്ടുവുമാണ് പ്രധാനം. കല്യാണത്തലേന്ന് മെഹന്തി. കല്യാണപ്പിറ്റേന്നോ അതിനടുത്ത ദിവസമോ പ്രത്യേകവിരുന്ന്. 'പണ്ടത്തെപ്പോലെ കല്യാണങ്ങളില്‍ കാരണവന്മാരുടേതല്ല അവസാനവാക്ക്. ഇന്നത്തതലമുറയ്ക്ക് കല്യാണത്തിന്റെ ഓരോ കണികയെക്കുറിച്ചും കൃത്യമായ ധാരണയുണ്ട്. പൊട്ടുമുതല്‍ കല്യാണതീം വരെ അവര്‍ തങ്ങളുടെ സങ്കല്പങ്ങള്‍ക്കനുസരിച്ച് പ്ലാന്‍ ചെയ്യുന്നു. വീട്ടില്‍ എല്ലാവരും ചേര്‍ന്നാണ് തീരുമാനമെടുക്കുന്നതെങ്കിലും കല്യാണം കഴിക്കുന്നവരുടെ അഭിപ്രായങ്ങളാണ് അംഗീകരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ജോലി വളരെ ഏളുപ്പമായിട്ടുണ്ട്.' -കേരളത്തിലെ വിവാഹഫോട്ടോഗ്രാഫര്‍മാരില്‍ മുന്‍നിരയിലുള്ള എസ്.എല്‍. ആനന്ദ് പറയുന്നു. സിഎന്‍എന്‍-ഐബിഎന്‍ 2011ല്‍ ഇന്ത്യയിലെ മികച്ച ആറ് വിവാഹഫോട്ടോഗ്രാഫര്‍മാരെ തിരഞ്ഞെടുത്തതില്‍ ഒരാള്‍ ആനന്ദായിരുന്നു. ബ്രൈഡല്‍പോര്‍ട്രെയിറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഈ ചെറുപ്പക്കാരന്‍ നേടി.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___